2016, ഫെബ്രുവരി 15, തിങ്കളാഴ്‌ച

മോപ്പസാങ്ങ് - ഞാൻ ഭ്രാന്തനാണോ?

download


ഞാൻ ഭ്രാന്തനാണോ, അതോ അസൂയാലുവോ? ഇതിലേതാണെന്നെനിക്കറിയില്ല, പക്ഷേ കൊടിയ വേദനയാണ്‌ ഞാൻ അനുഭവിക്കുന്നത്. ഞാനൊരു കുറ്റം ചെയ്തു എന്നതു ശരി തന്നെ; പക്ഷേ ഭ്രാന്തമായ അസൂയ, പ്രണയവഞ്ചന, ഞാൻ സഹിക്കുന്ന കൊടുംവേദന- ഇത്രയും പോരേ ജന്മനാ കുറ്റവാളിയല്ലാത്ത ഒരാളെക്കൊണ്ടു കുറ്റം ചെയ്യിക്കാൻ?

ഭ്രാന്തോളമെത്തിയ പ്രേമമായിരുന്നു ആ സ്ത്രീയോടെനിക്ക്- എന്നു പറഞ്ഞാൽ അതു സത്യമാണോ? എനിക്കവളോടു പ്രേമമുണ്ടായിരുന്നോ? ഇല്ല, ഇല്ല! എന്റെ ശരീരവും ആത്മാവും അവൾ കൈക്കലാക്കുകയായിരുന്നു, എന്നെ അവൾ കീഴടക്കുകയായിരുന്നു, എന്നെ ബന്ധിതനാക്കുകയായിരുന്നു; അവളുടെ കളിപ്പാവ ആയിരുന്നു ഞാൻ; തന്റെ പുഞ്ചിരി കൊണ്ട്, തന്റെ നോട്ടം കൊണ്ട്, ആ ഉടലിന്റെ ദിവ്യരൂപം കൊണ്ട് അവൾ എനിക്കു മേൽ കോയ്മ നേടി. ഞാൻ പ്രേമിച്ചത് അതിനെയൊക്കെ ആയിരുന്നു; പക്ഷേ ആ ഉടലിനുള്ളിലുള്ള സ്ത്രീ- അവളെ ഞാൻ വെറുത്തു, അങ്ങേയറ്റം വെറുത്തു. ഞാനെന്നും അവളെ വെറുത്തിട്ടേയുള്ളു; ആത്മാവില്ലാത്ത, മലിനമായ, കാപട്യം നിറഞ്ഞൊരു ജന്തുവാണവൾ. എന്നു പോലും പറയാൻ പറ്റില്ല; ദുഷ്കീർത്തിക്കു പാർപ്പിടമായ വെറുമൊരു മാംസളപിണ്ഡം!

ഞങ്ങളുടെ ബന്ധത്തിന്റെ ആദ്യത്തെ ചില മാസങ്ങൾ എത്ര വിചിത്രമായ വിധത്തിൽ ആസ്വാദ്യകരമായിരുന്നു! അവളുടെ കണ്ണുകൾക്ക് മൂന്നു വ്യത്യസ്തമായ നിറങ്ങളായിരുന്നു. അല്ല, ഞാൻ ഭ്രാന്തു പറയുകയൊന്നുമല്ല. ഞാൻ വേണമെങ്കിൽ സത്യം ചെയ്യാം. ഉച്ചയ്ക്കവ ധൂസരവർണ്ണമായിരുന്നു, സന്ധ്യക്ക് നിഴലു വീണ പച്ച, പുലർച്ചെ നീലയും. ഞങ്ങളുടെ പ്രണയനിമിഷങ്ങളിൽ അവ നീലനിറം പകർന്നു വികസിക്കും. അവളുടെ ചുണ്ടുകൾ വിറ കൊള്ളും; ആ ചുവന്ന നാവിൻ തുമ്പു കണ്ടാൽ ദംശിക്കാനായുന്ന സർപ്പത്തെപ്പോലെയും. ആ കനത്ത കണ്ണിമകളുയരുമ്പോൾ ആസക്തി എരിയുന്ന നോട്ടം കണ്ടു ഞാൻ കിടുങ്ങിവിറച്ചുപോയിട്ടുണ്ട്. ഒടുങ്ങാത്തൊരു തൃഷ്ണ എന്നെ വന്നാവേശിക്കും: അവളെ സ്വന്തമാക്കാൻ മാത്രമല്ല, ആ ജന്തുവിന്റെ ജീവനെടുക്കാനും.

അവൾ മുറിക്കുള്ളിൽ നടക്കുമ്പോൾ ഓരോ ചുവടും എന്റെ ഹൃദയത്തിനുള്ളിൽ പ്രതിധ്വനിക്കും. അവൾ വസ്ത്രങ്ങളുരിഞ്ഞു കളഞ്ഞ്, ആ വെളുത്ത തുണിക്കെട്ടിനുള്ളിൽ നിന്ന് ദീപ്തയെങ്കിലും ദുഷ്ടയായൊരു ദേവതയെപ്പോലെ വന്നവതരിക്കുമ്പോൾ ഒരു ദൌർബല്യം എന്നെ വന്നു ബാധിക്കും; എന്റെ കൈകാലുകൾ കുഴയും, എന്റെ നെഞ്ചുയർന്നു താഴും. ഞാൻ, ഈ ഭീരുവായ ഞാൻ, മോഹാലസ്യപ്പെടും!

ഓരോ പ്രഭാതത്തിലും അവൾ ഉറക്കമുണരുമ്പോൾ ആ പ്രഥമദർശനത്തിനായി ഞാൻ കാത്തുനില്ക്കും. എന്നെ അടിമയാക്കിയ ആ ജന്തുവിനോടുള്ള കോപവും പകയും വെറുപ്പും കൊണ്ട് എന്റെ ഹൃദയം നിറയും; പക്ഷേ ആ തെളിഞ്ഞ നീലക്കണ്ണുകൾ എന്റെ മേൽ തറയ്ക്കുന്ന നിമിഷം, തളർച്ചയുടെ പാടുകൾ മായാത്ത അലസമായ ആ നോട്ടം എന്റെ മേൽ പതിയുന്ന നിമിഷം അണയാത്തൊരഗ്നി എന്റെ മേല്‍ ആളിപ്പടരും, വികാരാവേശത്തിൽ എന്നെയെരിക്കും.

അന്നവൾ കണ്ണു തുറക്കുമ്പോൾ ഞാൻ കണ്ടത് നിറം കെട്ടതും ഉദാസീനവുമായ ഒരു നോട്ടമായിരുന്നു, ആസക്തികളൊഴിഞ്ഞ ഒരു നോട്ടം; അന്നെനിക്കു മനസ്സിലായി, അവൾക്കെന്നെ മടുപ്പായെന്നും. ഞാൻ കണ്ടു, ഞാനറിഞ്ഞു, ഞാനനുഭവിച്ചു, എല്ലം കഴിഞ്ഞുവെന്ന്; ഓരോ മണിക്കൂറും ഓരോ മിനിട്ടും തെളിവുകൾ നിരത്തുകയായിരുന്നു, എന്റെ ഊഹം ശരി തന്നെയെന്നും. കൈയും ചുണ്ടും കൊണ്ടു ഞാനവളെ മാടി വിളിച്ചപ്പോൾ അവൾ ഒഴിഞ്ഞുമാറി.

“എന്നെ ശല്യപ്പെടുത്താതെ,” അവൾ പറഞ്ഞു. “നിങ്ങളെ അറയ്ക്കുന്നു!”

അതില്പിന്നെ ഞാൻ സംശയാലുവായി, ഭ്രാന്തനായ അസൂയാലുവായി; പക്ഷേ ഞാൻ ഭ്രാന്തനല്ല, ഒട്ടുമേയല്ല! ഞാൻ അവളെ പാത്തും പതുങ്ങിയും നിരീക്ഷിക്കാൻ തുടങ്ങി. അവളെന്നെ വഞ്ചിച്ചുവെന്നു ഞാൻ പറയുന്നില്ല; പക്ഷേ അവളുടെ തണുപ്പൻ മട്ടു കണ്ടാലറിയാം, വൈകാതെ മറ്റൊരാൾ എന്റെ സ്ഥാനമേറ്റെടുക്കുമെന്ന്.

ചിലപ്പോൾ അവളിങ്ങനെ പറയും:

“എനിക്കാണുങ്ങളെ വെറുപ്പാണ്‌!” കഷ്ടം! അതും ശരിയായിരുന്നു.

പിന്നെ എനിക്കവളുടെ ഉദാസീനതയോട്, മലിനമെന്നെനിക്കറിയാവുന്ന അവളുടെ ചിന്തകളോടസൂയയായി; ചില നേരം ആ തളർന്ന നോട്ടത്തോടെ അവൾ ഉറക്കമുണരുമ്പോൾ കോപം കൊണ്ടെനിക്കു ശ്വാസം മുട്ടും, അവളുടെ കഴുത്തു പിടിച്ചു ഞെരിക്കാൻ, അവളുടെ ഹൃദയത്തിനുള്ളിലെ നാണം കെട്ട രഹസ്യങ്ങൾ അവളെക്കൊണ്ടു തുറന്നു പറയിക്കാൻ അടക്കവയ്യാത്ത ഒരാഗ്രഹം എന്നെപ്പിടിച്ചുലയ്ക്കും.

ഞാൻ ഭ്രാന്തനാണോ? അല്ല.

ഒരു രാത്രി ഞാൻ കണ്ടു, അവൾ സന്തോഷവതിയാണെന്ന്. പുതിയൊരാസക്തിയാണവളെ ഭരിക്കുന്നതെന്ന് എനിക്കു തോന്നി, അല്ല എനിക്കു ബോദ്ധ്യമായി. പണ്ടെന്നപോലെ അവളുടെ കണ്ണുകൾ തിളങ്ങുകയായിരുന്നു; അവൾ ഉഷ്ണിക്കുകയായിരുന്നു; പ്രണയത്തിന്റെ ചിറകുകളേറിപ്പറക്കുകയായിരുന്നു അവൾ.

ഞാൻ അജ്ഞത നടിച്ചു നടന്നു; പക്ഷേ യാതൊന്നും എന്റെ കണ്ണിൽ പെടാതെ പോയതുമില്ല. എന്നിട്ടും എനിക്കൊന്നും കണ്ടുപിടിക്കാനായില്ല. ഒരാഴ്ച, ഒരു മാസം, ഒരു കൊല്ലത്തോളം ഞാൻ കാത്തു. അഭൌമമായൊരു കരലാളനത്താലെന്നപോലെ അവൾ

സന്തോഷവതിയായിരുന്നു.

ഒടുവിൽ ഞാനതൂഹിച്ചെടുത്തു. അല്ല, ഞാൻ ഭ്രാന്തനല്ല; എനിക്കു ഭ്രാന്തില്ലെന്ന് ആണയിട്ടു ഞാൻ പറയാം. ഭാവനാതീതവും ഭയാനകവുമായ ഇതൊന്നിനെ എങ്ങനെയാണു ഞാനൊന്നു വിശദീകരിക്കുക? എങ്ങനെയാണു ഞാനിതൊന്നു മനസ്സിലാക്കിത്തരിക? ഞാൻ അതൂഹിച്ചെടുത്തത് ഈ വിധമായിരുന്നു:

ഒരു രാത്രി അവൾ ദീർഘമായ ഒരു കുതിരസവാരി കഴിഞ്ഞു വന്ന് എനിക്കെതിരെയുള്ള ഒരു സോഫയിൽ കുഴഞ്ഞു വന്നുവീണു. അവളുടെ കവിളുകളിൽ സ്വാഭാവികമല്ലാത്ത ഒരു തുടുത്ത നിറം കണ്ടു; അവളുടെ കണ്ണുകൾക്ക്- എനിക്കത്ര മേൽ പരിചിതമായ ആ കണ്ണുകൾക്ക്- മറ്റൊരു നോട്ടവുമായിരുന്നു. എനിക്കു തെറ്റു പറ്റിയില്ല; ആ നോട്ടം അവളിൽ മുമ്പു ഞാൻ കണ്ടിരിക്കുന്നു; അവൾ പ്രേമിക്കുന്നു! പക്ഷേ ആരെ? എന്തിനെ? എനിക്കു വെളിവു കെട്ടപോലെയായി; അവളെ നോക്കാതിരിക്കാനായി ഞാൻ ജനാലയിലൂടെ പുറത്തേക്കു നോക്കി. ഒരു വേലക്കാരൻ അവളുടെ കുതിരയെ ലായത്തിലേക്കു നടത്തികൊണ്ടു പോവുകയാണ്‌; അതു കാഴ്ചയിൽ നിന്നു മറയുന്നതു വരെ അവൾ നോക്കി നില്ക്കുകയാണ്‌. പിന്നെ പെട്ടെന്നവൾ കിടന്നുറക്കവുമായി. രാത്രി മുഴുവൻ ഞാൻ ചിന്തയോടു ചിന്തയായിരുന്നു. അചിന്ത്യമായ വിധത്തിൽ ആഴമേറിയ നിഗൂഢതകളിലൂടെ എന്റെ മനസ്സലഞ്ഞു. ആർക്കാവും, വികാരവതിയായ ഒരു സ്ത്രീയുടെ വിചിത്രചാപല്യങ്ങളുടെയും വിലക്ഷണസ്വഭാവങ്ങളുടെയും ആഴമളക്കാൻ?

എന്നും രാവിലെ അവൾ ആ കുതിരപ്പുറത്ത് കുന്നുകളിലും താഴ്വരയിലും പാഞ്ഞുനടക്കും. ക്ഷീണിച്ചു തളർന്നാണവൾ മടങ്ങുക. ഒടുവിൽ എനിക്കതു മനസ്സിലായി. എന്റെ അസൂയ ആ കുതിരയോടായിരുന്നു- അവളുടെ മുഖം തഴുകുന്ന കാറ്റിനോടായിരുന്നു, കുനിഞ്ഞുതാഴുന്ന ഇലകളോടായിരുന്നു, മഞ്ഞുതുള്ളികളോടായിരുന്നു, അവളെ വഹിക്കുന്ന ജീനിയോടായിരുന്നു! പ്രതികാരം ചെയ്യാൻ ഞാനുറച്ചു. ഞാൻ അതീവ ശ്രദ്ധാലുവായി. അവൾ സവാരി കഴിഞ്ഞു വരുമ്പോൾ ഇറങ്ങാൻ സഹായത്തിനായി ഞാൻ ചെല്ലും; ഈ സമയത്ത് ആ കുതിര എന്നെ ഇടിച്ചിടാനെന്നപോലെ എന്റെ നേർക്കായും. അവൾ അവന്റെ കഴുത്തിൽ തലോടുകയും ചുണ്ടൊന്നു തുടയ്ക്കുക പോലും ചെയ്യാതെ അവന്റെ വിറയ്ക്കുന്ന മൂക്കിൽ ചുംബിക്കുകയും ചെയ്യും. ഞാൻ അവസരം നോക്കി നടന്നു.

ഒരു ദിവസം രാവിലെ സൂര്യനുദിക്കും മുമ്പേ ഞാൻ എഴുന്നേറ്റ് അവൾക്കു വളരെ ഇഷ്ടമായിരുന്ന കാട്ടുവഴിയിൽ ചെന്നു നിന്നു. ഞാൻ ഒരു കയറെടുത്തിരുന്നു; ദ്വന്ദ്വയുദ്ധത്തിനു പോകുന്ന പോലെ പിസ്റ്റളുകൾ ഞാൻ മാറത്തൊളിപ്പിച്ചിരുന്നു. രണ്ടു മരങ്ങളിലായി വഴിക്കു കുറുകെ കയറെടുത്തു കെട്ടിയിട്ട് പുല്ലിനിടയിൽ ഞാൻ ഒളിച്ചിരുന്നു. ഒടുവിൽ അവളുടെ കുതിരയുടെ കുളമ്പടി കേട്ടുതുടങ്ങി; പിന്നെ അവൾ പാഞ്ഞുവരുന്നതു ഞാൻ കണ്ടു, ചുവന്നുതുടുത്ത കവിളുകളോടെ, കണ്ണുകളിൽ ഭ്രാന്തമായൊരു നോട്ടത്തോടെ. വശീകൃതയാണവളെന്നു തോന്നി, മറ്റൊരു ഗോളത്തിലെത്തിപ്പെട്ടപോലെയും.

കയറിനടുത്തെത്തിയപ്പോൾ മുൻകാലു തടഞ്ഞ് ആ മൃഗം താഴെ വീണു. അവൾ നിലത്തു വീഴും മുമ്പ് കൈ കൊണ്ടു താങ്ങി ഞാൻ അവളെ നേരെ നിർത്തി. എന്നിട്ടു ഞാൻ കുതിരയുടെ സമീപത്തേക്കു ചെന്ന് പിസ്റ്റൾ അവന്റെ കാതിനോടു ചേർത്തുവച്ച് നിറയൊഴിച്ചു- ഒരു മനുഷ്യനെ ചെയ്യുന്ന പോലെ.

അവൾ എനിക്കു നേരെ തിരിഞ്ഞ് ചാട്ടയെടുത്ത് എന്റെ മുഖത്ത് രണ്ടു തവണ ആഞ്ഞടിച്ചു; നിലത്തു വീണ എനിക്കു നേരെ അവൾ വീണ്ടും പാഞ്ഞടുത്തപ്പോൾ ഞാൻ അവൾക്കു നേരെ നിറയൊഴിച്ചു!

ഇനി പറയൂ, ഞാൻ ഭ്രാന്തനാണോ?


Audio Versionmauppasant

അഭിപ്രായങ്ങളൊന്നുമില്ല: