2016, ഒക്‌ടോബർ 8, ശനിയാഴ്‌ച

പ്രണയലേഖനങ്ങൾ(18)- റോസ ലക്സംബർഗ്



ലിയോ ജോഗിച്സിന്

1899 മാർച്ച് 6

നീ അയച്ച കത്തിനും സമ്മാനത്തിനും (അതിനിയും എനിക്കു കൈയിൽ കിട്ടിയിട്ടില്ലെങ്കിലും) ഒരായിരം വട്ടം ഞാൻ നിന്നെ ചുംബിക്കട്ടെ...നീ നോക്കിയെടുത്ത സമ്മാനം എന്നെ എത്ര സന്തോഷിപ്പിച്ചുവെന്നു നിനക്കു സങ്കല്പിക്കാനാവില്ല. അതെ, എനിക്കേറ്റവും ഇഷ്ടപ്പെട്ട സാമ്പത്തികശാസ്ത്രജ്ഞനാണ്‌ റോഡ്ബെർട്ടസ്; ബുദ്ധിപരമായ ആനന്ദത്തിനായി എത്ര തവണ വേണമെങ്കിലും എനിക്കദ്ദേഹത്തെ വായിക്കാം. പ്രിയപ്പെട്ടവനേ, നിന്റെ കത്ത് എത്രയെന്നെ ആഹ്ളാദിപ്പിച്ചുവെന്നോ. തുടക്കം മുതൽ ഒടുക്കം വരെ ഒരാറു തവണ ഇതിനകം ഞാനതു വായിച്ചിരിക്കുന്നു. അപ്പോൾ, നീ എന്നിൽ പ്രീതനായിരിക്കുന്നുവല്ലേ. എനിക്കവകാശപ്പെട്ട ഒരു പുരുഷൻ എവിടെയോ ഉണ്ടെന്ന് എനിക്കു മാത്രമറിയാമെന്ന് നീ എഴുതുന്നു! നിന്നെ വിചാരിച്ചു കൊണ്ടാണ്‌ എന്തും ഞാൻ ചെയ്യുന്നതെന്ന് നിനക്കറിയില്ലേ: ഒരു ലേഖനമെഴുതുമ്പോൾ എന്റെ ഒന്നാമത്തെ ചിന്ത നിനക്കതു സന്തോഷത്തിനു കാരണമാകുമോ എന്നാണ്‌; സ്വന്തം കഴിവിൽ വിശ്വാസം നശിച്ച് ഒന്നും ചെയ്യാനാകാതെ ഇരിക്കുന്ന ചില നാളുകളിൽ എനിക്കാകെയുള്ള ഭയം അതു നിന്നെ എങ്ങനെയാണു ബാധിക്കുക എന്നാണ്‌, നിന്നെയതു നിരാശപ്പെടുത്തുമോ എന്നാണ്‌. എന്റെ വിജയങ്ങൾക്കു കിട്ടുന്ന പ്രമാണപത്രങ്ങളാവട്ടെ-കൌട്സ്കിയുടെ ഒരു കത്തു പോലെ- നിനക്കുള്ള പ്രണാമങ്ങൾ മാത്രവുമാണ്‌. കൌട്സ്കി എന്തെഴുതിയാലും വ്യക്തിപരമായി എനിക്കതിൽ ഒട്ടും താല്പര്യമില്ല; എനിക്കതു സന്തോഷം നല്കിയെങ്കിൽ നിന്റെ കണ്ണുകൾ വച്ചാണ്‌ ഞാൻ അതെഴുതിയത് എന്നതു കൊണ്ടാണ്‌, നിനക്കത് എന്തു മാത്രം ആനന്ദം നല്കും എന്നെനിക്കു തോന്നിയതു കൊണ്ടാണ്‌.

...എനിക്കു നിന്റെ വിലയറിയില്ലെന്നു നീ കരുതുന്നുണ്ടോ? ആയുധമെടുക്കാനുള്ള ആഹ്വാനം മുഴങ്ങുമ്പോൾ സഹായവും പ്രോത്സാഹനവുമായി എപ്പോഴും നീ അരികിലുണ്ടാവും- നമ്മൾ തമ്മിലുള്ള എല്ലാ കലഹങ്ങളും എന്റെ അവഗണനയും മറന്നുകൊണ്ടു തന്നെ!

എത്ര ആഗ്രഹത്തോടെയും ആഹ്ളാദത്തോടെയുമാണ്‌ ഞാൻ നിന്റെ ഓരോ കത്തും കാത്തിരിക്കുന്നതെന്ന് നിനക്കറിയില്ല; അത്ര ബലവും സന്തോഷവുമാണ്‌ എനിക്കവ കൊണ്ടുവന്നു തരുന്നത്; ജീവിക്കാൻ എന്നെ ഉത്സാഹിപ്പിക്കുകയാണവ.
നാമിരുവരും ചെറുപ്പമാണെന്നും നമ്മുടെ സ്വകാര്യജീവിതം ചിട്ടപ്പെടുത്താൻ ഇനിയും നമുക്കു സമയമുണ്ടെന്നും നീ കത്തിൽ പറയുന്ന ആ ഭാഗമാണ്‌ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. പ്രിയപ്പെട്ടവനേ, ആ വാഗ്ദാനം സഫലമാവാൻ ഞാനെത്ര ആഗ്രഹിക്കുന്നുവെന്നോ!

...നമ്മുടെ സ്വന്തമായ ഒരു കൊച്ചു മുറി, നമ്മുടെ ഫർണീച്ചർ, നമ്മുടെ സ്വന്തം പുസ്തകശേഖരം, ബഹളമില്ലാത്ത, സ്ഥിരതയുള്ള ഒരു ജോലി, ഒരുമിച്ചുള്ള നടത്തകൾ, വല്ലപ്പോഴും ഒരു ഓപ്പെറ, അടുത്ത സുഹൃത്തുക്കളുടെ ചെറിയ- തീരെച്ചെറിയ- ഒരു കൂട്ടായ്മ(നമുക്കവരെ വല്ലപ്പോഴും അത്താഴത്തിനു ക്ഷണിക്കുകയുമാവാം), എല്ലാക്കൊല്ലവും ഒരു മാസത്തെ നാട്ടുമ്പുറവാസം (അതെ, ജോലി ചെയ്യാതെ!)...പിന്നെ, ഒരു കുഞ്ഞ്, ഒരു കൊച്ചുകുഞ്ഞും കൂടിയായാലോ? അതിനൊരിക്കലും അനുമതി കിട്ടില്ലേ? ഒരിക്കലും? പ്രിയപ്പെട്ടവനേ, ഇന്നലെ പാർക്കിലൂടെ നടക്കുമ്പോൾ ആരാണെന്റെ കൂടെ കൂടിയതെന്നു പറയട്ടെ- ഒട്ടും  അതിശയോക്തിയില്ലാതെ? മൂന്നോ നാലോ വയസ്സു വരുന്ന ഒരു കുഞ്ഞ്, സ്വർണ്ണമുടിയും സുന്ദരമായ വേഷവുമായി; അതെന്നെത്തന്നെ നോക്കിനില്ക്കുകയായിരുന്നു; അതിനെ തട്ടിയെടുത്ത് വീട്ടിലേക്കോടാൻ വല്ലാത്തൊരുൾത്തിടുക്കമാണ്‌ എനിക്കപ്പോൾ തോന്നിയത്. പ്രിയപ്പെട്ടവനേ, എനിക്കൊരിക്കലും ഒരു കുഞ്ഞു സ്വന്തമാവില്ലേ?
വീട്ടിൽ നാം പിന്നെ വഴക്കടിക്കുകയുമില്ല, അങ്ങനെയല്ലേ? മറ്റാരുടേതും പോലെ സമാധാനം നിറഞ്ഞതായിരിക്കണമത്. എന്നെ വ്യാകുലപ്പെടുത്തുന്നതെന്താണെന്ന് നിനക്കല്ലേ അറിയൂ; ഇപ്പോഴേ വളരെ പ്രായമായെന്ന, തീരെ അനാകർഷകയാണെന്ന തോന്നലാണെനിക്ക്. പാർക്കിൽ കൈ കോർത്തു നിന്റെ കൂടെ നടക്കുന്നവൾ ആകർഷത്വമുള്ള ഭാര്യയായിരിക്കില്ല- ജർമ്മൻകാരുടെ കണ്ണിൽ പെടാതെ നാം നടക്കും. പ്രിയപ്പെട്ടവനേ, ഒന്നാമതായി നീ നിന്റെ പൗരത്വത്തിന്റെ പ്രശ്നം പരിഹരിക്കുകയാണെങ്കിൽ, രണ്ടാമതായി ഡോക്ടറേറ്റെടുക്കുകയാണെങ്കിൽ, മൂന്നാമതായി, നമ്മുടെ സ്വന്തം മുറിയിൽ എന്നോടൊപ്പം പരസ്യമായി ജീവിക്കുകയാണെങ്കിൽ, എനിക്കൊപ്പം ജോലി ചെയ്യുകയാണെങ്കിൽ അതില്പരം നമുക്കൊന്നും ആഗ്രഹിക്കാനില്ല! ഈ ഭൂമിയിൽ എന്നെയും നിന്നെയും പോലെ മറ്റൊരിണയ്ക്കും സന്തോഷത്തിനുള്ള ഇത്രയും സൌകര്യങ്ങൾ ഉണ്ടായിരിക്കില്ല; നമ്മുടെ ഭാഗത്തു നിന്ന് ഒരല്പം സന്മനോഭാവം കൂടിയുണ്ടെങ്കിൽ നമ്മുടെ ജീവിതം സന്തുഷ്ടമാവും, അതു സന്തുഷ്ടമായിരിക്കണം.





മാര്‍ക്സിസ്റ്റ്  സൈദ്ധാന്തികയും സാമ്പത്തികശാസ്ത്രജ്ഞയും യുദ്ധവിരുദ്ധപ്രവര്‍ത്തകയുമായിരുന്ന റോസ  ലക്സംബർഗ്  Rosa Luxemburg(1871-1919) റഷ്യയുടെ അധീനത്തിലായിരുന്ന പോളണ്ടിന്റെ ഭാഗമായ ലബ്‌ലിനിൽ ഒരു മരക്കച്ചവടക്കാരന്റെ അഞ്ചാമത്തെ കുട്ടിയായി ജനിച്ചു. 1886ൽ പോളിഷ് പ്രോലിറ്റേറിയറ്റ് പാർട്ടിയിൽ ചേർന്നു. അറസ്റ്റ് ഒഴിവാക്കാനായി 1889ൽ സ്വിറ്റ്സർലന്റിലെ സൂറിച്ചിലേക്കു രക്ഷപ്പെട്ടു. 1898ൽ സൂറിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്റ് എടുത്തു. ഇവിടെ വച്ചാണ്‌ ലിയോ ജോഗിച്സിനെ കാണുന്നതും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാപിക്കുന്നതും. റോസയുടെയും ലിയോയുടെയും ദീർഘമായ പ്രണയകാലത്ത് അവർ ഒരിക്കലും ഒരുമിച്ചു താമസിച്ചിട്ടില്ല; അവർക്കു കൂടുതൽ പ്രധാനം തങ്ങളുടെ രാഷ്ട്രീയപ്രവർത്തനങ്ങളായിരുന്നു. ബർലിനിലേക്കു താമസം മാറ്റാനുള്ള ഉപാധിയായി 1898ൽ അവർ കാൾ ലൂബെക്കിനെ വിവാഹം ചെയ്തു. ജർമ്മൻ മിലിട്ടറിസത്തിനും സാമ്രാജ്യത്വവാദത്തിനുമെതിരെയുള്ള സമരങ്ങൾക്കിടയിൽ 1916ൽ അവരെ അറസ്റ്റു ചെയ്ത് രണ്ടര കൊല്ലത്തെ തടവിനു ശിക്ഷിച്ചു. 1918ൽ മോചിതയായപ്പോൾ ജർമ്മൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചു; അതിന്റെ മുഖപത്രമായിരുന്നു റെഡ് ഫ്ളാഗ്. 1919 ജനുവരിയിൽ അപ്പോഴേക്കും ശക്തിയാർജ്ജിച്ചുവന്ന വലതുപക്ഷസമാന്തരസേനകളിലൊന്നായ ഫ്രൈകോർപ്സ് അവരെ അറസ്റ്റു ചെയ്തു. അവരെ ഒരു ഹോട്ടലിലേക്കു കൊണ്ടുപോയി ബോധം കെടും വരെ മർദ്ദിച്ചു. പിന്നെ ലാൻഡ്‌വേർ കനാലിൽ കൊണ്ടുപോയി തള്ളുകയും ചെയ്തു. നാസി ജർമ്മനിയുടെ ഒന്നാമത്തെ വിജയമായിരുന്നു റോസ ലക്സംബർഗിന്റെ കൊലപാതകം.

അഭിപ്രായങ്ങളൊന്നുമില്ല: