2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

അൽഫോൺസ് ദോദെ - അവസാനത്തെ ക്ളാസ്





അന്നു കാലത്ത് ഞാൻ സ്കൂളിലേക്കിറങ്ങാൻ ഏറെ വൈകി; ഹാമെൽ മാഷിന്റെ കൈയിൽ നിന്നു ശരിക്കു വഴക്കു കിട്ടുമെന്നു ഞാൻ പേടിച്ചു; ക്രിയാവിശേഷണങ്ങളെക്കുറിച്ചാണു താനന്നു ഞങ്ങളോടു ചോദിക്കുക എന്നദ്ദേഹം പറഞ്ഞിരുന്നതിനാൽ പ്രത്യേകിച്ചും; എനിക്കാണെങ്കിൽ അതിനെക്കുറിച്ച് ഒരു വസ്തു അറിയുകയുമില്ല. അന്നു സ്കൂളിൽ പോകാതെ പാടത്തു കറങ്ങിനടന്നാലോ എന്നു ഞാൻ ഒരു നിമിഷം ആലോചിച്ചു. എത്ര ഊഷ്മളവും തെളിഞ്ഞതുമായ ദിവസം! പാടത്തിനതിരിലുള്ള കാട്ടിൽ കരിങ്കിളികൾ ചൂളം വിളിക്കുന്നത് എനിക്കു കേൾക്കാമായിരുന്നു. തടിമില്ലിനു പിന്നിലുള്ള മൈതാനത്ത് പ്രഷ്യൻ പട്ടാളക്കാർ പരേഡു നടത്തുന്നുണ്ട്. ക്രിയാവിശേഷണങ്ങളെക്കുറിച്ചുള്ള നിയമങ്ങളെക്കാൾ എന്റെ മനസ്സിനെ വശീകരിച്ചത് ഇവയൊക്കെയായിരുന്നു; പക്ഷേ അതിനെ ചെറുത്തു നില്ക്കാനുള്ള കരുത്തെനിക്കുണ്ടായിരുന്നു; കഴിയുന്നത്ര വേഗം ഞാൻ സ്കൂളിലേക്കോടി.
മേയറുടെ ഓഫീസിനു മുന്നിലൂടെ പോകുമ്പോൾ നോട്ടീസുബോർഡിനു മുന്നിൽ ചെറിയൊരാൾക്കൂട്ടം കണ്ടു. കഴിഞ്ഞ രണ്ടു കൊല്ലമായി ഞങ്ങളുടെ സകല ചീത്ത വാർത്തകളും വന്നത് അതിൽ നിന്നായിരുന്നു- തോറ്റ യുദ്ധങ്ങൾ, നിർബന്ധിതസൈനികപരിശീലനം, കമാൻഡറുടെ കല്പനകൾ; ഓട്ടം നിർത്താതെ തന്നെ ഞാൻ മനസ്സിലോർത്തു:
“ഇതിനി എന്താണാവോ?”
പിന്നെ ഞാൻ ഓടി കവലയിലെത്തിയപ്പോൾ കൊല്ലപ്പണിക്കാരൻ വാഹ്റ്റെർ തന്റെ സഹായിയുമൊത്ത് അവിടെ നില്ക്കുന്നതു കണ്ടു; അയാൾ എന്റെ പിന്നാലെ വിളിച്ചുപറഞ്ഞു:
“ഇത്ര തിടുക്കം വേണ്ടെട കുട്ടാ; നിനക്കു സ്കൂളിലെത്താൻ ഇഷ്ടം പോലെ സമയമുണ്ട്!”
അയാൾ എന്നെ കളിയാക്കുകയാണെന്നു ഞാൻ കരുതി; ഓടിക്കിതച്ചുകൊണ്ട് ഞാൻ ഹാമെൽ മാഷിന്റെ സ്കൂൾ മുറ്റത്തെത്തി.
സാധാരണഗതിയിലാണെങ്കിൽ ക്ളാസ്സു തുടങ്ങുമ്പോഴത്തെ കോലാഹലം അങ്ങു തെരുവിൽ വച്ചേ കേൾക്കാം: ഡസ്ക്കുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്, ചെവിയും പൊത്തി ഞങ്ങൾ ഒരുമിച്ചു പാഠം വായിക്കുന്നത്, മാഷിന്റെ തടിയൻ ഇരുമ്പു റൂളർ മേശപ്പുറത്തടിക്കുന്നത്. ആ ബഹളത്തിനിടയിൽ ആരുടെയും കണ്ണില്പെടാതെ ബഞ്ചിൽ പോയി ഇരിക്കാമെന്നാണ്‌ ഞാൻ കണക്കു കൂട്ടിയത്. അന്നു പക്ഷേ ഒരനക്കവും കേൾക്കാനുണ്ടായിരുന്നില്ല; ഞായറാഴ്ചയുടെ പ്രതീതിയായിരുന്നു. തുറന്ന ജനാലയിലൂടെ എനിക്കു കാണാമായിരുന്നു, എന്റെ സഹപാഠികൾ അവരവരുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നതും, ഹാമെൽ മാഷ് ആ ഭീകരമായ റൂൾത്തടി കക്ഷത്തു വച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും. ആ പരിപൂർണ്ണ നിശബ്ദതയ്ക്കിടയിൽ സകലരുടെയും കണ്മുന്നിലൂടെ വാതിൽ തുറന്നു കയറിച്ചെല്ലേണ്ടിവന്നു എനിക്ക്. എനിക്കെത്ര നാണക്കേടും പേടിയുമാണു തോന്നിയതെന്ന് നിങ്ങൾക്കൂഹിക്കാവുന്നതേയുള്ളു.
പക്ഷേ ഒന്നും സംഭവിച്ചില്ല. ഹാമെൽ മാഷ് കോപത്തിന്റെ ഒരു ലക്ഷണവും കാണിക്കാതെ എന്നെ നോക്കിയിട്ട് വളരെ സൌമ്യമായി ഇങ്ങനെ പറഞ്ഞു:
“വേഗം പോയി സീറ്റിലിരിക്കൂ, ഫ്രാൻസ്; നീയില്ലാതെ ഞങ്ങൾ തുടങ്ങാൻ പോവുകയായിരുന്നു.“
ഞാൻ ബഞ്ചിനു മുകളിലൂടെ ചാടിച്ചെന്ന് എന്റെ ഡസ്കിനു പിന്നിലിരുന്നു. അപ്പോഴേ, പേടിയിൽ നിന്ന് അല്പമൊന്നു മുക്തനായപ്പോഴേ, ഞാൻ ശ്രദ്ധിച്ചുള്ളു, മാഷ് അന്നു  തന്റെ ഏറ്റവും നല്ല വേഷത്തിലാണെന്ന്: സുന്ദരമായ നീലക്കോട്ട്, ഞൊറിയുള്ള ഷർട്ട്, കറുത്ത ലേസു തുന്നിപ്പിടിപ്പിച്ച തൊപ്പി; ഇൻസ്പെക്ഷൻ സമയത്തോ, വാർഷികത്തിനോ മാത്രമേ സാധാരണഗതിയിൽ അദ്ദേഹത്തെ ഈ വേഷത്തിൽ കാണാറുള്ളു. അതു മാത്രമല്ല, ക്ളാസ്സിലാകെ ഭവ്യവും വിചിത്രവുമായ ഒരന്തരീക്ഷമാണുള്ളതെന്നും തോന്നി. ഇതിനെക്കാളൊക്കെ എന്നെ അത്ഭുതപ്പെടുത്തിയത് എന്നും ഒഴിഞ്ഞു കിടക്കാറുള്ള പിന്നറ്റത്തെ ബഞ്ചുകളിൽ ഗ്രാമത്തിലെ പ്രായമായവർ വന്നിരിക്കുന്നതാണ്‌: കിഴവൻ ഹൌസെർ, പഴയ മേയർ, പഴയ പോസ്റ്റുമാസ്റ്റർ, പിന്നെ വേറേ പലരും. ഞങ്ങളെപ്പോലെ തന്നെ നിശബ്ദരാണെല്ലാവരും. എല്ലാവരുടെ മുഖത്തും ദുഃഖഭാവം കാണാം; ഹൌസെർ മൂല മടങ്ങിയ പഴയൊരു പാഠപുസ്തകം തന്റെ കാൽമുട്ടുകളിൽ തുറന്നുവച്ചിട്ട് അതിനു മേൽ തന്റെ കണ്ണട ഊരിവച്ചിരിക്കുന്നു.
ഇതൊക്കെ എന്താണെന്നു ഞാൻ മനസ്സിൽ ചോദിക്കുമ്പോൾ ഹാമെൽ മാഷ് പ്ളാറ്റ്ഫോമിൽ കയറിനിന്നിട്ട് എന്നോടുപയോഗിച്ച അതേ ശാന്തഗംഭീരമായ സ്വരത്തിൽ ഞങ്ങളോടായി ഇങ്ങനെ പറഞ്ഞു:
”എന്റെ കുഞ്ഞുങ്ങളേ, ഇതെന്റെ അവസാനത്തെ ക്ളാസ്സാണ്‌. അൽസേയ്സിലെയും ലൊറേയ്നിലെയും സ്കൂളുകളിൽ ഇനി ജർമ്മൻ മാത്രം പഠിപ്പിച്ചാൽ മതിയെന്ന് ബർലിനിൽ നിന്ന് ഉത്തരവു വന്നിരിക്കുന്നു. പുതിയ മാഷ് നാളെ വരും. അവസാനത്തെ ഫ്രഞ്ചുക്ളാസ്സാണിത്; അതിനാൽ നിങ്ങൾ നല്ല ശ്രദ്ധയോടിരിക്കണം.“
ഒരിടിമുഴക്കം പോലെയാണ്‌ ആ വാക്കുകൾ ഞാൻ കേട്ടത്. ഹാ! നാറികൾ! അപ്പോൾ ഇതായിരുന്നു മേയറുടെ ഓഫീസിൽ അവർ ഒട്ടിച്ചത്.
എന്റെ അവസാനത്തെ ഫ്രഞ്ചുക്ളാസ്സ്!
എനിക്കാണെങ്കിൽ എഴുതാൻ തന്നെ ശരിക്കറിയില്ല! അപ്പോൾ എന്റെ പഠിത്തം തീരുകയാണ്‌! ഇത്രയും വച്ചു ഞാൻ നിർത്തണമെന്ന്! എനിക്കെന്നോടു തന്നെ എന്തുമാത്രം കോപം തോന്നിയില്ല: ഞാൻ പാഴാക്കിയ സമയത്തെ ചൊല്ലി, ക്ളാസ്സിൽ കയറാതെ നടന്നതിനെ ചൊല്ലി, കിളിക്കൂടും നോക്കി നടന്നതിനെച്ചൊല്ലി, പുഴയിൽ പോയി കിടന്നതിനെച്ചൊല്ലി. ഒരു നിമിഷം മുമ്പ് എനിക്കത്ര ഭാരമായി തോന്നിയ എന്റെ പുസ്തകങ്ങൾ, വ്യാകരണം, വിശുദ്ധന്മാരുടെ ചരിത്രം ഒക്കെയെനിക്ക് ചിരകാലസുഹൃത്തുക്കളെപ്പോലെ തോന്നി; അത്ര സങ്കടത്തോടെ പിരിയേണ്ടവർ. ഹാമെൽ മാഷിന്റെ കാര്യവും അതു തന്നെ; അദ്ദേഹം പോവുകയാണെന്നും, ഇനി മേൽ ഞാൻ അദ്ദേഹത്തെ കാണില്ലെന്നും ഓർത്തപ്പോൾ അദ്ദേഹത്തിന്റെ ശകാരങ്ങൾ ഞാൻ മറന്നു, റൂൾത്തടി കൊണ്ടുള്ള പ്രഹരങ്ങൾ ഞാൻ മറന്നു.
പാവം! തന്റെ അവസാനത്തെ ക്ളാസ്സിനോടുള്ള ആദരസൂചകമായിട്ടാണ്‌ അദ്ദേഹം തന്റെ ഏറ്റവും നല്ല വേഷവും ധരിച്ചെത്തിയിരിക്കുന്നത്; ഗ്രാമത്തിലെ കിഴവന്മാർ ക്ളാസ്സിന്റെ പിൻ ബഞ്ചുകളിൽ വന്നിരിക്കുന്നതെന്തിനെന്നും എനിക്കപ്പോൾ മനസ്സിലായി. പഠിക്കാനുള്ള അവസരങ്ങൾ തങ്ങൾ പാഴാക്കിക്കളഞ്ഞു എന്ന ഖേദം പ്രകടിപ്പിക്കുകയാണവർ. ഒപ്പം നാല്പതു കൊല്ലത്തെ വിശ്വസ്തസേവനത്തിന്‌ ഞങ്ങളുടെ അദ്ധ്യാപകനോടു നന്ദി കാണിക്കാനുള്ള മാർഗ്ഗവുമാണതവർക്ക്; തങ്ങളുടേതല്ലാതായിക്കഴിഞ്ഞ ജന്മദേശത്തോട് ആദരവു കാണിക്കുകയുമാണവർ.
ആലോചനകൾ ഇത്രത്തോളമെത്തിയപ്പോഴാണ്‌ എന്റെ പേരു വിളിക്കുന്നതു ഞാൻ കേട്ടത്. പാഠം വായിക്കാനുള്ള എന്റെ ഊഴമെത്തിയിരിക്കുന്നു. ക്രിയാവിശേഷണത്തെക്കുറിച്ചുള്ള ഭയാനകമായ ആ നിയമം ഒരു തെറ്റും വരുത്താതെ, ഉച്ചത്തിലും വ്യക്തമായും വായിക്കാനുള്ള കഴിവിന്‌ ഞാൻ എന്തു തന്നെ നല്കുമായിരുന്നില്ല! പക്ഷേ ആദ്യത്തെ വരിയിൽ തന്നെ എനിക്കെല്ലാം കൂടിക്കുഴഞ്ഞു; നെഞ്ചു വിങ്ങി, മുഖമുയർത്തി നോക്കാൻ ധൈര്യമില്ലാതെ ഡസ്കിൽ പിടിച്ചുകൊണ്ട് ഞാൻ നിന്നു. ഹാമെൽ മാഷ് എന്നോടിങ്ങനെ പറയുന്നതു ഞാൻ കേട്ടു:
“ഞാൻ നിന്നെ ചീത്ത പറയില്ല, ഫ്രാൻസ്; ഇതു തന്നെ നിനക്കുള്ള ശിക്ഷയായിട്ടുണ്ട്. എന്താ നടക്കുന്നതെന്നു നോക്കൂ! ഓരോ ദിവസവും നാം നമ്മോടു തന്നെ പറയുകയായിരുന്നു: ‘ഓ, എനിക്കു സമയം ഇഷ്ടം പോലെയുണ്ട്; നാളെ ഞാൻ പഠിച്ചോളാം.’ എന്നിട്ടു നാം എവിടെയെത്തിയെന്നും നോക്കൂ. ഹാ, അതാണ്‌ അൽസേയ്സിനു പറ്റിയ ദൌർഭാഗ്യം; പഠിക്കാനുള്ളത് അവൾ നാളത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. ഇനിയിപ്പോൾ അവർക്കു പറയാനവകാശമുണ്ടല്ലോ: ‘കൊള്ളാം! ഫ്രഞ്ചുകാരാണെന്നു പറഞ്ഞു നടക്കുന്നു; എന്നിട്ട് സ്വന്തം ഭാഷ എഴുതാനും പറയാനും അറിയുകയുമില്ല!’ പക്ഷേ ഇവിടെ ഏറ്റവും വലിയ കുറ്റക്കാരൻ നീയല്ല, പാവം ഫ്രാൻസ്; നല്ല തോതിൽത്തന്നെ അധിക്ഷേപമർഹിക്കുന്നവരാണ്‌ ഞങ്ങളും.
“നിങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ നിങ്ങളുടെ രക്ഷിതാക്കൾ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. ഒരല്പം കൂടുതൽ പണം കിട്ടുമെന്നതിനാൽ നിങ്ങളെ പാടത്തോ മില്ലിലോ പറഞ്ഞു വിടാനായിരുന്നു അവർക്കിഷ്ടം. ഈ ഞാനും നിരപരാധിയാണോ? നിങ്ങളെ പലപ്പോഴും ഞാൻ എന്റെ തോട്ടം നനയ്ക്കാൻ ഏർപ്പെടുത്തിയിട്ടില്ലേ? ഇന്നു ക്ളാസ്സില്ലെന്നു പറഞ്ഞ് ഞാൻ പുഴയിൽ ചൂണ്ടയിടാൻ പോയിട്ടില്ലേ?”
ഇങ്ങനെ ഓരോന്നോരോന്നു പറഞ്ഞ് ഒടുവിൽ ഹാമെൽ മാഷ് ഫ്രഞ്ചുഭാഷയെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി; ലോകത്തെ ഏറ്റവും സുന്ദരമായ ഭാഷയാണതെന്ന്- ഏറ്റവും വ്യക്തതയുള്ളതും യുക്തിഭദ്രവും; ഒരിക്കലും നാമതിനെ കൈവിടരുതെന്ന്; ഒരിക്കലും അതിനെ മറക്കരുതെന്ന്; എന്തെന്നാൽ ഒരു ജനത അടിമത്തത്തിലാവുമ്പോൾ ‘സ്വന്തം ഭാഷയെ അവർ മുറുകെപ്പിടിക്കുന്നിടത്തോളം കാലം തങ്ങളുടെ തടവറയുടെ താക്കോൽ കൈയിലുള്ളതുപോലെയാണത്.’ പിന്നെ അദ്ദേഹം വ്യാകരണപുസ്തകം തുറന്ന് ഞങ്ങളെ പാഠം വായിച്ചു കേൾപ്പിച്ചു. എത്ര പെട്ടെന്നാണ്‌ എനിക്കതു മനസ്സിലായതെന്നു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. അദ്ദേഹം പറഞ്ഞതൊക്കെ വളരെ വളരെ എളുപ്പമായി എനിക്കു തോന്നി! ഇത്ര ശ്രദ്ധയോടെ ഇതിനു മുമ്പു  ഞാൻ കേട്ടിരുന്നിട്ടില്ലെന്ന്, അദ്ദേഹവും ഇത്ര ക്ഷമയോടെ വിശദീകരിച്ചു തന്നിട്ടില്ലെന്നും എനിക്കു തോന്നി. പോകുന്നതിനു മുമ്പ് തനിക്കറിയാവുന്നതൊക്കെ ഞങ്ങൾക്കു തന്നിട്ടു പോകാൻ നോക്കുകയാണ്‌, ഒറ്റയടിക്ക് സർവതും ഞങ്ങളുടെ തലയ്ക്കുള്ളിൽ ചെലുത്താൻ നോക്കുകയാണ്‌ ആ പാവം മനുഷ്യനെന്ന് എനിക്കു തോന്നിപ്പോയി.
വ്യാകരണം തീർന്നപ്പോൾ ഞങ്ങൾ എഴുത്തിലേക്കു കടന്നു. അന്നത്തേക്കായി ഹാമെൽ മാഷ് പ്രത്യേകം തയാറാക്കിയ കോപ്പിബുക്കിൽ ഭംഗിയുള്ള ഉരുണ്ട അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരുന്നു: ഫ്രാൻസ്, അൽസേയ്സ്, ഫ്രാൻസ് , അൽസേയ്സ്. ക്ളാസ്സിലെങ്ങും ഒഴുകിനടക്കുന്ന കുഞ്ഞുപതാകകൾ പോലെ തോന്നിച്ചു അവ; ഞങ്ങളുടെ ഓരോ ഡസ്കിലും കുത്തി നിർത്തിയിരിക്കുകയാണവ. എത്ര ശ്രദ്ധയോടെയാണ്‌ ഞങ്ങൾ അന്നെഴുതിയതെന്ന് നിങ്ങളൊന്നു കാണണമായിരുന്നു, എന്തു നിശബ്ദതയായിരുന്നു അവിടെയെന്നും! കടലാസിൽ പേന ഉരയുന്നതല്ലാതെ മറ്റൊന്നും കേൾക്കാനുണ്ടായിരുന്നില്ല. ഒരു സമയത്ത് ചില വണ്ടുകൾ ഉള്ളിലേക്കു പറന്നുകയറിയിരുന്നു; പക്ഷേ ഒരാൾക്കും അതിലേക്കു ശ്രദ്ധ പോയില്ല; വെറും വരകൾ മാത്രം വരയ്ക്കാനുണ്ടായിരുന്ന കുഞ്ഞുങ്ങൾക്കു പോലും. സ്കൂളിന്റെ മേൽക്കൂടിൽ പ്രാവുകളുടെ താഴ്ന്ന കുറുകൽ കേട്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു:
“ഇനി ആ പ്രാവുകളെക്കൊണ്ടും അവർ ജർമ്മനിൽ പാടിക്കുമോ?”
ഇടയ്ക്കിടെ ഞാൻ കടലാസ്സിൽ നിന്നു മുഖമുയർത്തി നോക്കുമ്പോഴൊക്കെ ഹാമെൽ മാഷ് കസേരയിൽ ചലനമറ്റിരിക്കുന്നതും, തന്റെ ആ കൊച്ചു സ്കൂളപ്പാടെ ഒറ്റ നോട്ടത്തിൽ ഒതുക്കാനെന്നപോലെ ചുറ്റുമുള്ള വസ്തുക്കളെ ഉറ്റുനോക്കി ഇരിക്കുന്നതുമാണ്‌ ഞാൻ കണ്ടത്. ഒന്നോർത്തു നോക്കൂ!  നാല്പതു കൊല്ലമായി അദ്ദേഹം ഇതേ സ്ഥലത്തിരുപ്പുണ്ടായിരുന്നു, ജനാലയ്ക്കു പുറത്ത് തന്റെ കൊച്ചു തോട്ടവും മുന്നിൽ അതേ ക്ളാസ്സുമുറിയുമായി! ഡസ്ക്കുകളും ബഞ്ചുകളും ഉപയോഗം കൊണ്ടു തേയ്മാനം വന്നിരിക്കുന്നുവെന്നേയുള്ളു; മുറ്റത്തെ വാൾനട്ട് മരങ്ങൾ വളർന്നിരിക്കുന്നു; താൻ തന്നെ നട്ടുപിടിപ്പിച്ച വള്ളിച്ചെടികൾ ജനാലയിലൂടെ പടർന്നുകേറി മേല്ക്കൂരയിലേക്കെത്തിയിരിക്കുന്നു. എത്ര ഹൃദയഭേദകമായിരിക്കും ആ പാവം മനുഷ്യനിത്: ഇതൊക്കെ വിട്ടുപോവുക, മുകളിലത്തെ മുറിയിൽ തന്റെ പെങ്ങൾ പെട്ടികൾ അടുക്കുന്നതിന്റെ ശബ്ദം കേൾക്കുക. അടുത്ത ദിവസം അവർ ഈ സ്ഥലം വിട്ടുപോവുകയാണ്‌, എന്നെന്നേക്കുമായി.
പക്ഷേ ഓരോ പാഠവും അവസാനം വരെ പഠിപ്പിക്കുന്നതിനുള്ള മനക്കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. കോപ്പിയെഴുത്തിനു ശേഷം ഞങ്ങൾ ചരിത്രം പഠിച്ചു; പിന്നെ ക്ളാസ്സിലെ ചിടുങ്ങന്മാർ ഒരുമിച്ച് അവരുടെ ബാ, ബേ, ബീ, ബൂ പാടി. അവിടെ ക്ളാസ്സിന്റെ പിന്നറ്റത്ത് കിഴവൻ ഹൌസെർ ബാലപാഠവും തുറന്നുപിടിച്ച് കുഞ്ഞുങ്ങളോടൊപ്പം അതുരുവിടുകയാണ്‌. അയാളും കരയുകയാണെന്നു ഞാൻ കണ്ടു. വികാരം കൊണ്ട് അയാളുടെ ശബ്ദം പതറി; അയാളുടെ തമാശ തോന്നിക്കുന്ന വായന കേട്ടപ്പോൾ ഞങ്ങൾക്കു ചിരിക്കാനും കരയാനും തോന്നിപ്പോയി. ഹാ. എനിക്കെത്ര ഓർമ്മയുണ്ടെന്നോ, അവസാനത്തെ ആ ക്ളാസ്സ്!
പെട്ടെന്ന് പള്ളിയിൽ നിന്ന് പന്ത്രണ്ടടിക്കുന്നതു കേട്ടു; തുടർന്ന് ഉച്ചനേരത്തെ പ്രാർത്ഥനയും. ഇതേ സമയത്തു തന്നെ പരേഡു കഴിഞ്ഞു മടങ്ങുന്ന പ്രഷ്യൻ പട്ടാളക്കാരുടെ ബ്യൂഗിൾ വിളികളും സ്ക്കൂൾ ജനാലകളുടെ താഴെ നിന്നു കേട്ടു. ഹാമെൽ മാഷ് ജീവനറ്റ പോലെ വിളറിവെളുത്ത് കസേരയിൽ നിന്നെഴുന്നേറ്റു. അദ്ദേഹത്തിന്‌ മുമ്പില്ലാത്ത ഉയരമുണ്ടെന്നു തോന്നി.
“എന്റെ സ്നേഹിതരേ,” അദ്ദേഹം പറഞ്ഞു, “ഞാൻ- ഞാൻ-” പക്ഷേ അദ്ദേഹത്തിനതു മുഴുമിക്കാൻ കഴിഞ്ഞില്ല. എന്തോ തൊണ്ടയ്ക്കു പിടിച്ചമർത്തുന്ന പോലെയായിരുന്നു.
പിന്നെ അദ്ദേഹം ബ്ളാക്ക്ബോർഡിനു മുന്നിലേക്കു തിരിഞ്ഞ് ഒരു ചോക്കു കഷണമെടുത്ത് തനിക്കാവുന്നത്ര വലിപ്പത്തിൽ അമർത്തി ഇങ്ങനെ എഴുതി:
“വീവി ല ഫ്രാൻസ്!”*
പിന്നെ അദ്ദേഹം തല ചുമരിനോടു ചേർത്ത് ഒന്നും മിണ്ടാതെ നിന്നു; എന്നിട്ട് ഞങ്ങളോടെല്ലാമായി കൈ കൊണ്ട് ഒരു ചേഷ്ട കാണിച്ചു:
“ക്ളാസ്സു കഴിഞ്ഞു, എല്ലാവർക്കും പോകാം.”
______________________________________________________________________
*ഫ്രാൻസ് ജയിക്കട്ടെ.
അൽഫോൺസ് ദോദെ -Alphonse Daudet(1840-1897)- ഫ്രഞ്ച് ചെറുകഥാകൃത്തും നോവലിസ്റ്റും കവിയും. ദക്ഷിണഫ്രാൻസിന്റെ ഗ്രാമീണജീവിതത്തിന്റെ കഥാകാരനായി അറിയപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: