2016, ഫെബ്രുവരി 17, ബുധനാഴ്‌ച

അൽബേർ കമ്യു - ‘അന്യ’ന്റെ ആമുഖം

the-stranger[4]


വളരെക്കാലം മുമ്പ് ‘അന്യ’ന്റെ കഥ ഞാൻ സംക്ഷേപിച്ചത്, വൈരുദ്ധ്യം തോന്നുന്ന രീതിയിലാണെന്നു സമ്മതിക്കുന്നു,  ഇങ്ങനെയായിരുന്നു: “നമ്മുടെ സമൂഹത്തിൽ സ്വന്തം അമ്മയുടെ സംസ്കാരം നടക്കുന്ന സമയത്ത് കണ്ണീരു വരാത്ത ഒരാൾ വധശിക്ഷക്കു വിധിക്കപ്പെടുക എന്ന അപകടത്തെ ഭയക്കേണ്ടിയിരിക്കുന്നു.” എന്റെ കഥാനായകനു മരിക്കേണ്ടിവന്നത് അയാൾ കളിയിൽ കൂടുന്നില്ല എന്ന കാരണം കൊണ്ടാണ്‌ എന്നേ ഞാൻ അതുകൊണ്ടുദ്ദേശിച്ചുള്ളു. ആ അർത്ഥത്തിൽ അയാൾ താൻ ജീവിക്കുന്ന സമൂഹത്തിനു പുറത്താണ്‌; അരികുകളിൽ, സ്വകാര്യവും ഏകാന്തവും ഐന്ദ്രിയവുമായ ജീവിതത്തിന്റെ പരിസരങ്ങളിൽ അലഞ്ഞുനടക്കുകയാണയാൾ. അതുകൊണ്ടു തന്നെയാണ്‌ ഒരു കപ്പൽച്ചേതത്തിന്റെ ഒഴുകിനടക്കുന്ന അവശിഷ്ടമായി ചില വായനക്കാർ അയാളെ കണ്ടതും. ആ കഥാപാത്രത്തെക്കുറിച്ച് കുറച്ചുകൂടി കൃത്യമായ, അല്ലെങ്കിൽ ഗ്രന്ഥകാരൻ മനസ്സിൽ കരുതിയതിനോട് കുറച്ചുകൂടി അടുത്തതെങ്കിലുമായ ഒരു ധാരണ കിട്ടാൻ ഇങ്ങനെയൊന്നു ചോദിച്ചാൽ മതി: എങ്ങനെയാണ്‌  മ്യൂർസാൾട്ട് കളിയിൽ കൂടാതിരിക്കുന്നത്? മറുപടി വളരെ ലളിതമാണ്‌: അയാൾ നുണ പറയാൻ കൂട്ടാക്കുന്നില്ല. നുണ പറയുക എന്നാൽ സത്യമല്ലാത്തതു പറയുക എന്നു മാത്രമല്ല. സത്യമെന്താണോ അതിലും കൂടുതൽ പറയുക എന്നാണ്‌; മനുഷ്യഹൃദയത്തെ സംബന്ധിച്ചാണെങ്കിൽ, തനിക്കു തോന്നുന്നതിലുമധികം പുറമേ കാണിക്കുക എന്നാണ്‌. ജീവിതത്തെ ലളിതമാക്കാൻ നാമൊക്കെ, എല്ലാ ദിവസവും, ചെയ്യുന്നതാണിത്. അയാൾ പക്ഷേ താനെന്താണോ, അതേ പറയുന്നുള്ളു; തന്റെ വികാരങ്ങൾ മറച്ചുപിടിക്കാൻ അയാൾ വിസമ്മതിക്കുന്നു; അതു മതി, അയാൾ ഭീഷണിയാണെന്നു സമൂഹത്തിനു തോന്നാൻ. താൻ ചെയ്ത അപരാധത്തിന്‌ അംഗീകൃതരീതിയിൽ പ്രായശ്ചിത്തം രേഖപ്പെടുത്താൻ സമൂഹം അയാളോടാവശ്യപ്പെടുകയാണ്‌. കുറ്റബോധമല്ല, അസഹ്യതയാണ്‌ തനിക്കു തോന്നുന്നതെന്ന് അയാൾ തിരിച്ചുപറയുന്നു. ആ നേരിയ അർത്ഥവ്യത്യാസം അയാളെ മരണശിക്ഷക്കു വിധിക്കാൻ കാരണമാവുകയുമാണ്‌.

അതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം, മ്യൂർസാൾട്ട് സമൂഹത്തിൽ ഒഴുകിനടക്കുന്ന ഒരവശിഷ്ടമല്ല; മറിച്ച്, ഒരു നിഴലും വീഴ്ത്താത്ത ഒരു സൂര്യന്റെ വശീകരണത്തിൽ പെട്ടുപോയ നഗ്നനും സാധുവുമായ ഒരു മനുഷ്യൻ മാത്രമാണ്‌. വികാരങ്ങൾക്കന്യനേയല്ല അയാൾ; ദൃഢമാണെന്നതിനാൽ അഗാധമായ ഒരു വികാരത്താൽ, കേവലസത്യത്തിനായുള്ള തൃഷ്ണയാൽ ഉത്തേജിതനാണയാൾ. ആ സത്യം, നാമെന്താണ്‌, നമ്മുടെ വികാരങ്ങളെന്താണ്‌ എന്ന സത്യം, നിഷേധസ്വഭാവത്തിലുള്ളതാണതെങ്കിൽക്കൂടി, അതില്ലാതെ നമ്മെയോ നമ്മുടെ ലോകത്തെയോ കീഴടക്കാൻ നമുക്കൊരിക്കലും സാദ്ധ്യമാവുകയുമില്ല.

അതിനാൽ, നാട്യങ്ങളേതുമില്ലാതെ സത്യത്തിനായി മരിക്കാൻ തയാറാവുന്ന ഒരു മനുഷ്യന്റെ കഥയായി ‘അന്യ’നെ വായിക്കാൻ കഴിഞ്ഞാൽ അതിൽ വലിയ പിശകു വരാനില്ല. നാമർഹിക്കുന്ന ഒരേയൊരു ക്രിസ്തുവിനെയാണ്‌ ആ കഥാപാത്രത്തിലൂടെ ഞാൻ വരച്ചിടാൻ ശ്രമിച്ചതെന്നും, അതിലുമൊരു വൈരുദ്ധ്യം തോന്നാം എന്നു ഞാൻ സമ്മതിക്കുന്നു, അന്നു ഞാൻ പറഞ്ഞിരുന്നു. ഒരുതരത്തിലുള്ള ദൈവനിന്ദയോടുമല്ല ഞാനതു പറഞ്ഞതെന്നും, താൻ സൃഷ്ടിച്ച കഥാപാത്രങ്ങളോട് ഒരു കലാകാരനു തോന്നാൻ അവകാശമുള്ള, ഐറണി കലർന്ന മമതയോടെയാണെന്നും ഈ വിശദീകരണം വായിച്ചുകഴിഞ്ഞാൽ നിങ്ങൾക്കു മനസ്സിലായിരിക്കും.

1(955 ജനുവരി 8)


(1956ലെ അമേരിക്കൻ യൂണിവേഴ്സിറ്റി പതിപ്പിനെഴുതിയ ആമുഖം)

camus5

അഭിപ്രായങ്ങളൊന്നുമില്ല: