2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പ്രണയലേഖനങ്ങൾ (29) -വില്യം കോൺഗ്രേവ്

william congreve



1690
ആരബെല്ല ഹണ്ടിന്‌

ഞാൻ നിന്നെ പ്രേമിക്കുന്നുവെന്നു നീ വിശ്വസിക്കുന്നില്ല? അത്രയും അവിശ്വാസം അഭിനയിക്കാൻ നിനക്കു പറ്റില്ല. നിനക്കെന്റെ നാവിനെ വിശ്വാസമായില്ലെങ്കിൽ എന്റെ കണ്ണുകളോടു ചോദിക്കൂ, നിന്റെ കണ്ണുകളോടു ചോദിക്കൂ. നിന്റെ കണ്ണുകൾ പറയും അവയ്ക്കു ചാരുതകളുണ്ടെന്ന്; എന്റെ കണ്ണുകൾ പറയും ആ ചാരുതകൾ അറിയുന്നൊരു ഹൃദയം എനിക്കുണ്ടെന്നും. ഇന്നലെ രാത്രിയിൽ എന്താണുണ്ടായതെന്ന് ഒന്നോർത്തുനോക്കൂ. അതൊരു കാമുകന്റെ ചുംബനമെങ്കിലും ആയിരുന്നു. അതിന്റെ വ്യഗ്രത, അതിന്റെ തീക്ഷ്ണത, അതിന്റെ ഊഷ്മളത വെളിപ്പെടുത്തിയത് ദൈവമാണതിന്റെ ജനയിതാവ് എന്നായിരുന്നു. ഹാ! അതിലുമധികം അവനെ വെളിപ്പെടുത്തിയത് അതിന്റെ മാധുര്യവും അലിയുന്ന മാർദ്ദവവുമായിരുന്നു. കൈകാലുകളിൽ വിറയോടെ, ആത്മാവിൽ ജ്വരത്തോടെ ഞാനതു കവരുകയായിരുന്നു. നടുക്കങ്ങൾ, കിതപ്പുകൾ, മന്ത്രണങ്ങൾ- എത്ര വലിയൊരു കൂട്ടക്കുഴപ്പമാണെന്റെ മനസ്സിൽ നടക്കുന്നതെന്നതിന്റെ ലക്ഷണങ്ങളായിരുന്നു അവ; ആ ചുംബനം അതിനെ പിന്നെയും കുഴപ്പത്തിലാക്കുകയുമായിരുന്നു. ആ ഓമനച്ചുണ്ടുകൾ തുളച്ചുകേറുകയായിരുന്നല്ലോ, എന്റെ ഹൃദയത്തിലൂടെ, ചോരയൊലിപ്പിക്കുന്ന കുടലിലൂടെ; ആസ്വാദ്യമായ വിഷം, തടുക്കരുതാത്തതെങ്കിലും മനോഹരമായൊരു വിനാശം.
ഒരു ദിവസം കൊണ്ടെന്തൊക്കെ ഉണ്ടായിക്കൂടാ? ഇന്നലെ രാത്രി വരെ ഞാൻ കരുതിയിരുന്നത് സന്തുഷ്ടനായ ഒരു മനുഷ്യനാണു ഞാനെന്നും, എനിക്കൊന്നിന്റെയും കുറവില്ലെന്നും ശോഭനമായ പ്രതീക്ഷകൾ ന്യായമായും വച്ചുപുലർത്താം എനിക്കെന്നുമായിരുന്നു; അറിവുള്ളവരുടെ അംഗീകാരവും മറ്റുള്ളവരുടെ കരഘോഷവും എനിക്കു കിട്ടുന്നുണ്ടെന്നായിരുന്നു. സമ്പ്രീതൻ, അല്ല, എന്റെ സ്നേഹിതരാൽ, ആനന്ദങ്ങളറിയുന്നവരും അതിനുടമകളുമായ അന്നത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതരാൽ അനുഗൃഹീതൻ.

പക്ഷേ പ്രണയം, സർവശക്തമായ പ്രണയം ഒരു നിമിഷം കൊണ്ടെന്നെ നീയല്ലാത്ത സർവതിൽ നിന്നും അതിദൂരത്തേക്കകറ്റിയപോലെ തോന്നുന്നു. ആൾക്കൂട്ടത്തിനിടയിൽ നില്ക്കുമ്പോഴും ഏകാകിയാണു ഞാനെന്നു തോന്നിപ്പോകുന്നു. നീയല്ലാതെ മറ്റൊന്നിനുമാവില്ല എന്റെ മനസ്സിനെ പിടിയിലാക്കാൻ; നീയല്ലാതെ മറ്റൊന്നുമില്ല എന്റെ മനസ്സിനു പിടിയിലാക്കാൻ. ഏതോ ഒരന്യദേശത്തെ മരുഭൂമിയിൽ നിന്നോടൊപ്പം എത്തിപ്പെട്ടിരിക്കുകയാണെന്നപോലെ (ഹാ, ശരിക്കും അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ!); നിന്റെയൊപ്പം നിർബാധമായ പ്രഹർഷത്തിന്റെ ഒരു യുഗം ഞാൻ അവിടെക്കഴിച്ചേനെ.

ലോകമെന്ന ഈ മഹാരംഗവേദി എത്ര പെട്ടെന്നാണു മാറിപ്പോയത്, എത്ര ദയനീയമായും! നീയൊഴിച്ചാൽ അസുന്ദരമായ വസ്തുക്കളാണ്‌ എനിക്കു ചുറ്റും; ലോകത്തിന്റെ സർവ ചാരുതകളും നിന്നിൽ മാത്രമായി പകർന്നിരിക്കുന്നപോലെ. ഇപ്പറഞ്ഞതു പോലെ ഹാ, അമിതാഹ്ളാദം നിറഞ്ഞ ഈ അവസ്ഥയിൽ എന്റെ ആത്മാവിനു നീയല്ലാതെ മറ്റൊന്നിലും ഉറച്ചുനില്ക്കാനാവുന്നില്ല; അതു ധ്യാനിക്കുന്നതു നിന്നെ, ആദരിക്കുന്നതും ആരാധിക്കുന്നതും, അല്ല, ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും നിന്നെ മാത്രം.

നീയും പ്രതീക്ഷയും അതിനെ കൈവെടിയുകയാണെങ്കിൽ നൈരാശ്യവും തീരാവേദനയും അതിനെ പരിചരിക്കാനെത്തട്ടെ.

arabella hunt

വില്ല്യം കോൺഗ്രേവ് William Congreve(1670-1729) The Way of the World എന്ന നാടകത്തിലൂടെ പ്രശസ്തനായ ഇംഗ്ളീഷ് നാടകകൃത്ത്. Arabella Hunt ഗായികയും ക്യൂൻ മേരിയുടെ പ്രീതിഭാജനവും. ആരബെല്ല 1680ൽ ഒരു ജയിംസ് ഹോവാർഡിനെ വിവാഹം ചെയ്തുവെങ്കിലും അയാൾ യഥാർത്ഥത്തിൽ പുരുഷവേഷം ധരിച്ച ആമി പൌൾട്ടെർ എന്ന വിധവയാണെന്ന് പിന്നീട് ബോദ്ധ്യമായി അവർ വിവാഹമോചിതയാവുകയും ചെയ്തു. ആരബെല്ല പിന്നീട് വിവാഹം ചെയ്തില്ല. കോൺഗ്രേവും അവിവാഹിതനായിരുന്നു; എന്നാൽ പലരുമായും അദ്ദേഹത്തിന്‌ പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നു.



അഭിപ്രായങ്ങളൊന്നുമില്ല: