2016, ഫെബ്രുവരി 20, ശനിയാഴ്‌ച

അൽബേർ കമ്യു - അതിഥി



ണ്ടു പേർ തനിക്കടുത്തേക്കു കുന്നു കയറി വരുന്നതു നോക്കിനില്ക്കുകയായിരുന്നു സ്ക്കൂൾ മാസ്റ്റർ. ഒരാൾ കുതിരപ്പുറത്താണ്‌, മറ്റേയാൾ നടക്കുകയും. കുന്നിൻ ചരിവിൽ പണിതിരുന്ന സ്ക്കൂൾക്കെട്ടിടത്തിലേക്കുള്ള ചെങ്കുത്തായ കയറ്റം അവരിനിയും കയറിക്കഴിഞ്ഞിട്ടില്ല. വിജനമായ പീഠഭൂമിയുടെ വിശാലതയിൽ കല്ലുകൾക്കിടയിലൂടെ, മഞ്ഞിൽ പുതഞ്ഞ് കഷ്ടപ്പെട്ടു മുന്നോട്ടു നീങ്ങുകയാണവർ. ഇടയ്ക്കിടയ്ക്ക് കുതിരയുടെ കാലിടറിയിരുന്നു. കേൾക്കാവുന്ന ദൂരത്തായിട്ടില്ല അവരെങ്കിലും കുതിരയുടെ നാസാദ്വാരങ്ങളിലൂടെ അതിന്റെ നിശ്വാസവായു നിർഗമിക്കുന്നതു കാണാമായിരുന്നു. അവരിൽ ഒരാൾക്കെങ്കിലും ആ പ്രദേശം പരിചയമായിരിക്കണം. വൃത്തികെട്ട വെളുത്ത മഞ്ഞുപാളിക്കടിയിൽ ദിവസങ്ങൾക്കു മുമ്പേ മറഞ്ഞുപോയ വഴിത്താരയാണവർ പിന്തുടരുന്നത്. കുന്നിന്മുകളിലെത്താൻ അവർ ഇനിയും അര മണിക്കൂറു പിടിക്കുമെന്ന് സ്കൂൾ മാസ്റ്റർ കണക്കു കൂട്ടി. തണുപ്പു തോന്നി; സ്വെറ്ററെടുത്തു വരാൻ വേണ്ടി അയാൾ സ്ക്കൂളിന്നകത്തേക്കു പോയി.

ശൂന്യവും മരവിച്ചതുമായ ക്ളാസ് മുറിയിലൂടെ അയാൾ നടന്നു. ബ്ളാക്ക്ബോർഡിൽ വ്യത്യസ്തവർണ്ണങ്ങളിലുള്ള ചോക്കുകൾ കൊണ്ടു വരച്ചിട്ടിരുന്ന ഫ്രാൻസിലെ നാലു നദികൾ കഴിഞ്ഞ മൂന്നു ദിവസമായി അഴിമുഖങ്ങളിലേക്കൊഴുകിക്കൊണ്ടിരിക്കുകയാണ്‌. ഇടമഴ കിട്ടാത്ത എട്ടു മാസത്തെ വരൾച്ചയ്ക്കൊടുവിൽ ഒക്ടോബർ പാതിയ്ക്ക് പെട്ടെന്നു മഞ്ഞു വീഴുകയായിരുന്നു; അതോടെ പീഠഭൂമിയിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന ഗ്രാമങ്ങളിലെ ഇരുപതിനടുത്തു വരുന്ന കുട്ടികൾ സ്കൂളിലേക്കു വരാതെയുമായി. കാലാവസ്ഥ ഭേദപ്പെട്ടാൽ അവർ തിരിച്ചുവരും. ക്ളാസുമുറിയോടു ചേർന്ന് താൻ താമസിച്ചിരുന്ന ഒറ്റമുറിയേ ദരു ഇപ്പോൾ ചൂടു പിടിപ്പിക്കാറുള്ളു; ക്ളാസുമുറിയുടെ ജനാല പോലെ അതിന്റെ ജനാലയും തെക്കുഭാഗത്തേക്കാണു തുറക്കുന്നത്. പീഠഭൂമിയുടെ തെക്കോട്ടുള്ള ചരിവു തുടങ്ങുന്ന ഭാഗത്തു നിന്ന് കുറച്ചു കിലോമീറ്റർ ഇപ്പുറത്താണ്‌ സ്കൂൾ നില്ക്കുന്നത്.

ദേഹത്തിന്‌ ഒരല്പം ചൂടു കിട്ടിയെന്നായപ്പോൾ ദരു താൻ ആ രണ്ടു പേരെ ആദ്യം കണ്ട ജനാലയ്ക്കലേക്കു തിരിച്ചുപോയി. അവരെ കാണാതായിരിക്കുന്നു. എങ്കിൽ അവർ ആ കയറ്റം കയറിക്കഴിഞ്ഞിരിക്കണം. മഞ്ഞുവീഴ്ച രാത്രിയിൽ തന്നെ നിലച്ചിരുന്നതിനാൽ ആകാശം അത്ര ഇരുണ്ടുകിടക്കുകയായിരുന്നില്ല. ഒരു മുഷിഞ്ഞ വെളിച്ചവുമായി തുടക്കമിട്ട പ്രഭാതം മേഘങ്ങളുടെ മേലാപ്പു മാറിയിട്ടും ഒട്ടും തെളിഞ്ഞിട്ടില്ല. ഈ ഉച്ചയ്ക്കു രണ്ടു മണിയ്ക്കും പകൽ തുടങ്ങിയിട്ടേയുള്ളുവെന്ന പ്രതീതിയാണ്‌. എന്നാലും മഞ്ഞു കട്ട കുത്തി വീണിരുന്ന ആ മൂന്നു ദിവസങ്ങളെക്കാൾ ഭേദം തന്നെയാണിത്; ഇട മുറിയാത്ത ഇരുട്ടത്ത് ക്ളാസുമുറിയുടെ ഇരട്ടവാതിൽ ഇടയ്ക്കിടെ വീശുന്ന കാറ്റത്തു കിടുകിടുത്തിരുന്നു. ആ ദിവസങ്ങളിൽ ദരു മുറി വിട്ടു പോയിരുന്നില്ല; പോകുന്നെങ്കിൽ അത് ഷെഡ്ഡിൽ ചെന്ന് കോഴികൾക്കു തീറ്റ കൊടുക്കാനോ കുറച്ചു കരിയെടുക്കാനോ മാത്രമായിരുന്നു. ഭാഗ്യത്തിന്‌, വടക്കു ഭാഗത്ത് തൊട്ടടുത്തുള്ള ഗ്രാമമായ താദ്ജിദിൽ നിന്നുള്ള ഡെലിവറി ട്രക്ക് മഞ്ഞുകാറ്റിനു രണ്ടു ദിവസം മുമ്പ് അയാൾക്കുള്ള സാധനങ്ങളുമായി വന്നുപോയിരുന്നു. നാല്പത്തെട്ടു മണിക്കൂർ കഴിഞ്ഞാൽ അവർ പിന്നെയും വരും.

അതിനും പുറമേ, ഒരുപരോധം തന്നെ ചെറുക്കുന്നതിനു മതിയായതൊക്കെ അയാൾക്കുണ്ടായിരുന്നു; വരൾച്ച കൊണ്ടു വലഞ്ഞ കുടുംബങ്ങളിലെ കുട്ടികൾക്കു കൊടുക്കാനായി സർക്കാർ ഏല്പിച്ച ഗോതമ്പുചാക്കുകൾ അയാളുടെ കൊച്ചുമുറിയിൽ കെട്ടിവച്ചിരിക്കുകയാണല്ലൊ. വാസ്തവത്തിൽ എല്ലാവരും പാവങ്ങളായതിനാൽ എല്ലാവരും ആവശ്യക്കാരുമായിരുന്നു. ദരു എല്ലാ ദിവസവും അവരുടെ വിഹിതം അളന്നുകൊടുക്കും. ഈ മോശപ്പെട്ട കാലത്ത് അതിന്റെ ഇല്ലായ്മ അവർ അറിയുന്നുണ്ടാവണം. ഏതെങ്കിലും ഒരച്ഛനോ ചേട്ടനോ ഇന്നുച്ച തിരിഞ്ഞു വരാൻ വഴിയുണ്ട്; എങ്കിൽ അവർക്കു വേണ്ട ഗോതമ്പ് അയാൾക്കളന്നു കൊടുക്കാം. അടുത്ത കൊയ്ത്തു വരെ തള്ളിനീക്കേണ്ട കാര്യമേയുള്ളു. ഇപ്പോഴാണെങ്കിൽ ഫ്രാൻസിൽ നിന്ന് കപ്പൽ കണക്കിനു ഗോതമ്പു വരുന്നതിനാൽ കടുത്ത ദുരിതത്തിന്റെ കാലം കഴിഞ്ഞു. പക്ഷേ ആ ദാരിദ്ര്യം, വെയിലത്തലഞ്ഞുനടക്കുന്ന കീറത്തുണിയുടുത്ത പ്രേതങ്ങളുടെ പറ്റങ്ങൾ, മാസങ്ങളെന്നില്ലാതെ കരിഞ്ഞുകരിഞ്ഞു കരിക്കട്ടയായ കുന്നുകൾ, പതിയെപ്പതിയെ നീരു വലിഞ്ഞുണങ്ങിയ, ശരിക്കും പൊള്ളിക്കരിഞ്ഞ മണ്ണ്‌, ചവിട്ടുമ്പോൾ പൊടിഞ്ഞുപോകുന്ന കല്ലുകൾ, ഇതൊന്നും പെട്ടെന്നങ്ങു മറക്കാവുന്നതല്ല. ആടുകൾ ആയിരക്കണക്കിനാണ്‌ അന്നു ചത്തൊടുങ്ങിയത്; അവിടവിടെയായി ചില മനുഷ്യരും; പലപ്പോഴും ആരും അതറിഞ്ഞതുമില്ല.

ഈ ദാരിദ്ര്യം വച്ചു നോക്കുമ്പോൾ, വിദൂരമായ ഒരു സ്കൂൾ കെട്ടിടത്തിൽ ഒരു ഭിക്ഷുവിന്റേതു പോലുള്ള ജീവിതമാണെങ്കിലും, തനിക്കു കിട്ടുന്ന അല്പം സൗകര്യങ്ങൾ കൊണ്ടു തൃപ്തിപ്പെട്ടും പരുക്കൻ ജീവിതം സഹിച്ചുമാണു കഴിയുന്നതെങ്കിലും, ദരുവിനു തോന്നിയിരുന്നു, വെള്ളയടിച്ച ചുമരുകളും വീതി കുറഞ്ഞ കട്ടിലും ചായമടിക്കാത്ത അലമാരകളും കിണറും ആഴ്ചയ്ക്കാഴ്ച കിട്ടുന്ന ആഹാരവും വെള്ളവുമൊക്കെയായി ഒരു പ്രഭുവിന്റെ മട്ടിലുള്ള ജീവിതമാണു തന്റേതെന്ന്. അപ്പോഴാണ്‌ ഒരു മുന്നറിയിപ്പുമില്ലാതെ, മഴയുടെ രുചി പോലുമറിയുന്നതിനു മുമ്പ് പെട്ടെന്നുള്ള ഈ മഞ്ഞുവീഴ്ച. ഈ പ്രദേശം ഇങ്ങനെയാണ്‌, ജീവിക്കാൻ ഒരാലംബവും തരാത്ത സ്ഥലം- മനുഷ്യരില്ലെങ്കില്പോലും- അവരുണ്ടായാലും മാറ്റമൊന്നും വരാനുമില്ല. പക്ഷേ ദരു ജനിച്ചതിവിടെയാണ്‌. മറ്റെവിടെയായാലും അവിടെ താൻ ഭ്രഷ്ടനാണെന്ന് അയാൾക്കു തോന്നിയിരുന്നു.

അയാൾ സ്കൂളിന്റെ മുറ്റത്തേക്കിറങ്ങിനിന്നു. ആ രണ്ടു പേരും കുന്നിഞ്ചരിവിന്റെ പാതിയെത്തിയിരിക്കുന്നു. കുതിരപ്പുറത്തിരിക്കുന്നയാൾ ബൽദൂച്ചിയാണെന്ന് അയാൾ തിരിച്ചറിഞ്ഞു: ഏറെനാളായി അയാൾക്കു പരിചയമുള്ള പ്രായം ഒരു ചെന്ന പോലീസുകാരൻ. ബൽദൂച്ചി പിടിച്ചിരുന്ന കയറിന്റെ അറ്റത്ത് ഒരറബി ഉണ്ടായിരുന്നു; കൈകൾ കൂട്ടിക്കെട്ടി, തല താഴ്ത്തിപ്പിടിച്ച് അയാൾ പിന്നിൽ നടന്നുവരികയാണ്‌. പോലീസുകാരൻ കൈ വീശിക്കാണിച്ചപ്പോൾ ദരു തിരിച്ചൊന്നും പറഞ്ഞില്ല; ആ അറബിയെത്തന്നെ നോക്കി സ്വയം മറന്നു നില്ക്കുകയാണയാൾ: നിറം മങ്ങിയ നീലിച്ച ജലാബയാണ്‌ അയാൾ ഇട്ടിരിക്കുന്നത്; കാലുകളിൽ വള്ളിച്ചെരുപ്പുകളാണെങ്കിലും പരുക്കൻ രോമം കൊണ്ടുള്ള സോക്സുമുണ്ട്; തലയിൽ വീതി കുറഞ്ഞ ചെറിയ ഷേഷെ. അവർ നടന്നടുക്കുകയായിരുന്നു. അറബിയ്ക്കു വേദനിക്കരുതെന്നു കരുതി ബൽദൂച്ചി ഇടയ്ക്കിടെ കുതിരയെ പിന്നിലേക്കു വലിക്കുന്നുണ്ട്; അവർ സാവധാനം കയറിവരികയാണ്‌.

കേൾക്കുന്ന ദൂരമെത്തിയപ്പോൾ ബൽദൂച്ചി വിളിച്ചുപറഞ്ഞു: ‘എൽ അമോറിൽ നിന്ന് ഈ മൂന്നു കിലോമീറ്റർ നടക്കാൻ ഒരു മണിക്കൂർ!’ ദരു മറുപടിയൊന്നും പറഞ്ഞില്ല. കട്ടിയുള്ള സ്വെറ്ററിൽ തടിച്ചു കുറുകി കാണപ്പെട്ട അയാൾ അവർ കയറിവരുന്നതും നോക്കി നിന്നു. ഒരിക്കല്പോലും അറബി തല പൊക്കി നോക്കിയിരുന്നില്ല. ‘ഹലോ,’ അവർ മുറ്റത്തെത്തിയപ്പോൾ ദരു പറഞ്ഞു. ‘കയറിയിരുന്ന് ഒന്നു തണുപ്പു മാറ്റിയിട്ടു പോകാം.’ ബൽദൂച്ചി കയറിലെ പിടി വിടാതെ തന്നെ ദേഹം വേദനിക്കുന്ന മട്ടിൽ കുതിരപ്പുറത്തു നിന്നിറങ്ങി. ഇടതൂർന്ന മീശക്കടിയിലൂടെ അയാൾ സ്കൂൾ മാസ്റ്ററെ നോക്കി പുഞ്ചിരിച്ചു. വെയിൽ കൊണ്ടു കരുവാളിച്ച നെറ്റിയ്ക്കു താഴെ ആഴത്തിൽ പോയ കടുകുമണികൾ പോലത്തെ ഇരുണ്ട കണ്ണുകളും ചുളിവുകൾ അരികു വയ്ക്കുന്ന ചുണ്ടുകളും അയാളുടെ ജാഗരൂകതയും ക്ളേശസഹിഷ്ണുതയും വിളിച്ചുകാണിക്കുന്നതായിരുന്നു. ദരു കുതിരയെ കടിഞ്ഞാണിനു പിടിച്ച് ഷെഡ്ഡിലേക്കു കൊണ്ടുപോയി; പിന്നെ സ്കൂളിനു മുന്നിൽ കാത്തുനിന്ന ആ രണ്ടു പേരെയും തന്റെ മുറിയിലേക്കാനയിച്ചു. ‘ഞാൻ പോയി ക്ളാസ്സുമുറി ഒന്നു ചൂടാക്കിയിട്ടു വരാം,’ അയാൾ പറഞ്ഞു. ‘അവിടെയാണ്‌ കുറച്ചു കൂടി സുഖം.’ അയാൾ തിരിച്ചു മുറിയിലെത്തുമ്പോൾ ബൽദൂച്ചി കട്ടിലിൽ ഇരിക്കുകയായിരുന്നു. സ്റ്റൗവിനടുത്തു കുത്തിയിരുന്നുകഴിഞ്ഞ അറബിയെ തന്നോടു കെട്ടിയിരുന്ന കയർ അയാൾ അഴിച്ചു മാറ്റിയിരുന്നു. കൈകൾ അപ്പോഴും കൂട്ടിക്കെട്ടിയിരുന്ന അറബി ഷേഷെ പിന്നിലേക്കല്പം ചരിച്ചു വച്ചിട്ട് ജനാലയിലൂടെ പുറത്തേക്കു നോക്കുകയായിരുന്നു. ദരു ആദ്യം അയാളുടെ വലിയ ചുണ്ടുകളേ ശ്രദ്ധിച്ചുള്ളു: തടിച്ച, മിനുങ്ങുന്ന, നീഗ്രോയിഡ് എന്നു പറയാവുന്ന ചുണ്ടുകൾ; എന്നാൽ അയാളുടെ മൂക്ക് നീണ്ടുകൂർത്തതായിരുന്നു, കണ്ണുകൾ ഇരുണ്ടതും ജ്വരതപ്തവും. ഷേഷെക്കടിയിൽ നെറ്റിത്തടം ദൃഢബോദ്ധ്യമുറ്റതായിരുന്നു; തണുപ്പു കൊണ്ടു വിവർണ്ണമായ മുഖത്ത് അക്ഷമയുടെയും ധിക്കാരത്തിന്റെയും ഭാവം; അറബി മുഖം തിരിച്ച് അയാളുടെ കണ്ണുകളിൽത്തന്നെ നോക്കിയപ്പോൾ ദരുവിന്‌ അത് ഉള്ളിൽ തട്ടി.

‘മറ്റേ മുറിയിലേക്കു പൊയ്ക്കോ,’ സ്കൂൾ മാസ്റ്റർ പറഞ്ഞു, ‘ഞാൻ കുറച്ചു പുതിനച്ചായ ഉണ്ടാക്കാം.’ ‘നന്നായി,’ ബൽദൂച്ചി പറഞ്ഞു. ‘ഒടുക്കത്തെപ്പണി! പെൻഷനായാൽ മതിയായിരുന്നു.’ എന്നിട്ട് തടവുകാരനെ നോക്കി അറബിയിൽ: ‘നടക്കെടോ.’ അറബി എഴുന്നേറ്റ് കൂട്ടിക്കെട്ടിയ കൈകൾ മുന്നിലേക്കു നീട്ടിപ്പിടിച്ച് പതുക്കെ ക്ളാസുമുറിയിലേക്കു നടന്നു.

ചായ കൊണ്ടുവരുമ്പോൾ ദരു ഒരു കസേര കൂടി എടുത്തിരുന്നു. പക്ഷേ ബൽദൂച്ചി അതിനകം കൈവാക്കിനു കണ്ട ഒരു ഡസ്ക്കിൽ ഉപവിഷ്ടനായിക്കഴിഞ്ഞിരുന്നു; അറബി ഡസ്ക്കിനും ജനാലയ്ക്കുമിടയ്ക്ക് അദ്ധ്യാപകന്റെ മേശയ്ക്കെതിരെ സ്റ്റൗവിനഭിമുഖമായി കുത്തിയിരുന്നു. അയാൾക്കു ചായഗ്ളാസ് നീട്ടുമ്പോൾ കൂട്ടിക്കെട്ടിയ കൈകൾ കണ്ട് ദരു ഒന്നറച്ചു. ‘അയാളുടെ കെട്ടൊന്നഴിച്ചാലോ?’ ‘പിന്നെന്താ,’ ബൽദൂച്ചി പറഞ്ഞു. ‘അതു യാത്രയ്ക്കു വേണ്ടി ഒന്നു കെട്ടിയെന്നേയുള്ളു.’ അയാൾ എഴുന്നേല്ക്കാൻ തുടങ്ങി. പക്ഷേ അപ്പോഴേക്കും ദരു ഗ്ലാസ് തറയിൽ വച്ചിട്ട് അറബിയുടെ മുന്നിൽ മുട്ടു കുത്തി ഇരുന്നുകഴിഞ്ഞു. അറബി ഒന്നും മിണ്ടാതെ പനിക്കുന്ന കണ്ണുകൾ കൊണ്ട് അയാളെത്തന്നെ നോക്കുകയായിരുന്നു. കൈകൾ സ്വതന്ത്രമായപ്പോൾ അയാൾ നീരു വന്നു വീർത്ത കണംകൈകൾ തമ്മിൽ കൂട്ടിത്തിരുമ്മി; എന്നിട്ട് ചായഗ്ലാസെടുത്ത് ആ പൊള്ളുന്ന ദ്രാവകം തെരുതെരെ മൊത്തിക്കുടിച്ചു.

‘അതിരിക്കട്ടെ,’ ദരു ചോദിച്ചു, ‘ എങ്ങോട്ടാണു യാത്ര?’

ബൽദൂച്ചി ചായയിൽ നിന്നു മീശയെടുത്തു. ‘ഇങ്ങോട്ടു തന്നെ, മോനേ.’

‘കൊള്ളാം, നല്ല വിദ്യാർത്ഥികൾ തന്നെ! രാത്രിയിൽ ഇവിടെ തങ്ങാനാണോ?’

‘അല്ല. ഞാൻ എൽ അമോറിലേക്കു തിരിച്ചുപോവുകയാണ്‌. നീ ഈ ചങ്ങാതിയെ ടിൻഗ്വിറ്റിലെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും വേണം.’

സ്നേഹഭാവത്തിലുള്ള ഒരു ചെറുചിരിയോടെ ബൽദൂച്ചി ദരുവിനെ നോക്കുകയായിരുന്നു.

‘ഇതെന്തു കഥ?’ സ്കൂൾ മാസ്റ്റർ ചോദിച്ചു. ‘നിങ്ങളെന്നെ കളിയാക്കുകയാണോ?’

‘അല്ല, മോനേ. ഓർഡർ അങ്ങനെയാണ്‌.’

‘ഓർഡർ? അതിനു ഞാൻ...’ ദരു അവിടെ നിർത്തി; പ്രായം ചെന്ന ആ കോർസിക്കനെ വേദനിപ്പിക്കാൻ അയാൾക്കു മനസ്സു വന്നില്ല. ‘ഞാൻ പറഞ്ഞത്, ഇതെന്റെ ജോലിയല്ലെന്നാണ്‌.’

‘എന്ത്! നീ പറഞ്ഞതിന്റെ അർത്ഥമെന്താ? യുദ്ധകാലമാവുമ്പോൾ എല്ലാവരും എല്ലാം ചെയ്യണം.’

‘എങ്കിൽ യുദ്ധം പ്രഖ്യാപിക്കും വരെ എനിക്കൊഴിഞ്ഞു നില്ക്കാമല്ലോ!’

‘ആയിക്കോ. എന്തായാലും ഓർഡർ ഇറങ്ങിയിട്ടുണ്ട്, അതു നിനക്കും ബാധകമാണ്‌. എന്തൊക്കെയോ ഉരുണ്ടുകൂടുന്നുണ്ടെന്നു തോന്നുന്നു. ലഹളയുണ്ടാവുമെന്നും പറഞ്ഞുകേൾക്കുന്നു. ഞങ്ങളോട് തയാറായിരിക്കാൻ പറഞ്ഞിരിക്കുകയാണ്‌.’

അപ്പോഴും ദരുവിന്റെ മുഖത്ത് വഴങ്ങില്ലെന്ന ഭാവമായിരുന്നു.

‘നോക്ക്, മോനേ’ ബൽദൂച്ചി പറഞ്ഞു. ‘എനിക്കു നിന്നെ ഇഷ്ടമായതുകൊണ്ടു പറയുകയാണ്‌, നീ കാര്യം മനസ്സിലാക്കണം. ഇത്രയും സ്ഥലത്തു പട്രോൾ ചെയ്യാൻ എൽ അമോറിൽ ഞങ്ങൾ ഒരു ഡസൻ പേരേയുള്ളു; അതിനാൽ എനിക്കു പെട്ടെന്നു മടങ്ങിപ്പോകണം. ഇയാളെ നിന്റെ പക്കൽ ഏല്പിച്ചിട്ട് ഒട്ടും വൈകാതെ മടങ്ങാനാണ്‌ എന്നോടു പറഞ്ഞിരിക്കുന്നത്. ഇയാളെ അവിടെ വച്ചുകൊണ്ടിരിക്കാൻ പറ്റില്ല. അവന്റെ ഗ്രാമക്കാർ ഇളകീട്ടുണ്ട്; അവർക്കിവനെ തിരിച്ചുകിട്ടണം. നാളെ സന്ധ്യക്കു മുമ്പ് നീ ഇയാളെ ടിൻഗ്വിറ്റിൽ എത്തിച്ചേപറ്റൂ. നിന്നെപ്പോലെ ഉരത്ത ഒരാൾക്ക് ഇരുപതു കിലോമീറ്റർ വലിയ കാര്യമൊന്നുമല്ല. അതു കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു. പിന്നെ നിനക്ക് നിന്റെ കുട്ടികളായി, സുഖജീവിതമായി.‘

ചുമരിനു പിന്നിൽ കുതിര മുക്കുറയിടുന്നതും നിലത്തു മാന്തുന്നതും കേൾക്കാമായിരുന്നു. ദരു ജനാലയിലൂടെ പുറത്തേക്കു നോക്കി. കാലാവസ്ഥ മെച്ചപ്പെടുകയാണെന്നു വ്യക്തമായിരുന്നു; മഞ്ഞു വീണ പീഠഭൂമിക്കു മേൽ വെളിച്ചം കൂടി വരികയാണ്‌. മഞ്ഞെല്ലാം അലിഞ്ഞു കഴിഞ്ഞാൽ സൂര്യൻ പിന്നെയും അധികാരമേറ്റെടുക്കും, പാറകൾ മാത്രമായ ഈ ഭൂമിയെ പിന്നെയുമതു ചുട്ടുപൊള്ളിക്കുകയും ചെയ്യും. ഇനി ദിവസങ്ങളോളം ഒന്നിനും മനുഷ്യനുമായിട്ടൊരു ബന്ധവുമില്ലാത്ത ഈ ഏകാന്തവിശാലതയിൽ മാറ്റമില്ലാത്ത ആകാശം അതിന്റെ വരണ്ട വെളിച്ചം ചൊരിയും.

’അതൊക്കെയിരിക്കട്ടെ,‘ ബൽദൂച്ചിയുടെ നേക്കു തിരിഞ്ഞുകൊണ്ട് അയാൾ ചോദിച്ചു, ’എന്താണിയാൾ ചെയ്തത്?‘ പോലീസുകാരൻ വായ തുറക്കുന്നതിനു മുമ്പേ അയാൾ പിന്നെയും ചോദിച്ചു, ’ഇയാൾക്കു ഫ്രഞ്ചറിയാമോ?‘

’ഇല്ല, ഒരക്ഷരമറിയില്ല. ഒരു മാസമായി, ഞങ്ങൾ ഇവനെ തിരഞ്ഞു നടക്കാൻ തുടങ്ങിയിട്ട്; പക്ഷേ അവർ ഇവനെ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. ഇവൻ ഇവന്റെയൊരു ബന്ധുവിനെ കൊന്നു.‘

’ഇയാൾ നമുക്കെതിരാണോ?‘

’എന്നെനിക്കു തോന്നുന്നില്ല. അതു പക്ഷേ അങ്ങനെയങ്ങുറപ്പിക്കാനും പറ്റില്ലല്ലോ.‘

’എന്തിനാണിയാൾ കൊന്നത്?‘

’കുടുംബവഴക്കാവാം. ഒരാൾ മറ്റേയാൾക്ക് ഗോതമ്പു തിരിച്ചുകൊടുക്കാനുണ്ടായിരുന്നുവെന്നു തോന്നുന്നു. ഒന്നും അത്ര വ്യക്തമല്ല. ചുരുക്കത്തിൽ വാക്കത്തി കൊണ്ട് ഇവൻ മറ്റേയാളെ കൊന്നു. ആടിനെ കൊല്ലുമ്പോലെ, ക്രീസ്ക്!‘

ബൽദൂച്ചി തൊണ്ടയ്ക്കു കത്തി വച്ചു വലിക്കുന്ന പോലെ കാണിച്ചു; അതു ശ്രദ്ധിച്ച അറബി ഒരുതരം ഉത്കണ്ഠയോടെ അയാളെ നോക്കി. ദരുവിന്‌ പെട്ടെന്ന് ആ മനുഷ്യനോട് വല്ലാത്ത രോഷം തോന്നി, അയാളോടു മാത്രമല്ല, നശിച്ച വൈരവും തീരാത്ത പകയും ചോരക്കൊതിയും കൊണ്ടുനടക്കുന്ന സകല മനുഷ്യരോടും.

അപ്പോഴേക്കും ചായ തിളച്ചുകഴിഞ്ഞിരുന്നു. അയാൾ ബൽദൂച്ചിക്ക് കുറച്ചുകൂടി ചായ ഒഴിച്ചു കൊടുത്തു; ഒന്നു മടിച്ച ശേഷം അറബിക്കും; അയാൾ അത് ആർത്തിയോടെ കുടിച്ചു. അയാൾ കൈ ഉയർത്തിയപ്പോൾ വിടർന്നുമാറിയ ജലാബയ്ക്കുള്ളിലൂടെ അയാളുടെ മെലിഞ്ഞു പേശിയുറച്ച നെഞ്ച് സ്കൂൾ മാസ്റ്റർ കണ്ടു.

’നന്ദി, കുട്ടീ,‘ ബൽദൂച്ചി പറഞ്ഞു. ’അപ്പോൾ, ഞാൻ പോകുന്നു.‘

ബൽദൂച്ചി എഴുന്നേറ്റ് പോക്കറ്റിൽ നിന്ന് ചെറിയൊരു തുണ്ടു കയറുമെടുത്ത് അറബിയുടെ നേർക്കു ചെന്നു.

’എന്താ ചെയ്യുന്നത്?‘ വരണ്ട ശബ്ദത്തിൽ ദരു ചോദിച്ചു.

ബൽദൂച്ചി ഒന്നു പകച്ചുകൊണ്ട് കയറെടുത്തു കാണിച്ചു.

’അതാവശ്യമില്ല.‘

വൃദ്ധനായ പൊലീസുകാരൻ മടിച്ചുനിന്നു. ’നിന്റെ ഇഷ്ടം പോലെ. നിന്റെ കൈയിൽ ആയുധമുണ്ടല്ലോ, അല്ലേ?‘

’ഒരു ഷോട്ട് ഗണ്ണുണ്ട്.‘

’എവിടെ?‘

’പെട്ടിയിൽ.‘

’അതെടുത്ത് കട്ടിലിനടുത്തു വയ്ക്കേണ്ടതല്ലേ?‘

’എന്തിന്‌? എനിക്കൊന്നും പേടിക്കാനില്ല.‘

’നിനക്കു കിറുക്കാണ്‌ മോനേ. ലഹളയുണ്ടായാൽ ആരും സുരക്ഷിതരല്ല, എന്റെയും നിന്റെയുമൊക്കെ ഗതി ഒന്നു തന്നെ.‘

’എന്റെ കാര്യത്തിൽ പേടിക്കേണ്ട. ഇവിടെയാവുമ്പോൾ അവർ വരുന്നതു കാണാൻ എനിക്കു സമയം കിട്ടുമല്ലൊ.‘

ബൽദൂച്ചിക്കു ചിരി വന്നു; എന്നാൽ പെട്ടെന്നു തന്നെ മീശ ആ വെളുത്ത പല്ലുകളെ മൂടുകയും ചെയ്തു.

’നിനക്കു സമയം കിട്ടുമല്ലേ? ആകട്ടെ. ഞാൻ പറഞ്ഞതും അതു തന്നെ. നീ ഒരരക്കിറുക്കനാണ്‌. എനിക്കു നിന്നെ ഇഷ്ടമായതും അതുകൊണ്ടാണ്‌; എന്റെ മകനും ഇങ്ങനെയായിരുന്നു.‘

അതു പറയുമ്പോൾത്തന്നെ അയാൾ തന്റെ റിവോൾവറെടുത്ത് മേശപ്പുറത്തു വയ്ചു.

’ഇതു വച്ചോ; ഇവിടുന്ന് എൽ അമോർ വരെ പോകാൻ എനിക്ക് രണ്ടു തോക്കിന്റെ ആവശ്യമില്ല.‘

മേശപ്പുറത്തെ കറുത്ത പെയിന്റിന്റെ പശ്ചാത്തലത്തിൽ റിവോൾവർ കിടന്നു തിളങ്ങി. പൊലീസുകാരൻ തനിക്കു നേർക്കു തിരിഞ്ഞപ്പോൾ തുകലിന്റെ മണവും കുതിരച്ചൂരും സ്കൂൾ മാസ്റ്ററുടെ മൂക്കിലേക്കടിച്ചുകയറി.

’നോക്ക്, ബൽദൂച്ചി,‘ദരു പെട്ടെന്നു പറഞ്ഞു. ’എനിക്കിതാകെ പിടിക്കുന്നില്ല; ഒന്നാമത് നിങ്ങൾ കൊണ്ടുവന്ന ഈ ചങ്ങാതി. പക്ഷേ ഞാൻ ഇയാളെ പോലീസിൽ ഏല്പിക്കാൻ പോകുന്നില്ല. ചെയ്യേണ്ടി വന്നാൽ അതെ, ഞാൻ യുദ്ധം ചെയ്യാം. ഇതു പക്ഷേ, എനിക്കു പറ്റില്ല.‘

വൃദ്ധനായ പോലീസുകാരൻ ദരുവിന്റെ മുന്നിൽ ചെന്നു നിന്നിട്ട് അയാളെ രൂക്ഷമായി നോക്കി.

’നീ വിഡ്ഢിത്തമാണു കാണിക്കുന്നത്,‘ അയാൾ സാവധാനം പറഞ്ഞു. ’എനിക്കും ഇതൊന്നും ഇഷ്ടമല്ല. ഇത്ര കൊല്ലമായിട്ടു ചെയ്യുന്നതാണെങ്കിലും മനുഷ്യനെ കയറിട്ടു കെട്ടുന്നതിനോട് എനിക്കങ്ങോട്ടു പൊരുത്തപ്പെടാൻ പറ്റുന്നില്ല. നമുക്കു നാണക്കേടു പോലും തോന്നുകയാണ്‌- അതെ, നാണക്കേട്. എന്നു വച്ച് അവരെ അങ്ങനെയങ്ങു കയറൂരി വിടാനും പറ്റില്ലല്ലോ.‘

’ഞാൻ അയാളെ കൊണ്ടുപോയി ഏല്പിക്കില്ല,‘ ദരു പിന്നെയും പറഞ്ഞു.

’ഇത് ഓർഡറാണു മോനേ. ഞാനത് ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്‌.‘

’അതു ശരി തന്നെ. ഞാൻ പറഞ്ഞത് അവരോടും പോയി പറയൂ: ഞാൻ അയാളെ കൊണ്ടുപോയി ഏല്പിക്കില്ല.‘

ബൽദൂച്ചി ചിന്തിക്കാൻ കാര്യമായ ശ്രമം നടത്തി. അയാൾ അറബിയേയും ദരുവിനേയും മാറിമാറി നോക്കി. ഒടുവിൽ അയാൾ ഒരു തീരുമാനത്തിലെത്തി. ’ഇല്ല, ഞാൻ അവരോടൊന്നും പറയാൻ പോകുന്നില്ല. പറഞ്ഞതു ചെയ്യാൻ പറ്റില്ലെങ്കിൽ അങ്ങനെയാവട്ടെ; ഞാൻ നിന്നെ ഒറ്റു കൊടുക്കുകയില്ല. തടവുകാരനെ കൊണ്ടുചെന്നേല്പിക്കുക എന്നതാണ്‌ എനിക്കുള്ള ഓർഡർ. ഞാനതു ചെയ്യുന്നു. ഇനി നീ എനിക്കു വേണ്ടി ഈ പേപ്പറിൽ ഒന്നൊപ്പിട്ടു തരണം.‘

’അതിന്റെ ആവശ്യമൊന്നുമില്ല. നിങ്ങൾ ഇയാളെ എന്നെ ഏല്പിച്ച കാര്യം ഞാൻ നിഷേധിക്കില്ല.‘

’നീയെന്നെ മോശക്കാരനാക്കാതെടാ. നീ കള്ളം പറയില്ലെന്ന് എനിക്കറിയാം. നീ ഇന്നാട്ടുകാരനാണ്‌, നീ ആണുമാണ്‌. എന്നാലും ഒപ്പിട്ടേ പറ്റൂ; അതാണു നിയമം.‘

അയാൾ മേശവലിപ്പു തുറന്ന് ചുവപ്പു മഷി നിറച്ച കൊച്ചു ചതുരക്കുപ്പിയും പലതരം കൈപ്പടകൾ പരിശീലിക്കാൻ ഉപയോഗിച്ചിരുന്ന ’സാർജന്റ് മേജർ‘ പേന വച്ചിരുന്ന പെൻ ഹോൾഡറും പുറത്തെടുത്തു; എന്നിട്ടയാൾ അതിൽ ഒപ്പിട്ടുകൊടുത്തു. പൊലീസുകാരൻ ശ്രദ്ധയോടെ പേപ്പർ മടക്കി സഞ്ചിയിലിട്ടു. എന്നിട്ടയാൾ വാതിലിനടുത്തേക്കു നീങ്ങി.

‘പുറത്തേക്ക് ഞാനും കൂടി വരാം,’ ദരു പറഞ്ഞു.

‘വേണ്ട,’ ബൽദൂച്ചി പറഞ്ഞു. ‘വിനയം കാണിച്ചിട്ടു കാര്യമില്ല. നീയെന്നെ അപമാനിച്ചു.’

അയാൾ അതേ സ്ഥാനത്തു തന്നെ അനക്കമിറ്റിരിക്കുന്ന അറബിയെ ഒന്നു നോക്കി; എന്നിട്ട് നീരസത്തോടെ ഒന്നു മൂക്കു ചീറ്റിയിട്ട് തിരിഞ്ഞു വാതില്ക്കലേക്കു പോയി. ‘പിന്നെ കാണാം, മോനേ,’ അയാൾ പറഞ്ഞു. അയാൾക്കു പിന്നിൽ വാതിൽ അടഞ്ഞു. ജനാലയ്ക്കു പുറത്ത് ബൽദൂച്ചിയെ പെട്ടെന്നൊന്നു കണ്ടു, പിന്നെ അയാൾ അപ്രത്യക്ഷനായി. മഞ്ഞിൽ പുതഞ്ഞു പോകുന്നതിനാൽ അയാളുടെ കാലടിശബ്ദം കേൾക്കാനില്ലായിരുന്നു. ചുമരിനപ്പുറത്തു നിന്ന് കുതിര അനങ്ങുന്നതും കോഴികൾ വിരണ്ടു ചിറകടിക്കുന്നതും കേട്ടു. ഒരു നിമിഷം കഴിഞ്ഞപ്പോൾ കുതിരയെ കടിഞ്ഞാണിൽ പിടിച്ചുകൊണ്ട് ബൽദൂച്ചി ജനാലയ്ക്കു പുറത്തു പ്രത്യക്ഷനായി. കയറ്റത്തിനു നേർക്കു നടക്കുമ്പോൾ അയാൾ തിരിഞ്ഞുനോക്കിയതേയില്ല; ഒടുവിൽ പിന്നാലെ കുതിരയുമായി അയാൾ കാഴ്ചയിൽ നിന്നു മറയുകയും ചെയ്തു. ഒരു വലിയ കല്ലുരുണ്ടു വീഴുന്നതു കേട്ടു. ദരു തിരിഞ്ഞ് തടവുകാരനടുത്തേക്കു നടന്നു; ഇത്രനേരവും അയാൾ ഒരനക്കവുമില്ലാതെ ദരുവിനെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. ‘ഇപ്പോ വരാം,’ എന്ന് അറബിയിൽ അയാളോടു പറഞ്ഞിട്ട് സ്കൂൾ മാസ്റ്റർ കിടപ്പുമുറിയുടെ നേർക്കു നടന്നു. വാതിൽ കടക്കുമ്പോൾ ഒരു വീണ്ടുവിചാരമുണ്ടായി അയാൾ ഡെസ്കിനടുത്തു ചെന്ന് റിവോൾവർ എടുത്ത് പോക്കറ്റിൽ കുത്തിക്കയറ്റി. എന്നിട്ട് തിരിഞ്ഞു നോക്കാതെ തന്റെ മുറിയിലേക്കു കയറിപ്പോയി.

ആകാശം സാവധാനം വലയം ചെയ്യുന്നതും നോക്കി, നിശബ്ദതയ്ക്കു കാതു കൊടുത്തും കൊണ്ട് അയാൾ കുറേ നേരം കട്ടിലിൽ കിടന്നു. യുദ്ധം കഴിഞ്ഞ് ഇവിടെയെത്തിയ ആദ്യത്തെ നാളുകളിൽ ഈ നിശബ്ദതയാണ്‌ വേദനാജനകമായി അയാൾക്കു തോന്നിയിരുന്നത്. മരുഭൂമിയെ പീഠഭൂമിയിൽ നിന്നു വേർതിരിക്കുന്ന കുന്നുകൾക്കു ചുവട്ടിലെ കൊച്ചു പട്ടണത്തിലേക്കാണ്‌ അയാൾ നിയമനം ചോദിച്ചത്. അവിടെ, പച്ചയും കറുപ്പും നിറമുള്ള പാറക്കെട്ടുകൾ വടക്കും, പാടലവും ഇളംചുവപ്പുമായ പാറക്കെട്ടുകൾ തെക്കും നിത്യവേനലിനു പരിധി കുറിച്ചിരുന്നു. അയാളെ നിയോഗിച്ചതു പക്ഷേ, അതിനും വടക്ക്, പീഠഭൂമിയിൽ തന്നെയായിരുന്നു. പാറക്കല്ലുകൾ മാത്രമധിവസിക്കുന്ന ഈ പാഴ്പ്പറമ്പിലെ ഏകാന്തതയും നിശബ്ദതയും തുടക്കത്തിൽ അയാൾക്കു താങ്ങാൻ പറ്റുന്നതിലധികമായിരുന്നു. ഇടയ്ക്കിടെ കണ്ടിരുന്ന ചാലുകൾ കൃഷിക്കു വേണ്ടി ഉഴുതതാവാമെന്നു തോന്നിയിരുന്നുവെങ്കിലും ശരിക്കുമവ വീടു പണിയാൻ ഒന്നാന്തരമായ ഒരുതരം കല്ലുകൾക്കു വേണ്ടി കീറിയ ചാലുകൾ മാത്രമായിരുന്നു. കല്ലു കൊയ്യാനുള്ള ഉഴവേ അവിടെ നടക്കുന്നുള്ളു. പാറക്കുണ്ടുകളിൽ അടിഞ്ഞുകൂടുന്ന പൊടിമണ്ണിന്റെ നേർത്ത പടലം ഗ്രാമത്തിലെ തുച്ഛമായ പച്ചക്കറിത്തോട്ടങ്ങൾ വളക്കൂറുള്ളതാക്കാൻ ആളുകൾ ചുരണ്ടിക്കൊണ്ടു പോകും. ഇങ്ങനെയാണിവിടെ: ആ പ്രദേശത്തിന്റെ മുക്കാൽ ഭാഗവും വെറും പാറയായിരുന്നു. ഗ്രാമങ്ങൾ മുളച്ചു പൊന്തും, പുഷ്ടി പ്രാപിക്കും, പിന്നെ അപ്രത്യക്ഷമാകും; ഈ മരുപ്പറമ്പിൽ ആരും തന്നെ, അയാളായാലും അയാളുടെ അതിഥിയായാലും, ഗണ്യരല്ല. എന്നാല്ക്കൂടി, തന്റെയോ അയാളുടെയോ ജീവിതം ഈ മരുഭൂമിയ്ക്കു പുറത്തല്ല എന്നും ദരുവിനറിയാമായിരുന്നു.

അയാൾ എഴുന്നേറ്റപ്പോൾ ക്ളാസുമുറിയിൽ നിന്ന് അനക്കമൊന്നും കേട്ടില്ല. അറബി ഓടിപ്പോയതാവാമെന്നും തീരുമാനമെടുക്കേണ്ട ബാദ്ധ്യതയിൽ നിന്നു മുക്തനായി താൻ വീണ്ടും ഒറ്റയ്ക്കായിരിക്കുന്നു എന്നുമുള്ള സാദ്ധ്യത തന്നെ എന്തുമാത്രം സന്തോഷമാണു തനിക്കു തരുന്നതെന്നോർത്തപ്പോൾ അയാൾ അത്ഭുതപ്പെട്ടുപോയി. തടവുകാരൻ പക്ഷേ അവിടെത്തന്നെയുണ്ടായിരുന്നു. സ്റ്റൗവിനും ഡസ്ക്കിനുമിടയിൽ വെറും നിലത്ത് ഒന്നു നടു നീർക്കാൻ കിടന്നുവെന്നേയുള്ളു. മച്ചിൽ കണ്ണു നട്ടു കിടക്കുകയാണയാൾ. ആ കിടപ്പിൽ കാണുമ്പോൾ അയാളുടെ തടിച്ച ചുണ്ടുകൾ എടുത്തുകാണിച്ചിരുന്നു; ചുണ്ടു കൂർപ്പിച്ചിരിക്കുകയാണെന്നു തോന്നും. ‘വരൂ,’ ദരു പറഞ്ഞു. അറബി എഴുന്നേറ്റ് അയാളുടെ പിന്നാലെ ചെന്നു. കിടപ്പുമുറിയിലെത്തിയപ്പോൾ ജനാലയ്ക്കു ചുവട്ടിൽ മേശയ്ക്കടുത്തുള്ള കസേര സ്കൂൾ മാസ്റ്റർ ചൂണ്ടിക്കാണിച്ചു. ദരുവിൽ നിന്നു കണ്ണെടുക്കാതെ അറബി കസേരയിൽ ഇരുന്നു.

‘തനിക്കു വിശക്കുന്നുണ്ടോ?‘

’ഉവ്വ്,‘ തടവുകാരൻ പറഞ്ഞു.

ദരു രണ്ടു പേർക്കു വേണ്ടി ഭക്ഷണമൊരുക്കി. ഗോതമ്പുപൊടിയും എണ്ണയും കലർത്തി അപ്പം പോലെയൊന്നുണ്ടാക്കി അയാളത് അപ്പച്ചട്ടിയിൽ ഗ്യാസിനു മുകളിൽ വച്ചു. അതു വേവാൻ വച്ചിട്ട് അയാൾ ഷെഡ്ഡിൽ ചെന്ന് ചീസും മുട്ടയും ഈന്തപ്പഴവും കട്ടിയാക്കിയ പാലും എടുത്തുകൊണ്ടു വന്നു. അപ്പം വെന്തു കഴിഞ്ഞപ്പോൾ അയാൾ അത് ജനാലപ്പടിയിൽ തണുക്കാൻ വച്ചു; എന്നിട്ടയാൾ ഓംലെറ്റുണ്ടാക്കാൻ വേണ്ടി മുട്ടയടിച്ചു. ഇതൊക്കെ ചെയ്യുന്നതിനടയിൽ ഒരു തവണ അയാളുടെ കൈ വലതു പോക്കറ്റിൽ കുത്തിക്കയറ്റിയിരുന്ന റിവോൾവറിൽ ചെന്നിടിച്ചിരുന്നു. അയാൾ പാത്രം താഴെ വച്ചിട്ട് ക്ളാസുമുറിയിലേക്കു പോയി റിവോൾവർ മേശയ്ക്കുള്ളിൽ വച്ചു. മടങ്ങി മുറിയിലെത്തുമ്പോൾ ഇരുട്ടു വീണുതുടങ്ങിയിരുന്നു. വിളക്കു കത്തിച്ചുവച്ചിട്ട് അയാൾ അറബിയ്ക്ക് ആഹാരം വിളമ്പിക്കൊടുത്തു. ’കഴിക്കൂ,‘ അയാൾ പറഞ്ഞു. അറബി ആർത്തിയോടെ ഒരു കഷണമെടുത്ത് വായിലേക്കു കൊണ്ടുപോയിട്ട് പാതിവഴിക്കു നിർത്തി.

’നിങ്ങൾ?‘ അയാൾ ചോദിച്ചു.

’താൻ കഴിക്കൂ. ഞാനും കഴിക്കാം.‘

ആ തടിച്ച ചുണ്ടുകൾ അല്പം വിടർന്നു. ഒന്നു മടിച്ച ശേഷം അയാൾ കഴിച്ചുതുടങ്ങി.

ഭക്ഷണം കഴിഞ്ഞിട്ട് അറബി സ്കൂൾ മാസ്റ്ററെ നോക്കി. ’നിങ്ങളാണോ ജഡ്ജി?‘

’അല്ല, ഞാൻ രാവിലെ വരെ തനിക്കു കാവലിരിക്കുന്നുവെന്നു മാത്രം.‘

’എന്റെയൊപ്പം ഭക്ഷണം കഴിച്ചതെന്തിനാണ്‌?‘

’എനിക്കു വിശപ്പുണ്ടായിരുന്നു.‘

അറബി നിശബ്ദനായി. ദരു എഴുന്നേറ്റ് പുറത്തേക്കു പോയി. ഷെഡ്ഡിൽ നിന്ന് ഒരു മടക്കുകട്ടിൽ എടുത്തുകൊണ്ടു വന്നിട്ട് അയാളത് മേശയ്ക്കും സ്റ്റൗവിനുമിടയിൽ തന്റെ കട്ടിലിനു വിലങ്ങനെയായി നിവർത്തിയിട്ടു. മുറിയുടെ മൂലയ്ക്ക്, പത്രം വയ്ക്കാൻ ഒരു ഷെല്ഫായി ഉപയോഗിച്ചിരുന്ന വലിയ സ്യൂട്ട്കേസു തുറന്ന് രണ്ടു കമ്പിളിപ്പുതപ്പെടുത്ത് കട്ടിലിനു മുകളിൽ വിരിച്ചു. പിന്നെ ഒരു വ്യർത്ഥതാബോധം തോന്നി അയാൾ തന്റെ കട്ടിലിൽ ഇരുന്നു. ഇനി കൂടുതലായെന്തെങ്കിലും ചെയ്യാനോ ഒരുക്കാനോ ഇല്ല. അയാൾക്ക് ഈ മനുഷ്യനെ നോക്കിയേ പറ്റൂ. അതിനാൽ, രോഷം കൊണ്ടു പൊട്ടിത്തെറിക്കാൻ പോകുന്ന അയാളുടെ മുഖം മനസ്സിൽ കാണാൻ ശ്രമിച്ചുകൊണ്ട് ദരു അയാളെ നോക്കി ഇരുന്നു. പക്ഷേ അയാൾക്കതു സാദ്ധ്യമായില്ല. ഇരുണ്ടതെങ്കിലും തിളക്കമുള്ള ആ കണ്ണുകളും മൃഗത്തിന്റേതു പോലുള്ള വായും മാത്രമേ അയാൾ കണ്ടുള്ളു.

‘താനെന്തിനാണ്‌ അയാളെ കൊന്നത്?’ തന്റെ ചോദ്യത്തിലെ പാരുഷ്യം അയാളെത്തന്നെ അത്ഭുതപ്പെടുത്തി. അറബി നോട്ടം മാറ്റി.

‘അവൻ ഓടി. ഞാൻ പിന്നാലെ ഓടി.’

അയാൾ പിന്നെയും ദരുവിന്റെ നേർക്കു കണ്ണുകൾ തിരിച്ചു; ആ കണ്ണുകളിൽ നിറഞ്ഞുനിന്നത് ശോകപൂർണ്ണമായ ഒരു ചോദ്യമായിരുന്നു. ‘അവരെന്നെ എന്തു ചെയ്യും?’

‘തനിക്കു പേടിയുണ്ടോ?’

അയാൾ നോട്ടം മാറ്റി; അയാളുടെ ദേഹം കല്ലിച്ച പോലെയായി.

‘തനിക്കതിൽ പശ്ചാത്താപമുണ്ടോ?’

അറബി വായ പൊളിച്ച് അയാളെത്തന്നെ നോക്കി. അയാൾക്കതു പിടി കിട്ടിയില്ല എന്നതു വ്യക്തമായിരുന്നു. ദരുവിന്റെ നീരസം കൂടിവരികയായിരുന്നു. അതേ സമയം രണ്ടു കട്ടിലുകൾക്കിടയിൽ തന്റെ വലിയ ദേഹവുമായി കൂനിപ്പിടിച്ചിരിക്കുന്നത് അയാളെ വല്ലാതെ അസ്വസ്ഥനാക്കുകയുമായിരുന്നു.

‘അതിൽ കിടന്നോ,’ ക്ഷമകേടോടെ അയാൾ പറഞ്ഞു. ‘അതാണു തന്റെ കട്ടിൽ.’

അറബി ഇളകിയില്ല. അയാൾ ദരുവിനെ വിളിച്ചു.

‘പറയൂ!’

സ്കൂൾ മാസ്റ്റർ അയാളെ നോക്കി.

‘പോലീസുകാരൻ നാളെ തിരിച്ചുവരുമോ?’

‘അറിയില്ല.’

‘നിങ്ങൾ ഞങ്ങളുടെ കൂടെ വരുന്നുണ്ടോ?’

‘അറിയില്ല. എന്താ?’

തടവുകാരൻ എഴുന്നേറ്റ് കമ്പിളിപ്പുതപ്പുകൾക്കു മുകളിൽ പാദങ്ങൾ ജനാലയ്ക്കു നേർക്കുവച്ച് നീണ്ടുനിവർന്നു കിടന്നു.ഇലക്ട്രിക് ബൾബിന്റെ വെളിച്ചം നേരേ മുഖത്തടിച്ചപ്പോൾ അയാൾ പെട്ടെന്നു കണ്ണടച്ചു.

‘എന്താ?’ കട്ടിലിനരികിൽ നിന്നുകൊണ്ട് ദരു ആവർത്തിച്ചു.

രൂക്ഷമായ വെളിച്ചത്തിൽ കണ്ണുകളടയാതെ തുറന്നുപിടിച്ചുകൊണ്ട് അറബി പറഞ്ഞു: ‘ഞങ്ങളുടെ കൂടെ വരണം.’

***

പാതിരാത്രിയായിട്ടും ദരു ഉറങ്ങിയിട്ടില്ല. വസ്ത്രമെല്ലാം ഉരിഞ്ഞിട്ടാണ്‌ അയാൾ ഉറങ്ങാൻ കിടന്നത്; അതാണയാളുടെ പതിവ്. ദേഹത്തൊന്നുമില്ലെന്നു പെട്ടെന്നു ബോധ്യം വന്നപ്പോൾ അയാൾ ഒന്നറച്ചു. അതപകടമാണെന്ന് അയാൾക്കു തോന്നി; വസ്ത്രമെടുത്തു ധരിക്കാൻ ഒരു പ്രലോഭനം തോന്നി. പിന്നെ അയാളതു നിസാരമായിട്ടെടുത്തു: എന്തായാലും താൻ കുട്ടിയൊന്നുമല്ലല്ലോ; വേണമെങ്കിൽ തന്റെ പ്രതിയോഗിയെ പിടിച്ചു രണ്ടായിട്ടൊടിക്കാനുള്ള ബലവും തനിക്കുണ്ട്. ആ കിടപ്പിൽ അയാൾക്ക് അറബിയെ കാണാം; രൂക്ഷമായ വെളിച്ചത്തിനടിയിൽ, കണ്ണടച്ച്, അനക്കമറ്റു കിടക്കുകയാണയാൾ. ദരു ലൈറ്റണച്ചപ്പോൾ ഇരുട്ട് പെട്ടെന്നുറഞ്ഞുകൂടിയപോലെ തോന്നി. പതുക്കെപ്പതുക്കെ ജനാലയ്ക്കു പുറത്ത് രാത്രിക്കു ജീവൻ വച്ചു; നക്ഷത്രരഹിതമായ ആകാശം സ്പന്ദനം കൊള്ളുന്നു. തന്റെ കാല്ക്കൽ കിടക്കുന്ന ശരീരമേതെന്ന് സ്കൂൾ മാസ്റ്റർ തിരിച്ചറിഞ്ഞു. അറബിയ്ക്ക് അനക്കമുണ്ടായില്ല, പക്ഷേ അയാളുടെ കണ്ണുകൾ തുറന്നിരിക്കുകയാണെന്നു തോന്നി. ഒരു നേർത്ത കാറ്റ് സ്കൂളിനു ചുറ്റും പരതിനടക്കുന്നുണ്ടായിരുന്നു. അത് മേഘങ്ങളെ ആട്ടിപ്പായിച്ചുവെന്നും സൂര്യൻ പിന്നെയും പുറത്തു വന്നുവെന്നും വരാം.

രാത്രിയിൽ കാറ്റിന്റെ ശക്തി കൂടി. കോഴികൾ ഒന്നനക്കം വച്ച ശേഷം നിശബ്ദരായി. അറബി കിടന്ന കിടപ്പിൽ ദരുവിനു പുറം തിരിഞ്ഞു കിടന്നു; അയാൾ ഒന്നു ഞരങ്ങിയെന്നും അയാൾക്കു തോന്നി. പിന്നെ തന്റെ അതിഥിയുടെ ശ്വാസോച്ഛ്വാസം കനക്കുന്നതും നിയതമാവുന്നതും അയാൾ കേട്ടുകിടന്നു. ഒരു കൊല്ലമായി താൻ ഒറ്റയ്ക്കുറങ്ങുന്ന ഈ മുറിയിൽ ഈ സാന്നിദ്ധ്യം ഒരലോസരമായി അയാൾക്കു തോന്നി. തനിയ്ക്കു നന്നായറിയാവുന്ന ഒരു ഭ്രാതൃത്വം തനിക്കു മേൽ അടിച്ചേല്പിക്കുന്നതിന്റെ കൂടി (ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ഭ്രാതൃത്വം സ്വീകരിക്കാൻ അയാൾക്കു പറ്റില്ല) അലോസരം അയാൾക്കുണ്ടായിരുന്നു. ഒരേ മുറികൾ പങ്കിടുന്ന പുരുഷന്മാർ, അതിനി പട്ടാളക്കാരാവട്ടെ, തടവുകാരാവട്ടെ, വിചിത്രമായൊരു സഖ്യത്തിലേർപ്പെടാറുണ്ട്; രാത്രികളിൽ ഉടുവസ്ത്രങ്ങൾക്കൊപ്പം ആയുധങ്ങളും വലിച്ചെറിഞ്ഞ്, തങ്ങളുടെ വിഭിന്നതകൾ തള്ളിക്കളഞ്ഞ് സ്വപ്നത്തിന്റെയും ആലസ്യത്തിന്റെയും പ്രാചീനമായ കൂട്ടായ്മയിൽ അവർ ഭ്രാതാക്കളാവുകയാണ്‌. ഇത്രയുമായപ്പോഴേക്ക് ദരു സ്വയം കുലുക്കിയുണർത്തി; ഇത്തരം ചിന്തകൾ അയാൾക്കിഷ്ടമായിരുന്നില്ല, ഉറക്കം അയാൾക്കത്യാവശ്യവുമായിരുന്നു.

എന്നാൽ അല്പനേരം കഴിഞ്ഞ് അറബി ചെറുതായൊന്നനങ്ങിയപ്പോഴും സ്കൂൾ മാസ്റ്റർ ഉറങ്ങിയിരുന്നില്ല. തടവുകാരൻ പിന്നെയും അനങ്ങിയപ്പോൾ അയാൾ ജാഗ്രതയോടെ ബലം പിടിച്ചു കിടന്നു. ഒരു സ്വപ്നാടകനെപ്പോലെയെന്നു തന്നെ പറയാം, അറബി കൈകൾ കുത്തി എഴുന്നേല്ക്കാൻ തുടങ്ങുകയായിരുന്നു. കിടക്കയിൽ നിവർന്നിരുന്നുകൊണ്ട് കാതോർക്കുന്നപോലെ അല്പനേരം അയാൾ അനങ്ങാതിരുന്നു; അയാൾ ദരുവിന്റെ നേർക്കു നോക്കുന്നില്ല. ദരു അനങ്ങിയില്ല; റിവോൾവർ മേശവലിപ്പിൽ തന്നെയുണ്ടെന്ന് അയാൾക്കപ്പോൾ മനസ്സിൽ വന്നു. എന്തെങ്കിലും ചെയ്യുന്നെങ്കിൽ ഇപ്പോൾ ചെയ്യണം. എന്നിട്ടും അയാൾ തടവുകാരനെ നിരീക്ഷിച്ചുകൊണ്ടിരുന്നു; അയാൾ അതേ പതുങ്ങിയ രീതിയിൽ കാലു പതുക്കെ തറയിൽ കുത്തി, ഒരു നിമിഷം കാത്തിട്ട് പിന്നെ പതുക്കെ എഴുന്നേറ്റു നില്ക്കാൻ തുടങ്ങുകയാണ്‌. ദരു അയാളെ വിളിക്കാൻ ആലോചിച്ചപ്പോഴേക്കും തികച്ചും സ്വാഭാവികമായ, എന്നാൽ അസാധാരണമായ വിധം നിശബ്ദമായ രീതിയിൽ അയാൾ വാതിലിനു നേർക്കു നടന്നുതുടങ്ങി. മുറിയുടെ അറ്റത്ത് ഷെഡ്ഡിലേക്കു തുറക്കുന്ന വാതിലിനടുത്തേക്കാണ്‌ അയാൾ പോകുന്നത്. കരുതലോടെ സാക്ഷ നീക്കിയിട്ട് അയാൾ പുറത്തേക്കിറങ്ങി; പിന്നിൽ വാതിൽ ചേർത്തടയ്ക്കാതെ ചാരിയിട്ടേയുള്ളു. ദരു അനങ്ങിയതേയില്ല. ‘അയാൾ കടന്നുകളയുകയാണ്‌,’ അയാൾ മനസ്സിലോർത്തു. ‘രക്ഷപ്പെട്ടു!’ എന്നാലും അയാൾ ശ്രദ്ധയോടെ കാതോർത്തു. കോഴികൾ അനങ്ങുന്നില്ല; തന്റെ അതിഥി ഇപ്പോൾ പീഠഭൂമിയിൽ എത്തിക്കാണണം. വെള്ളം ചെന്നുവീഴുന്ന നേർത്തൊരൊച്ച അയാളുടെ കാതുകളിലെത്തി; അറബി പിന്നെയും വാതിലിന്റെ ചട്ടത്തിൽ പ്രത്യക്ഷപ്പെടുന്നതും കതക് ശ്രദ്ധയോടെ അടച്ചിട്ട് ശബ്ദമുണ്ടാക്കാതെ വന്നു കിടക്കുമ്പോഴാണ്‌ അതെന്താണെന്ന് അയാൾക്കു മനസ്സിലായത്. ദരു പിന്നെ തിരിഞ്ഞു കിടന്ന് ഗാഢമായ ഉറക്കത്തിലാണ്ടു. ഉറക്കത്തിന്റെ കയങ്ങളിൽ വീണു കിടക്കുമ്പോൾ സ്കൂൾ കെട്ടിടത്തിനു ചുറ്റുമായി പതുങ്ങിയ കാലൊച്ചകൾ കേൾക്കുന്നതായി അയാൾക്കു തോന്നി. ‘ഞാൻ സ്വപ്നം കാണുകയാണ്‌! ഞാൻ സ്വപ്നം കാണുകയാണ്‌!’ അയാൾ തന്നെത്താൻ ഉരുവിട്ടു. അയാൾ ദീർഘനിദ്രയിലേക്കു വീണു.

അയാൾ ഉണരുമ്പോൾ ആകാശം തെളിഞ്ഞിരുന്നു; ഇളകിക്കിടന്ന ജനാലപ്പാളികൾക്കിടയിലൂടെ തണുത്ത ശുദ്ധവായു ഉള്ളിലേക്കരിച്ചുകയറി. അറബി ഉറക്കത്തിലായിരുന്നു; പുതപ്പുകൾക്കടിയിൽ ചുരുണ്ടുകൂടി, വായും തുറന്നു വച്ച് സ്വസ്ഥമായി ഉറങ്ങുകയാണയാൾ. പക്ഷേ ദരു കുലുക്കി വിളിച്ചപ്പോൾ പേടിപ്പെടുത്തുമ്പോലെ അയാൾ ഞെട്ടിയുണർന്നു; ഇതാദ്യമായിട്ടാണു താൻ ദരുവിനെ കാണുന്നതെന്നപോലെ വിഭ്രാന്തമായ കണ്ണുകൾ കൊണ്ട് അയാൾ ദരുവിനെ തുറിച്ചുനോക്കി; ആ കണ്ണുകളിലെ പേടി കണ്ടപ്പോൾ സ്കൂൾ മാസ്റ്റർ ഒരു ചുവടു പിന്നാക്കം വച്ചു. ‘പേടിക്കേണ്ട. ഞാനാണ്‌. താൻ ആഹാരം കഴിക്കണം.’ അറബി തലയാട്ടിക്കൊണ്ട് ശരിയെന്നു പറഞ്ഞു. അയാൾക്ക് ശാന്തത തിരിച്ചുകിട്ടിയെങ്കിലും ചിന്താശൂന്യവും അസ്വസ്ഥവുമായിരുന്നു മുഖഭാവം.

കാപ്പി തയാറായിരുന്നു. മടക്കുകട്ടിലിൽ ഒരുമിച്ചിരുന്ന് അപ്പക്കഷണങ്ങൾ കടിച്ചുതിന്നുകൊണ്ട് അവർ കാപ്പി കുടിച്ചു. പിന്നെ ദരു അറബിയെ ഷെഡ്ഡിലേക്കു കൊണ്ടുപോയി താൻ കുളിക്കാൻ ഉപയോഗിക്കുന്ന ടാപ്പ് കാണിച്ചുകൊടുത്തു. എന്നിട്ടയാൾ മുറിയിലേക്കു മടങ്ങിപ്പോയി പുതപ്പുകളും മെത്തയും മടക്കിവച്ചു, തന്റെ കിടക്ക വിരിച്ചിട്ടു, മുറി ചിട്ടയിലാക്കുകയും ചെയ്തു. പിന്നെ അയാൾ ക്ളാസുമുറിയിലൂടെ നടന്ന് മുറ്റത്തേക്കു ചെന്നു. നീലാകാശത്ത് സൂര്യൻ ഉയരത്തിലെത്തിക്കഴിഞ്ഞിരുന്നു. വിജനമായ പീഠഭൂമി സൗമ്യമായ തെളിഞ്ഞ വെളിച്ചത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. അവിടവിടെ മഞ്ഞുരുകിത്തുടങ്ങിയിരുന്നു. പാറക്കല്ലുകൾ പുറത്തു കാണാൻ തുടങ്ങിയിരിക്കുന്നു. പീഠഭൂമിയുടെ വരമ്പത്തു കുമ്പിട്ടു നിന്നുകൊണ്ട് സ്കൂൾ മാസ്റ്റർ വിജനമായ ആ വിശാലതയിലേക്കു കണ്ണയച്ചു. അയാൾ ബൽദൂച്ചിയെ ഓർത്തു. താനയാളെ വേദനിപ്പിക്കുകയാണു ചെയ്തത്: അയാളുമായി ഇനിയൊരു സമ്പർക്കവും വേണ്ടെന്ന മട്ടിലല്ലേ, താനയാളെ പറഞ്ഞയച്ചത്. പൊലീസുകാരന്റെ യാത്ര പറച്ചിൽ ഇപ്പോഴും അയാളുടെ കാതുകളിലുണ്ട്; എന്തുകൊണ്ടെന്നറിയില്ല, മനസ്സു വല്ലാതെ ശൂന്യമാണെന്നും നിരാലംബനാണു താനെന്നും അയാൾക്കു തോന്നി. ഈ സമയത്ത് സ്കൂളിന്റെ മറ്റേ വശത്തു നിന്ന് തടവുകാരൻ ഒന്നു ചുമച്ചു. താനറിയാതെ തന്നെ അയാളതു കേട്ടു; കോപത്തോടെ അയാൾ ഒരു ചരല്ക്കല്ലു പെറുക്കിയെടുത്തെറിഞ്ഞു; അത് വായുവിലൂടെ മൂളിപ്പറന്ന് മഞ്ഞിൽ പോയി പുതഞ്ഞു. ആ മനുഷ്യൻ ചെയ്ത ബുദ്ധിഹീനമായ അക്രമം അയാൾക്കു ജുഗുപ്സാവഹമായി തോന്നി; എന്നാല്ക്കൂടി അയാളെ പോലീസിൽ ഏല്പിക്കുന്നത് കുലീനതയ്ക്കു നിരക്കുന്നതായി അയാൾക്കു തോന്നിയില്ല. അതിനെക്കുറിച്ചാലോചിച്ചപ്പോൾത്തന്നെ നാണക്കേടു കൊണ്ടയാൾ പുളഞ്ഞുപോയി. ഈ അറബിയെ തന്റെയടുക്കലേക്കയച്ച സ്വന്തം ആൾക്കാരെ അയാൾ ശപിച്ചു; അതേ സമയം തന്നെ കൊല്ലാൻ ധൈര്യം കാണിച്ചിട്ട് രക്ഷപ്പെടാൻ മിടുക്കില്ലാതെപോയ അറബിയേയും അയാൾ ശപിച്ചു. ദരു എഴുന്നേറ്റ് മുറ്റത്തൊന്നു വട്ടം ചുറ്റി, പിന്നെ അല്പനേരം എന്തു വേണമെന്നറിയാതെ നിന്നു; എന്നിട്ടയാൾ സ്കൂളിനുള്ളിലേക്കു മടങ്ങി.

അറബി ഷെഡ്ഡിന്റെ സിമന്റുതറയിൽ കുനിഞ്ഞു നിന്ന് രണ്ടു വിരലുകൾ കൊണ്ട് പല്ലു തേയ്ക്കുകയാണ്‌. ദരു അയാളെ നോക്കിയിട്ട് ‘വരൂ’ എന്നു പറഞ്ഞു. അറബിയുടെ മുന്നിൽ നടന്ന് അയാൾ മുറിയിലേക്കു കയറി. സ്വെറ്ററിനു മുകളിൽ അയാൾ ഒരു ജാക്കറ്റു കൂടി എടുത്തിട്ടു; കാലിൽ ഷൂസും. അറബി ഷേഷെയും വള്ളിച്ചെരുപ്പുമിടുന്നതു വരെ അയാൾ കാത്തുനിന്നു. അവർ ക്ളാസുമുറിയിലേക്കു പോയി; സ്കൂൾ മാസ്റ്റർ പുറത്തേക്കുള്ള വഴി ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു, ‘നടന്നോളൂ.’ അയൾ ഇളകിയില്ല. ‘ഞാൻ ഇപ്പോൾ വരാം,’ ദരു പറഞ്ഞു. അറബി പുറത്തേക്കിറങ്ങി. ദരു തന്റെ മുറിയിൽ ചെന്ന് റെസ്ക്കും ഈന്തപ്പഴവും പഞ്ചസാരയും ഒരു പൊതി കെട്ടി എടുത്തു. പുറത്തേക്കു പോകുന്ന വഴി ക്ളാസുമുറിയിലെ ഡെസ്ക്കിനു മുന്നിൽ ഒരു നിമിഷം അയാൾ മടിച്ചുനിന്നു; എന്നിട്ടു പിന്നെ വാതിൽ കടന്ന് അയാൾ മുറി താഴിട്ടു പൂട്ടി. ‘അതാണു വഴി,’ അയാൾ പറഞ്ഞു. തടവുകാരൻ പിന്നിലായി അയാൾ കിഴക്കോട്ടു നടന്നു. പക്ഷേ, സ്കൂളിൽ നിന്ന് ഒരല്പദൂരം നടന്നപ്പോൾ പിന്നിൽ എന്തോ ഒരനക്കം കേട്ടതായി അയാൾക്കു തോന്നി. അയാൾ അതേ വഴിയ്ക്കു തിരിച്ചുനടന്ന് വീടിന്റെ പരിസരം സൂക്ഷ്മമായി പരിശോധിച്ചു; അവിടെ ആരെയും കണ്ടില്ല. എന്താണു നടക്കുന്നതെന്നു പിടി കിട്ടാത്ത മുഖഭാവത്തോടെ അറബി അയാളെ നോക്കിനിന്നു. ‘വരൂ, പോകാം,’ ദരു പറഞ്ഞു.

ഒരു മണിക്കൂർ നടന്ന ശേഷം അറ്റം കൂർത്ത ഒരു ചുണ്ണാമ്പുകൽക്കുന്നിനരികിൽ അവർ വിശ്രമിക്കാനിരുന്നു. മഞ്ഞ് അതിവേഗം ഉരുകിത്തീരുകയാണ്‌; മഞ്ഞലിഞ്ഞുണ്ടാകുന്ന ചെളിക്കുണ്ടുകൾ സൂര്യൻ തത്ക്ഷണം തന്നെ കുടിച്ചു തീർത്ത് പീഠഭൂമി വെടിപ്പാക്കുകയാണ്‌; അതു ക്രമേണ വരണ്ടുവരണ്ട് വായു പോലെതന്നെ വിറ കൊള്ളുകയുമാണ്‌. അവർ നടത്തം തുടർന്നപ്പോൾ പാദങ്ങൾക്കു ചുവട്ടിൽ നിലം മുഴങ്ങുകയായിരുന്നു. ഇടയ്ക്കിടെ ആഹ്ളാദഭരിതമായ ഒരു കിളിയൊച്ച അവർക്കു മുന്നിലെ അന്തരീക്ഷം ഭേദിച്ചു പറന്നുപോയി. പ്രഭാതത്തിലെ പുതുവെളിച്ചം ദരു ഉള്ളിലേക്കു വലിച്ചെടുത്തു. നീലാകാശത്തിന്റെ മകുടത്തിനടിയിൽ ഇപ്പോൾ മിക്കവാറും മഞ്ഞയായിക്കഴിഞ്ഞ, വിപുലവും പരിചിതവുമായ ആ പരപ്പിൽ അയാൾക്കൊരുതരം പ്രഹർഷമനുഭവപ്പെട്ടു. തെക്കോട്ടിറങ്ങി ഒരു മണിക്കൂർ കൂടി അവർ നടന്നു. അടർന്ന പാറക്കല്ലുകൾ തീർത്ത ഉയർന്നൊരു നിരപ്പിൽ അവർ എത്തിച്ചേർന്നു. അവിടെ നിന്ന് പീഠഭൂമി കിഴക്കോട്ട് ചുരുക്കം ചില ശുഷ്ക്കിച്ച മരങ്ങൾ മാത്രമുള്ള താഴ്ന്ന പ്രദേശത്തേക്കു ചരിഞ്ഞിറങ്ങുന്നു; തെക്കോട്ട്, ആ ഭൂഭാഗത്തെ ഒരനിയതദൃശ്യമാക്കുന്ന പാറക്കെട്ടുകളിലേക്കും.

ദരു രണ്ടു ദിക്കിലേക്കും കണ്ണോടിച്ചു. ചക്രവാളത്തോളം സൂര്യനല്ലാതെ മറ്റൊന്നുമില്ല. ഒരു മനുഷ്യനേയും കാണാനില്ല. അയാൾ ഒന്നും പിടി കിട്ടാത്ത മട്ടിൽ തന്നെ നോക്കുന്ന അറബിയുടെ നേർക്കു തിരിഞ്ഞു. ദരു തന്റെ കൈയിലെ പൊതി അയാൾക്കു നേരെ നീട്ടി. ‘ഇതെടുത്തോളൂ,’ അയാൾ പറഞ്ഞു. ‘ഈന്തപ്പഴവും റൊട്ടിയും പഞ്ചസാരയുമുണ്ട്. രണ്ടു നാളത്തേക്ക് ഇതു മതി. ഈ ആയിരം ഫ്രാങ്ക് കൂടി വച്ചോളൂ.’ അറബി പൊതിയും പണവും കൈ നീട്ടി വാങ്ങി; എന്നിട്ടു പക്ഷേ, തനിക്കു തന്നതു കൊണ്ടെന്തു ചെയ്യണമെന്നറിയില്ലെന്ന പോലെ അതു നെഞ്ചോടു ചേർത്തു നിന്നു. ‘കേൾക്ക്,’ കിഴക്കോട്ടുള്ള വഴി ചൂണ്ടിക്കാണിച്ചു കൊണ്ട് സ്കൂൾ മാസ്റ്റർ പറഞ്ഞു, ‘അതാണ്‌ ടിൻഗ്വിറ്റിലേക്കുള്ള വഴി. രണ്ടു മണിക്കൂർ നടക്കണം. ടിൻഗ്വിറ്റിൽ ചെന്നാൽ അവിടെ പൊലീസുകാരൊക്കെയുണ്ടാവും. അവർ തന്നെ കാത്തിരിക്കുകയാണ്‌.’ പൊതിയും പണവും നെഞ്ചിനോടമർത്തിപ്പിടിച്ചുകൊണ്ട് അറബി കിഴക്കോട്ടു നോക്കി. ദരു അയാളെ കൈമുട്ടിനു പിടിച്ച് അല്പം ബലപ്പിച്ചു തന്നെ തെക്കോട്ടു തിരിച്ചു നിർത്തി. അവർ നില്ക്കുന്ന ഉയരത്തിനു ചുവട്ടിലായി അത്ര വ്യക്തമല്ലാത്ത ഒരു വഴിത്താര കാണാം. ‘പീഠഭൂമിക്കു കുറുകെയുള്ള ഒറ്റയടിപ്പാതയാണത്. ഒരു ദിവസത്തെ വഴി ചെന്നാൽ നീ മേച്ചില്പുറങ്ങളും അവിടെ നാടോടികളെയും കണ്ടുതുടങ്ങും. അവർ നിന്നെ അവരുടെ കൂട്ടത്തിൽ ചേർത്തോളും, അവരുടെ നിയമം അനുസരിച്ച് നിനക്കഭയം തരികയും ചെയ്യും.’ അറബി ദരുവിനു നേർക്കു തിരിഞ്ഞുനിന്നു; അയാളുടെ നോട്ടത്തിൽ പ്രകടമായ ഒരു സംഭ്രമം ദൃശ്യമായിരുന്നു. ‘നോക്കൂ,’ അയാൾ പറഞ്ഞു. ദരു തല കുലുക്കി, ‘വേണ്ട, ഒന്നും പറയേണ്ട. ഞാൻ പോവുകയാണ്‌.’ അയാൾ തിരിഞ്ഞ് സ്കൂൾ ലക്ഷ്യമാക്കി രണ്ടു ചുവടു നടന്നിട്ട് മടിച്ചുമടിച്ച് തിരിഞ്ഞുനോക്കുമ്പോൾ അറബി അനക്കമറ്റു നില്ക്കുന്നതു കണ്ടു; അയാൾ പിന്നെയും നടന്നു. കുറേ സമയത്തേക്ക് തണുത്ത തറയിൽ സ്വന്തം കാലടികളുടെ മുഴക്കമല്ലാതെ മറ്റൊന്നും അയാൾ കേട്ടില്ല; അയാൾ തല തിരിച്ചു നോക്കിയതുമില്ല. ഒരു നിമിഷം കഴിഞ്ഞ് അയാൾ പക്ഷേ, തിരിഞ്ഞുനിന്നു. അറബി അപ്പോഴും കുന്നിന്റെ വക്കത്ത്, കൈകൾ തൂക്കിയിട്ടു നില്പുണ്ട്; അയാൾ സ്കൂൾ മാസ്റ്ററെ നോക്കിനില്ക്കുകയാണ്‌. ദരുവിന്‌ തൊണ്ടയിൽ എന്തോ പതഞ്ഞുയരുന്നപോലെ തോന്നി. അയാൾ പക്ഷേ, അക്ഷമയോടെ എന്തോ ശാപവാക്കുച്ചരിച്ചിട്ട്, അവ്യക്തമായ ഒരു ചേഷ്ടയോടെ പിന്നെയും നടന്നു. പിന്നെയും കുറേ ദൂരം നടന്നിട്ട് അയാൾ തിരിഞ്ഞുനോക്കി. അറബിയെ കുന്നിൽ എവിടെയും കാണാനില്ല.

ദരു അറച്ചുനിന്നു. സൂര്യൻ ആകാശമദ്ധ്യത്തെത്തിയിരിക്കുന്നു, അതയാളുടെ തല പൊള്ളിക്കാൻ തുടങ്ങിയിരിക്കുന്നു. സ്കൂൾ മാസ്റ്റർ വന്ന വഴിയേ തിരിഞ്ഞുനടന്നു, ആദ്യം അത്ര തീർച്ച വരാത്തപോലെ, പിന്നെ നിശ്ചയിച്ചുറപ്പിച്ചുകൊണ്ട്. ആ കൊച്ചുകുന്നിനടുത്തെത്തിയപ്പോഴേക്കും അയാൾ വിയർത്തു കുളിച്ചിരുന്നു. കഴിയുന്നത്ര വേഗത്തിൽ കയറി മുകളെത്തിയപ്പോൾ അയാൾക്കു ശ്വാസം മുട്ടുന്നുണ്ടായിരുന്നു. തെക്കുഭാഗത്തെ പാറക്കല്ലുകൾ ചിതറിക്കിടക്കുന്ന പ്രദേശം നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ സ്പഷ്ടമായി കാണാം; പക്ഷേ കിഴക്കുഭാഗത്തെ സമതലത്തിൽ നിന്ന് ഉഷ്ണം ആവിയായി പൊന്താൻ തുടങ്ങിയിരുന്നു. തടവറയിലേക്കുള്ള പാതയിലൂടെ സാവധാനം നടന്നുപോകുന്ന അറബിയുടെ രൂപം ആ നേർത്ത മൂടലിൽ ഹൃദയഭാരത്തോടെ അയാൾ കണ്ടെടുത്തു.

അല്പം കഴിഞ്ഞ്, ക്ളാസുമുറിയുടെ ജനാലയ്ക്കു പിന്നിൽ നില്ക്കുമ്പോൾ പീഠഭൂമിയുടെ പ്രതലമാകെ തെളിഞ്ഞ വെളിച്ചത്തിൽ കുളിച്ചുകിടക്കുന്നതു നോക്കുകയായിരുന്നു സ്കൂൾ മാസ്റ്റർ; പക്ഷേ അയാൾ അതു കണ്ടു എന്നു പറയാനില്ല. അയാൾക്കു പിന്നിൽ, ബ്ളാക്ക്ബോർഡിൽ വളഞ്ഞുപുളഞ്ഞൊഴുകുന്ന ഫ്രഞ്ചു നദികൾക്കിടയിൽ ഒട്ടും ചേലില്ലാതെ വരച്ചിട്ടിരുന്ന വാക്കുകൾ അയാൾ തൊട്ടു മുമ്പ് വായിച്ചതേയുള്ളു: ‘നീ ഞങ്ങളുടെ സഹോദരനെ പൊലീസിലേല്പിച്ചു. അതിനു നീ വില കൊടുക്കും.’ ദരു ആകാശത്തേക്കും പീഠഭൂമിയിലേക്കും അതിനുമപ്പുറം കടലു വരെ പരന്നുകിടക്കുന്ന അദൃശ്യദേശങ്ങളിലേക്കും നോക്കി. അയാൾ അത്രമേൽ സ്നേഹിച്ച ആ വിപുലമായ ഭൂഭാഗത്ത് അയാൾ ഏകനായിരുന്നു.


Englist Version

അഭിപ്രായങ്ങളൊന്നുമില്ല: