2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

പ്രണയലേഖനങ്ങൾ (27)- സാറ ബേൺഹാർട്ട്

Sarah-Bernhardt-portrait

1874 ജനുവരി

എനിക്കറിയുന്നിടത്തോളം, ഇങ്ങനെയൊരു പെരുമാറ്റത്തെ ന്യായീകരിക്കാനും വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല; എനിക്കു നിങ്ങളോടുള്ള സ്നേഹം നിലച്ചുകഴിഞ്ഞുവെന്ന് വ്യക്തമായിത്തന്നെ ഞാൻ പറഞ്ഞതാണ്‌. ഞാൻ നിങ്ങൾക്കു കൈ തന്നു, പ്രേമത്തിന്റെ സ്ഥാനത്ത് സൌഹൃദം സ്വീകരിക്കാൻ ഞാൻ നിങ്ങളോടാവശ്യപ്പെടുകയും ചെയ്തു. എന്തിനാണു നിങ്ങൾ എന്നോട് ഈ നീരസം കാണിക്കുന്നത്? ഞാൻ കാപട്യം കാണിച്ചിട്ടില്ല. ഞാൻ വിശ്വസ്തയായിരുന്നു; ഞാൻ നിങ്ങളെ വഞ്ചിച്ചിട്ടില്ല; ഞാൻ പൂർണ്ണമായും നിങ്ങളുടേതായിരുന്നു. തനിക്കുള്ളത് കൈവിട്ടുപോകാതെ നോക്കാൻ നിങ്ങൾക്കറിയില്ലായിരുന്നു എന്നതാണ്‌ നിങ്ങൾ ചെയ്ത കുറ്റം.

 പുറമേ, പ്രിയപ്പെട്ട ജീൻ, എനിക്കു പറഞ്ഞിട്ടുള്ളതല്ല ജീവിതാനന്ദം എന്നു കൂടി നിങ്ങൾ മനസ്സിലാക്കണം. പുതിയ പുതിയ അനുഭൂതികൾ, പുതിയ പുതിയ വികാരങ്ങൾ  നിരന്തരമായി തേടി നടക്കുകയാണു ഞാനെങ്കിൽ അതെന്റെ കുറ്റവുമല്ല. ജീവിതാന്ത്യം വരെയും ഞാൻ അങ്ങനെയൊരാളായിരിക്കും. പോയ രാത്രിയിൽ എത്ര അസംതൃപ്തയായിരുന്നോ, അത്രതന്നെ അസംതൃപ്തയാണ്‌ ഈ രാവിലെയും ഞാൻ. ഏതൊരാൾക്കു നല്കാൻ കഴിയുന്നതിലുമധികം ഉത്തേജനമാണ്‌ എന്റെ ഹൃദയം ആവശ്യപ്പെടുന്നത്. എന്റെ ഈ ദുർബലമായ ഉടൽ പ്രണയത്തിന്റെ ചടങ്ങുകളാൽ തളർന്നുപോയിരിക്കുന്നു. എവിടെയുമില്ല പക്ഷേ, ഞാൻ സ്വപ്നം കാണുന്ന ആ സ്നേഹം.

 നിലം പറ്റിക്കിടക്കുന്ന അവസ്ഥയിലാണ്‌ ഈ നിമിഷം ഞാൻ. എന്റെ ജീവിതം നിലച്ചപോലെ തോന്നിപ്പോകുന്നു. സന്തോഷമോ ദുഃഖമോ ഞാൻ അറിയുന്നില്ല. നിങ്ങൾക്കെന്നെ മറക്കാൻ കഴിയട്ടെ എന്നു ഞാനാശിക്കുന്നു. ഞാൻ എന്തു ചെയ്യാൻ? എന്നോടൊരിക്കലും കോപം തോന്നരുത്. പൂർണ്ണതയില്ലാത്ത ഒരു വ്യക്തിയാണു ഞാനെങ്കിലും ഹൃദയം കൊണ്ടു ഞാൻ നല്ലവളാണ്‌. നിങ്ങളുടെ വേദന ശമിപ്പിക്കാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ ഞാൻ അതു ചെയ്തേനെ! പക്ഷേ നിങ്ങൾ ആവശ്യപ്പെടുന്നത് എന്റെ സ്നേഹമാണ്‌; അതിനെ കൊന്നതും നിങ്ങളായിരുന്നു!

ഞാൻ കെഞ്ചുകയാണു ജീൻ, നമുക്കു സുഹൃത്തുക്കളാവാം.

(ഫ്രഞ്ചു നാടകവേദിയിലെയും ആദ്യകാലസിനിമയിലെയും ഏറ്റവും പ്രശസ്തയായ നടി സാറ ബേൺഹാർട്ട്  Sarah Bernhardt (1844-1923) സഹനടനും പൂർവകാമുകനുമായ ജീൻ മോനേ-സള്ളിക്കയച്ചത്.)

സാറ ബേൺഹാർട്ട് Sarah Marie Henriette Rosine Bernhardt (1844-1923) ലോകം ഇന്നേ വരെ കണ്ടതിൽ വച്ചേറ്റവും പ്രശസ്തയായ അഭിനേത്രിയായി കരുതപ്പെടുന്നു. ഡച്ചുകാരിയും ജൂതയുമായ ജൂലി ബേർണാർട്ടിന്റെയും അജ്ഞാതനായ പിതാവിന്റെയും മകളായി 1844 ഒക്ടോബർ 23നു ജനിച്ചു. പാരീസിലെ ഉന്നതസമൂഹത്തിൽ പലരുടെയും കാമുകിയായിരുന്ന അമ്മയ്ക്കു സമയമില്ലാത്തതിനാൽ ബ്രിട്ടണിയിലെ വളർത്തമ്മമാരുടെ സംരക്ഷണയിലാണ്‌ സാറ വളർന്നത്. അമ്മയെ ധിക്കരിക്കാനായി കന്യാസ്ത്രീമഠത്തിൽ ചേരാൻ തീരുമാനിച്ചുവെങ്കിലും പിന്നീട് പതിനാറാം വയസ്സിൽ Paris Conservatoireൽ അഭിനയം പഠിക്കാൻ ചേർന്നു. രണ്ടു കൊല്ലത്തിനു ശേഷം Comedie-Francaiseൽ നടിയായി അഭിനയജീവിതം തുടങ്ങി. എന്നാൽ ഒരു സഹനടിയെ മുഖത്തടിച്ചു എന്നതിന്റെ പേരിൽ മാസങ്ങൾക്കു ശേഷം അവിടെ നിന്നു പിരിയേണ്ടി വന്നു. പിന്നീട് ബ്രസ്സൽസിൽ പോയ സാറ അവിടെ അമ്മയെപ്പോലെ പലരുടെയും വെപ്പാട്ടിയായി ജീവിച്ചു. ഏകമകനായ Maurice ജനിച്ചത് ഇവിടെ വച്ചാണ്‌. 1866ൽ പാരീസിൽ തിരിച്ചെത്തി Theatre de Odeonൽ നടിയായി ചേർന്നു. പ്രശസ്തമായ വേഷങ്ങൾ പലതും ചെയ്തുവെങ്കിലും ഫ്രാങ്കോ-പ്രഷ്യൻ യുദ്ധം ആരംഭിച്ചതോടെ തിയേറ്റർ അടച്ചുപൂട്ടി. സാറ അത് മുറിവേറ്റ പട്ടാളക്കാരെ ചികിത്സിക്കാനുള്ള ആശുപത്രിയാക്കി മാറ്റുകയും ചെയ്തു. യുദ്ധത്തിനു ശേഷം അവർ Comedie-Francaiseലേക്കു മടങ്ങുകയും വിക്തോർ ഹ്യൂഗോ, ദൂമ, വൊൾത്തേർ, റസീൻ തുടങ്ങിയവരുടെ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 1899ൽ അവർ Theatre des Nations വിലയ്ക്കു വാങ്ങി Theatre Sarah-Bernhardt എന്നു പേരിട്ടു. ഉദ്ഘാടനദിവസം അവർ അവതരിപ്പിച്ച La Toscaയിലെ നായിക അവരുടെ ഏറ്റവും പ്രശസ്തമായ വേഷങ്ങളിൽ ഒന്നാണ്‌. ഷേക്സ്പിയറുടെ ഹാംലെറ്റ് ആയി വേഷമിടുന്നതും ഇവിടെയാണ്‌. Eugene Morand, Marcel Schwob എന്നിവർ ചേർന്നു തയാറാക്കിയ നാലു മണിക്കൂർ ദൈർഘ്യമുള്ള, ഗദ്യരൂപത്തിലുള്ള ഈ പുനരാഖ്യാനം വളരെയധികം വിവാദങ്ങൾക്കു കാരണമായി. ഇക്കാലമായപ്പോഴേക്കും അവർ പാരീസിലെ ഏറ്റവും പ്രശസ്തയായ നടിയായിക്കഴിഞ്ഞിരുന്നു. അവർ ഇപ്പോൾ la devine Sarah ആണ്‌! അഭിനയമേന്മ പോലെ സ്വഭാവവൈചിത്ര്യങ്ങൾ കൂടിയാണ്‌ അവരെ പ്രസിദ്ധയാക്കിയത്. അക്കാലത്തെ പല നാടകകൃത്തുക്കളും കലാകാരന്മാരും നടന്മാരും അവരുടെ കാമുകരായിരുന്നു. യാത്ര ചെയ്യുമ്പോൾ ഒരു പെരുമ്പാമ്പും അലി-ഗാഗ എന്നു പേരുള്ള ഒരു മുതലയും ഉൾപ്പെടെയുള്ള ജന്തുക്കളും അവരുടെ പരിവാരത്തിൽ പെട്ടിരുന്നു. ബൈസന്റൈൻ, ഏഷ്യൻ ശൈലിയിൽ അവർ വസ്ത്രധാരണം ചെയ്തിരുന്നു. ചിലപ്പോഴൊക്കെ ശവപ്പെട്ടിയിലായിരിക്കും കിടന്നുറങ്ങുക. ദുരന്തനാടകങ്ങളിൽ തന്മയത്വമായി അഭിനയിക്കാൻ അതു തന്നെ സഹായിക്കുന്നുണ്ടെന്നായിരുന്നു അവർ വിമർശകർക്കു മറുപടി കൊടുത്തിരുന്നത്. “ഞാൻ പ്രാർത്ഥിക്കാനോ? ഒരിക്കലുമില്ല! ഞാൻ നിരീശ്വരവാദിയാണ്‌!” അവർ ഒരിക്കൽ പറഞ്ഞു. എന്നാൽ മരിക്കുന്നതിനു തൊട്ടു മുമ്പ് അവർ അന്ത്യകൂദാശ കൈക്കൊള്ളുകയും ചെയ്തു. ആദ്യകാലത്തെ നിശ്ശബ്ദസിനിമകളിലും അവർ അഭിനയിച്ചിരുന്നു. 1900ൽ ഇറങ്ങിയ ഒരു രണ്ടു മിനുട്ട് ഫിലിമിൽ അവർ ഹാംലെറ്റാണ്‌. ഫോട്ടോഗ്രഫിയുടെ സാദ്ധ്യതകളും അവർ പ്രയോജനപ്പെടുത്തി. അക്കാലത്തെ കേമന്മാരായ Melandri, Nadar, Otto, Downey തുടങ്ങിയുള്ള ഫോട്ടോഗ്രാഫർമാർ ചെയ്ത പോർട്രെയിറ്റുകൾ പ്രശസ്തമാണ്‌. പത്തൊമ്പതാം നൂറ്റാണ്ടിൽ ഏറ്റവുമധികം ഫോട്ടോകളും ലിത്തോഗ്രാഫുകളും ഉണ്ടായത് അവരുടേതാവണം. സ്വന്തം നാടകസംഘവുമായി അമേരിക്കയിലും യൂറോപ്പിലും നിരവധി തവണ അവർ പര്യടനങ്ങൾ നടത്തിയിരുന്നു. ഭൂരിപക്ഷത്തിനും ഫ്രഞ്ച് മനസ്സിലാവില്ലെങ്കിലും അമേരിക്കൻ കാണികൾക്ക് അവരെ ഇഷ്ടപ്പെടാൻ അതു തടസ്സമായില്ല. 1905ൽ റിയോയിൽ അഭിനയിക്കുമ്പോൾ അവരുടെ വലതുകാലിന്‌ പറ്റിയ മുറിവ് ഒടുവിൽ 1915ൽ കാലു മുറിക്കുന്നതിലേക്കെത്തി. പക്ഷേ കൃത്രിമക്കാലുമ്പയോഗിച്ചും വീൽ ചെയറിലിരുന്നും അവർ അഭിനയം തുടർന്നു. അരങ്ങിലെ ചലനസ്വാതന്ത്ര്യത്തിന്‌ പരിധി വന്നുവെങ്കിലും പ്രായം പരുക്കേല്പിക്കാത്ത വശ്യശബ്ദം അവരെ തുണയ്ക്കാനുണ്ടായിരുന്നു. സാറ ബേൺഹാർട്ട് 1923ൽ വൃക്കരോഗം മൂർച്ഛിച്ച് മരിച്ചു.

ന്യൂയോർക്കിൽ വച്ച് സാറ ബേൺഹാർട്ടിന്റെ നാടകം കണ്ടുവെന്നും പിന്നീടവരെ നേരിട്ടു കണ്ടുവെന്നും സ്വാമി വിവേകാനന്ദൻ ഒരു കത്തിൽ പറയുന്നുണ്ട്. “ഫ്രഞ്ചു നടിയായ സാറ ബേൺഹാർട്ട് ഇവിടെ "Iziel" എന്ന നാടകത്തിൽ അഭിനയിക്കുന്നുണ്ട്. ബുദ്ധന്റെ ഒരുതരം ഫ്രഞ്ചുവത്കൃതജീവ്തകഥയാണത്; ബോധിവൃക്ഷത്തിന്റെ ചുവട്ടിലിരിക്കുന്ന ബുദ്ധനെ Iziel എന്ന ഗണിക വശീകരിക്കാൻ ശ്രമിക്കുന്നു; തന്റെ മടിയിൽ കയറിപ്പറ്റിയ അവളെ ബുദ്ധൻ ലോകത്തിന്റെ നശ്വരത പറഞ്ഞുമനസ്സിലാക്കാൻ നോക്കുകയാണ്‌. ഒടുവിൽ എല്ലാം ശുഭമായി കലാശിക്കുന്നു; ഗണികയുടെ ശ്രമം പരാജയപ്പെടുന്നു. മദാം ബേൺഹാർട്ടാണ്‌ ഗണികയായി അഭിനയിക്കുന്നത്. ബുദ്ധനെ സംബന്ധിച്ച ഈ ഇടപാട് കാണാൻ ഞാനും പോയിരുന്നു. കാണികൾക്കിടയിൽ എന്നെ കണ്ട മദാമിന്‌ ഞാനുമായി ഒരു കൂടിക്കാഴ്ച വേണമെന്നു തോന്നി. എന്റെ പരിചയക്കാരിയുടെ ഒരകന്ന ബന്ധു അതിനു സൗകര്യം ചെയ്തു. അവരെ കൂടാതെ പ്രശസ്തഗായിക മദാം എം. മോറെൽ, ആ ഇലക്ട്രിഷ്യൻ ടെസ്ല എന്നിവരും ഉണ്ടായിരുന്നു...” കത്തിന്റെ പിന്നീടുള്ള ഭാഗം ശാസ്ത്രജ്ഞനും അദ്വൈതിയും തമ്മിൽ വേദന്തകല്പനകൾ ചർച്ച ചെയ്യുന്നതിനെക്കുറിച്ചാണ്‌!.

അഭിപ്രായങ്ങളൊന്നുമില്ല: