തിയോ ഹെയ്ൻസ് തിയോ (യഥാർത്ഥനാമം ഫ്രാൻസ് വാൾട്ടർ ലെഹ്‌മൻ)I-യെ കണ്ടുപിടിച്ചു.
I-യെ കണ്ടുപിടിക്കുന്നതിനു മുമ്പ് അയാൾ ജനിക്കുകയും സ്കൂൾ, കോളേജ് ഇത്യാദികൾ കടന്ന് പല പരീക്ഷകൾ പാസ്സാവുകയും നാടകകൃത്താവുകയും ചെയ്തുകഴിഞ്ഞിരുന്നു. ചെറുപ്പത്തിൽ ഫുട്ബാളിലായിരുന്നു അയാളുടെ കമ്പം; പിന്നീടത് സാഹിത്യത്തിലായി. ഇളംപ്രായത്തിൽ തന്നെ അയാൾ വ്യത്യസ്തതയുടെ ചാരുതയെക്കുറിച്ചു ബോധവാനായിക്കഴിഞ്ഞിരുന്നു. ഈ വിഷയത്തെക്കുറിച്ച് അയാൾ ഇപ്രകാരം എഴുതീട്ടുണ്ട്: “വ്യത്യസ്തത എന്നത് വ്യത്യസ്തത ഇല്ലാത്ത വ്യത്യസ്തതയുടെ വ്യത്യസ്തതയത്രെ.”
അയാളുടെ ജീവിതമാകെ ഭരിച്ചിരുന്നത് ഈയൊരു തത്ത്വമായിരുന്നു. പലരും പോയ കൊല്ലത്തെ ഫാഷനിൽ മുടി ചീകി നടക്കുമ്പോൾ അയാൾ വരുംകൊല്ലത്തെ ഫാഷൻ നടപ്പിലാക്കിക്കഴിഞ്ഞിരുന്നു; അവരുടെ ട്രൗസർ അയഞ്ഞതാണെങ്കിൽ അയാളുടേത് ഇറുകിയതായിരുന്നു; അവരുടെ പുള്ളോവറിന്റെ കഴുത്ത് ‘V’ വെട്ടുള്ളതായിരുന്നെങ്കിൽ അയാളുടേത് വട്ടത്തിലായിരുന്നു; അവർ മുഖം വടിച്ചു നടന്നപ്പോൾ അയാൾ താടി വളർത്തി; അവർ താടി വച്ചു വന്നപ്പോൾ അയാൾ അതെടുത്തു കളയുകയും ചെയ്തു. അങ്ങനെ ഫാഷന്റെ രംഗത്ത് അയാൾ വിപ്ളവകരമായ വ്യത്യസ്തത നടപ്പിലാക്കി. ഫുട്ബാൾ മുഴിഞ്ഞപ്പോൾ അയാൾ തന്റെ ഈ രീതി സാഹിത്യത്തിലേക്കു മാറ്റി.
ഈ കാലത്താണ് അയാൾ കസേര കണ്ടുപിടിക്കുന്നത്. ഒരു സാധാരണ കസേര. അക്കാലം സാഹിത്യം മുഴുകിയിരുന്നത് വിപുലമായ വിഷയങ്ങളിലായിരുന്നു; വിശാലമായ സ്ഥലരാശികളിലും സാമൂഹ്യവിപ്ളവങ്ങളിലുമായിരുന്നു; വേറേ വിധത്തിൽ പറഞ്ഞാൽ നിങ്ങൾക്കു കോയ്മ നേടാനാവാത്ത വിഷയങ്ങളിലായിരുന്നു. ഇതെങ്ങനെ സഹിക്കും എന്ന് തിയോ ഹെയ്ൻസ് തിയോയ്ക്ക് തോന്നി. അയാൾ കസേരയെ കഷണങ്ങളാക്കി പിരിച്ചു. ആദ്യം അയാൾ കസേരക്കാലുകൾ നാലും ഊരിയെടുത്തു. പിന്നെ ഓരോ കാലിനെക്കുറിച്ചും അയാൾ പത്തു വരി നീളത്തിൽ ഓരോ പാഠമെഴുതി. ഈ പാഠങ്ങൾക്കെല്ലാം കൂടി അയാൾ “പാഠം” എന്നു പേരിട്ടു. “പാഠം” തീരെ ചെറുതായിപ്പോയെന്ന് പ്രസാധകൻ അഭിപ്രായപ്പെട്ടു. തിയോ ഹെയ്ൻസ് തിയോ അതു തന്നെ കൂടുതലാണെന്നു വാദിച്ചു. അയാൾ “പാഠ”ത്തെ ഇനിയും പിരിച്ചേനെ: “പാ” എന്നും “ഠം” എന്നും. ഒരു ഉപശീർഷകം വേണമെന്ന് പ്രസാധകൻ ശഠിച്ചു: കന്റാറ്റ - നാലു പാദങ്ങളിൽ ഒരു കന്റാറ്റ.
പുസ്തകം വലിയ വിജയമായി. പുതിയൊരു ഫാഷനെ നേരിടേണ്ടി വന്ന നിരൂപകർ രണ്ടു മാസം ചെറുത്തു നിന്നു. ഒടുവിൽ അടിയറവു പറഞ്ഞ അക്കൂട്ടർ പുതിയ ഫാഷനെ ഒരു പ്രതികാരബുദ്ധിയോടെ തന്നെ കൈക്കൊണ്ടു.
എഴുത്തുകാരുടെ പര്യടനങ്ങൾ സംഘടിപ്പിക്കുന്ന ഏജൻസികൾക്കെല്ലാം തിയോ ഹെയ്ൻസ് തിയോയുടെ സേവനം ആവശ്യമായി വന്നു. യൂണിവേഴ്സിറ്റിയിൽ നിന്നു യൂണിവേഴ്സിറ്റിയിലേക്കും ലെക്ചർ ഹാളിൽ നിന്നു ലെക്ചർ ഹാളിലേക്കും അയാൾ യാത്രയായി. അയാളുടെ കീർത്തി പരന്നു; പ്രസാധകൻ സ്വന്തമായി പുതിയൊരു വീടു പണിതു. അയാൾ തിയോ ഹെയ്ൻസ് തിയോയെ വീട്ടിലേക്കു ക്ഷണിച്ചു; തന്റെ നീന്തൽക്കുളത്തിൽ ദിവസവും കുളിക്കാനുള്ള ഏർപ്പാടു ചെയ്യാമെന്നേറ്റു. അയാൾക്ക് അതു വേണമെന്നു തോന്നിയില്ല.
എവിടെയും കസേരക്കാലുകൾ ഫാഷനായി. അതു കൈവശമില്ലാതിരുന്നവർ അതൊരെണ്ണം വാങ്ങിവച്ചു. തിയോ ഹെയ്ൻസ് തിയോ തന്റെ കൃതി വായിക്കാൻ പോയിടത്തൊക്കെ കസേരക്കാലുകൾ ചൂടപ്പം പോലെ വിറ്റുപോയി. അയാളുടെ പാരായണങ്ങൾക്ക് ടിക്കറ്റുകൾ മുൻകൂർ ബുക്കു ചെയ്യേണ്ടിയിരുന്നു. സദസ്സ് തിങ്ങിഞ്ഞെരുങ്ങി ഇരുന്നു: കാതോടു കാതു ചേർന്ന്, കയ്യോടു കൈ ചേർന്ന്, കാലോടു കാലു ചേർന്ന്.
ഇങ്ങനെ കുറേക്കാലം കഴിഞ്ഞതോടെ അയാൾക്കൊരുതരം ഞെരുക്കം അനുഭവപ്പെട്ടു തുടങ്ങി. വായനകൾക്കിടയിൽ വിയർത്തുകുളിക്കുക പതിവായി. തന്റെ കൃതി കാലഹരണപ്പെട്ടതാണെന്ന തോന്നൽ ഓരോ വായന കഴിയുന്തോറും അയാളിൽ പ്രബലമായി വന്നു. വിഷയപരമായി നോക്കിയാൽ അതിദീർഘവും അത്യവ്യക്തവും അതിശ്ളഥവും. വായനകൾ കഴിയുന്തോറും അയാൾ തന്റെ കസേരക്കാലിനെ കവച്ചുവയ്ക്കുകയായിരുന്നു. ഒടുവിൽ അയാൾ പിൻവാങ്ങാൻ തീരുമാനിച്ചു.
അയാൾ വീണ്ടും ചിന്തയിൽ മുഴുകി. ഹ്രസ്വപാഠങ്ങളുടെ കാലം കഴിയുകയായിരുന്നു; അയാൾക്കതു മനസ്സിലായി. മുറിയിലുള്ള ഓരോ വസ്തുവിനേയും അയാൾ സൂക്ഷിച്ചു നോക്കി. ഓരോന്നിന്റെയും സാഹിത്യപരമായ സാദ്ധ്യകൾ അറിയാൻ വേണ്ടി അയാൾ അവയെ സുസൂക്ഷ്മം നിരീക്ഷണത്തിനു വിധേയമാക്കി: കട്ടിൽ, വിളക്ക്, മേശ, ക്ളോക്ക്...
ഒരു ദിവസം കട്ടിലിൽ ചടഞ്ഞുകൂടി കിടക്കുമ്പോഴാണ് അയാൾ ചട്ടുകാൽ കണ്ടുപിടിക്കുന്നത്. ഉടനേ തന്നെ അയാൾ അതിനെ കഷണങ്ങളാക്കി: ച, ട്ടുകാ, ൽ എന്നിങ്ങനെ. അയാൾ അവയെ പിന്നെയും അരിഞ്ഞുനുറുക്കുകയും മാറ്റി യോജിപ്പിച്ചു നോക്കുകയും വായുവിലേക്കു തൊഴിച്ചെറിയുകയും വായിലിട്ടു ചവച്ചരയ്ക്കുകയുമൊക്കെ ചെയ്തു. പക്ഷേ യാതൊന്നും ഉണ്ടായി വന്നില്ല.
ഇങ്ങനെയൊരു രാത്രിയിലാണ് അയാൾ I-യെ കണ്ടുപിടിക്കുന്നത്. അക്ഷരമാലയിൽ നിന്നു തെന്നിച്ചാടിപ്പോന്നതായിരുന്നു അത്. അത്യാളുടെ കിടക്കയ്ക്കു മേൽ തത്തിപ്പറക്കുകയും വിളക്കിനു ചുറ്റും പറന്നുനടക്കുകയും ഒരു നൊടി വെളിച്ചം കായുകയും ചെയ്തിട്ട് മച്ചിനെ തൊട്ടുരുമ്മി പറക്കാൻ തുടങ്ങി.
കണ്ണടച്ചു കിടന്നുകൊണ്ട് തിയോ ഹെയ്ൻസ് തിയോ അതിനെ പഠിച്ചു. യുവത്വത്തിന്റെ ഓജസ്സു നിറഞ്ഞതും പ്രസരിപ്പാർന്നതും അസാമ്പ്രദായികമായ രീതിയിൽ സംവദിക്കുന്നതും നക്ഷത്രച്ചൊടിയുള്ളതും വ്യാപാരപരമായി വിശ്വസിക്കാവുന്നതും ലോലവും പ്രബുദ്ധവും സംസ്കൃതവും പ്രഭാപൂർണ്ണവുമായിരുന്നു അത്. ഉദാത്തമായ കവിതയുടെ ഒരു സ്ഫുലിംഗമാണ് മുറിക്കുള്ളിൽ നിന്നു തുടിക്കുന്നത്! തിയോ ഹെയ്ൻസ് തിയോ അതു കണ്ടറിഞ്ഞു.
അയാൾ കിടക്കയിൽ നിന്നു ചാടിയെഴുന്നേറ്റ് അതിനെ പിടിക്കാൻ ശ്രമിച്ചു. കഷ്ടപ്പെട്ട് അയാൾ മച്ചിനു നേർക്കുയർന്നു. വിളക്കിനു ചുറ്റും അതിനു പിന്നാലെ പാറിനടന്നു. ഒടുവിൽ അല്പം ബലം പ്രയോഗിച്ചു തന്നെ അയാൾ അതിനെ പിടിയിലാക്കി. എന്നിട്ട് അയാളതിനെ പരിക്ഷണങ്ങൾക്കു വിധേയമാക്കി.
ആദ്യം അയാളതിനെ നാലാക്കി നുറുക്കി. പിന്നെ അയാൾ അവയെ വീണ്ടും കൊത്തിയരിഞ്ഞ് പല വലിപ്പത്തിലുള്ള കഷണങ്ങളാക്കി. I നിലവിളിച്ചു. “മിണ്ടിപ്പോകരുത്!” അയാൾ ശാസിച്ചു. അയാൾ അതിനെ സ്റ്റൗവ്വിലേക്കിട്ടു. തത്ക്ഷണം തീനാളം I-യുടെ രൂപം പൂണ്ടു. ഇതൊരു വെളിപാടാണെന്ന് തിയോ ഹെയ്ൻസ് തിയോ സ്വയം പറഞ്ഞു.
പ്രസാധകൻ ഉത്സാഹത്തിലായിരുന്നു. ആറു മാസം കഴിഞ്ഞ് പുസ്തകം പുറത്തു വന്നു. അതിനാകെ എമ്പതു പേജേ ഉണ്ടായിരുന്നുള്ളു. ഓരോ പേജിലും I-കൾ; ആകെ അയ്യായിരത്തിമുന്നൂറ്റിമൂന്നെണ്ണം. മുൻപേജിൽ ഒരു ഇരട്ട I. ഇടയ്ക്കൊരു കുത്തിട്ട് രണ്ടിനേയും യോജിപ്പിച്ചിരുന്നു; ആ ഒരിളവു മാത്രമാണ് തിയോ ഹെയ്ൻസ് തിയോ അനുവദിച്ചത്. പുസ്തകം വലിയ കോളിളക്കം സൃഷ്ടിച്ചു. ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഒരു സാഹിത്യകൃതി താഴെ നിന്നു മുകളിലേക്കും മുകളിൽ നിന്നു താഴേയ്ക്കും തുടക്കം തൊട്ടൊടുക്കം വരെയും ഒടുക്കം തൊട്ടു തുടക്കം വരെയും നെടുകെയും കുറുകെയും കോണോടു കോണായും ചുരുക്കം പറഞ്ഞാൽ നിങ്ങൾക്കിഷ്ടമുള്ള പ്രകാരം വായിക്കാമെന്നായത്. എന്തിനേറെ, ഇടയ്ക്കു പുസ്തകമൊന്നു കീഴ്മേൽ പിടിച്ചാലും വായന തടസ്സപ്പെടില്ലെന്നുമുണ്ടായിരുന്നു.
നിരൂപകർ ഒരിക്കൽക്കൂടി അടിയറവു പറഞ്ഞു. ഉത്സാഹത്തള്ളിച്ചയോടെ, എന്നാൽ ഗൗരവം വിടാതെ തന്നെ, അവർ I-യെ തുറിച്ചുനോക്കി. എതിരഭിപ്രായങ്ങൾ ഉയർന്നവയൊക്കെ കാലഹരണപ്പെട്ടതാണെന്നു പറഞ്ഞ് പ്രസാധകൻ തള്ളിക്കളഞ്ഞു. അയാൾ കച്ചവടം തുടങ്ങിക്കഴിഞ്ഞിരുന്നു. വിവർത്തകർ അയാളുടെ വീട്ടുപടിക്കൽ പാടുകിടക്കുകയായി; വിദേശപ്രസാധകർ പകർപ്പവകാശത്തിനായി കമ്പിസന്ദേശങ്ങളയച്ചു. തമ്മിൽത്തമ്മിൽ അനേകം ഫോൺ വിളികൾക്കു ശേഷം അവശേഷിച്ച ഏഷണിക്കാർ കൂടി കീഴടങ്ങി. പുതിയ ഫാഷനെ ഒരുതരം പ്രതികാരബുദ്ധിയോടെ അവർ കൈയേറ്റു.
I-കാലഘട്ടം നാലു കൊല്ലം നീണ്ടുനിന്നു. തിയോ ഹെയ്ൻസ് തിയോയുടെ പുസ്തകം ബെസ്റ്റ് സെല്ലെർ ലിസ്റ്റിന്റെ മുകളറ്റം കയറിപ്പറ്റി. ദീർഘയാത്രകളിൽ അത് അനുപേക്ഷണീയമായ യാത്രാസഹായി ആയി. I-യെ കൈയിലെടുക്കാതെ യാത്രക്കിറങ്ങരുത് എന്ന മുദ്രാവാക്യം സകല മോട്ടലുകളിലും കാണാമായിരുന്നു. കോസ്റ്റാബ്രാവ തൊട്ട് ഫിൻലന്റ് തീരം വരെ, ഷാനൺ തൊട്ട് ടെഹ്‌റാൻ വരെ, അയർലന്റിന്റെ വടക്കുപടിഞ്ഞാറേ മുനമ്പു മുതൽ പേഴ്സ്യൻ ഉൾക്കടൽ വരെ ഇതായിരുന്നു സ്ഥിതി. തിയോ ഹെയ്ൻസ് തിയോയ്ക്ക് ആകെക്കൂടി നാല്പത്തിമൂന്നു പുരസ്കാരങ്ങൾ നല്കപ്പെട്ടു. സർവ്വനഗരങ്ങളിലെയും സമാജങ്ങൾ, ക്ളബ്ബുകൾ എന്നിവിടങ്ങളിലെ വിധിനിർണ്ണയസമിതികൾ (അംഗങ്ങൾ ഒരേ ആൾക്കാർ തന്നെയായിരിക്കും) അയാളെ ആദരിക്കാൻ തടിച്ചുകൂടി. തിയോ ഹെയ്ൻസ് തിയോയുടെ I-ക്കല്ലാതെ മറ്റെന്തിനെങ്കിലും പുരസ്കാരം നല്കുക എന്ന ചിന്ത അവരുടെ മനസ്സിൽ ഉദിച്ചതു പോലുമില്ല.
തിയോ ഹെയ്ൻസ് തിയോ വീണ്ടും യാത്രക്കിറങ്ങി. എംബസ്സി തോറും അയാൾ വായന നടത്തി. സിറിയയിൽ, ലബനണിൽ, ഏഥൻസിൽ, ഉഗാണ്ടയിൽ അയാളുടെ വായനകളുണ്ടായി. വായനയുടെ ചടങ്ങുകൾ എപ്പോഴും ഒന്നുതന്നെയായിരുന്നു. ആദ്യമായി അന്നേ ദിവസത്തെ അംബാസഡർ ഒരു ആമുഖപ്രസംഗം നടത്തുന്നു: I-യുടെ അനിവാര്യതയെപ്പറ്റി, അതിന്റെ അർത്ഥം, ആകൃതി, വിഷയം, രൂപങ്ങൾ എന്നിവകളെപ്പറ്റി, ഗോയ്റ്റയുടെ ഗദ്യകൃതികൾ വരെ നീണ്ടുചെല്ലുന്ന I-യുടെ ഉത്തേജകമായ അസ്തിത്വത്തെയും പ്രഭാവത്തെയും പറ്റി...അതിനു ശേഷം തിയോ ഹെയ്ൻസ് തിയോ വേദിയിലേക്കു കയറുകയായി. അയാൾ വായ തുറന്നതും ആദ്യത്തെ I പ്രത്യക്ഷമാകുന്നു. ആഹ്ളാദാതിരേകത്തിന്റെ സ്വച്ഛന്ദാവിഷ്കാരത്തോടെ സദസ്യർ പ്രതികരിക്കുന്നു. മൂന്നാമത്തെ I ആകുമ്പോഴേക്കും പ്രായമായ സ്ത്രീകൾ കണ്ണീർത്തുള്ളികളായി മാറിയിട്ടുണ്ടാവും. നാലാമത്തെയോ അഞ്ചാമത്തെയോ I-യുടെ വരവോടെ നയതന്ത്രജ്ഞവൃന്ദം ചെവി കൂർപ്പിക്കുകയും ശ്രദ്ധാഭാവം കൈക്കൊള്ളുകയും ചെയ്യുന്നു. എട്ടാമത്തെ I-ക്ക് അന്താരാഷ്ട്ര I രസികന്മാർ I-താളം പിടിച്ചു തുടങ്ങുകയായി. ഒരു ഡസൻ I കഴിഞ്ഞാലോ, ഹാൾ ഒരു കൂത്തരങ്ങായി മാറിക്കഴിഞ്ഞു: കണ്ണീരിന്റെയും വികാരത്തിന്റെയും ഇന്ദ്രിയസുഖങ്ങളുടെയും പിണയുന്ന കൈകാലുകളുടെയും ചെവികളുടെയും മൂക്കുകളുടെയും ഒരു കൂത്തരങ്ങ്. തിയോ ഹെയ്ൻസ് തിയോ തന്നെ പറഞ്ഞപോലെ, ഒരു I-പകർച്ചപ്പനിബാധ. അയാൾ ഓരോ I-യേയും അതിന്റേതായ സ്വരത്തിലും ഛായയിലും ഭാവത്തിലും ലയപ്പെടുത്തും. ഒരു നിമിഷം അത് ദീപ്തവും ലാഘവമാർന്നതും അഭൗതികവുമാണെങ്കിൽ, അടുത്ത നിമിഷം അത് ഇരുണ്ടതും രാജസഗുണം പൂണ്ടതും അരോഗവുമായിരിക്കും. ഓരോ I-ക്കും സ്വന്തമായ അസ്തിത്വമുണ്ടായിരുന്നു, സ്വന്തമായ ദീപ്തിയും സാഹിതീയമുഖവുമുണ്ടായിരുന്നു. അവസാനത്തെ I(അതയാൾ ഉച്ചരിക്കുകയല്ല, നിശ്വസിക്കുകയായിരുന്നു) ആയിരുന്നു പരമകോടി. അത് മറ്റെല്ലാറ്റിന്റെയും ലക്ഷണങ്ങളെ തന്നിൽ ക്രോഡീകരിക്കുകയും അവയെ പുല്കി ഉയർത്തുകയും ജ്ഞാനോദയത്തിന്റെ അന്ത്യപ്രഭ നല്കിയിട്ട് അവയെ സംഹരിക്കുകയും ചെയ്തു.
ഇതിനെ വരവേല്ക്കുന്ന കരഘോഷം അന്യാദൃശമായിരുന്നു. തേങ്ങുന്ന സന്തോഷത്തിന്റെയും പ്രമത്തമായ ഉത്സാഹത്തിന്റെയും സാഹിതീയാനന്ദത്തിന്റെയും ഒരു ചക്രവാതം. തല നരച്ച മാന്യദേഹങ്ങൾ ഉത്സാഹത്തള്ളിച്ചയിൽ തങ്ങളുടെ കണ്ഠകൗപീനങ്ങൾ അഴിച്ചെടുത്ത് തൊണ്ട വരണ്ടതും വീർപ്പു മുട്ടുന്നതുമായ ‘പോരാ, പോരാ’ വിളികളോടെ വേദിയിലേക്കെറിയും. തിയോ ഹെയ്ൻസ് തിയോ ഇതൊക്കെ വളരെ സാധാരണമാണെന്ന മട്ടിൽ കൈക്കൊണ്ടു. അയാൾ ഒരു മന്ദഹാസത്തോടെ തന്റെ ഓവർക്കോട്ടൂരി പ്രമത്തരായി ആർത്തു വിളിക്കുന്ന ജനത്തിനു നേർക്കു പറത്തി വിടും. അവർ അതു തുണ്ടു തുണ്ടാക്കി പിച്ചിച്ചീന്തി I രൂപത്തിലുള്ള സ്മാരകവസ്തുക്കളാക്കി.
നിരൂപകർ അയാളെ നൊബേൽ സമ്മനത്തിനു ശുപാർശ ചെയ്തു. ചിലർ അയാളുടെ ജീവിതത്തെയും കൃതികളെയും കുറിച്ചു വ്യാഖ്യാനങ്ങളും വിശകലനങ്ങളുമെഴുതി പേരും പെരുമയും നേടി. അന്താരാഷ്ട്ര ഫാഷൻ രംഗം ഇതിനകം I-യെ പിടിച്ചുപറ്റിക്കഴിഞ്ഞിരുന്നു. പുതിയ തലമുറ ശാരീരികമായിപ്പോലും I-കമ്പത്തെ അനുവർത്തിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതീയുവാക്കൾ കൂടുതൽ കൂടുതൽ അഭൗമവും അമൂർത്തവുമായ പ്രവണതകൾ കൈക്കൊള്ളാൻ തുടങ്ങി. ഇരുകൂട്ടരുടെയും കേശരീതി I രൂപത്തിലേക്കു മാറി. ഓട്ടോമൊബൈൽ വ്യവസായത്തിനു പോലും ഏറെ നാൾ ആധുനികസാഹിത്യത്തിന്റെ സ്വാധീനത്തിൽ നിന്നൊഴിഞ്ഞു നില്ക്കാൻ കഴിഞ്ഞില്ല. ആദ്യത്തെ I- കാർ കൺവേയർ ബല്റ്റിലൂടെ ഒഴുകിയെത്തുമ്പോൾ തിയോ ഹെയ്ൻസ് തിയോയും തിരഞ്ഞെടുത്ത 200 I-കളും അതിനെ സ്വാഗതം ചെയ്യാൻ കാത്തുനില്പുണ്ടായിരുന്നു.
ആദ്യത്തെ I-ഓറഞ്ച് വേപ്പൊറൈസർ പരസ്യപ്പെടുത്തുമ്പോഴേക്കും ക്ളൈമാക്സ് കഴിഞ്ഞുപോയിരുന്നു. തിയോ ഹെയ്ൻസ് തിയോ വായനയ്ക്കിടയിൽ പതറാൻ തുടങ്ങി. നീരസം കാരണം അയാൾ പലപ്പോഴും നിമിഷങ്ങളോളം വായ തുറക്കാതെ നില്ക്കുക പതിവായി. അയാളുടെ I-കൾ മുഷിപ്പനും ശുഷ്കവും പഴഞ്ചനുമായി മാറി. തന്നെ സംബന്ധിച്ചിടത്തോളം നിരർത്ഥകമായിക്കഴിഞ്ഞതും കാലഹരണപ്പെട്ടതും തേഞ്ഞതുമായ ഒരു സാഹിത്യഫാഷനാണതെന്ന് അയാൾക്കു ബോദ്ധ്യമായി.
അയാൾ ഏകാന്തതയിലേക്കു പിൻവലിഞ്ഞു.
അയാൾ മനസ്സു കെട്ട് തന്റെ കസേരയിൽ ചടഞ്ഞിരിപ്പായി. താൻ ഒരിക്കൽ സ്തുതികൾ പാടിയിരുന്നത് ഇതേ കസേരയെക്കുറിച്ചായിരുന്നല്ലോ എന്ന് അയാളോർത്തു. ആ രൂപം ഇന്നയാൾക്ക് പൊയ്പോയ ഒരു നൂറ്റാണ്ടിലെ ഹിമാവൃതസാഹിത്യം പോലെയാണു തോന്നിയത്. I-കാലഘട്ടം പോലും അയാൾക്കപ്പോൾ ഇതിഹാസങ്ങളുടെ കാലം പോലെയാണു തോന്നിയത്; ഹ്രസ്വരൂപത്തിന്റെ കാലഘട്ടം തന്നെ, പക്ഷേ സാദ്ധ്യമായതിൽ വച്ചേറ്റവും ഹ്രസ്വമായ രൂപത്തിന്റെയല്ല. ഉറക്കം വരാതെ കിടന്ന രാത്രികളിൽ അയാൾ അക്ഷരമാലയിൽ ദുർബലമായ പരീക്ഷണങ്ങൾ ചെയ്തുനോക്കി. അയാൾ Z-ഉം X-ഉം W-വും ശ്രമിച്ചു നോക്കി; K-യിൽ പരീക്ഷണം ചെയ്തു നോക്കി; O-യെ തുറന്നു നോക്കി. പക്ഷേ ഒന്നും ഫലം കണ്ടില്ല. അങ്ങനെയൊരുനാൾ രാത്രിയിൽ കോപം മൂത്തപ്പോൾ അയാൾ വാശിക്കാരനായ A-യെ അറുത്തു മുറിച്ചു. അയാൾ അതിനെ നെടുനീളത്തിൽ രണ്ടാക്കിയിട്ട് ആ കഷണങ്ങളെ വീണ്ടും ശകലങ്ങളാക്കുകയും അവയെ പിന്നെ തരിരൂപത്തിലാക്കുകയും ചെയ്തു. എന്നിട്ടയാൾ ആ A-കണികകൾ തൂത്തുകൂട്ടി ഒരു ആറ്റമൈസറിലേക്കിട്ടു.
ആറ്റമൈസർ എന്നു പറയുന്നത് ഇലക്ട്രോണിക് ആക്സിലറേറ്ററും പണ്ടത്തെ ആറ്റമിക് കാനണും ചേർന്ന പോലത്തെ ഒരുപകരണമാണ്. ഒരു കൗതുകത്തിന്റെ പേരിലാണ് തിയോ ഹെയ്ൻസ് തിയോ അതൊരെണ്ണം വാങ്ങിവച്ചത്. അതിനെ പരീക്ഷണങ്ങൾക്കുപയോഗപ്പെടുത്താമെന്ന ബോധം അടുത്ത കാലത്തു മാത്രമാണ് അയാൾക്കുണ്ടായത്. സാഹിത്യലക്ഷ്യത്തോടെ ആ ഉപകരണം ഉപയോഗിക്കുന്നതിനുള്ള ആദ്യത്തെ ശ്രമമാണ് അയാൾ നടത്തിയത്.
അയാൾ ജിജ്ഞാസയോടെ A-കണികകളുടെ പ്രതികരണം നോക്കി ഇരുന്നു. താൻ പുതിയൊരു കണ്ടുപിടുത്തത്തിന്റെ വക്കിലെത്തിയിരിക്കുന്നുവെന്ന് അയാൾക്കു തോന്നലുണ്ടായി. അസാധാരണമായതെന്തോ സംഭവിച്ചു. അയാൾ ആഹ്ളാദത്തോടെ ആറ്റമൈസർ ഓഫ് ചെയ്തിട്ട് A-കണികകൾ വാരിക്കൂട്ടി സ്റ്റൗവിലേക്കിട്ടു. അപ്പോൾ സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. A-കണികകൾ തീവ്രശക്തിയോടെ ഒന്നുചേരാൻ ശ്രമിച്ചു. എന്താണു സംഭവിക്കുന്നതെന്ന് തിയോ ഹെയ്ൻസ് തിയോയ്ക്കു പിടി കിട്ടുന്നതിനു മുമ്പ് ഫ്യൂഷൻ മൂർദ്ധന്യത്തിലെത്തി. ഒരു സ്ഫോടനമുണ്ടായി. സ്റ്റൗ പൊട്ടിത്തെറിച്ചു. നവസൃഷ്ടമായ ഒരു A-യുടെ ചിറകുകളേറി തിയോ ഹെയ്ൻസ് തിയോ ഒരിടിമുഴക്കത്തോടെ ആകാശത്തേക്കുയർന്നു.
അതി-സാഹിത്യ-ഭൗതികത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് വിജയകരമായി ഫ്യൂഷൻ പരീക്ഷിച്ചു നോക്കുന്നത്. പക്ഷേ വാർത്ത ലോകമറിഞ്ഞില്ല. തിയോ ഹെയ്ൻസ് തിയോ ഭൂമിയിൽ തിരിച്ചെത്തുന്നത് പത്തു കൊല്ലം കഴിഞ്ഞിട്ടാണ്. പടിഞ്ഞാറൻ തുർക്കിസ്ഥാനിൽ പതിച്ച ഒരു റേഡിയോ ആക്റ്റീവ് ചണ്ഡവാതത്തിനു ശേഷം അവിടെ നിന്ന് ഒരു വെപ്പുപല്ലിന്റെ അവശിഷ്ടങ്ങൾ കണ്ടുകിട്ടുകയുണ്ടായി. അവ യോജിപ്പിച്ചു നോക്കിയ വിദഗ്ധർ അത് തിയോ ഹെയ്ൻസ് തിയോയുടെ ദന്തിസ്റ്റിനു പ്രിയപ്പെട്ട I രൂപത്തിലാണെന്നു കണ്ടുപിടിച്ചു. പല്ലിന്റെ കവചത്തിൽ A-അറ്റോമിക് കണികകളുടെ അംശങ്ങളും ഉണ്ടായിരുന്നു. തിയോ ഹെയ്ൻസ് തിയോയുടെ മരണത്തിന്റെ മാത്രമല്ല, അതി-സാഹിത്യ-ഭൗതികത്തിലെ ആദ്യത്തെ ഫ്യൂഷൻ സ്ഫോടനത്തിന്റെ സ്ഥിരീകരണം കൂടിയായി അത്.
ഈ പല്ല് വളരെ പ്രസിദ്ധമായി. തിയോ ഹെയ്ൻസ് തിയോ സാഹിത്യമ്യൂസിയത്തിൽ പ്രദർശനത്തിനു വച്ചപ്പോൾ അപ്പോഴേക്കും വൃദ്ധരായിക്കഴിഞ്ഞ I-രസികന്മാർക്ക് അത് വലിയൊരാകർഷണമായി. ആ പല്ലിനു മുന്നിൽ വച്ച് അന്ത്യപ്രഭാഷണം നടത്തിയത് പ്രൊഫസ്സർ മിഷെൻഡോർഫ് ആയിരുന്നു. അദ്ദേഹമാണ് അതി-സാഹിത്യ-ഭൗതികത്തിന്റെ യഥാർത്ഥ ഉപജ്ഞാതാവ്. തികച്ചും സംക്ഷിപ്തവും അതേ സമയം ഉജ്ജ്വലവുമായ രീതിയിൽ അദ്ദേഹം I-കാലഘട്ടത്തെ പിന്നിട്ടു.
പുതിയൊരു ശൈലി ഫാഷനായിക്കഴിഞ്ഞിരുന്നു; ഒരുതരം അതീവഹ്രസ്വരൂപം. അതിനെ ദൃശ്യമോ ശ്രാവ്യമോ ആയി ചിത്രീകരിക്കാൻ കഴിയുമായിരുന്നില്ല. എഴുതുന്നതിനു പകരം എഴുതാനുള്ളത് ചിന്തിക്കുകയാണ് എഴുത്തുകാർ ചെയ്തത്. തിയോ ഹെയ്ൻസ് തിയോയുടെ കാലത്തെന്നപോലെ പുതിയ കാലത്തും ആധുനികസാഹിത്യകാരന്മാർ യാത്ര ചെയ്യാറുണ്ടായിരുന്നു. സദസ്സിന്റെ ആരാധന നിറഞ്ഞ കരഘോഷത്തിൽ മുങ്ങി അവർ വേദിയിൽ പൂർണ്ണനിശബ്ദത പാലിച്ചു നിന്നു. വീണ്ടും വിഷമാവസ്ഥയിൽ പെട്ടുപോയ നിരൂപകർ അടിയറവു പറഞ്ഞു. പുതിയ ഫാഷനെ അവർ ഒരുതരം പ്രതികാരബുദ്ധിയോടെ കടന്നുപിടിച്ചു. മുമ്പ് അവരുടെ നിരൂപണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്ന സ്ഥാനത്ത് പത്രങ്ങൾ ഒന്നും അച്ചടിക്കാതെ വിട്ടു. അറിവിനു വേണ്ടി ദാഹിക്കുകയായിരുന്ന ജനം അവയ്ക്കു വേണ്ടി കാത്തിരിക്കുകയും ആഹ്ളാദത്തോടെ അവ ഏറ്റുവാങ്ങുകയും ചെയ്തു.
അങ്ങനെ I-കാലഘട്ടത്തിനു ശേഷം പത്തിലൊന്നു സെക്കന്റ് ധ്യാനത്തിന്റെ കാലം വന്നു.
കന്റാറ്റ - പാശ്ചാത്യശാസ്ത്രീയസംഗീതത്തിൽ അധികം ദൈർഘ്യമില്ലാത്ത, ആഖ്യാനസ്വഭാവമുള്ള സംഗീതരൂപം.
അതി-സാഹിത്യ-ഭൗതികം - Meta-Literary-Physics
ഹാൻസ് വെർണെർ റിഷ്റ്റെർ (1908-1993) - ജർമ്മൻ നോവലിസ്റ്റ്; സ്വന്തം കൃതികളുടെ പേരിൽ ഇപ്പോൾ അത്രയധികം അറിയപ്പെടുന്നില്ലെങ്കിലും യുദ്ധാനന്തര ജർമ്മനിയിലെ ഗ്രൂപ്പ് 47 എന്ന എഴുത്തുകാരുടെ കൂട്ടായ്മയെ നയിച്ചുവെന്നതിൽ പ്രശസ്തൻ.
മലയാളനാട് വെബ് മാഗസീന്റെ 2015 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ