2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

പ്രണയലേഖനങ്ങൾ (5) - മൈക്കൽ ഫാരഡേ



സാറാ ബർണാഡിന്‌

1820 ഡിസംബർ വ്യാഴാഴ്ച രാത്രി

എന്റെ പ്രിയപ്പെട്ട സാറ,

ഒരാളുടെ ശാരീരികാവസ്ഥ അയാളുടെ മാനസികാവസ്ഥയെ എത്രത്തോളമാണു ബാധിക്കുന്നതെന്നോർക്കുമ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോകുന്നു. ഇന്നു കാലത്തു മുഴുവൻ എന്റെ ചിന്ത വൈകിട്ടു നിനക്കു ഞാൻ അയക്കാൻ പോകുന്ന സന്തോഷപ്രദവും രസകരവുമായ കത്തിനെക്കുറിച്ചായിരുന്നു; ഇപ്പോൾ പക്ഷേ, ഞാൻ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു, എന്റെ ചിന്തകൾ പമ്പരം കറങ്ങുന്നു, അവ നിന്റെ മാനസികചിത്രത്തിനു ചുറ്റും വട്ടം കറങ്ങുന്നു; ആ ഓട്ടം നിർത്തി ഒരു നിമിഷം അതൊന്നാസ്വദിക്കാൻ പോലും അവയ്ക്കു കഴിയുന്നില്ല. സ്നേഹനിർഭരമായ, എന്നെ വിശ്വസിക്കൂ, ആത്മാർത്ഥമായ ഒരായിരം സംഗതികൾ നിന്നോടു പറയണമെന്നെനിക്കുണ്ട്; പക്ഷേ അതിനുചിതമായ വാക്കുകൾ കണ്ടെടുക്കുന്നതിൽ ഞാനൊരു മിടുക്കനല്ല; എന്നിട്ടും നിന്നെക്കുറിച്ചോർക്കുമ്പോൾ ക്ളോറൈഡുകളും പരീക്ഷണങ്ങളും എണ്ണയും ഉരുക്കും ഡേവിയും അതുമിതും മെർക്കുറിയും വേറെ ഒരു നൂറു തൊഴിൽ സംബന്ധിയായ ചിന്തകളും എന്നെ നിന്നിൽ നിന്നകലേക്കലേക്കടിച്ചോടിച്ച് മൂഢതയിലേക്കും ആശയക്കുഴപ്പത്തിലേക്കും കൊണ്ടുപോവുകയാണ്‌.

സ്നേഹം നിറഞ്ഞ
മൈക്കൽ


മൈക്കൽ ഫാരഡേ Michael Faraday(1791-1867)- ഇലക്ട്രോമാഗ്നറ്റിസം, ഇലക്ട്രോകെമിസ്ട്രി എന്നിവയിൽ കാര്യമായ സംഭാവനകൾ നല്കിയ ഇംഗ്ളീഷ് ശാസ്ത്രജ്ഞൻ. സർ ഹംഫ്രി ഡേവിയാണ്‌ ആദ്ദേഹത്തെ ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. ഫാരഡേ 1821ൽ സാറ ബർണാഡിനെ വിവാഹം കഴിച്ചു.

പ്രണയലേഖനങ്ങൾ (4)- ഷാർലൊട്ട് ബ്രോണ്ടി



1845 ജനുവരി 8
മൊസ്യൂ, പാവങ്ങൾക്കു ജീവൻ നിലനിർത്താൻ അധികമൊന്നും വേണ്ട- പണക്കാരന്റെ തീന്മേശയിൽ നിന്നു വീഴുന്ന ഉച്ഛിഷ്ടങ്ങളേ അവർ ചോദിക്കുന്നുള്ളു. അതും നിഷേധിക്കുകയാണെങ്കിൽ പക്ഷേ, അവർ വിശന്നു മരിച്ചുപോകും. എനിക്കും ഞാൻ സ്നേഹിക്കുന്നവരിൽ നിന്ന് അധികം സ്നേഹമൊന്നും വേണ്ട. സമ്പൂർണ്ണമായ ഒരു സ്നേഹം മുഴുവനായി എനിക്കു തന്നാൽ അതുകൊണ്ടെന്തു ചെയ്യണമെന്ന് എനിക്കറിവുണ്ടാവില്ല- എനിക്കതു പരിചയമില്ല. അന്ന് ബ്രസ്സൽസിൽ ഞാൻ അങ്ങയുടെ ഒരു ശിഷ്യയായിരുന്നപ്പോൾ അങ്ങെന്നോട് ചെറിയൊരു താല്പര്യം കാണിച്ചിരുന്നു; ആ ചെറിയ താല്പര്യം തുടർന്നുപോകുമെന്ന ആശയിലാണ്‌ ഞാൻ പിടിച്ചുതൂങ്ങുന്നത്- ജീവിതത്തിന്മേലെന്നപോലെ ഞാനതിൽ പിടിച്ചുതൂങ്ങുന്നു.


(ഇംഗ്ളീഷ് എഴുത്തുകാരിയായ ഷാർലൊട്ട് ബ്രോണ്ടി Charlotte Bronte (1816-1855) പ്രൊഫസർ കോൺസ്റ്റന്റിൻ ഹെഗറിനെഴുതിയത്. അദ്ദേഹം ആ സ്നേഹം തിരിച്ചുകൊടുത്തുവെന്നതിന്‌ തെളിവില്ല.)

പ്രണയലേഖനങ്ങൾ (3)-ഷിഗേനാരി പ്രഭ്വി

7420129822_8738e098c6_o_thumb[2]



രണ്ടു വഴിയാത്രക്കാർ ‘ഒരേ മരത്തിനടിയിൽ അഭയം തേടുമ്പോൾ, ഒരേ പുഴയിൽ നിന്നു ദാഹം തീർക്കുമ്പോൾ’ ഏതോ പൂർവ്വജന്മത്തിന്റെ കർമ്മഫലമാണതെന്ന് എനിക്കറിയാം. ഒരുമിച്ചു ജീവിക്കാനും ഒരുമിച്ചു വയസ്സാകാനും നിശ്ചയിക്കപ്പെട്ട ഭാര്യയും ഭർത്താവുമായി ഒരേ തലയിണ നാം പങ്കു വയ്ക്കാൻ തുടങ്ങിയിട്ടു കുറേ വർഷങ്ങളായിരിക്കുന്നു; സ്വന്തം നിഴലെന്ന പോലെ ഞാൻ അങ്ങയിൽ പറ്റിച്ചേർന്നിരുന്നു. എന്റെ വിശ്വാസം ഇതായിരുന്നു; നമ്മെക്കുറിച്ച് അങ്ങയുടെ വിചാരവും ഇതു തന്നെയാണെന്നു കരുതട്ടെ.

അങ്ങു നിശ്ചയിച്ചിറങ്ങിയ അവസാനത്തെ ദൗത്യത്തെക്കുറിച്ചു ഞാനിന്നു കേട്ടു; ആ ഉജ്ജ്വലമുഹൂർത്തത്തിൽ പങ്കാളിയാവാൻ എനിക്കു കഴിയില്ലെങ്കിലും അതിനെക്കുറിച്ചറിഞ്ഞു എന്നതുകൊണ്ടു തന്നെ ഞാൻ ആനന്ദിക്കട്ടെ. ചൈനയിലെ സേനാനായകനായ ഹ്സിയാങ്ങ് യൂ (ധീരനായ പോരാളിയാണദ്ദേഹമെങ്കിലും) തന്റെ അവസാനത്തെ യുദ്ധത്തിന്റെ തലേന്ന് ഭാര്യയെ പിരിയുന്നതിൽ വല്ലാതെ ദുഃഖിച്ചുവത്രെ; നമ്മുടെ നാട്ടിൽ യൊഷിനാക്കയും ഭാര്യയെ വിട്ടുപോകുമ്പോൾ വിലപിച്ചിരുന്നു. ഈ ലോകത്ത് ഒരുമിച്ചൊരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ ഞാനിപ്പോൾ കൈവിട്ടു കഴിഞ്ഞു. (അവരുടെ മാതൃക മനസ്സിൽ വച്ചുകൊണ്ട്) അങ്ങയ്ക്കു പ്രാണനുള്ളപ്പോൾ അവസാനത്തെ ചുവടു വയ്ക്കാൻ ഞാൻ നിശ്ചയിച്ചുറപ്പിച്ചും കഴിഞ്ഞു. മരണത്തിലേക്കുള്ള പാതയുടെ ഒടുവിൽ അങ്ങയെ പ്രതീക്ഷിച്ചു ഞാൻ നില്പുണ്ടാവും.

നമ്മുടെ പ്രഭുവായ ഹിദേയോരി ഇത്രയും വർഷങ്ങളായി നമുക്കു മേൽ ചൊരിഞ്ഞ ദാക്ഷിണ്യത്തെ ഒരിക്കലും, ഒരിക്കലും അങ്ങു മറക്കരുതേ; കടലിനെക്കാൾ ആഴമുള്ളതും മലകളെക്കാൾ ഉയരമുള്ളതുമാണത്...

പതിനാറാം നൂറ്റാണ്ടിൽ ജപ്പാനിൽ ജീവിച്ചിരുന്ന കിമുര ഷിഗേനാരി എന്ന സമുരായിക്ക് അദ്ദേഹത്തിന്റെ ഭാര്യ അയച്ച കത്ത്. മരണം നിശ്ചയമാണെന്നറിഞ്ഞുകൊണ്ടു തന്നെ അവസാനത്തെ യുദ്ധത്തിനു പോയ ഭർത്താവിനെ ഹരകിരി എന്ന ആത്മഹത്യയിലൂടെ അവരും അനുഗമിക്കുന്നു.

2016, സെപ്റ്റംബർ 28, ബുധനാഴ്‌ച

ബുദ്ധദേവ് ബോസ് - മരിച്ചുപോയവളോട്



"ഞാന്‍ ഒരിക്കലും നിന്നെ മറക്കില്ല."
അത്ര ധൃഷ്ടമായ പ്രതിജ്ഞകള്‍ക്കു
ജീവിതമൊരിക്കലും നമുക്കു മാപ്പു തരില്ല.
അതിനാല്‍, വ്യര്‍ത്ഥവാഗ്ദാനങ്ങള്‍ നാം വേണ്ടെന്നു വയ്ക്കുക.
ഇനിയും ഭാവന ചെയ്യാത്ത വഴികളിലൂടെ 
നിന്റെ മോക്ഷം പടര്‍ന്നുപോകട്ടെ.
നിന്റെ മുഖത്തെ വശ്യത ഇലപ്പച്ചയിലലിയട്ടെ,
കാറ്റില്‍, കരയില്‍, ഋതുക്കളുടെ നര്ത്തനത്തില്‍,
കടലില്‍, ആകാശനീലിമയിലലിയട്ടെ.
ഈ രാത്രിയില്‍, ഈ ഏകാന്തഹൃദയത്തില്‍,
ഈ വാക്കുകളുടെ തിരി മാത്രം ഞാന്‍ 
കെടാതെ കാത്തു സൂക്ഷിക്കട്ടെ:
"നീ ഇവിടെ ഉണ്ടായിരുന്നു,
ഒരിക്കല്‍ നീ ഇവിടെ ഉണ്ടായിരുന്നു."
----------------------------------------------

ബുദ്ധദേവ ബോസ് (1908-1974)- ടാഗോറിനു ശേഷമുള്ള തലമുറയിലെ പ്രമുഖനായ ബംഗാളി കവി.

To a Dead Woman
Buddhadeva Bose
''I will not forget'---vows so arrogant
life does not forgive. So, let leave vain promises.
A fleeting spark you were, may your liberation spread along
unimagined pathways, the enchantment of your lovely face fade,
fade into the grass, the leaves, the dance of the seasons,
                                                    the oceans, the blue of the sky.
In this night, in the solitude of my heart I keep aflame
only these words---You were here, once you were here. 

2016, സെപ്റ്റംബർ 27, ചൊവ്വാഴ്ച

പ്രണയലേഖനങ്ങൾ (2)- നാദിയ മാൻഡെൽസ്റ്റാം



ഓസിപ് മാൻഡെൽസ്റ്റാമിന്‌

1938 ഒക്ടോബർ 22

ഓസിയാ, എന്റെ പ്രിയനേ, അകലെയായ വശ്യഹൃദയമേ!

നിനക്കൊരിക്കലും വായിക്കാൻ പറ്റിയില്ലെന്നു വരാവുന്ന ഈ കത്തെഴുതാൻ എനിക്കു വാക്കുകളില്ല, പ്രിയപ്പെട്ടവനേ. ശൂന്യതയിലാണു ഞാൻ ഇതെഴുതുന്നതെന്നു തോന്നിപ്പോകുന്നു. ഇനിയഥവാ, നീ മടങ്ങിവന്നുവെന്നും എന്നെ ഇവിടെ കണ്ടില്ലെന്നും വരാം. എങ്കിൽ എന്നെ ഓർമ്മിക്കാൻ നിനക്കിതു മാത്രമേ ബാക്കിയാവൂ എന്നും വരാം.
ഓസിയാ, കുട്ടികളെപ്പോലെ ഒരുമിച്ചു ജീവിക്കുമ്പോൾ നമുക്കെന്തു സന്തോഷമായിരുന്നു- നമ്മുടെ ശണ്ഠകളും വാക്കുതർക്കങ്ങളും, നാം കളിച്ച കളികൾ, പിന്നെ നമ്മുടെ പ്രേമവും. ഇപ്പോൾ ഞാൻ ആകാശത്തു നോക്കുക പോലും ചെയ്യാറില്ല. ഒരു മേഘം കണ്ടാൽ ഞാനതാരെ വിളിച്ചു കാണിച്ചുകൊടുക്കാൻ?

നാടോടികളെപ്പോലെ തമ്പടിച്ചു കൂടിയിരുന്നിടങ്ങളിലൊക്കെ നമ്മുടെ ദരിദ്രമായ വിരുന്നുകളൊരുക്കാൻ നാം ഉത്സാഹിച്ചിരുന്നതോർക്കുന്നുണ്ടോ? ദിവ്യാത്ഭുതം പോലെ വീണുകിട്ടിയ റൊട്ടിയുടെ സ്വാദും അതു നാം ഒരുമിച്ചിരുന്നു കഴിച്ചതും ഓർമ്മയുണ്ടോ? പിന്നെ വൊറോണേഷിലെ നമ്മുടെ അവസാനത്തെ മഞ്ഞുകാലവും. നമ്മുടെ സന്തുഷ്ടമായ ദാരിദ്ര്യം, നീ എഴുതിയിരുന്ന കവിതയും. ഒരിക്കൽ നാം കുളിക്കാൻ പോയിട്ടു തിരിയെ വരുന്നതു ഞാനോർക്കുന്നു; മുട്ടയോ സോസേജോ വാങ്ങി നാം കൈയിൽ പിടിച്ചിരുന്നു; വൈക്കോൽ കയറ്റിയ ഒരു വണ്ടി നമ്മെക്കടന്നുപോയി. നല്ല തണുപ്പുണ്ടായിരുന്നു; ഇറക്കം കുറഞ്ഞ ജാക്കറ്റുമിട്ട് ഞാൻ കിടുങ്ങിവിറയ്ക്കുകയായിരുന്നു(പക്ഷേ ഇപ്പോൾ നാം അനുഭവിക്കുന്നതുപോലെയൊന്നുമല്ല: നീ തണുത്തുവിറയ്ക്കുകയായിരിക്കും എന്നെനിക്കറിയാം). ആ ദിവസം ഇപ്പോൾ എന്നിലേക്കു തിരിച്ചു വരുന്നു. അത്രയൊക്കെ വൈഷമ്യങ്ങളുണ്ടായിരുന്ന ആ മഞ്ഞുകാലദിനങ്ങളാണ്‌ ജീവിതത്തിൽ നമുക്കനുവദിച്ചു കിട്ടിയ ഏറ്റവും മഹത്തായതും ഏറ്റവും അവസാനത്തേതുമായ സന്തോഷമെന്ന് എനിക്കിപ്പോൾ വ്യക്തമായി മനസ്സിലാകുന്നു, അതിന്റെ വേദന എന്നെ നീറ്റുകയും ചെയ്യുന്നു.

എന്റെ ഓരോ ചിന്തയും നിന്നെക്കുറിച്ചു തന്നെയാണ്‌. എന്റെ ഓരോ കണ്ണീര്‍ത്തുള്ളിയും ഓരോ പുഞ്ചിരിയും നിനക്കുള്ളതാണ്‌. നാമൊരുമിച്ചു ജീവിച്ച കയ്ക്കുന്ന ജീവിതത്തിന്റെ ഓരോ ദിവസവും ഓരോ മണിക്കൂറും ധന്യത നിറഞ്ഞതാണെനിക്ക്, എന്റെ ഓമനേ, എന്റെ ചങ്ങാതീ, എന്റെ ജീവിതത്തിലെ അന്ധനായ വഴികാട്ടീ!

കണ്ണു വിരിയാത്ത രണ്ടു നായ്ക്കുട്ടികളെപ്പോലെയായിരുന്നു നാം; അന്യോന്യം മൂക്കുരുമ്മി, സുഖം പറ്റി നാം കഴിഞ്ഞു. നിന്റെ പാവം തലയ്ക്കുള്ളിൽ അന്നെന്തു ചൂടായിരുന്നു, നമ്മുടെ ജീവിതത്തിന്റെ നാളുകൾ ഉന്മാദികളെപ്പോലെയാണു നാം തുലച്ചുകളഞ്ഞതും. അതെന്തൊരാനന്ദമായിരുന്നു, അതെന്തൊരാനന്ദമായിരുന്നുവെന്ന് നാമൊരിക്കലും മറന്നതുമില്ല.

ജീവിതം എത്ര കാലവും ദീർഘിക്കട്ടെ. ഒറ്റയ്ക്കു മരിക്കേണ്ടി വന്നാൽ അതു നാമോരുത്തർക്കും എത്ര കഠിനവും ദീർഘവുമായിരിക്കും. ഒരിക്കലും വേർപെടാത്ത നമുക്ക് ഈ വിധി വരാമോ? കുട്ടികളും നായ്ക്കുട്ടികളുമായിരുന്ന നാം ഇതർഹിക്കുന്നുണ്ടോ? നീ ഇതർഹിക്കുന്നുണ്ടോ, എന്റെ മാലാഖേ? എല്ലാം മുമ്പെന്ന പോലെ മുന്നോട്ടു പോകുന്നു. എനിക്കു യാതൊന്നുമറിയില്ല. എന്നാൽ എനിക്കെല്ലാം അറിയുകയും ചെയ്യാം- നിന്റെ ജീവിതത്തിലെ ഓരോ ദിവസവും ഓരോ മണിക്കൂറും ജ്വരവിഭ്രാന്തിയിലെന്നപോലെ എനിക്കു തെളിഞ്ഞുകാണാം.

എന്നും രാത്രിയിൽ ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ നീ എനിക്കടുത്തു വരുന്നു; എന്തു സംഭവിച്ചുവെന്നു ഞാൻ എടുത്തെടുത്തു ചോദിച്ചിട്ടും നീ ഒരു മറുപടിയും പറയുന്നില്ല.
ഒടുവിൽ കണ്ട സ്വപ്നത്തിൽ ഞാൻ നിനക്കു വേണ്ടി ഏതോ വൃത്തികെട്ട ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങുകയായിരുന്നു. ചുറ്റും എനിക്കു തീരെ പരിചയമില്ലാത്തവരായിരുന്നു. വാങ്ങിക്കഴിയുമ്പോഴാണ്‌ എനിക്കു ബോദ്ധ്യമായത്, നീ എവിടെയാണെന്നറിയാത്തതിനാൽ എങ്ങനെയാണു നിനക്കതെത്തിക്കുക എന്നെനിക്കറിയില്ല എന്ന്.

ഉണർന്നപ്പോൾ ഞാൻ ഷൂരായോടു പറഞ്ഞു: ‘ഓസിയ മരിച്ചു.’ നീ ഇപ്പോഴും ജീവനോടുണ്ടോയെന്ന് എനിക്കറിയില്ല. എന്നാൽ ആ സ്വപ്നം കണ്ടതിൽ പിന്നെ നിന്റെ കാല്പാടുകൾ എനിക്കു കാണാതെയായി. നീ എവിടെയാണെന്ന് എനിക്കറിയില്ല. ഞാൻ പറയുന്നതു നിനക്കു കേൾക്കാമോ? എനിക്കു നിന്നെ എന്തു സ്നേഹമാണെന്നു നിനക്കറിയാമോ? എനിക്കു നിന്നോടെന്തു സ്നേഹമാണെന്നു പറഞ്ഞറിയിക്കാൻ എനിക്കു കഴിയില്ല. ഇപ്പോഴും എനിക്കതു കഴിയില്ല. ഞാൻ ഈ പറയുന്നതു നിന്നോടാണ്‌, നിന്നോടു മാത്രമാണ്‌. നീ എന്നും എന്നോടൊപ്പമുണ്ട്; ഒട്ടും അടക്കമില്ലാത്ത, എന്നും കോപക്കാരിയായ, നിഷ്കളങ്കമായ കണ്ണീരൊഴുക്കി പരിചയമില്ലാത്ത ഞാൻ - ഞാനിന്നു കരഞ്ഞു കരഞ്ഞു കരഞ്ഞിരിക്കുന്നു.
ഇതു ഞാനാണ്‌: നാദിയ. നീയെവിടെയാണ്‌?

വിട.

നാദിയ


ഓസിപ് എമിലിയേവിച്ച് മാൻഡെൽസ്റ്റാം Osip Emilievich Mandelstam(1891-1938) സ്റ്റാലിൻ ഭരണകാലത്തെ അടിച്ചമർത്തലിനു വിധേയനായ റഷ്യൻ കവിയും ലേഖകനുമായിരുന്നു. 1934ൽ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് ഭാര്യ നദേഷ്ദ (Nadiezhda Mandelstam)യോടൊപ്പം വടക്കൻ യുറാലിലേക്കു നാടു കടത്തി. പിന്നീട് ബുഖാറിൻ ഇടപെട്ടതിനെത്തുടർന്ന് വലിയ നഗരങ്ങളൊഴികെ മറ്റെവിടെയെങ്കിലും താമസമാക്കാൻ അനുമതി കിട്ടി. അവർ തിരഞ്ഞെടുത്തത് വെറോണേഷ് ആയിരുന്നു. 1937ൽ അദ്ദേഹത്തെ വീണ്ടും അറസ്റ്റു ചെയ്ത് വ്ളാദിവൊസ്റ്റോക്കിലേക്കയച്ചു. അവിടെ വച്ച് ഹൃദ്രോഗം ബാധിച്ച് അദ്ദേഹം മരിച്ചു എന്നാണ്‌ ഔദ്യോഗികമായ വിശദീകരണം. നദേഷ്ദയാണ്‌ പിന്നീട് അദ്ദേഹത്തിന്റെ അപ്രകാശിതരചനകൾ സമാഹരിച്ചു പ്രസിദ്ധീകരിച്ചത്.

പ്രണയലേഖനങ്ങൾ (1)- കാതെറൈന്‍ മാൻസ്ഫീൽഡ്


എട്ടു മണി കഴിഞ്ഞു പത്തു മിനുട്ട്. ഞാൻ നിന്നെ എന്തു മാത്രം സ്നേഹിക്കുന്നുവെന്ന് എനിക്കിപ്പോൾ പറയേണ്ടിയിരിക്കുന്നു, 1918 ജനുവരി 27 ന്‌ ഒരു ഞായറാഴ്ച രാത്രി എട്ടു കഴിഞ്ഞ് പത്തു മിനുട്ടുള്ളപ്പോൾ.

പകലു മുഴുവൻ ഞാൻ വീട്ടിനുള്ളിൽത്തന്നെയായിരുന്നു(നിനക്കുള്ള കത്തു പോസ്റ്റു ചെയ്യാൻ പോയതൊഴിച്ചാൽ); അതിനാൽ ഇപ്പോൾ നല്ല ശരീരസുഖം തോന്നുന്നു. ഗ്രാമത്തിൽ പുതിയൊരു പര്യടനവും കഴിഞ്ഞ് നീല ഐറിസ് പൂക്കളുമായി ജൂലിയറ്റ് മടങ്ങിവന്നിരിക്കുന്നു- പാറക്കെട്ടു വളഞ്ഞുചെല്ലുന്നിടത്ത് വള്ളിക്കുടിലുള്ള ആ കൊച്ചുവീട്ടിൽ എത്ര മനോഹരമായിട്ടാണവ വളർന്നുനിന്നിരുന്നതെന്ന് നിനക്കോർമ്മയുണ്ടോ?- പല നിറത്തിലും തരത്തിലുമുള്ള വാസനിക്കുന്ന ജൊങ്കിൾ പൂക്കളുമുണ്ടായിരുന്നു...ഈ മുറിയിൽ സുഖകരമായ ചൂടാണ്‌. സ്റ്റൌവിൽ ചെറിയൊരു തീയുണ്ട്; ആ കുഞ്ഞുനാളങ്ങളാവട്ടെ, വിറകിനെ കേറി ആക്രമിക്കണോ വേണ്ടയോ എന്നു തീർച്ചപ്പെടുത്താതെ അതിന്മേൽ നിന്നു കളിക്കുന്നതേയുള്ളു...അതാ ഒരു തീവണ്ടി കടന്നുപോകുന്നു. ഇപ്പോൾ പിന്നെയും എല്ലാം നിശബ്ദമായിരിക്കുന്നു, എന്റെ വാച്ചിന്റെ ശബ്ദമൊഴിച്ചാൽ. മിനുട്ടുസൂചി നോക്കിയിരിക്കുമ്പോൾ ഞാൻ ഓർത്തുപോവുകയാണ്‌, നിന്റെ വീട്ടിലേക്കുള്ള യാത്രയിൽ എന്തൊരു കാഴ്ചവസ്തുവായിരിക്കും ഞാനെന്ന്. മടിയിൽ ആ പഴയ വാച്ചുമെടുത്തുവച്ച്, അതിനെ മറയ്ക്കാനെന്നപോലെ മുകളിലൊരു പുസ്തകവുമായി തീവണ്ടിമുറിയിൽ ഞാനിരിക്കും- പക്ഷേ ഞാൻ വായിക്കുകയാവില്ല, നോക്കുകയുമാവില്ല; ഒന്നു വേഗത്തിലോടാൻ എന്റെ നോട്ടത്തിന്റെ ചാട്ട കൊണ്ടു പ്രഹരിക്കുകയാവും ഞാനാ വാച്ചിനെ.

ഇന്നു രാത്രിയിൽ എനിക്കു നിന്നോടു തോന്നുന്ന പ്രേമം എത്ര ഗാഢവും ആർദ്രവുമാണെന്നോ- എനിക്കു പുറത്താണതെന്നും തോന്നിപ്പോകുന്നു. ഏതോ വന്മലയുടെ ആശ്ളേഷത്തിലമർന്നുകിടക്കുന്ന ഒരു കുഞ്ഞുതടാകം പോലെയാണു ഞാൻ. അങ്ങു താഴെ നിനക്കെന്നെ കാണാം, ആഴമേറിയതായി, തിളങ്ങുന്നതായി- നിലയില്ലാത്തതുമായും, പ്രിയനേ. നിന്റെ ഹൃദയം എന്നിലേക്കിട്ടുനോക്കൂ, അതടിത്തട്ടു തൊടുന്നതു നീ കേൾക്കുകയേയില്ല...

1918 ജനുവരി 27

കാതെറൈൻ മാൻസ്ഫീൽഡ് (Katherine Mansfield Murry)1888ൽ ന്യൂസിലണ്ടിൽ ജനിച്ചു. 19 വയസ്സുള്ളപ്പോൾ ഇംഗ്ളണ്ടിൽ സ്ഥിരതാമസമാക്കി. ക്ഷയരോഗം മൂർച്ഛിച്ച് 1923ൽ അന്തരിച്ചു. കൃത്യവും സുതാര്യവുമായ ഭാഷയിലൂടെയും ബിംബങ്ങളുടെയും പ്രതീകങ്ങളുടെയും പുതുമയാർന്ന പ്രയോഗത്തിലൂടെയും ആധുനിക ഇംഗ്ളീഷ് കഥയുടെ അഗ്രഗാമികളിൽ ഒരാളായിരുന്നു. ഈ കത്ത് എഴുത്തുകാരനും എഡിറ്ററുമായിരുന്ന ജോൺ മിഡിൽടൺ മറിയ്ക്കെഴുതിയതാണ്‌. അവർ 1918ൽ വിവാഹിതരായി.

ചോ ധർമ്മൻ - പടക്കങ്ങൾ

11062316_1127757320586888_4743843391970524079_n

കെട്ടിടങ്ങൾക്കു കുറച്ചപ്പുറത്തുള്ള ഒരു സിമന്റ് തറയിൽ അവർ വട്ടം കൂടിയിരിക്കുന്നു. അധികം ഉയരമില്ലാതെ  പണിത  ആ ചതുരത്തറ നിറയെ കുട്ടികളാണ്‌. ഓരോ ആളുടെ മുന്നിലും ലോഹച്ചുറ്റുകളുടെ കെട്ടുകൾ അട്ടികളാക്കി വച്ചിട്ടുണ്ട്; തലേ ദിവസം അവർ അതിൽ വെടിമരുന്നു നിറച്ച് തിരി കയറ്റി വച്ചതാണ്‌. അച്ചിൽ നിന്നു മാറ്റി പടക്കങ്ങൾ വെയിലത്തുണക്കാൻ വയ്ക്കുകയാണ്‌ ഇന്നു ചെയ്യാനുള്ളത്. ഫോർമാൻ ശങ്കരൻ പിള്ള റോന്തു ചുറ്റലിനിറങ്ങിയിട്ടുണ്ട്.

“ഡേയ്!” അയാൾ ഒച്ചയിട്ടു, “അതു തറയിലിട്ടിടിക്കരുത്. അടിയിലെ മരുന്ന് തെറിച്ചു പുറത്തു പോകും. ഞെക്കിപ്പിടിച്ചൂരെടാ. ഡേയ്, പിരാക്കൻ, പറഞ്ഞതു കേട്ടോടാ, കള്ളനായേ?”
പിരാക്കൻ പരക്കെ നോക്കി. എന്നിട്ടവൻ പറഞ്ഞു, “കേട്ടോ, വേലുച്ചാമീ? കൃത്യം നേരം വെളുക്കുമ്പോൾ ഞെക്കിയിറക്കണമെന്നാ ഫോർമാൻ അണ്ണാച്ചി പറയുന്നത്!”

എല്ലാവരും പൊട്ടിച്ചിരിച്ചു. ആ ധിക്കാരം കേട്ട് കറുപ്പായിയുടെ നാവിറങ്ങിപ്പോയി. ശങ്കരൻ പിള്ള കോപാകുലനായി. “റാസ്ക്കൽ! എന്താടാ പണി ചെയ്യുന്നിടത്ത് ഇത്രയും ഒച്ച? പെട്ടെന്നു പണി തീർത്ത് പടക്കം ഉണക്കാൻ വച്ചില്ലെങ്കിൽ ഇന്നിനി വെറും കൈയോടെ ഇരിക്കേണ്ടി വരും. പിന്നെ കഞ്ഞിക്കലവുമെടുത്തങ്ങു വീട്ടിൽ പോയാൽ മതി.”

ശങ്കരൻ പിള്ളയുടെ ഭീഷണികൾ ആരും കേൾക്കുന്നു പോലുമുണ്ടായിരുന്നില്ല.

ഒഴിഞ്ഞ കുഴലുകളിൽ മരുന്നു നിറയ്ക്കുന്ന ഫോർമാൻ കൊളമ്പൻ കയറിവന്നു. അയാളുടെ കറുത്തിരുണ്ട ദേഹം അലൂമിനിയം പൊടി പറ്റിപ്പിടിച്ച് മിനുങ്ങുന്നുണ്ടായിരുന്നു.

“ആരാ വന്നതെന്നു നോക്കിയേ! വെള്ള സായിപ്പ്! തിരി വയ്ക്കാൻ കുഴലു റെഡിയാണോ, സായിപ്പേ?” ഒരു കുട്ടി ചോദിച്ചു.

പടിഞ്ഞാറേ മൂലയ്ക്ക് തിരിയുണ്ടാക്കുന്ന പണി ഊർജ്ജസ്വലമായി നടക്കുന്നുണ്ട്. നീളത്തിലുള്ള ചരടുകൾ ബക്കറ്റുകളിൽ നിറച്ചു വച്ചിട്ടുള്ള കറുത്ത കുഴമ്പു പോലത്തെ കെമിക്കലിൽ മുക്കിയെടുക്കുകയാണ്‌. ഈ ചരടുകൾ പിന്നെ വിലങ്ങനെ കെട്ടിയിട്ടുള്ള കഴകളിൽ തൂക്കി ഉണങ്ങാനിടുന്നു. ഉണങ്ങുമ്പോൾ ചരടുകൾ വലിഞ്ഞുമുറുകി വെടിത്തിരയ്ക്കു പാകത്തിലാവുകയാണ്‌. അതു പിന്നെ കനം കുറഞ്ഞ വെള്ളക്കടലാസ്സിൽ ചുരുട്ടിയെടുത്തിയിട്ട് അളവു നോക്കി മുറിച്ചെടുക്കും; എന്നിട്ട് തുമ്പ് വെടിമരുന്നിൽ മുക്കി പടക്കച്ചുറ്റിൽ തിരുകിവയ്ക്കുന്നു. മുഖത്തു കറുത്ത കെമിക്കലിന്റെ പാടുകളുമായി ജോലി ചെയ്യുന്ന ആ കുട്ടികളെ കണ്ടാൽ സർക്കസിലെ കോമാളികളെപ്പോലിരുന്നു.
അതൊരു കുഴപ്പം പിടിച്ച പണിയുമായിരുന്നു. വേസ്റ്റേജ് കൂടുതലായാൽ ശമ്പളത്തിൽ കട്ടു വരും; തിരിയ്ക്കു മുറുക്കം കുറഞ്ഞാൽ അതിനു വേറെ.

“പെട്ടെന്നാവട്ടെടാ, തന്തയില്ലാത്തവന്മാരേ! പടക്കമെല്ലാം ചുറ്റിൽ നിന്നിളക്കിയോടാ? മിക്കേലൂ, ഒഴിഞ്ഞ ചുറ്റെല്ലാം വാരിക്കൂട്ടി അങ്ങോട്ടിട്.”

മിക്കേൽ പുറത്തു കേൾക്കാതെ പിറുപിറുത്തു, “പണി ചെയ്യിക്കാൻ വല്ലാത്ത മിടുക്കു തന്നെ!” അവൾ കുനിഞ്ഞ് ചുറ്റുകൾ പെറുക്കി തന്റെ തോളു വരേയ്ക്കും കൈകളിൽ കോർത്തെടുത്തു. ജൽ...ജൽ...ജൽ...അവൾ ചുറ്റുകൾ ചിലമ്പിച്ച് അതിനൊപ്പിച്ചു ചുവടു വയ്ച്ചു.

“കടവുളേ! അതു നോക്ക്, ഷണ്മുഖാണ്ണേ,” ഒരു പയ്യൻ വിളിച്ചു പറഞ്ഞു, “ദാവണി ചുറ്റാൻ തുടങ്ങിയതിൽ പിന്നെ ആളൊരു സുന്ദരിയായിരിക്കുന്നു.” മിക്കേൽ ചുണ്ടു പിളുത്തിക്കാണിച്ചു.
അവൾ കോപം അഭിനയിച്ചുകൊണ്ട് ഒരൊഴിഞ്ഞ ചുറ്റെടുത്ത് അവന്റെ നേർക്കെറിഞ്ഞു. അവൻ ചിരിച്ചുകൊണ്ട് തല താഴ്ത്തിക്കളഞ്ഞു.
“അണ്ണാച്ചീ, എല്ലാം ഉണക്കാനിട്ടു. ഒഴിഞ്ഞ ചുറ്റൊക്കെ കൂട്ടി വച്ചിട്ടുണ്ട്.”

പച്ചപ്പുല്ലു തേടിപ്പോകുന്ന വെള്ളാടുകളെപ്പോലെ അവർ ഓടിപ്പോയി. തിരി കയറ്റാനുള്ള ഒഴിഞ്ഞ ചുറ്റുകൾ അവിടെ കൂടിക്കിടന്നു.

ഫോർമാന്റെ കല്പനകൾ ദൂരത്തുള്ള കെട്ടിടങ്ങളിൽ തട്ടി പ്രതിധ്വനിക്കുകയായിരുന്നു.
“ഡേയ്, വാടാ! ആറായിരം സെയിന്റ്, നാലായിരം ബിജ്ലി, നാലായിരം ഗോവ, എണ്ണായിരം തുക്കട, ഒപ്പം ആയിര സാദായും പാക്കറ്റാക്കണം- ഇപ്പത്തന്നെ!”
ഓരോരുത്തരും നൂറും ഇരുന്നൂറും വീതമെടുത്ത് അടുക്കിവച്ചു. ഓരോ ചുറ്റിലും ഇനി ചേടിയും കളിമണ്ണും കുഴച്ചു തേക്കണം. ചുറ്റുകൾ ഉണങ്ങിക്കഴിഞ്ഞാൽ ഇരുമ്പുസൂചി കൊണ്ട് അതിൽ ഓട്ടയുണ്ടാക്കും. ഈ ഓട്ടയിലൂടെയാണ്‌ പിന്നെ തിരി തിരുകിക്കയറ്റുന്നത്.

കുട്ടികൾ വട്ടത്തിലിരുന്ന് ഓട്ടയുണ്ടാക്കിക്കൊണ്ടിരുന്നു. ഉച്ചവെയിലത്തു കൊത്തിപ്പെറുക്കുന്ന കോഴികളെപ്പോലെ തോന്നും. പമ്പരങ്ങൾ പോലെ അവരുടെ വിരലുകൾ തിരിഞ്ഞു.

“ഡേയ്, സൂചി പതുക്കെ കേറ്റെടാ. ചേടി നേരേ ഉള്ളിലേക്കു പോകട്ടെ. സൂചി തിരിച്ചുതിരിച്ചു വേണം ഊരിയെടുക്കാൻ. അല്ലെങ്കിൽ ചെളിയെല്ലാം പുറത്തു പോരും.“

”അണ്ണാച്ചീ, അവൻ പുതിയ പയ്യനാ. അവനതു ശരിക്കറിയത്തില്ല.“

”അതൊക്കെ എന്താടാ പഠിക്കാനുള്ളത്? ഡേയ്, തങ്കമാടാത്തീ, അവനതു കാണിച്ചു കൊടുക്ക്. ഷണ്മുഖവടിവേ, നീയുമൊന്നു സഹായിക്ക്.“

എല്ലാവരും അടക്കിപ്പിടിച്ചു ചിരിച്ചു. പണി തീർന്ന ചുറ്റുകളെടുത്ത് ഉണക്കാൻ വയ്ച്ച ശേഷം അവർ പിന്നെയും വന്നിരുന്നു.

ചേടി നിറച്ച ചുറ്റുകൾ കൂടിക്കിടന്നപ്പോൾ എത്രയോ ചെരാതുകൾ പോലെ. ഇടുപ്പു കഴയ്ക്കുമ്പോൾ പണിക്കാർ ഇടയ്ക്കിടെ ഇരിപ്പിന്റെ രീതി ഒന്നു മാറ്റും. ചുറ്റുകൾ കുറേയായിക്കഴിഞ്ഞാൽ അവർ തിരി വാങ്ങാൻ ഓടുകയായി. മുറുക്കമുള്ള നല്ല തിരികൾ കിട്ടാൻ അവർ തമ്മിൽത്തമ്മിൽ വഴക്കിടും. തിരികളുണ്ടാക്കുന്ന ഷണ്മുഖയ്യ സരോജയ്ക്ക് ഏറ്റവും നല്ല കുറച്ചു തിരികൾ ആരും കാണാതെ എടുത്തു കൊടുത്തു. അതു വാങ്ങുമ്പോൾ സരോജ ചിരിച്ചുകൊണ്ട് അല്പം കറുത്ത കുഴമ്പെടുത്ത് അവന്റെ മുഖത്തു തേച്ചിട്ട് ഓടിക്കളഞ്ഞു. ഷണ്മുഘയ്യ ഏഴാം സ്വർഗ്ഗത്തിലായി.

അവരിപ്പോൾ പടക്കങ്ങൾ ഇനം തിരിയ്ക്കുന്ന തിരക്കിലാണ്‌. സെയിന്റ് വലിയ ശബ്ദത്തിൽ പൊട്ടുന്ന ചുവന്ന നിറത്തിലുള്ള ഒരു പടക്കമാണ്‌; അതിന്റെ ചെറിയ രൂപമാണ്‌ സാദാ; ബിജ്ലി പല നിറത്തിൽ വർണ്ണക്കടലാസു ചുറ്റിയ പടക്കമാണ്‌.

തിരിയിടാൻ ഇരുന്നു കഴിഞ്ഞാൽ പിന്നെ എഴുന്നേല്ക്കാൻ പറ്റില്ലെന്ന് അവർക്കറിയാമായിരുന്നു. അതിനാൽ അതിനു മുമ്പാണ്‌ അവരുടെ മുഖം കഴുകലും കഞ്ഞി കുടിക്കലും. കടത്തിനു വട വില്ക്കുന്ന കിഴവി വലിയ പെട്ടിയുമെടുത്തു വന്നിട്ടുണ്ട്. തോട്ടത്തിലെ കിണറിൽ കൈ കഴുകാൻ വന്നവരെ തോട്ടക്കാരൻ ഓടിച്ചു വിടുകയാണ്‌.

“ഏയ്, തേവിടിയാപ്പൈതങ്ങളേ! ഓടിക്കോ, ഇല്ലെങ്കിൽ കാലു ഞാൻ തല്ലിയൊടിക്കും. നിന്റെയൊക്കെ ചണ്ടി കഴുകാൻ ഇങ്ങോട്ടാണോടാ വരുന്നത്, ങ്ഹേ? നീയൊക്കെ തൊട്ടാൽ പിന്നെ പോത്തു പോലും ആ വെള്ളം കുടിക്കത്തില്ല. പൊയ്ക്കോണമിവിടുന്ന്, പ്ശാശുക്കളേ!” അയാൾ അവർക്കു നേരേ എടുത്തെറിഞ്ഞ മൺകട്ട തലാനാരിഴയ്ക്കു ലക്ഷ്യം തെറ്റി തറയിൽ വീണു പൊടിഞ്ഞു.

“ആ കൂത്തിമകനെ ഞാനൊരു ദിവസം ഒരു പാഠം പഠിപ്പിക്കും. അവന്റെ കിണറ്റിൽ ഞാൻ വെടിമരുന്നു കലക്കും,” എല്ലാവരും കൂടി ഇറങ്ങിപ്പോരുമ്പോൾ പിരാക്കൻ പിറുപിറുത്തു.
ഇല തഴച്ച വേപ്പു മരത്തിന്റെ ചുവട്ടിൽ അവർ വട്ടത്തിൽ അടുത്തുകൂടി ഇരുന്നു. അവരുടെ മൂക്കിലും മുഖത്തും കൈകളിലും പുരണ്ടിരുന്ന അലൂമിനിയം കലർന്ന കരിപ്പൊടിയെക്കുറിച്ചാലോചിക്കാൻ അവരാരും മിനക്കെട്ടില്ല.

“നിന്നെ ഇന്നലെ സിനിമയ്ക്കു കണ്ടില്ലല്ലോ?”

“നല്ല സിനിമ ആയിരുന്നോ?”

“പിന്നേ. നല്ല കൂട്ടവുമുണ്ടായിരുന്നു. വിയർത്തൊലിച്ച് ക്യൂവിൽ നില്ക്കുമ്പോൾ എനിക്കാകെ വല്ലാതെ തോന്നി. ചുറ്റും നിന്നവരൊക്കെ എന്റെ അഴുക്കു പിടിച്ച മുഖത്തു തന്നെ നോക്കുകയായിരുന്നു; എന്റെ ദേഹത്തെ നാറ്റം കൊണ്ട് തനിക്കു ശ്വാസം മുട്ടുന്നുവെന്നു കൂടി ഒരുത്തൻ പറഞ്ഞു. ഞാനെന്റെ നാവു പിഴുതെടുത്ത് അവിടെക്കിടന്നു ചത്തേനെ; അത്രയ്ക്കെനിക്കു നാണക്കേടു തോന്നി.“

”നമ്മളെന്തു ചെയ്യാൻ? ആ നശിച്ച അമ്മമാർ നമ്മളെ പെറ്റ നേരം അതായിപ്പോയി. ഈ ജോലി കളഞ്ഞിട്ടു നീ എങ്ങോട്ടു പോകും? നേരം പുലർന്നാൽ നീ വഴിയരികിൽ കുത്തിയിരിക്കും, ആരെങ്കിലും എന്തെങ്കിലും പണിയ്ക്കു വിളിക്കുമെന്നും കാത്ത്.“

”നമുക്കു പരിചയമായതു കൊണ്ട് ഈ നശിച്ച നാറ്റം നമ്മളറിയുന്നില്ല. ആരുടെയെങ്കിലും മുഖത്തു നോക്കാൻ തന്നെ എനിക്കു നാണക്കേടാണ്‌; എനിക്കറിയാം അറപ്പു കാരണം അയാൾ മുഖം ചുളിക്കുന്നുണ്ടാവുമെന്ന്.“

അവർ കുഴമ്പു പരുവത്തിൽ കെമിക്കലൊഴിച്ചു വച്ചിരുന്ന കിണ്ണങ്ങളിൽ തിരി മുക്കി പടക്കങ്ങളിൽ തിരുകിക്കയറ്റുകയാണ്‌.

”ഡേയ്! തിരി ശരിക്കു തിരുകിക്കേറ്റെടാ. അങ്ങേരിപ്പോൾ ചെക്കു ചെയ്യാൻ വരും. തിരി ലൂസായിക്കണ്ടാൽ അയാൾ നിന്റെ കണക്കിൽ നാലെണ്ണം കുറയ്ക്കും.“

ശങ്കരൻ പിള്ളയുടെ ഉച്ചത്തിലുള്ള ശാസനകൾ ഒരിക്കലും തീരില്ലെന്ന് അവർക്കറിയാമായിരുന്നു.

അവർ ജോലി ചെയ്യുന്ന ആ കൊച്ചു കെട്ടിടങ്ങൾക്ക് നാലു വശത്തും വാതിലുകളുണ്ടായിരുന്നു. ഓരോ വാതിലിനടുത്തും വെള്ളത്തൊട്ടികളുമുണ്ട്. ആ മുറികളിൽ ഓരോന്നിലും ചെറുപ്പക്കാരും പ്രായമായവരും തീപ്പെട്ടിക്കൂടിൽ കോലുകൾ പോലെ അടുങ്ങിയടുങ്ങിയിരുന്ന് പണിയെടുക്കുകയാണ്‌.

പുതുതായി വന്ന പയ്യൻ ചോദിച്ചു, ”ഈ കൊച്ചു മുറിക്കെന്തിനാ നാലു വാതിൽ?“

”ഓ, അതോ! ഇൻസ്പെക്റ്റർ വരുന്ന ദിവസം നോക്കിക്കോ. അന്നറിയാം.“

മുറിയിൽ പൊട്ടിച്ചിരികൾ മുഴങ്ങി. ആ പാവം പയ്യൻ സംഗതി പിടി കിട്ടാതെ തലയും കുമ്പിട്ടിരുന്നു. എന്നിട്ടവൻ ദയനീയമായി പിരാക്കനെ നോക്കി.

“അതിന്റെ ഉത്തരം അറിയാമെങ്കിൽ അവൻ ഏഴിൽ തോറ്റിട്ട് നമ്മുടെ കൂടെ ഇവിടെയിരുന്ന് ദിവസവും ഈ കരിവിഷം വിഴുങ്ങുമായിരുന്നോ?”

“മിണ്ടാതിരിയെടാ, കഴുതേ. നീ വലിയ അറിവാളിയാണല്ലേ? എന്നിട്ടെന്താ പഠിച്ചു വലിയ ഉദ്യോഗത്തിനൊന്നും പോകാതിരുന്നത്? നീയെങ്ങനെ ഇവിടെ വന്നടിഞ്ഞു?” പിരാക്കന്റെ പൊട്ടിത്തെറി ആ പച്ചനിക്കറുകാരന്റെ വായടപ്പിച്ചു കളഞ്ഞു.

“നിയമം പറഞ്ഞാൽ ഈ മുറിയിൽ ഒരു സമയത്തു നാലു പേരേ കാണാൻ പാടുള്ളു. ഈ നാലു പേരും അടുത്തിരിക്കാനും പാടില്ല. ഓരോ ആളും വാതിലിനടുത്തു വേണം ഇരുന്നു ജോലി ചെയ്യാൻ. ഒരു ചുറ്റിൽ തിരി ഉറപ്പിച്ചു കഴിഞ്ഞാൽ അതെടുത്ത് ആ തറയിൽ കൊണ്ടുപോയി വച്ചിരിക്കണം. തിരി വച്ച പടക്കം മുറിയിൽ ഉണ്ടാകാൻ പാടില്ല. ഓരോ തവണ പുറത്തു പോയിട്ടു വരുമ്പോഴും തൊട്ടിയിലെ വെള്ളത്തിൽ കാലു കഴുകിയിട്ടു വേണം ഉള്ളിൽ വരാൻ...അതാണു നിയമം.”

“ഇല്ലെങ്കിൽ?”

“ഇല്ലെങ്കിൽ നിന്റെ കാലടിയിലെ മണൽത്തരി സിമന്റു തറയിലുരഞ്ഞ് തീപ്പൊരിയുണ്ടായി തറയിലെ വെടിമരുന്നിനു തീ പിടിക്കും. ഇവിടെയുള്ള പടക്കമെല്ലാം പൊട്ടിത്തെറിച്ച് നീയും കത്തി ചാമ്പലാകും. ആ പാവം ചങ്കിലിയ്ക്കു പറ്റിയ പോലെ.”

അവർ അമർത്തിച്ചിരിച്ചു. ഇവിടെ സാധാരണ ഒരു വാതിൽ മാത്രം അല്പം തുറന്നു വയ്ക്കും; മറ്റുള്ളവ പൂട്ടിക്കിടക്കും. വെള്ളത്തൊട്ടി ചവറിടാനുള്ളതായിക്കഴിഞ്ഞിരുന്നു. “നാലു പേർ മാത്രം” എന്നെഴുതി ചുമരിൽ തൂക്കിയിരുന്ന ബോർഡിൽ നാലു കഴിഞ്ഞിട്ട് ഒരു പൂജ്യം കൂടി ആരോ വരച്ചു ചേർത്തിരുന്നു- അതേ കറുത്ത കെമിക്കൽ കൊണ്ട്!

തിരി കയറ്റിയ പടക്കച്ചുറ്റുകൾ സിമന്റു തറയിൽ വന്നു നിറയുകയായിരുന്നു. ദൂരെ നിന്നു നോക്കുമ്പോൾ കരിമണ്ണു തുളച്ചു പുറത്തു വരുന്ന പുതുമുളകൾ പോലെ തോന്നും.

“ഈ സരോജയ്ക്കു മാത്രം ഏറ്റവും നല്ല തിരി കിട്ടുന്നതൊരു രഹസ്യമാണല്ലോ,” വേലുച്ചാമി ഉറക്കെ ആത്മഗതം ചെയ്തു.

“നീയൊരു മണ്ടനാ, വേലുച്ചാമീ. അതു വെറും വെടിത്തിരിയല്ല. വിളക്കുതിരിയാണ്‌; മംഗളകർമ്മത്തിനുള്ളത്.”

“മംഗളകർമ്മം? സരോജ ഇത്ര പെട്ടെന്നു തിരി വയ്ക്കുന്നതെന്തു കൊണ്ടാണെന്ന് ഇപ്പോഴെനിക്കു മനസ്സിലായി.”

ഉള്ളിൽ പതഞ്ഞുയർന്ന ചിരി അമർത്താൻ സരോജ ചുണ്ടു കടിച്ചു. ഈ കുട്ടിപ്പൂതങ്ങളുടെ ഒരു കാര്യം. അവരുടെ കണ്ണു വെട്ടിച്ച് ഒരു കാര്യവും നടക്കില്ല. അവർക്കവളെ തോണ്ടിക്കൊണ്ടിരിക്കാൻ ഇഷ്ടമായിരുന്നു; അവളുടെ വായിൽ നിന്നെന്തെങ്കിലുമൊന്നു വീണുകിട്ടിയാലോ!

ഒരു കൊച്ചുപയ്യൻ വാതിലിനടുത്തു വന്ന് ഒരു പൊതിയെടുത്ത് സരോജയെ ഏല്പിച്ചു. അവൾ അതു തുറന്നു നോക്കുമ്പോൾ അതിൽ നാലു സുശിയവും വടയും ഉണ്ടായിരുന്നു.

“ഇതാരു തന്നു?”

“ഇതിവിടെ തരാൻ ഷണ്മുഖണ്ണാച്ചി പറഞ്ഞു.”

“ഏതു ഷണ്മുഖം? തിരിയുണ്ടാക്കുന്നയാളോ?”

പയ്യൻ തലയാട്ടിയിട്ട് ഓടിപ്പോയി.

“വേലുച്ചാമീ, ഇപ്പോ നിനക്കു പിടി കിട്ടിയോ സരോജയ്ക്ക് ഏറ്റവും നല്ല തിരി കിട്ടുന്നതെങ്ങനെയാണെന്ന്?”

പൊതിയെടുത്ത് സാരിക്കുള്ളിൽ ഒളിപ്പിക്കുമ്പോൾ സരോജയുടെ മുഖം തുടുത്തു.

“സരോജക്കാ! മിക്കേലും കൊളമ്പനും ഇപ്പോൾ കണ്ടാൽ മിണ്ടാറില്ലെന്നു തോന്നുന്നു.”

“അവരുടെ പാശമൊക്കെ കഴിഞ്ഞു.”

“എന്നു പറഞ്ഞാൽ?”

“എന്നു പറഞ്ഞാൽ നിന്റെ തള്ളച്ചി! വിസ്തരിച്ചു പറഞ്ഞാലേ എല്ലാം നിനക്കു തലയിൽ കേറൂ! നിനക്ക് മിക്കേലിന്റെ താഴെയുള്ളതിനെ അറിഞ്ഞൂടേ, ആ വെളുത്ത കൊച്ചിനെ?”

“അറിയാം.”

“അവൾക്ക് അഞ്ചു മാസം വയറ്റിലുണ്ട്.”

“ഹൊ, ആരാണെന്നാ അവൾ പറയുന്നത്?”

“ഗോവാലു, പായ്ക്കിങ്ങിലെ.”

“കടവുളേ! അവനു പാലുകുടി മാറിയിട്ടില്ലല്ലോ!”

“അവനെന്താ പറയുന്നത്?”

“താനല്ലെന്ന് അവൻ ആണയിടുന്നു. അവൻ ജോലിക്കു വന്നിട്ടിപ്പോൾ പത്തു ദിവസമായി.”

“അനിയത്തി ഈ വഴിക്കു പോയതിന്‌ ചേട്ടത്തിയും ആ വഴിക്കു പോകണമെന്നില്ലല്ലോ.”

“നീയിതു കൊളമ്പനോടു പറഞ്ഞോ?”

ഞാനെന്തിനാ ഇതിലിടപെടുന്നത്?“

”എന്നാപ്പിന്നെ വായ മൂട്.“

ശങ്കരൻ പിള്ളയുടെ അലർച്ച അവർ കേട്ടു: ”തേവിടിയാമക്കളേ! മരുന്നിട്ടു കഴിഞ്ഞാൽ അപ്പൊഴേ പടക്കമെടുത്ത് തറയിൽ കൊണ്ടുവച്ചേക്കണം. ഒരെണ്ണമെങ്കിലും ഇവിടെ കണ്ടാൽ ഞാൻ കൂലിയിൽ കുറയ്ക്കും. പിന്നെ എന്നെ കുറ്റം പറയരുത്.“ കുട്ടികൾ ചുറ്റുകൾ വാരിക്കൂട്ടി തറയിൽ കൊണ്ടുവയ്ക്കാൻ ഓടി.

”അഞ്ചു മാസമായിട്ടും ആ തള്ള അറിഞ്ഞില്ലെന്നാണോ നീ പറയുന്നത്? എന്തൊരു സ്ത്രീയാണവർ? കാലത്തു തല ചുറ്റലും ഛർദ്ദിയുമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ഏതു മച്ചിക്കുമറിയാമല്ലോ.“

”ആ പാവം തള്ള എന്തു ചെയ്യാനാ? മകൾ ഓക്കാനിക്കുനതു കാണാൻ അവരെന്താ എപ്പോഴും വീട്ടിലിരിക്കുകയാണോ? എന്തോ പന്തികേടു കണ്ടപ്പോൾ അവർ ഉടനേ അവളെ ആശുപത്രിയിൽ കാണിച്ചു. ആ നാറി ഡോക്ടർ ഒന്നും തുറന്നു പറഞ്ഞില്ല. മകൾ ഏതെങ്കിലും കമ്പനിയിലാണോ പണിയെടുക്കുന്നതെന്നു മാത്രം ചോദിച്ചു. വിഷവായു ശ്വസിച്ചിട്ടാണ്‌ മകളുടെ വയറു വീർത്തിരിക്കുന്നതെന്ന് തള്ള കരുതി. അതിനാൽ അവരതു പിന്നെ കാര്യമാക്കിയതുമില്ല. പക്ഷേ സംഗതി ഇന്നതാണെന്നു പിടി കിട്ടിയപ്പോഴേക്കും സമയം വൈകിപ്പോയി. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ അതങ്ങ് അലസിപ്പിച്ചു കളയാമായിരുന്നു. ഇതു പുതിയ കാര്യമൊന്നുമല്ലല്ലോ. സർക്കാരാശുപത്രിയിൽ പോകുന്നതിനു പകരം കമ്പനി ഡോക്ടറെ കണ്ടാൽ മതിയായിരുന്നു.എബനിസർ ഏഴാം മാസത്തിൽ ചാപിള്ളയെ പെറ്റതല്ലേ? എന്നിട്ടവളു ചാത്തോ? ഇല്ല. അവൾക്കൊരു കുഴപ്പവുമില്ല.“

”ഏയ്, അക്കാ, എനിക്കിനി രണ്ടു ചുറ്റു കൂടിയുണ്ട്, പക്ഷേ തിരിയില്ല. ഫോർമാന്റടുത്തു ചെന്നാൽ അയാൾ ചീറിക്കൊണ്ടു വരും. രണ്ടു തിരി തരാമോ?“ അടുത്ത മുറിയിലിരുന്നു പണി ചെയ്യുന്ന തങ്കരാജ് ഒരു പച്ചച്ചിരിയുമായി സരോജയുടെ അടുത്തു ചെന്നു.

”ആദ്യം നീ എന്റെ ചുറ്റിൽ തിരിയിടാനൊന്നു സഹായിക്ക്; എന്നിട്ടു പിന്നെ നിനക്കു വേണ്ടതെടുത്തോ.“

”അക്കാ, ഒന്നു സഹായിക്കക്കാ!“

”നീ ചുറ്റെടുത്തു കൊണ്ടുവാ, ഞാൻ തിരി തരാം.“

”അതാ ഫോർമാനെങ്ങാനും കണ്ടാൽ അയാളെന്നെ ജീവനോടെ തിന്നുമക്കാ.“

”ഫോർമാനോടു പോയി ചാവാൻ പറ. നീ ആണല്ലേ.  വാടാ.“

തങ്കരാജ് സരോജയുടെ മുന്നിൽ വന്നിരുന്നു. ഒമ്പതാം ക്ളാസ്സിൽ പഠിപ്പു നിർത്തിയിട്ട് അവന്റെ അനിയന്റെ കൂടെ ഇവിടെ പണിക്കു ചേർന്നതാണ്‌. അവനു പ്രായത്തിലും കൂടുതൽ പൊക്കമുണ്ടായിരുന്നു.

”നിന്റെ ചേച്ചിയെ ആരൊക്കെയോ കാണാൻ വന്നെന്നു കേട്ടല്ലോ. എന്നിട്ടെന്തായി?“

”ഓ! അതിനെക്കുറിച്ചൊന്നും ചോദിക്കണ്ട. കഴിഞ്ഞ മാസം ഊരാളക്കുടിയിൽ നിന്ന് ഒരു ചെറുക്കൻ വന്നിരുന്നു. പയ്യൻ കുഴപ്പമില്ല. വലിയ കൃഷിക്കാരാണ്‌, ഒറ്റ മോനാണ്‌. പെൺകുട്ടി വയലിലിറങ്ങി പണി ചെയ്യുമോയെന്ന് അവർക്കറിയണം. പറ്റില്ലെന്ന് ചേച്ചി തല കുലുക്കി.“

”അതിൽ ഞാൻ കുറ്റം പറയില്ല. കൃഷിയുള്ള വീട്ടിൽ പോയാൽ വയലിലിറങ്ങാതെ പറ്റില്ല. പൊള്ളുന്ന വെയിലും കൊണ്ട് പണി ചെയ്യേണ്ടി വരും. ഈ പടക്കക്കമ്പനിയുടെ സുഖമറിഞ്ഞ ഏതെങ്കിലുമൊരുത്തി പിന്നെ വെയിലു കൊള്ളാൻ പോകുമോ. ഞാൻ പോകുമോ? ജീവൻ പോയാലും പോകില്ല. എന്റെ ദേഹമുരുകും.“

അവൾ സാരിത്തുമ്പെടുത്ത് ഇടുപ്പിൽ മുറുക്കിക്കെട്ടി. അവൾക്കു ചുറ്റുമിരുന്നവർ അർത്ഥഗർഭമായി പരസ്പരം കണ്ണിറുക്കിക്കാണിച്ചു.

”മിനിയാന്നും വേറൊരു ചെറുക്കൻ കൂട്ടർ കാണാൻ വന്നിരുന്നു.“

”എവിടുന്ന്?“

”വരദമ്പട്ടിയിൽ നിന്ന്.എന്റെ അമ്മേടെ ഒരകന്ന ബന്ധു. പയ്യന്‌ സർക്കാരുദ്യോഗമാണ്‌. സൂട്ടും കോട്ടുമൊക്കെയിട്ട്!“

”കല്യാണമെന്നാ?“

”കല്യാണമെന്നാണെന്നോ!പയ്യനു പെണ്ണിനെ ഇഷ്ടപ്പെട്ടു. അവൾ എത്ര വരെ പഠിച്ചിട്ടുണ്ടെന്നറിയണം. അവൾ പള്ളിക്കൂടമേ കണ്ടിട്ടില്ലെന്നറിഞ്ഞപ്പോൾ അവർ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അപ്പോൾത്തന്നെ ഇറങ്ങി.

“കാണാൻ വരുന്നവർക്കെല്ലാം അവളെ പിടിക്കുന്നുണ്ട്. കണ്ടാലൊരു ടീച്ചറെപ്പോലുണ്ടല്ലോ! പഠിച്ച പയ്യന്മാർക്ക് അവൾ സ്കൂളിൽ പോയിട്ടുണ്ടോയെന്നറിയണം. കൃഷിയുള്ളവർക്ക് അവൾ വയലിൽ പണിയണം. നമ്മൾ അവിടെയുമല്ല, ഇവിടെയുമല്ല. ഫലം കെട്ട ജീവിതമാണിത്. ഇതൊരു പ്രലോഭനമാണ്‌. വല്ലാത്തൊരു പ്രലോഭനം...ആ കൊടിച്ചിപ്പട്ടികൾ ആണുങ്ങളെ മയക്കാൻ ഏറുകണ്ണിട്ടു നോക്കുന്നതു കണ്ടോ; സിനിമാക്കാരികളെ തോല്പിക്കും!”

സരോജയ്ക്ക് ആകെ മടുത്തു.

“ഇങ്ങോട്ടു വന്നാൽ വെയിലു കൊള്ളാതിരുന്നു പണിയെടുക്കാം. ചാവുന്ന കാലം വരെ ഈ വിഷവും വിഴുങ്ങാം. അല്ലെങ്കിൽ മിക്കേലിന്റെ അനിയത്തിയെപ്പോലെ ഏതവന്റെയെങ്കിലും കൂടെ കിടന്നിട്ട് വയറും വീർപ്പിച്ച് എല്ലാവരുടെയും കളിയാക്കലും കേട്ടു നടക്കാം. എല്ലാവരും തങ്കമാടത്തിയുടെ കെട്ടിയവനെപ്പോലെയല്ല, കൃഷിയും കളഞ്ഞ് ഇങ്ങോട്ടു വരാൻ. ആളുകൾ അയാൾ കേൾക്കാതെ പറയുകയാണ്‌- അയാൾക്ക് കെട്ടിയവളെ പിരിയാൻ വയ്യെന്ന്.”

തങ്ങളുടെ ക്വോട്ട തീർത്തവർ ചുറ്റുകൾ അടുക്കിവച്ചിട്ട് സോപ്പു വാങ്ങാനുള്ള ക്യൂവിൽ ഓടിപ്പോയി നിന്നു. ഇതൊരു നിത്യാഭ്യാസമായിരുന്നു. ദേഹത്തു പറ്റിപ്പിടിച്ച അലൂമിനിയം പൊടിയും സൾഫറും കറുത്ത കറുത്ത ചെളി പോലത്തെ കെമിക്കലും കഴുകിക്കളയാൻ നിങ്ങൾക്കു കിട്ടുന്നത് ഒരു ചെറിയ കട്ട സോപ്പാണ്‌. അതു കിട്ടണമെങ്കിൽ ക്യൂ നില്ക്കണം. സോപ്പും വാങ്ങി, ഒരു കൈയിൽ തൊട്ടിയും മറ്റേക്കൈയിൽ തുണിയുമായി നിങ്ങൾ കുറുഞ്ചാങ്കുളം ചിറയിലേക്കോടുന്നു. കഴിഞ്ഞ കൊല്ലം ചെല്ലയ്യ ഈങ്ങനെ ക്യൂ നില്ക്കുകയായിരുന്നു. നാവിനു നല്ല മൂർച്ചയുള്ള ഒരു മിടുക്കൻ ചെറുക്കൻ. അവൻ തന്റെ ഊഴം വന്ന്പ്പോൾ ചോദിച്ചു, “കുറച്ചു കൂടി വലിയ കട്ട തന്നുകൂടേ? ഇതു  കൈ കഴുകാൻ പോലുമില്ല. രാവിലെ നോക്കുമ്പോൾ വെയിലത്തു ദേഹം മിനുങ്ങുന്നതു കാണാം- അലൂമിനിയം പൊടി പോയിട്ടുണ്ടാവില്ല.”

പറഞ്ഞു തീരും മുമ്പേ അഞ്ചു വിരലിന്റെയും പാട് കവിളത്തു വീഴ്ത്തിക്കോണ്ട് സീനിയർ അക്കൗണ്ടന്റിന്റെ കൈ അവന്റെ മുഖത്തു പതിച്ചു.

“നീ നിന്റെ കാര്യം നോക്കെടാ, നായേ! മുഴുക്കട്ട, അരക്കട്ട! എന്താ ധൈര്യം! നാളെ മുതൽ നീ പണിക്കു വരണ്ട.”

“എന്നാൽ കണക്കു തീർത്ത് എനിക്കു തരാനുള്ളതു താ. ഈ കുണ്ടല്ലെങ്കിൽ വേറൊരു കുണ്ട്.”

“നാളെ നിന്റെ തന്തയേയും വിളിച്ചുകൊണ്ടു വാ; അപ്പോൾ തരാം.”

“ജോലി ചെയ്തതു ഞാനാണ്‌, എന്റെ അച്ഛനല്ല.”

പാവം ചെല്ലയ്യ ഇപ്പോൾ തട്ടപ്പാറ ജൂവനൈൽ ജയിലിന്റെ അഴികളെണ്ണുകയാണ്‌- കമ്പനിയിൽ നിന്ന് ക്ളോറേറ്റ് കട്ടു വിറ്റതിന്‌. അവന്റെ പെങ്ങൾ ഇപ്പോൾ വേറൊരു കമ്പനിയിൽ ജോലി അന്വേഷിച്ചു നടക്കുന്നു. ക്ളോറേറ്റു കള്ളന്റെ പെങ്ങൾ എന്നാണ്‌ അവൾക്കിപ്പോൾ പേര്‌.

കുട്ടികളെ വീടുകളിലെത്തിക്കാനുള്ള ബസ് വന്ന് ഗെയ്റ്റിൽ കാത്തു കിടപ്പുണ്ടായിരുന്നു. മേലു കഴുകിയവരും പാതി കഴുകിയവരുമായ ആണും പെണ്ണും സീറ്റു കിട്ടാൻ വേണ്ടി ഇടിച്ചു കയറുകയായിരുന്നു. സന്ധ്യക്കു കിളികൾ ചേക്ക കൂട്ടുന്ന ആല്മരത്തിൽ നിന്നെന്ന പോലെയാണ്‌ കോലാഹലം ഉയർന്നുകൊണ്ടിരുന്നത്. നേരം വൈകുന്നു, എന്നിട്ടും സരോജയുടെയും ഷണ്മുഖയ്യയുടെയും പൊടി പോലുമില്ല. ചിറയ്ക്കപ്പുറത്തുള്ള തോട്ടത്തിൽ, പിച്ചിച്ചെടിക്കരികിൽ, രണ്ടു തൊട്ടികൾ അന്തിവെയിലേറ്റു തിളങ്ങുന്നുണ്ടായിരുന്നു. മദിപ്പിക്കുന്നതായിരുന്നു, പിച്ചിപ്പൂക്കളുടെ തീക്ഷ്ണഗന്ധം...

ഹോണടി കാതു തുളച്ചു കേറി.

പുറപ്പെടാനൊരുങ്ങിയ ബസ്സിനടുത്തേക്ക് കൈയും കലാശവും കാട്ടി ശങ്കരൻ പിള്ള ഓടിക്കിതച്ചു വന്നു. കുട്ടികൾ പുറത്തേക്കു തലയിട്ടു നോക്കി. ബസ്സ് മുരണ്ടുകൊണ്ടു നിന്നു.

“പോകാൻ വരട്ടെ! കൊച്ചു മുതലാളി ഇപ്പോൾ ഗോഡൗണിൽ നിന്നു വിളിച്ചിരുന്നു. അർജന്റായി പതിനായിരം പടക്കം വേണം. നാളെ രാവിലത്തെ ലോഡിനുള്ളതാണ്‌. തീർത്താൽ രൊക്കം കാശ്.”

രൊക്കം കാശ് എന്നു പറഞ്ഞാൽ ആഴ്ചയൊടുക്കം കണക്കു തീർത്തു കൂലി കിട്ടാൻ കാത്തിരിക്കേണ്ട എന്നാണർത്ഥം. കൈയിലേക്കു കാശു വന്നുവീഴുകയാണ്‌. വീടു വരെ പോകാനുള്ള ടിക്കറ്റിനു പുറമേ ചായ, ബണ്ണ്‌, പക്കാവട, സേവ ഇതൊക്കെ ഫ്രീ.

കുറച്ചു പേർ ഇറങ്ങി. ബാക്കിയുള്ളവരെയും കൊണ്ട് ബസ്സ് നീങ്ങി.

പായ്ക്കിംഗ് മുറിയിൽ അവർ വട്ടം കൂടി ഇരുന്നപ്പോൾ അതേ വരെ ഒളിപ്പിച്ചു വച്ചിരുന്ന പെട്രോമാക്സ് വിളക്കുകൾ പുറത്തേക്കു വന്നു. പടക്കക്കൂമ്പാരങ്ങൾക്കു ചുറ്റുമിരുന്ന് അവർ പായ്ക്കിംഗ് തുടങ്ങി.
“അണ്ണാച്ചീ, ഒരു ട്യൂബ് ലൈറ്റിടാൻ മുതലാളിയോടു പറഞ്ഞൂടേ? കണ്ണു കണ്ടു പണി ചെയ്യാമല്ലോ.”

“വായ മൂടെടാ മുണ്ടമേ! മാനേജരുടെ മുറിയിൽ പോലും കറണ്ടില്ല. വൈകിട്ടു നാലു മണി കഴിഞ്ഞാൽ വാച്ച്മാനല്ലാതെ ആരെയും ഇവിടെ കണ്ടുപോകരുതെന്നാണ്‌ ഇൻസ്പെക്ടർ പറയുന്നത്.”

“ഏയ്, മിക്കേലേ, തങ്കമാടാത്തീ, കുറച്ചു കൂടി അടുത്തിരിക്ക്. കതകു ശരിക്കടയ്ക്കട്ടെ. വെളിച്ചം കണ്ടാൽ ഏതെങ്കിലും റാസ്ക്കൽ പോലീസിനു ഫോൺ ചെയ്യും; അവരു പിന്നെ ജീപ്പും കൊണ്ടു വന്ന് ഒക്കെ പൂട്ടി സീലു വച്ചു പോവുകയും ചെയ്യും.ഇന്നുണ്ടാക്കുന്ന പടക്കം ഇന്നു തന്നെ ഗോഡൗണിലേക്കു പോകണമെന്നറിഞ്ഞുകൂടേ. അതാണു നിയമം. ഇവിടെ പക്ഷേ, ലോറി വാടക ലാഭിക്കാൻ വേണ്ടി കഴിഞ്ഞ പത്തു ദിവസം ഉണ്ടാക്കിയ പടക്കം ഇവിടെത്തന്നെ സ്റ്റോക്കു ചെയ്തിരിക്കുകയാണ്‌. അങ്ങനെ നമുക്ക് ഇതിന്റെ വാടക മാത്രം കൊടുത്താൽ മതി, ഗോഡൗൺ വാടക ലാഭവുമായി. പക്ഷേ പിടിച്ചാൽ പണി പോയി.”

പടക്കങ്ങൾ എണ്ണി നിറച്ച സഞ്ചികൾ ശങ്കരൻ പിള്ള സ്റ്റേപ്പിൾ ചെയ്ത് എണ്ണി പെട്ടിയിലാക്കുകയാണ്‌; സന്തോഷം കൊണ്ട് അയാളുടെ നെഞ്ചു തുള്ളുന്നുണ്ട്.

“അണ്ണാച്ചീ, സ്റ്റേപ്പിളു കഴിഞ്ഞു. പുതിയ പായ്ക്കറ്റു വേണം.”

“പടക്കമെണ്ണി ഒരു വശത്തു വയ്ക്ക്. ഞാൻ പോയി സ്റ്റേപ്പിൾ എടുത്തിട്ടു വരാം.”

പറഞ്ഞതും, അയാൾ തിരിച്ചുവന്നു. പക്ഷേ സ്റ്റേപ്പിളിന്റെ പായ്ക്കറ്റിനു പകരം അയാളുടെ കൈയിലുണ്ടായിരുന്നത് നാലഞ്ചു മെഴുകുതിരിയായിരുന്നു.

“സ്റ്റേപ്പിളു വാങ്ങിവച്ചതു തീർന്നു,” അയാൾ പറഞ്ഞു. “സ്റ്റോറിലുമില്ല.ഈ മെഴുകുതിരി കത്തിച്ചിട്ട്, പായ്ക്കറ്റു മടക്കി പതുക്കെ അതിൽ കാണിയ്ക്ക്. പ്ളാസ്റ്റിക്ക് ബാഗുരുകി സീലായിക്കോളും. ഇനി ഒരായിരം പായ്ക്കറ്റു കൂടി മതി. ബാഗ് ശരിക്കു കുലുക്കി പടക്കം ഉള്ളിലാക്കണം. തിരി അല്പമെങ്കിലും പുറത്തു ഞാന്നു കിടന്നാൽ നമ്മുടെ കഥ കഴിഞ്ഞു!”
ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായി. പിന്നാലെ ഒന്നൊന്നായി പൊട്ടിത്തെറികൾ കേട്ടു. കനത്ത പുകയിൽ പെട്ടുപോയതു കൊണ്ട് അടച്ചിട്ട വാതിലുകൾ അവർക്കു കണ്ടെത്താൻ കഴിഞ്ഞില്ല. അവർക്കതു തുറക്കാൻ പറ്റിയില്ല.

പൊട്ടിത്തെറിക്കുന്ന പടക്കങ്ങളുടെ ഗർജ്ജനത്തിൽ നിലവിളികൾ മുങ്ങിപ്പോയി. കത്തിച്ചാരമായ ജീവിതങ്ങൾ. രാവിലെയായപ്പോൾ മറ്റു പടക്കങ്ങൾക്കൊപ്പം എട്ടു കുട്ടിപ്പടക്കങ്ങളും ആറു മുതിർന്ന പടക്കങ്ങളും മൂന്ന് വയസ്സൻ പടക്കങ്ങളും ചാരമായിക്കഴിഞ്ഞിരുന്നു. അഞ്ചു പെൺപടക്കങ്ങളുണ്ടായിരുന്നത് തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ കത്തിച്ചാമ്പലായിരുന്നു.


11866436_1127757383920215_7836735840686565731_n
ചോ ധർമ്മൻ - തിരുനെൽവേലി-കോവിൽപ്പെട്ടി ഭാഗത്തെ ഗന്ധകം ചുവയ്ക്കുന്ന കരിമണ്ണിന്റെ എഴുത്തുകാരൻ. തുണിമിൽ ജോലിക്കാരനായിരുന്നു.  ‘കൂമൻ’ എന്ന നോവൽ പ്രസിദ്ധമാണ്‌. ‘പടക്കങ്ങൾ’ ശിവകാശിയിലെ പടക്കനിർമ്മാണവ്യവസായത്തിൽ പണിയെടുക്കുന്ന കുട്ടികളുടെ കഥ പറയുന്നു. കുട്ടിക്കാലത്ത് താനും ഇതേ പോലൊരു ഫാക്റ്ററിയിൽ പണിയെടുത്തിരുന്നുവെന്ന് ചോ ധർമ്മൻ പറയുന്നു. “ഈ കഥയിൽ ബൗദ്ധികമാനങ്ങൾ വരാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്; കാരണം, ജ്വലിക്കുന്ന ഹൃദയമാണ്‌ കർമ്മത്തിനു തുടക്കമിടുന്നതെന്ന് എനിക്കറിയാം...”
(2015ലെ മാതൃഭുമി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

ഫ്രീഡ്രിഷ് റിക്കെർട്ട് - നിങ്ങളെന്നെ സ്നേഹിക്കുന്നത്...


സൗന്ദര്യത്തിന്റെ പേരിലാണ്‌
നിങ്ങളെന്നെ സ്നേഹിക്കുന്നതെങ്കിൽ
വേണ്ട, സ്നേഹിക്കേണ്ടെന്നെ!
സൂര്യനെ സ്നേഹിക്കൂ,
പൊന്മുടിയിഴകളവൾക്കുണ്ടല്ലോ!

യൗവനത്തിന്റ് പേരിലാണ്‌
നിങ്ങളെന്നെ സ്നേഹിക്കുന്നതെങ്കിൽ
വേണ്ട, സ്നേഹിക്കേണ്ടെന്നെ!
വസന്തത്തെ സ്നേഹിക്കൂ,
എന്നും യൗവനയുക്തയാണവൾ!

സമ്പത്തിന്റെ പേരിലാണ്‌
നിങ്ങളെന്നെ സ്നേഹിക്കുന്നതെങ്കിൽ
വേണ്ട, സ്നേഹിക്കേണ്ടെന്നെ!
ഒരു മത്സ്യകന്യകയെ സ്നേഹിക്കൂ,
എത്രയും തെളിഞ്ഞ മുത്തുകളവൾക്കുണ്ടാവും!

സ്നേഹത്തിന്റെ പേരിലാണ്‌
നിങ്ങളെന്നെ സ്നേഹിക്കുന്നതെങ്കിൽ,
എങ്കിൽ, ഹാ, എന്നെ സ്നേഹിക്കൂ!
എന്നുമെന്നുമെന്നെ സ്നേഹിക്കൂ,
അതിലുമേറെ നിങ്ങളെ ഞാൻ സ്നേഹിക്കാം!


ഫ്രീഡ്രിഷ് റിക്കെർട്ട് Friedrich Ruckert (1788-1836)- ജർമ്മൻ കവിയും വിവർത്തകനും പൗരസ്ത്യഭാഷാപണ്ഡിതനും. മുപ്പതു ഭാഷകൾ അദ്ദേഹത്തിനറിയാമായിരുന്നു. പൗരസ്ത്യഭാഷകളിൽ നിന്നുള്ള കവിതാവിവർത്തനങ്ങളും ആറു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ച Die Weisheit des Brahmanen (The Wisdom of the Brahmins)എന്ന പഠനവുമാണ്‌ അദ്ദേഹത്തിന്റെ മുഖ്യമായ കൃതികൾ. അദ്ദേഹത്തിന്റെ കവിതകൾക്ക് ഷൂബെർട്ട്, റോബർട്ട് ഷൂമൻ, ക്ളാര ഷൂമൻ, മാഹ്‌ലർ, ബ്രാംസ്, റിച്ചാർഡ് സ്ട്രൗസ് തുടങ്ങി പല സംഗീതജ്ഞരും ഗാനരൂപം നല്കിയിട്ടുണ്ട്. liebst du um schonheit എന്ന ഈ കവിതയ്ക്ക് മാഹ്‌ലറും ക്ളാര ഷൂമന്നും നല്കിയ സംഗീതരൂപങ്ങൾ പ്രസിദ്ധമാണ്‌.



Liebst du um Sch�nheit
If you love for beauty,
O nicht mich liebe!
you won�t love me.
Liebe die Sonne,
Love the sun instead,
Sie tr�gt ein gold'nes Haar!
she has golden hair.
Liebst du um Jugend
If you love for youth,
O nicht mich liebe!
you won�t love me.
Liebe den Fr�hling
Love springtime instead,
Der jung ist jedes Jahr!
she stays young each year.
Liebst du um Sch�tze,
If you love for money,
O nicht mich liebe!
you won�t love me.
Liebe die Meerfrau,
Love the mermaid instead,
Sie hat viel Perlen klar.
she has many fine pearls.
Liebst du um Liebe,
If you love for love,
O ja mich liebe!
then, yes, love me.
Liebe mich immer,
Love me forever.
Dich lieb� ich immerdar!
and I will love you as long.

2016, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

ലാംഗ്സ്റ്റൺ ഹ്യൂഗ്സ്–3 - പ്രണയത്തെക്കുറിച്ചുള്ള കവിതകള്‍

langston hughes1



1. വശ്യത


ആപ്പിൾപ്പഴത്തിന്റെ കഴമ്പു പോലെ വെളുത്തതാണവളുടെ പല്ലുകൾ.
മൂത്തുപഴുത്ത പ്ളം പഴം പോലിരുണ്ടുചുവന്നതാണവളുടെ ചുണ്ടുകൾ.
അവളെ ഞാൻ പ്രേമിക്കുന്നു.
അവളുടെ മുടിക്കെട്ടൊരു പാതിരാക്കൂന, ഇരുളിന്റെ നിറമായൊരു പരിവേഷം.
അവളെ ഞാൻ പ്രേമിക്കുന്നു.
 
അവളെച്ചുംബിക്കാനെനിക്കു മോഹം,
ശരല്ക്കാലത്തെ ഓക്കില പോലെ തവിട്ടുനിറമാണവളുടെ ചർമ്മത്തിനെന്നതിനാൽ,
അതിലൊന്നുകൂടി മിനുസമാണവളുടെ നിറമെന്നതിനാൽ.

2. ചുമര്‍ ചിത്രങ്ങള്‍


എന്റെ പഴയ, പഴയ സ്വപ്നങ്ങളെക്കുറിച്ചു ഞാൻ നിന്നോടു പറയട്ടെയോ,
ഈ ലോകഗോളത്തിന്റെ വിചിത്രമായ ഭ്രമണങ്ങളിൽ നഷ്ടമായവ?
തിരകൾ പതഞ്ഞുയരുമ്പോൾ കടലിൽ മുങ്ങിത്താണവ ചിലവ,
ഒരു മച്ചുമ്പുറത്തെ മുറിയിൽ മെഴുകുതിരിവെട്ടത്തിലുരുകിത്തീർന്നവ ചിലവ.

ഞാൻ മറന്ന, കയ്ക്കുന്ന സ്വപ്നങ്ങളെക്കുറിച്ചു ഞാൻ പറയട്ടെയോ,
ഇപ്പോഴുമെത്രയും  ചെറുപ്പമായ, എത്രയും ചെറുപ്പമായവളേ?
വിടർന്ന, പാടുന്ന, പാടലമായ കണ്ണുകളുള്ളവളേ,
നാവിൻ തുമ്പിൽ ചിരി മുട്ടിനില്ക്കുന്നവളേ.

എന്റെ തളർന്ന, തളർന്ന സ്വപ്നങ്ങളെക്കുറിച്ചു ഞാൻ പറയട്ടെയോ,
ഇനിയുമൊരു സ്വപ്നവും നഷ്ടമാവാത്തവളേ?
അതോ ഞാൻ നാവുമടക്കി മിണ്ടാതിരിക്കട്ടെയോ,
ചുമരിൽ പതിയട്ടെ, എന്റെ വികൃതചിത്രങ്ങളെന്നും കരുതി?

3. കവിത


ഞാനവനെ പ്രേമിച്ചു.
അവനകന്നും പോയി.
ഇനിയൊന്നും പറയാനില്ല.
കവിത തീരുന്നു,
തുടങ്ങിയ പോലെ തന്നെ
സൌമ്യമായി-
ഞാനവനെ പ്രേമിച്ചു.

4. പ്രണയഗാനം, അന്റോണിയയ്ക്ക്


  എന്റെ ഗാനങ്ങളൊക്കെ നിനക്കായി ഞാൻ പാടിയിട്ടും
നീയതിനു കാതു കൊടുക്കില്ലെന്നിരിക്കട്ടെ,
എന്റെ സ്വപ്നഗൃഹങ്ങളൊക്കെ നിനക്കായി ഞാൻ പണിതിട്ടും
നീയതിൽ താമസിക്കാനൊരിക്കലും വരില്ലെന്നിരിക്കട്ടെ,
എന്റെ മോഹങ്ങളൊക്കെയും നിനക്കു ഞാൻ തന്നാലും
ആർക്കു വേണമിതൊക്കെയെന്നു പറഞ്ഞു നീ
ചിരിച്ചുതള്ളിയെന്നിരിക്കട്ടെ,
അപ്പോഴും നിനക്കുള്ളതായിരിക്കും എന്റെ പ്രണയം,
എന്റെ ഗാനങ്ങളെക്കാളുമധികമായത്,
എന്റെ സ്വപ്നഗൃഹങ്ങളെക്കാളുമധികമായത്,
എന്റെ ഗൃഹസ്വപ്നങ്ങളെക്കാളുമധികമായത്-
നിനക്കുള്ളതായിരിക്കും അപ്പോഴുമെന്റെ പ്രണയം,
എന്നെ കണ്ണെടുത്തു നോക്കില്ല നീയെങ്കിൽക്കൂടി.

5. പ്രണയാഭ്യർത്ഥന


  വലിയ കാര്യങ്ങൾ നിനക്കു ഞാൻ കൊണ്ടുതരാം:
പുലരിയുടെ ചായങ്ങൾ,
പനിനീർപ്പൂക്കളുടെ സൌന്ദര്യം,
ആളിക്കത്തുന്നൊരു പ്രണയവും.

നീ പറഞ്ഞു,
ഇതൊന്നും വലിയ കാര്യങ്ങളല്ലെന്ന്,
പണമാണു കാര്യമെന്ന്.

ആവട്ടെ,
എന്നാൽ പണവുമായി ഞാൻ വരാം.
പിന്നെ നീ ചോദിക്കരുത്,
എവിടെ പനിനീർപ്പൂക്കളുടെ സൌന്ദര്യമെന്ന്,
പുലരിയുടെ ചായങ്ങളെന്ന്,
ആളിക്കത്തുന്ന പ്രണയമെന്ന്.

6. മണവാട്ടി


അവർ പറയുന്നു അവൾ മരിച്ചുവെന്ന്,-
എനിക്കതറിയില്ല,
അവർ പറയുന്നു അവൾ ദുഃഖിച്ചുമരിച്ചുവെന്ന്,
മരണത്തിന്റെ കളിമൺകറുപ്പായ കൈകളിൽ
അവളാശ്വാസം തേടിയെന്ന്,
പ്രണയരഹിതമായ നിദ്രയിൽ
പ്രണയവേദനയിൽ നിന്നവൾ സാന്ത്വനം തേടിയെന്ന്.

7. നഗ്നയായ യുവനർത്തകി


നീ കിടന്നുറങ്ങിയതേതു കാട്ടുമരത്തിനടിയിൽ,
ജാസിന്റെ താളം ചവിട്ടുന്ന പാതിരാനർത്തകീ?
നിന്റെ വള്ളിക്കുടിലിനു മേലൊരു മൂടുപടം പോലെ
ഏതു പെരുംകാടതിന്റെ പരിമളം പുതച്ചു?

നീ കിടന്നുറങ്ങിയതേതു കാട്ടുമരത്തിനടിയിൽ,
അരക്കെട്ടുലയ്ക്കുന്ന രാക്കറുമ്പിപ്പെണ്ണേ?
ഏതമ്പിളിക്കല നിനക്കു പെറ്റമ്മയായി?
ഏതു ചെറുക്കനു നീ നിന്റെ ചുണ്ടുകള്‍ സമ്മാനിച്ചു?

8. മൃഗപരിശീലകൻ


  മൃഗപരിശീലകനാണു പ്രണയം.
ജീവിതം ഒരു സര്‍ക്കസ് കൂടാരവും.
 
എന്തു പൊട്ടപ്പാട്ടാണു താനിപ്പാടുന്നത്?
മൃഗപരിശീലകനാണു പ്രണയം.

പേടിയാണെനിക്ക്!
പേടിയാണു പ്രണയത്തെ
പ്രണയത്തിന്റെ നീറ്റുന്ന ചാട്ടയെ!
പേടി,
പേടിയാണു പ്രണയത്തെ
പ്രണയത്തിന്റെ  കുത്തുന്ന കൂര്‍ത്ത ചാട്ടയെ!

എന്തു പൊട്ടപ്പാട്ടാണു താനിപ്പാടുന്നത്?
മൃഗപരിശീലകനാണു പ്രണയം.

9. പ്രണയഗാനം, ലൂസിന്ദായ്ക്ക്

പ്രണയം
ചോരച്ചുവപ്പായൊരു മരത്തിൽ
മൂത്തുപഴുത്തൊരു പ്ളം പഴം.
ഒരിക്കലതൊന്നു രുചിച്ചാൽ
അതിന്റെ വശ്യത്തിൽ നിന്നു
മോചിതനാവില്ല നിങ്ങൾ.

പ്രണയം
തെക്കൻ മാനത്തു മിന്നുന്ന
ദീപ്തനക്ഷത്രം.
ഏറെ നേരം നോക്കിനിന്നാൽ
അതിന്റെ എരിനാളങ്ങൾ
നിങ്ങളുടെ കണ്ണുകൾ പൊള്ളിക്കും.

പ്രണയം
കാറ്റു പിടിച്ച മാനത്ത്
കൊത്തിവച്ച പോലൊരു പർവതം.
കിതയ്ക്കരുതധികമെന്നുണ്ടെങ്കിൽ
അധികമുയരത്തിൽ
കയറുകയുമരുത്.

10. ആർഡെല്ലാ

താരകളില്ലാത്ത രാത്രിയോടു
നിന്നെ ഞാനുപമിച്ചേനെ,
നിന്റെ കണ്ണുകളില്ലായിരുന്നുവെങ്കിൽ.
സ്വപ്നങ്ങളില്ലാത്ത നിദ്രയോടു
നിന്നെ ഞാനുപമിച്ചേനെ,
നിന്റെ ഗാനങ്ങളില്ലായിരുന്നുവെങ്കിൽ.

11. പാതിരാനർത്തകി

ജാസ്സിന്റെ ശ്രുതി ചേരുന്ന രാത്രിയില്‍
മദിര പകരുന്നവളേ,
ചെമന്ന മഞ്ഞുതുള്ളി പോ-
ലധരം മധുരിക്കുവോളേ,
ഇരുമുലകൾ
മധുരസ്വപ്നങ്ങളുടെ മൃദൂപധാനങ്ങളായവളേ,
ആഹ്ളാദത്തിന്റെ മുന്തിരിപ്പഴങ്ങൾ പിഴി-
ഞ്ഞാരതു നിന്മേലിറ്റിച്ചു?

12. തൃഷ്ണ

തൃഷ്ണ നമുക്ക്
ഒരിരട്ടമരണമായിരുന്നു,
നമ്മുടെ കലർന്ന നിശ്വാസങ്ങളുടെ ത്വരിതമരണം;
അജ്ഞാതമായൊരു വിചിത്രപരിമളത്തിന്റെ
ബാഷ്പീകരണം,
നാമിരുവർക്കിടയിൽ,
നഗ്നമായൊരു മുറിയിൽ.

13. ആനിയ്ക്കൊരു കത്ത്

നീ പോയതിൽപ്പിന്നെ, ആനീ,
നിന്നെയല്ലാതൊന്നും ഞാൻ കണ്ടിട്ടില്ല.
ഓരോ നാളും
നിന്റെ മുഖമായിരുന്നു,
ഓരോ രാവും
നീ നീട്ടിയ കൈയായിരുന്നു,
ഓരോ വഴിയും
നീ എന്നെ വിളിയ്ക്കുന്നതായിരുന്നു..
ഓരോ കല്ലും ഓരോ പൂവും മരവും
നിന്റെ സ്പർശമായിരുന്നു.
എവിടെയും
നിന്നെയല്ലാതൊന്നും ഞാൻ കണ്ടിട്ടില്ല,
ആനീ.

14. തങ്ങിനിൽക്കാത്ത പ്രണയം

നീയൊരു ഗാനമാണെനിക്കെന്നതിനാൽ
പാടിനീട്ടരുതു നിന്നെ ഞാൻ.

നീയൊരു പ്രാർത്ഥനയാണെനിക്കെന്നതിനാൽ
എവിടെയും വച്ചു പറയരുതു നിന്നെ ഞാൻ.

നീയൊരു പനിനിർപ്പൂവാണെനിയ്ക്കെന്നതിനാൽ-
വേനൽ പോയാൽ ശേഷിക്കുകയുമില്ല നീ.

15. ശലോമിക്ക്


ഒരു മധുരവുമില്ല
ചൂടറ്റതും
മരിച്ചതുമായൊരധരത്തിന്റെ
ചുംബനത്തിന്‌.
തൃഷ്ണയുടെ
ജ്വലിക്കുന്ന നിർവൃതി പോലും
ചിതയില്‍
ചാരമാവുന്നു.
ശലോമീ
മദിര പോലധരം ചുവന്നവളേ,
മരിച്ച തല കൊണ്ടു നിയെന്തു ചെയ്യാന്‍?

16. കാരണമെന്തെന്നാൽ


ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ-
അതു തന്നെയാണു കാരണം
എന്റെയുള്ളാകെ നിറങ്ങളാവാൻ
ഒരു പൂമ്പാറ്റയുടെ ചിറകുകൾ പോലെ.

ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ-
അതു തന്നെയാണു കാരണം
ആലില പോലെന്റെ ഹൃദയം വിറക്കൊള്ളാൻ
നീയരികിലൂടെപ്പോകുമ്പോൾ.

17. പാർക്ക് ബഞ്ച്


ഞാൻ ജീവിക്കുന്നത് ഒരു പാർക്ക് ബഞ്ചിൽ.
നീ, പാർക്ക് അവന്യൂവിൽ.
എന്തു മാതിരി ദൂരമാണെന്നോ
നാമിരുവർക്കുമിടയിൽ!

ഞാൻ അത്താഴത്തിനിരക്കും-
നിനക്ക് പാചകക്കാരനുണ്ട്, വേലക്കാരിയുമുണ്ട്.
ഞാൻ പക്ഷേ, ഉണരുകയാണെന്നേ!
പറയൂ, നിനക്കു പേടിയില്ലേ,

ഞാൻ ഒരുവേള, ഒരുവേളയാണേ,
ഒന്നോ രണ്ടോ കൊല്ലത്തിനുള്ളിൽ
പാർക്ക് അവന്യൂവിലേക്കു
താമസം മാറ്റുമെന്ന്?

18. പാട്ടുകള്‍


അവൾക്കു പാടിക്കൊടുത്തുകൊ-
ണ്ടിരുട്ടത്തു ഞാനിരുന്നു.

അവൾ പറഞ്ഞു:
വാക്കുകളെനിക്കു പിടികിട്ടുന്നില്ല.

ഞാൻ പറഞ്ഞു,
വാക്കുകളില്ലല്ലോ.



langston hughes2
1. Fascination
Her teeth are as white as the meat of an apple,
Her lips are like dark ripe plums.
I love her.
Her hair is a midnight mass, a dusky aurora.
I love her.
And because her skin is the brown of an oak leaf in autumn, but a softer color,
I want to kiss her.

2. Pictures to the Wall
Shall I tell you of my old, old dreams
Lost at the earth's strange turnings,
Some in the sea when the waves foamed high,
Some in a garret candle's burnings?
Shall I tell you of bitter, forgotten dreams —
You who are still so young, so young?
You with your wide brown singing eyes
And laughter at the tip of your tongue.
Shall I tell you of weary, weary dreams, —
You who have lost no dreams at all,
Or shall I keep quiet and let turn
My ugly pictures to the wall?

3. Poem

“I loved my friend
He went away from me
There's nothing more to say
The poem ends,
Soft as it began-
I loved my friend.”


4. Love Song for Antonia
If I should sing
All of my songs for you
And you would not listen to them,
If I should build
All of my dream houses for you
And you would never live in them,
If I should give
All of my hopes to you
And you would laugh and say: I do not care,
Still I would give you my love
Which is more than my songs,
More than any houses of dreams,
Or dreams of houses —
I would still give you my love
Though you never looked at me.

5. A Wooing
I will bring you big things:
Colors of dawn-morning,
Beauty of rose leaves,
And a flaming love.
But you say
Those are not big things,
That only money counts.
Well,
Then I will bring you money.
But do not ask me
For the beauty of rose leaves,
Nor the colors of dawn-morning,
Nor a flaming love.

7. Nude Young Dancer
What jungle tree have you slept under,
Midnight dancer of the jazzy hour?
What great forest has hung its perfume
Like a sweet veil about your bower?
What jungle tree have you slept under,
Night-dark girl of the swaying hips?
What star-white moon has been your mother?
To what clean boy have you offered your lips?

8. The Ring
Love is the master of the ring
And life a circus tent.
What is this silly song you sing?
Love is the master of the ring.
I am afraid!
Afraid of Love
And of Love's bitter whip!
Afraid,
Afraid of Love
And Love's sharp, stinging whip.
What is this silly song you sing?
Love is the master of the ring.

9. Love Song for Lucinda
Love
Is a ripe plum
Growing on a purple tree.
Taste it once
And the spell of its enchantment
Will never let you be.
Love
Is a bright star
Glowing in far Southern skies.
Look too hard
And its burning flame
Will always hurt your eyes.
Love
Is a high mountain
Stark in a windy sky.
If you
Would never lose your breath
Do not climb too high.

10. Ardella
I would liken you
To a night without stars
Were it not for your eyes.
I would liken you
To a sleep without dreams
Were it not for your songs.

11. Midnight Dancer
(To a Black Dancer in " The Little Savoy " )
Wine-maiden
Of the jazz-tuned night,
Lips
Sweet as purple dew,
Breasts
Like the pillows of all sweet dreams,
Who crushed
The grapes of joy
And dripped their juice
On you?

12. Desire
Desire to us
Was like a double death,
Swift dying
Of our mingled breath,
Evaporation
Of an unknown strange perfume
Between us quickly
In a naked
Room.

13. A Letter to Anne
Since I left you, Anne,
I have seen nothing but you.
Every day
Has been your face,
And every night your hand
And every road
Your voice calling me.
And every rock and every flower and tree
Has been a touch of you.
Nowhere
Have I seen anything else but you,

14. Passing Love
Because you are to me a song
I must not sing you over-long.
Because you are to me a prayer
I cannot say you everywhere.
Because you are to me a rose —
You will not stay when summer goes.

15. For Salome
There
Is no sweetness
In the kiss
Of a mouth
Unwarm and dead,
And even passion's
Flaming bliss
Turns ashen
In a charnel bed.
Salome
Of the wine-red lips,
What would you with death's head?

16. Reason Why
Just because I loves you -
that's de reason why
Ma soul is full of color
Like de wings of a butterfly.
Just because I loves you
That's de reason why
Ma heart's a fluttering aspen leaf
when you pass by.

17. Park Bench
I live on a park bench.
You, Park Avenue.
Hell of a distance
Between us two.
I beg a dime for dinner—
You got a butler and maid.
But I’m wakin’ up!
Say, ain’t you afraid
That I might, just maybe,
In a year or two,
Move on over
To Park Avenue?

18. Songs
I sat there singing her
Songs in the dark.
She said;
'I do not understand
The words'.
I said;
'There are
No words'.

ലാംഗ്സ്റ്റൺ ഹ്യൂഗ്സ്–2 - മരണത്തെക്കുറിച്ചുള്ള കവിതകള്‍

langston-hughes-1



1. വഴികൾ


കൈത്തണ്ടയിലൊറ്റക്കീറൽ,
ഒരു കവിളമ്ളത്തിന്റെ പൊള്ളൽ,
തലയ്ക്കുള്ളിലൊരുണ്ടയുടെ വെടിയ്ക്കൽ-
മരണം അമ്മയെപ്പോലെ വരുന്നു,
നമ്മെ വാരിയെടുക്കാൻ.

2. ആത്മഹത്യാക്കുറിപ്പ്‌


പുഴയുടെ
ശാന്തമായ
തണുത്ത മുഖം
എന്നോടൊരു
ചുംബനം ചോദിച്ചു.

3. കടുംചെമപ്പിൽ ഒരു ഫന്റാസിയ


ദുരന്തത്തിന്റെ ചെണ്ടകളെനിക്കായി മുഴക്കൂ.
ദുരന്തത്തിന്റെയും മരണത്തിന്റെയും ചെണ്ടകൾ മുഴക്കൂ.
ഗായകസംഘമൊരു പ്രചണ്ഡഗാനമാലപിക്കട്ടെ,
എന്റെ പ്രാണൻ കുറുകുന്ന ശബ്ദമതിൽ മുങ്ങിത്താഴട്ടെ.

ദുരന്തത്തിന്റെ ചെണ്ടകളെനിക്കായി മുഴക്കൂ,
വിളംബതാളത്തിൽ വെളുത്ത വയലിനുകൾ മുരളട്ടെ,
ഗർജ്ജിക്കുന്ന കാഹളമൊടുവിലൊരു സൌരസ്വരവുമൂതട്ടെ,
ഞാൻ പോകുന്ന
         തമസ്സിലേ-
                ക്കെനിയ്ക്കൊരു കൂട്ടായി.

4. അധ്യാപകൻ


നക്ഷത്രങ്ങൾ പോലെയാണാദർശങ്ങൾ,
നമ്മുടെ കൈയെത്തുന്ന ദൂരത്തല്ലവ.
പഠിക്കാൻ എളിമയോടെ ഞാൻ ശ്രമിച്ചു,
ഞാൻ പഠിപ്പിച്ചതതിലുമെളിമയോടെ.

നേരുള്ളതായ നന്മകളൊക്കെ
മുറുകെപ്പിടിക്കാൻ ഞാൻ ശ്രമിച്ചിരുന്നു.
നല്ലവനാവണമെന്നെനിക്കുണ്ടായിരുന്നു,
അതുകൊണ്ടാത്മാവൊന്നു ഞെരുങ്ങിയെങ്കിലും.

ഇന്നു തണുത്ത മണ്ണിനടിയിൽ ഞാൻ കിടക്കുന്നു,
കണ്ട സ്വപ്നങ്ങളൊക്കെ ഞാൻ മറന്നും കഴിഞ്ഞു.
ഈ മണ്ണു പാകിയ ഇടുങ്ങിയ കിടക്കയിൽ
വെളിച്ചം പകരാൻ ഒരു വിളക്കിന്റെ നാളവുമില്ല .

ഈ മണ്ണു പാകിയ ഇടുങ്ങിയ കിടക്കയിൽ
നക്ഷത്രത്തരികളൊരിക്കലും ചിതറിവീഴില്ല.
ഓർക്കുമ്പോൾ ഞാനൊന്നു വിറ കൊള്ളുന്നു:
ഒന്നിലും കാര്യമില്ലെന്നിരുട്ടെന്നെപ്പഠിപ്പിച്ചാലോ?

5. പുതുവർഷം


നിത്യത എന്ന
തലപ്പറ്റ മരത്തിൽ നിന്ന്
പഴുക്കിലകൾ പോലെ
വർഷങ്ങൾ കൊഴിയുന്നു.
ഒരില കൂടി കൊഴിഞ്ഞെങ്കിൽ
അതത്ര വലിയ കാര്യമാണോ?

6. ചിതാലേഖനം


ഈ കുഴിമാടത്തിൽ കിടക്കുന്നത്,
അതെ, ഞാൻ തന്നെ.
നിങ്ങളെന്തിനു ചിരിക്കുന്നു, നല്ലവരേ,
അല്ലെങ്കിലെന്തിനു കരയുന്നു?
ഈ കുഴിമാടത്തിൽ കിടക്കുന്നത്
എന്നിലധികമൊന്നുമല്ലെന്നേ.

7. രോഗി കിടക്കുന്ന മുറി


എന്തു നിശബ്ദതയാണിവിടെ,
രോഗി കിടക്കുന്ന ഈ മുറിയിൽ.
മരണവും ജീവിതവുമെന്ന കാമുകർക്കിടയിൽ
ഉരിയാട്ടമില്ലാതെ ഒരു സ്ത്രീ കിടക്കുന്നു-
വേദനയെന്ന ഒറ്റവിരിപ്പു കൊണ്ട്
മൂന്നുപേരെയും മൂടിയിരിക്കുന്നു.

8. പാരീസിലെ ഭിക്ഷക്കാരി


ഒരിക്കൽ നീ ചെറുപ്പമായിരുന്നു
ഇന്നു തണുപ്പത്തു കൂനിപ്പിടിച്ചിരിക്കുമ്പോൾ
നിനക്കു പ്രായമേറിയെന്നത്
ആരും കാര്യമാക്കുന്നേയില്ല.

ഒരിക്കൽ നീ സുന്ദരിയായിരുന്നു.
ഇന്ന്, ഈ തെരുവിൽ
ആരുമോർമ്മിക്കുന്നില്ല
നിന്റെയധരം മധുരിച്ചിരുന്നുവെന്ന്.

ഹാ, ഫൊണ്ടെയ്ൻ തെരുവില്‍
വാടിവീണ കിഴവീ,
മരണമല്ലാതാരുമില്ല
ഇനി നിന്നെ ചുംബിക്കാൻ.


9. ആനി സ്പെൻസറുടെ  മേശ


ആനി സ്പെൻസറുടെ മേശപ്പുറത്ത്
മുന കൂർപ്പിക്കാതെ ഒരു പെൻസിൽ-
തനിക്കെഴുതാനറിയുന്ന പലതും
അവളെഴുതാതെ വിട്ടപോലെ.

10. മേട


മരണമെന്ന മേടയിലേ-
ക്കാത്മാവു കയറിപ്പോകുന്നു,
ഒരു നിമിഷം ധ്യാനിച്ചിരിക്കാൻ-
ആ നിമിഷം തീരുന്നുമില്ല.

11. മരിക്കാൻ കിടക്കുന്ന ജന്തു



മരണം മണത്ത കഴുകന്മാർ
പറന്നെത്തുന്നു-
കാറ്റിനും വെയിലിനുമടിയിൽ
ഉടലിന്റെ അന്ത്യയുദ്ധം അവർ കാണുന്നുണ്ട്-
കടന്നുപോവുന്ന തെന്നലിനെ,
പരിധിയറ്റ മാനത്തെ
യാതനയുടെ കണ്ണു കൊണ്ടു നോക്കുന്ന
അവസാനത്തെ നോട്ടം അവർ കാണുന്നുണ്ട്-
മരണം മണത്ത കഴുകന്മാർ
തലയ്ക്കു മേൽ കാത്തിരിക്കുന്നു,
ആ നിശ്ചലനിമിഷത്തിനായി
ജീവൻ
മരിക്കുന്ന
നിമിഷം.

12. വ്യക്തിപരം


വ്യക്തിപരം
എന്നു കുറിച്ച ഒരു കവറിൽ
ദൈവം എനിക്കൊരു കത്തയച്ചു.
വ്യക്തിപരം
എന്നു കുറിച്ച ഒരു കവറിൽത്തന്നെ
ഞാൻ മറുപടി അയച്ചിട്ടുമുണ്ട്.

13. അന്ത്യം


ചുമരിൽ
ഘടികാരമില്ല,
കാലമില്ല,
പകലും രാത്രിയും
നിലം താണ്ടുന്ന
നിഴലുകളുമില്ല.
വാതിലിനു വെളിയിൽ
വെളിച്ചമില്ല,
ഇരുട്ടില്ല.
വാതിലുമില്ല!

14. ഒടുവിലത്തെ വളവ്


വളവു തിരിഞ്ഞു ചെല്ലുമ്പോൾ
എതിരേ വരുന്നതു നിങ്ങൾ തന്നെയാണെങ്കിൽ
തിരിയാനിനിയൊരു വളവുമില്ലെന്ന്
നിങ്ങൾക്കു മനസ്സിലാവുന്നു.


  LangstonHughe
1. Ways
A slash of the wrist,
A swallow of scalding acid,
The crash of a bullet through the brain —
And Death comes like a mother
To hold you in her arms.
 
2. Suicide’s Note
The calm,
Cool face of the river
Asked me for a kiss.
 
3. Fantasy in Purple
Beat the drums of tragedy for me.
Beat the drums of tragedy and death.
And let the choir sing a stormy song
To drown the rattle of my dying breath.
Beat the drums of tragedy for me,
And let the white violins whir thin and slow,
But blow one blaring trumpet note of sun
To go with me
to the darkness
 
4. Teacher
Ideals are like the stars,
Always above our reach.
Humbly I tried to learn,
More humbly did I teach.
On all honest virtues
I sought to keep firm hold.
I wanted to be a good man
Though I pinched my soul.
But now I lie beneath cool loam
Forgetting every dream;
And in this narrow bed of earth
No lights gleam.
In this narrow bed of earth
Star-dust never scatters,
And I tremble lest the darkness teach
Me that nothing matters.
 
5. New Year
The years
Fall like dry leaves
From the top-less tree
Of eternity.
Does it matter
That another leaf has fallen?
 
6. Epitaph
Within this grave lie,
Yes, I.
Why laugh, good people,
Or why cry?
Within this grave
Lies nothing more
 
7. Sick Room
How quiet
It is in this sick room
Where on the bed
A silent woman lies between two lovers-
Life and Death,
And all three covered with a sheet of pain.
 
8. Parisian Beggar Woman
Once you were young.
 Now, hunched in the cold,
 Nobody cares 
That you are old.

  Once you were beautiful. 
Now, in the street,
 No one remembers
 Your lips were sweet. 

 Oh, withered old woman
 Of rue Fontaine,
 Nobody but death 
Will kiss you again. 
 
9. Anne Spencer’s Table
On Anne Spencer's table
There lies an unsharpened pencil—
As though she has left unwritten
Many things she knows to write.
 
10. Tower
Death is a tower
To which the soul ascends
To spend a meditative hour—
That never ends.
 
11.Dying Beast
Sensing death,
The buzzards gather —
Noting the last struggle
Of flesh under weather,
Noting the last glance
Of agonized eye
At passing wind
And boundless sky.
Sensing death,
The buzzards overhead
Await that still moment
When life —
Is dead.
 
12. Personal
In an envelope marked:
PERSONAL
God addressed me a letter.
In an envelope marked:
PERSONAL
I have given my answer.
 
13. End
There are
No clocks on the wall,
And no time,
No shadows that move
From dawn to dusk
Across the floor.
There is neither light
Nor dark
Outside the door.
There is no door!
 
14. Final Curve
When you turn the corner
And you run into yourself
Then you know that you have turned
All the corners that are left










































2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

ലാംഗ്സ്റ്റൺ ഹ്യൂഗ്സ് –1- ജീവിതത്തെക്കുറിച്ചുള്ള കവിതകള്‍


Langston-Hughes (2)
ലാംഗ്സ്റ്റൺ ഹ്യൂഗ്സ് James Mercer Langston Hughes(1902-1967)- മിസ്സൗറിയിലെ ജോപ്‌ലിനിൽ 1902 ഫെബ്രുവരി 1ന്‌ ജനിച്ചു. അദ്ദേഹം കുട്ടിയായിരിക്കുമ്പോൾത്തന്നെ അച്ഛനമ്മമാർ വേർപിരിയുകയും അച്ഛൻ മെക്സിക്കോയിലേക്കു താമസം മാറ്റുകയും ചെയ്തിരുന്നു. പതിമൂന്നു വയസ്സു വരെ മുത്തശ്ശിയാണ്‌ വളർത്തിയത്. തുടർന്നദ്ദേഹം ലിങ്കണിൽ അമ്മയോടും അവരുടെ രണ്ടാം ഭർത്താവിനുമൊപ്പം താമസമായി. ഇവിടെ വച്ചാണ്‌ അദ്ദേഹം കവിതയെഴുത്ത് തുടങ്ങിയത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഒരു കൊല്ലം മെക്സിക്കോയിൽ ചെലവഴിച്ചു. പിന്നീട് ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പഠനത്തിനു ചേർന്നു. ഇക്കാലത്ത് പാചകക്കാരനായും അലക്കുകാരനായും ബസ്സിലെ ക്ളീനറായുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. നാവികനായി ജോലി ചെയ്തുകൊണ്ട് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും കപ്പൽയാത്രയും ചെയ്തു. 1926ൽ ആദ്യത്തെ കവിതാസമാഹാരമായ The Weary Blues പ്രസിദ്ധീകരിച്ചു. 1930ൽ ഇറങ്ങിയ ആദ്യനോവൽ Not Without Laughter സാഹിത്യത്തിനുള്ള Harman സ്വർണ്ണമെഡൽ നേടി. കവിതകൾക്കു പുറമേ പതിനൊന്ന് നാടകങ്ങളും The Big Sea(1940) എന്ന ആത്മകഥയും അദ്ദേഹത്തിന്റേതായിട്ടുണ്ട്. പ്രോസ്ട്രേറ്റ് ക്യാൻസറിനെ തുടർന്ന് 1967 മേയ് 22ന്‌ ന്യൂയോർക്ക് സിറ്റിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.

തന്നെ സ്വാധീനിച്ചവരായി ഹ്യൂഗ്സ് അംഗീകരിക്കുന്നത് പോൾ ലോറൻസ് ഡൻബാർ, കാൾ സാൻഡ്ബർഗ്, വാൾട്ട് വിറ്റ്മാൻ എന്നിവരെയാണ്‌. ഇരുപതുകൾ മുതൽ അറുപതുകൾ വരെയുള്ള കറുത്ത വർഗ്ഗക്കാരുടെ ജീവിതത്തിന്റെ നിറപ്പകിട്ടാർന്നതും എന്നാൽ ഗഹനവുമായ പ്രതിപാദനങ്ങളാണ്‌ അദ്ദേഹത്തിന്റെ കൃതികളെല്ലാം. ജാസ് സംഗീതലോകവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം 1920ലെ ഹാർലെം കേന്ദ്രമാക്കിയുള്ള ജാസ് പുനരുത്ഥാനത്തിൽ കാര്യമായ പങ്കു വഹിച്ചിരുന്നു. തന്റെ കാലത്തെ മറ്റ് ആഫ്രോ-അമേരിക്കൻ കവികളിൽ നിന്നു വ്യത്യസ്തമായി ഹ്യൂഗ്സിന്‌ തന്റെ വൈയക്തികമായ അനുഭവങ്ങളും കറുത്ത അമേരിക്കയുടെ പൊതുവായ അനുഭവങ്ങളും തമ്മിൽ വേർതിരിവുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ വർഗ്ഗക്കാരുടെ കഥകൾ പറഞ്ഞത് അവരുടെ യഥാർത്ഥസംസ്കാരം പ്രതിഫലിക്കുന്ന വഴികളിലൂടെയാണ്‌; അതിൽ അവരുടെ യാതനകൾക്കൊപ്പം അവരുടെ സംഗീതപ്രേമവും ചിരിയും ഭാഷ തന്നെയും സാമഗ്രികളായി.

“ഇരുപതുകളിൽ മിക്കവാറും മറ്റെല്ലാ കവികളും ഉൾവലിഞ്ഞപ്പോൾ, എണ്ണം ചുരുങ്ങിച്ചുരുങ്ങി വരുന്ന കാവ്യാസ്വാദകർക്കായുള്ള ദുർഗ്രഹവും നിഗൂഢവുമായ രചനകളായി അവരുടെ കവിതകൾ മാറിയപ്പോൾ വായിക്കാനറിയുന്ന ഏവർക്കും സുപ്രാപ്യമായ ഭാഷയും പ്രമേയങ്ങളും ആശയങ്ങളും മനോഭാവങ്ങളുമായി ഹ്യൂഗ്സ് പുറത്തേക്കു വരികയായിരുന്നു...” ഡൊണാൾഡ് ബി. ഗിബ്സൺ പറയുന്നു.


1. നീഗ്രോ പുഴകളെക്കുറിച്ചു പറയുന്നു


പുഴകളെ പണ്ടേ ഞാനറിഞ്ഞിരുന്നു:
ലോകത്തെപ്പോലെ പുരാതനമായ ,
മനുഷ്യസിരകളിലൊഴുകുന്ന മനുഷ്യരക്തത്തെക്കാൾ പ്രായമേറിയ പുഴകളെ 
പണ്ടേ ഞാനറിഞ്ഞിരുന്നു.


എന്റെ ആത്മാവിനും പുഴകളെപ്പോലാഴമായിരിക്കുന്നു.

ഉദയങ്ങൾക്കു ചെറുപ്പമായിരുന്നപ്പോൾ യൂഫ്രട്ടീസിൽ ഞാൻ കുളിച്ചു.
കോംഗോയുടെ കരയിൽ ഞാനെന്റെ കൂര പണിതു,
അതെന്നെ പാടിയുറക്കുകയും ചെയ്തു.
നൈൽ നദിയെ ഞാൻ നോക്കിനിന്നിരുന്നു,
അതിന്റെ കരയിലാണു ഞാൻ  പിരമിഡുകൾ  പണിതുയർത്തിയതും.
ലിങ്കൺ ന്യൂ ഓർലിയൻസിലേക്കു പോയപ്പോൾ
മിസിസിപ്പി പാടിയ പാട്ടു ഞാൻ കേട്ടിരുന്നു,
അതിന്റെ ചേറു പറ്റിയ മാറിടം
അസ്തമയവേളയിൽ പൊന്മയമാകുന്നതും ഞാൻ കണ്ടു.


പുഴകളെ പണ്ടേ ഞാനറിഞ്ഞിരുന്നു:
പ്രാചീനമായ, നിറമിരുണ്ട പുഴകളെ.


എന്റെ ആത്മാവിനും പുഴകളെപ്പോലാഴമായിരിക്കുന്നു.

2. സൂ അമ്മായിയുടെ കഥകള്‍


സൂ അമ്മായിയുടെ തല നിറയെ കഥകളാണ്.
സൂ അമ്മായിയുടെ  ഹൃദയം നിറയെ കഥകളാണ്.
വേനല്ക്കാലരാത്രികളിൽ പൂമുഖത്തിരിക്കുമ്പോൾ
മുഖമിരുണ്ട ഒരു കുട്ടിയെ മാറോടടുക്കിപ്പിടിച്ച്
സൂ അമ്മായി കഥകൾ പറഞ്ഞുകൊടുക്കുന്നു.


പൊള്ളുന്ന വെയിലത്തു പണിയെടുക്കുന്ന
കറുത്ത അടിമകൾ,
മഞ്ഞിറ്റുന്ന രാത്രിയിൽ നടന്നുപോകുന്ന
കറുത്ത അടിമകൾ,
ഒരു പെരുമ്പുഴയുടെ തീരത്തു ശോകഗാനങ്ങൾ പാടിയിരിക്കുന്ന
കറുത്ത അടിമകൾ,
അവരലിഞ്ഞുചേരുന്നു
സൂ അമ്മായിയുടെ കഥയൊഴുക്കിൽ,
അവരലിഞ്ഞുചേരുന്നു
സൂ അമ്മായിയുടെ കഥകളിൽ
വന്നുപോകുന്ന ഇരുണ്ട നിഴലുകളിൽ.


കേട്ടിരിക്കുന്ന ഇരുനിറക്കാരനായ കുട്ടിക്കറിയാം,
സൂ അമ്മായിയുടെ കഥകൾ സംഭവകഥകളാണെന്ന്,
ഒരു പുസ്തകത്തിൽ നിന്നുമല്ല
സൂ അമ്മായിക്കു തന്റെ കഥകൾ കിട്ടിയതെന്ന്,
അവരുടെ സ്വന്തം ജീവിതത്തിൽ നിന്നു
നേരേ ഇറങ്ങിവരികയാണവയെന്ന്.


ഇരുനിറക്കാരനായ കുട്ടി നിശ്ശബ്ദനുമാണ്‌,
ഒരു വേനല്ക്കാലരാത്രിയിൽ
സൂ അമ്മായിയുടെ കഥകൾ കേട്ടിരിക്കുമ്പോൾ.



3. ചോദ്യങ്ങള്‍ (1)


മരണമെന്ന ആക്രിക്കാരൻ കിഴവൻ
നമ്മുടെ ഉടലുകൾ പെറുക്കിയെടുത്ത്
വിസ്മൃതിയുടെ കീറച്ചാക്കിലേക്കിടുമ്പോൾ,
ഞാൻ ആലോചിച്ചുപോവുകയാണ്‌,
ഒരു വെള്ളക്കാരൻ കോടീശ്വരന്റെ ശവത്തിന്‌
ഒരു നീഗ്രോ തോട്ടപ്പണിക്കാരന്റെ ജഡത്തേക്കാൾ
അയാൾ വില കൂടുതൽ കാണുമോ,
നിത്യതയുടെ നാണയക്കണക്കില്‍?



4. എന്റെ ഇഷ്ടങ്ങൾ



എനിക്കിഷ്ടം,
മാനത്തു വിളങ്ങിനില്ക്കുന്ന
മുഴുത്ത ചന്ദ്രനെ കാണാൻ;

എനിക്കിഷ്ടം,
നിഴൽമേഘങ്ങളൊഴുകി നീങ്ങുമ്പോൾ
കുഞ്ഞുനക്ഷത്രങ്ങളെ കാണാൻ.

എനിക്കിഷ്ടം,
രാത്രിയിലെന്റെ പുരപ്പുറത്ത്
മഴത്തുള്ളികൾ വീഴുന്നതു കേൾക്കാൻ;
എനിക്കിഷ്ടം,
പുലരി വിളറി വെളുക്കും മുമ്പേ
തെന്നലിന്റെ നെടുവീർപ്പു കേൾക്കാൻ.


എനിക്കിഷ്ടം,
മുകളിൽ ദൈവത്തിന്റെ ആകാശത്ത്
നീലിമയുടെ ആഴം കാണാൻ;
എന്നാലെനിക്കു തോന്നുന്നു,
ഇതിനെക്കാളൊക്കെ എനിക്കിഷ്ടം,
എന്റെ ഇഷ്ടക്കാരിയെ.



5. പല വസന്തങ്ങൾക്കു ശേഷം


ഇപ്പോൾ,
ഈ ജൂണിൽ,
നീലനക്ഷത്രങ്ങൾ നിറഞ്ഞ
മൃദുവൈപുല്യമാണു രാത്രിയെന്നിരിക്കെ,
നിലാമിനുക്കത്തിന്റെ ഒടിഞ്ഞ കണകൾ
മണ്ണിൽ പൊഴിഞ്ഞുവീണുകൊണ്ടിരിക്കെ,
മാലാഖമാർ നൃത്തം വയ്ക്കുന്നതു
പണ്ടെപ്പോലെന്തുകൊണ്ടു ഞാൻ കാണുന്നില്ല?
അത്രയ്ക്കു പ്രായമേറിപ്പോയെന്നോ, എനിക്ക്?



6. നീതി


നീതി എന്നതന്ധയായൊരു ദേവത:
അതു ഞങ്ങൾ കറുത്തവർ
പണ്ടേ അറിയുന്ന വസ്തുത.


ആ വച്ചുകെട്ടൊളിപ്പിക്കുന്നത്
ചലമൊലിക്കുന്ന രണ്ടു വ്രണങ്ങൾ,
ഒരുവേള  കണ്ണുകളായിരുന്നവ.



7. സ്വപ്നങ്ങൾ


സ്വപ്നങ്ങളെ മുറുകെപ്പിടിയ്ക്കൂ,
സ്വപ്നങ്ങളില്ലാതായാൽ
ചിറകൊടിഞ്ഞ കിളിയാവും ജീവിതം,
അതു പറന്നുനടക്കുകയുമില്ല.


സ്വപ്നങ്ങളെ മുറുകെപ്പിടിയ്ക്കൂ,
സ്വപ്നങ്ങൾ പൊയ്ക്കഴിഞ്ഞാൽ
തരിശുപാടമാവും ജീവിതം,
മഞ്ഞു വീണുറഞ്ഞതും.



8. കവിത (1)

(ഗോഗാങ്ങിന്റെ ശൈലിയിൽ വരച്ച ഒരു ആഫ്രിക്കൻ ബാലന്റെ ചിത്രത്തിനു വേണ്ടി)

എന്റെ ചോരയിലറഞ്ഞുകൊട്ടുന്നതു കാട്ടുചെണ്ടകൾ.
എന്റെ ഹൃദയത്തിൽ തിളങ്ങിനിൽക്കുന്നതു
കാടുകളിൽ പൊള്ളുന്ന ചന്ദ്രന്മാർ.
എനിക്കു പേടിയാണീ നാഗരികതയെ-
അത്ര കടുത്തതിനെ,
അത്ര ബലത്തതിനെ,
അത്ര തണുത്തതിനെ.



9. ചെറുപ്പക്കാരിയായ ഒരു വേശ്യ


ഒടിഞ്ഞ തണ്ടിലെ
ചതഞ്ഞ പൂവുപോലെ
അവളുടെ ഇരുണ്ട മുഖം.
ഈ തരം സുലഭമാണത്രെ,
ഹാർലെമിൽ.



10. ഹേമന്തചന്ദ്രൻ


എത്ര നേർത്തതും കൂർത്തതുമാണ്‌ ചന്ദ്രനിന്നു രാത്രിയിൽ!
എത്ര നേർത്തതും കൂർത്തതും പ്രേതം പോലെ വിളറിയുമാണ്‌
മെലിഞ്ഞുവളഞ്ഞ കൊക്കി പോലത്തെ ചന്ദ്രനിന്നു രാത്രിയിൽ!



11. എന്റെ ആൾക്കാർ


രാത്രി സുന്ദരം.
എന്റെയാൾക്കാരുടെ മുഖങ്ങളുമതേ വിധം.


നക്ഷത്രങ്ങൾ സുന്ദരം.
എന്റെയാൾക്കാരുടെ കണ്ണുകളുമതേ വിധം.


സുന്ദരം സൂര്യനും.
സുന്ദരം എന്റെയാൾക്കാരുടെ ഹൃദയങ്ങളും.



12. പേടി


അംബരചുംബികൾക്കിടയിൽ നിന്നു
നാം കരയുന്നു,
ആഫ്രിക്കയിൽ പനമരങ്ങൾക്കിടയിൽ നിന്നു
നമ്മുടെ പൂർവ്വികർ കരഞ്ഞപോലെ,
നാമൊറ്റയ്ക്കാണെന്നതിനാൽ,
രാത്രിയാണെന്നതിനാൽ,
പേടിയാവുന്നു നമുക്കെന്നതിനാൽ.



13. കടൽവശ്യം


കടലിന്റെ വശ്യം
കടലിന്റെ സ്വന്തം മക്കൾക്ക്
അതു മനസ്സിലാവില്ല.
എന്നാലവർക്കറിയാം,
കടൽ ബലത്തതാണ്‌
ദൈവത്തിന്റെ കൈ പോലെയെന്ന്.
എന്നാലവർക്കറിയാം,
കടൽക്കാറ്റ് സുഖമുള്ളതാണ്‌

ദൈവത്തിന്റെ ശ്വാസം പോലെയെന്ന്.
കടലുൾക്കൊള്ളുന്നു
പരന്നതും അഗാധവുമായ ഒരു മരണമെന്നും.



14. സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരൻ


നിങ്ങളുടെ സ്വപ്നങ്ങളൊക്കെയും കൊണ്ടുവരൂ,
സ്വപ്നം കണ്ടു കിടന്നവരേ,
നിങ്ങളുടെ ഹൃദയരാഗങ്ങളൊക്കെയും കൊണ്ടുവരൂ,
ഒരു നീലമേഘത്തുവാലയിൽ
ഞാനതൊക്കെപ്പൊതിഞ്ഞെടുക്കട്ടെ,
ലോകത്തിന്റെ പരുക്കൻ വിരലുകൾക്കു കൈയെത്താതെ.




15. പ്രാർത്ഥന(1)

ഞാനിതു ചോദിക്കുന്നു:
ഏതു വഴിക്കു ഞാൻ പോകണം?
ഞാനിതു ചോദിക്കുന്നു:
ഏതു പാപം ഞാൻ പേറണം?
ഏതു കിരീടമെടുത്തു
തലയിൽ ഞാൻ വയ്ക്കണം?
എനിക്കറിയുന്നില്ല,
ദൈവം തമ്പുരാനേ,
എനിക്കറിയുന്നില്ല.



16. നക്ഷത്രം തേടിപ്പോയവൻ


ജ്വലിക്കുന്നൊരു നക്ഷത്രത്തെ
തേടിപ്പോയവനായിരുന്നു ഞാൻ.

തിളയ്ക്കുന്ന വെള്ളിനാളത്താൽ
ആ നക്ഷത്രമകലെ നിന്നേ
എന്റെ കൈകൾ പൊള്ളിച്ചു,


ഇരുമ്പഴികൾ വലയം ചെയ്യുന്ന
സ്വപ്നങ്ങളുടെ ശ്മശാനഭൂമിയിൽ
പാടുന്നൊരു നക്ഷത്രത്തിന്റെ
വന്യസൌന്ദര്യം ഞാൻ തേടി.
ഇന്നെന്‍റെ വടുക്കളൊന്നുനോക്കൂ.



17. യേശുവിന്റെ കാൽച്ചുവട്ടിൽ



യേശുവിന്റെ കാൽച്ചുവട്ടിൽ
ശോകമൊരു കടലു പോലെ.
കർത്താവേ, നിന്റെ കാരുണ്യം
എന്നിലേക്കൊഴുകിയെത്തേണമേ.


യേശുവിന്റെ കാൽച്ചുവട്ടിൽ,
നിന്റെ കാൽച്ചുവട്ടിൽ ഞാൻ നില്ക്കുന്നു.
എന്റെ ഉണ്ണിയേശുവേ,
ആ കൈയൊന്നു നീട്ടൂ.



18. നാടോടിപ്പാട്ടുകാരൻ



ചിരി കൊണ്ടു വിടര്‍ന്നതാ-
ണെന്റെ ചുണ്ടുകളെന്നതിനാൽ,
പാട്ടു കൊണ്ടാഴ്ന്നതാ-
ണെന്റെ തൊണ്ടയെന്നതിനാൽ,
ഇത്ര നാളമർത്തിവച്ച വേദനകളാൽ
നീറുകയല്ല ഞാനെന്നു
നിങ്ങൾ കരുതി?


ചിരി കൊണ്ടു വിടര്‍ന്നതാ- 
ണെന്റെ ചുണ്ടുകളെന്നതിനാൽ, 
എന്റെ ഉൾക്കരച്ചിൽ
കേൾക്കുന്നില്ല നിങ്ങൾ?
നൃത്തം വച്ചു മോദിക്കുകയാ-
ണെന്റെ ചുവടുകളെന്നതിനാൽ
മരിക്കുകയാണു ഞാനെ-
ന്നറിയുന്നില്ല നിങ്ങൾ?



19. ജൊഹാനസ്ബർഗ്ഗിലെ ഖനികൾ



ജൊഹാനസ്ബർഗ്ഗിലെ ഖനികളിൽ
2,40,000 ആഫ്രിക്കക്കാർ
പണിയെടുക്കുന്നുണ്ട്.
എന്തു തരം കവിതയാണ്‌
ഇതിൽ നിന്നു നിങ്ങൾക്കു
തിരിഞ്ഞുകിട്ടുക?
ജൊഹാനസ്ബർഗ്ഗിലെ ഖനികളിൽ
പണിയെടുക്കുന്ന
2,40,000 നാട്ടുകാർ.



20. ചുമരുകൾ



നാലു ചുമരുകൾക്കാവും
അത്രയും വേദനയുൾക്കൊള്ളാൻ,
കാറ്റും മഴയും തടുക്കുന്ന
നാലു ചുമരുകൾക്ക്.


നാലു ചുമരുകൾക്കാവും
അത്രയും ശോകമുൾക്കൊള്ളാൻ,
ഇന്നലെയിൽ നിന്നു ശേഖരിച്ചത്
നാളത്തേക്കായി മാറ്റിവച്ചത്.



21. കടലടക്കം


എന്തടക്കം,
എന്തടക്കമാണു
കടലിനിന്ന്.
നല്ലതല്ല,
ഇമ്മാതിരിയടക്കം
കടലിന്‌.



22. വിട

 
ജിപ്സികൾക്കും നാവികർക്കുമൊപ്പം,
കുന്നുകളും കടലുകളുമലയുന്നവർക്കൊപ്പം,
ഭാഗ്യാന്വേഷിയായി ഞാൻ പോകുന്നു.
എനിക്കൊന്നു പിരിഞ്ഞിരിക്കണം,
ദൈവഭക്തരിലും മര്യാദക്കാരിലും നിന്ന്.
ഞാനില്ലാത്തതു നിങ്ങളറിയുകയുമില്ല,
കുന്നുകൾക്കിടയിൽ ജീവിക്കുന്നവരേ,
കടലൊരുകാലവും കാണാത്തവരേ.



23. പാർക്ക് ബഞ്ച്


ഞാൻ ജീവിക്കുന്നത് ഒരു പാർക്ക് ബഞ്ചിൽ.
നീ, പാർക്ക് അവന്യൂവിൽ.
എന്തു മാതിരി ദൂരമാണെന്നോ
നാമിരുവർക്കുമിടയിൽ!


ഞാൻ അത്താഴത്തിനിരക്കും-
നിനക്ക് പാചകക്കാരനുണ്ട്, വേലക്കാരിയുമുണ്ട്.
ഞാൻ പക്ഷേ, ഉണരുകയാണെന്നേ!
പറയൂ, നിനക്കു പേടിയില്ലേ,


ഞാൻ ഒരുവേള, ഒരുവേളയാണേ,
ഒന്നോ രണ്ടോ കൊല്ലത്തിനുള്ളിൽ
പാർക്ക് അവന്യൂവിലേക്കു
താമസം മാറ്റുമെന്ന്?



24. കരീബിയൻ സൂര്യാസ്തമയം


രക്തസ്രാവമുണ്ടായ ദൈവം
മാനത്തു നിന്നു ചോര ചുമച്ചു തുപ്പിയപ്പോൾ
ഇരുണ്ട കടലിൽ ചോരക്കറ പറ്റിയ പോലെ-
കരീബിയയിൽ സൂര്യാസ്തമയമിങ്ങനെ.



25. വികൃതിക്കാരനായ കുട്ടി



വികൃതിക്കാരനായ കുട്ടി,
പൂ പറിക്കാൻ പുറത്തേക്കു പോയവൻ,
അവൻ മില്ലുങ്കലെ കുളത്തിൽ വീണു,
അതിൽ മുങ്ങിച്ചത്തു.


എന്നാൽ മര്യാദക്കാരായ കുട്ടികൾ,
അവർ ഇപ്പോഴും ജീവനോടെയുണ്ട്,
ശാന്തസുന്ദരമായ ഒരു നഗരത്തിൽ
ശാന്തസുന്ദരമായ ജീവിതങ്ങൾ.



26. ജീവിതവിജയം


നിറഞ്ഞ വയറുമായി ഞാനിരിക്കുന്നു,
എന്റെ സഹോദരനാകാവുന്ന ഒരാൾ
മഴയത്തു വിശന്നു നടക്കുന്നു.


നിറഞ്ഞ വയറുമായി ഞാനിരിക്കുന്നു,
ഞാൻ പ്രേമിച്ചിരിക്കാവുന്ന ഒരുവൾ
തന്റെ ഉടലു വില്ക്കാനായി
ഇരുട്ടിന്റെ മറ പറ്റി നടക്കുന്നു.


നിറഞ്ഞ വയറുമായി ഞാനിരിക്കുന്നു,
എനിക്കിനി മഴ കൊള്ളേണ്ട,
ഞാൻ പ്രേമിക്കുന്നവൾക്കു മറയാവേണ്ട,
എനിക്കു വിശപ്പുമില്ല.


വിജയം ഒന്നാന്തരമൊരിറച്ചിക്കഷണമാണ്‌,
കൊത്തിയരിഞ്ഞ ഉള്ളിയുമായി.
ഞാൻ അതു തിന്നുന്നു.



27. കളി


ജീവിതം
അയാൾക്ക്
ചടുലമായ കോലുകൾ
കൊണ്ടടിക്കുന്ന
ഒരു വലിയ ഡ്രമ്മിന്റെ
വിറകളായിരുന്നിരിക്കണം
പിന്നെ വിരുന്നു കഴിയുന്നു
വിളക്കുകളണയുന്നു
സംഗീതം നിലയ്ക്കുന്നു
മരണം
ആളൊഴിഞ്ഞ നൃത്തശാലയും
നിത്യത
വായിക്കാത്ത സാക്സോഫോണുമാവുന്നു
ഇന്നലെ
എന്നോ കുടിച്ചുതീർത്ത
ഒരു ഗ്ളാസ്സ് ജിന്നും.



28. മടുത്തു


കാത്തുകാത്തു ഞാൻ മടുത്തു
-നീയുമങ്ങനെയല്ലേ-
ഈ ലോകം നന്നാവുമെന്ന്,
സുന്ദരമാവുമെന്ന്, കരുണയുള്ളതാവുമെന്ന്.
നമുക്കൊരു കത്തിയെടുത്ത്
ഈ ലോകത്തെ രണ്ടായി കീറാം-
ഏതു പുഴുക്കളാണതിന്റെ തൊണ്ടു കരളുന്നതെന്ന്
നമുക്കൊന്നു നോക്കാം.



29. പ്രാര്‍ത്ഥന(2)



വാരിയെടുക്കൂ
നിങ്ങളുടെ കരുണയുടെ കരങ്ങളിൽ
ദീനക്കാരെ, ദുഷിച്ചവരെ,
ആശ കെട്ടവരെ, തളർന്നുപോയവരെ,
ഈ തേഞ്ഞ നഗരത്തിലെ
അടിമട്ടൊക്കെയും.
വാരിയെടുക്കൂ
നിങ്ങളുടെ സ്നേഹത്തിന്റെ കരങ്ങളിൽ-
മുകളിൽ നിന്നു സ്നേഹം
പ്രതീക്ഷിക്കാനില്ലാത്തവരെ.



30. നാവികൻ



ഉലയുന്ന കപ്പൽത്തട്ടിലയാളിരുന്നു,
നാട്ടിൽ നിന്നു പാതിലോകമകലെയായി.
ഒരു കാപ്സ്റ്റൺ സിഗററ്റയാൾ വലിച്ചിരുന്നു,
പതയുടെ തൊപ്പിയണിഞ്ഞ നീലത്തിരകളയാൾ നോക്കിയിരുന്നു.


അയാൾക്കു കൈത്തണ്ടയിലൊരു മത്സ്യകന്യകയുണ്ടായിരുന്നു,
നെഞ്ചത്തൊരു നങ്കൂരം,
മുതുകത്തയാൾ പച്ച കുത്തിയിരുന്നു,
കൂട്ടിലടച്ചൊരു നീലപ്പക്ഷിയും.



31. ഉദ്യാനം



വിചിത്രവും
വിരൂപവുമായ പുൽക്കൊടികൾ,
വിചിത്രവും
വിരൂപവുമായ മരങ്ങൾ,
വിചിത്രവും
വിരൂപവുമായ ട്യൂലിപ്പുകൾ
മുട്ടുകാലിൽ.



32. ചരിത്രം



ചോരയുടെയും ദുരിതത്തിന്റെയും
കമ്മട്ടമായിരുന്നു ഇന്നലെ.
നാളെയുടെ കാര്യത്തിൽ
അതു സത്യമാവുകയുമരുത്.



33. സംഗീതത്തിൽ ഒരു സ്വരം



ജീവിതം ജീവനുള്ളവർക്കുള്ളതാണ്‌,
മരണം മരിച്ചവർക്കും.
ജീവിതം സംഗീതം പോലെയാവട്ടെ,
മരണം, പാടാതെ പോയൊരു സ്വരവും.



34. സ്വതന്ത്രൻ



കാറ്റിനെ പിടിയ്ക്കാം,
കടലിനെ പിടിയ്ക്കാം,
നിനക്കാവില്ലമ്മച്ചീ,
ഒരുനാളുമെന്നെപ്പിടിയ്ക്കാൻ.


മുയലിനെ മെരുക്കാം,
കരടിയെ മെരുക്കാം.
നിനക്കാവില്ലമ്മച്ചീ,
ഈ കൂട്ടിലെന്നെപ്പിടിച്ചിടാൻ



35. ശോകം



കരച്ചിൽ വരാതെ
മരവിച്ച
കണ്ണുകൾ.


മരിക്കാൻ
വഴിയറിയാത്ത
ഹൃദയം.



36. കിഴവൻ നാവികൻ


കടലലയുന്ന കപ്പലുകളിൽ
പല ദേശങ്ങളിലയാൾ പോയി,
പലപല മുഖങ്ങളയാൾ കണ്ടു,
നിഗൂഢതയുടെ രുചിയറിഞ്ഞു,
കിഴക്കൻ നഗരങ്ങളിൽ വച്ച്
വിലക്ഷണപ്രണയങ്ങളെ മാറോടണച്ചു,
ഉടലാനന്ദങ്ങളുടെയെല്ലാം
താക്കോലുമയാൾക്കു കിട്ടി.


ഇന്ന്,
കൈയും കാലും കോച്ചി,
അനുകമ്പയുടെ പൊളിഞ്ഞ കസേരയിൽ
വെയിലും കാഞ്ഞയാളിരിക്കുന്നു-
താൻ വിട്ടുപോയ സ്ത്രീകൾ
അവിടെയെല്ലാം തനിക്കായി വിലപിക്കുന്നുവെന്ന്
അയാൾ സ്വപ്നവും കാണുന്നു.



37. മുറി



ഓരോ കൊച്ചുമുറിയും
സുരക്ഷിതവും ഏകാന്തവുമായിരിക്കണം
രണ്ടു പേരുള്ളപ്പോൾ-
മലർക്കെത്തുറന്നതായിരിക്കണം പക്ഷേ,
ഉള്ളിലൊരാൾ മാത്രമുള്ളപ്പോൾ.



38. സ്വാതന്ത്ര്യം


സ്വാതന്ത്ര്യം
മറ്റൊരാളുടെ കേയ്ക്കിലെ
ഐസിംഗ് ആണ്‌-
അതങ്ങനെ വേണം താനും
കേയ്ക്കു ബേയ്ക്കു ചെയ്യാൻ
നാം പഠിക്കും വരെ.



39. മെട്രോപ്പൊളിറ്റൻ മ്യൂസിയം


പട്ടണത്തെരുവുകളുടെ ഇരമ്പത്തിൽ നിന്ന്
ഒരു യവനചിതാഭസ്മകുംഭം കാണാൻ
ഞാൻ കയറിച്ചെന്നു.


കീറ്റ്സിനെ ഞാനോർത്തു-
കമിതാക്കളുടെ പുന്നാരങ്ങൾ നിറഞ്ഞ വരികൾ

മനസ്സിലേക്കോടിവന്നു.

പൊയ്പ്പോയ കാലങ്ങളിൽ നിന്ന്
എന്റെ കൈകളിലേക്കുതിർന്നുവീണു,
ഒരു ലില്ലിപ്പൂവിന്നിതളുകൾ.



 40. മാറ്റിവച്ച സ്വപ്നം


മാറ്റിവച്ച സ്വപ്നത്തിനു പിന്നെന്തു പറ്റും?

വെയിലത്തുണക്കമുന്തിരി പോല-
തുണങ്ങിച്ചുരുങ്ങുമോ?


വ്രണം പോലതു പഴുക്കുമോ-
പിന്നെ പൊട്ടിയൊലിക്കുമോ?


ചീഞ്ഞ മാംസം പോലതു നാറുമോ?
പഞ്ചാരപ്പാനി മുക്കിയ പലഹാരം പോ-
ലതു മൊരി പിടിയ്ക്കുമോ?


കനത്ത ഭാരം പോലതു
തൂങ്ങിക്കിടന്നുവെന്നുമാവാം.


ഇനിയതു പൊട്ടിത്തെറിച്ചുവെന്നും വരുമോ?


41. ശരല്ക്കാലത്തു തോന്നിയത്


പൂക്കളാഹ്ളാദഭരിതരാണ്‌
വേനല്ക്കാലത്ത്
അവ വാടിക്കരിഞ്ഞുപറന്നുപോകും
ശരല്ക്കാലത്ത്;
അവയുടെ ഇതളുകൾ നൃത്തം വയ്ക്കുന്നു
കാറ്റത്ത്
തവിട്ടുനിറത്തിൽ കുഞ്ഞുപൂമ്പാറ്റകളെപ്പോലെ.



Langston Hughes
1.

The Negro Speaks of Rivers


I’ve known rivers:
I’ve known rivers ancient as the world and older than the
     flow of human blood in human veins.

My soul has grown deep like the rivers.

I bathed in the Euphrates when dawns were young.
I built my hut near the Congo and it lulled me to sleep.
I looked upon the Nile and raised the pyramids above it.
I heard the singing of the Mississippi when Abe Lincoln 
     went down to New Orleans, and I’ve seen its muddy 
     bosom turn all golden in the sunset.

I’ve known rivers:
Ancient, dusky rivers.
 
2. Aunt Sue's stories
Aunt Sue has a head full of stories.
Aunt Sue has a whole heart full of stories.
Summer nights on the front porch
Aunt Sue cuddles a brown-faced child to her bosom
And tells him stories.

Black slaves
Working in the hot sun,
And black slaves
Walking in the dewy night,
And black slaves
Singing sorrow songs on the banks of a mighty river
Mingle themselves softly
In the flow of old Aunt Sue's voice,
Mingle themselves softly
In the dark shadows that cross and recross
Aunt Sue's stories.

And the dark-faced child, listening,
Knows that Aunt Sue's stories are real stories.
He knows that Aunt Sue never got her stories
Out of any book at all,
But that they came
Right out of her own life.

The dark-faced child is quiet
Of a summer night
Listening to Aunt Sue's stories.

 
3. Question (1)
When the old junk man Death
Comes to gather up our bodies
And toss them into the sack of oblivion,
I wonder if he will find
The corpse of a white multi-millionaire
Worth more pennies of eternity,
Than the black torso of
A Negro cotton-picker.

 
4. My loves
I love to see the big white moon,
A-shining in the sky;
I love to see the little stars,
When the shadow clouds go by.

I love the rain drops falling
On my roof-top in the night;
I love the soft wind's sighing,
Before the dawn's gray light.

I love the deepness of the blue,
In my Lord's heaven above;
But better than all these things I think,
I love my lady love.

 
5.
After Many Springs
Now,
in June,
When the night is a vast softness
Filled with blue stars,
And broken shafts of moon-glimmer
Fall upon the earth,
Am I too old to see the fairies dance?
I cannot find them any more.

 
6. Justice
That Justice is a blind goddess
Is a thing to which we black are wise:
Her bandage hides two festering sores
That once perhaps were eyes.

 
7. Dreams
Hold fast to dreams
For if dreams die
Life is a broken-winged bird
That cannot fly.
Hold fast to dreams
For when dreams go
Life is a barren field
Frozen with snow.

 
8. Poem (1)
For the portrait of an African boy after the manner of Gauguin

All the tom-toms of the jungles beat in my blood,
And all the wild hot moons of the jungles shine in my soul.
I am afraid of this civilization —
So hard,
So strong,
So cold.

9. Young Prostitute
Her dark brown face
Is like a withered flower
On a broken stem.
Those kind come cheap in Harlem

 
10. Winter Moon
How thin and sharp is the moon tonight!
How thin and sharp and ghostly white
Is the slim curved crook of the moon tonight!

 
11. My People
The night is beautiful,
So the faces of my people.
The stars are beautiful,
So the eyes of my people.
Beautiful, also, is the sun.
Beautiful, also, are the souls of my people.

 
12. Afraid
We cry among the skyscrapers
As our ancestors
Cried among the palms in Africa
Because we are alone,
It is night,
And we’re afraid.
 
13. Sea Charm
Sea charm
The sea's own children
Do not understand.
They know
But that the sea is strong
Like God's hand.
They know
But that sea wind is sweet
Like God's breath,
And that the sea holds
A wide, deep death.

 
14. The Dream Keeper
Bring me all of your dreams,
You dreamer,
Bring me all your
Heart melodies
That I may wrap them
In a blue cloud-cloth
Away from the too-rough fingers
Of the world.

 
15. Prayer (1)
I ask you this:
Which way to go?
I ask you this:
Which sin to bear?
Which crown to put
Upon my hair?
I do not know,
Lord God,
I do not know.

 
16. Star Seeker
I have been a seeker
Seeking a flaming star,
And the flame white star
Has burned my hands
Even from afar.

Walking in a dream-dead world
Circled by iron bars,
I sought a singing star's
Wild beauty.
Now behold my scars.

 
17. Feet o’ Jesus
At the feet o' Jesus,
Sorrow like a sea.
Lordy, let yo' mercy
Come driftin' down on me.
At the feet o' Jesus
At yo' feet I stand.
O, ma little Jesus,
Please reach out yo' hand.

 
18. Minstrel Man
Because my mouth
Is wide with laughter
And my throat
Is deep with song,
You do not think
I suffer after
I have held my pain
So long?
Because my mouth
Is wide with laughter,
You do not hear
My inner cry?
Because my feet
Are gay with dancing,
You do not know
I die?

 
19. Johannesburg Mines
In the Johannesburg mines
There are 240,000
Native Africans working.
What kind of poem
Would you
Make out of that?
240,000 natives
Working in the
Johannesburg mines

 
20. Walls
Four walls can hold
So much pain,
Four walls that shield
From the wind and rain.
Four walls can shelter
So much sorrow
Garnered from yesterday
And held for tomorrow.

 
21. Sea Calm
How still,
How strangely still
The water is today,
It is not good
For water
To be so still that way.

 
22. A Farewell
With gypsies and sailors,
Wanderers of the hills and seas,
I go to seek my fortune.
With pious folk and fair
I must have a parting.
But you will not miss me, —
You who live between the hills
And have never seen the seas.

 
23. Park Bench
I live on a park bench.
You, Park Avenue.
Hell of a distance
Between us two.
I beg a dime for dinner-
You got a butler and maid.
But I'm wakin' up!
Say, ain't you afraid
That I might, just maybe,
In a year or two,
Move on over
To Park Avenue?

 
24. Caribbean Sunset
God having a hemorrhage,
Blood coughed across the sky,
Staining the dark sea red,
That is sunset in the Caribbean.
 
27. Sport
Life
For him
Must be
The shivering of
A great drum
Beaten with swift sticks
Then at the closing hour
The lights go out
And there is no music at all
And death becomes
An empty cabaret
And eternity an unblown saxophone
And yesterday
A glass of gin
Drunk long
Ago.

 
28. Tired
I am so tired of waiting,
Aren't you,
For the world to become good
And beautiful and kind?
Let us take a knife
And cut the world in two -
And see what worms are eating
At the rind.

 
29. Prayer(2)
Gather up
In the arms of your pity
The sick, the depraved,
The desperate, the tired,
All the scum
Of our weary city.

Gather up
In the arms of your pity.
Gather up
In the arms of your love—
Those who expect
No love from above.

 
30. Sailor
He sat upon the rolling deck
Half a world away from home,
And smoked a Capstan cigarette
And watched the blue waves tipped with foam.

He had a mermaid on his arm,
An anchor on his breast,
And tattooed on his back he had
A blue bird in a nest.

 
31. Garden
Strange
Distorted blades of grass,
Strange
Distorted trees,
Strange
Distorted tulips
On their knees.

 
32. History
The past has been a mint
Of blood and sorrow.
That must not be
True of tomorrow.

 
33.  A Note in Music
Life is for the living.
Death is for the dead.
Let life be like music.
And death a note unsaid.

 
34. Free Man
" You can catch the wind,
You can catch the sea,
But you can't, pretty mama,
Ever catch me.
You can tame a rabbit,
Even tame bear,
But you'l never, pretty mama,
Keep me caged up here".

 
39. Metropolitan Museum
I came in from the roar
Of city streets
To look upon a Grecian urn.
I thought of Keats—
To mind came verses
filled with lover’s sweets.
Out of ages past there fell
Into my hands the petals
Of an asphodel.

 
40. Dream Deferred
What happens to a dream deferred?
Does it dry up
Like a raisin in the sun?
Or fester like a sore--
And then run?
Does it stink like rotten meat?
Or crust and sugar over--
like a syrupy sweet?
Maybe it just sags
like a heavy load.
Or does it explode?

 
41. Autumn Thought
Flowers are happy in summer.
In autumn they die and are blown away.
Dry and withered,
Their petals dance on the wind
Like little brown butterflies.