ഫോൺബല്ലടിച്ചു. പോലീസ് മേധാവി ഫോണെടുത്തു.
“യേസ്.”
“ഓഫീസർ കെർസിഗ് ആണ്. വഴിയേ പോയ ഒരുത്തൻ അല്പം മുമ്പ് എന്നെ അവജ്ഞയോടെ ഒന്നു നോക്കി.”
“താങ്കൾക്കു തെറ്റിയതായിരിക്കണം,” പോലീസ് മേധാവി അഭിപ്രായപ്പെട്ടു. “ഒരു പോലീസുകാരൻ എതിരേ വരുന്നതു കണ്ടാൽ ഏതൊരുത്തനും നേരേ നോക്കാതങ്ങു നടന്നുപോകും. നമുക്കത് അവജ്ഞ കാട്ടലായി തോന്നുന്നുവെന്നേയുള്ളു.”
“അല്ല, ഇതങ്ങനെയല്ല,” ഓഫീസർ പറഞ്ഞു. “അവൻ എന്നെ മേലുകീഴ് അവജ്ഞയോടെ നോക്കുകയായിരുന്നു, തൊപ്പി തൊട്ടു ബൂട്ടു വരെ.”
“അവനെ കൈയോടെ പിടിച്ചുകൊണ്ടു പോരാമായിരുന്നില്ലേ?”
“ഞാൻ ആകെയങ്ങു സ്തംഭിച്ചു പോയെന്നേ. കാര്യം പിടി കിട്ടിയപ്പോഴേക്കും അവൻ കടന്നുകളഞ്ഞിരുന്നു.”
“ഇനി അവനെ കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ?”
“തീർച്ചയായും. അവൻ ചെമ്പിച്ച താടി വച്ചിരുന്നു.”
“ഇപ്പോൾ എങ്ങനെയുണ്ട്?”
“ആകെയൊരു മുഷിച്ചിൽ.”
“പിടിച്ചുനില്ക്കെന്നേ. ഇപ്പോൾ ശരിയാക്കിത്തരാം.”
പോലീസ് മേധാവി വയർലെസ് ഓൺ ചെയ്തു. കെർസിഗിനെ കൊണ്ടുവരാനായി ഒരു ആംബുലൻസ് അയപ്പിച്ച ശേഷം ചെമ്പൻ താടി വച്ച എല്ലാ പൗരന്മാരെയും പിടിച്ചുകൊണ്ടു വരാൻ അയാൾ ഉത്തരവിട്ടു.
ഉത്തരവു കിട്ടുമ്പോൾ വയർലെസ് പട്രോളുകാർ മറ്റു ഡ്യൂട്ടികളിലായിരുന്നു. രണ്ടു പേർ തങ്ങളിലാരുടെ കാറിനാണ് വേഗത കൂടുതൽ എന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ടു പേർ ഒരു ബാറിൽ തങ്ങളുടെ വീട്ടുടംസ്ഥന്റെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു. മൂന്നു പേർ ഒരു സുഹൃത്തിന്റെ വീട്ടുസാധനങ്ങൾ മാറ്റാൻ സഹായിക്കുകയായിരുന്നു. മറ്റുള്ളവർ ഷോപ്പിംഗിലുമായിരുന്നു. പക്ഷേ സംഗതി അറിയേണ്ട താമസം, അവർ കാറുകളുമെടുത്ത് നഗരഹൃദയത്തിലേക്കു കുതിച്ചു.
തെരുവുകൾ ഒന്നൊന്നായി സീലു ചെയ്ത്, കടകളിലും ഹോട്ടലുകളിലും വീടുകളിലും ഇടിച്ചുകയറി അവർ അരിച്ചുപെറുക്കി. ചെമ്പിച്ച താടി വച്ചതായി കണ്ട സകലരെയും അവർ വലിച്ചിഴച്ചു പുറത്തേക്കു കൊണ്ടുവന്നു. എങ്ങും ഗതാഗതം നിലച്ചു. സൈറനുകളുടെ ഓലിയിടൽ കേട്ട് ജനം വിരണ്ടു. ഏതോ വലിയ കൊലപാതകിയെ തേടിയുള്ള തിരച്ചിൽ നടക്കുകയാണെന്ന് ശ്രുതി പരന്നു.
അധികനേരം കഴിഞ്ഞില്ല, പോലീസ് ആസ്ഥാനം വിചിത്രമായൊരു കാഴ്ചയുടെ അരങ്ങായി: അമ്പത്തെട്ട് ചെമ്പിച്ച താടിക്കാരെ നിരത്തി നിർത്തിയിരിക്കുകയാണ്. ഓഫീസർ കെർസിഗ് രണ്ട് ആംബുലൻസ് അറ്റൻഡർമാരുടെ തോളിൽ താങ്ങിക്കൊണ്ട് ആ നിര നടന്നുനോക്കി. പക്ഷേ തന്നെ അപമാനിച്ചവനെ കണ്ടുപിടിക്കാൻ അയാൾക്കു കഴിഞ്ഞില്ല. കെർസിഗിന്റെ മാനസികാവസ്ഥ ശരിയാകാത്തതു കൊണ്ടാണ് അങ്ങനെ വന്നതെന്നു പറഞ്ഞുകൊണ്ട് പിടി കൂടിയവരെ ചോദ്യം ചെയ്യാൻ പോലീസ് മേധാവി ഉത്തരവിട്ടു.
“ഇക്കാര്യത്തിൽ അവർ നിരപരാധികളാണെങ്കിൽ,” അയാൾ അഭിപ്രായപ്പെട്ടു, “അവർക്കു മറുപടി പറയാൻ മറ്റെന്തെങ്കിലും ഉണ്ടാവും; ചോദ്യം ചെയ്യൽ കൊണ്ട് എന്തെങ്കിലും ഫലം ഉണ്ടാകാതെ വരില്ല.“
ആ നഗരത്തിലെങ്കിലും കാര്യങ്ങൾ അങ്ങനെയായിരുന്നു താനും. എന്നുവച്ച് ചോദ്യം ചെയ്യലിനു വിധേയരായവരോട് മൂന്നാം മുറ പ്രയോഗിച്ചിരുന്നു എന്നൊന്നും നിങ്ങൾ വിചാരിച്ചുപോകരുത്. ഇത് അത്രയ്ക്കു പ്രാകൃതമായിരുന്നില്ല. കുറേക്കൂടി പരിഷ്കൃതമായ ചില മുറകളാണു പ്രയോഗിക്കപ്പെട്ടത്. ഓരോ പൗരനെക്കുറിച്ചും രഹസ്യപ്പോലീസ് ഒരു കാർഡ് ഇൻഡക്സ് തയാറാക്കിയിരുന്നു. ഓരോരുത്തരുടെയും ബന്ധുക്കൾക്കും ശത്രുക്കൾക്കുമിടയിൽ നീണ്ട കാലം, സംശയത്തിനിട കൊടുക്കാത്ത രീതിയിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ തയാറാക്കിയ ഇൻഡക്സിൽ നിന്ന് ഇന്നയാൾക്ക് ഇന്ന സംഗതിയാണ് അലർജി എന്നു കണ്ടെത്താൻ കഴിയും. ഉദാഹരണത്തിന് കാർബോളിക്കിന്റെ മണം, കണ്ണഞ്ചിക്കുന്ന പ്രകാശം, നാടൻ പാട്ടുകൾ, തൊലിയുരിച്ച പെരുച്ചാഴികൾ, വളിച്ച തമാശകൾ, കുരയ്ക്കുന്ന പട്ടികൾ, പേപ്പർ പശ. വേണ്ട വിധം പ്രയോഗിച്ചാൽ ഇവ കൊണ്ടു ഫലവും കണ്ടിരുന്നു. സന്ദർഭത്തിനനുസരിച്ചു ശരിയോ തെറ്റോ ആയ കുറ്റസമ്മതങ്ങൾ നേടിയെടുക്കാനും അങ്ങനെ പോലീസുകാർക്ക് അഭിമാനം കൊള്ളാനും അവ സഹായകമായി. മേല്പറഞ്ഞ അമ്പത്തെട്ടു പേർക്കും ഇനി നേരിടാനുള്ളത് ഇതായിരുന്നു.
അവർ തിരഞ്ഞുകൊണ്ടിരുന്ന മനുഷ്യൻ സ്വന്തം വീട്ടിലെത്തിയിട്ട് ഏറെ നേരം കഴിഞ്ഞിരുന്നു. പോലീസുകാർ കതകിൽ മുട്ടിയപ്പോൾ കുളിമുറിയിൽ ആയതു കാരണം അയാൾ കേട്ടില്ല; ഷവർ നിർത്തിയപ്പോൾ മറ്റാരോ മുട്ടുന്നതു കേട്ടു ചെന്നു നോക്കിയപ്പോൾ അതു പോസ്റ്റുമാൻ ആയിരുന്നു: അയാൾക്കൊരു ടെലെഗ്രാമുണ്ട്. അതൊരു നല്ല വിശേഷവുമായിരുന്നു: അയാൾക്കു വിദേശത്ത് നല്ലൊരു ജോലിവാഗ്ദാനം വന്നിരിക്കുന്നു; പക്ഷേ ഒരു നിബന്ധന: ഉടനേ തന്നെ പുറപ്പെടണം.
‘അങ്ങനെയാവട്ടെ,’ അയാൾ പറഞ്ഞു. ‘ഇനി രണ്ടു കാര്യങ്ങൾ ചെയ്യാനുണ്ട്: ഈ താടിയൊന്നെടുക്കണം; കാരണം എനിക്കിതു മതിയായി; പിന്നെ ഒരു പാസ്പോർട്ടെടുക്കണം; കാരണം, ഇതുവരെ ഞാൻ അതെടുത്തിട്ടില്ല.’
അയാൾ സന്തോഷത്തോടെ കുളി കഴിഞ്ഞ് വസ്ത്രം മാറി; ആഹ്ളാദസൂചകമായി വളരെ മനോഹരമായ ഒരു ടൈ തിരഞ്ഞെടുത്തു ധരിക്കുകയും ചെയ്തു. അടുത്ത വിമാനം എപ്പോഴാണെന്ന് ഫോൺ ചെയ്തന്വേഷിച്ചതിനു ശേഷം അയാൾ വീട്ടിൽ നിന്നിറങ്ങി. ഇതിനകം സമാധാനം തിരിച്ചുവന്ന തെരുവുകളിലൂടെ നടന്ന് അയാൾ ഒരു ബാർബർ ഷാപ്പിൽ കയറി. ബാർബർ തന്റെ ജോലി പൂർത്തിയാക്കിയപ്പോൾ അയാൾ നേരെ പോലീസ് ആസ്ഥാനത്തേക്കു നടന്നു; അടിയന്തിരമായി പാസ്പോർട്ട് കിട്ടാൻ അവിടെപ്പോയാലേ പറ്റൂ എന്ന് അയാൾക്കറിയാമായിരുന്നു.
ഇനി ഒരു വസ്തുത മനസ്സിലാക്കേണ്ട സമയമായി. ഇദ്ദേഹം ഒരു പോലീസുകാരനെ അവജ്ഞയോടെ നോക്കി എന്നതു വാസ്തവം തന്നെയാണ്; അതിനു കാരണം അയാളുടെ ഒരനന്തരവൻ ഈഗണുമായി കെർസിഗിനു വല്ലാത്തൊരു മുഖസാദൃശ്യമുണ്ടായിരുന്നു എന്നതുമാണ്. വകയ്ക്കു കൊള്ളാത്തവനും കാശു വാങ്ങിയാൽ തിരിച്ചു കൊടുക്കാത്തവനുമായ ആ അനന്തരവനോട് അയാൾക്ക് കടുത്ത അവജ്ഞയായിരുന്നു; ആ വെറുപ്പാണ് കെർസിഗിനെ കണ്ടപ്പോൾ അയാളുടെ നോട്ടത്തിൽ അറിയാതെ വന്നുപോയത്. കെർസിഗിന്റെ നിരീക്ഷണം ശരിയായിരുന്നു; അതിൽ തെറ്റു പറയാനില്ല.
യാദൃച്ഛികമെന്നല്ലാതെ എന്തു പറയാൻ, പോലീസ് ആസ്ഥാനത്തേക്കു കയറുമ്പോൾ, തന്റെ അനന്തരവൻ ഈഗണെ ഓർമ്മിപ്പിച്ച ആ പോലീസ് ഓഫീസറെ അയാൾ വീണ്ടും കണ്ടുമുട്ടി. ഇത്തവണ പക്ഷേ, മറ്റേയാൾക്കത് അവഹേളനമായി തോന്നിയാലോ എന്നു കരുതി അയാൾ നോട്ടം മാറ്റിക്കളയുകയാണുണ്ടായത്. തന്നെയുമല്ല, ആ പാവത്തിനെന്തോ നല്ല സുഖമില്ലാത്ത പോലെയും തോന്നി: രണ്ട് അറ്റൻഡർമാർ അയാളെ ഒരാംബുലൻസിനടുത്തേക്കു നടത്തിക്കൊണ്ടു പോവുകയായിരുന്നു.
പാസ്പോർട്ട് ഇടപാട് അയാൾ പ്രതീക്ഷിച്ചപോലെ അത്ര എളുപ്പമായിരുന്നില്ല. എന്തെല്ലാം രേഖകൾ കൈയിലുണ്ടായിട്ടും, ടെലെഗ്രാം എടുത്തു കാണിച്ചിട്ടും പ്രയോജനമുണ്ടായില്ല. ഇത്ര തിരക്കു കൂട്ടി ചെയ്യാനുള്ള കാര്യമല്ല പാസ്പോർട്ട് എന്നായി ഓഫീസർ.
“പാസ്പോർട്ട് എന്നു പറഞ്ഞാൽ വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്,” അയാൾ വിസ്തരിച്ചു. “സമയമെടുത്തേ അതു ശരിയാക്കാൻ പറ്റൂ.”
അയാൾ തലയാട്ടി.
“നിയമം പറയുമ്പോൾ അതു ശരി തന്നെ. പക്ഷേ നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് അവ ലംഘിക്കാൻ കൂടിയാണല്ലോ.”
“ഇക്കാര്യത്തിൽ എനിക്കായി ഒരു തീരുമാനമെടുക്കാനാവില്ല,” ഓഫീസർ പറഞ്ഞു, “അതിന് ചീഫ് തന്നെ വേണം.”
“എങ്കിൽ അങ്ങനെയാവട്ടെ.”
കടലാസുകൾ വാരിക്കൂട്ടിയെടുത്ത് ഓഫീസർ എഴുന്നേറ്റു.
“വന്നാട്ടെ,” അയാൾ പറഞ്ഞു, “നമുക്ക് ഒരെളുപ്പവഴിയേ പോകാം, കോടതിയിലൂടെ.”
അവർ രണ്ടുമൂന്നു മുറികൾ കടന്നുപോയതിലൊക്കെ ചെമ്പിച്ച താടിക്കാർ, അവർ മാത്രം, ഇരുപ്പുണ്ടായിരുന്നു. ‘ഇതു നല്ല തമാശയാണല്ലോ,’ അയാൾ മനസ്സിൽ പറഞ്ഞു. ‘ഇത്രയും പേർ ഉണ്ടാവുമെന്നു ഞാൻ കരുതിയതേയില്ല. ഞാൻ എന്തായാലും ഇപ്പോൾ ആ കൂട്ടത്തിൽ പെടുന്നുമില്ലല്ലോ.’
പല സ്വേച്ഛാധിപതികളെയും പോലെ ഈ പോലീസ് മേധാവിക്കും ലോകപരിചയമുള്ളയാളായി അഭിനയിക്കാൻ വലിയ താല്പര്യമായിരുന്നു. പാസ്പോർട്ട് ഓഫീസർ കാര്യം വിശദീകരിച്ചു കഴിഞ്ഞപ്പോൾ അയാൾ അയാളെ പറഞ്ഞയച്ചു; എന്നിട്ട് ആഗതന് ഒരു കസേര കൊടുത്തിരുത്തി. രണ്ടാമന് ഒരു പുഞ്ചിരി വരുത്താൻ കാര്യമായി പണിപ്പെടേണ്ടി വന്നു; കാരണം ഈ പോലീസ് മേധാവിക്ക് അയാളുടെ മറ്റൊരു അനന്തരവനായ ആർതറുടെ മുഖച്ഛായ ആയിരുന്നു; ആർതറെയും അയാൾക്കത്ര പിടുത്തമായിരുന്നില്ല. പക്ഷേ പുഞ്ചിരി വരുത്തുന്ന മാംസപേശികൾ അവയുടെ ജോലി ഭംഗിയായി നിർവഹിച്ചു: എന്തൊക്കെയായാലും പാസ്പോർട്ടിന്റെ പ്രശ്നമാണല്ലോ.
“ ഈ കീഴുദ്യോഗസ്ഥന്മാർ പേടിത്തൊണ്ടന്മാരാണ്,” പോലീസ് മേധാവി പ്രസ്താവിച്ചു, “തീരുമാനമെടുക്കേണ്ടി വരുമ്പോൾ അവർ ഒഴിഞ്ഞുമാറിക്കളയും. നിങ്ങളുടെ പാസ്പോർട്ട് ഞാൻ ഇപ്പോൾത്തന്നെ ശരിയാക്കിത്തരാം. നിങ്ങളെ ഇസ്താംബുളിലേക്കു വിളിപ്പിച്ചിരിക്കുന്നത് നമ്മുടെ നഗരത്തിനു തന്നെ ഒരു ബഹുമതിയാണല്ലോ. നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.“
പാസ്പോർട്ടിൽ ഒരു റബ്ബർ സ്റ്റാമ്പ് കുത്തിയിട്ട് അയാൾ അതിൽ ഒപ്പിട്ടു.
എന്നിട്ട് ഏതോ പഴയ നോട്ടുബുക്കു പോലെ തൂക്കിപ്പിടിച്ചുകൊണ്ട് അയാൾ അത് ആഗതനു കൈമാറി.
”ടൈ കൊള്ളാമല്ലോ,“ അയാൾ പറഞ്ഞു. ”ഏതോ തെരുവിന്റെ പടമാണല്ലേ?“
”അതെ,“ മറ്റേയാൾ പറഞ്ഞു. ”ഇസ്താംബുളിലെ ഒരു തെരുവിന്റെ.“
”കൊള്ളാം, നല്ല ആശയം. എന്നാല്പിന്നെ-“ എഴുന്നേറ്റു കൈ നീട്ടിക്കൊണ്ട് പോലീസ് മേധാവി പറഞ്ഞു. ”നിങ്ങളുടെ യാത്ര മംഗളമാവട്ടെ.“
സന്ദർശകനെ വാതിലോളം അനുഗമിച്ച്, സൗഹൃദഭാവത്തിൽ ഒരു കൈവീശലും നടത്തിയിട്ട് അയാൾ ചോദ്യം ചെയ്യൽ നടക്കുന്ന മുറിയിലേക്കു ചെന്നു.
പീഡനത്തിൽ നിന്നൊരു ശമനം കിട്ടാൻ ആ ഹതഭാഗ്യർ ഇതിനകം പല കുറ്റങ്ങളും സമ്മതിച്ചു കഴിഞ്ഞിരുന്നു, തങ്ങളിൽ ആരോപിച്ചിരിക്കുന്ന ആ ഒന്നൊഴികെ.
ചോദ്യം ചെയ്യൽ തുടരാൻ ആജ്ഞാപിച്ചുകൊണ്ട് പോലീസ് മേധാവി ഊണു കഴിക്കാനായി പോയി.
തിരിയെ വരുമ്പോൾ മേശപ്പുറത്ത് ഒരു റിപ്പോർട്ട് അയാളെ കാത്തിരുപ്പുണ്ടായിരുന്നു. അന്നു രാവിലെ താൻ ഒരാളുടെ ചെമ്പിച്ച താടി അയാളുടെ ആവശ്യപ്രകാരം വടിച്ചുകൊടുത്തതായി ഒരു ബാർബർ മൊഴി കൊടുത്തിരിക്കുന്നു. കക്ഷിയുടെ രൂപം അയാൾക്കത്ര ഓർമ്മയില്ല; പക്ഷേ വേഷത്തിലെ ഒരു പ്രത്യേകത അയാൾ ശ്രദ്ധിച്ചിരുന്നു: ഒരു തെരുവിന്റെ പടമുള്ള ടൈ.
”ഞാനെന്തൊരു വിഡ്ഢി!“ രണ്ടു പടികൾ ഒരുമിച്ചു ചാടിയിറങ്ങി കാറു കിടക്കുന്നിടത്തേക്കു പാഞ്ഞുകൊണ്ട് പോലീസ് മേധാവി ആക്രോശിച്ചു.
“എയർപോർട്ട്!” പിൻസീറ്റിലേക്കു ചാടിവീണുകൊണ്ട് അയാൾ ഡ്രൈവറോടലറി.
ഡ്രൈവർ തന്റെ കഴിവിന്റെ പരമാവധി ചെയ്തു: അയാൾ രണ്ടു നായ്‌ക്കളെയും രണ്ടു പ്രാക്കളെയും ഒരു പൂച്ചയേയും കാറു കയറ്റിക്കൊന്നു; ഒരു ട്രാമിനെ ഒന്നുരസ്സിമാറി: ചവറ്റുകടലാസ് കയറ്റിവന്ന ഒരുന്തുവണ്ടി തട്ടിയിട്ടു; നൂറു കണക്കിനു വഴിയാത്രക്കാരെ വിരട്ടിയോടിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ് അവർ അവിടെയെത്തുമ്പോൾ അല്പമകലെയായി, ഒരു സെക്കന്റു പോലും വൈകാതെ, ഇസ്താംബുളിലേക്കുള്ള വിമാനം റൺവേയിൽ നിന്നുയരുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ