ഒരിക്കൽ ബ്രാവുർ ഗാസ്സെയിൽ സീഗ്ലർ എന്നു പേരുള്ള ഒരു ചെറുപ്പക്കാരൻ ജീവിച്ചിരുന്നു. നാം നിത്യേന തെരുവിൽ കണ്ടുമുട്ടുന്ന തരക്കാരനായിരുന്നു ഈ സീഗ്ലറും. നമുക്കൊരിക്കലും അവരുടെ മുഖങ്ങൾ ശരിക്കോർമ്മനിൽക്കാറില്ല; കാരണം അവർക്കെല്ലാം ഒരേ മുഖം തന്നെയാണുള്ളത്: ഒരു പൊതുവായ മുഖം.
അത്തരം ആൾക്കാർ എന്തൊക്കെയാണോ അതൊക്കെത്തന്നെയായിരുന്നു സീഗ്ലറും; അവർ എന്തൊക്കെച്ചെയ്യുമോ അതൊക്കെയായിരുന്നു സീഗ്ലറുടെ ചെയ്തികളും. അയാൾക്കു ബുദ്ധിക്കു കുറവൊന്നുമുണ്ടായിരുന്നില്ല; എന്നുവച്ച് പ്രത്യേകിച്ചെന്തെങ്കിലും കഴിവുകളുണ്ടായിരുന്നുവെന്നു പറയാനുമില്ല. അയാൾ സുഖിമാനും പണത്തെ സ്നേഹിക്കുന്നയാളുമായിരുന്നു; നന്നായി വസ്ത്രധാരണം ചെയ്യാൻ അയാൾക്കിഷ്ടമായിരുന്നു; പിന്നെ, മിക്ക മനുഷ്യരെയും പോലെ ഭീരുത്വവും കണക്കിനുണ്ടായിരുന്നു. അയാളുടെ ജീവിതത്തെയും പ്രവൃത്തികളെയും ഭരിച്ചിരുന്നത് ആഗ്രഹങ്ങളും അവ നേടിയെടുക്കാനുള്ള ശ്രമങ്ങളുമായിരുന്നില്ല, മറിച്ച് വിലക്കുകളായിരുന്നു, ശിക്ഷയെക്കുറിച്ചുള്ള ഭീതിയായിരുന്നു. എന്നിരിക്കിലും ഒരുകൂട്ടം നന്മകളും അയാളിലുണ്ടായിരുന്നു. മൊത്തത്തിൽ നോക്കിയാൽ ചാരിതാർത്ഥ്യം തോന്നുന്ന രീതിയിൽ നോർമ്മലായ ഒരു ചെറുപ്പക്കാരൻ. അയാളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനവും താൽപര്യജനകവുമായ സംഗതി സ്വന്തം ശരീരമായിരുന്നു.മറ്റെല്ലവരേയും പോലെ അയാളും സ്വയം കണക്കാക്കിപ്പോന്നത് താൻ ഒരു വ്യക്തിയാണെന്നായിരുന്നു; യഥാർത്ഥത്തിൽ അയാൾ ഒരു വർഗ്ഗത്തിന്റെ മാതൃക മാത്രമായിരുന്നു. മറ്റുള്ളവരെപ്പോലെ അയാൾക്കും ലോകത്തിന്റെ കേന്ദ്രബിന്ദു താനും തന്റെ ജീവിതവുമായിരുന്നു. അയാൾക്കു സംശയങ്ങളേയില്ലായിരുന്നു; വസ്തുതകൾ സ്വന്തം ധാരണകൾക്കു വിപരീതമായി വരുന്ന സന്ദർഭങ്ങളിൽ അയാൾ വിപ്രതിപത്തിയോടെ കണ്ണുപൂട്ടിക്കളയും.
ആധുനികമനുഷ്യനായ സ്ഥിതിക്ക് പണത്തിന്റെ മാത്രമല്ല, മറ്റൊരു ശക്തിയുടെ,ശാസ്ത്രത്തിന്റെ, കൂടി ആരാധകനായിരുന്നു അയാൾ. ശാസ്ത്രം എന്നാൽ ഇന്നതാണെന്ന് കൃത്യമായി പറയാൻ അയാൾക്കു കഴിയണമെന്നില്ല; സ്റ്റാറ്റിസ്റ്റിക്സും ഒരുപക്ഷേ അൽപം ബാക്റ്റീരിയോളജിയും കൂടിക്കലർന്ന ഒന്നാണ് അയാളുടെ മനസ്സിലുണ്ടായിരുന്നത്. എന്തുമാത്രം പണവും മതിപ്പുമാണ് രാഷ്ട്രം ശാസ്ത്രത്തിനു നൽകുന്നതെന്ന കാര്യം അയാൾക്കറിയാമായിരുന്നു. ക്യാൻസർഗവേഷണത്തോട് പ്രത്യേകിച്ചൊരാഭിമുഖ്യം തന്നെ അയാൾക്കുണ്ടായിരുന്നു; അയാളുടെ അച്ഛൻ മരിച്ചത് ക്യാൻസർ പിടിച്ചാണല്ലോ. സീഗ്ലറിന് ഉറച്ച വിശ്വാസമായിരുന്നു, അതിൽപ്പിന്നെ ഇത്ര സ്തുത്യർഹമായ വികാസം പ്രാപിച്ച ശാസ്ത്രം തനിക്ക് ആ ഗതി വരുത്തില്ലയെന്ന്.
ബാഹ്യദൃഷ്ടിയിൽ സീഗ്ലറെ വ്യതിരിക്തനാക്കി നിർത്തിയത് തന്റെ കഴിവിനുമതീതമായ രീതിയിൽ വസ്ത്രധാരണം ചെയ്യാനുള്ള പ്രവണതയാണ്. അതെല്ലായ്പ്പോഴും തനതു വർഷത്തെ ഫാഷനിലുമായിരിക്കും. അതേസമയം നടപ്പുമാസത്തെ ഫാഷൻ സ്വീകരിക്കുകയെന്നത് അയാൾക്കു താങ്ങാനാവാത്തതായിരുന്നതിനാൽ അതൊക്കെ വിഡ്ഡിത്തം നിറഞ്ഞ ജാഡകൾ എന്നുപറഞ്ഞ് അയാൾ തള്ളിക്കളയുകയും ചെയ്തു. അഭിപ്രായസ്വാതന്ത്ര്യത്തിൽ അയാൾക്കു വലിയ വിശ്വാസമായിരുന്നു; അതിനാൽ സുരക്ഷിതമായ സ്ഥലങ്ങളിലും സ്നേഹിതന്മാർക്കിടയിലും വച്ച് അയാൾ തന്റെ മേലുദ്യോഗസ്ഥന്മാരെയും സർക്കാരിനെയും കുറിച്ച് പരുക്കൻ ഭാഷയിൽ സംസാരിക്കാറുണ്ടായിരുന്നു. ഞാൻ ഈ ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ട് ഏറെനേരമായെന്നു തോന്നുന്നു. എന്തായാലും നമുക്കടുപ്പം തോന്നുന്ന ഒരു ചെറുപ്പക്കാരനായിരുന്നു സീഗ്ലർ. അദ്ദേഹം പോയതിലൂടെ വലിയൊരു നഷ്ടമാണ് നമുക്കു സംഭവിച്ചിരിക്കുന്നത്. അസാധാരണവും അകാലത്തിലുള്ളതുമായ ഒരു പരിണതിയാണല്ലോ അദ്ദേഹത്തിനു വന്നുപെട്ടത്. അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളും ന്യായമായ പ്രതീക്ഷകളും അങ്ങനെ നിഷ്ഫലമായിപ്പോയി.
സീഗ്ലർ ഞങ്ങളുടെ നഗരത്തിൽ എത്തുന്നത് ഒരു ഞായറാഴ്ചയാണ്. അന്നത്തെ ദിവസം വിനോദത്തിനായി നീക്കിവയ്ക്കാമെന്ന് അയാൾ തീരുമാനിച്ചു. സുഹൃത്തെന്നു പറയാൻ ആരെയും അയാൾ സമ്പാദിച്ചുകഴിഞ്ഞിട്ടില്ല; ഏതെങ്കിലും ക്ലബ്ബിൽ ചേരാനും അയാൾ തീരുമാനമെടുത്തിരുന്നില്ല. ഒരുപക്ഷേ അതുതന്നെയാവണം അയാളുടെ നാശത്തിനു കാരണമായതും: ഒറ്റയ്ക്കാവുന്നത് ആർക്കും നല്ലതിനല്ല.
വെറുതെ കറങ്ങിനടക്കാമെന്നാണ് അയാൾക്ക് ആദ്യം മനസ്സിൽ വന്നത്. ദീർഘനേരത്തെ ആലോചന്യ്ക്കുശേഷം അയാൾ തീരുമാനിച്ചു, കാഴ്ചബംഗ്ലാവ് കാണാൻ പോകാമെന്ന്. ഞായറാഴ്ച രാവിലെ കാഴ്ചബംഗ്ലാവ് സൗജന്യമായി കയറിക്കാണാം; ചെറിയൊരു ഫീസു കൊടുത്താൽ ഉച്ചതിരിഞ്ഞ് മൃഗശാലയിലും കയറാം.
അങ്ങനെ അയാൾ കാഴ്ചബംഗ്ലാവിലേക്കു യാത്രയായി. തനിക്കു വളരെ പ്രിയപ്പെട്ട, തുണിബട്ടൺ പിടിപ്പിച്ച സൂട്ടാണ് അയാൾ ധരിച്ചിരുന്നത്; ചുവന്ന വാർണ്ണീഷു തേച്ച ഭംഗിയുള്ള ഒരു ഊന്നുവടിയും അയാൾ കൈയിലെടുത്തിരുന്നു. അതയാൾക്ക് ഒരന്തസ്സും വൈശിഷ്ട്യവുമേകി. പക്ഷേ എന്തു ചെയ്യാം, അയാൾക്കു വലിയ നീരസമുളവാക്കിക്കൊണ്ട് അത് ഗേറ്റിൽ സൂക്ഷിക്കേണ്ടിവന്നു.
വിശാലമായ മുറികളിൽ കാണാനില്ലാത്തതായി ഒന്നുമില്ലായിരുന്നു. സർവ്വശക്തനായ ശാസ്ത്രത്തിനു നന്ദി പറഞ്ഞുകൊണ്ട് ആ വിനീതസന്ദർശകൻ കാഴ്ചവസ്തുക്കൾ നോക്കിക്കണ്ടു. ശാസ്ത്രത്തെ വിശ്വസിക്കാമെന്ന് ഇവിടെയും തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് ഷോക്കേസിലെ വിശദീകരണക്കുറിപ്പുകൾ വായിക്കവെ അയാൾ മനസ്സിൽ പറഞ്ഞു. ആ കുറിപ്പുകൾ സഹായിച്ച് അവിടത്തെ തട്ടുമുട്ടുസാധനങ്ങൾ, അതായത് തുരുമ്പെടുത്ത താക്കോലുകളും, പൊട്ടിയതും ക്ലാവു പിറ്റിച്ചതുമായ ആഭരണങ്ങളുമൊക്കെ, അയാളിൽ വലിയ താൽപര്യമുളവാക്കി.എത്ര വിസ്മയാവഹമാണ് ശാസ്ത്രത്തിന്റെ രീതി-അത് എല്ലാറ്റിനെയും ചുഴിഞ്ഞു നോക്കുന്നു, എല്ലാറ്റിനെയും മനസ്സിലാക്കുന്നു, എല്ലാറ്റിനും പേരു കണ്ടുപിടിക്കുകയും ചെയ്യുന്നു. അതെയതെ, വൈകാതെതന്നെ അത് ക്യാൻസറിന്റെ ശല്യമൊഴിവാക്കാൻ പോവുകയാണ്; ഇനിയഥവാ അതു മരണത്തെത്തന്നെ നിഷ്കാസനം ചെയ്തേക്കാനും മതി.
രണ്ടാമത്തെ മുറിയിലുണ്ടായിരുന്ന അലമാരച്ചില്ലിൽ തന്റെ പ്രതിബിംബം തെളിഞ്ഞുകണ്ടപ്പോൾ അയാൾ ഒരുനിമിഷം നിന്ന് തന്റെ കോട്ടും സൂട്ടും ടൈയുടെ കെട്ടുമൊക്കെ ശരിയല്ലേയെന്നു നോക്കി തൃപ്തി വരുത്തി. എന്നിട്ട് പുതിയൊരാത്മവിശ്വാസത്തോടെ അയാൾ അടുത്ത ഭാഗത്തേക്കു നടന്നു. പഴയകാലത്തെ ചില മരപ്പണികൾ അയാൾ ശ്രദ്ധയോടെ നോക്കിക്കണ്ടു. അതു ചെയ്തവർ കേമന്മാർ തന്നെ, പക്ഷെ വലിയ കഴമ്പില്ല: ഔദാര്യഭാവത്തോടെ അയാൾ മനസ്സിൽ പറഞ്ഞു. ഓരോ മണിക്കൂറിലും ദന്തരൂപങ്ങൾ നൃത്തം വയ്ക്കുന്ന പഴയൊരു ഘടികാരവും അയാളുടെ ക്ഷമാപൂർവമായ അംഗീകാരത്തിനു വിധേയമായി. പിന്നെ അയൾക്ക് അൽപം മുഷിച്ചിൽ തോന്നിത്തുടങ്ങി; അയാൾ കൂടെക്കൂടെ വാച്ചെടുത്തു നോക്കി; അതു പുറത്തെടുത്തു നോക്കുന്നതിൽ ഗൂഢമായ ഒരാനന്ദവും അയാൾ കണ്ടെത്തിയിരുന്നു, കാരണം അതു കട്ടിസ്വർണ്ണം കൊണ്ടുണ്ടാക്കിയതായിരുന്നു; അയാളുടെ അച്ഛൻ കൊടുത്തതാണത്.
ഉച്ചഭക്ഷണത്തിന് ഇനിയും സമയമുണ്ടെന്ന് അയാൾ ഖേദത്തോടെ കണ്ടു. അതിനാൽ അയാൾ മറ്റൊരു മുറിയിലേക്കു കടന്നു. അതിലെത്തിയപ്പോൾ അയാളുടെ കൗതുകം വീണ്ടുമുണർന്നു. മധ്യകാലഘട്ടത്തിലെ അന്ധവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കളാണ് അതിലുണ്ടായിരുന്നത്-മന്ത്രവാദഗ്രന്ഥങ്ങൾ,ഉറുക്കുകൾ,ആഭിചാരത്തിനുള്ള ഒരുക്കുകൾ,എന്തിന് മൂശയും ചാണക്കല്ലുകളും വലിയ പാനകളും ഉലകളുമൊക്കെയടക്കം ഒരാൽക്കെമിസ്റ്റിന്റെ പണിയാല അങ്ങനെത്തന്നെ ഒരു മൂലയ്ക്ക് കൊണ്ടുവന്നു വച്ചിരുന്നു. ആ ഭാഗം കയറു കെട്ടി തിരിച്ചിരിക്കുകയായിരുന്നു; സന്ദർശകർ പ്രദർശനവസ്തുക്കളിൽ തൊടുന്നതു വിലക്കിക്കൊണ്ടുള്ള ഒരറിയിപ്പുമുണ്ടായിരുന്നു. പക്ഷേ അത്തരം അറിയിപ്പുകൾ ആരു കണക്കിലെടുക്കാൻ? സീഗ്ലർ മുറിയിൽ ഒറ്റയ്ക്കുമായിരുന്നു.
കയറിനു മുകളിലൂടെ കൈയെത്തിച്ച് ആ നിഗൂഢവസ്തുക്കളിൽ ചിലത് അയാൾ തൊട്ടുനോക്കി. മധ്യകാലഘട്ടത്തെക്കുറിച്ചും അക്കാലത്തെ തമാശ തോന്നിക്കുന്ന അന്ധവിശ്വാസങ്ങളെക്കുറിച്ചും അയാൾ വായിക്കുകയും കേൾക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം ബാലിശമായ അസംബന്ധങ്ങളുടെ പേരിൽ അക്കാലത്തുള്ളവർ സമയം കളഞ്ഞിരുന്നുവെന്നത് അയാൾക്ക് അവിശ്വസനീയമായിത്തോന്നി; മന്ത്രവാദങ്ങൾ പോലെയുള്ള ഭോഷത്തങ്ങൾ എന്തുകൊണ്ട് നിരോധിക്കപ്പെടാതെപോയി എന്നതും അയാൾക്കു പിടികിട്ടിയില്ല. ആൽക്കെമിയെ വേണമെങ്കിൽ ഒഴിവാക്കാം; കാരണം കെമിസ്റ്റ്‌റി എന്ന ഉപയോഗപ്രദമായ ശാസ്ത്രം ഉരുത്തിരിഞ്ഞത് അതിൽ നിന്നാണല്ലോ. കർത്താവേ, ഈ സ്വർണ്ണനിർമ്മാതാക്കളുടെ ചാണക്കല്ലുകളും കൺകെട്ടുവിദ്യകളും വേണ്ടിവന്നുവല്ലോ ഇന്ന് ആസ്പിരിനും വാതകബോംബുകളും ഉണ്ടാവാൻ എന്നോർക്കുമ്പോൾ!
അന്യമനസ്കനായി ചെറിയ ഉണ്ട പോലത്തെ ഒരു സാധനം അയാൾ കൈ എത്തിച്ചെടുത്തു. ഗുളികരൂപത്തിൽ, ഇരുണ്ട നിറമുള്ള ഒരു വസ്തു. ഭാരമില്ലാത്ത ആ ഉണക്കഗുളിക അയാൾ ഒന്നു തിരുപ്പിടിച്ച ശേഷം തിരിയെ വയ്ക്കാൻ തുടങ്ങുമ്പോഴാണ് പിന്നിൽ ആരോ നടന്നുവരുന്നതു കേട്ടത്. അയാൾ തിരിഞ്ഞുനോക്കി; പുതിയൊരാൾ കടന്നുവന്നിരിക്കുന്നു. ഗുളിക കൈയിലുള്ളത് സീഗ്ലറെ വിഷമത്തിലാക്കി; ആ അറിയിപ്പ് അയാൾ വായിച്ചതുമാണല്ലോ. അയാൾ കൈ ചുരുട്ടി പോക്കറ്റിലാഴ്ത്തിക്കൊണ്ട് പുറത്തേക്കു നടന്നു.
തെരുവിലെത്തുന്നതുവരെ അയാൾ പിന്നെ ഗുളികയുടെ കാര്യം ഓർത്തില്ല. അയാൾ അതു പോക്കറ്റിൽ നിന്നെടുത്ത് എറിഞ്ഞുകളയാൻ തുടങ്ങുകയായിരുന്നു. അതിനുമുമ്പ് അയാൾ അതു മൂക്കിനടുത്തേക്കു കൊണ്ടുവന്ന് ഒന്നു മണപ്പിച്ചുനോക്കി. കുന്തിരിക്കത്തിന്റേതുപോലെ നേർത്തൊരു മണമായിരുന്നു; അയാൾക്ക് അതൊരുവിധം ഹൃദ്യമായിത്തോന്നുകയും ചെയ്തു. അയാൾ ഗുളിക പോക്കറ്റിൽത്തന്നെയിട്ടു.
പിന്നെ അയാൾ ഒരു ഹോട്ടലിൽ കയറി ഓർഡർ കൊടുത്തിട്ട് കാത്തിരുന്നു. അതിനിടയിൽ അയാൾ ചില പത്രങ്ങൾ മറിച്ചുനോക്കുകയും, ടൈയിൽ തിരുപ്പിടിക്കുകയും, ചുറ്റുമിരുന്നവരെ അവരുടെ വസ്ത്രധാരണത്തിന്റെ തോതനുസരിച്ച്, ബഹുമാനത്തോടെയോ ഗർവ്വോടെയോ വീക്ഷിക്കുകയും ചെയ്തു. പക്ഷേ ആഹാരമെത്താൻ വീണ്ടും വൈകുന്നതു കണ്ടപ്പോൾ അയാൾ, താൻ മനഃപൂർവ്വമല്ലാതെ മോഷ്ടിച്ച ആ ഗുളിക പോക്കറ്റിൽ നിന്നെടുത്ത് ഒന്നു മണത്തുനോക്കി. പിന്നെ അയാൾ നഖം കൊണ്ട് അതൊന്നു ചുരണ്ടിനോക്കി. ഒടുവിൽ ശിശുസഹജമായ ഒരു പ്രേരണയ്ക്കു വഴങ്ങി അയാൾ അത് വായിലേക്കിടുകയും ചെയ്തു. അരുചിയൊന്നും തോന്നിയില്ല; പെട്ടെന്നുതന്നെ അതലിഞ്ഞുപോവുകയും ചെയ്തു. ഒരു കവിൾ ബീർ കൂടി കഴിച്ചപ്പോഴേക്കും ആഹാരം എത്തുകയും ചെയ്തു.
രണ്ടുമണിക്ക് നമ്മുടെ ചെറുപ്പക്കാരൻ ട്രാമിൽ നിന്നിറങ്ങി മൃഗശാലയിലേക്കു പോയി ഒരു ടിക്കറ്റെടുത്തു.
സ്നേഹഭാവത്തിൽ പുഞ്ചിരി തൂകിക്കൊണ്ട് അയാൾ ആൾക്കുരങ്ങുകളെ പാർപ്പിച്ചിരുന്ന കെട്ടിടത്തിനടുത്തേക്കു ചെന്നു. അവിടെ ചിമ്പാൻസികളെയിട്ടിരുന്ന വലിയൊരു കൂടിനു മുന്നിൽ അയാൾ നിൽപ്പു പിടിച്ചു. ഒരു പൊണ്ണൻ ചിമ്പാൻസി അയാളെ നോക്കി കണ്ണിറുക്കിക്കാണിച്ചു. എന്നിട്ട് സൗഹൃദഭാവത്തിൽ തലയാട്ടിക്കൊണ്ട് മുഴങ്ങുന്ന സ്വരത്തിൽ അയാളോടു ചോദിച്ചു: 'ഇതെപ്പടി ചേട്ടാ!'
സീഗ്ലർ ഞെട്ടിപ്പോയി. വല്ലാതെ ഭയന്ന്‍ അയാൾ അവിടെനിന്നു മാറിപ്പോയി. ധൃതിയിൽ നടന്നകലുമ്പോൾ പിന്നിൽ ആ വാനരൻ തന്നെ ഭത്സിക്കുന്നത് അയാൾ കേട്ടു: 'ഇവനിത്ര വമ്പു കാണിക്കാൻ എന്തിരിക്കുന്നു! തന്തയില്ലാത്ത കഴുത!'
അയാൾ പോയത് വാലുനീളമുള്ള കുരങ്ങന്മാരുടെയടുത്തേക്കാണ്. അവർ കിടന്നു തുള്ളിച്ചാടുകയായിരുന്നു. 'ഇത്തിരി പഞ്ചാര തന്നേ ചങ്ങാതീ!" അവർ ആർത്തുവിളിച്ചു. അയാളുടെ കൈയിൽ പഞ്ചസാരയില്ലെന്നു കണ്ടപ്പോൾ അവർക്കു കോപമായി. അവർ അയാളെ നോക്കി ഗോഷ്ടി കാണിക്കുകയും നാട്യക്കാരൻ എന്നു വിളിച്ചധിക്ഷേപിക്കുകയും അയാളെ ഇളിച്ചുകാട്ടുകയും ചെയ്തു. അയാൾക്കു താങ്ങാവുന്നതിൽ അധികമായിരുന്നു അത്. സംഭ്രാന്തചിത്തനായി അവിടെനിന്നുമോടി അയാൾ മാനുകളുടെയടുത്തേക്കു ചെന്നു; അവയുടെ പെരുമാറ്റം ഇത്ര വഷളാവില്ല എന്നായിരുന്നു അയാളുടെ പ്രതീക്ഷ.
അഭിജാതനായ വലിയൊരു കലമാൻ അഴികൾക്കടുത്തുനിന്ന് അയാളെത്തന്നെ ഉറ്റുനോക്കുകയായിരുന്നു. സീഗ്ലർക്ക് പെട്ടെന്നൊരുൾക്കിടിലം തോന്നി. ആ മാന്ത്രികഗുളിക വിഴുങ്ങിയതിൽപ്പിന്നെ അയാൾക്ക് മൃഗങ്ങളുടെ ഭാഷ മനസ്സിലാകുമെന്നായിരിക്കുന്നു. ആ കലമാൻ തന്റെ കണ്ണുകൾ കൊണ്ട്, രണ്ടു വലിയ കപിലനേത്രങ്ങൾ കൊണ്ട് അയാളോടു സംസാരിച്ചു. അതിന്റെ ആ നിശ്ശബ്ദമായ നോട്ടത്തിൽ ആഭിജാത്യവും സഹനവും വിഷാദവും നിറഞ്ഞുനിന്നു; പിന്നെ, തന്നെ കാഴ്ചവസ്തുവാക്കുന്ന ഈ മനുഷ്യന്റെ നേർക്ക് അളവറ്റതും ഗംഭീരവുമായ ഒരവജ്ഞയും. മൂകവും രാജകീയവുമായ ആ നേത്രഭാഷയിൽ സീഗ്ലർ വായിച്ചു, താൻ, ഈ തൊപ്പിയും വടിയും സ്വർണ്ണവാച്ചും സൂട്ടും ധരിച്ച താൻ, ഒരു കീടത്തേക്കാൾ ഒട്ടും മേന്മ കൂടിയവനല്ലെന്ന്-തറയിലിട്ട് ചവിട്ടിയരക്കേണ്ട ഒരു മൂട്ട!
കലമാനിനടുത്തുനിന്ന് അയാൾ വരയാടിനടുത്തേക്കോടി; അവിടെനിന്ന് പുള്ളിമാനിനടുത്തേക്കും ലാമയുടെയും കാട്ടുപന്നികളുടെയും കരടികളുടെയുമടുത്തേക്കോടി. അവയെല്ലാം അയാളെ ആക്ഷേപിച്ചുവെന്നല്ല; പക്ഷേ അവയ്ക്കെല്ലാം അയാളോടവജ്ഞയായിരുന്നു. അവയുടെ സംഭാഷണം ശ്രദ്ധിച്ച അയാൾക്ക് മനുഷ്യരോടുള്ള അവയുടെ മനോഭാവമെന്താണെന്നു മനസ്സിലായി; അതു വേദനയുളവാക്കുന്നതുമായിരുന്നു. ലക്ഷണംകെട്ട, നാറുന്ന, അന്തസ്സില്ലാത്ത ഈ ഇരുക്കാലികളെ തങ്ങളുടെ കോമാളിവേഷവുമണിഞ്ഞ് സ്വതന്ത്രവിഹാരം നടത്താൻ അഴിച്ചുവിട്ടിരിക്കുന്നതിലായിരുന്നു അവയ്ക്കേറെയത്ഭുതം.
ഒരു പ്യൂമ തന്റെ കുട്ടിയോടു സംസാരിക്കുന്നത് അയാൾ കേട്ടു; മനുഷ്യർക്കിടയിൽ സാധാരണമല്ലാത്ത അന്തസ്സും വിവേകവും നിറഞ്ഞ ഒരു സംഭാഷണം. അഴകുള്ള ഒരു പുലി സന്ദർശകന്മാരെന്ന ഈ പ്രാകൃതന്മാരെക്കുറിച്ച് തനിക്കുള്ള അഭിപ്രായം സംക്ഷിപ്തവും ഉചിതവും മാന്യവുമായ വാക്കുകളിൽ പ്രകടിപ്പിക്കുന്നത് അയാൾ കേട്ടു. സിംഹത്തിന്റെ കണ്ണുകളിൽ കൂടുകളും മനുഷ്യരുമില്ലാത്ത കാനനവൈപുല്യത്തിന്റെ വിസ്മയം അയാൾ കണ്ടു. ഒരുണക്കമരക്കൊമ്പിൽ ഒരു കാട്ടുപുള്ള് ഏകാകിയും അഭിമാനിയുമായി വിഷാദത്തോടെയിരിക്കുന്നതും ഒരുകൂട്ടം മാടത്തകൾ അന്തസ്സും ക്ഷമയും നർമ്മവും കൊണ്ട് തടവുജീവിതത്തെ പ്രതിരോധിക്കുന്നതും അയാൾ കണ്ടു.
തന്റെ ചിന്താരീതികളൊക്കെ നഷ്ടമായി വിഷാദത്തിലാണ്ട സീഗ്ലർ നൈരാശ്യത്തോടെ തന്റെ സഹജീവികളിലേക്കു തിരിഞ്ഞു. തന്റെ ഭീതിയും ദുരിതവും മനസ്സിലാക്കുന്ന കണ്ണുകൾ തേടി അയാളുഴന്നു; ആശ്വാസപ്രദവും വിവേകമുറ്റതും ശാന്തി നൽകുന്നതുമായ എന്തെങ്കിലുമൊന്നു കേൾക്കാമെന്ന പ്രതീക്ഷയോടെ അയാൾ സംഭാഷണങ്ങൾക്കു ചെവിയോർത്തു; അഭിജാതമായ ഒരു ചേഷ്ടയ്ക്കായി അയാൾ ചുറ്റുമുള്ളവരെ നിരീക്ഷിച്ചു.
പക്ഷേ അയാൾ നിരാശനായതേയുള്ളു. അയാൾ വാക്കുകളും ശബ്ദങ്ങളും കേട്ടു; ചേഷ്ടകളും നോട്ടങ്ങളും കണ്ടു. പക്ഷേ അയാളിപ്പോൾ എല്ലാം കാണുന്നത് ഒരു മൃഗത്തിന്റെ ദൃഷ്ടിയിലൂടെയായതിനാൽ അയാൾക്കു കാണാൻ കഴിഞ്ഞത് ദുഷിച്ചതും കാപട്യം നിറഞ്ഞതുമായ ഒരു പ്രാകൃതക്കൂട്ടത്തെയാണ്: സർവ്വമൃഗജാതികളും ചേർന്നുള്ള ഒരു വിരൂപമിശ്രണം.
ഹതാശനായി അയാൾ അലഞ്ഞുനടന്നു. അയാൾക്ക് തന്നോടുതന്നെ അവജ്ഞ തോന്നി. അയാൾ തന്റെ വടിയും കൈയ്യുറകളും ഒരു പൊന്തയിലേക്കു വലിച്ചെറിഞ്ഞു. പിന്നെ അയാൾ തന്റെ തൊപ്പിയും ചെരുപ്പും ടൈയും ഊരിയെറിഞ്ഞിട്ട് കലമാൻകൂടിന്റെ കമ്പിയഴികളിൽ മുഖമമർത്തി തേങ്ങിക്കരയുമ്പോൾ അയാൾക്കു ചുറ്റും ആളുകൾ കൂട്ടം കൂടുകയും കാവൽക്കാർ അയാളെ പിടികൂടി ഭ്രാന്താശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ