2016, ഫെബ്രുവരി 14, ഞായറാഴ്‌ച

ഐസക് ബാഷെവിസ് സിംഗർ - അമേരിക്കയിലെ മകൻ



ലെൻഷിൻ ഗ്രാമം തീരെ ചെറുതായിരുന്നു- ചുറ്റുവട്ടത്തെ കൃഷിക്കാർ ആഴ്ചയിലൊരിക്കൽ ഒത്തുകൂടുന്ന ഒരങ്ങാടി. അതിനു ചുറ്റും വൈക്കോലോ പായലു പിടിച്ച ഓടോ മേഞ്ഞ കൊച്ചു കുടിലുകളായിരുന്നു. ചിമ്മിനികൾ കണ്ടാൽ കലം കമിഴ്ത്തി വച്ചപോലെ തോന്നും. കുടിലുകൾക്കിടയ്ക്കുള്ള വെളിമ്പുറങ്ങൾ പാടങ്ങളായിരുന്നു; അവിടെ അവർ പച്ചക്കറികൾ നട്ടു വളർത്തുകയും ആടുകളെ മേയ്ക്കുകയും ചെയ്തു.

ഈ കുടിലുകളിൽ ഏറ്റവും ചെറുതൊന്നിലാണ്‌ എമ്പതു കഴിഞ്ഞ കിഴവൻ ബേലും ഭാര്യ ബേൽച്ചയും താമസിക്കുന്നത്. റഷ്യയിലെ സ്വന്തം ഗ്രാമങ്ങളിൽ  നിന്നാട്ടിയോടിക്കപ്പെട്ട് പോളണ്ടിലെത്തി താമസമുറപ്പിച്ച ജൂതന്മാരിൽ പെട്ടയാളായിരുന്നു കിഴവൻ ബേൽ. ഉറക്കെ പ്രാർത്ഥന ചൊല്ലുമ്പോൾ വരുത്തുന്ന തെറ്റുകളുടെ പേരിൽ ലെൻഷിനിൽ ആളുകൾ അയാളെ കളിയാക്കാറുണ്ടായിരുന്നു. ആൾക്കു പൊക്കം കുറവായിരുന്നു. വേനല്ക്കാലത്തും മഞ്ഞുകാലത്തും അയാളുടെ വേഷം ഒന്നു തന്നെയായിരുന്നു: ആട്ടിൻ തോലു കൊണ്ടുള്ള ഒരു തൊപ്പിയും പരുത്തിയുടെ ജാക്കറ്റും തടിച്ച ബൂട്ടുകളും. കാലു നിരക്കി വളരെ പതുക്കെയാണ്‌ അയാൾ നടക്കുക. അരയേക്കർ പാടവും ഒരു പശുവും ഒരാടും കുറേ കോഴികളുമാണ്‌ അയാൾക്കു സ്വന്തമായിട്ടുണ്ടായിരുന്നത്.

ബേലിന്‌ ഒരു മകനുണ്ട്: നാല്പതു കൊല്ലം മുമ്പ് അമേരിക്കയിലേക്കു കുടിയേറിയ സാമുവൽ. അവിടെ അയാൾ ലക്ഷങ്ങൾ സമ്പാദിച്ചു എന്നാണ്‌ ലെൻഷിനിലെ സംസാരം. എല്ലാ മാസവും ലെൻഷിനിലെ പോസ്റ്റുമാൻ കിഴവൻ ബേലിന്‌ ഒരു മണിയോർഡറും കത്തും കൊണ്ടുവന്നു കൊടുക്കും. പല വാക്കുകളും ഇംഗ്ളീഷ് ആയിരുന്നതിനാൽ കത്തു വായിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല. സാമുവൽ അച്ഛനയച്ചിരുന്ന പണം എത്രയായിരുന്നുവെന്നത് ഒരു രഹസ്യമായിത്തന്നെയിരുന്നു. കൊല്ലത്തിൽ മൂന്നു തവണ ബേലും ഭാര്യയും കൂടി സാക്രോഷിമിലേക്കു നടന്നുപോയി മണിയോർഡറുകൾ മാറ്റും. പക്ഷേ അവർ ആ പണം ഉപയോഗിക്കുന്നതായി ഇന്നേ വരെ കണ്ടിട്ടില്ല. എന്തിനു വേണ്ടി? അവരുടെ മിക്ക ആവശ്യങ്ങളും തോട്ടവും ആടും പശുവും കൊണ്ടു നടന്നുപോന്നു. അതു കൂടാതെ മുട്ടയും കോഴിയും വിറ്റ് ബേൽച്ചയ്ക്കു കിട്ടുന്നത് അപ്പത്തിനുള്ള പൊടി വാങ്ങാൻ തികഞ്ഞുമിരുന്നു.

മകൻ അയക്കുന്ന പണം ബേൽ എവിടെയാണു സൂക്ഷിച്ചിരിക്കുന്നതെന്നറിയാൻ ആരും മിനക്കെട്ടില്ല. ലെൻഷിനിൽ കള്ളന്മാർ ഉണ്ടായിരുന്നില്ലല്ലോ. കുടിലിന്‌ ഒരു മുറിയേയുള്ളു; അവരുടെ സമ്പാദ്യമൊക്കെയും അതിലടങ്ങി: ഒരു മേശ, ഇറച്ചി വയ്ക്കുന്ന ഒരലമാര, പാലും വെണ്ണയും വയ്ക്കുന്ന മറ്റൊരലമാര, രണ്ടു കട്ടിലുകൾ, ഒരു മണ്ണടുപ്പ്. കോഴികൾ പുരപ്പുറത്തു ചേക്കയേറിക്കോളും; മഞ്ഞുകാലമായാൽ അവ അടുപ്പിൻ മൂട്ടിലേക്കു ചേക്ക മാറ്റും. കാലാവസ്ഥ അത്ര വഷളായാൽ ആടും കൂടി അകത്തു കിടപ്പാവും. അല്പം കൂടി സ്ഥിതിയുള്ള ഗ്രാമീണർ മണ്ണെണ്ണവിളക്കുകൾ ഉപയോഗിച്ചിരുന്നു. എന്നാൽ കിഴവൻ ബേലിനും ഭാര്യയ്ക്കും അത്തരം പുതുമോടികളിലൊന്നിലും വിശ്വാസമുണ്ടായിരുന്നില്ല. ഒരു കിണ്ണത്തിൽ എണ്ണയൊഴിച്ച് തിരി നനച്ചു കത്തിയ്ച്ചു വയ്ക്കുന്നതിൽ എന്താണൊരു കുറവ്? ശാബത്തിന്റന്നു മാത്രം ബേൽച്ച കടയിൽ പോയി മൂന്നു മെഴുകുതിരി വാങ്ങും. വേനല്ക്കാലത്ത് ഇരുവരും പുലർച്ചയ്ക്കു തന്നെ ഉറക്കമുണരും; കോഴികൾ ചേക്കയേറുമ്പോൾ അവരും ഉറക്കം പിടിയ്ക്കും. ദൈർഘ്യമേറിയ മഞ്ഞുകാലരാത്രികളിൽ ബേൽച്ച ചർക്കയിൽ ചണനൂൽ നൂറ്റുകൊണ്ടിരിക്കുമ്പോൾ വിശ്രമമാസ്വദിക്കുന്നവരുടെ നിശ്ശബ്ദതയോടെ ബേൽ സമീപത്തിരിക്കും.

സായാഹ്നപ്രാർത്ഥന കഴിഞ്ഞ് സിനഗോഗിൽ നിന്നു വരുമ്പോൾ ബേൽ ചിലപ്പോൾ ഭാര്യയ്ക്ക് ലോകവിശേഷങ്ങളും കൊണ്ടുവരാറുണ്ട്. സാർ ചക്രവർത്തി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടു കൊണ്ട് വാഴ്സായിൽ പണിമുടക്കാണത്രെ. ജൂതന്മാർ വീണ്ടും പാലസ്തീനിൽ അധിവസിക്കണമെന്ന ആശയവുമായി ഡോ. ഹെർസൽ എന്ന നാസ്തികൻ വന്നിരിക്കുന്നു. എല്ലാം കേട്ട് ബേൽച്ച തലയാട്ടും. നിറം മഞ്ഞിച്ച അവരുടെ മുഖം കാബേജിന്റെ ഇല പോലെ ചുക്കിച്ചുളിഞ്ഞതായിരുന്നു. കണ്ണിനു കീഴെ തൊലി നീലിച്ചു തൂങ്ങിക്കിടന്നു. അവർ പാതി ബധിരയുമായിരുന്നു. ഓരോ വാക്കും ബേലിന്‌ രണ്ടു തവണ ആവർത്തിക്കേണ്ടിവന്നു. അവർ പറയും: "വല്യ പട്ടണങ്ങളിൽ നടക്കുന്ന കാര്യങ്ങളേയ്!"

ഇങ്ങു ലെൻഷിനിൽ ആണെങ്കിൽ പതിവു കാര്യങ്ങളലല്ലാതെ മറ്റൊന്നും സംഭവിക്കാറില്ല: ഒരു പശു കിടാവിനെ പെറ്റു; ഒരു വീട്ടിൽ സുന്നത്തു വിരുന്നു നടന്നു, അല്ലെങ്കിൽ പെൺകുട്ടി ജനിച്ചു, വിരുന്നുണ്ടായില്ല. വല്ലപ്പോഴും ഒരു മരണവും നടന്നു. ലെൻഷിനിൽ സിമിത്തേരി ഇല്ലാത്തതു കൊണ്ട് ജഡം സാക്രോഷിമ്മിലേക്കെടുക്കേണ്ടിയിരുന്നു. സത്യം പറഞ്ഞാൽ ലെൻഷിനിൽ ചെറുപ്പക്കാർ വളരെ കുറവായിരുന്നു. അവർ സാക്രോഷിമ്മിലേക്കും നോവിഡോറിലേക്കും വാഴ്സായിലേക്കും അമേരിക്കയിലേക്കുമൊക്കെ ജോലി തേടി പോയി. സാമുവേലിന്റേതു പോലെ അവരുടെ കത്തുകളും വായിക്കാൻ പറ്റുന്നതായിരുന്നില്ല. അവരുടെ യിദ്ദിഷ് അവർ കുടിയേറിപ്പാർത്ത നാടുകളിലെ ഭാഷയുമായി കൂടിക്കുഴഞ്ഞതായിരുന്നു. അവർ അയച്ചു കൊടുത്ത ഫോട്ടോകളിൽ പുരുഷന്മാർ ടോപ്പ് ഹാറ്റുകളും സ്ത്രീകൾ പ്രഭ്വികളുടേതു പോലെ വിചിത്രവേഷങ്ങളും ധരിച്ചിരുന്നു.

ഇത്തരം ഫോട്ടോകൾ ബേലിനും ബേൽച്ചയ്ക്കും  കിട്ടാറുണ്ട്. പക്ഷേ രണ്ടു പേർക്കും കാഴ്ച കുറഞ്ഞു വരികയാണ്‌; അവർക്ക് കണ്ണടയുമില്ല. ആ ചിത്രങ്ങൾ അവർക്കു മനസ്സിലാവുകയില്ല. സാമുവേലിന്‌ ക്രിസ്ത്യൻ പേരുള്ള മക്കളുണ്ടായിരുന്നു; പിന്നെ അവരുടെ പേരക്കുട്ടികളും. അവരുടെയൊക്കെ പേരുകൾ ബേലിനും ബേൽച്ചയ്ക്കും ഓർമ്മ നില്ക്കാത്ത രീതിയിൽ അത്ര വിചിത്രമായിരുന്നു. പക്ഷേ പേരിൽ എന്തിരിക്കുന്നു? അമേരിക്ക അങ്ങകലെയാണ്‌; കടലിന്റെ അങ്ങേക്കരയിൽ, ലോകത്തിന്റെ അറ്റത്തുള്ള നാടാണ്‌. ലെൻഷിനിൽ വന്ന ഒരദ്ധ്യാപകൻ പറഞ്ഞിരുന്നു, അമേരിക്കയിൽ ആളുകൾ നടക്കുന്നത് തല കീഴെയും കാലു മുകളിലുമായിട്ടാണെന്ന്. ബേലിനും ബേൽച്ചയ്ക്കും അതത്രയ്ക്കങ്ങു പിടി കിട്ടിയില്ല. അതെങ്ങനെ സാദ്ധ്യമാകും? പക്ഷേ അദ്ധ്യാപകൻ പറഞ്ഞതു കൊണ്ട് സത്യമാകാനും മതി. ബേൽച്ച അല്പനേരം ആലോചിച്ചിരുന്നിട്ടു പറഞ്ഞു, "പഴക്കമായാൽ എല്ലാം ശരിയാകും."

അതങ്ങനെ തീർന്നു. ചിന്ത കൂടിപ്പോയാൽ - ദൈവം അതിനിട വരുത്താതിരിക്കട്ടെ- തല തിരിഞ്ഞു പോകും.

ഒരു വെള്ളിയാഴ്ച ദിവസം രാവിലെ ബേൽച്ച ശാബത്ത് അപ്പത്തിനുള്ള മാവു കുഴച്ചുകൊണ്ടു നില്ക്കുമ്പോൾ വാതിൽ തുറന്ന് കാഴ്ചയിൽ കുലീനനായ ഒരാൾ കടന്നു വന്നു. പൊക്കക്കൂടുതൽ കാരണം ഒന്നു കുനിഞ്ഞിട്ടാണ്‌ ആൾ കയറി വന്നത്. അദ്ദേഹത്തിനു പിന്നിൽ സാക്രോഷിമ്മിലെ വണ്ടിക്കാരൻ ചാഷ്കെൽ പിത്തളപ്പൂട്ടുള്ള രണ്ടു തോല്പെട്ടികളും ചുമന്നുകൊണ്ടു വന്നു. ബേൽച്ച ആശ്ചര്യത്തോടെ മുഖമുയർത്തി നോക്കി.

ആഗതൻ ചുറ്റുമൊന്നു കണ്ണോടിച്ചിട്ട് വണ്ടിക്കാരനോട് യിദ്ദിഷിൽ പറഞ്ഞു, "ഇതെടുത്തോളൂ." അദ്ദേഹം പോക്കറ്റിൽ നിന്ന് ഒരു വെള്ളി റൂബിളെടുത്ത് അയാൾക്കു കൊടുത്തു. വണ്ടിക്കാരൻ ബാക്കി കൊടുക്കാൻ തുനിഞ്ഞപ്പോൾ അദ്ദേഹം തടഞ്ഞു, "വേണ്ട, അതിരിക്കട്ടെ."

വണ്ടിക്കാരൻ വാതിലടച്ചു പൊയ്ക്കഴിഞ്ഞപ്പോൾ ആഗതൻ പറഞ്ഞു, "അമ്മേ, ഇതു ഞാനാണ്‌, അമ്മയുടെ മകൻ, സാമുവൽ, സാം."

ആ വാക്കുകൾ കേട്ടപ്പോൾ ബേൽച്ചയുടെ കാലുകൾ മരവിച്ച പോലെയായി. മാവു പറ്റിയ കൈകൾ ബലഹീനമായി. ആഗതൻ അവരെ കെട്ടിപ്പിടിച്ച് നെറ്റിയിലും ഇരുകവിളുകളിലും ചുംബിച്ചു. പിടക്കോഴിയുടെ പനട്ടൽ പോലെ ബേല്ച്ചയുടെ വായിൽ നിന്നു വാക്കുകൾ തെറിച്ചു വീണു: "എന്റെ മോൻ!" ഈ സമയത്ത് രണ്ടു കൈകളിലും വിറകുമായി ബേൽ വിറകുപുരയിൽ നിന്നു കയറിവന്നു. അയാളുടെ പിന്നാലെ ആടും ഉണ്ടായിരുന്നു. കുലീനനായ ഒരാൾ തന്റെ ഭാര്യയെ ചുംബിക്കുന്നതു കണ്ട് വിസ്മയിച്ചുപോയ അയാൾ വിറകുകെട്ട് താഴെയിട്ടിട്ടു ചോദിച്ചു: "ഇതെന്താ?"

ആഗതൻ ബേൽച്ചയെ വിട്ടിട്ട് ബേലിനെ ചെന്നു കെട്ടിപ്പിടിച്ചു: "അച്ഛാ!"

ഏറെ നേരത്തോളം ബേലിന്‌ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. യിദ്ദിഷ് വേദപുസ്തകത്തിൽ വായിച്ച വിശുദ്ധവചനങ്ങൾ ഉരുവിടാൻ തോന്നിയെങ്കിലും ഒന്നും ഓർമ്മ വന്നില്ല. അയാൾ ചോദിച്ചു: "നീ സാമുവൽ ആണോ?"

"അതെ അച്ഛാ, ഞാൻ സാമുവൽ തന്നെയാണ്‌."

ബേൽ മകന്റെ കൈ പിടിച്ചു. താൻ കബളിപ്പിക്കപ്പെടുകയല്ല എന്ന അയാൾക്കപ്പോഴും ഉറപ്പു വന്നിരുന്നില്ല. സാമുവലിന്‌ ഇദ്ദേഹത്തോളം പൊക്കവും വണ്ണവും ഉണ്ടായിരുന്നില്ലല്ലോ. പക്ഷേ അവൻ വീടു വിട്ടു പോകുമ്പോൾ പതിനഞ്ചു വയസ്സേ പ്രായമായിരുന്നുള്ളു എന്നതും ശരിയാണ്‌. ആ വിദൂരദേശത്തു വച്ച് അവൻ വളർന്നിട്ടുണ്ടാവണം. ബേൽ ചോദിച്ചു, "വരുന്ന വിവരം നീ നേരത്തേ അറിയിക്കാഞ്ഞതെന്താ?"

"ഞാനയച്ച ടെലഗ്രാം കിട്ടിയില്ലേ?"

ടെലഗ്രാം എന്താണെന്ന് ബേലിനറിയില്ലായിരുന്നു. ബേൽച്ച കൈയിലെ മാവ് ചുരണ്ടിക്കളഞ്ഞു വന്നിട്ട് മകനെ കെട്ടിപ്പിടിച്ചു. അയാൾ അവരെ വീണ്ടും ചുംബിച്ചിട്ടു ചോദിച്ചു, "അമ്മേ, ഒരു ടെലഗ്രാം കിട്ടിയില്ലേ?"

"എന്താ? ഇനിയെനിക്കു മരിച്ചാൽ മതി. നീ വന്നു കണ്ടല്ലോ!" ബേൽച്ച പറഞ്ഞു. സ്വന്തം വാക്കുകൾ കേട്ടിട്ട് അവർക്കു തന്നെ വിസ്മയം തോന്നി. ബേലിനും അത്ഭുതമായിരുന്നു. തനിക്കും മുമ്പു പറയാൻ തോന്നിയത് ഇതേ വാക്കുകളായിരുന്നല്ലോ! അല്പനേരത്തിനു ശേഷം അയാൾ പറഞ്ഞു, "പേഷാ, ഇന്ന് രണ്ടു ശാബത്ത് പുഡ്ഡിംഗും സ്റ്റൂവും ഉണ്ടാക്കണം."

ബേൽ ബേൽച്ചയെ പേരു പറഞ്ഞു വിളിച്ചിട്ട് വർഷങ്ങളായിരിക്കുന്നു. "കേട്ടോ" "പിന്നേ" എന്നൊക്കെയാണ്‌ അയാൾ അവരെ വിളിച്ചിരുന്നത്. ചെറുപ്പക്കാർക്കും വലിയ നഗരങ്ങളിൽ താമസിക്കുന്നവർക്കും മാത്രം പറഞ്ഞിട്ടുള്ളതാണ്‌ ഭാര്യയെ പേരു പറഞ്ഞു വിളിക്കുക എന്നത്. ഇപ്പോഴാണ്‌ ബേൽച്ചയ്ക്കു കരച്ചിൽ വന്നത്. അവരുടെ കണ്ണുകളിൽ നിന്ന് മഞ്ഞനിറത്തിൽ കണ്ണീരൊലിച്ചിറങ്ങി. പിന്നെ അവർ ഉറക്കെ പറഞ്ഞു, "ഇന്നു വെള്ളിയാഴ്ചയാണ്‌, എനിക്കു ശാബത്തിനൊരുക്കണം." അതെ, അവർക്കു മാവു കുഴയ്ക്കണം, അപ്പമുണ്ടാക്കണം. ഇങ്ങനെ ഒരതിഥി കൂടി ഉള്ളപ്പോൾ പതിവിലും കേമമായ സ്റ്റൂവും തയാറാക്കണം. മഞ്ഞുകാലത്ത് പകലിനു നീളം കുറവായതിനാൽ അവർക്കു ധൃതി പിടിക്കേണ്ടിയിരിക്കുന്നു.

അവരെ വേവലാതിപ്പെടുത്തുന്നതെന്താണെന്ന് മകനു മനസ്സിലായി. അയാൾ പറഞ്ഞു, "അമ്മേ, ഞാൻ സഹായിക്കാം."

ബേൽച്ചയ്ക്കു ചിരിക്കാൻ തോന്നി. പക്ഷേ ഒരമർത്തിയ തേങ്ങലാണ്‌ പുറത്തേക്കു വന്നത്.

അയാൾ കോട്ടും ജാക്കറ്റും ഊരിമാറ്റിയിട്ട് ബനിയന്റെ കൈ തെറുത്തു കേറ്റി. "അമ്മേ, ഞാൻ ന്യൂയോർക്കിൽ വർഷങ്ങളോളം ബേക്കറി നടത്തിയിരുന്നു," എന്നു പറഞ്ഞുകൊണ്ട് അയാൾ മാവു കുഴയ്ക്കാൻ തുടങ്ങി.

"എന്താ! എനിക്കു കാദീശ് ചൊല്ലേണ്ട പുന്നാരമോനാണു നീ!" അവർ കറകറ ശബ്ദത്തിൽ കരഞ്ഞു. ബലക്ഷയം തോന്നി അവർ കിടക്കയിലേക്കു വീണു.

ബേൽ പറഞ്ഞു, "പെണ്ണുങ്ങൾ എന്നും പെണ്ണുങ്ങൾ തന്നെ." എന്നിട്ടയാൾ കുറച്ചു കൂടി വിറകെടുക്കാൻ ചായ്പിലേക്കു പോയി. ആട് അടുപ്പിനരികെ ഇരിപ്പു പിടിച്ചിരുന്നു. അപരിചിതനായ ഈയാളെ അവൾ കണ്ണെടുക്കാതെ നോക്കുകയായിരുന്നു- അയാളുടെ ഒരു പൊക്കവും വിചിത്രമായ വേഷവും!

ബേലിന്റെ മകൻ അമേരിക്കയിൽ നിന്നെത്തിയ വാർത്തയറിഞ്ഞ് അയല്ക്കാർ അയാളെ കാണാൻ ചെന്നു. സ്ത്രീകൾ ശാബത്ത് വിരുന്നൊരുക്കാൻ ബേൽച്ചയെ സഹായിച്ചു. ചിലർ ചിരിച്ചു, ചിലർ കരഞ്ഞു. മുറി നിറഞ്ഞ് കല്യാണത്തിനെന്ന പോലെ ആളുകളായിരുന്നു. അവർ ബേലിന്റെ മകനോടു ചോദിച്ചു, "അമേരിക്കയിൽ എന്തൊക്കെയാണു വിശേഷം? നമ്മുടെയാൾക്കാർ എങ്ങനെ കഴിഞ്ഞുപോകുന്നു?"

"അവർക്കൊന്നിന്റെയും കുറവില്ല," അയാൾ പറഞ്ഞു.

"അവർ ഇപ്പോഴും ജൂതന്മാർ തന്നെയാണോ?"

"ഞാൻ ക്രിസ്ത്യാനിയല്ല."

ബേൽച്ച മെഴുകുതിരികൾ വാഴ്ത്തിയതിനു ശേഷം അച്ഛനും മകനും കൂടി തെരുവിനപ്പുറത്തുള്ള ചെറിയ സിനഗോഗിലേക്കു പോയി. വീണ്ടും മഞ്ഞു പെയ്തിരുന്നു. മകൻ കാലു നീട്ടിവച്ചു നടന്നപ്പോൾ ബേൽ പറഞ്ഞു, "പതുക്കെ."

സിനഗോഗിൽ അവർ സങ്കീർത്തനങ്ങൾ ആലപിക്കുമ്പോൾ പുറത്തു മഞ്ഞുവീഴ്ച തുടരുകയായിരുന്നു. പ്രാർത്ഥന കഴിഞ്ഞ് ബേലും സാമുവലും സിനഗോഗ് വിട്ടിറങ്ങുമ്പോൾ ഗ്രാമം തിരിച്ചറിയാത്ത വിധം മാറിപ്പോയിരുന്നു. സർവതും പുതമഞ്ഞിൽ മൂടിക്കിടക്കുകയായിരുന്നു. മേല്ക്കൂരകളുടെയും ജനാലയ്ക്കലെ മെഴുകുതിരികളുടെയും ബാഹ്യരേഖകൾ മാത്രമേ ദൃശ്യമായിരുന്നുള്ളു. സാമുവൽ പറഞ്ഞു, "ഇവിടെ യാതൊന്നും മാറിയിട്ടില്ല."

ബേൽച്ച മീനും കോഴിസൂപ്പും ഇറച്ചിയും കാരറ്റ് സ്റ്റൂവും തയാറാക്കിയിരുന്നു. ബേൽ ഒരു ഗ്ളാസ്സിൽ വീഞ്ഞെടുത്ത് വാഴ്ത്തിയതിനു ശേഷം അവർ ആഹാരം കഴിക്കാനിരുന്നു. ഇടനേരത്തെ നിശ്ശബ്ദതയിൽ ചീവീടു കരയുന്നതു കേൾക്കാമായിരുന്നു. മകൻ ഒരുപാടു സംസാരിച്ചു. എന്നാൽ ബേലിനും ബേൽച്ചയ്ക്കും മിക്കതും മനസ്സിലായില്ല. അയാളുടെ യിദ്ദിഷ് അവരുടേതിൽ നിന്നു വ്യത്യസ്തമായിരുന്നു; അതിൽ അന്യഭാഷയിലെ വാക്കുകൾ കടന്നുകൂടിയിരുന്നു.

അവസാനത്തെ വാഴ്ത്തിനു ശേഷം സാമുവൽ ചോദിച്ചു, "അച്ഛാ, ഞാനയച്ച പണമൊക്കെ എന്തു ചെയ്തു?"

ബേൽ നരച്ച പുരികമുയർത്തി. "അതിവിടെയുണ്ട്."

"അത് ബാങ്കിലിട്ടില്ലേ?"

"ലെൻഷിനിൽ ബാങ്കില്ലല്ലോ."

"അതെവിടെയാണ്‌ സൂക്ഷിച്ചിരിക്കുന്നത്?"

ബേൽ ഒന്നു മടിച്ചു. "ശാബത്ത് നാളിൽ പണം കൈ കൊണ്ടു തൊടാൻ പാടില്ലാത്തതാണ്‌. എന്നാലും ഞാൻ കാണിച്ചു തരാം." കട്ടിലിനരികിൽ കുത്തിയിരുന്നുകൊണ്ട് അയാൾ ഭാരമേറിയതെന്തോ നിരക്കിയെടുത്തു. ഒരു ബൂട്ട് പുറത്തു വന്നു. അതിന്റെ മുകൾ ഭാഗം വൈക്കോൽ കുത്തിനിറച്ചിരുന്നു. ബേൽ വൈക്കോൽ എടുത്തു മാറ്റി. അതു നിറയെ സ്വർണ്ണനാണയങ്ങളാണെന്ന് മകൻ കണ്ടു. അയാൾ അതെടുത്തുയർത്തി.

"അച്ഛാ, ഇതൊരു നിധിയാണല്ലോ!"

"അതിന്‌?"

"ഇതു ചെലവാക്കാഞ്ഞതെന്തേ?"

"എന്തു കാര്യത്തിന്‌? ദൈവം സഹായിച്ച് ഞങ്ങൾക്കൊന്നിനും കുറവില്ല."

"എങ്ങോട്ടെങ്കിലും യാത്ര പോകാമായിരുന്നില്ലേ?"

"എങ്ങോട്ടു പോകാൻ? ഇതാണ്‌ ഞങ്ങളുടെ നാട്."

മകൻ ഒന്നിനു പിറകെ ഒന്നായി ചോദിച്ചതിനൊക്കെ ബേലിന്റെ മറുപടി ഒന്നു തന്നെയായിരുന്നു: ഞങ്ങൾക്കൊന്നിന്റെയും കുറവില്ല. അവർക്കാവശ്യമുള്ളതൊക്കെ പശുവും ആടും കോഴികളും പറമ്പും കൂടി കൊടുത്തുപോരുന്നുണ്ട്. മകൻ പറഞ്ഞു, "കള്ളന്മാരെങ്ങാനും അറിഞ്ഞുപോയാൽ നിങ്ങളുടെ ജീവൻ അപകടത്തിലാവും."

"ഇവിടെ കള്ളന്മാരില്ല."

"ഈ പണം ഇനിയെന്തു ചെയ്യാൻ?"

"നീയെടുത്തോ."

മകന്റെ രീതികളും അമേരിക്കൻ യിദ്ദിഷുമായി ബേലും ബേൽച്ചയും ക്രമേണ പൊരുത്തപ്പെട്ടു. ബേൽച്ചയ്ക്കിപ്പോൾ കുറച്ചുകൂടി നന്നായി കേൾക്കാമെന്നായിരിക്കുന്നു.. അവർക്കിപ്പോൾ അയാളുടെ ശബ്ദം കൂടി തിരിച്ചറിയാൻ പറ്റുന്നുണ്ട്. അയാൾ പറയുകയായിരുന്നു, "നമുക്കിവിടെ അല്പം കൂടി വലിയ ഒരു സിനഗോഗ് പണിതാലോ?"

"ഈ സിനഗോഗ് തന്നെ ധാരാളമാണ്‌," ബേൽ പറഞ്ഞു.

"എന്നാൽ പിന്നെ വൃദ്ധജനങ്ങൾക്കു വേണ്ടി ഒരു പാർപ്പിടം."

"ഇവിടെയാരും തെരുവിൽ കിടക്കുന്നില്ല-"

അടുത്ത ദിവസം അവർ ശാബത്ത് വിരുന്നും കഴിഞ്ഞിരിക്കുമ്പോൾ സാക്രോഷിമ്മിൽ നിന്നൊരു ക്രിസ്ത്യാനി ഒരു കടലാസ്സും കണ്ടു വന്നു; അത് ആ ടെലഗ്രാം ആയിരുന്നു. ബേലും ബേൽച്ചയും ഒന്നു മയങ്ങാനായി കിടന്നു. കിടന്ന പാടെ അവർ കൂർക്കം വലിയുമായി. ആടും മയക്കത്തിലാണ്‌. മകൻ കോട്ടും തൊപ്പിയുമെടുത്ത് പുറത്തേക്കിറങ്ങി. അങ്ങാടിയിലൂടെ കാൽ നീട്ടിവച്ച് അയാൾ നടന്നു. കൈ നീട്ടി അയാൾ ഒരു മേല്ക്കൂരയിൽ തൊട്ടു. അയാൾക്കൊന്നു ചുരുട്ടു വലിക്കാൻ തോന്നി. ശാബത്തിനതു വിലക്കപ്പെട്ടിരിക്കുകയാണെന്ന് അപ്പോഴാണ്‌ അയാളോർത്തത്. ആരോടെങ്കിലും ഒന്നു മിണ്ടിയാൽ കൊള്ളാമെന്ന് അയാൾക്കു തോന്നി. പക്ഷേ ആ ഗ്രാമമൊന്നാകെ ഉറങ്ങുകയാണ്‌. അയാൾ സിനഗോഗിലേക്കു കയറിച്ചെന്നു. ഒരു വൃദ്ധൻ സങ്കീർത്തനങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. സാമുവൽ ചോദിച്ചു, "പ്രാർത്ഥിക്കുകയാണോ?"

"വയസ്സായിക്കഴിഞ്ഞാൽ വേറെന്തു ചെയ്യാൻ?"

"നിങ്ങൾ കഴിഞ്ഞുകൂടിപ്പോരുന്നുണ്ടോ?"

വൃദ്ധന്‌ ആ വാക്കുകളുടെ പൊരുൾ മനസ്സിലായില്ല. പല്ലില്ലാത്ത മോണ കാട്ടി ഒന്നു ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു, "ദൈവം ആരോഗ്യം തന്നാൽ നമ്മളൊക്കെ ജീവിച്ചുപോകും."

സാമുവൽ വീട്ടിലേക്കു മടങ്ങി. ഇരുട്ടായിക്കഴിഞ്ഞിരുന്നു. ബേൽ പ്രാർത്ഥനയ്ക്കായി സിനഗോഗിലേക്കു പോയി. മകൻ അമ്മയുടെ അടുത്തിരുന്നു. മുറിയിൽ നിഴലുകൾ നിറഞ്ഞു. ബേൽച്ച ഏകതാനമായ ഒരു സ്വരത്തിൽ ഒരു പ്രാർത്ഥന ഉരുവിടാൻ തുടങ്ങി. "അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, മിസ്രയീം ജനത്തേയും നിന്റെ നാമത്തേയും കാക്കേണമേ. ശാബത്ത് തിരുനാൾ കഴിഞ്ഞ് നൽവാരം വരവായല്ലോ. അതാരോഗ്യവും ധനവും നന്മകളും നിറഞ്ഞതാകേണമേ."

"അമ്മേ, പണത്തിനായി നിങ്ങളിനി പ്രാർത്ഥിക്കേണമെന്നില്ല," സാമുവൽ പറഞ്ഞു, "നിങ്ങൾ ഇപ്പോൾത്തന്നെ പണക്കാരാണല്ലോ."

ബേൽച്ച അതു കേട്ടില്ല; അല്ലെങ്കിൽ കേട്ടില്ലെന്നു ഭാവിച്ചു. അവരുടെ മുഖം ഒരു നിഴൽക്കൂടായി മാറിയിരുന്നു.

അന്തിവെളിച്ചത്തിൽ സാമുവൽ ജാക്കറ്റിന്റെ പോക്കറ്റിൽ തൊട്ടുനോക്കി. അയാളുടെ പാസ്പോർട്ടും ചെക്കുബുക്കും പാസ് ബുക്കുമൊക്കെ അതിലുണ്ട്. അയാൾ വലിയ പ്ളാനുകളും കൊണ്ടാണ്‌ വന്നത്. അച്ഛനമ്മമാർക്ക് ഒരു പെട്ടി നിറയെ സമ്മാനങ്ങളും അയാൾ കൊണ്ടുവന്നിരുന്നു. നാട്ടുകാർക്കു നല്കാൻ വേറെയും. സ്വന്തം സമ്പാദ്യം മാത്രമല്ല, ന്യൂയോർക്കിലെ ലെൻഷിൻ സൊസൈറ്റി ഗ്രാമത്തിനു വേണ്ടി നടത്തിയ മേളയിൽ നിന്നു കിട്ടിയ പണം കൂടി അയാൾ കൊണ്ടുവന്നിട്ടുണ്ട്. പക്ഷേ ഈ ഉൾനാടൻ ഗ്രാമത്തിന്‌ യാതൊന്നും വേണ്ടായിരുന്നു. സിനഗോഗിനുള്ളിൽ ആരോ കാറിയ സ്വരത്തിൽ പ്രാർത്ഥന ചൊല്ലുന്നതു കേൾക്കാം. പകലു മുഴുക്കെ നിശ്ശബ്ദനായിരുന്ന ചീവീട് ഒച്ച വയ്ക്കാൻ തുടങ്ങി. ബേൽച്ച മുന്നോട്ടും പിന്നോട്ടും തലയാട്ടിക്കൊണ്ട് അമ്മമാരിലും മുത്തശ്ശിമാരിലും നിന്നു പകർന്നു കിട്ടിയ വിശുദ്ധഗീതങ്ങൾ ആലപിക്കാൻ തുടങ്ങി.


മലയാളനാട് വെബ് മാഗസീന്റെ 2016 ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

കഥയുടെ ഇംഗ്ലിഷ് വിവര്‍ത്തനം

അഭിപ്രായങ്ങളൊന്നുമില്ല: