ഗ്രാമത്തിലേക്കു പോകുന്ന വഴിയ്ക്ക് റോഡിനോടു ചേർത്തു പണിത ഒരു കളപ്പുര നിങ്ങൾക്കു കാണാം; അതിനു ചുറ്റും കരുക്കമരങ്ങൾ നട്ട വലിയൊരു മുറ്റവുമുണ്ട്. ചുവന്ന മേച്ചിലോടും ഒന്നു മറ്റൊന്നു കണക്കല്ലാത്ത ജനാലകളോടു കൂടിയ വലിയ പൂമുഖവും വൈക്കോൽക്കൂനയുടെ മുകളിലെ കാറ്റുകാട്ടിയും കറ്റക്കെട്ടുകൾ പൊക്കുന്നതിനുള്ള കപ്പിയും എറിച്ചുനില്ക്കുന്ന കറ്റകളുമായി ശരിക്കുമൊരു പ്രോവെൻസ് കർഷകന്റെ ഭവനം.
ഈ വീട് എന്റെ മനസ്സിൽ നിന്നു മായാതിരിക്കാൻ എന്താണു കാരണം? അതിന്റെ അടഞ്ഞുകിടക്കുന്ന ഗെയ്റ്റു കാണുമ്പോൾ എന്റെ നെഞ്ചു പിടയ്ക്കുന്നതെന്തുകൊണ്ടാവും? അതിനൊരു കാരണം പറയാൻ എനിക്കു കഴിഞ്ഞെന്നു വരില്ല; പക്ഷേ ആ വീടു കാണുമ്പോഴൊക്കെ എന്റെ മനസ്സിനെ ഒരു കൊടുംശൈത്യം ബാധിക്കും. അതിനെ ചൂഴ്ന്നു നിന്ന നിശബ്ദത അസാധാരണമായിരുന്നു. നിങ്ങൾ അതുവഴി പോകുമ്പോൾ നായ്ക്കൾ കുരച്ചുകൊണ്ടെത്തുന്നില്ല, ഗിനിക്കോഴികൾ ഒച്ച വയ്ക്കാതെ ഓടിപ്പോവുകയുമാണ്. ഉള്ളിൽ ഒരു ശബ്ദവും കേൾക്കാനില്ല-ഇല്ല, ഒരു മൂരിയുടെ കുടമണി പോലുമില്ല. ആ വെളുത്ത ജനൽമറകളും ചിമ്മിനിയിൽ നിന്നു പൊങ്ങുന്ന പുകയും കൂടിയില്ലായിരുന്നെങ്കിൽ അവിടെ മനുഷ്യവാസമില്ലെന്നു തന്നെ തോന്നിപ്പോകും.
ഇന്നലെ കൃത്യം ഉച്ചനേരത്ത് ഞാൻ ഗ്രാമത്തിൽ പോയിട്ടു മടങ്ങിവരികയായിരുന്നു; വെയിലു കൊള്ളാതിരിക്കാൻ ആ കൃഷിയിടത്തിന്റെ മതിലോരം ചേർന്ന് കരുക്കമരങ്ങളുടെ തണലു പറ്റിയാണ് ഞാൻ നടക്കുന്നത്. കളപ്പുരയ്ക്കു മുന്നിലെ റോഡിൽ പണിക്കാർ നിശബ്ദരായി വണ്ടിയിൽ വയ്ക്കോൽ കയറ്റുന്നുണ്ട്. ഗെയ്റ്റ് തുറന്നുകിടക്കുകയാണ്. പോകുന്ന വഴിയ്ക്ക് ഞാൻ വെറുതേ ഉള്ളിലേക്കൊന്നു കണ്ണയച്ചു; മുറ്റത്തിന്റെ അങ്ങേയറ്റത്ത്, നല്ല പൊക്കമുള്ള, തല നരച്ച ഒരു വൃദ്ധൻ ഒരു കല്ലുമേശ മേൽ കൈമുട്ടുകൾ കുത്തി,കൈകളിൽ തലയും താങ്ങി ഇരിക്കുന്നുണ്ട്. അയാളുടെ വെയ്സ്റ്റ് കോട്ട് തീരെ ഇറക്കം കുറഞ്ഞതാണ്, ട്രൗസർ കീറിപ്പറിഞ്ഞതാണ്. ഞാൻ അവിടെ നിന്നു. ഒരു പണിക്കാരൻ പതുക്കെ എന്നോടു പറഞ്ഞു,-
“ശ്ശ്! അതാണ് സ്റ്റീഫൻ. മകന് ആ ഭാഗ്യദോഷം വന്നതില്പിന്നെയാണ് അങ്ങേരിങ്ങനെയായത്.”
ഈ സമയത്ത് കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീയും ഒരു കൊച്ചു കുട്ടിയും വലിയ പ്രാർത്ഥനാപുസ്തകങ്ങളും കൈയിൽ പിടിച്ച് ഉള്ളിലേക്കു കയറിപ്പോയി.
പണിക്കാരൻ പറഞ്ഞു:-
“ഭാര്യയും ഇളയ മകനും കുർബാന കഴിഞ്ഞു വരികയാണ്. ആ കുട്ടി ജീവനൊടുക്കിയതില്പിന്നെ നിത്യവും അവർ അവിടെ പോകുന്നുണ്ട്. എന്താ സാർ,എന്തൊരു ദുരവസ്ഥയാണിത്! മരിച്ച മകന്റെ ട്രൗസറും ഷർട്ടുമാണ് ആ അച്ഛൻ ഇട്ടിരിക്കുന്നത്; ആരെന്തു പറഞ്ഞാലും അതൂരാൻ അദ്ദേഹം കൂട്ടാക്കില്ല.”
അയാൾ കാളകളെ ഇളക്കിവിട്ടു. വണ്ടി ഒന്നുലഞ്ഞുഷാറായി. ഈ വിഷയത്തെക്കുറിച്ച് കൂടുതലറിയാൻ താല്പര്യം തോന്നിയിട്ട് ഞാനും അയാൾക്കൊപ്പം ഇരുന്നുകൊള്ളട്ടേയെന്ന് വണ്ടിക്കാരനോടു ചോദിച്ചു. അങ്ങനെ ആ വൈക്കോൽവണ്ടിയിൽ വച്ചാണ് ഹൃദയഭേദകമായ ആ കഥ ഞാൻ കേൾക്കുന്നത്.
ജാൻ എന്നായിരുന്നു അവന്റെ പേര്. ആർക്കും മതിപ്പു തോന്നുന്ന ഒരു കൃഷിക്കാരൻ; ഇരുപതു വയസ്സ് പ്രായം, ഒരു പെൺകുട്ടിയെപ്പോലെ സൽസ്വഭാവി,ഉറച്ച ശരീരം, ഒന്നുമൊളിക്കാത്ത മുഖം.
കാണാൻ സുന്ദരനായിരുന്നതിനാൽ പെണ്ണുങ്ങളുടെ കണ്ണുകൾ അവനിലേക്കു നീണ്ടിരുന്നു; അവന്റെ മനസ്സിൽ പക്ഷേ,ഒരാളേ ഉണ്ടായിരുന്നുള്ളു,- ഒരു ആർലേക്കാരി; പട്ടും റേന്തയും വേഷമിട്ടവൾ.ആർലെയിലെ ലൈസിൽ വച്ച് ഒരിക്കൽ അവൻ അവളെ കണ്ടിരുന്നു. ഈ അടുപ്പം വീട്ടിൽ ആരും അത്ര സന്തോഷത്തോടെയല്ല കണ്ടത്. ആളൊരു അഴിഞ്ഞാട്ടക്കാരിയാണെന്നാണ് പറഞ്ഞുകേട്ടിരുന്നത്; അവളുടെ അച്ഛനമ്മമാർ ആ ഭാഗത്തുള്ളവരുമല്ല.എന്തു വില കൊടുത്തിട്ടായാലും ജാനിനു പക്ഷേ, അവളെത്തന്നെ മതി. അവൻ പറഞ്ഞു,-
“അവളെ കെട്ടാൻ അവർ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ മരിക്കാൻ പോവുകയാണ്.”
അവർക്കു വഴങ്ങേണ്ടി വന്നു. കൊയ്ത്തു കഴിഞ്ഞാൽ കല്യാണം എന്നുറപ്പിക്കുകയും ചെയ്തു.
അങ്ങനെ ഒരു ഞായറാഴ്ച ദിവസം കാലത്ത് എല്ലാവരും കൂടി കളപ്പുരയുടെ മുറ്റത്ത് ഭക്ഷണം കഴിക്കുകയാണ്. ഒരു കല്യാണവിരുന്ന് എന്നു തന്നെ അതിനെ പറയാം. വധു അവിടെ ഇല്ലെങ്കിൽക്കൂടി എല്ലാവരും അവൾക്ക് ആയുസ്സും ആരോഗ്യവും നേർന്നുകൊണ്ട് ഗ്ളാസ്സുകളുയർത്തുകയാണ്. ഈ സമയത്ത് ഒരാൾ പടിക്കൽ വന്ന് തനിക്ക് മാസ്റ്റർ സ്റ്റീഫനോട് ഒറ്റയ്ക്കൊന്നു സംസാരിക്കണമെന്ന് വിറയാർന്ന സ്വരത്തിൽ അറിയിച്ചു. സ്റ്റീഫൻ എഴുന്നേറ്റ് റോഡിലേക്കു ചെന്നു.
അയാൾ പറഞ്ഞു, “രണ്ടു കൊല്ലം ഞാൻ വച്ചുകൊണ്ടിരുന്ന ഒരു കുലടയെയാണ് നിങ്ങൾ സ്വന്തം മകനെ കൊണ്ടു കെട്ടിക്കാൻ പോകുന്നത്. അതിനെനിക്കു തെളിവുകളുണ്ട്:ഇതാ, അവളെഴുതിയ കത്തുകൾ. അവളുടെ വീട്ടുകാർക്ക് ഞങ്ങളുടെ ബന്ധത്തെക്കുറിച്ചറിയാമായിരുന്നു; അവളെ എനിക്കു തരാമെന്ന് അവർ വാഗ്ദാനം ചെയ്തിരുന്നതുമാണ്; പക്ഷേ ഇപ്പോൾ നിങ്ങളുടെ മകന് അവളെ ആശയായതു കാരണം അവൾക്കോ അവളുടെ വീട്ടുകാർക്കോ എന്നെ കാണണമെന്നു തന്നെയില്ല. എന്നാലും ഇത്രയൊക്കെ കഴിഞ്ഞ സ്ഥിതിയ്ക്ക് അവൾ മറ്റൊരാളുടെ ഭാര്യ ആയിക്കൂടാ എന്നു ഞാൻ മനസ്സിൽ നിശ്ചയിച്ചു.”
“വളരെ നന്നായി!” കത്തുകൾ വായിച്ചുനോക്കിയിട്ട് സ്റ്റീഫൻ പറഞ്ഞു; “കയറി വരൂ, ഒരു ഗ്ളാസ് വൈൻ കഴിച്ചിട്ടു പോകാം.”
അയാൾ പറഞ്ഞു: “അയ്യോ വേണ്ട, എന്റെ നെഞ്ചിന്റെ ദാഹം അതു കൊണ്ടു തീരില്ല.”എന്നിട്ടയാൾ പോവുകയും ചെയ്തു.
ഒരു ഭാവപ്പകർച്ചയുമില്ലാതെ അച്ഛൻ തിരിച്ചു വന്നു; മേശയ്ക്കരികിൽ പഴയ സ്ഥാനത്തിരുന്ന് എല്ലാവരുമായി സന്തോഷത്തോടെ പിരിയുകയും ചെയ്തു.
അന്നു വൈകിട്ട് അച്ഛനും മകനും കൂടി പാടം നോക്കാൻ പോയി. അവർ തിരിച്ചു വരാൻ വളരെ വൈകി; അമ്മ അവരെ കാത്തിരിക്കുകയായിരുന്നു.
“അവനൊരുമ്മ കൊടുക്കൂ,” മകനെ അമ്മയുടെ നേർക്കു തിരിച്ചുനിർത്തിക്കൊണ്ട് അച്ഛൻ പറഞ്ഞു, “അവന്റെ മനസ്സ് സങ്കടപ്പെട്ടിരിക്കുകയാണ്.”
ജാൻ പിന്നെ ആ ആർലെക്കാരിയെക്കുറിച്ചു മിണ്ടിയിട്ടേയില്ല. പക്ഷേ അവനപ്പോഴും അവളോടു പ്രേമമായിരുന്നു; മറ്റൊരാളുടെ കൈകൾക്കുള്ളിൽ അവളെ കണ്ടതില്പിന്നെ മുമ്പത്തേക്കാളതു കൂടുതലുമായിരുന്നു. അഭിമാനിയായതു കാരണം അവൻ അതു പുറത്തു പറഞ്ഞില്ല എന്നു മാത്രം; അവനെ അകമേ കൊന്നുകൊണ്ടിരുന്നത് അതായിരുന്നു, പാവം പയ്യൻ! ചിലപ്പോളവൻ ഒന്നനങ്ങുക കൂടിച്ചെയ്യാതെ ഒരു മൂലയ്ക്കു പോയി ചുരുണ്ടു കിടക്കും, ദിവസങ്ങളോളം; മറ്റു ചില ദിവസങ്ങളിൽ ഉഗ്രരോഷത്തോടെ അവൻ മണ്ണിനോടേറ്റുമുട്ടുന്നതു കാണാം; പത്തു പണിക്കാരുടെ ജോലി അവൻ ഒറ്റ ദിവസം കൊണ്ടു മുഴുമിപ്പിക്കും. വൈകിട്ടവൻ ആർലേയിലേക്കുള്ള വഴിയിലൂടെ നടക്കുന്നതു കാണാം; നഗരത്തിലെ കൂർത്ത മണിമേടകൾ അന്തിവെളിച്ചത്തിൽ ഉയർന്നുവരുന്നതു കാണുമ്പോൾ അവൻ തിരിഞ്ഞുനടക്കുകയും ചെയ്യും. അതിനപ്പുറത്തേക്കവൻ പോകാറില്ല.
അവനിങ്ങനെ ഒറ്റയ്ക്കു ദുഃഖിച്ചു നടക്കുന്നതു കണ്ടപ്പോൾ എന്തു ചെയ്യണമെന്ന് വീട്ടുകാർക്കു പിടിയില്ലാതായി. അവൻ എന്തെങ്കിലും കടുംകൈ ചെയ്തുകളയുമോയെന്ന് അവർ ഭയന്നു. ഒരിക്കൽ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മ നിറകണ്ണുകളോടെ അവനോടു പറഞ്ഞു,-
“നോക്കൂ ജാൻ, എന്തൊക്കെയായാലും നിനക്ക് അവളെത്തന്നെ മതിയെന്നാണെങ്കിൽ ഞങ്ങൾക്കൊരു വിസമ്മതവുമില്ല.”
അച്ഛൻ നാണക്കേടു കൊണ്ടു മുഖം ചുവന്ന് തല കുനിച്ചിരുന്നു.
വേണ്ടെന്ന അർത്ഥത്തിൽ കൈ കൊണ്ടൊരാംഗ്യം കാണിച്ചിട്ട് ജാൻ പുറത്തേക്കിറങ്ങിപ്പോയി.
അന്നു മുതൽ അവന്റെ രീതികൾ മാറി; തനിക്കൊരു വിഷമവുമില്ലെന്ന മട്ടിൽ സന്തോഷം നടിച്ച് അവൻ നടന്നു. അവനെ പിന്നെയും ബാറിലും ഡാൻസിനും കാലിച്ചന്തയിലും കണ്ടു തുടങ്ങി. പെരുന്നാളിനു മുന്നിൽ നിന്നതും അവനായിരുന്നു.
“അവന്റെ രോഗം മാറി,” അച്ഛൻ പറഞ്ഞു. പക്ഷേ അമ്മയുടെ പേടി മാറിയില്ല; അവർ തന്റെ മകനെ കൂടുതലായി ശ്രദ്ധിച്ചുതുടങ്ങി. പട്ടുനൂൽപുഴുക്കളെ വളർത്തുന്ന ചായ്പിൽ അനുജനോടൊപ്പമാണ് ജാൻ ഉറങ്ങാറുള്ളത്. ആ പാവം സ്ത്രീ അതിനടുത്തുള്ള മുറിയിൽ ഒരു കട്ടിലിട്ട് അവിടെയായി ഉറക്കം.പട്ടുനൂല്പുഴുക്കൾക്ക് രാത്രിയിൽ അവരെ ആവശ്യം വന്നാലോ!
ആയിടയ്ക്കാണ് കൃഷിക്കാരുടെ വിശുദ്ധനായ എലിജിയസിന്റെ പെരുന്നാൾ വരുന്നത്.കളത്തിലന്ന് ആർപ്പും ചിരിയുമായിരുന്നു. മഴ പെയ്യുമ്പോലെയാണ് പലതരം വൈനുകളൊഴുകിയത്. പടക്കവും വെടിക്കെട്ടുമുണ്ടായി; കരുക്കമരങ്ങൾ നിറയെ വർണ്ണക്കടലാസൊട്ടിച്ച റാന്തലുകൾ തൂക്കിയിട്ടിരുന്നു. എലിജിയസ് വിശുദ്ധൻ നീണാൾ വാഴട്ടെ! കുഴഞ്ഞുവീഴും വരെ അവർ നൃത്തം ചെയ്തു. അനുജൻ കുട്ടി അവന്റെ പുതിയ ഷർട്ട് കത്തിച്ചു. ജാനിന്റെ മുഖത്തും സന്തോഷം ദൃശ്യമായിരുന്നു;അമ്മയോടൊപ്പം ഡാൻസ് ചെയ്യണമെന്ന് അവൻ നിർബന്ധം പിടിച്ചു; ആ പാവം സ്ത്രീ സന്തോഷം കൊണ്ടു കരഞ്ഞുപോയി.
എല്ലാവരും ഉറങ്ങാൻ കിടക്കുമ്പോൾ പാതിരാത്രി ആയിരുന്നു. എല്ലാവർക്കും ഉറക്കം അത്യാവശ്യമയിരുന്നു. പക്ഷേ ജാൻ ഉറങ്ങിയില്ല. രാത്രി മുഴുവൻ അവൻ തേങ്ങിക്കരയുകയായിരുന്നുവെന്ന് അനുജൻ പിന്നീടു പറഞ്ഞു. അതെ, അത്ര ആഴത്തിലാണ് പ്രണയം അവനെ ദംശിച്ചത്!
അടുത്ത ദിവസം പുലർച്ചയ്ക്ക് ആരോ തന്റെ മുറിയിലൂടെ ഓടിപ്പോകുന്നതായി അമ്മയ്ക്കു തോന്നി. അവർക്കെന്തോ വിപൽശങ്ക തോന്നി.
“ജാൻ, ജാനാണോ അത്?”
ജാൻ മിണ്ടിയില്ല; അവൻ കോണിപ്പടിയിൽ എത്തിക്കഴിഞ്ഞിരുന്നു.
അമ്മ പെട്ടെന്ന്, വളരെപ്പെട്ടെന്നെഴുന്നേറ്റു-
“ജാൻ, നീ എങ്ങോട്ടു പോകുന്നു?”
അവൻ കോണി കയറി മച്ചുമ്പുറത്തെത്തി; അവർ പിന്നാലെ ചെന്നു:-
“എന്റെ മോനേ, ദൈവത്തെയോർത്ത്...!”
അവൻ ഉള്ളിൽ കയറി കതകിന്റെ കൊളുത്തിട്ടു.
“ജാൻ, എന്റെ ജാൻ മോനേ, നീയെന്താ ചെയ്യാൻ പോകുന്നത്?”
അവർ തന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് കതകിന്റെ കൊളുത്തു തിരയുകയായിരുന്നു.ഒരു ജനാല തുറക്കുന്ന ശബ്ദം, മുറ്റത്തെ തറക്കല്ലുകളിൽ ഒരുടൽ ചെന്നു വീഴുന്ന ശബ്ദം, അത്ര മാത്രം.
ആ പാവം കുട്ടി തന്നോടു തന്നെ പറഞ്ഞതിതായിരുന്നു: “അവളെ ഞാൻ അത്രയ്ക്കു സ്നേഹിക്കുന്നു. ഞാൻ പോകും.” ഹാ, എത്ര ദയനീയമാണ് നമുക്കു കിട്ടിയ ഹൃദയങ്ങൾ! അതേ സമയം വെറുപ്പിന് പ്രണയത്തെ കൊല്ലാൻ കഴിയുന്നില്ലെന്നത് എത്ര അവിശ്വസനീയവുമാണ്!
അന്നു കാലത്ത് സ്റ്റീഫന്റെ കളപ്പുരയുടെ ഭാഗത്തു നിന്ന് ആരോ അലറിക്കരയുന്നതു കേട്ടപ്പോൾ അതാരായിരിക്കുമെന്ന് നാട്ടുകാർ തമ്മിൽ തമ്മിൽ ചോദിക്കുകയായിരുന്നു.
അത് ആ അമ്മയായിരുന്നു; മുറ്റത്ത്, ചോരത്തുള്ളികളും മഞ്ഞുതുള്ളികളും തെറിച്ചുവീണ ആ കല്ലുമേശയ്ക്കു മുന്നിൽ നിന്ന് ആ അമ്മ മരിച്ച മകനെ കൈകളിലെടുത്ത് വിലപിക്കുകയായിരുന്നു.
അൽഫോൺസ് ദോദെ (1840-97) Alphonse Daudet. ഫ്രഞ്ച് കഥാകൃത്തും നോവലിസ്റ്റും. ഫ്രാൻസിന്റെ തെക്കൻ ഭാഗമായ പ്രോവെൻസിന്റെ കഥാകാരനായി അറിയപ്പെടുന്നു.
തീക്ഷ്ണവികാരങ്ങൾ ഭരിക്കുന്ന പ്രോവെൻസ് ജീവിതത്തെക്കുറിച്ചെഴുതിയ L'Arlesienne എന്ന ഈ കഥ പിന്നീട് നാടകമാക്കിയെങ്കിലും അതു പരാജയപ്പെട്ടു. നാടകത്തിനു വേണ്ടി ജോർജ്ജ് ബിസെ തയാറാക്കിയ സംഗീതം പക്ഷേ, ഇന്നും അതിജീവിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ