2016, ഒക്‌ടോബർ 15, ശനിയാഴ്‌ച

പ്രണയലേഖനങ്ങൾ (21)- ബീഥോവൻ



ബീഥോവൻ Ludvig van Beethoven (1770-1827) അവിവാഹിതനായിരുന്നു. അദ്ദേഹം പലരെയും പ്രേമിച്ചിരുന്നു; മിക്കപ്പോഴും പ്രഭുവർഗ്ഗത്തിൽ പെട്ടവരും തനിക്കപ്രാപ്യരുമായ ശിഷ്യകളെ. അദ്ദേഹത്തിന്റെ ഒരു സ്നേഹിതൻ പറഞ്ഞപോലെ ‘ബീഥോവന്‌ പ്രണയത്തിന്റെ മുട്ടു വന്നിട്ടില്ല.’

ജർമ്മനിയിലെ ബോണിൽ ദരിദ്രമെങ്കിലും സംഗീതപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്‌ ബീഥോവന്റെ ജനനം.  1800ൽ ഒന്നം സിംഫണി രചിക്കുമ്പോഴേക്കും അദ്ദേഹം തിരക്കുള്ള ഒരു പിയാനിസ്റ്റ് ആയിക്കഴിഞ്ഞിരുന്നു. എന്നാൽ 1798ൽ ബാധിര്യത്തിന്റെ തുടക്കത്തോടെ അദ്ദേഹം ഉൾവലിയാൻ തുടങ്ങി. തന്റെ രണ്ടു സഹോദരന്മാർക്കെഴുതിയ, എന്നാൽ അയക്കാത്ത, ഒരു കത്തിൽ അദ്ദേഹം പറയുന്നു,
“ശരല്ക്കാലത്ത് ഇലകൾ വാടിവീഴുമ്പോലെ എന്റ ജീവിതവും വന്ധ്യമായിരിക്കുന്നു...”

ബാധിര്യം വർദ്ധിച്ചു വന്നതോടെ പിയാനോ അരങ്ങുകൾ വിടാൻ നിർബന്ധിതനായ ബീഥോവൻ സംഗീതരചനയിൽ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങി. പുതിയ പ്രമേയങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ട് വിയന്നയ്ക്കു ചുറ്റുമുള്ള നാട്ടുമ്പുറങ്ങളിലൂടെ മണിക്കൂറുകൾ അദ്ദേഹം നടക്കുമായിരുന്നുവത്രെ. സ്ത്രീസുഹൃത്തുക്കൾ ഉണ്ടായിരുന്നുവെങ്കിലും സന്ദേഹത്തിന്റെയും ഭീതിയുടെയും ലാഞ്ഛന പുരണ്ടതായിരുന്നു അദ്ദേഹത്തിന്‌ അവരോടു ബന്ധം. തനിയ്ക്ക് ആകർഷണം തോന്നിയ സ്ത്രീകളുടെ വിവരണങ്ങൾ കൂട്ടി യോജിപ്പിച്ചാൽ താൻ തേടിയ, എന്നാൽ അടുക്കാൻ പേടിച്ച ആ ആദർശരൂപത്തെ പുനഃസൃഷ്ടിക്കാം. ആ സ്ത്രീ അതീവസുന്ദരിയായിരിക്കും, അദ്ദേഹത്തെക്കാൾ പ്രായം കുറഞ്ഞിരിക്കും, ഉന്നതസമൂഹത്തിൽ പെട്ടവളായിരിക്കും, സംസ്കാരസമ്പന്നയും സംഗീതാഭിരുചിയുമുള്ളവളുമായിരിക്കും. പ്രഭുകുടുംബങ്ങളിൽ പിയാനോ പഠിപ്പിച്ചു ജീവിക്കുന്ന ഒരാളായ സ്ഥിതിയ്ക്ക് തന്റെ ആദർശരൂപത്തോടു ചേരുന്ന പലരെയും അദ്ദേഹം കണ്ടിരിക്കാം. എന്നാൽ ഒരിടത്ത് അദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു:
“ഒരു കാലം കഴിഞ്ഞാൽ ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ തങ്ങൾ എന്തിനിതു ചെയ്തു എന്നു ഖേദിക്കാത്ത ഒരു വിവാഹം ഞാൻ കണ്ടിട്ടില്ല.” താൻ ആരാധിച്ചിരുന്ന ചുരുക്കം ചില സ്ത്രീകളിൽ ഒരാളും തന്റെ ഭാര്യയായില്ല എന്നത് അദ്ദേഹത്തെ സന്തോഷപ്പെടുത്തിയിരിക്കാം.

ബീഥോവന്റെ മരണശേഷം ഒരു മേശവലിപ്പിൽ നിന്ന് മൂന്നു ഭാഗങ്ങളായി എഴുതിയ ഒരു പ്രണയലേഖനം കണ്ടെത്തിയിരുന്നു. ഒരു ‘നിത്യകാമുകി’യെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ ഈ കത്ത് അയച്ചതായി തോന്നുന്നില്ല. ജൂലൈ 6, 7 എന്ന് തീയതിയുണ്ടെങ്കിലും ഏതു വർഷമാണെന്നില്ല. 1811 അല്ലെങ്കിൽ 12 ആകാമെന്ന് ചരിത്രകാരന്മാർ ഊഹിക്കുന്നു. അതേ സമയം ഈ ‘നിത്യകാമുകി’ ആരാണെന്ന് ഇനിയും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുമില്ല. വെറുമൊരാദർശരൂപത്തിനല്ല, ഒരു യഥാർത്ഥവ്യക്തിയ്ക്കാണ്‌ കത്തെഴുതിയിരിക്കുന്നത് എന്നതിൽ സംശയമില്ല. കത്തിന്റെ ആദ്യഭാഗം എഴുതാൻ ഉപയോഗിച്ചിരിക്കുന്നത് ആ സ്ത്രീയുടെ തന്നെ പെൻസിലാണ്‌. യാത്രയുടെ വിഷമങ്ങളെക്കുറിച്ചും തപാലെടുക്കുന്ന സമയത്തെക്കുറിച്ചും ഭാവിയിലെ ഒരു കൂടിക്കാഴ്ചയെക്കുറിച്ചും കത്തിൽ പറയുന്നുണ്ട്. പക്ഷേ ആരാണവൾ? ഒരു ഫ്രാങ്ക്ഫർട്ട് വ്യാപാരിയുടെ ഭാര്യയായ അന്റോയിൻ ബ്രെണ്ടാനോ (1780-1869) ആകാനാണ്‌ കൂടുതൽ സാദ്ധ്യത എന്ന് ചരിത്രകാരന്മാർ പറയുന്നു. അന്റോയിനും ഭർത്താവ് ഫ്രാൻസ് ബ്രെണ്ടാനോയും തങ്ങളുടെ ആറു കുട്ടികളുമായി 1809 മുതൽ 1812 വരെ വിയന്നയിൽ താമസിച്ചിരുന്നു. അക്കാലത്ത് ബീഥോവൻ അവരുടെ ആത്മമിത്രവുമായിരുന്നു.1812ൽ കാൾസ്ബാദിൽ അവർ ഒഴിവുകാലം ആഘോഷിക്കുമ്പോൾ അദ്ദേഹവും ഉണ്ടായിരുന്നു. അന്നായിരിക്കാം അദ്ദേഹം തന്റെ പ്രണയം അവരോട് തുറന്നുപറഞ്ഞതും. വിയന്നയിൽ തിരിച്ചെത്തിയ ഉടനേ അവർ ഫ്രാങ്ക്ഫർട്ടിലേക്കു മടങ്ങിപ്പോവുകയും ചെയ്തു. 1823ൽ രചിച്ച Diabelli Variations ബീഥോവൻ സമർപ്പിച്ചിരിക്കുന്നത് അന്റോയിനാണ്‌.
--------------------------------------------------------------------------------------------------------------

നിത്യകാമുകിയ്ക്ക്, ജൂലൈ 6, രാവിലെ

എന്റെ ദേവതേ, എന്റെ പ്രാണസർവസ്വമേ, - ഇന്ന് വളരെ കുറച്ചു വാക്കുകൾ മാത്രമേ എഴുതുന്നുള്ളു, അതും പെൻസിൽ കൊണ്ട് (നിന്റെ പെൻസിൽ കൊണ്ട്)- നാളെയല്ലാതെ എന്റെ താമസസ്ഥലത്തെക്കുറിച്ച് എനിക്കൊരു തീർച്ച കിട്ടില്ല; എത്ര അനാവശ്യമായ സമയം കളയലാണിതൊക്കെ- അനിവാര്യത സംസാരിക്കുമ്പോൾ എന്തിനീ കടുത്ത ശോകം?- നമ്മുടെ പ്രണയം ചിരസ്ഥായിയാകുമോ, ത്യാഗങ്ങളിലൂടെയല്ലാതെ, അന്യോന്യം ആവശ്യങ്ങൾ മുന്നോട്ടു വയ്ക്കുന്നതിലൂടെയല്ലാതെ? നീ പൂർണ്ണമായും എന്റേതല്ലെന്ന, ഞാൻ പൂർണ്ണമായും നിന്റേതല്ലെന്ന വസ്തുതയെ അങ്ങനെയല്ലാതാക്കാൻ നീ വിചാരിച്ചാൽ കഴിയുമോ? ദൈവമേ, സുന്ദരമായ പ്രകൃതിയിലേക്കു നോക്കൂ, വരുന്നതെന്തായാലും അതിനെയോർത്തു മനസ്സു ചഞ്ചലപ്പെടുത്താതിരിക്കൂ. പ്രണയം എല്ലാം ആവശ്യപ്പെടുന്നു, അതിനുള്ള അവകാശവും അതിനുണ്ട്; നിന്റെ കാര്യത്തിൽ എനിക്കങ്ങനെയാണ്‌, എന്റെ കാര്യത്തിൽ നിനക്കും അങ്ങനെയാണ്‌; എന്നാൽ നിനക്കും എനിക്കും വേണ്ടിയാണ്‌ ഞാൻ ജീവിക്കേണ്ടി വരുന്നതെന്നത് എത്ര വേഗം നീ മറക്കുന്നു! നീയും ഞാനും ഒരുമിച്ചായിരുന്നുവെങ്കിൽ ഞാനറിയുന്നത്ര കുറച്ചേ ഈ വേദന നീയും അറിയുമായിരുന്നുള്ളു...എന്റെ യാത്ര മഹാമോശമായിരുന്നു; ഇന്നലെ കാലത്ത് നാലു മണിയായിട്ടേ ഞാൻ ഇവിടെ എത്തിയുള്ളു. കുതിരകളുടെ എണ്ണം കുറവായതിനാൽ പതിവുള്ള വഴിയേയല്ല മെയിൽ വണ്ടി വന്നത്; വല്ലാതെ ദുർഘടം പിടിച്ച വഴിയായിരുന്നു. എത്താൻ ഒരു സ്റ്റോപ്പ് കൂടി ബാക്കിയിരിക്കെ രാത്രിയിൽ യാത്ര ചെയ്യരുതെന്ന് ചിലർ എന്നെ വിലക്കി; വഴിയിൽ ഒരു കാട് കടക്കാനുണ്ടെന്നു പറഞ്ഞ് എന്നെ പേടിപ്പിക്കാൻ നോക്കി; ഇതൊക്കെക്കൊണ്ടു പക്ഷേ, മുന്നോട്ടു പോകാനുള്ള എന്റെ ത്വര കൂടിയതേയുള്ളു- അത് ഒരബദ്ധവുമായിരുന്നു. വെറും നാട്ടുവഴി പോലെ കിടന്ന റോഡ് കാരണം വണ്ടി തകരാറിലായി; ആ രണ്ടു വണ്ടിക്കാരില്ലായിരുന്നുവെങ്കിൽ ഞാനിപ്പോൾ പെരുവഴിയിൽ കിടന്നേനെ. പതിവുള്ള വഴിയേ പോയ എട്ടു കുതിരകളുള്ള മറ്റേ വണ്ടിക്കും നാലു കുതിരയെ പൂട്ടിയ എന്റെ വണ്ടിയുടെ അവസ്ഥ തന്നെയാണുണ്ടായത്. എന്നാലും ഒരു വൈഷമ്യം വിജയപൂർവം തരണം ചെയ്യുമ്പോൾ എനിക്കുണ്ടാകാറുള്ള ആ സന്തോഷം എനിക്കിപ്പോൾ തോന്നുന്നു. അതിരിക്കട്ടെ, പുറത്തെ അനുഭവങ്ങളിൽ നിന്ന് ഇനി അകത്തെ അനുഭവങ്ങളിലേക്ക്. വൈകാതെ നാം തമ്മിൽ കാണുമെന്നതിൽ എനിക്കു സംശയമൊന്നുമില്ല; കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ ജീവിതത്തെക്കുറിച്ച് ഞാൻ സ്വരൂപിച്ച ആശയങ്ങൾ നിന്നോടു പറയാൻ സമയക്കുറവു കാരണം ഇന്നെനിക്കു കഴിയില്ല. നമ്മുടെ ഹൃദയങ്ങൾ ഒന്നാണെങ്കിൽ ആ തരം ചിന്തകൾ എനിക്കുണ്ടാവുകയുമില്ലായിരുന്നു. എന്തൊക്കെയോ പറയാനുള്ള ദാഹം കൊണ്ട് എന്റെ നെഞ്ച് നിറഞ്ഞുതുളുമ്പുന്നു- ഭാഷ യാതൊന്നുമല്ലെന്ന് ചില സമയത്ത് എനിക്കു തോന്നിപ്പോകാറുണ്ട്. ഉന്മേഷത്തോടെ ഇരിക്കുക, എന്റെ വിശ്വസ്തയായ, എന്റെ ഏകധനമായ കാമുകിയാവുക, എന്റെ എല്ലാമാവുക, ഞാൻ നിനക്കെന്ന പോലെ. ശേഷമൊക്കെ ദൈവങ്ങൾ നോക്കട്ടെ, നമുക്കു വിധിച്ചതെന്തോ, അതവർ നമ്മുടെ പേർക്കയക്കട്ടെ.

നിന്റെ വിശ്വസ്തനായ
ലുഡ്‌വിഗ്
--------------------------------------------------------------------------------------------------------------

ജൂലൈ 6, തിങ്കളാഴ്ച വൈകിട്ട്


നീ വേദന തിന്നുകയാണ്‌, എനിക്കേറ്റവും പ്രിയപ്പെട്ടവളേ. ഇവിടെ നിന്ന് കെ.യിലേക്ക് മെയിൽ വണ്ടി പോകുന്ന തിങ്കൾ (അല്ലെങ്കിൽ വ്യാഴം) ദിവസങ്ങളിൽ കത്തുകൾ നേരത്തേ ഏല്പിക്കണമെന്ന് ഇപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത്. ഹാ, നീ വേദനിക്കുകയാണ്‌- ഞാൻ എവിടെയായാലും നീ എന്നോടൊപ്പമുണ്ട്...എന്തൊരു ജീവിതം! ഇങ്ങനെ!! നീയില്ലാതെ- അവിടെയും ഇവിടെയുമൊക്കെ മനുഷ്യരുടെ സന്മനസ്സിനാൽ പിന്തുടരപ്പെട്ട്- എത്ര കുറച്ചേ ഞാൻ അതർഹിക്കുന്നുള്ളൂ, അത്ര കുറച്ചേ എനിക്കതിനാഗ്രഹവുമുള്ളു- മനുഷ്യൻ മനുഷ്യനോടു കാണിക്കുന്ന എളിമ- അതെന്നെ വേദനിപ്പിക്കുന്നു- പ്രപഞ്ചത്തോട് ഞാൻ എന്നെ തട്ടിച്ചു നോക്കുമ്പോൾ, ഞാൻ എന്താണെന്നും അവൻ - ശ്രേഷ്ഠൻ എന്നു നാം വിളിക്കുന്ന അവൻ- എന്താണെന്നും ആലോചിക്കുമ്പോൾ- അതിലാണ്‌ മനുഷ്യനിലെ ദൈവികത കിടക്കുന്നത്. ശനിയാഴ്ചയായിട്ടല്ലാതെ എന്നെക്കുറിച്ച് ഒരു വിശേഷവും നീ അറിയാൻ പോകുന്നില്ലെന്നു ചിന്തിക്കുമ്പോൾ എനിക്കു കരയാൻ തോന്നുന്നു- നീ എത്രയെന്നെ സ്നേഹിക്കുന്നു, അതിലുമധികം ഞാൻ നിന്നെ സ്നേഹിക്കുന്നു- എന്നാൽ ഒരിക്കലും എന്നിൽ നിന്നു മറഞ്ഞിരിക്കരുതേ. ഗുഡ് നൈറ്റ്. എനിക്ക് നാളെ ചികിത്സയുള്ളതുകൊണ്ട് ഞാൻ കിടക്കട്ടെ- ദൈവമേ! എത്രയരികെ! എത്രയകലെ! ഒരു സ്വർഗ്ഗീയഭവനമല്ലേ, നമ്മുടെ പ്രണയം, അത്ര ബലത്തതും, സ്വർഗ്ഗീയദുർഗ്ഗം പോലെ?
---------------------------------------------------------------------------------------------------------------

ജൂലൈ 7, രാവിലെ 

കിടക്കയിലായിരിക്കുമ്പോൾ പോലും എന്റെ ചിന്തകൾ നിന്നിലേക്കു കുതിച്ചെത്തുകയാണല്ലോ, എന്റെ നിത്യകാമുകീ; ആഹ്ളാദത്തോടെ ചിലപ്പോൾ, പിന്നെ സന്താപത്തോടെ, വിധി നമ്മുടെ പ്രാർത്ഥന കേൾക്കുമോയെന്നുള്ള ആകാംക്ഷയോടെ. ജീവിതത്തെ നേരിടണമെന്നുണ്ടെങ്കിൽ എനിക്കു നിന്നോടൊത്തു ജീവിച്ചേ മതിയാവൂ, അല്ലെങ്കിൽ ഒരിക്കലും ഞാൻ നിന്നെ കാണുകയുമരുത്. എനിക്കു നിന്റെ കൈകളിലേക്കോടിയെത്താൻ, എന്റെ സ്വസ്ഥത ഞാനവിടെക്കണ്ടു എന്നു പറയാൻ, ആത്മാവുകളുടെ ധന്യദേശത്തെത്തിക്കാൻ എന്റെ ആത്മാവിനെ ഞാൻ നിന്നെയേല്പിച്ചു എന്നു പറയാൻ എനിക്കാവുന്ന കാലം വരെയ്ക്കും വിദൂരദേശങ്ങളിൽ അഭയാർത്ഥിയായി അലഞ്ഞുനടക്കാൻ ഞാൻ തീരുമാനമെടുത്തിരിക്കുന്നു. അതെ, എനിക്കു സങ്കടമാണതെങ്കിലും അതങ്ങനെയാവാതെ പറ്റുകയുമില്ല. എത്ര വിശ്വസ്തനാണു ഞാൻ നിന്നോടെന്നു നിനക്കു മനസ്സിലായി വരുമ്പോൾ നിന്റെ മനസ്സ് അതിന്റെ വിഷമങ്ങളെ അതിജീവിച്ചുകൊള്ളും; ഒരിക്കലും, ഒരിക്കലുമാവില്ല മറ്റൊരു പെണ്ണിന്‌ എന്റെ ഹൃദയം കവരാൻ- ഒരാൾ താൻ അത്രമേൽ സ്നേഹിക്കുന്നതൊന്നിൽ നിന്നകലെപ്പോകണമെന്നുണ്ടായതെന്തിനാലാണു ദൈവമേ! എന്നാലും വി(യന്ന)യിലെ എന്റെ ഇപ്പോഴത്തെ ജീവിതം ഒരു ദുരിതജീവിതം തന്നെ- നിന്റെ പ്രേമത്താൽ മനുഷ്യരിൽ വച്ച് ഏറ്റവും സന്തുഷ്ടനും അസന്തുഷ്ടനുമായിരിക്കുകയാണു ഞാൻ. ജീവിതത്തിന്‌ ഒരു സ്ഥിരതയും ക്രമവും വേണ്ട പ്രായം ഞാൻ എത്തിയിരിക്കുന്നു. പക്ഷേ നമ്മുടെ ബന്ധവും അതുമായി ഒത്തുപോകുമോ? ദേവീ, തപാൽ എന്നും എടുക്കുന്നുണ്ടെന്ന് ഇതാ ഇപ്പോൾത്തന്നെ ഞാൻ കേട്ടു; പെട്ടെന്നുതന്നെ കത്തു നിനക്കു കിട്ടണമെന്നുള്ളതിനാൽ എനിക്കിതു ചുരുക്കേണ്ടിയിരിക്കുന്നു- ശാന്തയായിരിക്കുക; ശാന്തമായ പര്യാലോചന കൊണ്ടേ ഒരുമിച്ചു ജീവിക്കുക എന്ന ലക്ഷ്യം നേടിയെടുക്കാൻ നമുക്കു കഴിയൂ. ശാന്തയായിരിക്കുക- എന്നെ സ്നേഹിക്കുക- ഇന്ന്- ഇന്നലെ. കണ്ണീരോടെ ഞാൻ ദാഹിക്കുന്നു- നിനക്കായി- എന്റെ പ്രാണനായ- എന്റെ എല്ലാമായ- നിനക്കായി. വിട, ഇത്രയും വിശ്വസ്തമായ ഒരു കാമുകഹൃദയത്തെ ഒരിക്കലും സംശയിക്കരുതേ.

എന്നും നിന്റെ
എന്നും എന്റെ
എന്നും നമ്മുടെ

എൽ.

അഭിപ്രായങ്ങളൊന്നുമില്ല: