മിസ്റ്റർ ഫിഡലിസ് വലന്റിൻ ചെന്നെത്താത്തതായി ലോകത്തൊരിടവും ഉണ്ടായിരുന്നില്ല; തന്റെ യാത്രകളെക്കുറിച്ചൊരു വിവരണമെഴുതുന്നത് പ്രയോജനപ്രദമാവുമെന്ന് കരുതിക്കൊണ്ട് അയാൾ ഒരു പുസ്തകം എഴുതിയുണ്ടാക്കി. പുസ്തകം പുറത്തു വന്നു; പക്ഷേ അത്രയ്ക്കൊരു വിജയമായില്ല. പുസ്തകം വാങ്ങിയ ചുരുക്കം ചിലർ, ഒന്നു വായിച്ചുനോക്കാതെ തന്നെ, അതു മറ്റു ചിലർക്കു സമ്മാനമായി കൊടുത്തു; ഈ മറ്റു ചിലരും അത്ര ജിജ്ഞാസുക്കളായിരുന്നില്ല. തന്റെ കൃതി വലിയ ചലനമൊന്നും സൃഷ്ടിക്കുന്നില്ല എന്ന് മിസ്റ്റർ വലന്റീനു തോന്നിത്തുടങ്ങുമ്പോഴാണ് കടലിനപ്പുറത്തു നിന്നൊരു സന്ദേശം അയാളെ തേടിയെത്തുന്നത്. കനത്ത സീലു പൊട്ടിച്ച് അത്ഭുതത്തോടെ അയാൾ കത്തു വായിച്ചു; അതിൽ സാൻ ട്രജാനോയുടെ പ്രസിഡന്റ് ഒപ്പു വച്ചിരുന്നു; അതു നിറയെ കടുത്ത പരാതിയുമായിരുന്നു.
മിസ്റ്റർ വലന്റീൻ, കത്തിങ്ങനെ പോയി, തന്റെ പുസ്തകം വഴി സാൻ ട്രജാനോ റിപ്പബ്ളിക്കിന്റെ ആത്മാഭിമാനത്തിന് ആഴത്തിൽ മുറിവേല്പിച്ചിരിക്കുന്നു. ആ നാട്ടിലെ ഉദ്യോഗസ്ഥർ കൈക്കൂലിക്കു വഴങ്ങുന്നവരാണെന്നും രാഷ്ട്രീയക്കാർ അഴിമതിക്കാരാണെന്നും അയാൾ ആരോപിക്കുന്നു; തന്നെയുമല്ല, തീപ്പെട്ടിക്കൊള്ളികൾ അത്രയ്ക്കു മോശമാകയാൽ മൂന്നുരച്ചാലേ ഒന്നു കത്തൂ എന്ന നിലയുമായിരുന്നു. ഉദ്യോഗസ്ഥരേയും രാഷ്ട്രീയക്കാരെയും കുറിച്ചുള്ള മിസ്റ്റർ വലന്റീന്റെ അഭിപ്രായങ്ങൾ വേണമെങ്കിൽ കണ്ടില്ലെന്നു നടിക്കാം. നേരേ മറിച്ച് സാൻ ട്രജാനോയിലെ തീപ്പെട്ടികളെക്കുറിച്ച് അയാൾ പറഞ്ഞു പരത്തുന്ന നുണക്കഥകൾ അങ്ങനെ വെറുതേ വിടാൻ പറ്റുന്നതല്ല. അടിയന്തിരമായി നിയമിച്ച ഒരു കമ്മിഷന്റെ അന്വേഷണത്തിൽ നിന്നു മനസ്സിലായത് മൂന്നല്ല, രണ്ടുരയ്ക്കുമ്പോൾത്തന്നെ ഒരു കൊള്ളി കത്തുന്നുണ്ടെന്നും അത് - ഇവിടെ കത്തിന് ഒരു കളിയാക്കലിന്റെ സ്വരം വരുന്നുണ്ട്- എടുത്തു പറയേണ്ട ഒരു വൈശിഷ്ട്യം ആണെന്നുമാണ്. തന്റെ ഈ ദുഷിച്ച ആരോപണം കഴിയുന്നതും വേഗത്തിൽ പിൻവലിക്കാനുള്ള സന്മനസ്സ് മിസ്റ്റർ വലന്റീന്റെ ഭാഗത്തു നിന്നുണ്ടാവുമോ? കുറഞ്ഞത് ലോകത്തെ പ്രധാനപ്പെട്ട വർത്തമാനപത്രങ്ങളിൽ മാപ്പു പറഞ്ഞുകൊണ്ടുള്ള ഒരു പ്രസ്താവനയെങ്കിലും തങ്ങൾ പ്രതീക്ഷിക്കുന്നു.
സംഗതി എത്ര എളുപ്പത്തിൽ ഒതുക്കിത്തീർക്കാവുന്നതായിരുന്നുവെന്ന് നമുക്കു കാണാവുന്നതേയുള്ളു. പക്ഷേ ദൗർഭാഗ്യമെന്നു പറയട്ടെ, മിസ്റ്റർ വലന്റീൻ വല്ലാത്തൊരു പിടിവാശിക്കാരനായിപ്പോയി. അയാൾ ആ കത്തിന്മേൽ കയറിപ്പിടിച്ചത് തന്റെ പുസ്തകത്തിന് ആകെക്കൂടി കിട്ടിയ ഒരു പ്രതികരണം സുഖകരമല്ലാത്തതു കൊണ്ടാണോ അതോ പുറംമോടികൾ തട്ടിമാറ്റി ഇതാണ് സത്യമെന്നു സ്ഥാപിക്കാൻ വേണ്ടിയാണോ എന്നു തീരുമാനിക്കുക ദുഷ്കരമാണ്. സംഗതി എന്തായാലും അയാൾ ഇങ്ങനെ തിരിച്ചെഴുതി: കള്ളം പറഞ്ഞുവെന്നു സമ്മതിക്കാൻ സ്വപ്നത്തിൽ കൂടി താൻ വിചാരിക്കുന്നില്ല; പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതൊക്കെ ശ്രദ്ധാപൂർവ്വമായ നിരീക്ഷണത്തിന്റെയും പര്യാലോചനയുടെയും ഫലമാണ്, അതെല്ലാം സത്യവുമാണ്. തന്നെയുമല്ല, തന്റെ പെട്ടിയിലുണ്ടായിരുന്ന ചില സാൻ ട്രജാനോ തീപ്പെട്ടികൾ താൻ ഒരു നോട്ടറിയുടെയും വിശ്വാസയോഗ്യരായ സാക്ഷികളുടെയും മുന്നിൽ വച്ച് ഉരച്ചു കാണിച്ച് ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതും ആയത് എഴുതി വാങ്ങിയിട്ടുള്ളതുമാകുന്നു. ഭീഷണിപ്പരുവത്തിലുള്ളതും യുക്തിയില്ലാത്തതുമായ തന്റെ അപേക്ഷ പിൻവലിച്ച് മാപ്പു പറയാൻ പ്രസിഡന്റ് തയാറാവുമെന്ന് താൻ വിശ്വസിക്കട്ടെ.
പ്രസിഡന്റിന്റെ മറുപടി വരാൻ വൈകിയില്ല. ഇത്തവണ അത് വാചാടോപം നിറഞ്ഞ കത്തൊന്നുമായിരുന്നില്ല, മറിച്ച് നിശിതമായ ഒരന്ത്യശാസനം തന്നെയായിരുന്നു: മിസ്റ്റർ വലന്റീൻ ഒന്നുകിൽ തന്റെ ആരോപണം പരസ്യമായി പിൻവലിക്കുക, അല്ലെങ്കിൽ പട്ടാളഇടപെടലിന്റെ ഭവിഷ്യത്തുകൾ നേരിടാൻ ഒരുങ്ങിക്കൊൾക. സാൻ ട്രജാനോ റിപ്പബ്ളിക്കിന്റെ സൈന്യം ഒറ്റയാളായി കളത്തിലേക്കിറങ്ങുന്നതും ശത്രുവിനെ കാണുന്നിടത്തു വച്ച് ഉന്മൂലനം ചെയ്യുന്നതുമായിരിക്കും. ശത്രു അടിയറവു പറയുമെന്ന വിശ്വാസത്തിലാണ് ആ അന്ത്യശാസനം തയാറാക്കിയതെങ്കിൽ അവർക്കു വല്ലാതെ പിശകിപ്പോയി. തങ്ങൾ എവിടെ നില്ക്കുന്നുവെന്ന് അവർക്കു പിടി കിട്ടും മുമ്പേ മിസ്റ്റർ വലന്റീൻ കമ്പിയടിച്ചു, താൻ സാൻ ട്രജാനോയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നുവെന്ന്.
*
ഇങ്ങനെയാണപ്പോൾ കാര്യങ്ങൾ വന്നുകൂടിയത്, അതും തീപ്പെട്ടിക്കോലുകളുടെ പേരിൽ. സാൻ ട്രജാനോയ്ക്കും മിസ്റ്റർ വലന്റീനുമിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ട കാര്യം ലോകമറിയാൻ വൈകിയില്ല, കാരണം, തങ്ങളുടെ സൈനികർ യുദ്ധത്തിനു തയാറാണെന്ന വസ്തുത റിപ്പബ്ളിക് മറച്ചുവച്ചിരുന്നില്ലല്ലോ. നേരേ മറിച്ച് മിസ്റ്റർ വലന്റീനാവട്ടെ, ആക്രമണത്തിന്റെയോ പ്രതിരോധത്തിന്റെയോ തയാറെടുപ്പുകൾ യാതൊന്നും നടത്തിയില്ല. ശരി തന്നെ, സാൻ ട്രജാനോ പൗരന്മാർക്ക് തന്റെ വീടു വിലക്കിക്കൊണ്ടുള്ള ഒരു നോട്ടീസ് അയാൾ ചുമരിൽ പതിച്ചിരുന്നു; ഇതൊഴിച്ചാൽ യുദ്ധത്തിനു നടുവിലും അയാൾ തന്റെ സമാധാനപൂർണ്ണമായ ജീവിതം നയിക്കുകയായിരുന്നു. തന്നെ ശത്രുവിൽ നിന്നു വേർപെടുത്തുന്ന ദൂരത്തിലാണ് മിസ്റ്റർ വലന്റീൻ ആശ്രയമർപ്പിച്ചിരുന്നത് എന്ന് വായനക്കാരൻ ഊഹിച്ചേക്കാം. തീർച്ചയായും അത് ഗൗരവത്തിലെടുക്കേണ്ട ഒരു പ്രതിബന്ധം തന്നെയാണ്; കാരണം, ഇരുപക്ഷവും എവിടെ വച്ചാണ് ഏറ്റുമുട്ടുക, ആ നിർണ്ണായകയുദ്ധം എവിടെയാണരങ്ങേറുക? സാൻട്രജാനോയുടെ പടക്കപ്പലുകൾ പുറപ്പെടാൻ തയാറായി കിടക്കുകയും നാവികപ്പട മിസ്റ്റർ വലന്റീനെ വരച്ചുവച്ച ലക്ഷ്യങ്ങളിൽ വെടി വച്ചു പരിശീലിക്കുകയും ചെയ്യുമ്പോൾ റിപ്പബ്ളിക്കിന്റെ നയതന്ത്രജ്ഞർ സാദ്ധ്യമായ രാഷ്ട്രങ്ങളോടെല്ലാം ചർച്ച നടത്തുകയായിരുന്നു, തങ്ങളുടെ സൈന്യത്തിനു കടന്നുപോകാൻ ഒരു പാതയ്ക്കും, വാടകയ്ക്കായിട്ടാണെങ്കില്പോലും, ഒരു യുദ്ധരംഗത്തിനും. സകല രാഷ്ട്രങ്ങളും പക്ഷേ, നിഷ്പക്ഷത പാലിക്കുകയാണുണ്ടായത്; ഒരു വിദേശസൈന്യം തങ്ങളുടെ അധീനപ്രദേശത്തു കൂടി കടന്നുപോകാൻ തങ്ങൾ അനുവദിക്കുന്നതല്ല, യുദ്ധത്തിന്റെ ഭീകരതകൾക്കായി തങ്ങളുടെ ഒരിഞ്ചു മണ്ണു പോലും വിട്ടുകൊടുക്കുന്ന പ്രശ്നവുമില്ല. മിസ്റ്റർ വലന്റീന്റെ രാജ്യം പോലും അതിനു തയാറായില്ല; ഈ യുദ്ധം പൗരനായ ഫിഡലിസ് വലന്റീന്റെ വ്യക്തിപരമായ കാര്യമാണെന്നാണ് ഗവണ്മെന്റ് വാദിച്ചത്. സാൻ ട്രജാനോയിലെ പട്ടാളക്കാർ പല്ലിറുമ്മിയതു കൊണ്ടു കാര്യമില്ല. ശത്രു അവരുടെ പിടിയ്ക്കു പുറത്താണ്.
കാര്യങ്ങൾ ഇവിടെ അവസാനിക്കേണ്ടതായിരുന്നു; എന്നാൽ അപ്പോഴാണ് ഒരതിസമ്പന്നന്റെ ഇടപെടലുണ്ടാവുന്നത്. ഒരു ഡസനോ അതിലേറെയോ ദ്വീപുകൾ സ്വന്തമായിട്ടുണ്ടായിരുന്ന ഈയാൾ പെഡ്രോസ എന്ന ഊഷരമായ ദ്വീപ് ഒന്നാന്തരമായ ഒരു യുദ്ധരംഗമായിരിക്കുമെന്നും ഇരുകക്ഷികളും നാളത്തേക്കു മാറ്റി വയ്ക്കാതെ ഇന്നു തന്നെ യുദ്ധം തുടങ്ങുമെന്നു താൻ പ്രതീക്ഷിക്കുന്നതായും പരസ്യപ്പെടുത്തി. അവിടെ മനുഷ്യരാരും താമസമില്ല, ജന്തുക്കളുടെയും സസ്യങ്ങളുടെയും കാര്യം നോക്കേണ്ടതുമില്ല. യുദ്ധത്തിന്റെ ഗതി സുരക്ഷിതമായിരുന്നു വീക്ഷിക്കാൻ തന്നെ അനുവദിക്കണമെന്ന ഉപാധിയേ അയാൾക്കുണ്ടായിരുന്നുള്ളു. ഈ ക്ഷണം കിട്ടേണ്ട താമസം, സാൻ ട്രജാനോയിൽ ആഹ്ളാദാരവം ഉയർന്നു. കാതടപ്പിക്കുമാറ് ബാന്റുവാദ്യവും മുഴക്കി കപ്പല്പട പെഡ്രോസയിലേക്കു തിരിച്ചു.
ലോകത്തിന്റെ കണ്ണുകൾ മിസ്റ്റർ വലന്റീന്റെ മേലായി. അയാൾ തന്റെ നിലപാടിൽ ഉറച്ചു നില്ക്കാൻ തന്നെ പോവുകയാണോ അതോ പതുക്കെ പിൻവാങ്ങാൻ പോവുകയോ? അയാൾ തന്റെ സൈന്യത്തിലേക്ക് ആളുകളെ എടുക്കുകയാണെന്ന് ശ്രുതി പരന്നു. മിസ്റ്റർ വലന്റീൻ ബലിഷ്ഠനായ ഒരു ഗ്രാമീണയുവാവിന് പണം കൈമാറുന്നത് തങ്ങൾ കണ്ടുവെന്ന് പത്രക്കാർ അവകാശപ്പെട്ടു; അയാൾ നിശ്ശബ്ദമായി ഒരു സൈന്യം രൂപീകരിക്കുകയാണെന്ന് അവർ നിഗമനത്തിലുമെത്തി. പത്രക്കാർ റിപ്പോർട്ട് ചെയ്തത് ശരിക്കു പറഞ്ഞാൽ വാസ്തവവിരുദ്ധമൊന്നുമായിരുന്നില്ല; അവരുടെ നിഗമനമാണ് അമ്പേ പിശകിയത്. തന്റെ അഭാവത്തിൽ വീടു നോക്കുക എന്ന ജോലിക്കാണ് മിസ്റ്റർ വലന്റീൻ ആ ചെറുപ്പക്കാരനെ ഏർപ്പെടുത്തിയത്. ഇല്ല, മിസ്റ്റർ വലന്റീൻ ഒരു പട്ടാളത്തെയും റിക്രൂട്ടു ചെയ്തില്ല, എല്ലാ കോണിൽ നിന്നും വാഗ്ദാനമുണ്ടായിട്ടും ഒരായുധം പോലും വാങ്ങിയതുമില്ല. പ്രത്യേകിച്ചൊരൊച്ചപ്പാടുമില്ലാതെ അയാൾ പെട്ടികളൊക്കെയൊരുക്കി; തന്നെ പരാജയപ്പെടുത്താൻ താൻ പുറപ്പെടുകയായി എന്ന് ശത്രുവിന് കമ്പിയടിച്ചിട്ട് അയാൾ ട്രെയിൻ കയറി. ചുരുക്കും ചില സ്നേഹിതന്മാർ മാത്രം അയാളെ യാത്രയാക്കാൻ വന്നു. അവരാണ് അയാളെ അവസാനമായി കാണുന്നത്; കാരണം, അതില്പിന്നെ കുറേക്കാലത്തേക്ക് മിസ്റ്റർ വലന്റീന്റെ വിശേഷങ്ങൾ ലോകത്തിനജ്ഞാതമായിരുന്നല്ലോ.
ഈ കഥ വിവരിക്കുന്ന നമുക്കു പക്ഷേ, നമ്മുടെ കഥാനായകന്റെ യാത്രയെക്കുറിച്ച് കൃത്യമായ പിടിപാടുണ്ട്. എന്നാലും യുദ്ധത്തെ സംബന്ധിച്ചിടത്തോളം അത്ര പ്രസക്തമല്ലാത്തതും നമ്മുടെ യോദ്ധാവിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിക്കാവുന്നതുമായ സംഭവങ്ങൾ വിസ്തരിച്ചു വർണ്ണിക്കാൻ നാം മിനക്കെടുന്നില്ല. മിസ്റ്റർ വലന്റീൻ ഒരു തിടുക്കവും കാണിചില്ല എന്നു മാത്രം രേഖപ്പെടുത്തട്ടെ; നിർബന്ധിതവിശ്രമം കൊണ്ട് ശത്രുവിനെ ക്ഷീണിപ്പിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. അക്കാര്യത്തിൽ അയാൾ പരിപൂർണ്ണവിജയം കാണുകയും ചെയ്തു; എന്തെന്നാൽ വിജനമായ ഒരു ദ്വീപിൽ ആഴ്ചകളോളം റോന്തു ചുറ്റിയും ശത്രുവിനായി വിഫലമായി കാത്തിരുന്നും പട്ടാളക്കാരുടെ വീര്യം ദിനം പ്രതി തകരുകയായിരുന്നു. ആദ്യമൊക്കെ കാവല്ക്കാർ, അന്ധമായ ആവേശം കൊണ്ടോ അതോ മടുപ്പു കൊണ്ടോ എന്നറിയില്ല, അപായസൂചന നല്കുന്ന വെടി മുഴക്കി ക്യാമ്പുകളാകെ ഉഷാറാക്കിയിരുന്നു. പോകെപ്പോകെ അതും ഇല്ലാതായി; പെഡ്രോസ വിട്ടുകൊടുത്ത പണക്കാരനും തന്റെ പ്രതീക്ഷകളാകെത്തെറ്റി എന്നു കണ്ട് വല്ലാത്ത മുഷിച്ചിലോടെ സ്ഥലം വിട്ടു.
കാര്യങ്ങൾ ഈ ഘട്ടത്തിലെത്തിയപ്പോഴാണ് യാഥാർത്ഥ്യം തങ്ങൾക്കു നിഷേധിച്ചത് സ്വപ്നങ്ങളിൽ കണ്ടെടുത്ത പട്ടാളക്കാർ പ്രഭാതഭേരി മുഴങ്ങുന്ന സമയത്തും ഉറക്കം തുടരുമ്പോൾ ഒരു കപ്പൽ ദ്വീപിനെ ലക്ഷ്യമാക്കി വരുന്നത്. മിന്നൽ വേഗത്തിൽ സൈന്യം നിലയുറപ്പിച്ചു; പക്ഷേ അവരെ നിരാശരാക്കിക്കൊണ്ട് ഒരു ചെറിയ വഞ്ചി വെള്ളത്തിലിറക്കുന്നതും അത് വേഗത്തിൽ കരയിലേക്കു വരുന്നതുമാണ് അവർ പിന്നെ കണ്ടത്. മണലിൽ ഉരഞ്ഞു നിന്നതും ഒരാളെ കരയിൽ ഇറക്കിയിട്ട് അത് തിരിച്ചു യാത്രയായി; കാഴ്ചയിൽ നിന്നു മറയുവോളം കപ്പലിനെ നോക്കി കൈ വീശിയിട്ട് അയാൾ കടല്ക്കരയിൽ നിന്നുള്ള കയറ്റം കയറാൻ തുടങ്ങി. നവാഗതൻ ഇരുവശവും കാവല്ക്കാരാൽ അനുഗതനായി ജനറൽ ഓഫീസർ കമാൻഡിങ്ങിന്റെ മുന്നിൽ ഹാജരാക്കപ്പെട്ടു. തുടർന്നു നടന്ന സംഭാഷണം പൂർണ്ണരൂപത്തിൽ പകർത്താനും മാത്രം അത്ര നിർണ്ണായകമാണെന്നു നാം കരുതുന്നു.
“നിങ്ങൾ ആരാണ്?” ജനറൽ ചോദിച്ചു. “നിങ്ങൾ ഇവിടെ വരാൻ കാരണം?”
ആ ചോദ്യത്തിനു ലക്ഷ്യമായ മനുഷ്യൻ ഒന്നു മന്ദഹസിച്ചു.
“നിങ്ങളെ ഇവിടെയെത്തിച്ച അതേ കാരണം തന്നെ; നിങ്ങൾക്കു മുന്നിൽ നില്ക്കുന്നത് ഫിഡലിസ് വലന്റീൻ ആണെന്നറിയുമ്പോൾ നിങ്ങൾക്കതു ബോദ്ധ്യമാവും.”
മിസ്റ്റർ വലന്റീന്റെ ഈ ചുരുക്കം വാക്കുകൾ കേട്ടപ്പോൾ ജനറലിനുണ്ടായ ആഘാതം ഒരശനിപാതം കൊണ്ടും സാദ്ധ്യമാകുന്നതല്ല. ചാടിയെഴുന്നേറ്റിട്ട് അയാൾ തന്റെ പ്രതിയോഗിയെ തുറിച്ചുനോക്കി.
“മത്സരിക്കാൻ നില്ക്കാതെ കീഴടങ്ങാനാണോ നിങ്ങൾ വന്നത്?”
“തെറ്റി,” മറ്റേയാൾ പറഞ്ഞു, “യുദ്ധം ചെയ്യാനാണ് ഞാൻ വന്നിരിക്കുന്നത്.”
ജനറൽ നിസ്സഹായനായി തന്റെ ഓഫീസർമാരെ നോക്കി.
“നിങ്ങളുടെ പട്ടാളക്കാർ എവിടെയാണെന്നൊന്നു ചോദിച്ചോട്ടെ?“
”എന്റെ കൂടെ ഒരു പട്ടാളക്കാരനുമില്ല,“ മിസ്റ്റർ വലന്റീൻ ഉന്മേഷത്തോടെ പ്രതിവചിച്ചുകൊണ്ട് ഒരു സിഗററ്റിനു തീ കൊളുത്തി; മൂന്നു കൊള്ളി ഉരയ്ക്കേണ്ടി വന്നു എന്നതിനാൽ അതത്ര എളുപ്പവുമായിരുന്നില്ല. സ്വന്തം ചിന്തകളിൽ മുഴുകിപ്പോയതിനാൽ ജനറൽ ആ പ്രകോപനം അത്രയ്ക്കങ്ങു ശ്രദ്ധിച്ചുമില്ല. മനക്കലക്കത്തോടെ മുറിക്കുള്ളിൽ കുറേ നേരം ചാലിട്ടിട്ട് ഒടുവിൽ അയാൾ ആഗതന്റെ നേരേ മുന്നിൽ ചെന്നുനിന്നു.
”നിങ്ങളെ തടവുകാരനാക്കാൻ എനിക്കൊരു പ്രയാസവുമില്ല.“
”അതിലെനിക്കു സംശയവുമില്ല. അതുകൊണ്ട് നിങ്ങളുടെ ഖ്യാതി കൂടുമോയെന്നൊരു സംശയം എനിക്കുണ്ടെന്നു മാത്രം.“
”അതു തന്നെയാണിവിടത്തെ വിഷയം!“ ആഞ്ഞു ചവിട്ടിക്കൊണ്ട് ജനറൽ ഗർജ്ജിച്ചു.
”നിങ്ങളെന്നെ വല്ലാത്ത വെട്ടിലാക്കി. ഒരൊറ്റ സിവിലിയനെ കീഴടക്കാൻ ഒരു പട്ടാളത്തിന്റെ ആവശ്യമില്ല.“
”വളരെ ശരി,“ മിസ്റ്റർ വലന്റീൻ പറഞ്ഞു. ”തിരിച്ചു പറഞ്ഞാൽ, ഒരു സൈന്യത്തെ ഉച്ചാടനം ചെയ്യാനുള്ള സ്ഥിതിയിലല്ല, ഒറ്റയ്ക്കൊരാളും. കുറഞ്ഞത്, അയാൾക്കതു പിടിപ്പതു പണിയെങ്കിലുമാണ്.“
ജനറൽ തിരിച്ചൊന്നും പറഞ്ഞില്ല. അയാൾ ദീർഘവും കഠിനവുമായ ആലോചനയിലായിരുന്നു; അതുകൊണ്ടു ഫലമുണ്ടായെന്ന് വൈകാതെ തെളിയുകയും ചെയ്തു. അയാളുടെ നെറ്റിയിലെ ചുളിവുകൾ സാവധാനം നിവരുകയും അയാളുടെ മുഖം ഒരു പുഞ്ചിരി കൊണ്ടു വിടരുകയും ചെയ്തു.
”ഞാനൊരു പരിഹാരം കണ്ടു, മിസ്റ്റർ വലന്റീൻ. പക്ഷേ അതിനു മുമ്പ് അവസാനമായി ഞാനൊന്നു ചോദിക്കട്ടെ, ആ ദുഷ്‌പ്രചാരണം പിൻവലിക്കാൻ ഇപ്പോഴെങ്കിലും നിങ്ങൾക്കു തോന്നുന്നുണ്ടോ?“
”ഈ ജന്മം അതുണ്ടാവില്ല. ആട്ടെ, എന്തു പരിഹാരമാണ് താങ്കൾ കണ്ടത്?“
”ഇതാണ്: ഞാൻ എന്റെ സൈന്യത്തിന്റെ പാതി നിങ്ങൾക്കു തരുന്നു; നമുക്കപ്പോൾ മാന്യമായൊരു രീതിയിൽ യുദ്ധം ചെയ്യാമല്ലോ. നിങ്ങളുടെ ഒരു വാക്കു മതി, പട്ടാളക്കാരെ നിങ്ങൾക്കു കൊണ്ടുപോകാം.“
”എന്നാൽ അങ്ങനെ ചെയ്താട്ടെ. ഞാൻ നില്ക്കുന്നത് ദാ, അവിടെയാണ്.“
എന്നു പറഞ്ഞുകൊണ്ട് മിസ്റ്റർ വലന്റീൻ കുന്നുകൾക്കിടയിൽ പോയി മറഞ്ഞു. അയാളുടെ വക പട്ടാളക്കാരും പിന്നാലെ വച്ചടിച്ചു; ആലസ്യത്തിന്റെ കാലം കഴിഞ്ഞതിന്റെ ഉത്സാഹത്തിലായിരുന്നു അവർ. മിസ്റ്റർ വലന്റീൻ ഓഫീസർമാരെ അടുത്തു വിളിച്ചിട്ട് എല്ലാവർക്കും ഒരു റാങ്ക് സ്ഥാനക്കയറ്റം നല്കി. അവരെ അങ്ങനെ വശത്താക്കിയിട്ട് അയാൾ തന്റെ പ്ളാൻ അവതരിപ്പിച്ചു; എല്ലാവരും അതു കൈയടിച്ചു സ്വീകരിക്കുകയും ചെയ്തു.
*
കുറച്ചു പട്ടാളക്കാർ മുന്നിലേക്കു ചെന്നു നിരന്നു നിന്നിട്ട് നേരിട്ടാക്രമിക്കുന്ന പ്രതീതി വരുത്തി വെടിവയ്പ്പു തുടങ്ങി. ശത്രുസൈന്യം പ്രതീക്ഷിച്ച പോലെ മിസ്റ്റർ വലന്റീന്റെ സൈന്യത്തെ വശത്തു കൂടി ആക്രമിക്കുക എന്ന പ്ളാനിൽ കയറിപ്പിടിച്ചു. പക്ഷേ അവർ തള്ളിക്കയറി വന്നപ്പോൾ മുന്നിൽ ആരുമുണ്ടായില്ല; അവർ ഒരു കൊല്ലിക്കുള്ളിൽ പെട്ടുപോവുകയും ചെയ്തു. മുകളിൽ നിന്ന് ഒരായിരം തോക്കിൻ കുഴലുകൾ അവരെ ഉന്നം വച്ചു.
“കീഴടങ്ങുക!” മിസ്റ്റർ വലന്റീൻ മുകളിൽ നിന്നു വിളിച്ചു പറഞ്ഞു. “ഇല്ലെങ്കിൽ ഞാൻ വെടി വയ്ക്കാൻ ഉത്തരവിടും!”
“ഒരിക്കലുമില്ല!” ജനറൽ പറഞ്ഞു. “തന്റെ വൃത്തികെട്ട പണി തന്നെ നടക്കട്ടെ!”
മിസ്റ്റർ വലന്റീൻ തല കുലുക്കി. അല്പനേരം എന്തോ ആലോചിച്ചിട്ട് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ താഴേക്കിറങ്ങി ജനറലിന്റെ മുന്നിൽ ചെന്നു നിന്നു.
“നിങ്ങൾക്കോർമ്മയുണ്ടോ, ജനറൽ,” അയാൾ കരുതലോടെ ചോദിച്ചു, “ഈ യുദ്ധത്തിനു കാരണമായതെന്താണെന്ന്?”
“തീർച്ചയായും. തീപ്പെട്ടിക്കൊള്ളികൾ.”
“പ്രസ്തുതവിഷയത്തിൽ താങ്കളുടെ നിലപാടെന്താണ്?”
“മിസ്റ്റർ വലന്റീൻ, ഞാൻ എന്റെ രാജ്യത്തിന്റെ സന്തതിയാണ്.”
“നന്നായിപ്പറഞ്ഞു. എങ്കിൽ ഞാനൊരു നിർദ്ദേശം വയ്ക്കാം. പ്രശ്നത്തിന്റെ കാരണത്തിൽ നിന്നു തന്നെ നാമതിനു പരിഹാരവും കാണുക. എന്റ കൈയിൽ ഇതാ, ഒരു സാൻ ട്രജാനോ തീപ്പെട്ടിയുണ്ട്. താങ്കൾ കൊള്ളികൾ ഒന്നൊന്നായി ഉരയ്ക്കുക. രണ്ടുരച്ചാൽ ഒന്നു കത്തുന്നുവെങ്കിൽ എന്നെ തടവിലാക്കിക്കോളൂ. മറിച്ച് മൂന്നുരച്ചിട്ടേ ഒന്നു കത്തുന്നുള്ളുവെങ്കിൽ താങ്കൾ എന്റെ തടവുകാരനാവണം. എന്താ, താങ്കൾക്കിതു സമ്മതമാണോ?”
“”അല്ല,“ ജനറൽ പറഞ്ഞു, ”എന്നാലും ഔദാര്യത്തിന്റെ പേരിൽ ഞാൻ വഴങ്ങുന്നു.“
അങ്ങനെ കളി തുടങ്ങി; അതവസാനിച്ചത് മിസ്റ്റർ വലന്റീനനുകൂലമായിട്ടുമായിരുന്നു. ജനറൽ ഒരക്ഷരം മിണ്ടാതെ വാൾ ബല്റ്റിൽ നിന്നഴിച്ച് വിജയിക്കു നീട്ടി; അയാൾ പക്ഷേ, അതു തിരിച്ചുനല്കുകയാണുണ്ടായത്. സാഹോദര്യം നിറഞ്ഞ ഒരാലിംഗനം ശത്രുതയ്ക്കന്ത്യം കുറിച്ചു; കൈ കോർത്തു പിടിച്ചുകൊണ്ട് ഇരു കമാണ്ടർമാരും കടല്ക്കരയിലേക്കു നടന്നു.
*
എന്തായിരുന്നു, വായനക്കാരൻ ചോദിച്ചേക്കാം, ഈ നടന്നതിനോടൊക്കെ കപ്പല്പടയുടെ പ്രതികരണം എന്തായിരുന്നു? അവർ ഇടപെട്ടില്ലേ? അവർ മിസ്റ്റർ വലന്റീന്റെ വിജയം തട്ടിപ്പറിച്ചില്ലേ? ഇല്ല, അങ്ങനെയൊന്നും സംഭവിച്ചില്ല. ദ്വീപുജീവിതം മടുത്ത് പരിചിതതീരങ്ങളിലേക്കു മടങ്ങാൻ കൊതി പൂണ്ടിരുന്ന നാവികപ്പടയ്ക്ക് ഒരപരിചിതനു മുന്നിൽ കീഴടങ്ങാൻ സന്തോഷമേയുണ്ടായുള്ളു. അയാൾ കപ്പലിലേക്കു കയറുമ്പോൾ ആചാരവെടികൾ മുഴങ്ങി. അയാൾ ഉത്തരവിട്ടതും, നങ്കൂരങ്ങൾ ഞരങ്ങിക്കൊണ്ടുയരുകയും കപ്പല്പട നാട്ടിലേക്കു പ്രയാണമാരംഭിക്കുകയുമായി.
കപ്പലുകൾ കടലു താണ്ടും മുമ്പേ അത്ഭുതകരമായ ഈ സംഭവങ്ങളുടെ വാർത്തകൾ സാൻ ട്രജാനോയിൽ എത്തിക്കഴിഞ്ഞിരുന്നു, വിപൽസൂചകമായ ഒരു വിഷണ്ണതയിൽ ഭരണകൂടത്തെ വീഴ്ത്തിക്കഴിഞ്ഞിരുന്നു. യുദ്ധം നീണ്ടുനീണ്ടു പോയപ്പോൾ ന്യായമായ കാരണത്തിനാണോ അതെന്ന സംശയം രാജ്യം സ്വയം ചോദിക്കാൻ തുടങ്ങിയിരുന്നു. തെരുവുകളിൽ ആളുകൾ കൂടിനിന്ന് തീപ്പെട്ടിയുരച്ചു നോക്കുന്ന കാഴ്ച ദിവസം ചെല്ലുന്തോറും വ്യാപകമാവുകയായിരുന്നു; മിസ്റ്റർ വലന്റീൻ അപകീർത്തിക്കാരനല്ലെന്ന് അവർ സ്വന്തം കണ്ണു കൊണ്ടു കാണുകയായിരുന്നു. ഭരണകൂടത്തിനെതിരെയുള്ള പരാതികൾക്കു തീവ്രത കൂടിത്തുടങ്ങി; മോശമായ തീപ്പെട്ടികളുടെ കാര്യത്തിൽ മാത്രമല്ല, കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്മാരുടെയും അഴിമതിക്കാരായ ഭരണക്കാരുടെയും പേരിലും ആളുകൾ ഇപ്പോൾ കുറ്റപ്പെടുത്താൻ തുടങ്ങി എന്നതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്.
അങ്ങനെ ഒരു ദിവസം മിസ്റ്റർ വലന്റീന്റെ കപ്പൽവ്യൂഹം തുറമുഖത്തെത്തിയപ്പോൾ പീരങ്കികളൊന്നിൽ നിന്ന് ഒരേയൊരു വെടിയുണ്ടയേ വേണ്ടി വന്നുള്ളു, പ്രസിഡന്റിനെ തട്ടിമറിച്ചിടാൻ. മിസ്റ്റർ വലന്റീൻ തന്നെ വേണം ഇനി രാഷ്ട്രത്തിന്റെ ഭാഗധേയം ഏറ്റെടുക്കാനെന്നത് സംഭവങ്ങളുടെ സ്വാഭാവികപരിണാമമായിരുന്നു, പൊതുഹിതവുമായിരുന്നു. എട്ടു കൊല്ലം, തന്റെ മരണം വരെ, അതീവജാഗ്രതയോടെ അയാൾ രാജ്യം ഭരിച്ചു; തീപ്പെട്ടികൾ, അവ കൊണ്ടെന്താണോ ഉദ്ദേശിക്കുന്നത് അതായിരിക്കണമെന്ന കാര്യത്തിലും അയാൾ ശ്രദ്ധ വച്ചിരുന്നു എന്നു പറയേണ്ടല്ലോ. ആ കൊച്ചുതീപ്പെട്ടികളെ വലെന്റീനോ എന്നാണവർ വിളിച്ചത്; കൊളുത്താനെളുപ്പവും ഉപയോഗിക്കുന്നവരെ നിരാശപ്പെടുത്താത്തവയുമായിരുന്നു അവ. ഇപ്പോഴും അവയ്ക്ക് ആ പേരു തന്നെയാണുള്ളത്; സാൻ ട്രജാനോയിൽ പോകുന്ന ആർക്കും അവയെക്കുറിച്ച് നല്ലതേ പറയാനുണ്ടാവൂ.
കുർട്ട് കുസെൻബെർഗ് (1904-1983) - സ്വീഡനിൽ ജനിച്ച ജർമ്മൻ കഥാകാരനും കലാനിരൂപകനും. സർറിയലിസ്റ്റുകളോടും പിക്കാസോയോടും പ്രതിപത്തി. ദൈനന്ദിനജീവിതത്തിന്റെ പരിമിതികളോടുള്ള അദ്ദേഹത്തിന്റെ കലാപം അതിശയോക്തിയുടെ ലോകത്തേക്കുള്ള പലായനമായിട്ടാണ് കലാരൂപം കൈക്കൊള്ളുന്നത്..
(Illustration by Pierre Le Tan for Encounter magazine)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ