2016, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

പ്രണയലേഖനങ്ങൾ(30)- പ്ളിനി

പ്രണയലേഖനങ്ങളുടെ ആദ്യമാതൃക എന്നു പറയാവുന്നവയാണ്‌ റോമൻ നിയമജ്ഞനും ഭരണാധികാരിയുമായിരുന്ന പ്ളിനി ഭാര്യ കല്പേർണിയക്കയച്ച കത്തുകൾ. പിരിഞ്ഞിരിക്കുമ്പോൾ അദ്ദേഹം അയച്ച ആ കത്തുകളിൽ ഉപയോഗിച്ചിരിക്കുന്നത് ആശയവിനിമയത്തിനുള്ള ഔപചാരികഭാഷയല്ല, കാമുകരുടെ വൈകാരികനിവേദനത്തിനുള്ള ഭാഷയാണ്‌. തന്റെ ജീവിതകാലത്തു തന്നെ അദ്ദേഹം ഇവ പ്രസിദ്ധീകരിച്ചുവെന്നത് തങ്ങളുടെ വിവാഹത്തെ അദ്ദേഹം കണ്ടത് സ്വത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരുടമ്പടിയായിട്ടല്ല, തന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായിട്ടാണ്‌ എന്ന് ലോകത്തെ അറിയിക്കാനാവാം.

പ്ളിനി രണ്ടാമൻ Gaius Plinius Caecilius Secundus(61–113)വടക്കൻ ഇറ്റലിയിലെ ഒരു ഭൂപ്രഭുവിന്റെ മകനായി ജനിച്ചു. അച്ഛന്റെ മരണശേഷം അദ്ദേഹത്തെ വളർത്തിയത് പ്രകൃതിശാസ്ത്രത്തെ കുറിച്ച് പ്രസിദ്ധമായ ഒരു വിജ്ഞാനകോശം രചിച്ച പ്ളിനി ഒന്നാമനായിരുന്നു. (പോമ്പേ നഗരത്തെ നശിപ്പിച്ച വെസൂവിയസ് അഗ്നിപർവതസ്ഫോടനത്തിലാണ്‌ അദ്ദേഹം മരിക്കുന്നത്.) പ്ളിനി രണ്ടാമൻ നിയമവിദഗ്ധനും ഒരു റോമൻ പ്രവിശ്യയുടെ ഗവർണ്ണരുമായിരുന്നു. കല്പേർണിയ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു. (ആദ്യത്തെ രണ്ടു പേരും സന്തതികളില്ലാതെ മരിച്ചു.) അദ്ദേഹത്തിന്‌ 39 വയസ്സായിരുന്നു, അവർക്ക് പതിനാലും. ഒരു ഭാര്യയിൽ നിന്ന് താൻ ആഗ്രഹിക്കുന്നതൊക്കെയായിരുന്നു പ്ളിനിയ്ക്ക് കല്പേർണിയ. അവൾ താൻ എഴുതിയതൊക്കെ ആവർത്തിച്ചു വായിക്കാനായി പകർപ്പെടുത്തു വയ്ക്കാറുണ്ടെന്നും താൻ കോടതിയിൽ ഹാജരാകുമ്പോൾ വലിയ ആകാംക്ഷയാണവൾക്കെന്നും തന്റെ ചില കവിതകൾ അവൾ ഈണം കൊടുത്തു പാടാറുണ്ടെന്നും കല്പേർണിയയുടെ അമ്മായിക്കെഴുതിയ ഒരു കത്തിൽ പ്ളിനി പറയുന്നുണ്ട്. തനിയ്ക്കൊരു പിൻഗാമിയെ നല്കുന്നതിൽ കല്പേർണിയയും പരാജയപ്പെട്ടുവെങ്കിലും പ്ളിനിയുടെ സ്നേഹം അതുകൊണ്ടു കുറയുന്നുമില്ല. അദ്ദേഹം ഭാര്യക്കെഴുതിയ മൂന്നു കത്തുകളാണ്  അവശേഷിച്ചിട്ടുള്ളത്‌.


1.

നീ സുഖചികിത്സയ്ക്കായി കമ്പാനിയയിലേക്കു പോയപ്പോൾ കൂടെ വരാൻ പറ്റിയില്ല എന്നതു പോകട്ടെ, നീ അവിടെ എത്തിയതിനു ശേഷവും എനിക്കു നിന്നെ വന്നു കാണാൻ പറ്റുന്നില്ല എന്നതോർക്കുമ്പോഴാണ്‌ ഉദ്യോഗം എന്നത് എത്ര വലിയൊരു ബാദ്ധ്യതയാണെന്ന് എനിക്കു മനസ്സിലാകുന്നത്. ഈ സമയത്ത് നിന്നോടൊപ്പം ഉണ്ടാവണമെന്ന് എനിക്കു വലിയ ആഗ്രഹമുണ്ടായിരുന്നു; നിനക്കു ബലവും പുഷ്ടിയും വയ്ക്കുന്നുണ്ടോയെന്നും ആ സുന്ദരമായ ദേശത്തിന്റെ പ്രശാന്തതയും കാഴ്ചകളും സമൃദ്ധിയും നിനക്കു ഹിതകരമാവുന്നുണ്ടോയെന്നും എനിക്കെന്റെ സ്വന്തം കണ്ണുകൾ കൊണ്ടു കാണണമെന്നുണ്ടായിരുന്നു. നിനക്കു നല്ല ആരോഗ്യമുള്ളപ്പോൾത്തന്നെ നിന്റെ അസാന്നിദ്ധ്യം എനിക്കു സഹിക്കാത്തതായിരുന്നു; നാം അത്രയധികം സ്നേഹിക്കുന്നവരുടെ ക്ഷേമത്തെക്കുറിച്ചുള്ള ഒരു നിമിഷത്തെ അനിശ്ചിതത്വം പോലും വല്ലാത്ത ഉദ്വേഗവും ആകാംക്ഷയുമാണല്ലോ നമ്മിൽ ജനിപ്പിക്കുക. എന്നാലിപ്പോൾ നിന്റെ അനാരോഗ്യവും അസാന്നിദ്ധ്യവും ഒരുമിച്ചു ചേർന്ന് അവ്യക്തവും വിവിധവുമായ ഉത്കണ്ഠകൾ കൊണ്ട് എന്നെ കഠോരമായി പീഡിപ്പിക്കുകയാണ്‌. നിനക്കെന്തൊക്കെ സംഭവിച്ചുകൂടായെന്ന് എനിക്കു പേടിയാവുന്നു, നിനക്കെന്തൊക്കെ സംഭവിച്ചിരിക്കുമെന്നു ഞാൻ ഭാവന ചെയ്യുന്നു, പേടിയുള്ളവരുടെ കാര്യത്തിൽ സ്വാഭാവികമായി സംഭവിക്കുന്നതു പോലെ, ഏറ്റവുമധികം പേടിക്കുന്നതു തന്നെ എന്റെ മനസ്സിൽ വരികയും ചെയ്യുന്നു. അതിനാൽ എന്റെ ഉത്കണ്ഠയെ കാര്യമായിട്ടെടുക്കാൻ, എല്ലാ ദിവസവും എനിക്കു കത്തെഴുതാൻ, കഴിയുമെങ്കിൽ ദിവസം രണ്ടു കത്തെഴുതാൻ ഞാൻ നിന്നോടു യാചിക്കുകയാണ്‌. ആ കത്തുകൾ വായിച്ചുകൊണ്ടിരിക്കുമ്പോഴെങ്കിലും എന്റെ മനസ്സ് സ്വസ്ഥമായിരിക്കുമല്ലോ; വായന കഴിഞ്ഞാലുടൻ എന്റെ പേടികൾ തല പൊക്കുമെന്നുള്ളതിൽ സംശയവുമില്ല.

2.

എന്റെ അസാന്നിദ്ധ്യം നിന്നെ വല്ലാതെ ബാധിക്കുന്നുണ്ടെന്ന് നീ എഴുതുന്നു; എന്റെ സ്ഥാനത്ത് എന്റെ രചനകൾ വച്ച് അവയോടു സംസാരിച്ചിട്ടാണ്‌ നീ സാന്ത്വനം കണ്ടെത്തുന്നതെന്നും നീ പറയുന്നു. എന്റെ അഭാവം നീ അറിയുന്നുണ്ടെന്നത് എനിക്കിഷ്ടപ്പെട്ടു; ആ തരം സാന്ത്വനങ്ങളിൽ നിന്ന് നിനക്കല്പം സമാധാനം കിട്ടുന്നുവെന്നത് എനിക്കിഷ്ടപ്പെട്ടു. മറുപടിയായി ഞാൻ പറയട്ടെ, നിന്റെ കത്തുകൾ ഞാൻ വീണ്ടും വീണ്ടും വായിക്കുന്നു; ഓരോ തവണയും ഞാനവ വായിക്കാനെടുക്കുന്നത് ആ സമയത്തത് കൈയിൽ കിട്ടിയ പോലെയുമാണ്‌. കഷ്ടം തന്നെ, അതുകൊണ്ടു പക്ഷേ, നിന്നോടുള്ള അഭിലാഷം കൂടുന്നതേയുള്ളു. കാരണം, കത്തുകളിൽ ഇത്രയും ചാരുതകളാണെങ്കിൽ അവളുടെ സംഭാഷണം എത്ര മധുരതരമായിരിക്കണം എന്നാണെനിക്കു ചിന്ത പോവുക. എന്നിരുന്നാലും കഴിയുന്നത്ര തവണ എനിക്കവ കിട്ടുമാറാകട്ടെ, അവ നല്കുന്ന ആനന്ദം ദുഃഖം കലർന്നതാണെങ്കിൽത്തന്നെ!

3.

എത്ര തീവ്രമായ അഭിനിവേശമാണ്‌ എനിക്കു നിന്നോടുള്ളതെന്നു പറഞ്ഞാൽ നിനക്കു വിശ്വാസമാവില്ല. അതിനു പ്രധാനമായ കാരണം എനിക്കു നിന്നോടുള്ള പ്രണയമാണ്‌; പിന്നെ, പിരിഞ്ഞിരുന്നു നമുക്കു പരിചയമായിട്ടില്ല എന്നതും. അതുകൊണ്ടെന്തു സംഭവിച്ചു? രാത്രിയിൽ ഏറെ നേരവും നിന്നെക്കുറിച്ചോർത്തുകൊണ്ട് ഉറക്കം വരാതെ ഞാൻ കിടക്കുന്നു; പകലാവട്ടെ, പതിവായി നിന്നെ കാണാൻ ഞാൻ വരാറുള്ള സമയമടുക്കുമ്പോൾ എന്റെ കാലുകൾ നിന്റെ മുറിയിലേക്കു സ്വയം നട കൊള്ളുകയാണ്‌; അവിടെ നിന്നെ കാണാതെ വരുമ്പോൾ മനസ്സിൽ നിരാശയോടെ, തിരസ്കൃതകാമുകനെപ്പോലെ ഞാൻ മടങ്ങിപ്പോരുകയുമാണ്‌. ഈ പീഡനങ്ങളിൽ നിന്നൊരു മോചനം എനിക്കു കിട്ടുന്നെങ്കിൽ അതു കോടതിയിൽ പണിയെടുത്തു തളരുമ്പോള്‍ മാത്രമാണ്‌; പിന്നെ സ്നേഹിതന്മാർക്കൊപ്പമിരിക്കുമ്പോഴും. അമിതാദ്ധ്വാനത്തിലാണ്‌ എനിക്കു വിശ്രമം കിട്ടുന്നതെങ്കിൽ, ഉത്കണ്ഠയിലാണ്‌ എനിക്കു സാന്ത്വനം കിട്ടുന്നതെങ്കിൽ എന്റെ ജീവിതം ഏതു വിധമായിരിക്കുന്നുവെന്ന് നീ  ഒന്നാലോചിച്ചുനോക്കൂ.
***

അഭിപ്രായങ്ങളൊന്നുമില്ല: