2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

ആന്റൺ ചെക്കോഫ് - ഒരു സർക്കാരുദ്യോഗസ്ഥന്റെ മരണം

tumblr_ntpieszzKv1ubixyno1_400


സുന്ദരമായ ഒരു സായാഹ്നത്തിൽ അത്ര തന്നെ സുന്ദരനായ ഇവാൻ ദിമിത്രിവിച്ച് ചെർവിയാക്കോഫ് എന്ന താഴേക്കിടയിലുള്ള ഒരു സർക്കാരുദ്യോഗസ്ഥൻ തിയേറ്ററിലെ രണ്ടാം നിരയിലിരുന്ന് തന്റെ ഓപ്പെറാ ഗ്ളാസ്സിലൂടെ “കോൺവിയേയിലെ വേഷങ്ങൾ” കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അവിടെ അങ്ങനെ ഇരുന്നു നോക്കുമ്പോൾ അയാൾക്കു തോന്നിയിരുന്നു, സന്തോഷത്തിന്റെ ഏഴാം സ്വർഗ്ഗത്തിലാണു താനെന്ന്. പക്ഷേ പെട്ടെന്ന്...കഥകളിൽ പലപ്പോഴും നാം ഈ ‘പക്ഷേ പെട്ടെന്നി’നെ കണ്ടുമുട്ടാറുണ്ട്; അതിൽ എഴുത്തുകാരെ കുറ്റം പറയാനുമില്ല: അത്രയേറെ അവിചാരിതങ്ങൾ നിറഞ്ഞതാണല്ലോ ജീവിതം! പക്ഷേ പെട്ടെന്ന് അയാളുടെ മുഖം ചുളുങ്ങിക്കൂടി, അയാളുടെ കണ്ണുകൾ പിന്നിലേക്കു മറിഞ്ഞു, ഒരു നിമിഷത്തേക്ക് അയാളുടെ ശ്വാസം നിലച്ചു...അയാൾ ഓപ്പെറാ ഗ്ളാസ്സ് കണ്ണിൽ നിന്നൂരി, എന്നിട്ട് മുന്നിലേക്കു കുനിഞ്ഞു...ആഹ്ച്ചീ! മനസ്സിലായല്ലോ, അയാൾ ഒന്നു തുമ്മി. തുമ്മുന്നതിൽ നിന്ന് ആരും ആരെയും എവിടെയും വിലക്കിയിട്ടൊന്നുമില്ല. കൃഷിക്കാർ തുമ്മാറുണ്ട്, പോലീസ് ആഫീസർമാർ തുമ്മാറുണ്ട്, എന്തിന്‌, കൌൺസിലർമാർ പോലും ചില നേരം തുമ്മിപ്പോവാറുണ്ട്. ചെർവിയാക്കോഫിന്‌ ഒരാശയക്കുഴപ്പവും തോന്നിയില്ല. അയാൾ തൂവാല എടുത്തു മുഖം തുടച്ചിട്ട് മര്യാദയുള്ള ആരും ചെയ്യുന്ന പോലെ, തന്റെ തുമ്മൽ കൊണ്ട് ആർക്കും ശല്യമൊന്നും ഉണ്ടായിട്ടില്ലല്ലോ എന്നറിയാൻ ചുറ്റുമൊന്നു കണ്ണോടിച്ചു. പക്ഷേ അപ്പോഴാണ്‌ വല്ലാത്തൊരു ആശയക്കുഴപ്പം അയാളെ വന്നു ബാധിച്ചത്. ഒന്നാമത്തെ നിരയിൽ തന്റെ നേരേ മുന്നിലിരുന്ന പ്രായം ചെന്ന ഒരു മാന്യൻ കൈയുറ കൊണ്ട് തന്റെ കഷണ്ടിത്തലയും കഴുത്തും തുടയ്ക്കുന്നത് അയാൾ ശ്രദ്ധിച്ചു; അദ്ദേഹം തന്നെത്താൻ എന്തോ പിറുപിറുക്കുന്നുമുണ്ട്. ആ മാന്യദേഹം ഹൈവേ വകുപ്പിലെ ജനറൽ ബ്രിസിയാലോഫ് ആണെന്ന് ചെർവിയാക്കോഫ് തിരിച്ചറിഞ്ഞു. “ഞാൻ അദ്ദേഹത്തിനു മേലാണു തുമ്മിയത്!” അയാൾ തന്നോടു തന്നെയായി പിറുപിറുത്തു. “അദ്ദേഹം എന്റെ ബോസ്സല്ല; എന്നാലും ചെയ്തതു ശരിയായില്ല. ഞാൻ ചെന്നു മാപ്പു പറയണം.”

ചെർവിയാക്കോഫ് ഒന്നു ചുമച്ചു കണ്ഠശുദ്ധി വരുത്തിയിട്ട് മുന്നോട്ടാഞ്ഞിരുന്ന് ജനറലിന്റെ ചെവിയിലായി പതുക്കെ പറഞ്ഞു: “ക്ഷമിക്കണം സാർ, ഞാൻ തുമ്മിയത് അങ്ങയുടെ തലയിലേക്കായിപ്പോയി. അതു ഞാൻ അറിയാതെ...”

“സാരമില്ല, സാരമില്ല.”

“ദൈവത്തെയോർത്ത് അങ്ങു ക്ഷമിക്കണം. ഞാൻ വേണമെന്നു വച്ചു ചെയ്തതല്ല...”

“ദയവു ചെയ്ത് ഒന്നിരിക്കാമോ! ആ പറയുന്നതെന്താണെന്ന് ഞാൻ ഒന്നു കേൾക്കട്ടെ!”

ചെർവിയാക്കോഫ് ആളാകെ കുഴങ്ങിപ്പോയി. ഒരു പച്ചച്ചിരിയും ചിരിച്ചുകൊണ്ട് അയാൾ പിന്നെയും സ്റ്റേജിലേക്കു നോക്കി ഇരുന്നു. പക്ഷേ അവിടെ കാണുന്നതിൽ നിന്ന് മുമ്പത്തെപ്പോലെ ഒരു സന്തോഷം അയാൾക്കു കിട്ടിയില്ല. ഉത്ക്കണ്ഠ അയാളിൽ പിടി മുറുക്കാൻ തുടങ്ങിയിരുന്നു. ഇടവേള സമയത്ത് അയാൾ ബ്രിസിയാലോഫിനടുത്തു ചെന്ന് പരുങ്ങി നിന്നുകൊണ്ട് ഇങ്ങനെ മന്ത്രിച്ചു:

“ഞാൻ അങ്ങയുടെ മേലൊന്നു തുമ്മിപ്പോയി സാർ. അങ്ങതു ക്ഷമിക്കണം. ഞാൻ...ഞാനതു വേണമെന്നു വച്ചു...“

”ഹൊ, തനിക്കിതു മതിയാക്കിക്കൂടേ! ഞാൻ അതൊക്കെ അപ്പോഴേ മറന്നു കഴിഞ്ഞു; എന്നിട്ടു താൻ അതു വീണ്ടും പൊക്കിപ്പിടിച്ചു കൊണ്ടു വരികയാ?“ ക്ഷമ നശിച്ച ജനറൽ കനപ്പിച്ചു പറഞ്ഞു.

താനതു മറന്നുകളഞ്ഞുവെന്നാണ്‌ അദ്ദേഹം പറയുന്നതെങ്കിലും ആ കണ്ണുകളിൽ ദേഷ്യം കാണാനുണ്ട്, സംശയദൃഷ്ടിയോടെ ജനറലിനെ നോക്കിക്കൊണ്ട് ചെർവിയാക്കോഫ് മനസ്സിലോർത്തു. അദ്ദേഹം സംസാരിക്കാൻ തന്നെ തയാറാവുന്നില്ല. അദ്ദേഹത്തെ മനസ്സിലാക്കിക്കൊടുക്കുക തന്നെ വേണം, താനതു വേണമെന്നു വച്ചു ചെയ്തതല്ല എന്ന്, തുമ്മുക എന്നത് ഒരു പ്രകൃതിനിയമമാണെന്ന്. ഞാൻ മനഃപൂർവ്വം അദ്ദേഹത്തിന്റെ മേൽ തുമ്മുകയായിരുന്നുവെന്ന് അല്ലെങ്കിൽ അദ്ദേഹം കരുതും. ഇപ്പോഴില്ലെങ്കിലും പിന്നീടദ്ദേഹം അങ്ങനെ തന്നെ ചിന്തിക്കും.

ചെർവിയാക്കോഫ് വീട്ടിലെത്തിയിട്ട് താൻ കാണിച്ച മര്യാദകേടിനെക്കുറിച്ചു ഭാര്യയോടു പറഞ്ഞു. അവർ തീരെ നിസ്സാരമായിട്ടാണ്‌ ആ സംഭവത്തെ കണ്ടതെന്ന് അയാൾക്കു തോന്നി. ആദ്യം അവർക്ക് ഒരു പേടി തോന്നിയിരുന്നു; പക്ഷേ ബ്രിസിയാലോഫ് തങ്ങളുടെ ബോസ്സ് അല്ലെന്നറിഞ്ഞപ്പോൾ അവരുടെ അങ്കലാപ്പും ശമിച്ചു.

”എന്നാലും അദ്ദേഹത്തെ ചെന്നുകണ്ട് മാപ്പു പറയുന്നതാണു ബുദ്ധി,“ അവർ അയാളെ ഉപദേശിച്ചു, ”അല്ലെങ്കിൽ മനുഷ്യരോടു പെരുമാറാൻ നിങ്ങൾക്കറിയില്ലെന്ന് അദ്ദേഹം കരുതിയേക്കും.“

”അതു തന്നെ! ഞാൻ അപ്പോൾത്തന്നെ മാപ്പു പറഞ്ഞിരുന്നു. പക്ഷേ ഒരു പ്രത്യേക മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം...അദ്ദേഹം പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല. അല്ല, സംസാരിക്കാനുള്ള സമയവും ഉണ്ടായിരുന്നില്ല.“

അടുത്ത ദിവസം ചെർവിയാക്കോഫ് ഷേവു ചെയ്ത്, അലക്കിയ യൂണിഫോമുമിട്ട് ബ്രിസിയാലോഫിനെ കാണാൻ പോയി, എല്ലാം വിശദീകരിച്ചു കൊടുക്കാൻ. അവിടെ ചെല്ലുമ്പോൾ സ്വീകരണമുറിയിൽ നിവേദനങ്ങളുമായി എത്തിയ ഒരു കൂട്ടം ആളുകള്‍ക്കിടയിൽ ഇരിക്കുകയാണ്‌ ജനറൽ. കുറേപ്പേരുടെ ആവാലാതികൾ കേട്ടതിനു ശേഷം അദ്ദേഹം മുഖമുയർത്തി ചെർവിയാക്കോഫിനെ നോക്കി.

“അങ്ങോർക്കുന്നുണ്ടാവുമോ, ഇന്നലെ അർക്കേഡിയായിൽ വച്ച്...” അയാൾ തുടങ്ങി, “ഞാൻ ഒന്നു തുമ്മിയത് അങ്ങയുടെ മേൽ തെറിച്ചുവീണു; ഞാനതു വേണമെന്നു വച്ചു ചെയ്തതല്ല, അങ്ങു ക്ഷമി...”

”എന്തസംബന്ധമാണിത്! താനെന്താണിപ്പറയുന്നത്? തനിക്കെന്താ വേണ്ടത്?“

അദ്ദേഹത്തിന്‌ എന്നോടു സംസാരിക്കണമെന്നില്ല, വിളറിവെളുത്തു കൊണ്ട് ചെർവിയാക്കോഫ് ഓർത്തു. അദ്ദേഹം ആകെ ദേഷ്യത്തിലാണ്‌; ഞാൻ കാര്യം പറഞ്ഞു മനസ്സിലാക്കണം

ജനറൽ അവസാനത്തെ പരാതിക്കാരനെയും പിരിച്ചയച്ചിട്ട് ഉള്ളിലേക്കു പോകാൻ തിരിയുമ്പോൾ ചെർവിയാക്കോഫ് പിന്നാലെ ചെന്ന് ഇങ്ങനെ മുറുമുറുത്തു: “സാർ, ഞാൻ അങ്ങയെ ശല്യപ്പെടുത്താൻ ധൈര്യപ്പെടുന്നത് അങ്ങേയറ്റത്തെ കുറ്റബോധം കൊണ്ടു മാത്രമാണ്‌; അന്നു ഞാനത് വേണമെന്നു വച്ചു ചെയ്തതല്ല. സാർ അതു മനസ്സിലാക്കണം.”

കരയാൻ പോകുന്നൊരു മുഖഭാവത്തോടെ ജനറൽ കൈ എടുത്തു വീശി.

“താനെന്നെ കളിയാക്കുകയാണല്ലോ,” പിന്നിൽ വാതിൽ വലിച്ചടയ്ക്കുമ്പോൾ അദ്ദേഹം പറഞ്ഞു.

ഇതിലെന്തു കളിയാക്കലാണ്‌? ചെർവിയാക്കോഫ് തന്നെത്താൻ ചോദിച്ചു. അങ്ങനെയൊരു കാര്യമേയില്ല. ജനറൽ ആയിട്ടും അദ്ദേഹത്തിനു കാര്യം മനസ്സിലാവുന്നില്ലല്ലോ! ഇനി ഞാൻ ആ പൊങ്ങച്ചക്കാരന്റെയടുത്ത് മാപ്പു പറയാനൊന്നും പോകുന്നില്ല. അയാളു പോയി തുലയട്ടെ! ഒരു കത്തെഴുതിയേക്കാം; പക്ഷേ ഞാനിനി അയാളെ കാണാൻ പോകില്ല. ദൈവത്തിനാണെ, ഞാൻ പോകില്ല

വീട്ടിലേക്കു നടക്കുമ്പോൾ ചെർവിയാക്കോഫിന്റെ മനസ്സിൽ ഇതൊക്കെയായിരുന്നു.പക്ഷേ അയാൾ കത്തെഴുതുക ഉണ്ടായില്ല. എത്രയൊക്കെ ചിന്തിച്ചിട്ടും എന്താണെഴുതേണ്ടതെന്ന് അയാൾക്കൊരു രൂപവും കിട്ടിയില്ല. അതിനാൽ എല്ലാം നേരിട്ടു വിശദീകരിക്കാൻ അയാൾക്കു പിറ്റേന്നു വീണ്ടും പോകേണ്ടിവന്നു.

“ഞാൻ ഇന്നലെ അങ്ങയെ വന്നു ശല്യപ്പെടുത്തിയിരുന്നു, സാർ,” ജനറൽ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ചെർവിയാക്കോഫ് വിക്കിവിക്കി പറഞ്ഞു, “അതു പക്ഷേ, അങ്ങു പറഞ്ഞപോലെ കളിയാക്കാൻ ആയിരുന്നില്ല, സാർ. അങ്ങയുടെ ദേഹത്തു തുമ്മിയതിനു മാപ്പു പറയാൻ വന്നതായിരുന്നു ഞാൻ...കളിയാക്കുന്നതിനെക്കുറിച്ചു ഞാൻ ചിന്തിച്ചു പോലുമില്ല. ഞാനതിനു ധൈര്യപ്പെടുമോ? കളിയാക്കുക എന്നാൽ മനുഷ്യരെ ബഹുമാനമില്ലാതാവുക എന്നല്ലേ അർത്ഥം? അതു ഞാൻ...”

”കടന്നുപോ!“ മുഖമാകെച്ചുവന്ന്, അടിമുടി വിറച്ചുകൊണ്ട് ജനറൽ അലറി.

“എന്താ, സാർ?” ഭീതി കൊണ്ടു മോഹാലസ്യപ്പെട്ടപോലെ ആയിക്കൊണ്ട് ചെർവിയാക്കോഫ് ചോദിച്ചു.

“കടന്നുപോകാൻ!” തറയിൽ ആഞ്ഞുചവിട്ടിക്കൊണ്ട് ജനറൽ ആക്രോശിച്ചു.

ചെർവിയാക്കോഫിന്‌ നെഞ്ചിലെന്തോ തകർന്നുടയുന്നപോലെ തോന്നി. ഒന്നും കാണാതെയും ഒന്നും കേൾക്കാതെയും അയാൾ പുറത്തേക്കിറങ്ങി വേച്ചുവേച്ച് വീട്ടിലേക്കു നടന്നു... ഒരു യന്ത്രപ്പാവയെപ്പോലെ വീട്ടിൽ വന്നുകയറിയ അയാൾ യൂണിഫോം ഊരാതെ സോഫയിൽ ചെന്നുകിടന്നു...മരിച്ചു.


checkov

(1883)

കഥയുടെ ഇംഗ്ലീഷ് വിവര്‍ത്തനം

അഭിപ്രായങ്ങളൊന്നുമില്ല: