2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

അന്തോണിയോ പോർച്ചിയ - സാന്നിദ്ധ്യത്തിന്റെ “ശബ്ദങ്ങൾ”

porchia



മൂന്നു കള്ളന്മാർ ഒരു കവിയുടെ വീട്ടിൽ മോഷ്ടിക്കാൻ കയറി. കവി അവരോടു പറഞ്ഞു: “എന്റെ കൈയിൽ പണമൊന്നുമില്ല. പിന്നെ കുറെ പുസ്തകങ്ങളും പെയിന്റിംഗുകളുമുണ്ട്. വേണ്ടതെടുത്തിട്ട് ഒന്നു പോയിത്തരൂ.” ഒരു കള്ളൻ കവിയുമായി സംഭാഷണത്തിലായി. മറ്റു കള്ളന്മാർ പുസ്തകങ്ങളിലും ചിത്രങ്ങളിലും കാണുന്ന സമർപ്പണങ്ങൾ വായിക്കുകയുമായിരുന്നു: “ബഹുമാനപ്പെട്ട കവിയ്ക്ക്..”, “ആദരണീയനായ ചിന്തകന്‌...” ചിന്തകനും കവിയുമായ ഒരാളെ തങ്ങൾ കവർച്ച ചെയ്യുകയോ? തങ്ങൾ അതിനില്ലെന്നായി കള്ളന്മാർ. കവി ചീസും ആപ്പിളുമൊക്കെയായി അവരുമായി അത്താഴം പങ്കിടുകയാണ്‌ ഒടുവിലുണ്ടായത്. പോകുംമുമ്പ് ഒരു കള്ളൻ കവിയോടു ചോദിച്ചു: “താങ്കൾക്ക് അത്തിപ്പഴം ഇഷ്ടമാണോ?” കവി തലയാട്ടി. ഒരാഴ്ച കഴിഞ്ഞ് വാതിൽക്കൽ മുട്ടു കേട്ടു ചെല്ലുമ്പോൾ അത്തിപ്പഴങ്ങൾ നിറച്ച കൂടയുമായി വന്നിരിക്കയാണ്‌ ആ കള്ളൻ.
 
ഈ കവിയാണ്‌ അന്തോണിയോ പോർച്ചിയ. ജന്മം കൊണ്ട് ഇറ്റലിക്കാരനാണെങ്കിലും സ്ഥിരതാമസം അർജന്റീനയിലായിരുന്നു; സ്പാനിഷ്, എഴുത്തുഭാഷയും. ജീവിച്ചിരിക്കെ എഴുത്തുകാരും കലാകാരന്മാരുമടങ്ങിയ ഒരു പരിമിതവൃത്തത്തിനപ്പുറം അദ്ദേഹം അറിയപ്പെട്ടിരുന്നില്ല; അങ്ങനെ അറിയപ്പെടണമെന്ന മോഹവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ധാരാളിത്തത്തിൽ നിന്നുള്ള പിൻവലിയലാണ്‌ അദ്ദേഹത്തിന്റെ കവിതകൾ. അതുകൊണ്ടാണ്‌ ആ കവിതകൾ ഒന്നും രണ്ടും വരികളിലൊതുങ്ങിപ്പോകുന്നത്. സ്നേഹിതന്മാർ തനിക്കയച്ചുതരുന്ന പുസ്തകങ്ങൾ കണ്ട് അദ്ദേഹം ഒരിക്കൽ ഇങ്ങനെ അത്ഭുതപ്പെട്ടു: “എന്തുമാത്രം വാക്കുകൾ!” കഠിനമായ ജീവിതാനുഭവങ്ങളിൽ നിന്നാണ്‌ ആ കവിതകൾ പുറപ്പെടുന്നതെങ്കിലും വൈകാരികതയുടേതായ യാതൊന്നും അവയിൽ പറ്റിപ്പിടിച്ചിരുപ്പുണ്ടാവില്ല. കാവ്യഭാഷ എന്നൊന്ന് അതിൽ കണ്ടെടുക്കാനാവില്ല. വിശേഷണങ്ങൾ അതിലില്ലേയില്ല. കാവ്യസൗന്ദര്യം തുളുമ്പുന്നവയല്ല, ആ ചടച്ച വരികൾ. ആകെ ഒരു പുസ്തകം, “ശബ്ദങ്ങൾ” എന്ന പേരിൽ; അതിലാകെ ഒന്നും രണ്ടും വരികളിലായി 601 കവിതകളും. അതിലൊതുങ്ങുന്നു ഒരായുസ്സിന്റെ രചനകൾ.
 
ഇറ്റലിയിലെ കലേബ്രിയൻ പ്രവിശ്യയിലുള്ള  കൺഫ്ളെന്റി എന്ന ചെറിയ പട്ടണത്തിലാണ്‌ അന്തോണിയോ പോർച്ചിയ ജനിക്കുന്നത്, 1885 നവംബർ 3-ന്‌. അച്ഛൻ വിവാഹം കഴിക്കാനായി വികാരിവേഷം അഴിച്ചുവച്ചയാളായിരുന്നു. ആ ദുഷ്പേരു കാരണം ഒരിടത്തു തന്നെ താമസമുറപ്പിക്കാൻ ആ കുടുംബത്തിനു കഴിഞ്ഞിരുന്നില്ല. 1890 നടുത്ത് അച്ഛൻ മരിച്ചു. അമ്മ റോസാ ഏഴു കുട്ടികളെയും കൊണ്ട് 1906ൽ അർജന്റീനയിലേക്കു കുടിയേറി.
തന്റെ അമ്മയും സഹോദരങ്ങളും പട്ടിണി കിടക്കാതിരിക്കാനായി പോർച്ചിയ പല ജോലികളും ചെയ്യുന്നുണ്ട്, കുട്ട നെയ്ത്തും തുറമുഖത്തെ ഗുമസ്തപ്പണിയുമൊക്കെ. 1918ൽ കുറച്ചു സമ്പാദ്യമൊക്കെ ആയെന്നായപ്പോൾ സൗകര്യമുള്ള വലിയൊരു വീട്ടിലേക്ക് ആ കുടുംബം താമസം മാറ്റുന്നുണ്ട്. ഈ കാലത്തു തന്നെയാണ്‌ പോർച്ചിയയും സഹോദരൻ നീക്കോളാസും കൂടി ബൊളീവർ നഗരത്തിൽ ഒരു പ്രസ്സു വാങ്ങുന്നതും. അടുത്ത പതിനെട്ടുകൊല്ലം കവി പ്രസ്സിലെ പണിയുമായി കഴിഞ്ഞു. സഹോദരങ്ങൾക്ക് സ്വതന്ത്രമായി നിൽക്കാമെന്നായപ്പോൾ 1936ൽ അദ്ദേഹം അദ്ദേഹം പ്രസ്സിലെ പണി വിടുകയും, സാൻ ഇസിഡോറാതെരുവിൽ ചെറിയൊരു വീടു വാങ്ങി തന്റെ ഏകാന്തജീവിതം തുടങ്ങുകയും ചെയ്തു. ലാ ബോച്ചാ എന്ന പേരിൽ ഇറ്റലിക്കാർ കുടിയേറിപ്പാർക്കുന്ന നഗരഭാഗവുമായി അദ്ദേഹം പരിചയമാകുന്നതും ഇക്കാലത്താണ്‌. അനാർക്കിസ്റ്റുകളായ ഒരു കൂട്ടം കവികളും കലാകാരന്മാരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി. അവരുടെ സമ്മർദ്ദം സഹിക്കാതെയാണ്‌ തന്റെ ചില കവിതകൾ സ്വയം പ്രസിദ്ധീകരിക്കാൻ അദ്ദേഹം സമ്മതിക്കുന്നതും. അങ്ങനെ “ശബ്ദങ്ങൾ” എന്ന പേരിൽ സാരവാക്യരൂപത്തിലുള്ള തന്റെ കുറച്ചു കവിതകൾ അദ്ദേഹം തന്നെ ഒരു പുസ്തകമായി അച്ചടിപ്പിച്ചു.
 
അർജന്റീനിയൻ കവിയായ റോബർട്ടോ ഹുവാരോസ് അക്കാലത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു: “പുസ്തകം അച്ചടി കഴിഞ്ഞ് കെട്ടുകളായി പ്രസ്സിൽ നിന്നെത്തിയപ്പോൾ അവ എവിടെ സൂക്ഷിക്കുമെന്ന് അദ്ദേഹത്തിനു രൂപമുണ്ടായിരുന്നില്ല. ഒടുവിൽ സ്നേഹിതന്മാരായ കലാകാരന്മാരുടെ സ്റ്റുഡിയോവിൽ അട്ടിയിടാമെന്നായി. ഒരു മാസം, രണ്ടു മാസം, മൂന്നു മാസം കഴിഞ്ഞു. കെട്ടുകൾ തുറക്കാതെതന്നെ ഇരിക്കുകയായിരുന്നു. ഒരു ഘട്ടമെത്തിയപ്പോൾ സ്നേഹിതന്മാരും മുഷിഞ്ഞു. ഇത്രയും പുസ്തകങ്ങൾ താനെന്തു ചെയ്യുമെന്ന് കവിയ്ക്കു സംശയമായി. ഒടുവിൽ ആരോ നിർദ്ദേശിച്ചു, പൊതുവായനശാലകളുടെ സംരക്ഷണത്തിനായുള്ള സംഘത്തിന്‌ അവ ദാനം ചെയ്യാൻ. അദ്ദേഹം പുസ്തകത്തിന്റെ സകല കോപ്പിയും അവർക്കു സമ്മാനിച്ചു.
അതിന്റെ ഒരു കോപ്പി ഫ്രഞ്ചു കവിയും വിമർശകനുമായ റോജർ കെലോയിസിന്റെ കൈകളിലെത്തി. അദ്ദേഹമന്ന് യുനെസ്ക്കോയ്ക്കു വേണ്ടി അർജന്റീനയിൽ ജോലി ചെയ്യുകയാണ്‌; സുർ എന്ന പ്രശസ്തമാസികയുടെ എഡിറ്ററുമാണ്‌. അദ്ദേഹം പോർച്ചിയായെ തേടിപ്പിടിച്ചുചെന്നു. “ഈ വരികൾക്കു പകരമായി ഇതുവരെ എഴുതിയതൊക്കെയും ഞാൻ തരാം,”അദ്ദേഹം കവിയെ അഭിനന്ദിച്ചത് ഇപ്രകാരമായിരുന്നു. ഫ്രാൻസിൽ മടങ്ങിയെത്തിയ കെലോയിസ് “ശബ്ദങ്ങൾ” ഫ്രഞ്ചിലേക്കു വിവർത്തനം ചെയ്യുകയും, ചില മാസികകളിൽ അവ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പരിഭാഷ കണ്ടിട്ടാണ്‌ ഹെൻറി മില്ലർ തന്റെ ആദർശഗ്രന്ഥശാലയിലെ നൂറു പുസ്തകങ്ങളിൽ പോർച്ചിയായുടെ കവിതകളും ഉൾപ്പെടുത്തുന്നത്. ആന്ദ്രേ ബ്രെട്ടൺ, ബോർഹസ് തുടങ്ങിയവർക്കും അദ്ദേഹം ഇഷ്ടകവിയായി.
 
1950ൽ സാമ്പത്തികപ്രയാസം നേരിട്ടപ്പോൾ അദ്ദേഹം സാൻ ഇസിഡോറയിലെ വീടു വിറ്റ് ചെറിയൊരു വീട്ടിലേക്കു താമസം മാറ്റി; ബാക്കിയുള്ള പണം കൊണ്ട് ജീവിക്കാനു വക കണ്ടെത്തുകയും ചെയ്തു.  ‘ഇത്രയും എളിമയും നേർമ്മയുമുള്ള മറ്റൊരാളെ താൻ കണ്ടിട്ടില്ലെന്ന്’ ഹുവാരോസ് ഓർമ്മിക്കുന്നു. അമ്പതുകളിൽ “ശബ്ദങ്ങൾ” യൂറോപ്പിലെങ്ങും പ്രചരിച്ചു. ലാറ്റിനമേരിക്കയിൽ വിപ്ളവകാരികളായ വിദ്യാർത്ഥികൾ അവ എഴുതിയെടുത്തു പ്രചരിപ്പിച്ചു. 1956ൽ 601 കവിതകളുമായി “ശബ്ദങ്ങൾ” അവസാനരൂപം പ്രാപിച്ചു. ഇതിനിടയിലും കവി ഏകാന്തജീവി തന്നെയായിരുന്നു. തോട്ടപ്പണി ചെയ്തും, തനിക്കേറ്റവുമടുത്ത സ്നേഹിതന്മാരുമായി ഒത്തുകൂടിയും അദ്ദേഹം കാലം കഴിച്ചു. 1967ൽ തോട്ടപ്പണിയ്ക്കിടെ ഏണിയിൽ നിന്നു വീണതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് 1968 നവംബർ 9ന്‌ പോർച്ചിയ അന്തരിച്ചു.
സാരവാക്യങ്ങൾ പോലെ തോന്നുമെങ്കിലും ആ സ്വഭാവമല്ല, പോർച്ചിയായുടെ കവിതകൾക്ക്. സാരവാക്യം ഒരു മാനസികപ്രക്രിയയുടെ പരിണതിയാണ്‌, ഒരു ശാസനമാണ്‌, തന്നെ പരിഗണിയ്ക്കാൻ തിടുക്കപ്പെടുത്തുകയാണ്‌ അതു നിങ്ങളെ. ആ ഗണത്തിലല്ല, പോർച്ചിയായുടെ “ശബ്ദങ്ങൾ.” സനാതനസത്യങ്ങളുടെ സൂത്രവാക്യങ്ങളല്ലവ. ബോർഹസ് പറയുമ്പോലെ ‘ഒരു മനുഷ്യന്റെയും അവന്റെ ഭാഗധേയത്തിന്റെയും സാന്നിദ്ധ്യങ്ങളാണവ.’ ധർമ്മസങ്കടങ്ങളിൽ സംശയനിവൃത്തിക്കായി ബൈബിളു പോലെ താൻ പകുത്തുനോക്കുന്ന വേദഗ്രന്ഥമാണു “ശബ്ദങ്ങൾ” എന്നു കൂടി ബോർഹസ് പറയുന്നുണ്ട്. 
 
ലിയോൺ ബെനാറോസ് “ശബ്ദങ്ങളെ”ക്കുറിച്ചെഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ പറയുന്നു:“ ശബ്ദങ്ങൾ മറ്റു ചിലതാണ്‌; അവയിൽ ഫലിതവും ജ്ഞാനവും സാമർത്ഥ്യവുമൊന്നുമില്ല, മറിച്ച് അവയിലുള്ളത് ആഴമാണ്‌. അവ വേഷം ധരിക്കുന്നില്ല, വേഷമഴിക്കുകയാണ്‌. അവ മാനുഷികമാണ്‌, ഏതു മനുഷ്യജീവിയേയും പോലെ തന്റെ ആഴങ്ങളിൽ വേപഥു പൂണ്ട സന്ദേഹങ്ങളാണവ.“


ശബ്ദങ്ങൾ


1
കാൽനടയ്ക്കു വേണം
തീർച്ചകളിലെത്താൻ.


2
എന്റെ ദാരിദ്ര്യം പൂർണ്ണമായിട്ടില്ല,
എന്റെയൊരു കുറവുണ്ടതിന്‌.

 
3
സത്യത്തിനു സുഹൃത്തുക്കൾ
ചിലരേയുള്ളു.
ആ ചിലരോ,
ആത്മഹത്യാപ്രവണതയുള്ളവരും..

 
4
എനിക്കറിയാം,
ഞാൻ നിനക്കു നൽകിയതെന്തെന്ന്;
എനിക്കറിയില്ല,
നിനക്കു കിട്ടിയതെന്തെന്ന്.


5

തന്റെയപ്പത്തെ സ്വർഗ്ഗമാക്കുന്നവൻ
തന്റെ വിശപ്പിനെ നരകവുമാക്കുന്നു.



6
ഒരാളുടെ കുമ്പസാരം
എല്ലാവരെയും എളിമപ്പെടുത്തുന്നു.

 
7
അത്രയും കടുത്തതാണ്‌
നിങ്ങളുടെ യാതന,
നിങ്ങളറിയുന്നുണ്ടാവില്ല
അതിനാലതിന്റെ വേദന.


8
അതെ, ഞാൻ പോകാം.
നിന്നെക്കുറിച്ചല്ല,
നിന്റെ അഭാവത്തെക്കുറിച്ചു
ഖേദിക്കാനാണെനിക്കിഷ്ടം.

 
9
നീയെന്നെ മറ്റൊരാളാക്കിയപ്പോൾ
എന്നോടൊപ്പം ഞാൻ നിന്നെ വിട്ടു.

 
10
നിഴലുകൾ:
ചിലതു മറയ്ക്കുന്നു,
ചിലതു വെളിവാക്കുന്നു.

 
11
അസാദ്ധ്യമായതിനെ സ്നേഹിക്കുന്നില്ല
നിങ്ങളെങ്കിൽ
നിങ്ങളൊന്നിനെയും സ്നേഹിക്കുന്നുമില്ല.


12
വേർപാടിന്റെ പേടിയിൽ
ഒന്നിക്കുന്നെല്ലാം.

 
13
ഹൃദയത്തെ മുറിപ്പെടുത്തുകയെന്നാൽ
അതിനെ സൃഷ്ടിക്കുക തന്നെ.

 
14
എന്റെ അസ്തിത്വത്തെ തേടുമ്പോൾ
എനിക്കുള്ളിലേക്കു നോക്കാറില്ല ഞാൻ.

 
15
ഓരോ തവണ ഉറക്കമുണരുമ്പോഴും
എനിക്കു മനസ്സിലാവുന്നുണ്ട്,
എത്രയെളുപ്പമാണ്‌
ഒന്നുമാകാതെയിരിക്കാനെന്ന്.

 
16
ഒരു വാതിലെനിക്കായി തുറക്കുന്നു,
അകത്തേക്കു കടക്കുമ്പോൾ
ഒരു നൂറടഞ്ഞ വാതിലുകൾ
മുന്നിൽ നിരക്കുന്നു.


17
നൂറാളുകളെന്നാൽ
നൂറിലൊരാളെന്നേയുള്ളു.


18
സ്വന്തം ചിറകുകൾ വെച്ചാണു തങ്ങൾ പറക്കുന്നതെന്ന്
മേഘങ്ങൾ കരുതുന്നുണ്ടെങ്കിൽ,
സ്വന്തം ചിറകുകൾ വെച്ചാണവ പറക്കുന്നതും.
ചിറകുകൾ അവയുടെ വരുതിയിലുമല്ല പക്ഷേ.

 
19
എത്തിക്കഴിഞ്ഞു നീയെന്നതിനാൽ
ഇനിയും നിന്നെ ഞാൻ കാത്തിരിക്കാം.


20
അത്രയും നമ്മെ  വരിഞ്ഞുമുറുക്കുന്ന ചങ്ങലകൾ
നാം പൊട്ടിച്ചെറിഞ്ഞവയത്രെ.

 
21
മനുഷ്യൻ സർവതുമളക്കുന്നു ,
അവനെ യാതൊന്നുമളക്കുന്നില്ല-
അവൻ പോലും.

 
22
കുട്ടി തന്റെ കളിപ്പാട്ടം
എടുത്തുകാട്ടും.
മുതിർന്നവർ
അതു മറയ്ച്ചുവയ്ക്കും.

 
23
ഞാനെന്റെ ഹാസ്യനാടകം തുടങ്ങിയത്
അതിലെ ഒറ്റനടനായി.
ഞാനതവസാനിപ്പിച്ചത്
അതിന്റെ ഒറ്റക്കാണിയായി.



24
ജീവിതത്തെ ജീവിതത്തിൽ നിന്നു
നാം പറിച്ചെടുക്കുന്നു,
അതു വെച്ചു ജീവിതത്തെ നോക്കാൻ.

 
25
നീയെന്നെ കൊല്ലുകയാണെന്നു
നീ കരുതുന്നു.
നീ ആത്മഹത്യ ചെയ്യുകയാണെന്നു
ഞാൻ കരുതുന്നു.

 
26
ശൂന്യത ശൂന്യത മാത്രമല്ല.
നമ്മുടെ തടവറയുമാണ്‌.

 
27
തെറ്റായ വഴിയിലൂടെയാണു
നിങ്ങൾ പോകുന്നതെന്നവർ പറയും,
ആ വഴി നിങ്ങളുടേതാണെങ്കിൽ.

 
28
പുഴകളെപ്പോലെയാണു സകലതും:
ചരിവുകളുടെ നിർമ്മിതി.

 
29
ജീവിതം വില കൊടുത്തു
നാം വാങ്ങിയതിന്
വിലയൊരിക്കലുമൊട്ടുമില്ല.

 
30
മരമൊറ്റ. മേഘമൊറ്റ.
ഞാനൊറ്റയാവുമ്പോൾ
സകലതുമൊറ്റ.


31
വഴി മാറുന്നില്ല നിങ്ങളെങ്കിൽ
വഴികാട്ടിയെ എന്തിനു മാറ്റണം ?

 
32
എന്റെ കണ്ണുകളെ അഴിച്ചുവിട്ടതിനു വിലയായി
മണ്ണിൽ തളച്ചിട്ടിരിക്കുകയാണെന്നെ.

 
33
ഞാനറിഞ്ഞില്ല
എന്റെ സുദിനം വന്നതും പോയതും.
ഉദയത്തിലൂടല്ലല്ലോ അതു വന്നത്,
പോയതസ്തമയത്തിലൂടെയുമല്ല.

 
34
ഞാൻ സ്വർഗ്ഗത്തു പോകും,
നരകത്തെയും ഞാൻ കൂടെക്കൂട്ടും,
ഒറ്റയ്ക്കു പോകാൻ ഞാനില്ല.


35
പൂക്കൾക്കു പ്രത്യാശയില്ല.
പ്രത്യാശയെന്നാൽ നാളെ;
പൂക്കള്‍ക്ക് നാളെയില്ലല്ലോ .

 
36
ദൈവം മനുഷ്യനെന്തൊക്കെക്കൊടുത്തു;
മനുഷ്യനിഷ്ടം പക്ഷേ,
മനുഷ്യനിൽ നിന്നെന്തെങ്കിലും കിട്ടാൻ.

 
37
ഒഴിഞ്ഞതാണെല്ലാമെന്നു കണ്ടവൻ
അതിൽ നിറയുന്നതെന്തെന്നുമറിയുന്നു.


38 
എന്റെ തന്നെ ശിഷ്യനായിരുന്നു ഞാൻ,
എന്റെ തന്നെ ഗുരുവും.
ഞാൻ നല്ല ശിഷ്യനായി,
നല്ല ഗുരുവായില്ല പക്ഷേ.


39
കണ്ണുയർത്തിനോക്കിയില്ലെങ്കിൽ
നിങ്ങൾ കരുതും,
നിങ്ങളെക്കാളുയരത്തിലൊന്നുമില്ലെന്ന്.

 
40
നിറഞ്ഞ ഹൃദയത്തിൽ
പിന്നെയുമിടമുണ്ടാവും
ഒഴിഞ്ഞ ഹൃദയത്തിൽ
ഒന്നിനുമിടമുണ്ടാവില്ല


41
മനുഷ്യനിൽ മെരുങ്ങാത്തത്
അവന്റെ തിന്മയല്ല,
അവന്റെ നന്മയത്രെ.

 
42
തങ്ങൾ കുട്ടികളാണെന്നറിയുന്ന
കുട്ടികളാണ്‌
ആരും കൈ പിടിച്ചു നടത്താനില്ലാത്ത
കുട്ടികൾ.


43
ചിറകുകൾ വേണ്ടെന്നു വച്ചവർക്കു ഖേദം,
തങ്ങള്‍ പറക്കുന്നില്ലല്ലോയെന്ന്.

 
44
ഏതു കളിപ്പാട്ടത്തിനുമുണ്ട്
ഉടയാനുള്ള അവകാശം.


45
അവിശ്വാസിക്കൊരസുഖമുണ്ട്,
അല്പം വിശ്വസിക്കുകയെന്നത്.

 
46
അത്രയും വലിയൊരു ഹൃദയം നിറയാൻ
അത്രയധികമൊന്നും വേണ്ട.

 
47
നിറഞ്ഞ വെളിച്ചത്തിൽ
നിഴൽ പോലുമല്ല നാം.

 
48
നേർവരകളുടെ പിമ്പേ പോകുന്നത്
ദൂരത്തിന്റെ നീളം കുറയ്ക്കും,
ജീവിതത്തിന്റെയും.

 
49
വിശ്വസിക്കാനറിയാത്തവൻ
അറിയുകയുമില്ല.

 
50
മനുഷ്യൻ എങ്ങും പോകുന്നില്ല,
സകലതും അവനിലേക്കെത്തുന്നു,
നാളെയെന്നെ പോലെ.


51
അതെ, വേദനിക്കണം നിങ്ങൾ,
വ്യർത്ഥമായിട്ടെങ്കിലും,
ജീവിച്ചതു വ്യർത്ഥമാകാതിരിക്കാനെങ്കിലും.

 
52
ആരെപ്പോലെയാകണമെ-
ന്നാരിലും കണ്ടുപിടിക്കാനെനിക്കായില്ല,
അതിനാൽ ഞാനങ്ങനെത്തന്നെയിരുന്നു-
ആരെയും പോലെയാകാതെ.

 
53
അവരിൽ നിന്നു നിങ്ങളെ വേർതിരിക്കുന്ന ദൂരം
നിങ്ങൾ കണ്ടെത്തും,
അവരോടു ചെന്നു ചേരുമ്പോൾ.

 
54
സത്യം പറയുന്നവൻ
ഒന്നും തന്നെ പറയുന്നി-
ല്ലെന്നുവേണം പറയാൻ.

 
55
ഇല്ലായ്മയിലെത്തുന്നവ-
രത്ര ചുരുക്കം,
ആ വഴി അത്ര ദീര്‍ഘം.


56
എന്റെ നിശ്ശബ്ദതയിലില്ലാത്തത്
എന്റെ ശബ്ദമൊന്നു മാത്രം.

 
57
ദൂരങ്ങളല്ലാതൊന്നുമില്ല
എനിക്കരികിൽ.

 
58
ചിലനേരത്തെനിക്കു തോന്നുകയാണ്‌
തിന്മയാണു സർവതുമെന്ന്,
നന്മയെന്നു പറയുന്നത്
തിന്മയ്ക്കായിട്ടുള്ള മനോഹരമായ ഒരാഗ്രഹമെന്നും .

 
59
ഞാൻ ചെയ്യാത്തൊരു ദ്രോഹം,
എന്തു ദ്രോഹമാണതു ചെയ്തത്!

 
60
പോകുമ്പോളച്ഛനെന്റെ ബാല്യത്തിനു നല്കി
അരനൂറ്റാണ്ടിന്റെയൊരു സമ്മാനം.

 
61
പരപ്പിലുള്ളതു കണ്ടു മടുക്കുമ്പോൾ
ആ തളർച്ച മാറ്റാനെനിക്കു വേണം
ആഴത്തിലൊരു വിശ്രമം.


62

വേതാളങ്ങൾ ഒറ്റയ്ക്കു വരും,
കൂട്ടമായി മടങ്ങും.

 
63
ഒരോർമ്മയാവുമെന്ന പ്രത്യാശയിൽ
മനുഷ്യൻ ജീവിച്ചുപോകുന്നു.

 
64
ശൈശവമാണു നിത്യത,
ശേഷിച്ചതൊക്കെ സംക്ഷിപ്തം,
അത്രയ്ക്കു സംക്ഷിപ്തം.

 
65
ഒരൊറ്റ മേഘത്തെ,
ഒരൊറ്റ നക്ഷത്രത്തെപ്പോലുമൊന്നനക്കാതെ
വിട്ടുപോകാനെനിക്കായെങ്കിൽ!

 
66
വാക്കുകൾ പറയുന്നവ ശേഷിക്കുന്നില്ല.
വാക്കുകൾ ശേഷിക്കുകയും ചെയ്യുന്നു.
വാക്കുകൾ എന്നും ഒന്നു തന്നെ.
അവ പറയുന്നത് എന്നും മാറുകയുമാണ്‌.

 
67
എടുക്കുമ്പോൾ ഞാൻ കൂടുതലെടുക്കും,
അല്ലെങ്കിൽ കുറച്ചെടുക്കും.
അളവു കൃത്യമാക്കാൻ ഞാനില്ല,
അതുകൊണ്ടെനിക്കു ഗുണവുമില്ല.

 
68
നികത്തി വരുമ്പോഴാണ്‌
ശൂന്യതയെക്കുറിച്ചു നാമറിയുക.

 
69
നാം നാമായിപ്പോകുമോയെന്ന
ഭീതിയത്രേ,
പലപ്പോഴും നമ്മെ
കണ്ണാടിക്കു മുന്നിലേക്കോടിക്കുന്നത്.


70
നിങ്ങളുടെ യാതന
എന്റെ യാതനയെക്കാൾ കൂടുതലാവുമ്പോൾ
എനിക്കു തോന്നുകയാണ്‌
ഞാനല്പം ക്രൂരനായിപ്പോയെന്ന്.


71
വീണ ചിലരുണ്ട്,
പിന്നെയും വീഴാതിരിക്കാൻ
വീണിടത്തു നിന്നെഴുന്നേല്ക്കാത്തവർ.


72
ഓർമ്മ നഷ്ടപ്പെട്ട ചില വേദനകളുണ്ട്,
തങ്ങൾ വേദനിപ്പിക്കുന്നതെന്തുകൊണ്ടെന്നവയ്ക്കോർമ്മയേയില്ല.

 
73
നല്ല വെളിച്ചത്തിൽ
ഒരു നിഴൽ പോലുമല്ല നാം.

 
74
അവരെന്നെപ്പണിതതു പോലെയല്ല,
ഞാനായിത്തീർന്നത്;
അതു നന്നായി:
അത്രയ്ക്കു ഞാൻ നന്നായല്ലോ!


75
കയറിപ്പോകുന്ന വഴി തന്നെ
ഇറങ്ങിപ്പോകുന്നതും.


76
ഒരൊറ്റ ജീവിതത്തിൽ
എത്ര ജീവിതങ്ങൾ,
ഒറ്റജീവിതത്തിനായി!


77
അർഹിക്കുന്നതാണെല്ലാ ദൗർഭാഗ്യങ്ങളുമെങ്കിൽ
ദൗർഭാഗ്യങ്ങളില്ലെന്നു തന്നെ പറയണം.


78
ഞാൻ എന്നോടു കാട്ടുന്ന വിട്ടുവീഴ്ചകളാലത്രേ,
ഞാൻ ജീവിച്ചുപോരുന്നതും.


79
കൈപ്പിടിയിൽ നിങ്ങൾ
പിശകുകൾ കുത്തിനിറയ്ക്കുന്നു,
ഒടുവിൽ നിങ്ങൾക്കു ബോദ്ധ്യവുമാകുന്നു
ജീവിതമെന്നാൽ
ഒരു കൈപ്പിടി നിറയേ പിശകുകളാണെന്ന്.


80
കാലം കടന്നുപോകട്ടേയെന്നു ഞാൻ വിട്ടുകൊടുത്തു,
ഒരു ചെറുത്തുനില്പിനും നില്ക്കാതെ.


81
ഈ ലോകത്തു നിന്നകലെയായ ഒരു സ്വർഗ്ഗം
മനുഷ്യനുണ്ടായിരുന്നു;
ഈ ലോകത്തോടതിനെയടുപ്പിക്കാൻ നോക്കിയപ്പോൾ
അവനതു നഷ്ടമാവുകയും ചെയ്തു.


82
വേദനിപ്പിക്കുന്നതിനെ അവഗണിക്കാറേയുള്ളു,
എന്റെ ഉടൽ;
വേദനിപ്പിക്കാത്തതിനെ അവഗണിക്കാറേയുള്ളു,
എന്റെ ആത്മാവ്.


83
നിങ്ങൾക്കൊരു ലോകമുണ്ടെങ്കിൽ
അതിലൊരു ലോകത്തെ തിരഞ്ഞ്
അതു നഷ്ടപ്പെടുത്തുകയുമരുത്.


84
ഒരു വേദന പോലുമില്ല,
നമ്മെ മാടിവിളിക്കാത്തതായി!


85
താൻ നെടുവീർപ്പിടുന്നതാർക്കു വേണ്ടിയെന്ന്
നിങ്ങൾക്കറിയാം,
എന്നാലതെന്തിനു വേണ്ടിയെന്ന്
നിങ്ങൾക്കറിയുകയുമില്ല.


86
ചെളിയോടെനിക്കിഷ്ടക്കേടൊന്നുമില്ല,
എന്നാലെനിക്കു നേരേ ചെളി വാരിയെറിഞ്ഞാൽ
എനിക്കതിഷ്ടപ്പെടുകയുമില്ല.


87
എന്നോടു നിങ്ങളൊരു ദ്രോഹം ചെയ്തു,
താൻ നല്ലതു ചെയ്തുവെന്നു നിങ്ങൾ കരുതുകയും ചെയ്യുന്നു;
നിങ്ങൾക്കു തെറ്റിയെന്നു ഞാൻ പറയില്ല.


88
എന്നോടു തന്നെ സംസാരിക്കുമ്പോൾ
പലതും ഞാൻ മറച്ചുവയ്ക്കാറുമുണ്ട്.


89
പ്രായം നൂറായ മരത്തിൽ
ഞാൻ നോക്കി നിന്ന-
തൊരു നാൾ പ്രായമായ പൂക്കൾ.


90
എല്ലാവരെയും സ്നേഹിക്കുന്നയാൾ-
അയാളാരെയെങ്കിലും സ്നേഹിക്കുന്നുണ്ടാവുമോ?


91
ചിറകുണ്ടായിരുന്നെങ്കിൽ
മനുഷ്യനിതിലുമാഴത്തിൽ പതിച്ചേനെ.


92
എന്നെക്കാൾ മുന്തിയ ഒരാളെ ഞാൻ കാണുന്നില്ല,
എനിക്കു പിന്തുടരാനായി;
എന്നെക്കാളെളിയ ഒരാളെയും ഞാൻ കാണുന്നില്ല,
എന്നെ പിന്തുടരാനായി.


93
കുട്ടിയും മുതിർന്നവനും-
എത്ര വ്യത്യസ്തമാണവരുടെ വേദനകൾ.


94
സൗന്ദര്യത്തിൽ തൃഷ്ണയുദിക്കുമ്പോൾ
ഒരു ദാരുണജീവിതം തുടങ്ങുകയായി.


95
അത്ര നേരത്തേക്കേ
നിന്റെ ചൂടെനിക്കു കിട്ടിയുള്ളു എന്നതിനാൽ
ഞാനതറിഞ്ഞതു തണുപ്പായിട്ടായിരുന്നു.


96
എന്റെ കടമ്പകൾ-
ഞാനവ കടന്നില്ല,
കാലം കടന്നു.


97
തീയിൽ നിന്നു
തീയിലേക്കു പോകുന്നവൻ
തണുത്തു മരിക്കും.


98
മനുഷ്യനെന്നും നാളെകളുണ്ടായിരുന്നെങ്കിൽ
അവനിന്നു ജീവിക്കില്ല,
അവൻ ജീവിക്കുകയുമില്ല.


99
അന്യർക്കൊപ്പം
നാമാരോ ആണ്‌,
ഒറ്റയ്ക്ക്
നാമാരുമല്ല.


100
ഏകാകിയാവാൻ
ഏകാന്തത നോക്കി നടക്കുന്നവൻ-
അവനതു കണ്ടെത്തുകയുമില്ല.


101
മറ്റാരെക്കാളും
ചെറുതാവാതിരിക്കാൻ
ഞാനെത്ര ചെറുതാവണം!


102
അനാരോഗ്യത്തിൽ
ഒരു കുളി കഴിച്ചാലേ
ഏതാത്മാവും വൃത്തിയാവൂ.


103
പല വമ്പൻ സ്നേഹങ്ങളിൽ നിന്നും ശേഷിക്കുന്നത്
ചില ചില്ലറ നാണയങ്ങൾ.


104
അഗ്നികൾ ചിലത്
ദൂരത്തു പൊള്ളും,
അടുത്താൽ കുളിരും.


105
എല്ലാറ്റിൽ നിന്നും തുടങ്ങിയാൽ
ഒന്നിലുമെത്തുകയുമില്ല.


106
നമ്മുടെ ഹ്രസ്വജീവിതത്തിൽ
ദീർഘമായ കാത്തിരുപ്പാണ്‌
കാലം.


107
ഒരു ഹ്രസ്വനിമിഷം മാത്രം ജീവിക്കുന്ന കുഞ്ഞുജീവികളെ കാണുമ്പോൾ നമുക്കറിയാം,
ഒരു ഹ്രസ്വനിമിഷം മാത്രമാണവ ജീവിക്കുന്നതെന്ന്;
ആ ഹ്രസ്വനിമിഷത്തിനുള്ളിൽ
എത്ര ദീർഘവർഷങ്ങളാണവ ജീവിക്കുന്നതെന്ന്
എന്നാൽ നമുക്കറിയുകയുമില്ല.


108
നക്ഷത്രങ്ങൾ വീഴുന്നതു കാണുമ്പോൾ
എത്ര ദുഃഖകരമാണ്‌,
അവയെ കാണാൻ കണ്ണുകൾ താഴ്ത്തുകയെന്നത്.


109
നുണ ഒരു കബളിപ്പിക്കലാണെന്നെനിക്കറിയാം,
നേര്‌ അങ്ങനെയല്ലെന്നും;
രണ്ടു കൊണ്ടും ഞാൻ കബളിപ്പിക്കപ്പെട്ടിട്ടുമില്ല.


110
നിമിഷങ്ങൾ നീണ്ടുനില്ക്കുന്ന
നിത്യതകളാണ്‌,
അതെയും അല്ലയും.


111
സ്വയം വെളിവാക്കുന്നതിനായി
സ്വയം ഒളിപ്പിക്കുന്നതൊന്നാണ്‌-
ചെറുത്.


112
കയറാൻ കയറണം,
കയറ്റവും വേണം.


113
ഞാനാരെന്നു കാണാൻ
എന്നെ നോക്കുന്നവൻ-
അയാളെന്തു കാണാൻ!


114
താൻ പോയിട്ടില്ലാത്തിടത്ത്
നിങ്ങൾക്കു പോകണം,
പക്ഷേ ഇപ്പോൾ നിങ്ങളെവിടെ?


115
എനിക്കു കീഴടക്കണമായിരുന്നു,
എന്നാൽ ഞാൻ കീഴടക്കിയില്ല;
എനിക്കാഗ്രഹം
തോല്പിക്കാതെ കീഴടക്കാനായിരുന്നു.


116
നീയും നേരുമെന്നോടു മിണ്ടുമ്പോൾ
നിനക്കാണു ഞാൻ കാതു കൊടുക്കുക.


117
ഞാൻ തേടുന്നതിന്റെ പേരു തങ്ങൾക്കറിയാമെന്നതിനാൽ
ഞാനെന്താണു
തേടുന്നതെന്നു തങ്ങൾക്കറിയാമെന്നും
അവർ കരുതുന്നു!


118
നിങ്ങളുടെ ചോരയ്ക്കവ പോരാതെ വന്നിരിക്കുന്നു,
നിങ്ങളുടെ പഴയ മുറിവുകൾ.
എന്നാൽ പുതിയ മുറിവുകൾ തുറക്കുക പ്രയാസമാണ്‌.
നിങ്ങളുടെ ചോരയ്ക്കൊഴുക്കു മുട്ടുകയുമാണ്‌.


119
മരിക്കാൻ പഠിക്കാൻ
ജീവിതമായിരിക്കും വില.


120
കണ്ണു തുറന്നു കണ്ടവന്‌
കണ്ണടച്ചും കാണാം.


121
നിങ്ങളുടെ പേടി അത്ര മോശമല്ല,
നിങ്ങളെപ്പേടി പോലെ.


122
ആരെങ്കിലുമെന്നെ
“എന്റെ...” എന്നു വിളിക്കുമ്പോൾ
ഞാനാരുമല്ലാതാവുന്നു.


123
എവിടെയും ഞാനിടത്താണ്‌.
ഞാൻ പിറന്നതായിടത്താണ്‌.


124
മണമില്ലാത്ത പൂക്കളും
പൂക്കളെന്നു വിളിക്കപ്പെടുന്നുണ്ടെങ്കിൽ
മണമുള്ള പൂക്കളോടവ കടപ്പെട്ടിരിക്കുന്നു.


125
ഒരായിരം കാര്യങ്ങൾ ചെയ്തയാൾ,
ഒരു കാര്യവും ചെയ്യാത്തയാൾ-
ഇരുവർക്കും ഒരാഗ്രഹമേയുള്ളു:
ഒരു കാര്യം ചെയ്യണം.


126
ഒരു നൂറായിരം മനുഷ്യരാണ്‌ നഗരം,
നഗരത്തിൽ ഞാൻ
ഒരു നൂറായിരം മരിച്ച മനുഷ്യരും.


127
നീയെനിക്കു നല്കിയ കയ്പിന്റെ കടലിൽ നി-
ന്നൊരു തുള്ളി കയ്പു പോലും നിനക്കു ഞാൻ നല്കിയില്ല;
ഒരു തുള്ളി മധുരം കൂടി നീയെനിക്കു തന്നിരുന്നല്ലോ.


128
എനിക്കുമൊരു വേനലുണ്ടായിരുന്നു,
അതിന്റെ പേരിൽ ഞാൻ പൊള്ളുകയും ചെയ്തു.


129
എനിക്കുള്ളിൽ തളച്ചിട്ടതെല്ലാം
മറ്റെവിടെയോ മേഞ്ഞുനടക്കുകയുമാണ്‌.


130
പൂക്കളിൽ വച്ചേറ്റവും മനോഹരമായ പൂക്കൾ ഞാൻ കണ്ടത്
കൊഴിഞ്ഞ പൂക്കൾക്കിടയിലായിരുന്നു.


131
നിങ്ങൾ തെറ്റുകൾ ഉപയോഗപ്പെടുത്തിയിട്ടില്ലെങ്കിൽ
അതിനർത്ഥം നിങ്ങൾക്കവയില്ലെന്നല്ല.


132
സ്വർഗ്ഗത്തോടു ഞാനെന്തെങ്കിലും ചോദിച്ചിട്ട്
കാലമേറെക്കഴിഞ്ഞിരിക്കുന്നു,
എന്നാലെന്റെ കൈകൾ ഞാൻ താഴ്ത്തിയിട്ടുമില്ല.


133
ഞാനാശ വച്ചതിൽ നിന്നാണ്‌
ആശിക്കാൻ ഞാൻ ശീലിച്ചത്.


134
നിങ്ങളെ നോവിക്കാൻ നോക്കുന്നവൻ
നിങ്ങളുടെ മുറിവുകൾ നോക്കിനടക്കും,
നിങ്ങൾക്കു നോവുന്നിടത്തു നോവിക്കാൻ.


135
ചിലർക്കൊപ്പമിരിക്കുമ്പോൾ
എന്റെ നിശ്ശബ്ദത പൂർണ്ണമാണ്‌:
അകത്തും പുറത്തും.


136
ചിറക്
ആകാശമല്ല
ഭൂമിയുമല്ല.


137
ഒരു പുതിയ ദുഃഖം കടന്നുവരുമ്പോൾ
വീട്ടിലെ പഴയ ദുഃഖങ്ങൾ വാതിൽ തുറന്നുകൊടുക്കുന്നു
-നിശ്ശബ്ദരായി.


138
ഈ ലോകത്തിനു വാക്കുകളല്ലാതൊന്നുമറിയില്ല:
നിങ്ങളതിലേക്കു വന്നതോ,
ഒന്നുപോലുമില്ലാതെയും.

*
porchia