തകർന്ന ചുമരിന്‍റെ പാളി പൊളിഞ്ഞ ജനാല അന്തിവെയിലേറ്റപ്പോൾ ഇളംചുവപ്പുനിറത്തിൽ വായ പൊളിച്ചു. ചിമ്മിനികളുടെ ശേഷിപ്പുകൾക്കിടയിലെ വെളിച്ചത്തിൽ പൊടിപടലം പാറിനടന്നിരുന്നു. കൂടിക്കിടന്ന കല്ലും കട്ടയും മയക്കത്തിലായിരുന്നു.
അവൻ കണ്ണുകൾ അടച്ചുപിടിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് ഇരുട്ടിനു കനം കൂടിയപോലെ അവനു തോന്നി. ആരോ വന്നുവെന്നും തനിക്കു മുന്നിൽ നിശബ്ദനായി വന്നുനില്ക്കുകയാണയാളെന്നും അവനു മനസ്സിലായി. അവരെന്നെ പിടിച്ചു, അവൻ മനസ്സിൽ പറഞ്ഞു. പക്ഷേ പിന്നെ കണ്ണൊന്നു ചിമ്മിയപ്പോൾ അല്പം കീറിമുഷിഞ്ഞ പാന്റിൽ പൊതിഞ്ഞ രണ്ടു കാലുകളാണ് അവൻ കണ്ടത്.
ഇടയിലൂടെ നോക്കാവുന്നത്ര വില്ലു പോലവ വളഞ്ഞുപോയിരുന്നു. വരുന്നതു വരട്ടെയെന്നു വച്ച് പാന്റിനു മുകളിലേക്കൊന്നു പാളി നോക്കിയപ്പോൾ ഒരു കിഴവന്‍റെ രൂപം അവന്‍റെ കണ്ണിൽ പെട്ടു. അയാളുടെ കൈയിൽ ഒരു കത്തിയും കൂടയുമുണ്ടായിരുന്നു. വിരൽത്തുമ്പുകളിൽ ചെളിമണ്ണു പറ്റിപ്പിടിച്ചിരുന്നു.
ഇവിടെക്കിടന്നാണോ നിന്‍റെ ഉറക്കം? അവന്‍റെ ചെട പിടിച്ച മുടിയിലേക്കു നോക്കിക്കൊണ്ട് അയാൾ ചോദിച്ചു. അയാളുടെ കാലുകൾക്കിടയിലൂടെ സൂര്യനെ നോക്കി കണ്ണു ചിമ്മിക്കൊണ്ട് യൂർഗൻ പറഞ്ഞു: അല്ല, ഞാൻ ഉറങ്ങുകയല്ല. ഞാൻ കാവലിരിക്കുകയാണ്. അയാൾ തല കുലുക്കി: ഓഹോ, അതിനാണല്ലേ, ആ വലിയ വടി?
അതെ, എന്നു ധൈര്യത്തോടെ പറഞ്ഞുകൊണ്ട് യൂർഗൻ വടിയിൽ പിടി മുറുക്കി.
നീ എന്തിനാണു കാവലിരിക്കുന്നത്?
അതു ഞാൻ പറയില്ല. അവൻ രണ്ടു കൈയും കൊണ്ട് വടി ചുറ്റിപ്പിടിച്ചു.
പണമായിരിക്കും, അല്ലേ? അയാൾ കൂട താഴെ വച്ചിട്ട് കത്തിയെടുത്ത് പാന്റിന്‍റെ പിന്നിൽ പലതവണ വച്ചുതേച്ചു.
അല്ല, പണമല്ല, യൂർഗൻ തികഞ്ഞ അവജ്ഞയോടെ പറഞ്ഞു. ഇതു വേറൊരു കാര്യമാണ്.
എന്നാൽ പിന്നെയെന്താ?
അതു പറയാൻ പറ്റില്ല. വേറെ...വേറെയൊരു കാര്യം.
ആയിക്കോട്ടെ; അപ്പോൾപ്പിന്നെ ഇതിലെന്താണെന്നു ഞാനും പറയാൻ പോകുന്നില്ല. അയാൾ കാലു കൊണ്ട് കൂടയിൽ ഒന്നു തട്ടിയിട്ട് കത്തി മടക്കി പോക്കറ്റിലിട്ടു.
ഓ, അതിലെന്താണെന്ന് അല്ലാതെ തന്നെ എനിക്കറിയാം; യൂർഗൻ നിസ്സാരമട്ടിൽ പറഞ്ഞു. മുയലിനുള്ള തീറ്റ.
നീ ആളൊരു മിടുക്കനാണല്ലോ! കിഴവൻ വിസ്മയത്തോടെ പറഞ്ഞു. നിനക്കെത്ര വയസ്സായി?
ഒമ്പത്.
ശരി, ഒമ്പതെന്നു വയ്ക്കുക. അപ്പോൾ നിനക്ക് ഒമ്പതു മൂന്നെത്രയാണെന്നും അറിയാമായിരിക്കുമല്ലോ?
പിന്നെന്താ, യൂർഗൻ പറഞ്ഞു; എന്നിട്ട് സമയം കിട്ടാൻ വേണ്ടി അവൻ കൂട്ടിച്ചേർത്തു: അതെളുപ്പമല്ലേ.
അയാളുടെ കാലുകൾക്കിടയിലൂടെ അവൻ അകലേക്കു നോക്കി. ഒമ്പതു മൂന്ന്, അല്ലേ? അവൻ വീണ്ടും ചോദിച്ചു. ഇരുപത്തേഴ്! അതെനിക്കപ്പോഴേ അറിയാമായിരുന്നു.
ശരി തന്നെ, അയാൾ പറഞ്ഞു. അതു തന്നെയാണ് എന്‍റെ മുയലുകളുടെ എണ്ണവും.
ഇരുപത്തേഴ്! യൂർഗൻ ഒന്നു ശ്വാസം വിടാൻ മറന്നു.
നിനക്കു വേണമെങ്കിൽ വന്നു നോക്കാം. ചിലതിപ്പോഴും കുഞ്ഞുങ്ങളാണ്. വരുന്നോ?
പക്ഷേ എനിക്കു പറ്റില്ല, എനിക്കിവിടെ കാവലിരിക്കാതെ പറ്റില്ല, യൂർഗൻ അത്ര ഉറപ്പില്ലാത്ത മട്ടിൽ പറഞ്ഞു.
എപ്പോഴും? അയാൾ ചോദിച്ചു. രാത്രിയിലും?
രാത്രിയിലും. എപ്പോഴുമെപ്പോഴും. ആ വളഞ്ഞ കാലുകളിലേക്കു നോക്കി യൂർഗൻ കണ്ണു ചിമ്മി. ശനിയാഴ്ച തുടങ്ങിയതാണിത്, അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
നീ അപ്പോൾ വീട്ടിൽ പോകാറേയില്ലേ? നിനക്കാഹാരം കഴിക്കേണ്ടേ?
യൂർഗൻ ഒരു കല്ലെടുത്തു മാറ്റി. അതിനടിയിൽ ഒരു റൊട്ടിയുടെ പാതി ഉണ്ടായിരുന്നു. ഒരു തകരക്കുപ്പിയും.
നീ വലിക്കാറുണ്ടോ? അയാൾ ചോദിച്ചു. നിന്‍റെ കൈയിൽ പൈപ്പുണ്ടോ?
യൂർഗൻ വടി മുറുകെപ്പിടിച്ചുകൊണ്ട് അറച്ചറച്ചു പറഞ്ഞു: ഇല്ല, ഞാൻ ബീഡി തിരച്ചു വലിക്കും. പൈപ്പെനിക്കിഷ്ടമല്ല.
കഷ്ടമായി, കൂടയെടുക്കാനായി കുനിഞ്ഞുകൊണ്ട് കിഴവൻ പറഞ്ഞു. നിനക്കു മുയലുകളെ ഇഷ്ടമായേനെ; പ്രത്യേകിച്ചും കുഞ്ഞുങ്ങളെ. നിനക്കു വേണമെങ്കിൽ ഒന്നിനെ എടുക്കുകയും ചെയ്യാമായിരുന്നു. പക്ഷേ നിനക്കിവിടെ നിന്നു മാറാൻ പറ്റില്ലെന്നല്ലേ നീ പറയുന്നത്...
ഇല്ല, യൂർഗൻ വിഷാദത്തോടെ പറഞ്ഞു; തീരെ പറ്റില്ല.
അയാൾ കൂടയെടുത്തിട്ട് നിവർന്നുനിന്നു. നിനക്കിവിടുന്നു മാറാൻ പറ്റാത്തതൊരു കഷ്ടമായി. എന്നിട്ടയാൾ പോകാനായി തിരിഞ്ഞു.
ആരോടും പറയില്ലെങ്കിൽ- യൂർഗൻ തിടുക്കത്തിൽ പറഞ്ഞു; ആ എലികൾ കാരണമാണത്.
വളഞ്ഞ കാലുകൾ ഒരു ചുവടു പിന്നാക്കം വച്ചു. എലികൾ കാരണം?
അവ ശവം തിന്നും. മനുഷ്യരുടെ. അങ്ങനെയാണവ ജീവിക്കുന്നത്.
എന്നാരു പറഞ്ഞു?
ഞങ്ങളുടെ ടീച്ചർ.
അപ്പോൾ നീ എലികൾക്കു കാവലിരിക്കുകയാണല്ലേ?
അല്ല, എലികൾക്കല്ല! അവൻ വളരെ പതുക്കെ പറഞ്ഞു: എന്‍റെ അനിയന്. അവനതാ, അവിടെയാണു കിടക്കുന്നത്. അവിടെ. യൂർഗൻ വടി കൊണ്ട് ഇടിഞ്ഞുവീണ മതിലുകളിലേക്കു ചൂണ്ടിക്കാണിച്ചു. ഞങ്ങളുടെ വീട്ടിൽ ഒരു ബോംബു വീണു. പെട്ടെന്ന് നിലവറയിലെ വെളിച്ചം പോയി. അവനെയും കാണാതെയായി. ഞങ്ങൾ എത്ര കിടന്നുവിളിച്ചു. അവൻ എന്നെക്കാൾ തീരെച്ചെറുതായിരുന്നു. വെറും നാലു വയസ്സ്. അവൻ അവിടെവിടെയോ കാണണം. അവൻ എന്നെക്കാൾ തീരെച്ചെറുതായിരുന്നു.
അയാൾ ആ ചെട പിടിച്ച മുടിയിലേക്കു കുനിഞ്ഞുനോക്കി. പിന്നെ പെട്ടെന്നയാൾ ചോദിച്ചു: അല്ല, നിന്‍റെ ടീച്ചർ പറഞ്ഞുതന്നിട്ടില്ലേ, എലികൾ രാത്രിയിൽ ഉറക്കമായിരിക്കുമെന്ന്?
ഇല്ല, പെട്ടെന്നു ക്ഷീണിതനായ പോലെ യൂർഗൻ പതുക്കെ പറഞ്ഞു. ടീച്ചർ അതു പറഞ്ഞുതന്നില്ല.
ആഹ, കിഴവൻ പറഞ്ഞു. നല്ല ടീച്ചർ തന്നെ- അതുപോലും അയാൾക്കറിയില്ലെങ്കിൽ. എലികൾ രാത്രിയിൽ ഉറക്കത്തിലായിരിക്കും. അതിനാൽ നിനക്കു പേടിക്കാതെ വീട്ടിൽ പോകാം. ഇരുട്ടാവുമ്പോഴേ അവ ഉറക്കം പിടിക്കും.
യൂർഗൻ വടി കൊണ്ട് ചരലിനിടയിൽ കുഴികളുണ്ടാക്കുകയായിരുന്നു. ഒന്നുമല്ല, കൊച്ചു കിടക്കകൾ, യൂർഗൻ മനസ്സിൽ പറഞ്ഞു; കുഞ്ഞുകിടക്കകൾ. കിഴവൻ അപ്പോൾ പറഞ്ഞു (പറയുമ്പോൾ അയാളുടെ കാലുകൾ അസ്വസ്ഥമായി ഇളകുകയായിരുന്നു): നോക്ക്, ഞാൻ പോയി മുയലുകൾക്കു തീറ്റ കൊടുക്കട്ടെ. ഇരുട്ടായാൽ ഞാൻ വന്ന് നിന്നെ വീട്ടിൽ കൊണ്ടുപൊയാക്കാം. വരുമ്പോൾ ഒരു മുയലിനെക്കൂടി ഞാൻ കൊണ്ടുവരാം- ഒരു കുഞ്ഞുമുയലിനെ. എന്തു പറയുന്നു?
യൂർഗൻ ചരലിൽ കുഴികളുണ്ടാക്കിക്കൊണ്ടിരുന്നു. ഒരുപാടു മുയൽക്കുഞ്ഞുങ്ങൾ, അവൻ മനസ്സിൽ പറഞ്ഞു. വെള്ളനിറത്തിൽ, ചാരനിറത്തിൽ, വെള്ളയും ചാരവും നിറത്തിൽ...ആ വളഞ്ഞ കാലുകളിലേക്കു നോക്കിക്കൊണ്ട് അവൻ പിറുപിറുത്തു: രാത്രിയിൽ അവ ശരിക്കും ഉറങ്ങാറുണ്ടോ?
കിഴവൻ തകർന്ന മതിൽ കവച്ചുകടന്ന് തെരുവിലേക്കിറങ്ങി. പിന്നില്ലാതെ. അവിടെ നിന്നുകൊണ്ട് അയാൾ വിളിച്ചുപറഞ്ഞു. അതുപോലും അറിയില്ലെങ്കിൽ നിന്‍റെ ടീച്ചറെ കെട്ടു കെട്ടിക്കുകയാണു വേണ്ടത്.
അതു കേട്ടപ്പോൾ യൂർഗൻ എഴുന്നേറ്റുകൊണ്ടു ചോദിച്ചു: എനിക്കൊന്നിനെ കിട്ടുമോ? വെളുത്തതൊന്നിനെ?
നോക്കട്ടെ, നടന്നുകൊണ്ട് അയാൾ പറഞ്ഞു. പക്ഷേ ഞാൻ വരുന്നതു വരെ നീ ഇവിടെ കാണണം. ഞാൻ നിന്‍റെ കൂടെ വീട്ടിലേക്കു വരാം. മുയൽക്കൂടു പണിയുന്നത് നിന്‍റെ അച്ഛനു ഞാൻ കാണിച്ചുകൊടുക്കാം. അതറിയാതെ പറ്റില്ലല്ലോ.
ശരി, ഞാൻ കാത്തിരിക്കാം. യൂർഗൻ വിളിച്ചുപറഞ്ഞു. രാത്രിയാവുന്നതു വരെ എന്തായാലും ഞാൻ ഇവിടെ ഇരിക്കണമല്ലോ. ഞാൻ തീർച്ചയായും കാത്തിരിക്കാം. അവൻ ഒച്ചയുയർത്തിപ്പറഞ്ഞു. വീട്ടിൽ പലകയുണ്ട്. വീഞ്ഞപ്പലക. അവൻ അയാൾക്കു പിന്നാലെ വിളിച്ചുപറഞ്ഞു.
അയാൾ പക്ഷേ, വിളിച്ചാൽ കേൾക്കാത്തത്ര അകലെ എത്തിക്കഴിഞ്ഞിരുന്നു. വളഞ്ഞ കാലുകളും വച്ചുകൊണ്ട് അസ്തമയം തുടുപ്പിച്ച സൂര്യനു നേർക്കു നടക്കുകയാണയാൾ. അയാളുടെ കാലുകൾക്കിടയിലൂടെ യൂർഗന് സൂര്യനെ കാണാമായിരുന്നു; അത്രയ്ക്കവ വളഞ്ഞിരുന്നു. അയാളുടെ കൂട മുന്നിലേക്കും പിന്നിലേക്കും ചടുലമായി ആടിക്കൊണ്ടിരുന്നു. അതിനുള്ളിൽ മുയലിനുള്ള തീറ്റപ്പുല്ലായിരുന്നു.
മുയലുകൾക്കുള്ള പച്ചപ്പുല്ല്; പൊടി പറ്റിയതിനാൽ അല്പം ചാരനിറം കലർന്നതും.
വൊൾഫ്ഗാംഗ് ബോർഷെർട്ട് -Wolfgang Borchert(1921-1947)- ജർമ്മൻ നാടകകൃത്തും കഥാകൃത്തും. രണ്ടാം ലോകമഹായുദ്ധത്തിന്റെ അനുഭവങ്ങളാണ് മുഖ്യപ്രമേയം
The Rats Do Sleep at Night
ചിത്രം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 1969 മാര്‍ച്ച് 2 ലക്കത്തില്‍ ഇതേ കഥയ്ക്ക് ഡോ. സെലിന്‍ മാത്യു ചെയ്ത വിവര്‍ത്തനത്തിന് ഏ.എസ് വരച്ചത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ