ഫെർണാണ്ടോ പെസ്സൊവ ഒരു സ്ത്രീയ്ക്കു മാത്രമേ പ്രണയലേഖനങ്ങൾ അയച്ചിട്ടുള്ളു. ഒഫീലിയ കെയ്റോസ് എന്നാണ് അവരുടെ പേര്. പെസ്സൊവ പരിഭാഷകനായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ സെക്രട്ടറിയായിരുന്നു ഒഫീലിയ. അവർക്കന്ന് പത്തൊമ്പതു വയസ്സായിരുന്നു; പെസ്സൊവയ്ക്ക് മുപ്പത്തൊന്നും. 1920 ജനുവരി 22നാണ് തങ്ങൾ ആദ്യമായി ചുംബിച്ചതെന്ന് എഴുപതുകാരിയായ ഒഫീലിയ ഒരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്. അന്ന് പവർ കട്ട് കാരണം അവർ രണ്ടു പേരൊഴികെ ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. ഒഫീലിയ കോട്ടിടുമ്പോഴാണ് പെസ്സൊവ ഒരു മെഴുകുതിരിയുമായി അടുത്തു ചെന്ന് ഹാംലെറ്റിലെ ചില വരികൾ ചൊല്ലിക്കൊണ്ട് വളരെ നാടകീയമായി തന്റെ പ്രണയം പ്രഖ്യാപിക്കുന്നത്; ‘ഒരു ഭ്രാന്തനെപ്പോലെ’ അദ്ദേഹം തന്നെ ചുംബിച്ചുവെന്നും അവർ പറയുന്നു. പക്ഷേ തുടർന്നുവന്ന ദിവസങ്ങളിൽ അദ്ദേഹത്തിന്റെ പെരുമാറ്റം അടുപ്പത്തിനും അകലത്തിനുമിടയിൽ ചാഞ്ചാടിക്കൊണ്ടിരുന്നു. പരിഭ്രാന്തയായ ഒഫീലിയ ഫെബ്രുവരി 28നെഴുതിയ കത്തിൽ എന്താണദ്ദേഹത്തിന്റെ മനസ്സിലിരുപ്പെന്നതിന് എഴുതിത്തയാറാക്കിയ ഒരു രേഖ വേണമെന്ന് ആവശ്യപ്പെട്ടു. കാരണം താൻ ചെയ്യാൻ പോകുന്ന ‘ത്യാഗ’ത്തിനു മതിയായത്ര ആത്മാർത്ഥവും ശക്തവുമാണോ അദ്ദേഹത്തിന്റെ പ്രണയം എന്ന് അവർക്കു സംശയം തോന്നിപ്പോയി; അവരാകട്ടെ, അദ്ദേഹത്തെക്കാൾ ചെറുപ്പമായ, തനിക്കു ശോഭനമായ ഒരു ഭാവി വാഗ്ദാനം ചെയ്യുന്ന ഒരു ചെറുപ്പക്കാരനുമായുള്ള ബന്ധം ഉപേക്ഷിച്ചു വേണം പെസ്സൊവയുമായുള്ള ബന്ധം തുടരാൻ. പെസ്സൊവയുടെ മറുപടി 1920 മാർച്ച് ഒന്നിനാണ്:
ഒഫീലിയ:
നിനക്കെന്നോടുള്ള അവജ്ഞ, അല്ലെങ്കിൽ പരമമായ ഉദാസീനത പ്രകടിപ്പിക്കാൻ ഇത്ര നീണ്ടൊരു പ്രബന്ധത്തിന്റെ ആവശ്യമില്ലായിരുന്നു; ഉള്ളിലാരെന്നറിയുന്ന വെറുമൊരു പ്രച്ഛന്നവേഷമായിപ്പോയി അത്. നീ എഴുതിത്തയാറാക്കിയ ‘കാരണങ്ങ’ളാവട്ടെ, വിശ്വസിപ്പിക്കാൻ മതിയാവില്ലെന്ന പോലെ ആത്മാർത്ഥതയില്ലാത്തതുമായിരുന്നു. നിനക്കതെന്നോടു പറഞ്ഞാൽ മതിയായിരുന്നു. നീ പറയുന്നതെനിക്കു മനസ്സിലാകുമായിരുന്നു; പക്ഷേ ഇപ്പോൾ നീ തിരഞ്ഞെടുത്ത വഴി എന്നെ കൂടുതൽ വേദനിപ്പിക്കുന്നതായി.
നിന്റെ പിന്നാലെ കൂടിയ ആ ചെറുപ്പക്കാരനോട് നിനക്കു സ്നേഹം തോന്നുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല; അതിനാൽ നീ എന്നെക്കാൾ അവനെ ഇഷ്ടപ്പെടുന്നതിൽ എനിക്കെന്തിനു നിന്നോടു വിരോധം തോന്നണം? തനിക്കു വേണ്ടയാളെ ഇഷ്ടപ്പെടുക എന്നത് നിന്റെ അവകാശമാണ്; നീ എന്നെ പ്രേമിക്കണമെന്നത് നിന്റെ ബാദ്ധ്യതയാണെന്നു ഞാൻ പറയുകയുമില്ല. അങ്ങനെ അഭിനയിക്കേണ്ട ആവശ്യവുമില്ല (നിനക്കതു രസമായി തോന്നുകയാണെങ്കിലല്ലാതെ.)
യഥാർത്ഥമായി പ്രേമിക്കുന്നവർ വക്കീലന്മാരുടെ ഹർജികൾ പോലുള്ള കത്തുകൾ എഴുതില്ല. പ്രണയം കാര്യങ്ങളെ അത്ര സൂക്ഷ്മമായി പരിശോധിക്കുന്നില്ല, വിചാരണ ചെയ്യേണ്ട എതിർകക്ഷികളോടെന്ന പോലെ മറ്റുള്ളവരോടു പെരുമാറുകയുമില്ല.
നിനക്കെന്തുകൊണ്ടെന്നോടു തുറന്നു പറഞ്ഞുകൂടാ? നിനക്ക് (എന്നല്ല ആർക്കും) ഒരുപദ്രവവും ചെയ്യാത്ത ഒരു മനുഷ്യനെ എന്തിനിങ്ങനെ നീ പീഡിപ്പിക്കണം? വിഷാദപൂർണ്ണവും ഏകാന്തവുമായ ഒരു ജീവിതത്തിന്റെ ഭാരം തന്നെ താങ്ങാനാവാതെ നില്ക്കുന്ന ഒരാൾക്കു മേൽ നടക്കാത്ത മോഹങ്ങളുടെയും ഇല്ലാത്ത സ്നേഹത്തിന്റെയും അധികഭാരം എന്തിനു കയറ്റിവയ്ക്കണം? എന്നെ വിഡ്ഢിയാക്കുന്നതിൽ നിന്നു കിട്ടുന്ന നിർദ്ദോഷമല്ലാത്ത ആനന്ദമല്ലാതെ മറ്റെന്താണു നിനക്കതിൽ നിന്നു കിട്ടുക?
എല്ലാം കൂടി ഇതൊരു ഹാസ്യനാടകമാകുന്നുണ്ടെന്ന് എനിക്കു ബോദ്ധ്യമായിരിക്കുന്നു, അതിലെ ഏറ്റവും വലിയ ഹാസ്യനടൻ ഞാനാണെന്നും.
ഞാൻ ഇതെല്ലാം ഒരു തമാശയായിട്ടെടുക്കുമായിരുന്നു, ഞാൻ നിന്നെ ഇത്രയധികം സ്നേഹിച്ചിരുന്നില്ലെങ്കിൽ, നീ എന്നിലേല്പിക്കുന്ന വേദനയെക്കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ചെങ്കിലും ചിന്തിക്കാൻ എനിക്കു സമയമുണ്ടായിരുന്നെങ്കിൽ. ഈ ദണ്ഡനത്തിനർഹനാവാൻ നിന്നെ സ്നേഹിച്ചു എന്നതല്ലാതെ മറ്റെന്താണു ഞാൻ ചെയ്തത്? അതു മതിയായ കാരണമായി ഞാൻ കാണുന്നതുമില്ല. അതെന്തുമാകട്ടെ...
ഇതാ, നീ ആവശ്യപ്പെട്ട ആ ‘രേഖ.’ നോട്ടറി യൂജെനിയോ സിൽവ എന്റെ ഒപ്പ് സാക്ഷ്യപ്പെടുത്തും.
ഫെർണാണ്ടോ പെസ്സൊവ
ഇങ്ങനെ തുടങ്ങിയ ആ കത്തിടപാടിന്റെ ആദ്യഘട്ടം ഒമ്പതു മാസം നീണ്ടുനിന്നു. ഒഫീലിയയോട് തനിക്കുള്ള തീവ്രാനുരാഗവും ലൈംഗികാഭിലാഷവും സംശയത്തിനിടയില്ലാത്ത വിധം ശക്തമായ വാക്കുകളിൽ അദ്ദേഹം തുറന്നുപറയുന്നുണ്ട്. “ഒരു ചുംബനം, ഒരേയൊരെണ്ണം, ഈ ലോകമുള്ള കാലത്തോളം നീണ്ടുനില്ക്കുന്നതൊന്ന്, എന്നും നിന്റെയായ ഒരാളിൽ നിന്ന്.” പക്ഷേ ഇവിടെ സംസാരിക്കുന്നത് പെസ്സൊവയാണോ അദ്ദേഹത്തിന്റെ അപരവ്യക്തിത്വങ്ങളിൽ ഒന്നാണോ എന്നതാണ് നമുക്കു സംശയിക്കാനുള്ളത്! 1920 ഒക്ടോബർ 15നെഴുതിയ ഒരു കത്തിൽ താൻ അൽവാരോ ദെ കാമ്പോയായി മാറിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നുമുണ്ട്.
1920 നവംബർ 29
പ്രിയപ്പെട്ട ഒഫീലിയ:
കത്തിനു നന്ദി. അതെന്നെ ആശ്വസിപ്പിച്ചതിനൊപ്പം തന്നെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തു. ദുഃഖിപ്പിച്ചത് ഈ തരം കാര്യങ്ങൾ ദുഃഖങ്ങളേ കൊണ്ടുവരാറുള്ളു എന്നതിനാൽ. ആശ്വസിപ്പിച്ചത് യഥാർത്ഥത്തിൽ ഇങ്ങനെയൊരു പരിഹാരമേയുള്ളു എന്നതിനാൽ- എന്റെയോ നിന്റെയോ ഭാഗത്തു നിന്നുള്ള പ്രേമം കൊണ്ടു ന്യായീകരിക്കാനാവാതായിക്കഴിഞ്ഞ ഒരവസ്ഥയെ ഇനി നീട്ടിക്കൊണ്ടു പോകാതിരിക്കുക. എനിക്കു നിന്നോടുള്ള ശാശ്വതമായ മതിപ്പും ദൃഢതരമായ സൗഹൃദവും എന്റെ ഭാഗത്തു ശേഷിക്കുന്നുണ്ടാവും. അത്രയെങ്കിലും സമ്മതിക്കുന്നതിൽ നിനക്കു വിരോധമുണ്ടാവില്ലല്ലോ, അല്ലേ?
ഇങ്ങനെയൊക്കെ ആയതിന്റെ പേരിൽ നിന്നെയോ എന്നെയോ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. അതിനു വിധിയെ മാത്രമേ കുറ്റപ്പെടുത്താനുള്ളു, കുറ്റമാരോപിക്കാവുന്ന ഒരു വ്യക്തിയാണ് വിധി എന്നുണ്ടെങ്കിൽ.
മുടി വെളുപ്പിക്കുകയും മുഖത്തു ചുളി വീഴ്ത്തുകയും ചെയ്യുന്ന കാലം അതിനെക്കാൾ വേഗത്തിൽ തീക്ഷ്ണവികാരങ്ങളെ ശോഷിപ്പിക്കുകയും ചെയ്യുന്നു. മിക്കവരും, ബുദ്ധിശൂന്യരാണവരെന്നതിനാൽ, ഇതു ശ്രദ്ധിക്കാറു പോലുമില്ല; പ്രേമം ഒരു ശീലമായിപ്പോയതിനാൽ തങ്ങൾ ഇപ്പോഴും പ്രേമിക്കുന്നുണ്ടെന്ന് അവർ സങ്കല്പിക്കുകയാണ്. അതങ്ങനെയായില്ലെങ്കിൽ ഈ ലോകത്ത് സന്തുഷ്ടരായി ആരും ഉണ്ടാവാനും പോകുന്നില്ല. വരിഷ്ടജീവികൾക്കു പക്ഷേ, ആ വ്യാമോഹത്തിൽ ആനന്ദം കണ്ടെത്താനാവില്ല, കാരണം പ്രണയം ശാശ്വതമാണെന്ന് അവർക്കു വിശ്വാസമില്ല; അതു പോയിക്കഴിഞ്ഞാൽ പിന്നെ ശേഷിക്കുന്നത്- പരസ്പരമുള്ള മതിപ്പ്, അല്ലെങ്കിൽ ഉപകാരസ്മരണ- പ്രണയത്തിനു പകരമായെടുത്ത് അവർ സ്വയം കബളിപ്പിക്കാറുമില്ല.
ഇതു നമുക്കു വ്യഥയുണ്ടാക്കുന്നുണ്ട്; ആ വ്യഥയ്ക്കും പക്ഷേ, ഒരവസാനമുണ്ടാവുന്നു. ജീവിതം- അതാണല്ലോ എല്ലാം- തന്നെയുമവസാനിക്കാമെങ്കിൽ ജീവിതത്തിന്റെ അംശങ്ങൾ മാത്രമായ മറ്റു പലതിനോടുമൊപ്പം പ്രേമവും ശോകവും അവസാനിക്കേണ്ടതല്ലേ?
നിന്റെ കത്തിൽ നീ എന്നോടു നീതി കാണിച്ചിട്ടില്ല; അതു പക്ഷേ എനിക്കു മനസ്സിലാകും, അതിനാൽ ഞാൻ അതു മാപ്പാക്കുകയും ചെയ്യുന്നു. കോപത്തോടെയും ഒരുപക്ഷേ വിദ്വേഷത്തോടെയുമാണ് നീ അതെഴുതിയതെന്നതിൽ സംശയമില്ല. എന്നാൽ നിന്റെ അവസ്ഥയിലെത്തിയ മിക്കവരും- സ്ത്രീകളും പുരുഷന്മാരും- ഇതിലും കടുപ്പത്തിലും ന്യായരഹിതമായിട്ടുമായിരിക്കും കാര്യങ്ങൾ എഴുതുക. പക്ഷേ ഒഫീലിയ, ഉത്കൃഷ്ടമായ ഒരു പ്രകൃതമാണ് നിന്റേത്. നിന്റെ കോപത്തിൽ പോലും പകയുടെ അംശമില്ല. ഇനി, നീ വിവാഹം കഴിക്കുകയും അർഹമായ ആനന്ദം നിനക്കു കിട്ടാതിരിക്കുകയും ചെയ്താൽ അതു നിന്റെ കുറ്റം കൊണ്ടായിരിക്കുകയില്ല.
എന്റെ കാര്യമാണെങ്കിൽ...
എന്റെ പ്രണയത്തിന് ഒരവസാനമായിരിക്കുന്നു. പക്ഷേ നിന്നോടുള്ള മമത എനിക്കെന്നുമുണ്ടാവും. നിന്റെയാ മനോഹരരൂപം, മുഗ്ധമായ രീതികൾ, നിന്റെ ഹൃദയാലുത്വം, നിന്റെ നന്മ, ഇതൊന്നും ഒരിക്കലും, ഒരിക്കലും ഞാൻ മറക്കില്ല എന്ന് നിനക്കുറപ്പിക്കാം. ഞാൻ സ്വയം കബളിപ്പിക്കുകയായിരുന്നുവെന്നും ഞാൻ നിന്നിൽ ആരോപിക്കുന്ന ഈ ഗുണങ്ങളെല്ലാം എന്റെ സങ്കല്പസൃഷ്ടികൾ മാത്രമാണെന്നും വരാം; എന്നാൽ എനിക്കങ്ങനെ തോന്നുന്നില്ല; ഇനി അങ്ങനെയാണെങ്കിൽ തന്നെ അവ നിന്നിൽ കണ്ടതു കൊണ്ട് ദോഷമൊന്നും വരാനുമില്ല.
നീ എന്തൊക്കെയാണു മടക്കിച്ചോദിക്കുക എന്നെനിക്കറിയില്ല- നിന്റെ കത്തുകൾ, അല്ലെങ്കിൽ മറ്റുള്ളവ. ഒന്നും മടക്കിത്തരാതിരിക്കാനാണ് എനിക്കിഷ്ടം; മരിച്ചുപോയ ഒരു ഭൂതകാലത്തിന്റെ ജീവിക്കുന്ന ഓർമ്മയായി, പ്രായം കൂടുന്തോറും മോഹഭംഗവും അസന്തുഷ്ടിയും കൂടുന്ന എന്റേതു പോലൊരു ജീവിതത്തിൽ ഓർത്തൂ നീറാനൊന്നായി നിന്റെ കത്തുകൾ സൂക്ഷിക്കണമെന്നെനിക്കുണ്ട്.
സാധാരണമനുഷ്യരെപ്പോലെ താണ രീതിയിൽ പെരുമാറരുതേ. ഞാൻ കടന്നു പോകുമ്പോൾ മുഖം തിരിക്കരുത്, എന്നെക്കുറിച്ചോർക്കുമ്പോൾ വൈരാഗ്യം തോന്നുകയുമരുത്. കുട്ടികളായിരുന്നപ്പോൾ അന്യോന്യം അല്പാല്പം സ്നേഹിച്ചിരുന്ന ചിരകാലസുഹൃത്തുക്കളെപ്പോലെ നമുക്കാവാം; മുതിർന്നപ്പോൾ അവർ മറ്റു സ്നേഹങ്ങളും വഴികളും തേടിപ്പോകുന്നു; എന്നാൽക്കൂടി ആ പഴയ, വ്യർത്ഥമായ സ്നേഹത്തിന്റെ വിശദസ്മൃതികൾ ഹൃദയത്തിന്റെ ഏതോ കോണിൽ അവർ സൂക്ഷിച്ചുവച്ചിരിക്കും.
ഈ “മറ്റു സ്നേഹങ്ങളും” “മറ്റു വഴികളും” നിനക്കാണു ബാധകം, ഒഫീലിയ, എനിക്കല്ല. എന്റെ വിധി മറ്റൊരു നിയമത്തിനധീനമാണ്; അങ്ങനെയൊരു നിയമമുണ്ടെന്നു കൂടി നിനക്കറിയില്ല; കഠിനഹൃദയരും ഒരു തെറ്റും ക്ഷമിക്കാത്തവരുമായ പ്രഭുക്കൾക്കു വിധേയമാണ് എന്റെ ഭാഗധേയം.
ഇതൊക്കെ നീ മനസ്സിലാക്കണമെന്നു ഞാൻ പറയുന്നില്ല. ഒരല്പം സ്നേഹത്തോടെ എന്നെ ഓർമ്മിച്ചാൽ മാത്രം മതി, എന്റെ ഓർമ്മയിൽ ഞാൻ നിന്നെ വിടാതെ വച്ചിരിക്കുന്നതു പോലെ.
ഫെർണാണ്ടോ
ഈ കത്തിനും അതിന് ഒഫീലിയ എഴുതിയ പരിഹാസപൂർണ്ണമായ മറുപടിക്കും ശേഷം ഒമ്പതു മാസം നീണ്ട മൗനമായിരുന്നു. 1929 സെപ്തംബറിൽ പെസ്സൊവ തന്റെ ഒരു ഫോട്ടോ സുഹൃത്തും കവിയുമായ കാർലോസ് കെയ്റോസിനു കൊടുക്കാനിടയായി; ഈ കെയ്റോസ് ഒഫീലിയയുടെ അനന്തരവനുമായിരുന്നു. പെസ്സൊവ തന്റെ ഇഷ്ടബാർ ആയ ആബേലിൽ വൈൻ കുടിച്ചുകൊണ്ടിരിക്കുന്ന ഈ ഫോട്ടോ കണ്ട ഒഫീലിയ അതിന്റെ ഒരു കോപ്പി കൂടി ചോദിക്കാൻ കാർലോസിനോടു പറഞ്ഞു. പെസ്സൊവ ഒരു കോപ്പി കൂടി കൊടുത്തു; അതിനു നന്ദി പറഞ്ഞുകൊണ്ടെഴുതിയ കത്തിൽ എഴുതാൻ താല്പര്യമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ വിശേഷങ്ങൾ അറിഞ്ഞാൽ കൊള്ളാമെന്ന് അവർ സൂചിപ്പിച്ചു. അങ്ങനെ അവരുടെ ബന്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി. പക്ഷേ പെസ്സൊവയ്ക്ക് സ്വസ്ഥത കിട്ടിയില്ല.
1929 സെപ്തംബർ 11
പ്രിയപ്പെട്ട ഒഫീലിയ,
നിന്റെ കത്തിൽ കണ്ട ഹൃദയം എന്നെ സ്പർശിച്ചു; പക്ഷേ ഒരു തെമ്മാടിയുടെ ഫോട്ടോയ്ക്ക്, എനിക്കില്ലാത്ത ഒരിരട്ടസഹോദരനാണ് ആ തെമ്മാടിയെങ്കിൽക്കൂടി, നീ എന്തിനാണു നന്ദി പറയുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. കുടിച്ചു ബോധമില്ലാതായ ഒരു നിഴലിന് നിന്റെ ഓർമ്മകളിൽ ഒരിടമുണ്ടാവുമെന്നോ?
എന്റെ പ്രവാസത്തിൽ- അതു ഞാൻ തന്നെയാണ്- ജന്മദേശത്തു നിന്നൊരാനന്ദം പോലെയാണ് നിന്റെ കത്തു വന്നത്; അതിനാൽ പ്രിയപ്പെട്ട പെൺകുട്ടീ, ഞാൻ നിനക്കാണു നന്ദി പറയേണ്ടത്.
മൂന്നു സംഗതികൾക്കു മാപ്പു ചോദിക്കാൻ ഞാൻ ഈ അവസരം ഉപയോഗിച്ചോട്ടെ; മൂന്നും ഒന്നു തന്നെയാണ്, മൂന്നിനും കാരണക്കാരൻ ഞാനല്ല താനും. മൂന്നു തവണ നീ മുന്നിൽ വന്നപ്പോൾ ഞാൻ ഒന്നും മിണ്ടാതെ നടന്നു പോയി; കാരണം അതു നീയാണെന്ന് എനിക്കത്ര ഉറപ്പുണ്ടായിരുന്നില്ല; എനിക്കുറപ്പു വരുമ്പോഴേക്കും നീ കടന്നുപോയിരുന്നു എന്നു പറയുകയാവും കൂടുതൽ ശരി. ഒരുപാടു കാലം മുമ്പ് റുവാ ദൊ ഔറോയിൽ വച്ച് ഒരു രാത്രിസമയത്താണ് ഒന്നാമത്. നിന്റെ ഭാവിവരനോ കൂട്ടുകാരനോ ആവാം എന്നു ഞാനൂഹിക്കുന്ന ഒരു ചെറുപ്പക്കാരൻ നിന്റെ കൂടെ ഉണ്ടായിരുന്നു; അതിനയാൾ അർഹനാണെങ്കിൽക്കൂടി അതങ്ങനെയാണോ എന്നെനിക്കറിയുകയുമില്ല. മറ്റു രണ്ടു തവണ വളരെ അടുത്ത കാലത്താണ്; നാമപ്പോൾ എസ്ട്രേലയിലേക്കുള്ള ട്രാമിൽ സഞ്ചരിക്കുകയാണ്. അതിൽ ഒരു തവണ എന്റെ കൺകോണിലൂടെയേ ഞാൻ നിന്നെ കണ്ടുള്ളു; കണ്ണട ധരിക്കാൻ വിധിക്കപ്പെട്ട ഒരാൾക്ക് അതു ശരിക്കും കാണാതിരിക്കൽ തന്നെയാണ്.
ഒരു കാര്യം കൂടിയുണ്ട്...ഇല്ല, ഒന്നുമില്ല, ഓമനച്ചുണ്ടുകളേ...
ഫെർണാണ്ടോ
തുടർന്നുള്ള കത്തുകളിൽ പലതിലും പെസ്സൊവയുടെ അപരവ്യക്തിത്വങ്ങളിൽ ഒന്നായ അൽവാരോ ദെ കാമ്പോ എന്ന നേവൽ എഞ്ചിനീയർ കടന്നുവരുന്നു. 1929 സെപ്തംബർ 29നെഴുതിയ ഒരു കത്ത് അൽവാരോ തന്നെ എഴുതുന്ന മട്ടിലാണ്. തന്നെയോർത്ത് ആഹാരം കഴിക്കാതിരിക്കുകയോ തൂക്കം കുറയുകയോ പനി പിടിക്കുകയോ ചെയ്യരുതെന്ന് അതിൽ അദ്ദേഹം ഒഫീലിയയെ വിലക്കുകയും ചെയ്യുന്നു. മറ്റൊരു കത്തിൽ അൽവാരോ കൂടെയുള്ളതു കാരണം തനിക്ക് അവരെ കാണാൻ പറ്റില്ലെന്ന് അദ്ദേഹം എഴുതുന്നു. തന്റെ മാനസികനില തകരാറിലാണെന്ന പ്രതീതി ജനിപ്പിക്കാൻ പല കത്തുകളിലും അദ്ദേഹം ശ്രമിക്കുന്നുണ്ട്. “ഞാൻ ദുഃഖിതനാണ്, ഞാൻ ഭ്രാന്തനാണ്, ആർക്കുമെന്നെ ഇഷ്ടമില്ല, അതിൽ ശരികേടുമില്ല...എനിക്കു കൃത്യമായും ആർത്തിയോടെയും നിന്റെ ചുണ്ടുകളിൽത്തന്നെ ചുംബിക്കണം, നിന്റെ ചുണ്ടുകളും അവയിൽ നീ ഒളിപ്പിച്ച കുഞ്ഞുചുംബനങ്ങളും കടിച്ചു തിന്നണം, നിന്റെ ചുമലിൽ തല ചായ്ക്കണം, നിന്റെ കുഞ്ഞുമാടപ്രാവുകളിലേക്കുരസിയിറങ്ങണം, നിന്നോടു മാപ്പു ചോദിക്കണം...ഞാൻ നിർത്തുകയായി, എനിക്കു ഭ്രാന്താണ്, ഞാൻ എന്നുമങ്ങനെയായിരുന്നു, ജനിച്ചതേ അങ്ങനെയാണ്...“ അവസാനമായി 1929 ഒക്ടോബർ 9നെഴുതിയ രണ്ടു കത്തുകളിൽ ഒന്നിൽ അദ്ദേഹം പറയുന്നു. പെസ്സൊവ പിന്നീടും ഒഫീലിയയെ വിളിക്കാറുണ്ടായിരുന്നു; അവർ തമ്മിൽ ട്രാമിലോ തെരുവുകളിലോ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടാറുമുണ്ടായിരുന്നു. അദ്ദേഹം പിന്നീടു കത്തെഴുകയുണ്ടായില്ല. ഒഫീലിയ പിന്നെയും ഒരു കൊല്ലം കൂടി കത്തുകൾ അയച്ചുകൊണ്ടിരുന്നു. 1931ൽ അതും നിലച്ചു. എന്നാൽ എല്ലാ ജൂൺ 13നും അവർ പെസ്സൊവയ്ക്ക് ജന്മദിനാശംസ അയച്ചുകൊണ്ടിരുന്നു; തിരിച്ച് അദ്ദേഹവും അവരുടെ ജന്മദിനമായ ജൂൺ 14ന് തന്റെ ആശംസ അറിയിക്കുകയും ചെയ്തിരുന്നു. 1935 ഒക്ടോബറിൽ പെസ്സൊവ തന്റെ അവസാനത്തെ അൽവാരോ ദെ കാമ്പോ കവിതയെഴുതി.
എല്ലാ പ്രണയലേഖനങ്ങളും
പരിഹാസ്യമാണ്.
പരിഹാസ്യമല്ലെങ്കിൽ
അവ പ്രണയലേഖനങ്ങളാവുകയുമില്ല.
ഒരു കാലത്തു ഞാനും
പ്രണയലേഖനങ്ങളെഴുതിയിരുന്നു,
മറ്റുള്ളവയെപ്പോലെ
അവയും പരിഹാസ്യമായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും
ഒരിക്കലും പ്രണയലേഖനമെഴുതാത്തവരേ
ശരിക്കും പരിഹാസ്യരായിട്ടുള്ളു.
ഞാനാഗ്രഹിച്ചുപോകുന്നു:
പരിഹാസ്യമെന്നോർക്കാതെ
പ്രണയലേഖനമെഴുതാൻ കഴിഞ്ഞിരുന്ന
കാലത്തായിരുന്നു ഞാനെങ്കിൽ.
പക്ഷേ ഇന്നെനിക്കറിയാം,
ആ പ്രണയലേഖനങ്ങളുടെ ഓർമ്മയാണ്
പരിഹാസ്യമെന്ന സത്യം.
(ആ വിചിത്രമായ വാക്കുകൾ
പരിഹാസ്യമാണ്
ആ വിചിത്രമായ അനുഭൂതി പോലെ.)
ഒരു മാസം കഴിഞ്ഞ് പെസ്സൊവ മരിച്ചു; അമിതമദ്യപാനം മൂലമുള്ള കരൾ രോഗമോ പാൻക്രിയാസിലുണ്ടായ പഴുപ്പോ ആയിരുന്നു മരണകാരണം. പിന്നീട് വിവാഹിതയായ ഒഫീലിയ കെയ്റോസ് 1991ൽ മരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ