2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

പ്രണയലേഖനങ്ങൾ(14) - റിച്ചാർഡ് സ്റ്റീൽ



(മേരി സ്കർലോക്കിനെഴുതിയത്)

മദാം,
ഏതു ഭാഷയിലാണ്‌ ഞാൻ എന്റെ സുന്ദരിയെ സംബോധന ചെയ്യേണ്ടത്, വേദനിപ്പിക്കുന്നളവിൽ താനാനന്ദിപ്പിക്കുന്ന ഒരു ഹൃദയത്തിന്റെ അനുഭൂതികൾ അവളെ പറഞ്ഞു മനസ്സിലാക്കാൻ? നീ കണ്മുന്നിലില്ലെങ്കിൽ ഒരു നിമിഷത്തേക്ക് എനിക്കു മനസ്സമാധാനം കിട്ടുന്നില്ല; ഒരുമിച്ചിരിക്കുമ്പോഴാകട്ടെ, നീ അകലം സൂക്ഷിക്കുകയും ചെയ്യുന്നു. അങ്ങനെ അപ്പോഴും ഞാൻ അനുഭവിക്കുന്നത് അസാന്നിദ്ധ്യമാണ്‌, അതും എനിക്കു സമീപിക്കാൻ വിലക്കുള്ള ചാരുതകൾ അരികിലുള്ളതിനാൽ അത്രയ്ക്കസഹ്യമായതും. ചുരുക്കിപ്പറഞ്ഞാൽ, ഒരു വിശറിയോ ഒരു മുഖാവരണമോ നീയണിഞ്ഞ ഒരു കൈയുറയോ എനിക്കു തരണം, ഇല്ലെങ്കിൽ എനിക്കു ജീവിക്കാനാവില്ല. അതും നീ ചെയ്യില്ലെങ്കിൽ നിന്റെ കൈ കടന്നുപിടിച്ചു ഞാൻ ചുംബിക്കുമെന്നു നിനക്കു പ്രതീക്ഷിക്കാം, അല്ലെങ്കിൽ നിന്റെ തൊട്ടടുത്തിരിക്കുമ്പോൾ നിന്റെ തൂവാല ഞാൻ മോഷ്ടിക്കുമെന്നും. ഒറ്റയടിക്കു കവരാൻ പറ്റാത്തത്ര വലിയൊരു നിധിയാണു നീ; സന്തോഷം കൊണ്ടു തല തിരിഞ്ഞുപോകരുതെന്നതിനായി സാവകാശത്തിലതു ചെയ്യാൻ ഞാൻ തയാറാവണം.

പ്രിയപ്പെട്ട മിസ് സ്കർലോക്ക്, നിങ്ങളെ ആ പേരു വിളിച്ചെനിക്കു മടുത്തു; അതിനാൽ മദാം, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള, ഏറ്റവും വിശ്വസ്തനായ വിനീതസേവകന്റെ പേരിൽ നിങ്ങൾ വിളിക്കപ്പെടുന്ന ദിവസം ഏതാണെന്നു പറയൂ.

റിച്. സ്റ്റീൽ



റിച്ചാർഡ് സ്റ്റീൽ Richard Steele(1672-1729)- ഇംഗ്ളീഷ് എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു; ജോസഫ് അഡിസനുമായി ചേർന്ന് സ്പെക്റ്റേറ്റർ മാസിക തുടങ്ങി. മേരി സ്കർലോക്ക് രണ്ടാമത്തെ ഭാര്യയായിരുന്നു; ആദ്യഭാര്യയുടെ സംസ്കാരച്ചടങ്ങിൽ വച്ചാണ്‌ അവർ തമ്മിൽ കാണുന്നത്. 1707ൽ അവർ വിവാഹിതരായി. അതിനു മുമ്പും പിമ്പുമായി നാനൂറോളം കത്തുകൾ അദ്ദേഹം അവർക്കെഴുതിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: