2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ഇവാൻ ബുനിൻ - സൂര്യാഘാതം

252133

അവർ ഡിന്നർ കഴിഞ്ഞ് തീക്ഷ്ണപ്രകാശം നിറഞ്ഞ ഡൈനിംഗ് സലൂണിൽ നിന്നു ഡക്കിലേക്കു വന്ന് കൈവരിയോടു ചേർന്നുനിന്നു. അവൾ കൈ കവിളിനോടു ചേർത്ത്,കണ്ണുകൾ അടച്ചുപിടിച്ചുകൊണ്ട് ചിരിച്ചു- തെളിഞ്ഞ, വശ്യമായ ചിരി;കൃശഗാത്രയായ ആ സ്ത്രീയെ സംബന്ധിക്കുന്നതെന്തും വശ്യമായിരുന്നു.

“എനിയ്ക്കു വല്ലാതെ തലയ്ക്കു പിടിച്ചു,” അവൾ പറഞ്ഞു. “എനിക്കു ഭ്രാന്തു പിടിച്ചു എന്നതാണു വാസ്തവം. മൂന്നു മണിക്കൂർ മുമ്പു വരെ ഈ ലോകത്തു നിങ്ങൾ എന്നൊരാൾ ഉണ്ടെന്നു തന്നെ എനിക്കറിയില്ലായിരുന്നു. നിങ്ങൾ ബോട്ടിൽ കയറിയത് എവിടെ നിന്നെന്നു പോലും ഞാൻ കണ്ടില്ല. സമാരയിൽ നിന്നാണോ? എവിടെ നിന്നായാലും എനിക്കു നിങ്ങളെ ഇഷ്ടപ്പെട്ടു. എന്റെ തല കറങ്ങുകയാണോ അതോ ബോട്ട് വട്ടം ചുറ്റുകയോ?”
 
മുന്നിൽ ഇരുട്ടായിരുന്നു; ഇരുട്ടിൽ വിളക്കുകളുമുണ്ടായിരുന്നു. ആ ഇരുട്ടിൽ നിന്ന് ഒരിളംകാറ്റ് അവരുടെ മുഖത്തേക്ക് ഇടതടവില്ലാതെ
വീശിക്കൊണ്ടിരുന്നു; വിളക്കുകൾ ഒരു വക്രരേഖ ചമച്ചുകൊണ്ട് അവർക്കു പിന്നിലേക്കു നീങ്ങി മറഞ്ഞു. വോൾഗയിലെ ബോട്ടുകൾക്കു സഹജമായ ഒരു ചുണയോടെ അവരുടെ സ്റ്റീമർ ഒരു ചെറിയ ജട്ടിയിലേക്കടുക്കുകയായിരുന്നു.

ലെഫ്റ്റനന്റ് അവളുടെ കൈ പിടിച്ച് തന്റെ ചുണ്ടിലേക്കടുപ്പിച്ചു. ബലത്തതും വാസനിക്കുന്നതുമായ ആ കൊച്ചുകൈ വെയിലേറ്റു തവിട്ടുനിറമായിരുന്നു. ഒരു മാസം മുഴുവൻ പൊള്ളുന്ന കടലോരത്ത് തെക്കൻ സൂര്യന്റെ ലാളനയേറ്റു കിടന്നതിൽ പിന്നെ എത്ര ഉറച്ചതും തവിട്ടുനിറമാർന്നതുമായിരിക്കും ആ നേർത്ത മസ്ലിൻ വസ്ത്രത്തിനുള്ളിലെ ഉടലെന്നോർത്തപ്പോൾ അയാളുടെ ഹൃദയം ഭീതിയും പ്രഹർഷവും
കൊണ്ട് സ്തംഭിച്ചപോലെയായി. (താൻ അനാപ്പിയിൽ നിന്നു വരുന്ന വഴിയാണെന്ന് അവൾ അയാളോടു പറഞ്ഞിരുന്നു.)

“നമുക്കിറങ്ങാം,” അയാൾ മന്ത്രിച്ചു.

“എവിടെ?” അത്ഭുതത്തോടെ അവൾ ചോദിച്ചു.

“ഈ ജട്ടിയിൽ.”

“എന്തിന്‌?”

അയാൾ ഒന്നും മിണ്ടിയില്ല. അവൾ വീണ്ടും തന്റെ പൊള്ളുന്ന കവിളത്ത് കൈ ചേർത്തു.

“ഇതു ഭ്രാന്താണ്‌.”

“നമുക്കിറങ്ങാം,” അയാൾ ആവർത്തിച്ചു. “എന്റെ അപേക്ഷയാണ്‌.”

“ഓ, എന്നാൽ അങ്ങനെയാവട്ടെ,” തിരിഞ്ഞു നടന്നുകൊണ്ട് അവൾ പറഞ്ഞു.

നല്ല വേഗതയിൽ വന്ന സ്റ്റീമർ വെളിച്ചം കുറഞ്ഞ ജട്ടിയിൽ പതുക്കെ വന്നിടിച്ചു; അവർ അടി തെറ്റി മേല്ക്കു മേൽ വീണുപോയേനെ. ഒരു കയറിന്റെ അറ്റം അവരുടെ തലയ്ക്കു മേൽ കൂടി പറന്നു; ബോട്ട് അല്പം പിന്നാക്കം മാറി;കടയുമ്പോലെ വെള്ളം പതഞ്ഞു; ജട്ടിയുടെ മരപ്പലകകൾ മുരണ്ടു...ലഫ്റ്റനന്റ് അവരുടെ പെട്ടികൾ എടുക്കാനായി ചാടിയെഴുന്നേറ്റു...

ഒരു മിനുട്ടു കഴിഞ്ഞപ്പോൾ അവർ ആളും അനക്കവുമില്ലാത്ത ടിക്കറ്റ് ഓഫീസും കടന്ന്, കാലു പുതയുന്ന കടലോരവും താണ്ടി പൊടി പിടിച്ച ഒരു കുതിരവണ്ടിയിൽ നിശബ്ദരായി കയറുകയായിരുന്നു. നേർത്ത പൂഴി നിറഞ്ഞ, പ്രത്യേകിച്ചൊരു ക്രമമില്ലാതെ ഇരു വശങ്ങളിലും വളഞ്ഞ വിളക്കുകാലുകൾ നാട്ടിനിർത്തിയ പാത അവസാനിക്കില്ലെന്നു തോന്നി. കയറ്റം കയറി മുകളെത്തിയതും പക്ഷേ, വണ്ടിച്ചക്രങ്ങൾ തറയിൽ പാകിയ കല്ലുകളിൽ തട്ടി കിടുകുടുക്കാൻ തുടങ്ങി. ചില ഓഫീസ് കെട്ടിടങ്ങളും ഒരു നിരീക്ഷണഗോപുരവുമൊക്കെയായി അങ്ങാടിക്കവല എന്നു പറയാവുന്ന ഒരിടത്താണ്‌ അവർ എത്തിയിരിക്കുന്നത്. ഒരുൾനാടൻ പട്ടണത്തിന്റെ ഗന്ധങ്ങളും ഊഷ്മളതയും അവിടെ നിറഞ്ഞുനിന്നിരുന്നു. വെളിച്ചമുള്ള ഒരു വരാന്തയ്ക്കു മുന്നിൽ വണ്ടി നിന്നു; അതിന്റെ വാതിലിനു പിന്നിൽ പഴക്കമുള്ള ഒരു മരക്കോണി കുത്തനേ കയറിപ്പോകുന്നതു കാണാം. ഇളംചുവപ്പു ഷർട്ടും കറുത്ത കോട്ടുമിട്ട, പ്രായമായ ഒരു വെയിറ്റർ അവർ വന്നത് അത്ര പിടിച്ചില്ലെന്ന മുഖഭാവത്തോടെ അവരുടെ പെട്ടികളുമെടുത്ത് മുന്നിൽ നടന്നു. ഒരു പകലു മുഴുവൻ വെയിലു കൊണ്ടു ചുട്ടുപഴുത്ത വലിയൊരു മുറിയിലേക്കാണ്‌ അയാൾ അവരെ കൊണ്ടുപോയത്. ജനാലകളുടെ വെളുത്ത കർട്ടനുകൾ താഴ്ത്തിയിരുന്നു, മേശ മേൽ രണ്ടു മെഴുകുതിരികൾ കൊളുത്താതെ വച്ചിരുന്നു. വെയിറ്റർ പുറത്തു കടന്ന് വാതിൽ ചാരേണ്ട താമസം, ലെഫ്റ്റനന്റ് തടുക്കരുതാത്തൊരാവേശത്തോടെ അവളുടെ നേർക്കു കുതിച്ചുചെന്നു; ഭ്രാന്തമായൊരു തൃഷ്ണയോടെ അവർ അമർത്തിച്ചുംബിച്ചു; ആ മുഹൂർത്തം അവർക്കിനി വരാനുള്ള വർഷങ്ങളിൽ മായാതെ നില്ക്കാനുള്ളതായിരുന്നു: ശിഷ്ടജീവിതത്തിൽ ഇനിയവർ ഇങ്ങനെയൊന്ന് അനുഭവിക്കുകയില്ല.
കാലത്തു പത്തു മണിയ്ക്ക്- തെളിഞ്ഞതും പൊള്ളുന്നതും ആഹ്ളാദഭരിതവുമായ ഒരു പ്രഭാതം, മുഴങ്ങുന്ന പള്ളിമണികളുമായി, ഹോട്ടലിനു മുന്നിലെ അങ്ങാടിയിലെ ഒച്ചയും തിരക്കുമായി, വൈക്കോലിന്റെയും കല്ക്കരിയുടെയും മണവുമായി,റഷ്യയിലെ ഒരു ഉൾനാടൻ പട്ടണത്തിന്റെ സമ്മിശ്രമായ തീക്ഷ്ണഗന്ധങ്ങളുമായി-അവൾ, പേരില്ലാത്ത ആ കൃശഗാത്ര (അവൾ തന്റെ പേരു പറഞ്ഞിരുന്നതേയില്ല,സുന്ദരിയായ ഒരപരിചിത എന്നാണവൾ സ്വയം വിളിച്ചത്) ഒരു കുതിരവണ്ടിയിൽ കയറി അവിടം വിട്ടു. അവർ കാര്യമായി ഉറങ്ങിയിരുന്നില്ല. പക്ഷേ കാലത്ത് കുളിയും
വേഷം മാറലുമൊക്കെ അഞ്ചു മിനുട്ടു കൊണ്ടു കഴിച്ച് കിടക്കയ്ക്കരികിലെ സ്ക്രീനിനു പിന്നിൽ നിന്ന് അവൾ പുറത്തേക്കു വന്നപ്പോൾ ഒരു
പതിനേഴുകാരിയുടെ ഉന്മേഷമാണ്‌ അയാൾ അവളിൽ കണ്ടത്. അവൾക്കെന്തെങ്കിലും വല്ലായ്മ തോന്നിയിരുന്നോ? എന്നു പറയാനില്ല. അവൾ പഴയപോലെ ഉന്മേഷവതിയായിരുന്നു, ...
“വേണ്ട, വേണ്ട, ഡാർലിംഗ്,” ഒരുമിച്ചു പോകാമെന്ന അയാളുടെ അഭ്യർത്ഥനയ്ക്കു മറുപടിയായി അവൾ പറഞ്ഞു. “വേണ്ട, അടുത്ത ബോട്ടിന്റെ സമയം വരെ ഇവിടെ നില്ക്കൂ. നാം ഒരുമിച്ചു പോയാൽ സകലതും തുലയും. എനിക്കത് തീരെ ശരിയാവില്ല.നിങ്ങൾ കരുതുമ്പോലെ ഒരാളല്ല ഞാൻ; അതു ഞാൻ ആണയിട്ടു പറയാം. ഇതിനു സമാനമായ ഒരനുഭവം ഇന്നേ വരെ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല; ഇനിഉണ്ടാവുകയുമില്ല. ഞാനേതോ മന്ത്രത്തിനടിപ്പെട്ട പോലെയായിരുന്നു...അതിലും ശരി നാമിരുവർക്കും സുര്യാഘാതമേറ്റു എന്നു പറയുകയാവും...”

അതിനോടു യോജിക്കാൻ ലഫ്റ്റനന്റിന്‌ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രസരിപ്പോടെയാണ്‌ അയാൾ അവളെ വണ്ടിയിൽ കയറ്റി ജട്ടിയിലെത്തിച്ചത്: ഇളം ചുവപ്പു നിറത്തിലുള്ള സ്റ്റീമർ പുറപ്പെടാൻ തയാറായി കിടക്കുകയാണ്‌. ഡക്കിൽ വച്ച് എല്ലാവരും കാൺകെ അയാൾ അവളെ ചുംബിച്ചു; അയാൾ തിരിച്ചു ജട്ടിയിൽ കാൽ വച്ചതും സ്റ്റീമർ പുറപ്പെട്ടു.

അതേ ലാഘവത്തോടെ, പ്രസരിപ്പോടെയാണ്‌ അയാൾ തിരിച്ചു മുറിയിൽ എത്തിയത്.പക്ഷേ എന്തോ മാറ്റം സംഭവിച്ചിരിക്കുന്നു. അവളില്ലാതെ മുറി തികച്ചും വ്യത്യസ്തമായ ഒന്നായി അയാൾക്കു തോന്നി: അവൾ ഉള്ളിലുണ്ടായിരുന്നപ്പോഴത്തെപ്പോലെയല്ല, ഇപ്പോൾ യാതൊന്നും. മുറിയിൽ
അപ്പോഴും അവളുടെ സാന്നിദ്ധ്യം നിറഞ്ഞുനിന്നിരുന്നു, എന്നാൽ അതു ശൂന്യവുമായിരുന്നു! എന്തു വിചിത്രമാണിത്! അവൾ ഉപയോഗിച്ച ഇംഗ്ളീഷ് സുഗന്ധതൈലത്തിന്റെ മണം അപ്പോഴും മാഞ്ഞിരുന്നില്ല; അവൾ പാതി കുടിച്ചു വച്ച ചായക്കപ്പ് ട്രേയിൽത്തന്നെ ഉണ്ടായിരുന്നു; പക്ഷേ അവൾ അവിടെ ഇല്ലായിരുന്നു...ലെഫ്റ്റനന്റിന്റെ നെഞ്ച് പെട്ടെന്നു വികാരം കൊണ്ടു വിങ്ങി; അയാൾ തിടുക്കത്തിൽ ഒരു സിഗററ്റിനു തീ കൊളുത്തിക്കൊണ്ട് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

“എത്ര വിചിത്രമായ ഒരനുഭവം!” ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു; കണ്ണുകളിൽ വെള്ളം നിറയുന്നതും അയാളറിഞ്ഞു. “ ‘നിങ്ങൾ കരുതുമ്പോലെ ഒരാളല്ല ഞാൻ; അതു ഞാൻ ആണയിട്ടു പറയാം...’ എന്നിട്ടവൾ പൊയ്ക്കഴിയുകയും ചെയ്തു...”

സ്ക്രീൻ പിന്നിലേക്കു മാറ്റി വച്ചിരുന്നു; കിടക്കവിരികൾ മടക്കിവച്ചിട്ടില്ല. ഇനി ആ കിടക്കയിലേക്കു നോക്കാൻ തനിക്കു കഴിയില്ലെന്ന് അയാൾക്കു തോന്നി. അയാൾ സ്ക്രീൻ എടുത്തു വച്ച് അതു മറച്ചു; അങ്ങാടിയിലെ ഒച്ചയും വണ്ടിച്ചക്രങ്ങളുടെ ഞരക്കവും ഉള്ളിൽ കടക്കാതിരിക്കാനായി ജനാലകൾ അടച്ചിട്ടു; കാറ്റു പിടിച്ചു വീർക്കുന്ന വെളുത്ത കർട്ടൺ താഴ്ത്തിയിട്ട് അയാൾ സോഫയിൽ ചെന്നിരുന്നു. അതെ, അങ്ങനെ യാത്രയ്ക്കിടയിലെ ഒരനുഭവത്തിനു സമാപ്തിയായിരിക്കുന്നു! അവൾ പോയിക്കഴിഞ്ഞു; അവളിപ്പോൾ അകലെ എത്തിയിട്ടുണ്ടാവും; അവൾ ഈ നേരത്ത് സലൂണിന്റെ ജനാലയ്ക്കലോ ഡക്കിലോ ഇരുന്ന് വെയിലേറ്റു തിളങ്ങുന്ന ആ മഹാനദിയിലെ കാഴ്ചകൾ കാണുകയാവും: മരം
കയറ്റി വരുന്ന തടിച്ചങ്ങാടങ്ങൾ, മഞ്ഞനിറത്തിലുള്ള മണൽത്തിട്ടകൾ, ആകാശവും ജലവും ലയിക്കുന്ന ദീപ്തചക്രവാളം, വോൾഗയുടെ പരിധിയറ്റ വൈപുല്യം...വിട, എന്നെന്നേക്കുമായി വിട...ഇനി എവിടെ വച്ചവർ തമ്മിൽ കാണാൻ? “ഭർത്താവും മൂന്നു വയസ്സുള്ള മകളും കുടുംബക്കാരുമൊക്കെയായി അവൾ ജീവിതം കഴിക്കുന്ന ആ പട്ടണത്തിൽ എന്തു കാരണം പറഞ്ഞാണു ഞാൻ ചെന്നു കയറുക?” അയാൾ ഓർത്തു. ആ പട്ടണം അയാൾക്കെന്തോ വ്യത്യസ്തമായതൊന്നായി തോന്നി; തനിക്കു വിലക്കപ്പെട്ട ഒരു പാവനനഗരം; അവൾ അവിടെ തന്റെ ഏകാന്തജീവിതം നയിക്കുമെന്നും ഇടയ്ക്കവൾക്ക് തന്നെ ഓർമ്മ വന്നേക്കാമെന്നും, തങ്ങളുടെ ആ ഹ്രസ്വസമാഗമം അവളുടെ ഓർമ്മകളിൽ മിന്നിമാഞ്ഞേക്കാമെന്നും താനിനി ഒരിക്കലും അവളെ കാണാൻ പോകുന്നിലെന്നുമുള്ള ചിന്ത അയാളെ ജഡബുദ്ധിയാക്കിക്കളഞ്ഞു. ഇല്ല, അതു
നടക്കില്ല. അത്ര ഭ്രാന്തവും അസ്വാഭാവികവും അവിശ്വസനീയവുമായിരിക്കുമത്! ഇനിയുള്ള തന്റെ ജീവിതം അവളില്ലാതെ വ്യർത്ഥമായിരിക്കുമെന്ന തോന്നലിൽ നിന്നുയർന്ന ഭീതിയും നൈരാശ്യവും അയാളെ വേദനയുടെ ചുഴിയിലേക്കെടുത്തെറിഞ്ഞു.

“എന്തു നാശമാണിത്!” സ്ക്രീനിനു പിന്നിലെ കിടക്കയിലേക്കു നോക്കാതിരിക്കാൻ മനഃപൂർവ്വം ശ്രമിച്ചുകൊണ്ട് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞു. “എനിക്കിതെന്തു പറ്റി?ഇതാദ്യമായിട്ടൊന്നുമല്ലല്ലോ,ആണോ? എന്നിട്ടും...എന്താണവളുടെ കാര്യത്തിൽ
പ്രത്യേകമെന്നു പറയാനുള്ളത്, അല്ലെങ്കിൽ, പ്രത്യേകമെന്നു പറയാൻ എന്താണിവിടെ ഉണ്ടായത്? ഇതു ശരിക്കുമൊരു സൂര്യാഘാതം പോലെ തന്നെയാണ്‌!ഇനിയെങ്ങനെയാണ്‌ ഒരു പകലു മൊത്തം ഞാൻ ഈ പട്ടണമെന്നു പറയുന്ന മടയിൽ അവളില്ലാതെ കഴിക്കുക?”

അവളെ സംബന്ധിക്കുന്നതെല്ലാം, ഏറ്റവും സൂക്ഷ്മമായ വിശദാംശം വരെ,അയാൾക്കോർമ്മയുണ്ടായിരുന്നു: വെയിലേറ്റിരുണ്ട ചർമ്മം, അവളുടെ ലിനെൻ ഫ്രോക്ക്, ആ ഉറച്ച ദേഹം, ആർജ്ജവവും പ്രസന്നതയും തുളുമ്പുന്ന ശബ്ദം...അവളുടെ സ്ത്രൈണചാരുതകൾ അയാൾക്കു നല്കിയ പ്രഹർഷം അപ്പോഴും അയാൾക്കു മേൽ പ്രബലമായിരുന്നുവെങ്കിലും രണ്ടാമതൊരു ചേതോവികാരം കൂടി അയാളെ കീഴടക്കാൻ ഉയർന്നുവരികയായിരുന്നു- വിചിത്രവും ഗ്രഹണാതീതവും അവർ ഒരുമിച്ചായിരുന്നപ്പോൾ തോന്നാത്തതുമായ ഒരു വികാരം; വെറുമൊരു
രാത്രിയിലേക്കുള്ള വിനോദം എന്ന രീതിയിൽ ആ ഏർപ്പാടിനു തുടക്കം കുറിക്കുമ്പോൾ അങ്ങനെയൊരനുഭൂതിയ്ക്കു പ്രാപ്തനാണു താനെന്ന് അയാൾ വിശ്വസിക്കുമായിരുന്നില്ല. ഇപ്പോഴാകട്ടെ, അയാൾക്കതാരോടും, ഒരാളോടും പറയാനില്ല. “അതിനേക്കാളൊക്കെ കഷ്ടമാണ്‌, അവളോട് എനിക്കതിനെക്കുറിച്ചു പറയാൻ പറ്റില്ല എന്നത്!” അയാളോർത്തു. “ഞാൻ എന്തു ചെയ്യണം? ആ ഓർമ്മകളും എന്തെന്നറിയാത്ത ആ വേദനയുമായി എങ്ങനെയാണു ഞാനൊരു തീരാത്ത പകൽ കഴിച്ചുകൂട്ടുക, അതും, അവളെയും കൊണ്ടകന്നുപോകുന്ന ഇളംചുവപ്പുനിറമുള്ളൊരു സ്റ്റീമറൊഴുകുന്ന അതേ വോൾഗയുടെ തീരത്തുള്ള ഈ നശിച്ച പട്ടണത്തിൽ?” എന്തെങ്കിലുമൊരു രക്ഷോപായം താൻ കണ്ടെത്തിയേ പറ്റൂ, മനസ്സിനെ വ്യതിചലിപ്പിക്കാൻ എന്തെങ്കിലുമൊന്ന്, ഇവിടം വിട്ടോടിപ്പോകാനൊരിടം. എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെ അയാൾ തൊപ്പിയെടുത്തു തലയിൽ വച്ച്, ഊന്നുവടിയുമെടുത്ത്, നിർജ്ജനമായ ഇടനാഴി താണ്ടി, കുത്തനേയുള്ള കോണിപ്പടി ഓടിയിറങ്ങി മുൻവാതിലിലെത്തി. അതെ, പക്ഷേ ഇനി എവിടെയ്ക്കാണു താൻ പോവുക? ഒരു കുതിരവണ്ടി ഹോട്ടലിനു മുമ്പിൽ നില്പുണ്ടായിരുന്നു. നന്നായി വേഷം ധരിച്ച ചെറുപ്പക്കാരനായ വണ്ടിക്കാരൻ സിഗററ്റും പുകച്ചുകൊണ്ടിരിക്കുന്നുണ്ട്. അയാൾ ആരെയോ കാത്തുനില്ക്കുകയാവണം.ലെഫ്റ്റനന്റ് അന്തം വിട്ട പോലെ അയാളെ തുറിച്ചുനോക്കി: ഒന്നും സംഭവിക്കാത്ത പോലെ, മനസ്സിൽ ഒന്നുമില്ലാത്ത പോലെ സിഗററ്റും പുകച്ചുകൊണ്ടിരിക്കാൻ ഒരാൾക്കെങ്ങനെ കഴിയുന്നു? “ഇത്രയും അസന്തുഷ്ടനായ ഒരാൾ ഈ പട്ടണത്തിൽ ഞാൻ മാത്രമേയുണ്ടാവൂ എന്നു തോന്നുന്നു,”മാർക്കറ്റിലേക്കു നടന്നുകൊണ്ട് അയാൾ മനസ്സിൽ പറഞ്ഞു.

ചന്തയിൽ ആളൊഴിഞ്ഞു തുടങ്ങുകയാണ്‌. വെള്ളരിക്കെട്ടുകൾ കയറ്റിയ വണ്ടികൾക്കിടയിലൂടെ, കലങ്ങൾക്കും ചട്ടികൾക്കുമിടയിലൂടെ, അയാളുടെ ശ്രദ്ധയാകർഷിക്കാൻ പരസ്പരം മത്സരിക്കുന്ന വില്പനക്കാരികൾക്കിടയിലൂടെ, ചൂടു മാറാത്ത കുതിരച്ചാണകത്തിൽ ചവിട്ടി, എന്തിനെന്നറിയാതെ അയാൾ മുന്നോട്ടു നടന്നു. അവർ ചട്ടികൾ പൊക്കിയെടുത്ത് വിരലു കൊണ്ടതിൽ മുട്ടിക്കാണിച്ചു, ഒന്നാന്തരമാണവയെന്ന് അയാളെ ബോധിപ്പിക്കാൻ. “സാർ, സാർ, ഇത്ര നല്ല വെള്ളരി വേറേ കിട്ടില്ല സാർ...” മറ്റു ചിലർ അയാളുടെ ചെവിക്കല്ലു പൊട്ടിക്കുകയായിരുന്നു. എന്തപഹാസ്യവും അസംബന്ധവുമാണിതെല്ലാമെന്ന തോന്നൽ അസഹ്യമായപ്പോൾ അയാൾ അവിടെ നിന്നു പാഞ്ഞു. അയാൾ കതീഡ്രലിലേക്കു കയറി; അവിടെ പൂജ അവസാനിക്കുകയാണ്‌; ഗായകസംഘം പാടിനിർത്തുകയാണ്‌, ഉച്ചത്തിൽ, ഒരു കടമ ചെയ്തുതീർത്തതിന്റെ സംതൃപ്തിയോടെന്ന പോലെ, ആഹ്ളാദത്തോടെ. പിന്നെ അയാൾ അവിടെ നിന്നിറങ്ങി;പുഴപ്പരപ്പിന്റെ നരച്ച വെള്ളിനിറത്തിനു മേലുയർന്നുനില്ക്കുന്ന ഒരു പാറക്കെട്ടിന്റെ ചരിവിൽ പരിപാലനമില്ലാതെ കിടന്ന ഒരു ചെറിയ പാർക്കിലൂടെ ലക്ഷ്യബോധമില്ലാതെ അയാൾ ചുറ്റിനടന്നു.

അയാളുടെ യൂണിഫോമിന്റെ ബട്ടണുകളും തോളത്തെ സ്ട്രാപ്പുകളുമൊക്കെ തൊട്ടാൽ പൊള്ളുന്ന തരത്തിൽ ചൂടായിക്കഴിഞ്ഞിരുന്നു. അയാളുടെ തൊപ്പിയുടെ ഉൾവശം വിയർപ്പു കൊണ്ടു നനഞ്ഞൊട്ടുകയായിരുന്നു; അയാളുടെ മുഖം പൊള്ളുകയായിരുന്നു. അയാൾ ഹോട്ടലിലേക്കു മടങ്ങി; സന്തോഷത്തോടെയാണയാൾ ആരുമില്ലാത്ത, തണുപ്പു നിറഞ്ഞ, വലിയ ഡൈനിംഗ് റൂമിലേക്കു കടന്നു ചെന്നത്; സന്തോഷത്തോടെയാണയാൾ
തൊപ്പിയൂരി കൈയിൽ പിടിച്ചിട്ട് തുറന്ന ജനാലയ്ക്കടുത്തുള്ള ഒരു ചെറിയ മേശയ്ക്കരികിലെ കസേരയിൽ ചെന്നിരുന്നത്. പുറത്തു നിന്നു ചൂടുകാറ്റു വരുന്നുണ്ടായിരുന്നെങ്കിലും അതു കാറ്റായിരുന്നല്ലോ. അയാൾ ഐസിട്ട ബീറ്റ്റൂട്ട് സൂപ്പ് ഓർഡർ ചെയ്തു.

പുറമേയ്ക്കാരുമറിയാത്ത ഈ കൊച്ചുപട്ടണത്തിൽ ഒന്നിനും ഒരു കുറവുമില്ല; സർവതിലും നിന്ന്, ഈ പൊള്ളുന്ന ചൂടിലും അങ്ങാടിമണങ്ങളിലും നിന്ന്,സംതൃപ്തിയും ആനന്ദവുമാണുയരുന്നത്; ഈ ജീർണ്ണിച്ച നാടൻ ഹോട്ടലിൽ പോലും ആഹ്ളാദം നിറഞ്ഞുനില്ക്കുന്നു. പക്ഷേ അയാളുടെ ഹൃദയം മാത്രം തകരുകയാണ്‌.അയാൾ കുറേ ഗ്ളാസ്സ് വോഡ്ക്ക കുടിച്ചു; ഉപ്പിട്ട വെള്ളരിക്കഷണങ്ങൾ വാരിവിഴുങ്ങി. ഒരത്ഭുതപ്രവൃത്തിയാലെന്നപോലെ അവളെ ഇന്നിവിടെ വരുത്താൻ കഴിഞ്ഞെന്നിരിക്കട്ടെ, എത്ര ഹതാശവും ഉന്മത്തവുമായ പ്രണയമാണു
തനിക്കവളോടുള്ളതെന്നവളോടു പറയാൻ, തെളിവു നിരത്തി അവളെ ബോദ്ധ്യപ്പെടുത്താൻ മാത്രമായി ഒരു ദിവസം, ഈയൊരു ദിവസം അവൾ തന്നോടൊപ്പമുണ്ടായെന്നിരിക്കട്ടെ,എങ്കിൽ ഒരു നിമിഷത്തെ വിസമ്മതവും കൂടാതെ നാളെ മരിക്കാൻ താൻ തയാറാകും എന്ന് അയാൾക്കു തോന്നി. പക്ഷേ എന്തിനതു തെളിയിക്കണം? എന്തിനത് അവളെ ബോദ്ധ്യപ്പെടുത്തണം? എന്തിനെന്നയാൾക്കറിയില്ല; പക്ഷേ അതയാൾക്ക് ജീവിച്ചിരിക്കുന്നതിനേക്കാൾ പ്രധാനമായിരുന്നു.

“എന്റെ എല്ലാ ധൈര്യവും പൊയ്പ്പോയിരിക്കുന്നു,” അഞ്ചാമത്തെ ഗ്ളാസ്സ് വോഡ്ക്ക ഒഴിച്ചുകൊണ്ട് അയാൾ പറഞ്ഞു. അയാൾ ആ ചെറിയ കുപ്പിയിൽ ഉണ്ടായിരുന്നതു മൊത്തം ഉള്ളിലാക്കുകയായിരുന്നു. തല മരവിച്ചാൽ ആനന്ദിപ്പിക്കുകയും ഒപ്പം വേദനിപ്പിക്കുകയും ചെയ്യുന്ന ആ അനുഭൂതിയിൽ നിന്നു തനിക്കു വിടുതി കിട്ടുമെന്ന് അയാൾ മോഹിച്ചു. അതു പക്ഷേ, അധികരിക്കുകയാണുണ്ടായത്. അയാൾ സൂപ്പ് തള്ളിമാറ്റിയിട്ട് കട്ടൻ കാപ്പിയ്ക്ക് ഓർഡർ കൊടുത്തു; എന്നിട്ട് പുകവലിച്ചുകൊണ്ട് അയാളിരുന്നാലോചിക്കാൻ തുടങ്ങി: താനെന്തു ചെയ്യണം? ഈ അപ്രതീക്ഷിതപ്രണയം എങ്ങനെയാണൊന്നു കുടഞ്ഞുകളയുക? പക്ഷേ അതങ്ങനെ കുടഞ്ഞാൽ പോകുന്നതല്ല എന്നയാൾക്കു ബോദ്ധ്യമായിരുന്നു. പെട്ടെന്നയാൾ ചാടിയെഴുന്നേറ്റ് , തൊപ്പിയും ഊന്നുവടിയുമെടുത്തു; എന്നിട്ട് പോസ്റ്റ് ഓഫീസിലേക്കുള്ള വഴി ചോദിച്ചറിഞ്ഞുകൊണ്ട് തിരക്കിട്ടങ്ങോട്ടു നടന്നു. എന്താണു ടെലെഗ്രാം ചെയ്യേണ്ടതെന്നുള്ളത് ഇതിനകം അയാൾ മനസ്സിൽ രൂപപ്പെടുത്തിയിരുന്നു: “ഇനി മുതൽ മരിക്കും വരെയും എന്റെ ജീവിതം നിന്റേതാണ്‌, നിന്റെ കൈകളിലാണ്‌.” പക്ഷേ പോസ്റ്റ് ഓഫീസും ടെലഗ്രാഫ് ഓഫീസും സ്ഥിതി ചെയ്യുന്ന കനത്ത ചുമരുള്ള, പഴയ കെട്ടിടത്തിനു മുന്നിലെത്തിയപ്പോൾ അയാൾ നൈരാശ്യത്തോടെ നിന്നുപോയി. അവൾ താമസിക്കുന്ന പട്ടണത്തിന്റെ പേരയാൾക്കറിയാം, അവൾക്കു ഭർത്താവും മൂന്നു വയസ്സുള്ള മകളുമുണ്ടെന്നറിയാം; പക്ഷേ അവളുടെ
പേരയാൾക്കറിയില്ല! ഇന്നലെ രാത്രിയിൽ ഹോട്ടലിൽ ഡിന്നർ കഴിക്കുമ്പോൾ അയാൾ പല തവണ ചോദിച്ചതാണ്‌; എന്നാൽ അപ്പോഴൊക്കെ അവൾ ചിരിച്ചുകൊണ്ടു പറഞ്ഞത് ഇതായിരുന്നു: “എന്റെ പേരെന്തിനറിയണം? ഞാൻ മരിയ മരേവ്നയാണ്‌,യക്ഷിക്കഥയിലെ അജ്ഞാതരാജകുമാരി‘ അല്ലെങ്കിൽ സുന്ദരിയായ അപരിചിത. എന്താ,അതു പോരേ?”

പോസ്റ്റ് ഓഫീസിനു തൊട്ടടുത്തുള്ള മൂലയിൽ ഒരു സ്റ്റുഡിയോ കണ്ടു. അതിലെ ജനാലയിൽ കണ്ട ഒരു ഫോട്ടോഗ്രാഫിൽ തുറിച്ചുനോക്കി അയാൾ ഏറെ നേരം നിന്നു; തുറിച്ച കണ്ണുകളും ഇടുങ്ങിയ നെറ്റിയും സമൃദ്ധമായ കൃതാവും മെഡലുകൾ കൊണ്ടു മറഞ്ഞ വിരിഞ്ഞ നെഞ്ചുമായി ഒരോഫീസർ. അതിസാധാരണമായ ദൈനന്ദിനവസ്തുതകൾ എത്ര ഭ്രാന്തവും എത്ര യുക്തിരഹിതവും എത്ര ജുഗുപ്ത്സാവഹവുമായി തോന്നുകയാണ്‌,അത്രമേൽ പ്രബലമായ ഒരു പ്രണയത്തിന്റെ, അത്രമേൽ വിപുലമായൊരാനന്ദത്തിന്റെ ‘സൂര്യാഘാതം’ നിങ്ങളെ വന്നു പ്രഹരിക്കുമ്പോൾ (അതെ പ്രഹരിക്കുക, അതു തന്നെയാണു യോജിച്ച പദം)! അയാൾ നവദമ്പതിമാരുടെ ഒരു ഫോട്ടോയിലേക്കു നോക്കി-
മുടി പറ്റെ വെട്ടി, നീണ്ട ഫ്രോക്ക് കോട്ടും വെള്ള ടൈയും ധരിച്ച വരൻ വെള്ള ശിരോവസ്ത്രമണിഞ്ഞ വധുവിനെ കൈയിൽ പിടിച്ച് നീണ്ടുനിവർന്നു നില്ക്കുന്നു.പിന്നെ അയാളുടെ നോട്ടം വിദ്യാർത്ഥികൾ ധരിക്കുന്ന തരം ഒരു തൊപ്പി തലയിൽ ചരിച്ചു വച്ചു നില്ക്കുന്ന ഒരു തെറിച്ച പെണ്ണിന്റെ ഫോട്ടോയിൽ ചെന്നു തങ്ങി.

പിന്നെ, മനസ്സിൽ ഒരു ഭാരവുമില്ലാതെ നില്ക്കുന്ന അജ്ഞാതരായ ആ മനുഷ്യരുടെ പേരിൽ നിറഞ്ഞ അസൂയയുമായി അയാൾ തെരുവിലേക്കുറ്റുനോക്കിക്കൊണ്ടു നിന്നു.“എങ്ങോട്ടു ഞാൻ പോകും? എന്തു ഞാൻ ചെയ്യും?” ഉത്തരമില്ലാത്ത, വിഷമം പിടിച്ച ആ ചോദ്യങ്ങൾ അയാളുടെ മനസ്സും ആത്മാവും കൈയടക്കുകയായിരുന്നു.

തെരുവ് തീർത്തും വിജനമായിരുന്നു. വീടുകളെല്ലാം ഒരേ പോലിരുന്നു: വലിയ പൂന്തോട്ടങ്ങളും വെള്ളയടിച്ച ചുമരുകളുമുള്ള ഇടത്തരക്കാരുടെ വീടുകൾ; പക്ഷേ ഒന്നിനെങ്കിലും ജീവനുള്ളതായി തോന്നിയില്ല. നടപ്പാതയിൽ വെളുത്ത പൊടി കനത്തിൽ വീണുകിടന്നിരുന്നു; സർവതും കണ്ണഞ്ചിക്കുകയായിരുന്നു; സർവതും തീക്ഷ്ണവും ജ്വലിക്കുന്നതും ഉല്ലാസഭരിതവും എന്നാലെന്തുകൊണ്ടോ വ്യർത്ഥവുമായ വെയിലിൽ കുളിച്ചു കിടക്കുകയായിരുന്നു. കുന്നു കയറുന്ന പാത അങ്ങു വിദൂരതയിൽ തെളിഞ്ഞതും മേഘശൂന്യവുമായ ചക്രവാളത്തിന്റെ പാതിവെളിച്ചത്തിൽ ചെന്നലിഞ്ഞു. തെക്കൻ നാടുകളുടേതായ എന്തോ ഒന്ന് ഇതിലെല്ലാം അയാൾ കണ്ടു; അതയാളെ ഓർമ്മിപ്പിക്കുകയായിരുന്നു,സെവാസ്റ്റപ്പോളിനെ, കെർട്ഷിനെ...പിന്നെ അനാപ്പിയെ. അതയാൾക്കു താങ്ങാവുന്നതായിരുന്നില്ല. തല കുനിച്ചും വെളിച്ചം കൊണ്ടു കണ്ണടച്ചും നിലത്തു തന്നെ നോട്ടമുറപ്പിച്ചും വേയ്ച്ചും തടഞ്ഞും ലെഫ്റ്റനന്റ് തിരിച്ചുനടന്നു.

സഹാറയിലോ തുർക്കിസ്ഥാനിലോ ഒരു ദിവസം മുഴുവൻ യാത്ര ചെയ്താലെന്നപോലെ ക്ഷീണിച്ചവശനായി അയാൾ ഹോട്ടലിലെത്തി. ശേഷിച്ച ശക്തിയെല്ലാം സംഭരിച്ചുകൊണ്ട് അയാൾ തന്റെ വലിയ, ശൂന്യമായ മുറിയിലും എത്തിച്ചേർന്നു. ഹോട്ടലുകാർ മുറി അടിച്ചുവൃത്തിയാക്കിയിരുന്നു. മേശപ്പുറത്തു മറന്നിട്ട ഒരു ഹെയർ പിന്നല്ലാതെ അവളുടേതായി യാതൊന്നും ശേഷിച്ചിരുന്നില്ല. അയാൾ കോട്ടൂരിമാറ്റിയിട്ട് കണ്ണാടിയിൽ തന്നെത്തന്നെ നോക്കിനിന്നു. തന്റെ മുഖം - വെയിലു കൊണ്ടു നിറം കെട്ട മീശയും ചെമ്പിച്ച തൊലിയുമായി, ആ തൊലിനിറം കാരണം വെണ്മ കൂടുതലായി തോന്നിച്ച കൃഷ്ണമണികളുമായി വെറുമൊരോഫീസറുടെ മുഖം- അയാൾക്കപ്പോൾ വിക്ഷുബ്ധവും ഉന്മത്തവുമായി കാണപ്പെട്ടു. നേർത്ത വെളുത്ത ഷർട്ടും പശയിട്ട കോളറുമായി ആ നില്ക്കുന്ന രൂപമാകട്ടെ, യൗവനം നിറഞ്ഞതായിരുന്നു, വിഷാദഭരിതവുമായിരുന്നു. കട്ടിലിന്റെ കാല്ക്കലെ അഴിയിൽ പൊടിയടിഞ്ഞ ബൂട്ടുകൾ താങ്ങിവച്ച് അയാൾ മലർന്നു കിടന്നു. ജനാലകൾ തുറന്നു കിടക്കുകയായിരുന്നു, വെളിയടകൾ താഴ്ത്തിയിരുന്നു. ഇടയ്ക്കിടെ ഇളംകാറ്റിൽ ജനാലവിരി പൊങ്ങുമ്പോൾ ചൂടും പൊള്ളുന്ന മേല്ക്കൂരകളുടെയും നിശബ്ദവും വിജനവുമായ വോൾഗാദേശത്തിന്റെ സർവഗന്ധങ്ങളും ഉള്ളിലേക്കരിച്ചിറങ്ങിയിരുന്നു. കൈകളിൽ തല വച്ച്, ശൂന്യതയിലേക്കു മിഴിച്ചുനോക്കി അയാൾ കിടന്നു. പിന്നെ പല്ലു കടിച്ചുപിടിച്ചുകൊണ്ട്,കണ്ണുകളടച്ചുകൊണ്ട്, കവിളിലൂടെ കണ്ണീരൊഴുകിയിറങ്ങുന്നതറിഞ്ഞുകൊണ്ട് അയാൾ ഉറക്കത്തിലേക്കു വീണു. അയാൾ കണ്ണു തുറക്കുമ്പോൾ ജനാലക്കർട്ടനു പിന്നിൽ അസ്തമയസൂര്യൻ തുടുത്തുമഞ്ഞിക്കുകയായിരുന്നു. ഇളംകാറ്റടങ്ങിയിരുന്നു, മുറിക്കകം അടുപ്പു പോലെ പൊള്ളുകയായിരുന്നു. ഇന്നലത്തെ ദിവസവും ഇന്നത്തെ പ്രഭാതവും പത്തു കൊല്ലം മുമ്പത്തെപ്പോലെയാണ്‌ അയാൾക്കു തോന്നിയത്.

അയാൾ സാവകാശം എഴുന്നേറ്റു, സാവകാശം മുഖം കഴുകി, ജനാലയുടെ കർട്ടൻ മാറ്റിയിട്ടു, ചായയും ബില്ലും കൊണ്ടുവരാൻ പറഞ്ഞു, എന്നിട്ടേറെനേരം നാരങ്ങാനീരു ചേർത്ത ചായയും കുടിച്ച് അയാളിരുന്നു.പിന്നെ അയാൾ ഒരു കുതിരവണ്ടി വിളിക്കാനും തന്റെ സാധങ്ങൾ താഴെ കൊണ്ടുവയ്ക്കാനും ഓർഡർ ചെയ്തു. വണ്ടിയുടെ നിറം മങ്ങിയ ചുവന്ന സീറ്റിൽ കയറി ഇരിക്കുമ്പോൾ വെയ്റ്റർക്ക് അയാൾ അഞ്ചു റൂബിൾ ടിപ്പു കൊടുക്കുകയും ചെയ്തു. “ഇന്നലെ രാത്രിയിൽ അങ്ങയെ ഇവിടെ കൊണ്ടുവന്നതും ഞാൻ തന്നെയാണെന്നാണ്‌ എന്റെ
വിശ്വാസം, സാർ” കടിഞ്ഞാൺ കൈയിലെടുക്കുമ്പോൾ വണ്ടിക്കാരൻ ചൊടിയോടെ പറഞ്ഞു. അവർ ജട്ടിയിലെത്തുമ്പോൾ ഗ്രീഷ്മരാത്രിയുടെ നീലവിതാനം വോൾഗയ്ക്കു മേൽ പരന്നുകഴിഞ്ഞിരുന്നു, വിവിധവർണ്ണങ്ങളിലുള്ള കുഞ്ഞുവിളക്കുകൾ പുഴയെ പുള്ളി കുത്തിയിരുന്നു, വന്നടുക്കുന്ന സ്റ്റീമറിന്റെ പാമരങ്ങളിൽ റാന്തലുകൾ വെളിച്ചം ചൊരിഞ്ഞിരുന്നു.

“കൃത്യസമയത്തു തന്നെ സാറിനെ ഞാനെത്തിച്ചു,” ഒരഭിനന്ദനം പ്രതീക്ഷിച്ചുകൊണ്ട് വണ്ടിക്കാരൻ പറഞ്ഞു.

അയാൾക്കും അഞ്ചു റൂബിൾ കൊടുത്തിട്ട് ലഫ്റ്റനന്റ് ടിക്കറ്റെടുത്ത് ജട്ടിയിലേക്കിറങ്ങി നിന്നു...ഇന്നലത്തെപ്പോലെ തന്നെ സ്റ്റീമർ പതുക്കെ ജട്ടിയിൽ വന്നിടിച്ചു, അതേ കാലുറയ്ക്കായ്ക, പിന്നെ ഒരു കയർ തലയ്ക്കു മേൽ കൂടി പറക്കുന്നു, സ്റ്റീമർ ജട്ടിയിൽ വന്നിടിച്ചിട്ടു മാറുമ്പോൾ വെള്ളം
കടയുന്നപോലെ പതയുന്നു...

ആളും വെളിച്ചവും നിറഞ്ഞ, അടുക്കളയിൽ നിന്നു വിവിധഗന്ധങ്ങൾ പരക്കുന്ന ആ സ്റ്റീമർ എത്ര ഹൃദ്യമാണെന്നയാൾക്കു തോന്നിത്തുടങ്ങിക്കഴിഞ്ഞിരുന്നു. ഒരു മിനുട്ടു കഴിഞ്ഞപ്പോൾ അന്നു രാവിലെ അവൾ പോയ അതേ ദിശയിലേക്ക് പുഴയിലൂടവർ കുതിക്കുകയായിരുന്നു.
ഗ്രീഷ്മസന്ധ്യയുടെ പിൻവെളിച്ചം വിദൂരചക്രവാളത്തിൽ നിന്നു സാവധാനം പിൻവാങ്ങുകയായിരുന്നു; ഇളകിയാടിയും പലനിറങ്ങളിൽ പുഴയിലലസം പ്രതിഫലിച്ചും മങ്ങിയ നീലവിതാനത്തിനടിയിലലയിളക്കുന്ന പ്രതലത്തിലവിടവിടെ വെളിച്ചത്തിന്റെ പാടുകൾ വീഴ്ത്തിയും ഇരുട്ടത്തെങ്ങും ചിതറിക്കിടക്കുന്ന വിളക്കുകൾ പിന്നിലേക്കു, പിന്നിലേക്കൊഴുകിപ്പോയി.

ഡക്കിൽ ഒരു ഷാമിയാനയ്ക്കടിയിൽ കസേരയിട്ടു ലഫ്റ്റനന്റ് ഇരുന്നു. തനിക്കു പത്തു കൊല്ലം പ്രായം കൂടിയപോലെ അയാൾക്കു തോന്നി.



കവിയും നോവലിസ്റ്റുമായ ഇവാൻ എ. ബുനിൻ (1870-1953) റഷ്യയിലെ ഒരു പ്രഭുകുടുംബത്തിൽ ജനിച്ചു. 1903ൽ സാഹിത്യത്തിനുള്ള പുഷ്ക്കിൻ സമ്മാനം നേടിയ അദ്ദേഹം ബോൾഷെവിക്ക് വിപ്ളവത്തെത്തുടർന്ന് 1918ൽ ഫ്രാൻസിൽ അഭയം തേടി. മെഡിറ്റെറേനിയൻ രാജ്യങ്ങളിലൂടെയും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലൂടെയും നടത്തിയ ദീർഘസഞ്ചാരങ്ങളിൽ നിന്നുള്ള അനുഭവങ്ങളാണ്‌
അദ്ദേഹത്തിന്റെ പല കഥകൾക്കും പ്രമേയമാകുന്നത്. 1933ൽ അദ്ദേഹത്തിന്‌ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ‘ഗദ്യരചനയിലെ ക്ളാസ്സിക്കൽ റഷ്യൻ പാരമ്പര്യം നിഷ്കൃഷ്ടമായ ചാതുര്യത്തോടെ പിന്തുടരുന്നു’ എന്നതാണ്‌നോബേൽ സമ്മാനസമിതി അഭിനന്ദനാർഹമായി കണ്ടത്.


അഭിപ്രായങ്ങളൊന്നുമില്ല: