മദാം ദെ ബുഫ്ളേറിന്
1766 ഏപ്രിൽ 3
നിങ്ങളുടെ അസാന്നിദ്ധ്യം സഹിക്കാനാവാത്തതിന്റെ വിഷമവും എപ്പോഴും നിങ്ങൾ ഒപ്പം വേണമെന്ന എന്റെ ആവശ്യവും നിങ്ങളെ പറഞ്ഞുമനസ്സിലാക്കുക എനിക്കസാദ്ധ്യമാണ്, പ്രിയപ്പെട്ട മദാം. എന്നിൽ നിന്നൊരിക്കലും പിരിഞ്ഞിരിക്കാത്ത ഒരു സ്നേഹിതയായി ഞാൻ നിങ്ങളെ കണ്ടു തുടങ്ങിയിട്ട് കാലം കുറേയായിരിക്കുന്നു; പരസ്പരബഹുമാനത്തോടെയും സൌഹൃദത്തോടെയും നമ്മുടെ കാലം കഴിക്കാൻ യുക്തരാണു നാമെന്ന് ഞാൻ സ്വയം പ്രശംസിക്കുകയും ചെയ്തിരുന്നു. പ്രായവും മിതോഷ്ണമായ പ്രകൃതവും കാരണം ഒന്നിനോടും ഒരു താല്പര്യവുമില്ലാത്ത ഒരവസ്ഥയിലേക്ക് ഹൃദയം സങ്കോചിക്കുമോയെന്നു ഭയം തോന്നിയ ഒരു ഘട്ടത്തിലാണ് നിങ്ങളുടെ സംഭാഷണചാതുര്യവും ഊർജ്ജസ്വലമായ സ്വഭാവവും അതിനു നവോന്മേഷം നല്കാനെത്തിയത്. സ്വന്തം അവസ്ഥയിലെ സന്തുഷ്ടമല്ലാത്ത സാഹചര്യങ്ങളും സ്വന്തം പ്രകൃതവും കാരണം കലുഷമായ നിങ്ങളുടെ മനസ്സ് തനിക്കുള്ളതിനെക്കാൾ കൂടുതലായി നിങ്ങൾ എന്നിൽ കണ്ടെത്തിയ പ്രശാന്തമായ അനുതാപത്തിൽ ആശ്രയം കണ്ടെത്തുകയായിരുന്നു.
പക്ഷേ നോക്കൂ! ഞാൻ നിങ്ങളെ വിട്ടുപോന്നിട്ട് മൂന്നുമാസം കഴിഞ്ഞിരിക്കുന്നു; നിങ്ങളെ എന്നു കണ്ടുമുട്ടാനാവുമെന്നതിന് ഒരു സമയപരിധി വയ്ക്കാൻ എനിക്കു കഴിയുന്നുമില്ല. ഇപ്പോഴും എന്റെ ആഗ്രഹം ഞാൻ പാരീസ് വിട്ടുപോയിരുന്നില്ലെങ്കിൽ എന്നാണ്; മറ്റൊരു ചുമതലയ്ക്കും പിടി കൊടുക്കാതെ, നിങ്ങളുമായുള്ള സൌഹൃദം നില നിർത്തുക എന്ന, നിങ്ങളുമായുള്ള സഹവാസം ആസ്വദിക്കുക എന്ന മധുരതരവും ഹിതകരവുമായ കർത്തവ്യം മാത്രം ഞാൻ നോക്കിനടത്തേണ്ടിയിരുന്നു എന്നാണ്. അതിനെ ശരി വയ്ക്കുന്ന രീതിയിലുള്ള നിങ്ങളുടെ ഭാഷാപ്രയോഗം എന്റെ കുറ്റബോധം അത്രകണ്ടു വളർത്തുകയാണ്; തൊലി വളർന്നു മൂടിയാലും ഉള്ളിൽ പച്ചയായിട്ടിരിക്കുന്ന മുറിവുകളെക്കുറിച്ചുള്ള നിങ്ങളുടെ പരാമർശങ്ങൾ വിശേഷിച്ചും.
ഹാ! എന്റെ പ്രിയസ്നേഹിതേ, ഒരു പ്രതിവിധിയും ഫലിക്കാനിടയില്ലാത്ത, നിങ്ങളുടെ സ്വഭാവത്തിനു പ്രകൃത്യായുള്ള അതിവൈകാരികത കാരണം നിങ്ങൾക്കൊരിക്കലും കീഴമർത്താനാവാത്ത ആ വേദനയിൽ നിന്ന് സ്വസ്ഥമായ ഒരവസ്ഥയിലേക്കെത്താൻ കാലമേറെപ്പിടിക്കും എന്നോർത്തു ഞാൻ വിറച്ചുപോകുന്നു. ഒരു സുഹൃത്തിന്റെ സാന്നിദ്ധ്യത്തിനെന്നും നല്കാൻ കഴിയുന്ന താല്ക്കാലികാശ്വാസം പകരാനെനിക്കാകട്ടെ എന്നേ എനിക്കാഗ്രഹിക്കാനുള്ളു...സാദ്ധ്യമായ എല്ലാ വിശ്വസ്തതയോടെയും ഞാൻ നിങ്ങളുടെ കൈകളിൽ ചുംബിക്കുന്നു.
ഡേവിഡ് ഹ്യൂം David Hume(1711-1766) ഇംഗ്ളീഷ് തത്വചിന്തകനും സാമ്പത്തികശാസ്ത്രജ്ഞനും ചരിത്രകാരനും. അതേവരെ താൻ നയിച്ചുപോന്ന പാണ്ഡിത്യജീവിതത്തിൽ നിന്നൊരു വിച്ഛേദമായിരുന്നു 1763ലെ പാരീസിലേക്കുള്ള യാത്രയും തുടർന്ന് അവിടെ കഴിച്ചുകൂട്ടിയ രണ്ടു കൊല്ലവും. പാരീസിലെ സാലണുകളിൽ വച്ചു പരിചയപ്പെട്ട ഒരു മദാം ദെ ബുഫ്ളേറിനോട് അദ്ദേഹത്തിനു വൈകാരികമായ ഒരാകർഷണം തോന്നി. പക്ഷേ ഇത്തരം കാര്യങ്ങളിൽ കൂടുതൽ അനുഭവസന്നയായ മദാമിന് പ്രിൻസ് ദെ കോൻതി എന്ന ഒരു കാമുകനുണ്ടായിരുന്നു. ഭർത്താവു മരിച്ചപ്പോൾ ഹ്യൂമിനെ തഴഞ്ഞ് പ്രിൻസിനെ വിവാഹം കഴിക്കാനാണ് അവർ താല്പര്യപ്പെട്ടത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ