2016, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

പ്രണയലേഖനങ്ങള്‍ (17)- നെപ്പോളിയൻ ബോണപ്പാർട്ട്


പാരീസ്, 1795 ഡിസംബർ

നിന്നെക്കുറിച്ചുള്ള ചിന്തകളാൽ നിറഞ്ഞു ഞാനുണരുന്നു. നിന്റെ ചിത്രവും ഇന്നലെ നാമൊരുമിച്ചു പങ്കിട്ട മുഗ്ധസായാഹ്നവും എന്റെ ഇന്ദ്രിയങ്ങളെ പ്രക്ഷുബ്ധമാക്കിയിരിക്കുന്നു. സമാനതകളില്ലാത്ത ഓമനേ, ജോസഫൈൻ, എന്തസാധാരണമായ പ്രഭാവമാണെന്റെ ഹൃദയത്തിൽ നീ ചെലുത്തിയത്! നീ കോപിച്ചിരിക്കുകയാണോ? നിന്റെ മുഖത്തു ഞാൻ കാണുന്നതു വിഷാദമാണോ? നിന്റെ മനസ്സു വേവലാതിപ്പെടുകയാണോ?...ശോകം കൊണ്ടെന്റെ നെഞ്ചു നീറുന്നു; നിന്റെ കാമുകനു സ്വസ്ഥതയെന്നതുണ്ടാവില്ല. എന്നാലെന്നെ ആമഗ്നമാക്കുന്ന തീവ്രവികാരങ്ങൾക്കു വഴങ്ങി നിന്റെ ചുണ്ടുകളിൽ നിന്ന്, നിന്റെ ഹൃദയത്തിൽ നിന്ന് എന്നെ എരിച്ചടക്കുന്ന ഒരഗ്നി കവരാനെനിക്കായാൽ ഇനിയും പലതുമെനിക്കു പ്രതീക്ഷിക്കാമെന്നാണോ? ഹാ! ഇന്നലെ രാത്രിയിലാണെനിക്കു പൂർണ്ണബോദ്ധ്യമായത്, എത്ര അയഥാർത്ഥമായ ഒരു ധാരണയാണ്‌ നിന്റെ ചിത്രം നല്കുന്നതെന്ന്!

നീ ഇന്നുച്ചയ്ക്കു മടങ്ങുകയാണല്ലോ; മൂന്നു മണിക്കൂറിനുള്ളിൽ ഞാൻ നിന്നെ വന്നു കാണാം.

അത്രയും നേരത്തേക്ക്, എന്റെ പ്രിയകാമുകീ, ഒരായിരം ചുംബനങ്ങൾ; അതിലൊന്നുപോലും നീ മടക്കിത്തരികയും വേണ്ട; എന്തെന്നാൽ എന്റെ ചോരയ്ക്കതു തീ കൊളുത്തുമല്ലോ!
----------------------------------------------------------------------------------------------------

1796 ജൂലൈ 17

നിന്നെ സ്നേഹിക്കാതെ ഒരു പകലു പോലും ഞാൻ കഴിച്ചിട്ടില്ല; നിന്നെപ്പുണരാതെ ഒരു രാത്രി പോലും ഞാൻ കഴിച്ചിട്ടില്ല; നിന്നിൽ നിന്നകന്നു കഴിയാൻ എന്നെ നിർബന്ധിതനാക്കുന്ന എന്റെ ആത്മാഭിമാനത്തെയും ഉത്ക്കർഷേച്ഛയെയും ശപിക്കാതെ ഒരു കപ്പു ചായ പോലും ഞാൻ കുടിച്ചിട്ടില്ല. എന്റെ കർത്തവ്യങ്ങൾക്കു നടുവിൽ, അതിനി പട നയിക്കുമ്പോഴാകട്ടെ, അല്ലെങ്കിൽ പട്ടാളക്കാരുടെ തമ്പുകൾ സന്ദർശിക്കുമ്പോഴാകട്ടെ, എനിക്കെത്രയും പ്രിയപ്പെട്ട ജോസഫൈൻ മാത്രമേ എന്റെ നെഞ്ചിൽ കയറി നില്ക്കുന്നുള്ളു, എന്റെ മനസ്സിൽ കുടിയേറുന്നുള്ളു, എന്റെ ചിന്തകളിൽ നിറയുന്നുള്ളു. റോൺ നദിയിലെ കുത്തൊഴുക്കിന്റെ വേഗതയിലാണു ഞാൻ നിന്നിൽ നിന്നകന്നു പോകുന്നതെങ്കിൽ അത്രയും പെട്ടെന്നു നിന്നെ വീണ്ടും കാണാൻ വേണ്ടിയാണത്. പാതിരാത്രിക്കെഴുന്നേറ്റു ഞാൻ ജോലിക്കു പോകുന്നുണ്ടെങ്കിൽ എന്റെ ഓമനയുടെ വരവു രണ്ടു ദിവസമെങ്കിൽ രണ്ടു ദിവസം നേരത്തേയാക്കാൻ വേണ്ടി മാത്രമാണ്‌. എന്നിട്ടും 23നും 26നും  അയച്ച കത്തുകളിൽ നീയെന്നെ ‘നിങ്ങൾ’ എന്നു വിളിക്കുന്നു. ‘നിങ്ങൾ’- അതു നീയാണ്‌. ഹ! വൃത്തികെട്ടവളേ! നിനക്കെങ്ങനെയായി ഇങ്ങനെയൊരു കത്തെഴുതാൻ! എന്തു തണുപ്പാണതിന്‌! പിന്നെ 23നും 26നും ഇടയിലുള്ള ആ നാലു ദിവസങ്ങൾ; നിന്റെ ഭർത്താവിനൊരു കത്തെഴുതാൻ മറക്കുന്നത്ര നിനക്കെന്താണവിടെ ചെയ്യാനുണ്ടായിരുന്നത്?...ഹാ, എന്റെ ഓമനേ, ആ ‘നിങ്ങൾ’, ആ നാലു ദിവസവും- എനിക്കു മുമ്പുണ്ടായിരുന്ന ആ ഉദാസീനതയിലേക്കു മടങ്ങിപ്പോകാൻ എന്നെ പ്രേരിപ്പിക്കുകയാണവ.  ഇതിനു കാരണക്കാരനായ വ്യക്തി ആരായാലും അവൻ മുടിഞ്ഞുപോകട്ടെ! അതിനുള്ള പിഴയും ശിക്ഷയുമായി അവനനുഭവിക്കട്ടെ, എന്നെ ബോദ്ധ്യപ്പെടുത്തുന്നൊരു തെളിവു കിട്ടിയാൽ ഞാൻ അനുഭവിക്കുമായിരുന്നതൊക്കെയും! അതിലും ഭയങ്കരമായൊരു നരകപീഡയുണ്ടാവില്ല! അതിലുമുഗ്രമായൊരു വിഷസർപ്പം പ്രതികാരദേവതകൾക്കുമുണ്ടാവില്ല! നിങ്ങൾ! നിങ്ങൾ! ഹാ, എന്റെ ആത്മാവു കുഴഞ്ഞുപോകുന്നു; എന്റെ ഹൃദയം തളഞ്ഞുപോകുന്നു, കാടു കേറുന്ന ചിന്തകളാൽ ഞാൻ ഭീതനായിപ്പോകുന്നു...നിനക്കെന്നോടുള്ള സ്നേഹം കുറഞ്ഞു; പക്ഷേ ആ നഷ്ടവും നീ നികത്തും. പിന്നെ ഒരു നാൾ നിനക്കെന്നോടുള്ള സ്നേഹം നിലയ്ക്കും; അതൊന്നു പറയുകയെങ്കിലും ചെയ്യൂ: അങ്ങനെ ഞാനറിയട്ടെ, ഇങ്ങനെയൊരു നിർഭാഗ്യത്തിനു ഞാനർഹനായതെങ്ങനെയെന്ന്...വിട, എന്റെ ഭാര്യേ: എന്റെ ജീവിതത്തിന്റെ വേദനയും ആനന്ദവും പ്രത്യാശയും ചാലകശക്തിയുമായിരുന്നവളേ; ഞാൻ സ്നേഹിക്കുന്നവളേ, ഞാൻ ഭയക്കുന്നവളേ, പ്രകൃതിയിലേക്കെന്നെ അടുപ്പിക്കുന്ന മൃദുലവികാരങ്ങളും ഇടിമിന്നൽ പോലെ പ്രക്ഷുബ്ധമായ പ്രചണ്ഡാവേഗങ്ങളും കൊണ്ടെന്നെ നിറയ്ക്കുന്നവളേ. ഞാൻ നിന്നോടു ചോദിക്കുന്നതു ശാശ്വതമായ പ്രണയമല്ല, വിശ്വാസ്യതയല്ല, വെറും...വെറും സത്യം മാത്രം, അതിരില്ലാത്ത സത്യസന്ധത മാത്രം. ‘എനിക്കു നിങ്ങളോടുള്ള സ്നേഹം കുറഞ്ഞു’ എന്നു നീ പറയുന്ന ആ ദിവസമായിരിക്കും എന്റെ പ്രണയത്തിന്റെ അന്ത്യം കുറിക്കുക, എന്റെ ജീവിതത്തിന്റെ അന്ത്യവും. തിരികെക്കിട്ടാതെ സ്നേഹിക്കാൻ മാത്രം അധമമാണെന്റെ ഹൃദയമെങ്കിൽ ഞാനതിനെ പിച്ചിച്ചീന്തും. ജോസഫൈൻ! ജോസഫൈൻ! ഞാൻ ഇടയ്ക്കു നിന്നോടു പറഞ്ഞിട്ടുള്ളതോർമ്മയുണ്ടോ: പൌരുഷവും നിശ്ചയദാർഢ്യവുമുറ്റ ഒരു പ്രകൃതമാണ്‌ പ്രകൃതി എനിക്കു കല്പിച്ചു തന്നതെന്ന്? അതു നിന്റേതു നെയ്തെടുത്തതു പക്ഷേ ലോലമായ കസവുനൂലും ചിലന്തിവലയുടെ ഇഴയും കൊണ്ടായിരുന്നു. നിനക്കെന്നെ സ്നേഹമില്ലാതായിക്കഴിഞ്ഞോ? ക്ഷമിക്കണേ, എനിക്കാകെയുള്ള പ്രണയമേ, തമ്മിൽ പൊരുതുന്ന ശക്തികളാൽ പീഡിതമാണെന്റെ ഹൃദയം.

ഞാൻ പോകട്ടെ! ഹാ! നിനക്കെന്നോടുള്ള സ്നേഹം കുറഞ്ഞുവെങ്കിൽ നീയെന്നെ സ്നേഹിച്ചിട്ടു തന്നെയുണ്ടാവില്ല. അങ്ങനെയെങ്കിൽ എത്ര സഹതാപാർഹനാണു ഞാൻ!

ബോണപ്പാർട്ട്
-----------------------------------------------------------------------------------------------------

വെറോണ, 1796 നവംബർ

ജോസഫൈൻ,

എനിക്കു നിന്നോടുള്ള സ്നേഹമൊക്കെ തീർന്നു; ഇന്നെനിക്കു നിന്നെ വെറുപ്പായിരിക്കുന്നു. അറയ്ക്കുന്ന, നിന്ദ്യയായ, ബുദ്ധി കെട്ട കുലട. നീ എനിക്കു കത്തെഴുതുന്നതേയില്ലല്ലോ. നിനക്കു നിന്റെ ഭർത്താവിനെ സ്നേഹമില്ലാതായിരിക്കുന്നു. നിന്റെ കത്തുകൾ എന്തു മാത്രം സന്തോഷമാണയാൾക്കു നല്കുന്നതെന്നറിഞ്ഞിരുന്നിട്ടും ഒരാറു വരിയെഴുതാൻ നിനക്കു കഴിയുന്നില്ല!

പിന്നെ പകലു മുഴുവൻ ഭവതിക്കെന്താണു പണി? തന്നെ ആത്മാർത്ഥമായി പ്രേമിക്കുന്ന ഒരാൾക്കു കത്തെഴുതാനുള്ള നേരം കൂടി അപഹരിക്കുന്നത്ര ഗൌരവമുള്ള എന്തിടപാടാണവിടെയുള്ളത്? നീ അയാൾക്കു വാഗ്ദാനം ചെയ്ത ആർദ്രവും അചഞ്ചലവുമായ പ്രേമത്തെ, ആ പ്രേമത്തെ മാറ്റിവയ്ക്കാൻ, ശ്വാസം മുട്ടിക്കാൻ ശക്തമായ ആ ബന്ധം എന്താവാം? നിന്റെ നിമിഷങ്ങൾ കവരുന്ന, നിന്റെ നാളുകളെ ഭരിക്കുന്ന, സ്വന്തം ഭർത്താവിൽ നിന്നു ശ്രദ്ധ തിരിക്കാൻ നിന്നെ പ്രേരിപ്പിക്കുന്ന ഈ പുതിയ കാമുകൻ ആരാണോ? കരുതിയിരുന്നോളൂ, ജോസഫൈൻ! ഒരു രാത്രിയിൽ കാണാം, വാതിലുകൾ തകർന്നു വീഴുന്നതും ഞാൻ അവിടെ പ്രത്യക്ഷനാവുന്നതും.
സത്യം പറയട്ടെ പൊന്നേ,  നിന്നെക്കുറിച്ച് ഒരു വിവരവും കിട്ടാത്തതിനാൽ ഞാനാകെ അസ്വസ്ഥനായിരിക്കുന്നു; എന്റെ ഹൃദയത്തെ ആഹ്ളാദം കൊണ്ടു വീർപ്പു മുട്ടിക്കുന്ന ആ സുന്ദരപദങ്ങൾ ഉപയോഗിച്ച് ഒരു നാലുപുറം നിറയുന്ന കത്തു നീ എനിക്കെഴുതൂ.
ഇനി അധികം വൈകാതെ നിന്നെ എന്റെ കൈകൾക്കുള്ളിലൊതുക്കാമെന്നാണ്‌ എന്റെ പ്രതീക്ഷ. ഒരു ലക്ഷം ചുടുചുംബനങ്ങൾ അന്നു ഞാൻ നിന്റെ മേൽ ചൊരിയും, ഉഷ്ണമേഖലയിലെ സൂര്യനെപ്പോലെരിയുന്നവ.

ബോണപ്പാർട്ട്
--------------------------------------------------------------------------------------------------------

നെപ്പോളിയൻ ബോണപ്പാർട്ട് ജോസഫൈനെ ആദ്യമായി കാണുന്നത് 1795ലാണ്‌. അന്നു ജനറലായിരുന്ന നെപ്പോളിയന്‌ 26 വയസ്സാണ്‌ പ്രായം, ജോസഫൈന്‌ 32. ഒരു കൊല്ലം കഴിഞ്ഞ് അവർ വിവാഹിതരുമായി. 

തീക്ഷ്ണവും പ്രചണ്ഡവും അസൂയാകലുഷിതവുമായിരുന്നു അവരുടെ പ്രണയം, വിശേഷിച്ചും നെപ്പോളിയന്റെ ഭാഗത്തു നിന്ന്. പടയോട്ടങ്ങൾക്കിടയിൽ വച്ച് അദ്ദേഹം തന്റെ ‘പ്രിയപ്പെട്ട ജോസഫൈന്‌’ കത്തുകളെഴുതിയിരുന്നു, പലപ്പോഴും കുതിരപ്പുറത്തു നിന്നിറങ്ങുന്ന നിമിഷത്തിൽ തന്നെ! പക്ഷേ സ്നേഹത്തിൽ നിന്ന് വെറുപ്പിലേക്ക് പെൻഡുലം പോലെ ആടിക്കൊണ്ടിരിക്കുന്നതായിരുന്നു നെപ്പോളിയന്റെ മനസ്സ്. ഒരേ കത്തിൽ തന്നെ കാണാം, ഒരു മാലാഖയോടുള്ള ആരാധനയും ഒരു വേശ്യയോടുള്ള അവജ്ഞയും. 

ഇരുവർക്കും വേറെയും പ്രണയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും 1804ൽ ചക്രവർത്തിയായപ്പോൾ നെപ്പോളിയൻ ചക്രവർത്തിനിയായി അവരോധിച്ചത് ജോസഫൈനെയാണ്‌. പക്ഷേ ഒരനന്തരാവകാശിയെ നല്കാൻ അവർക്കു കഴിയാതെ വന്നപ്പോൾ അഞ്ചു കൊല്ലം കഴിഞ്ഞ് അവരെ വിവാഹമോചനം ചെയ്ത് നെപ്പോളിയൻ ഒരു ഓസ്ട്രിയൻ രാജകുമാരിയെ വിവാഹം ചെയ്തു. എന്നാല്ക്കൂടി ചക്രവർത്തിനി എന്ന പദവി അവരിൽ നിന്നെടുക്കാൻ അദ്ദേഹം തയാറായില്ല..

ജോസഫൈൻ 1814ൽ ന്യൂമോണിയ ബാധിച്ചു മരിച്ചു. 1821ൽ സെയിന്റ് ഹെലീന ദ്വീപിൽ മരണക്കിടക്കയിൽ വച്ചും നെപ്പോളിയൻ അവസാനമായി ഉച്ചരിച്ച വാക്കുകൾ ഫ്രാൻസിനെയും സൈന്യത്തെയും ജോസഫൈനെയും കുറിച്ചായിരുന്നു എന്നു പറയപ്പെടുന്നു.


അഭിപ്രായങ്ങളൊന്നുമില്ല: