2016, ഫെബ്രുവരി 16, ചൊവ്വാഴ്ച

മാർക്കോ ഡനെവി- ഈച്ചകളുടെ ദൈവം

599px-Fliegenglas-1

ഈച്ചകൾ തങ്ങൾക്കൊരു ദൈവത്തെ ഭാവന ചെയ്തു. അതും ഒരീച്ചയായിരുന്നു. ഈച്ചകളുടെ ദൈവം ഈച്ച തന്നെയായിരുന്നു, ചിലനേരം പച്ച, ചിലനേരം കറുപ്പും പൊന്നും നിറത്തിൽ, ചിലനേരം നല്ല ചുവപ്പുനിറത്തില്‍, ചിലനേരം വെളുത്തത്‌, ഇനിയും ചിലപ്പോൾ മാന്തളിർനിറം, ദുർജ്ഞേയനായ ഒരീച്ച, സുന്ദരനായ ഒരീച്ച, വിലക്ഷണനായ ഒരീച്ച, ഭീഷണനായ ഒരീച്ച, ദയാലുവായ ഒരീച്ച, പ്രതികാരബുദ്ധിയായ ഒരീച്ച, നീതിമാനായ ഒരീച്ച, നിത്യയൗവനം കാക്കുന്ന ഒരീച്ച, എന്നാലും എന്നെന്നും ഒരീച്ച. ചിലർ അതിന്റെ വലുപ്പം ഒരു കാളക്കൂറ്റന്റേതെന്നു പറഞ്ഞുപൊലിപ്പിച്ചു. ചിലർ പറഞ്ഞു, കണ്ണിനു കാണാൻ കൂടിയില്ലാത്തത്ര ചെറുതാണവനെന്ന്. ചില മതങ്ങളിൽ അവനു ചിറകുകളില്ല(അവനു പറക്കാൻ ചിറകുകൾ വേണ്ടെന്നും അവർ വാദിച്ചു), മറ്റു ചില മതങ്ങളിൽ അവന്റെ ചിറകുകൾ അനന്തവിസ്തൃതവുമായിരുന്നു. കൊമ്പുകൾ പോലത്തെ തുമ്പികൾ ഉണ്ടവനെന്ന് ഇവിടെയൊരിടത്തു പറയുന്നുണ്ട്‌; ശിരസ്സു മൂടുന്ന കണ്ണുകളുണ്ടെന്ന് ഇനിയൊരിടത്തും പറയുന്നു. നിരന്തരം മർമ്മരം പൊഴിക്കുന്നവനാണു ചിലർക്കവൻ; ചിലർക്കവൻ നിത്യമൂകനും; എന്നാൽക്കൂടി തന്റെ സൃഷ്ടികളുമായി നിത്യസമ്പർക്കത്തിലുമാണവൻ. ഈച്ചകൾ മരിക്കുംകാലത്ത്‌ അവൻ അവരെ സ്വർഗ്ഗത്തിലേക്കെടുക്കുന്നുവെന്ന കാര്യത്തിൽ ആർക്കും സംശയമേതുമില്ല. സ്വർഗ്ഗമെന്നാൽ ഒരു തുണ്ടം ചീഞ്ഞ മാംസമത്രെ; നാറുന്നതും പുഴുത്തതും ഈച്ചകളുടെ പരേതാത്മാക്കൾ അനന്തകാലം തിന്നാലും തീരാത്തതുമാണത്‌. വന്നുപൊതിയുന്ന ഈച്ചപ്പറ്റത്തിനടിയിൽ സ്വർഗ്ഗീയമായ ആ എച്ചിൽക്കഷണം നിരന്തരം സ്വയം പ്രവൃദ്ധമായിക്കൊണ്ടേയിരിക്കും. നല്ലവരായ ഈച്ചകളുടെ കാര്യമാണു പറഞ്ഞത്‌. ഈച്ചകളിൽ കെട്ടവരുമുണ്ടല്ലോ; അവർക്കായി ഒരു നരകവുമുണ്ട്‌. പതിതരായ ഈച്ചകൾക്കു പറഞ്ഞിട്ടുള്ള ആ നരകത്തിൽ മലമില്ല, മാലിന്യമില്ല, കുപ്പയില്ല, നാറ്റമില്ല, ഒന്നിന്റെയും ഒന്നുമില്ല; വൃത്തി കൊണ്ടു വെട്ടിത്തിളങ്ങുന്നതും, തെളിഞ്ഞ പ്രകാശം കൊണ്ടു ദീപ്തവുമായ ഒരിടം; മറ്റു വാക്കുകളിൽ പറഞ്ഞാൽ ദൈവസാന്നിദ്ധ്യമില്ലാത്ത ഒരിടം.


220px-MarcoDenevi2

മാർക്കോ ഡനെവി(1922-1997)- അർജന്റീനക്കാരനായ സ്പാനിഷ്‌ എഴുത്തുകാരൻ


Obituary in The Independent


The God of Flies

The flies imagined their god. She was another fly. The God of flies was a fly, first green, then black and golden, then pink, then white, then purple, an unlikely fly, a beautiful fly, a monstrous fly, a terrible fly, a kind fly, a vengeful fly, a righteous fly, a young fly, an old fly, but always a fly. Some boosted her size as to make her enormous, like an ox, others thought her so microscopic that she could not be seen. In some religions she lacked wings ("She flies, they would say, but doesn't need wings"), in others she had an infinite number of wings. Here, she had horn-like antennae, there, eyes covered her entire head. For some she buzzed constantly, for others she was mute, but made herself understood all the same. And for all, when flies died, she carried them away to paradise. And paradise was a piece of carrion, repulsive and putrid, that the dead fly souls devoured for all of eternity and that was never consumed, for that celestial heap of filth continually renewed itself beneath the swarm of flies. For the good ones. Because there were also bad flies, and for them there was hell. The condemned flies' hell was a place without excrement, without waste, without trash, without stench, without anything at all, a clean and shining place, and to top it all off, lit by a dazzling light, that is to say, an abominable place.

— Marco Denevi

(tran: Jamie Kern)

അഭിപ്രായങ്ങളൊന്നുമില്ല: