2016, ഫെബ്രുവരി 14, ഞായറാഴ്‌ച

ഒക്റ്റേവിയോ പാസ് - നീലച്ചെണ്ട്


Paz


വിയർപ്പിൽ കുളിച്ചു ഞാനുണർന്നു. അല്പം മുമ്പു വെള്ളം തളിച്ച ചുവന്ന ഇഷ്ടിക പാകിയ തറയിൽ നിന്ന് ആവി പൊങ്ങിയിരുന്നു. വെളിച്ചം കണ്ടന്ധാളിച്ച നരച്ച ചിറകുള്ള ഒരു ചിത്രശലഭം മഞ്ഞ ബൾബിനെ വട്ടം ചുറ്റി പറക്കുന്നുണ്ടായിരുന്നു. ഞാൻ കട്ടിലിൽ നിന്നു ചാടിയിറങ്ങി ചെരുപ്പില്ലാതെ മുറിയുടെ മറ്റേയറ്റത്തേക്കു നടന്നു. അല്പം ശുദ്ധവായു കിട്ടാൻ വേണ്ടി തന്റെ ഒളിസ്ഥലം വിട്ടിറങ്ങിയ വല്ല തേളും കാലിനടിയിൽ പെടാതെ നടന്ന് ജനാലയ്ക്കടുത്തു ചെന്ന് പുറത്തെ വായു ഞാൻ ഉള്ളിലേക്കെടുത്തു. വിപുലവും സ്ത്രൈണവുമായ രാത്രിയുടെ നിശ്വാസം കേൾക്കാം. പിന്നെ ഞാൻ തിരിച്ചു മുറിയുടെ നടുക്കു ചെന്ന് ജാറിലുണ്ടായിരുന്ന വെള്ളമെടുത്ത് ഒരു വെള്ളോട്ടുപാത്രത്തിലേക്കു പകർന്നിട്ട് അതിൽ ടൗവൽ നനച്ചെടുത്തു. ആ നനഞ്ഞ തുണി കൊണ്ട് ഞാൻ നെഞ്ചും കാലും തിരുമ്മി. പിന്നെ ദേഹമൊന്നുണങ്ങിയപ്പോൾ മടക്കുകളിലൊന്നും മൂട്ട ഒളിച്ചിരുപ്പില്ലെന്നുറപ്പു വരുത്തിക്കൊണ്ട് വസ്ത്രം ധരിച്ചു. പച്ചച്ചായമടിച്ച കോണിപ്പടി ഞാൻ ഓടിയിറങ്ങി. വാതില്ക്കൽ ഹോട്ടലുടമസ്ഥൻ ഇരിപ്പുണ്ടായിരുന്നു; ഒരു കണ്ണിനു മാത്രം കാഴ്ചയുള്ള, അധികം മിണ്ടാട്ടമില്ലാത്ത ഒരു മനുഷ്യൻ. തൊണ്ടയടച്ച ശബ്ദത്തിൽ അയാൾ ചോദിച്ചു :

“സാറെങ്ങോട്ടു പോകുന്നു?”

“ഒന്നു നടന്നിട്ടു വരാം. വല്ലാത്ത ചൂട്.”

“ഊം, എല്ലായിടത്തും അടച്ചുകഴിഞ്ഞു. റോഡിലെങ്ങും വെളിച്ചമില്ല. പുറത്തേക്കിറങ്ങാതിരിക്കുന്നതാണ്‌ നല്ലത്.“

ഞാൻ ചുമലൊന്നു വെട്ടിച്ചിട്ട് ”ഇപ്പോൾ വരാം“ എന്നൊന്നു മന്ത്രിച്ചുകൊണ്ട് ഇരുട്ടിലേക്കൂളിയിട്ടു. ആദ്യമൊന്നും എനിക്കു കണ്ണു പിടിച്ചില്ല. കല്ലു പടുത്ത തെരുവിലൂടെ ഞാൻ തപ്പിത്തപ്പി നടന്നു. ഞാനൊരു സിഗററ്റെടുത്തു കത്തിച്ചു. പെട്ടെന്ന്, അവിടവിടെ അടർന്നിളകിയ ഒരു വെള്ളച്ചുമരിനെ വെളിച്ചപ്പെടുത്തിക്കൊണ്ട് ഒരു കാർമ്മേഘത്തിനു പിന്നിൽ നിന്ന് ചന്ദ്രൻ പുറത്തു വന്നു. അത്രയും വെണ്മയിൽ കണ്ണുകൾ ഇരുട്ടടച്ചപ്പോൾ ഞാൻ നടത്തം നിർത്തി. കാറ്റിന്റെ നേർത്ത ചൂളം കേട്ടിരുന്നു. പുളിയില മണക്കുന്ന വായു ഞാൻ ഉള്ളിലേക്കെടുത്തു. ഇലകളും ശലഭങ്ങളും  രാത്രിക്കു ശ്രുതിയിടുകയായിരുന്നു. ചീവീടുകൾ നീളൻ പുല്ലുകൾ താവളമാക്കിയിരുന്നു. ഞാൻ തല പൊക്കി നോക്കി: അങ്ങു മുകളിൽ നക്ഷത്രങ്ങളും തമ്പടിച്ചു കഴിഞ്ഞിരുന്നു. ചിഹ്നങ്ങളുടെ വിപുലവിധാനമാണു പ്രപഞ്ചമെന്നു ഞാൻ മനസ്സിൽ പറഞ്ഞു, അതികായരായ ജീവികൾ തമ്മിൽ നടക്കുന്ന ഒരു സംഭാഷണം. എന്റെ പ്രവൃത്തികൾ, ചീവീടിന്റെ അരം വച്ച ഒച്ച, നക്ഷത്രങ്ങളുടെ കണ്ണിമയ്ക്കൽ ഇതൊക്കെ ആ സംഭാഷണത്തിൽ നിന്നു തെറിച്ചുവീഴുന്ന വാക്കുകൾ മാത്രം, അർദ്ധവിരാമങ്ങളും അക്ഷരങ്ങളും മാത്രം. ഞാൻ വെറുമൊരക്ഷരമായ ആ പദം എന്തായിരിക്കും? ആരാണതു പറയുന്നത്? ആരോടാണതു പറയുന്നത്? ഞാൻ നടപ്പാതയിലേക്കു സിഗററ്റ് വലിച്ചെറിഞ്ഞു. ഒരു കുഞ്ഞു വാൽനക്ഷത്രം പോലെ ക്ഷണികസ്ഫുലിംഗങ്ങൾ വീശി, ദീപ്തമായ ഒരു വക്രരേഖ ചമച്ചുകൊണ്ട് അതു ചെന്നു വീണു.

ഞാനങ്ങനെ വളരെ സാവധാനം കുറേയേറെ ദൂരം നടന്നു. സ്വതന്ത്രനാണു ഞാനെന്നെനിക്കു തോന്നി, അത്രയുമാനന്ദത്തോടെ ആ നിമിഷം എന്നെയുച്ചരിക്കുന്ന ചുണ്ടുകൾക്കിടയിൽ സുരക്ഷിതനാണു ഞാനെന്നെനിക്കു തോന്നി. കണ്ണുകളുടെ ഒരുദ്യാനമായിരുന്നു രാത്രി. തെരുവു മുറിച്ചു കടക്കുമ്പോൾ ആരോ ഒരു വാതിൽ തുറന്നിറങ്ങുന്നതു ഞാൻ കേട്ടു. ഞാൻ തിരിഞ്ഞുനോക്കി; എന്നാൽ ആ ഇരുട്ടത്ത് യാതൊന്നും വ്യക്തമായില്ല. ഞാൻ ധൃതിയിൽ നടന്നു. ചില നിമിഷങ്ങൾ കഴിഞ്ഞപ്പോൾ പൊള്ളുന്ന കല്ലുകളിൽ വള്ളിച്ചെരുപ്പുകളുരയുന്നതു കേട്ടു. ഓരോ ചുവടു വയ്പിനുമൊപ്പം ഒരു നിഴൽ അടുത്തടുത്തു വരുന്നതായി തോന്നിയെങ്കിലും തിരിഞ്ഞുനോക്കാൻ എനിക്കു തോന്നിയില്ല. ഞാൻ ഓടാൻ നോക്കി. പറ്റിയില്ല. പെട്ടെന്നു ഞാൻ നിന്നുപോയി. ചെറുക്കാൻ കഴിയുന്നതിനു മുമ്പ് എന്റെ മുതുകത്ത് ഒരു കത്തിമുന തൊടുന്നതു ഞാനറിഞ്ഞു, ഇമ്പമുള്ള ഒരു ശബ്ദം ഞാൻ കേട്ടു:

“അനങ്ങരുത് മിസ്റ്റർ, അനങ്ങിയാൽ ഞാനിതു കുത്തിയിറക്കും.”

തിരിയാതെ തന്നെ ഞാൻ ചോദിച്ചു:

“നിങ്ങൾക്കെന്തു വേണം?”

“നിങ്ങളുടെ കണ്ണുകൾ, മിസ്റ്റർ,” നേർത്ത, ദീനമെന്നു പറയാവുന്ന ആ ശബ്ദം പറഞ്ഞു.

“എന്റെ കണ്ണുകളോ? എന്റെ കണ്ണുകൾ കൊണ്ടു നിങ്ങളെന്തു ചെയ്യാൻ? ഇതാ, എന്റെ കൈയിൽ കുറച്ചു പണമുണ്ട്. അധികമൊന്നുമില്ല, എന്നാലും കുറച്ചുണ്ട്. എന്നെ വിട്ടയച്ചാൽ എന്റെ കൈയിലുള്ളതൊക്കെ ഞാൻ തരാം. എന്നെ കൊല്ലരുത്.“

”പേടിക്കാതെ മിസ്റ്റർ, ഞാൻ നിങ്ങളെ കൊല്ലില്ല. എനിക്കു നിങ്ങളുടെ കണ്ണുകൾ മാത്രം മതി.“

”അല്ല, എന്റെ കണ്ണുകൾ കൊണ്ട് നിങ്ങളെന്തു ചെയ്യാൻ പോകുന്നു?“ ഞാൻ പിന്നെയും ചോദിച്ചു.

”ഞാൻ സ്നേഹിക്കുന്ന പെണ്ണിന്‌ അങ്ങനെയൊരു പൂതി തോന്നി. അവൾക്ക് നീലക്കണ്ണുകൾ കൊണ്ടൊരു പൂച്ചെണ്ടു വേനം. നീലക്കണ്ണുകൾ ഇവിടങ്ങനെ കിട്ടാനുമില്ല.“

”എങ്കിൽ എന്റെ കണ്ണു കൊണ്ടു കാര്യമില്ല. അതിനു തവിട്ടുനിറമാണ്‌, നീലയല്ല.“

”എന്നെ വിഡ്ഡിയാക്കാതെ, മിസ്റ്റർ. നിങ്ങളുടെ കണ്ണുകൾക്കു നീലനിറമാണെന്ന് എനിക്കു നന്നായിട്ടറിയാം.“

”ഒരു സഹജീവിയുടെ കണ്ണെടുക്കരുത്. ഞാൻ മറ്റെന്തു വേണമെങ്കിലും തരാം.“

”എന്റടുത്തു പുണ്യാളൻ കളിക്കണ്ട,“ അയാൾ പരുഷസ്വരത്തിൽ പറഞ്ഞു. ”തിരിഞ്ഞു നില്ക്ക്.“

ഞാൻ തിരിഞ്ഞുനിന്നു. ചടച്ചു ദുർബലനായ ഒരു മനുഷ്യൻ. അയാളുടെ പനയോലത്തൊപ്പിയിൽ പാതി മുഖം മറഞ്ഞിരുന്നു. അയാൾ വലതു കൈയിൽ പിടിച്ചിരുന്ന നാടൻ വടിവാൾ നിലാവിൽ തിളങ്ങി.

”ഞാൻ നിങ്ങളുടെ മുഖമൊന്നു കാണട്ടെ.“

ഞാൻ ഒരു തീപ്പെട്ടിക്കോലുരച്ച് എന്റെ മുഖത്തോടടുപ്പിച്ചു പിടിച്ചു. വെളിച്ചം മുഖത്തടിച്ചപ്പോൾ ഞാൻ കണ്ണു ചിമ്മി. അയാൾ ബലമായി എന്റെ കൺപോളകൾ പിടിച്ചു തുറന്നു. അയാൾക്കു ശരിക്കു കാണാൻ പറ്റിയില്ല. പെരുവിരലൂന്നി നിന്നുകൊണ്ട് അയാൾ എന്റെ കണ്ണുകളിലേക്കുറ്റു നോക്കി. കൈ പൊള്ളിയപ്പോൾ ഞാൻ കൊള്ളി താഴെയിട്ടു. ഒരു നിമിഷം നിശ്ശബ്ദമായി കടന്നുപോയി.

“ഇപ്പോൾ ബോദ്ധ്യമായില്ലേ? എന്റെ കണ്ണുകൾ നീലയല്ല.”

“നിങ്ങൾ ആളൊരു മിടുക്കനാണല്ലേ?” അയാൾ പറഞ്ഞു. “നോക്കട്ടെ. ഒരു കൊള്ളി കൂടി കത്തിക്കൂ.”

ഞാൻ ഒരു കോലു കൂടി ഉരച്ച് എന്റെ കണ്ണുകളോടടുപ്പിച്ചു. എന്റെ ഷർട്ടിന്റെ കൈയിൽ കടന്നുപിടിച്ചുകൊണ്ട് അയാൾ ആജ്ഞാപിച്ചു:

“മുട്ടു കുത്ത്.”

ഞാൻ മുട്ടു കുത്തി. ഒരു കൈ കൊണ്ട് മുടിയിൽ ബലമായി പിടിച്ചിട്ട് അയാൾ എന്റെ തല പിന്നിലേക്കു ചരിച്ചു. ജിജ്ഞാസയോടെ, വലിഞ്ഞു മുറുകിയ ഭാവത്തോടെ അയാൾ എനിക്കു മേൽ കുനിഞ്ഞു നിന്നു; അയാളുടെ കൈയിലെ വടിവാൾ പതുക്കെ താണുതാണു വന്ന് ഒടുവിൽ കണ്ണിമകളിൽ വന്നുരുമ്മി. ഞാൻ കണ്ണടച്ചുകളഞ്ഞു.

“തുറന്നു പിടിയ്ക്ക്.” അയാൾ ആജ്ഞാപിച്ചു.

ഞാൻ കണ്ണു തുറന്നു. തീനാളത്തിൽ എന്റെ കൺപീലികൾ ചുട്ടു. പെട്ടെന്നാണ്‌ അയാൾ എന്റെ പിടി വിട്ടത്.

“ശരിശരി, അതു നീലയല്ല. സ്ഥലം വിട്.”

അയാൾ അപ്രത്യക്ഷനായി. ഞാൻ കൈകളിൽ തല താങ്ങിക്കൊണ്ട് മതിലിൽ ചാരിയിരുന്നു. ഒടുവിൽ സമനില വീണ്ടെടുത്തുകൊണ്ട് ഞാൻ എഴുന്നേറ്റു. കാലിടറിയും വീണും വീണ്ടുമെഴുന്നേറ്റും ഒരു മണിക്കൂർ ആളൊഴിഞ്ഞ ആ ഗ്രാമത്തിലൂടെ ഞാൻ ഓടി. കവലയിലെത്തുമ്പോൾ ഹോട്ടലുകാരൻ പഴയ പടി വാതില്ക്കൽ ഇരിപ്പുണ്ടായിരുന്നു. ഒരക്ഷരം പറയാതെ ഞാൻ കയറിപ്പോയി. അടുത്ത ദിവസം ഞാൻ ആ നാടു വിട്ടു.

(1949)


2015 സെപ്തംബര്‍ ലക്കം മലയാളനാട് വെബ് മാഗസീനില്‍ പ്രസിദ്ധീകരിച്ചത്


കഥയുടെ ഇംഗ്ലീഷ് വിവര്‍ത്തനം


അഭിപ്രായങ്ങളൊന്നുമില്ല: