2016, ഫെബ്രുവരി 14, ഞായറാഴ്‌ച

ചെക്കോഫ് - നാടകം കഴിഞ്ഞ്

Chekhov stamp



നാദിയ സെലേനിനും അമ്മയും “യെവ്ജെനി ഒനെയ്ഗിൻ” എന്ന നാടകം കണ്ടിട്ട്
വീട്ടിലെത്തിയിട്ടേയുള്ളു. മുറിയിൽ കയറിയ ഉടനേ അവൾ ഡ്രെസ്സൂരിയെറിഞ്ഞു,
മുടി കെട്ടി വച്ചിരുന്നതഴിച്ചിട്ടു. പിന്നെ പെറ്റിക്കോട്ടും വെളുത്ത
ബോഡീസും മാത്രമായി മേശയ്ക്കു മുന്നിലിരുന്ന് താത്യാന എഴുതിയപോലെ ഒരു
കത്തെഴുതാൻ തുടങ്ങി.
“എനിക്കു നിങ്ങളോടു പ്രേമമാണ്‌, പക്ഷേ നിങ്ങൾക്കെന്നോടു പ്രേമമില്ല,
നിങ്ങൾക്കെന്നോടു പ്രേമമില്ല!”
അത്രയും എഴുതിക്കഴിഞ്ഞപ്പോൾ അവൾക്കു ചിരി വന്നു.
അവൾക്കു പതിനാറായിട്ടേയുള്ളു; അവൾ ഇതുവരെ ആരെയും പ്രേമിച്ചിട്ടില്ല. ആർമി
ഓഫീസറായ ഗോർണിക്കും കോളേജ് വിദ്യാർത്ഥിയായ ഗ്രുസ്ദിയോവിനും  തന്നോടു
പ്രേമമുണ്ടെന്ന് അവൾക്കറിയാം; പക്ഷേ ഇപ്പോൾ, നാടകം കണ്ടു കഴിഞ്ഞപ്പോൾ,
അവൾക്കവരുടെ പ്രേമത്തെ സംശയിക്കാൻ തോന്നി. സ്നേഹം തിരിച്ചു
കിട്ടാതിരിക്കുക, അതിന്റെ വേദന തിന്നുക- എത്ര രസകരമാണത്! എ ബീയെ
പ്രേമിക്കുകയും ബീയ്ക്ക് ഏയിൽ താല്പര്യമില്ലാതെ വരികയും ചെയ്യുമ്പോൾ അതിൽ
മനോഹരവും ഹൃദയസ്പർശിയും കാല്പനികവുമായി എന്തോ ഉണ്ട്! ഒനെയ്ഗിന്റെ
ആകർഷകത്വം അയാൾക്കു പ്രേമമേയില്ല എന്നതാണ്‌; താത്യാനയുടേതാവട്ടെ, അത്ര
തീക്ഷ്ണമാണവളുടെ പ്രേമമെന്നതും. അവർ ഒരേപോലെ അന്യോന്യം പ്രേമിക്കുകയും
അതിന്റെ സന്തോഷമറിയുകയും ചെയ്തിരുന്നെങ്കിൽ അതു നമുക്കു മുഷിപ്പനായി
തോന്നിയെന്നു വരാം.
“എന്നോടു പ്രേമമാണെന്ന ഈ പറച്ചിൽ ഒന്നു നിർത്തൂ, എനിക്കതിൽ
വിശ്വാസമേയില്ല,“ ഗോർണിയെ മനസ്സിൽ കണ്ടുകൊണ്ട് അവൾ എഴുതി. ”നിങ്ങൾ
മിടുക്കനാണ്‌, വിദ്യാസമ്പന്നനാണ്‌, കാര്യഗൗരവമുള്ളയാളാണ്‌, ശോഭനമായ ഒരു
ഭാവി നിങ്ങളെ കാത്തിരിക്കുന്നുമുണ്ടാവാം; പക്ഷേ ഞാനാര്‌, ഒരു
താല്പര്യവുമുണർത്താത്ത ഒരു പെൺകുട്ടി, വെറുമൊരു വട്ടപ്പൂജ്യം. നിങ്ങളുടെ
ജീവിതത്തിൽ ഞാനൊരു ഭാരമാവാനാണു പോവുക എന്ന് നിങ്ങൾക്കു നന്നായിട്ടറിയാം.
നിങ്ങൾക്കെന്നോട് ഒരിഷ്ടം തോന്നി എന്നതു സത്യമാണ്‌, താൻ മനസ്സിൽ കണ്ട
ആദർശസ്ത്രീയെയാണ്‌ നിങ്ങൾ എന്നിൽ കണ്ടതെന്നും എനിക്കറിയാം. പക്ഷേ തനിക്കു
തെറ്റി എന്ന് പിന്നീടു നിങ്ങൾക്കു മനസ്സിലായി. നിങ്ങൾ ഇപ്പോൾ
നൈരാശ്യത്തോടെ സ്വയം ചോദിക്കുകയാണ്‌: ‘ഇങ്ങനെയൊരു പെണ്ണിനെ എന്തിനു ഞാൻ
കണ്ടുമുട്ടി?’ ഹൃദയവിശാലത കൊണ്ടു  നിങ്ങളതു സ്വയം സമ്മതിക്കുന്നില്ലെന്നു
മാത്രം.“
നാദിയക്ക് തന്നോടു തന്നെ സഹതാപം തോന്നി; കണ്ണീരൊഴുക്കിക്കൊണ്ട് അവൾ
എഴുത്തു തുടർന്നു:
”എനിക്കെന്റെ അമ്മയും സഹോദരനും വലുതാണ്‌, അവരെ പിരിയാൻ എനിക്കു പറ്റില്ല.
അല്ലെങ്കിൽ ഞാൻ പോയി ഏതെങ്കിലും മഠത്തിൽ ചേരും. നിങ്ങൾക്കു പിന്നെ ആരെ
വേണമെങ്കിലും പ്രേമിക്കാം. ഹൊ, ഈ നിമിഷം ഞാൻ മരിച്ചിരുന്നെങ്കിൽ!“
കണ്ണീരു കാരണം താനെഴുതിയതു തന്നെ അവൾക്കു വായിക്കാൻ പറ്റാതായി; ഒരു
പ്രിസത്തിലൂടെ നോക്കിയാലെന്നപോലെ, മേശപ്പുറത്തും തറയിലും മച്ചിലും
കുഞ്ഞുമഴവില്ലുകൾ നിന്നു തുടിക്കുകയായിരുന്നു. എഴുത്തു തുടരാൻ അവൾക്കു
കഴിഞ്ഞില്ല; അവൾ കസേരയിൽ ചാരിയിരുന്ന് ഗോർണിയെക്കുറിച്ചുള്ള ചിന്തകളിൽ
മുഴുകി.
എന്റെ ദൈവമേ! എന്തു വശ്യതയാണ്‌ പുരുഷന്മാർക്ക്; എന്താണവരുടെ ആകർഷണീയത!
ആരെങ്കിലുമായി സംഗീതത്തെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ ഗോർണിയുടെ മുഖത്തു
വരുന്ന ഭാവം നാദിയ ഓർമ്മിച്ചു: യാചിക്കുന്ന പോലെ, ഒരപരാധിയെപ്പോലെ,
പ്രശാന്തി നിറഞ്ഞ മുഖത്തോടെ- അങ്ങനെയാണയാൾ ഇരിക്കുക; സ്വരത്തിൽ
ആവേശത്തിന്റെ മുഴക്കം വരാതിരിക്കാൻ എന്തുമാത്രം
യത്നമാണയാളെടുക്കുന്നതെന്ന് ആ മുഖം കണ്ടാലറിയാം. തണുത്ത നിർവികാരത
തറവാടിത്തത്തിന്റെ ലക്ഷണമായിട്ടെണ്ണുന്ന ഒരു സമൂഹത്തിൽ വികാരങ്ങൾ
ഒളിപ്പിച്ചു വയ്ക്കാൻ നിങ്ങൾ പഠിച്ചിരിക്കണം. ഗോർണി പക്ഷേ, അക്കാര്യത്തിൽ
ഒരു പരാജയമായിരുന്നു; സംഗീതത്തിനോടയാൾക്കുള്ള ഭ്രാന്തമായ ആവേശം ഏവർക്കും
അറിവുള്ളതുമായിരുന്നു. സംഗീതത്തെക്കുറിച്ചുള്ള അന്തമറ്റ ചർച്ചകളും
സംഗീതത്തെക്കുറിച്ച് ഒരു വസ്തുവുമറിയാത്തവരുടെ സുധീരമായ അഭിപ്രായങ്ങളും
കേൾക്കുമ്പോൾ അയാളിരുന്നു ഞെരിപിരി കൊള്ളും; സ്വന്തം അഭിപ്രായം തുറന്നു
പറയാനാവാതെ നിശബ്ദനായി അയാളിരിക്കും. ഒരു പ്രൊഫഷണൽ പിയാനിസ്റ്റിനെപ്പോലെ
ഗംഭീരമായി അയാൾ പിയാനോ വായിച്ചിരുന്നു; പട്ടാളത്തിൽ
ചേർന്നിരുന്നില്ലെങ്കിൽ അയാൾ പേരെടുത്ത ഒരു സംഗീതജ്ഞനായേനെ എന്നതിൽ ഒരു
സംശയവുമില്ല.
നാദിയയുടെ കണ്ണീരുണങ്ങി. ഗോർണി തന്റെ പ്രേമം തുറന്നു പറഞ്ഞത് അവൾക്കോർമ്മ
വന്നു. ഒരു സംഗീതക്കച്ചേരിക്കു പോയപ്പോഴാണത്; പിന്നെ കോണിപ്പടിയുടെ
ചുവട്ടിൽ കോട്ടുകൾ തൂക്കിയിടുന്ന മുറിയിൽ വച്ച്, നാലുപാടും നിന്ന് കാറ്റു
വീശുമ്പോഴും  അയാൾ അതാവർത്തിച്ചു.
“കോളേജിൽ പഠിക്കുന്ന എന്റെ സ്നേഹിതൻ ഗ്രുസ്ദിയോവിനെ നിങ്ങൾ ഒടുവിൽ
കണ്ടുമുട്ടി  എന്നതിൽ എനിക്കു സന്തോഷമുണ്ട്,” അവൾ കത്തെഴുത്തു തുടർന്നു.
“ആൾ വളരെ സമർത്ഥനാണ്‌; അയാളെ നിങ്ങൾക്കിഷ്ടപ്പെടുമെന്നതിൽ എനിക്കു
സംശയമില്ല. അയാൾ ഇന്നലെ ഞങ്ങളെ കാണാൻ വന്നിരുന്നു; പുലർച്ചെ രണ്ടു മണി
വരെ അയാൾ ഇവിടെയുണ്ടായിരുന്നു. ഞങ്ങൾക്കൊക്കെ അയാളെ വളരെ ഇഷ്ടപ്പെട്ടു;
നിങ്ങൾക്കു വരാൻ പറ്റാഞ്ഞത് വളരെ കഷ്ടമായി. ഓരോ കാര്യങ്ങളെക്കുറിച്ചും
അയാൾ നടത്തിയ അഭിപ്രായങ്ങൾ കേൾക്കേണ്ടതു തന്നെ!”
നാദിയ കൈകൾ മേശ മേൽ വച്ചിട്ട് അതിൽ തല ചായ്ച്ചിരുന്നു; അവളുടെ കെട്ടഴിഞ്ഞ
മുടി കത്തിനു മേൽ വീണുകിടന്നു. ഗ്രുസ്ദിയോവും തന്നെ
പ്രേമിക്കുന്നുണ്ടെന്നും തന്നിൽ നിന്നൊരു കത്തു കിട്ടാൻ ഗോർണിക്കുള്ളത്ര
അവകാശം അയാൾക്കുമുണ്ടെന്നും നാദിയ ഓർമ്മിച്ചു. ശരിക്കു പറഞ്ഞാൽ
ഗ്രുസ്ദിയോവിനല്ലേ കത്തെഴുതേണ്ടത്? അകാരണമായ ഒരാഹ്ളാദം അവളുടെ നെഞ്ചിൽ
പൊടിച്ചുതുടങ്ങുകയായിരുന്നു. ആദ്യമാദ്യം അതു തീരെ ചെറുതായിരുന്നു;
പിന്നീടത് ഒരു റബർ പന്തു പോലെ ഉരുണ്ടു നടക്കാൻ തുടങ്ങി; പിന്നെയതു
പെരുകിപ്പെരുകി ഒരു വൻതിര പോലെ ഉരുണ്ടുകൂടുകയായിരുന്നു. നാദിയ ഗോർണിയേയും
ഗ്രുസ്ദിയോവിനെയും മറന്നു; അവളുടെ ചിന്തകൾ കെട്ടുപിണയുകയാണ്‌. അവളുടെ
മനസ്സ് അനുനിമിഷം ആഹ്ളാദം കൊണ്ടു നിറയുകയാണ്‌. അതവളുടെ നെഞ്ചിൽ നിന്നു
കൈകാലുകളിലേക്കു പകർന്നു; ഒരു വെളിച്ചം, ഒരു കുളിർതെന്നൽ തന്റെ തലയ്ക്കു
മേൽ കൂടി തഴുകിപ്പോയതുപോലെ, മുടിയിഴകളിളക്കിയതുപോലെ അവൾക്കു തോന്നി.
നിശബ്ദമായൊരു ചിരിയിൽ അവളുടെ ചുമലുകൾ കുലുങ്ങി; മേശയും മേശപ്പുറത്തെ
വിളക്കും വിറച്ചു, അവളുടെ കണ്ണുനീർ കത്തിലേക്കു തെറിച്ചു വീണു. അവൾക്കു
ചിരിയടക്കാൻ പറ്റിയില്ല; കാരണമില്ലാതെയല്ല താൻ ചിരിക്കുന്നതെന്നു
തെളിയിക്കാനായി രസകരമായതെന്തെങ്കിലും മനസ്സിൽ കാണാൻ അവൾ ശ്രമിച്ചു.
“എന്തു തമാശയായിരുന്നു!” ചിരി സഹിക്കാതെ തനിക്കിപ്പോൾ ശ്വാസം മുട്ടും
എന്ന മട്ടിൽ അവൾ പറഞ്ഞു. “എന്തു പൊട്ടത്തരമാണാ നായ്ക്കുട്ടി കാണിച്ചത്!”
ഇന്നലെ വൈകിട്ട് ചായകുടി കഴിഞ്ഞ് വീട്ടിലെ മാക്സിം എന്ന നായക്കുട്ടിയെ
കളിപ്പിച്ചും കൊണ്ട് ഗ്രുസ്ദിയോവ് പറഞ്ഞ കഥ അവൾ ഓർത്തു; നല്ല ബുദ്ധിയുള്ള
ഒരു നായക്കുട്ടി ഒരു കാക്കയെ തുരത്തിയോടിക്കാൻ നോക്കുകയായിരുന്നു. കാക്ക
തിരിഞ്ഞുനിന്നിട്ട് അതിന്റെ മുഖത്തു നോക്കി ഇങ്ങനെ പറഞ്ഞുവത്രെ: “നീ
പോടാ, പട്ടീ!” സംസാരിക്കുന്നൊരു കാക്കയുമായിട്ടാണ്‌ തനിക്കിടപെടേണ്ടി
വന്നതെന്നു മനസ്സിലാകാതെ നായക്കുട്ടി ആകെ പകച്ചുപോയി. കാര്യം പിടി
കിട്ടാതെ, വാലും താഴ്ത്തി അവൻ പിൻവാങ്ങി; എന്നിട്ടൊരു മൂലയ്ക്കു
ചെന്നിരുന്ന് മോങ്ങാൻ തുടങ്ങി.
“അതെ, ഞാൻ പ്രേമിക്കേണ്ടത് ഗ്രുസ്ദിയോവിനെയാണ്‌,” ഗോർണിക്കെഴുതിയ കത്ത്
കീറിക്കളഞ്ഞുകൊണ്ട് നാദിയ തീരുമാനിച്ചു.
അവൾ അയാളെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി, അയാളുടെ പ്രേമത്തെക്കുറിച്ച്,
തന്റെ പ്രേമത്തെക്കുറിച്ച്... പക്ഷേ ഒടുവിൽ അവളുടെ ചിന്തകൾ
പ്രത്യേകിച്ചിന്നതിനെകുറിച്ചെന്നില്ലാതായി; പലതും അവളുടെ മനസ്സിൽ
കയറിവന്നു: അമ്മ, തെരുവ്, പെൻസിൽ, പിയാനോ...ആഹ്ളാദത്തോടെ അവൾ
അവയെക്കുറിച്ചോർത്തു; എത്ര സുന്ദരവും വിസ്മയകരവുമാണു സർവതുമെന്നവൾക്കു
തോന്നി. എന്നാൽ ഇതൊരു തുടക്കം മാത്രമാണ്‌, ആഹ്ളാദം അവളുടെ കാതിൽ
മന്ത്രിക്കുകയായിരുന്നു, ഇതിലും നല്ലതു വരാൻ പോവുകയാണ്‌. വസന്തം വരാറായി,
അതു കഴിഞ്ഞാൽ വേനലും. അവൾ അമ്മയോടൊപ്പം ഗോർബിക്കിയിലേക്കു പോകും;
ലീവെടുത്ത് ഗോർണിയും കൂടെ വരും. അയാൾ വിനീതദാസനായി അവളേയും കൊണ്ട്
പാർക്കിൽ നടക്കാൻ പോകും. ഗ്രുസ്ദിയോവും വരും. അവർ ഒരുമിച്ച് പന്തു
കളിക്കും. എന്തൊക്കെ തമാശകളായിരിക്കും അവൻ പറയുക! പൂന്തോട്ടം, ഇരുട്ട്,
തെളിഞ്ഞ ആകാശം, നക്ഷത്രങ്ങൾ...എല്ലാറ്റിനും വേണ്ടി അവൾ ദാഹിച്ചു. അവളുടെ
ചുമലുകൾ ചിരി കൊണ്ട് ഒരിക്കൽക്കൂടി ഉലഞ്ഞു. മുറിക്കുള്ളിൽ കർപ്പൂരം
മണക്കുന്നപോലെ അവൾക്കു തോന്നി, ഒരു മരച്ചില്ല ജനാലയിൽ പതിയെ
തല്ലുന്നപോലെയും.
അവൾ ചെന്ന് കിടക്കയിലിരുന്നു. തനിക്കു മേൽ ഭാരം തൂങ്ങുന്ന ആ
വിപുലാഹ്ളാദത്തെ എങ്ങനെ നേരിടണമെന്നറിയാതെ തന്റെ കട്ടിൽത്തലയ്ക്കലെ
ചുമരിൽ തൂക്കിയിട്ടിരിക്കുന്ന വിശുദ്ധന്റെ ചിത്രത്തിലേക്ക് അവൾ
കണ്ണുയർത്തി.
“ദൈവമേ! ദൈവമേ! ദൈവമേ!” അവൾ മന്ത്രിച്ചു.

*
മലയാളനാട് വെബ് മാഗസീനിൽ 2015 ജൂലൈയിൽ പ്രസിദ്ധീകരിച്ചത്



*യവ്ജെനി ഒനെയ്ഗിൻ - പുഷ്കിൻ എഴുതി ചായ്ക്കൊവ്സ്കി സംഗീതം നല്കിയ
കാവ്യനാടകം. അതിലെ നായികയായ താത്യാന തന്റെ പ്രേമം തുറന്നു പറഞ്ഞുകൊണ്ട്
ഒനെയ്ഗിന്‌ ഒരു  കത്തെഴുതുന്നുണ്ട്
.
ഇംഗ്ലീഷ് വിവര്‍ത്തനം

അഭിപ്രായങ്ങളൊന്നുമില്ല: