ഒരു ഉല്ലാസനൌകയിൽ ഞങ്ങൾ കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് പ്രിൻകിപ്പോ ദ്വീപിന്റെ കടലോരത്തു ചെന്നിറങ്ങി. യാത്രക്കാർ എണ്ണത്തിൽ അധികമൊന്നുമുണ്ടായിരുന്നില്ല. അച്ഛനും അമ്മയും മകളും മകളെ വിവാഹം കഴിക്കാൻ പോകുന്ന ചെറുപ്പക്കാരനും ഉൾപ്പെടുന്ന ഒരു പോളിഷ് കുടുംബം, പിന്നെ ഞങ്ങൾ രണ്ടു പേരും. ഓ, അല്ല, ഗോൾഡൻ ഹോണിൽ നിന്ന് കോൺസ്റ്റാന്റിനോപ്പിളിലേക്കുള്ള തടിപ്പാലത്തിൽ വച്ച് ഞങ്ങൾക്കൊപ്പം കൂടിയ ചെറുപ്പമെന്നു പറയാവുന്ന ആ ഗ്രീക്കുകാരനെ ഞാൻ മറക്കാൻ പാടില്ല. അയാൾ കക്ഷത്തു വച്ചു നടന്നിരുന്ന പോർട്ട്ഫോളിയോ വച്ചു നോക്കിയാൽ ആളൊരു ചിത്രകാരനാണെന്നു തോന്നിയിരുന്നു. നീണ്ടു കറുത്ത ചുരുൾമുടി അയാളുടെ ചുമലുകളിലേക്കൊഴുകിക്കിടന്നിരുന്നു, അയാളുടെ മുഖത്തിന് ഒരു വിളർത്ത നിറമായിരുന്നു, അയാളുടെ ഇരുണ്ട കണ്ണുകളാവട്ടെ, കൺകുഴികളുടെ കയങ്ങളിൽ മുങ്ങിക്കിടക്കുകയുമായിരുന്നു. ആദ്യമൊക്കെ അയാളിൽ എനിക്കൊരു താല്പര്യം തോന്നിയിരുന്നു; പക്ഷേ പിന്നീടയാൾ വാചാലനാവാൻ തുടങ്ങിയപ്പോൾ ഞാൻ മാറിപ്പോയി.
അയാളെക്കാൾ എനിക്കടുപ്പം തോന്നിയത് ആ പോളിഷ് കുടുംബത്തോടാണ്. അച്ഛനും അമ്മയും സൌമ്യസ്വഭാവക്കാരായിരുന്നു; മകളുടെ കാമുകനാവട്ടെ, സംസ്കാരസമ്പന്നനായ, നേരിട്ടിടപഴകുന്ന, സുഭഗനായ ഒരു യുവാവും. തൊലി വിളർത്ത, സുന്ദരിയായ ആ പെൺകുട്ടി ഒന്നുകിൽ ഗുരുതരമായ ഒരു രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു വരികയാവണം, അല്ലെങ്കിൽ ഏതോ മാരകരോഗം അവളിൽ പിടി മുറുക്കാൻ തുടങ്ങിയിരിക്കണം. തന്റെ കാമുകന്റെ മേൽ ചാഞ്ഞുകൊണ്ടാണ് അവൾ നടക്കുന്നത്; ഇടയ്ക്കിടെ വിശ്രമിക്കാൻ വേണ്ടി അവൾ ഇരിക്കുന്നുമുണ്ട്; മന്ത്രിക്കുന്ന പോലെയാണ് അവൾ സംസാരിക്കുന്നതെങ്കിലും അതിനു പോലും വരണ്ട ഒരു ചുമ തടസ്സമാകുന്നു. അവളുടെ ചുമ അടങ്ങും വരെ അയാൾ അവൾക്കൊപ്പം നില്ക്കും. അയാളുടെ സഹാനുഭൂതിയോടെയുള്ള നോട്ടത്തിന് അവളുടെ മറുപടി തിരിച്ച് ഇങ്ങനെ പറയുന്നൊരു നോട്ടമാണ്: “അതു സാരമില്ല. എനിക്കൊരസുഖവുമില്ല.” ആരോഗ്യത്തിലും സന്തോഷത്തിലും വിശ്വാസമർപ്പിച്ചവരായിരുന്നു അവർ.
കടല്പാലത്തിൽ വച്ചു ഞങ്ങളെ പിരിഞ്ഞ ആ ഗ്രീക്കുകാരന്റെ ശുപാർശ പ്രകാരം കുന്നിന്മുകളിലെ ഹോട്ടലിലാണ് പോളിഷ് കുടുംബം മുറിയെടുത്തത്. ഹോട്ടലുടമസ്ഥൻ ഫ്രഞ്ചുകാരനായിരുന്നു; ഫ്രഞ്ചുശൈലിക്കനുസരിച്ച് കലാപരമായും സുഖപ്രദമായും അയാൾ ആ കെട്ടിടം സജ്ജീകരിച്ചിരുന്നു.
ഞങ്ങളുടെ പ്രഭാതഭക്ഷണം ഒരുമിച്ചായിരുന്നു; ഉച്ചച്ചൂടിനു തെല്ലൊന്നു ശമനമായപ്പോൾ ഞങ്ങൾ എല്ലാവരും കൂടി കുന്നു കയറി. അവിടെ സൈബീരിയൻ പൈനുകളുടെ തോപ്പിലിരുന്നു നോക്കിയാൽ കാണുന്ന കാഴ്ച ഹൃദയാവർജ്ജകമായിരുന്നു. ഞങ്ങൾ നല്ലൊരിടം കണ്ടുപിടിച്ച് ഇരിക്കേണ്ട താമസം, ആ ഗ്രീക്കുകാരൻ പിന്നെയും പ്രത്യക്ഷനായി. ഞങ്ങളെ അലസമായൊന്ന് അഭിവാദ്യം ചെയ്തിട്ട് ഞങ്ങൾക്കല്പം ചുവടുകൾ മാത്രം മുന്നിലായി അയാളും സ്ഥാനം പിടിച്ചു. എന്നിട്ടയാൾ പോർട്ട്ഫോളിയോ തുറന്ന് വരയ്ക്കാൻ തുടങ്ങി.
“അയാൾ പാറകൾക്കു പുറം തിരിഞ്ഞിരിക്കുന്നത് നാം അയാൾ വരയ്ക്കുന്നതു കാണരുതെന്നു വച്ചിട്ടുതന്നെയാണെന്നു തോന്നുന്നു,” ഞാൻ പറഞ്ഞു.
“നമുക്കതിന്റെ ആവശ്യവുമില്ലല്ലോ,” പോളണ്ടുകാരൻ യുവാവു പറഞ്ഞു. “നമുക്കു മുന്നിൽത്തന്നെ കാണാൻ വേണ്ടത്ര കിടക്കുന്നു.” അല്പനേരത്തിനു ശേഷം അയാൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഏതോ ഒരു പശ്ചാത്തലത്തിൽ നമ്മെ വരയ്ക്കുകയാണയാൾ എന്നു തോന്നുന്നു. ഹും, നടക്കട്ടെ!”
സത്യമായും ഞങ്ങൾക്കു നോക്കിയിരിക്കാൻ വേണ്ടത്രയുണ്ടായിരുന്നു. ഈ പ്രിൻകിപ്പോയെപ്പോലെ സുന്ദരമോ സന്തുഷ്ടമോ ആയ മറ്റൊരിടം ലോകത്തു വേറേയുണ്ടാവാൻ വഴിയില്ല! മഹാനായ ചാൾസിന്റെ സമകാലികനായ രാഷ്ട്രീയരക്തസാക്ഷി ഐറിൻ ഒരു മാസം ഇവിടെ പ്രവാസിയായി കഴിഞ്ഞിരുന്നു. ഇവിടെ ഒരു മാസം ജീവിക്കാൻ കഴിഞ്ഞാൽ അതിന്റെ ഓർമ്മ കൊണ്ടു തന്നെ എന്റെ ശിഷ്ടായുസ്സു ഞാൻ സന്തോഷമായി കഴിച്ചോളാം! പ്രിൻകിപ്പോയിൽ കഴിഞ്ഞ ആ ഒരു ദിവസം തന്നെ ഒരു കാലത്തും എന്റെ ഓർമ്മയിൽ നിന്നു മായില്ല.
വായു വജ്രത്തരി പോലെ തെളിഞ്ഞതായിരുന്നു; അതിന്റെ മൃദുലാളനത്തിൽ ആത്മാവകലെക്കൊഴുകിപ്പോകുമായിരുന്നു. കടലിനപ്പുറം വലതു ഭാഗത്തായി ഏഷ്യൻ ഭാഗത്തെ മലമുടികൾ തവിട്ടുനിറത്തിൽ പൊന്തിനിൽക്കുന്നുണ്ട്. ഇടതു ഭാഗത്താവട്ടെ, യൂറോപ്പിന്റെ ചെങ്കുത്തായ തീരങ്ങൾ തുടുത്തുകിടക്കുന്നു. അരികിൽ തന്നെ ഒമ്പതു ദ്വീപുകളുടെ കൂട്ടത്തിൽ പെട്ട ചൽക്കിയിലെ സൈപ്രസ് കാടുകൾ ഒരു ദാരുണസ്വപ്നം പോലെ ഉയർന്നുകാണാം; അതിനു കിരീടം വച്ചപോലെ കൂറ്റൻ ഒരെടുപ്പ്- മനസ്സിന്റെ സമനില തെറ്റിയവർക്കുള്ള ഒരാതുരാലയം.
അലയടങ്ങിയ മാർമോറാകടൽ വെട്ടിത്തിളങ്ങുന്നൊരു രത്നക്കല്ലു പോലെ നിറങ്ങൾ കൊണ്ടു കളിക്കുകയായിരുന്നു. അകലെ അതു പാൽവെളുപ്പായിരുന്നു, പിന്നെ ഇളംചുവപ്പുനിറം, രണ്ടു തുരുത്തുകൾക്കിടയിൽ തിളങ്ങുന്ന ഓറഞ്ചുനിറം, ഞങ്ങൾക്കടിയിൽ അതിന് സുതാര്യമായ ഇന്ദ്രനീലം പോലെ മനോഹരമായ പച്ച കലർന്ന നീലനിറവുമായിരുന്നു. വലിയ കപ്പലുകൾ എവിടെയും കാണാനുണ്ടായിരുന്നില്ല- ഇംഗ്ളീഷ് പതാക പാറുന്ന രണ്ടു ചെറിയ നൌകകൾ തീരത്തിനോടടുത്തായി കടന്നുപോയിരുന്നുവെന്നു മാത്രം. ഒന്ന് ഒരു കാവൽമാടത്തോളം മാത്രം വലിപ്പമുള്ള ഒരു ആവിബോട്ടായിരുന്നു, മറ്റേതിൽ പന്ത്രണ്ടോളം തണ്ടുവലിക്കാരുണ്ടായിരുന്നു; അവരുടെ തണ്ടുകൾ ഒരേ സമയം ഉയരുമ്പോൾ അവയിൽ നിന്ന് ഉരുകിയ വെള്ളിയിറ്റിയിരുന്നു. ഡോൾഫിനുകൾ ഒരു പേടിയും കൂടാതെ അവയ്ക്കിടയിലൂടെ മുങ്ങാങ്കുഴിയിടുകയും വെള്ളത്തിനു മുകളിലൂടെ വളഞ്ഞുകുത്തിപ്പായുകയും ചെയ്തു. രണ്ടു ഭൂഖണ്ഡങ്ങൾക്കുമിടയിലെ ദൂരമളന്നുകൊണ്ട് കൃഷ്ണപ്പരുന്തുകൾ ഇടയ്ക്കിടെ നീലാകാശത്തു കൂടി യാത്ര പോയി.
ഞങ്ങളുടെ കാല്ച്ചുവട്ടിനു ചോടെയുള്ള ചരിവാകെ വിടരുന്ന റോസ്സാപ്പൂക്കൾ കൊണ്ടു മൂടിയിരുന്നു; അതിന്റെ പരിമളം കൊണ്ടു വായു കനത്തിരുന്നു. കടലിനു തൊട്ടുള്ള കോഫീ ഹൌസിൽ നിന്ന് അകലം കൊണ്ടൊന്നമർന്ന സംഗീതം തെളിഞ്ഞ വായുവിലൂടെ ഞങ്ങളിലേക്കെത്തിയിരുന്നു.
വശ്യമായിരുന്നു, ഇതെല്ലാം കൂടി ഞങ്ങളിൽ ചെലുത്തിയ പ്രഭാവം. നിശബ്ദരായി, സ്വർഗ്ഗത്തിന്റെ ആ ആലേഖ്യത്തിൽ ആത്മാവുകളെ നിമഗ്നമാക്കി ഞങ്ങൾ ഇരുന്നു. പോളണ്ടുകാരി യുവതി കാമുകന്റെ നെഞ്ചത്തു തലവച്ച് പുല്ലിൽ മലർന്നുകിടന്നു. വിവർണ്ണരത്നം പോലെയുള്ള അവളുടെ ലോലമായ മുഖത്ത് നേർത്തൊരു നിറം പടർന്നു; പെട്ടെന്നാണ് അവളുടെ നീലക്കണ്ണുകളിൽ നിന്നു കണ്ണീരു പൊട്ടിയൊഴുകിയത്. കാമുകൻ കുനിഞ്ഞ് ഓരോ തുള്ളിയും ഉമ്മകൾ കൊണ്ടൊപ്പിയെടുത്തു. അതു കണ്ട് അവളുടെ അമ്മയും കരഞ്ഞുപോയി. എനിക്കും- എനിക്കു പോലും- ഉള്ളിൽ വിചിത്രമായ ഒരു പിടച്ചിൽ തോന്നി.
“മനസ്സും ശരീരവും രണ്ടും ഇവിടം കൊണ്ടു സുഖമാവണം,” പെൺകുട്ടി മന്ത്രിച്ചു. “എത്ര സന്തുഷ്ടമായൊരിടമാണിത്!”
“എനിക്കൊരു ശത്രു പോലുമില്ലെന്നതിനു ദൈവം സാക്ഷിയാണ്; എന്നാലും അങ്ങനെ ഒരാളുണ്ടെങ്കിൽ ഇവിടെ വച്ചു ഞാൻ അയാൾക്കു മാപ്പു കൊടുക്കും!” അച്ഛൻ വിറയാർന്ന ഒരു സ്വരത്തിൽ പറഞ്ഞു.
പിന്നെയും ഞങ്ങൾ നിശബ്ദരായി. അത്ര വിസ്മയകരമായ ഒരു മാനസികാവസ്ഥയിലായിരുന്നു ഞങ്ങൾ- വാക്കുകളിലൊതുങ്ങാത്തത്ര ഹൃദ്യമായിരുന്നു സർവതും! ഞങ്ങൾ ഓരോരുത്തരും ആനന്ദത്തിന്റെ ഒരു മുഴുവൻ ലോകം ഉള്ളു കൊണ്ടറിയുകയായിരുന്നു; തന്റെ ആനന്ദം മുഴുവൻ ലോകവുമായി പങ്കു വയ്ക്കാനും ഞങ്ങളോരോരുത്തരും തയാറുമായിരുന്നു. എല്ലാവരും അറിഞ്ഞത് ഒരേ അനുഭൂതിയായിരുന്നു- അതിനാൽ ആരും അന്യരെ ശല്യപ്പെടുത്തിയതുമില്ല. ഒരു മണിക്കൂറോ മറ്റോ കഴിഞ്ഞപ്പോൾ ആ ഗ്രീക്കുകാരൻ എഴുന്നേറ്റതും പോർട്ട്ഫോളിയോ മടക്കിയെടുത്തതും ചെറിയൊരു തലയനക്കം കൊണ്ട് ഞങ്ങളോടു യാത്ര പറഞ്ഞു പോയതും ഞങ്ങൾ ശ്രദ്ധിച്ചുതന്നെയില്ല. അവിടെ ഞങ്ങൾ മാത്രമായി.
ഒടുവിൽ, കുറേ മണിക്കൂറുകൾ കഴിഞ്ഞ്, അകലെ അങ്ങു തെക്കൻ മാനത്ത് ഒരിരുണ്ട വയലറ്റുനിറം അതിന്റെ മാന്ത്രികസൌന്ദര്യം പടർത്താൻ തുടങ്ങുന്ന നേരത്ത് പോകേണ്ട നേരമായിരിക്കുന്നുവെന്ന് അമ്മ ഞങ്ങളെ ഓർമ്മിപ്പിച്ചു. ഞങ്ങൾ എഴുന്നേറ്റ് മനസ്സിൽ പ്രയാസങ്ങളൊന്നുമറിയാത്ത കുട്ടികളുടെ അനായാസവും സ്വച്ഛന്ദവുമായ കാൽവയ്പ്പോടെ ഹോട്ടലിലേക്കു നടന്നു. ഹോട്ടലിലെത്തി ഭംഗിയുള്ള വരാന്തയിൽ ഞങ്ങൾ ചെന്നിരുന്നു.
ഞങ്ങൾ ഇരുന്നുവെന്നു പറയാനില്ല, അപ്പോഴേക്കും താഴെ നിന്ന് വഴക്കിടുന്ന പോലെയും പുലഭ്യം പറയുന്നപോലെയും കേട്ടു. ഞങ്ങളുടെ ആ ഗ്രീക്കുകാരൻ ഹോട്ടലുകാരനുമായി വാക്കുതർക്കത്തിലാണ്; ഒരു കൌതുകത്തിനായി ഞങ്ങൾ അതു കേട്ടിരുന്നു.
പക്ഷേ ആ തമാശ അധികനേരം നീണ്ടുനിന്നില്ല. “ഇനി ഇവിടെ ആരെങ്കിലും വരാതിരുന്നാൽ അപ്പോൾ ഞാൻ കാണിച്ചുതരാം,” എന്നമറിക്കൊണ്ട് ഹോട്ടലുകാരൻ പടി കയറി ഞങ്ങൾക്കടുത്തേക്കു വന്നു.
“അയാൾ ആരാണെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു,” പോളണ്ടുകാരൻ യുവാവ് അയാളോടു ചോദിച്ചു. “എന്താണയാളുടെ പേര്?”
“ആ- അവന്റെയൊക്കെ പേര് ആർക്കറിയാം?” ഹോട്ടലുകാരൻ അമറിക്കൊണ്ട് അമർഷത്തോടെ താഴേക്കു നോക്കി. “ഞങ്ങൾ അവനെ രക്തരക്ഷസ്സ് എന്നാണു വിളിക്കാറ്.”
“ചിത്രകാരനാണോ?”
“ഒന്നാന്തരം പണിയല്ലേ! അവൻ ശവങ്ങളെ മാത്രമേ വരയ്ക്കാറുള്ളു. കോൺസ്റ്റാന്റിനോപ്പിളിലോ ഇവിടെ ഈ ഭാഗത്തോ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ അയാളുടെ പടം അന്നവൻ വരച്ചുതീർത്തിട്ടുണ്ടാവും. മരിക്കാൻ പോകുന്നയാളിന്റെ പടം അവൻ മുൻകൂട്ടി വരയ്ക്കും; അതിലവനു തെറ്റു പറ്റാറുമില്ല- കഴുകൻ!”
വൃദ്ധയായ പോളണ്ടുകാരി ഭയന്നു നിലവിളിച്ചു. മകൾ അവരുടെ കൈകളിൽ ചോക്കു പോലെ വിളറിവെളുത്തു കിടക്കുകയായിരുന്നു. അവൾക്ക് ബോധം പോയിരുന്നു.
അവളുടെ കാമുകൻ ഒറ്റച്ചാട്ടത്തിന് പടികൾ ഓടിയിറങ്ങി. ഒരു കൈ കൊണ്ട് അയാൾ ആ ഗ്രീക്കുകാരനെ പിടിച്ചുനിർത്തിയിട്ട് മറ്റേക്കൈ കൊണ്ട് പോർട്ട്ഫോളിയോയിൽ കയറിപ്പിടിച്ചു.
അയാളുടെ പിന്നാലെ ഞങ്ങളും ഓടിച്ചെന്നു. രണ്ടു പേരും മണ്ണിൽ കിടന്നുരുളുകയായിരുന്നു. പോർട്ട്ഫോളിയോയിൽ ഉണ്ടായിരുന്ന കടലാസ്സുകൾ ചുറ്റും ചിതറി. ഒരു ഷീറ്റിൽ പെൻസിൽ കൊണ്ട് ആ പോളണ്ടുകാരി പെൺകുട്ടിയുടെ മുഖം വരച്ചിരുന്നു, അടഞ്ഞ കണ്ണുകളും നെറ്റിയിൽ കൊളുന്തു കൊണ്ടൊരു റീത്തുമായി.
ജാൻ നെരൂദ-Jan Nepomuk Neruda(1834-1891)- ചെക്ക് സാഹിത്യകാരനും ജേണലിസ്റ്റും. ചെക്ക് ദേശീയതയുടെ വക്താവും ജൂതവിരോധിയുമായിരുന്നു. ചിലിയൻ കവി പാബ്ളോ നെരൂദ തന്റെ തൂലികാനാമമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ പേരാണ്
The Vampire in English
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ