2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

പ്രണയലേഖനങ്ങൾ(34)- വിക്റ്റോർ യൂഗോ

download



1820 ഏപ്രിൽ

1819 ഏപ്രിൽ 20നാണ്‌ നിന്നെ സ്നേഹിക്കുന്നുവെന്ന് ഞാൻ നിന്നോടു പറഞ്ഞത്. അതു കഴിഞ്ഞിട്ടിപ്പോൾ ഒരു കൊല്ലമാവുന്നില്ല. അന്നു നീ സന്തോഷവതിയായിരുന്നു, പ്രസരിപ്പുള്ളവളായിരുന്നു, സ്വതന്ത്രയായിരുന്നു; എന്നെക്കുറിച്ചുള്ള ചിന്തകൾ അന്നു നിന്നെ അലട്ടിയിരുന്നില്ലെന്നു വരാം. ഒരു കൊല്ലം കൊണ്ട് എന്തൊക്കെ വിഷമങ്ങൾ, പീഡനങ്ങൾ ഞാൻ കാരണം നിനക്കനുഭവിക്കേണ്ടി വന്നു! ഹാ, എന്തിനൊക്കെ നീയെനിക്കു മാപ്പു നല്കേണ്ടി വന്നു!
 
മറ്റുള്ളവർ എന്നെക്കുറിച്ചെന്താണ്‌ പറയുന്നതെന്നറിയാൻ എനിക്കു താല്പര്യമുണ്ട്. നിന്റെ ഭർത്താവിനെ അല്പം കൂടി വിശ്വാസമായിക്കൂടേ? എനിക്കൊട്ടും സന്തോഷമില്ല. നോക്കൂ, പ്രിയപ്പെട്ടവളേ, രണ്ടു ചിന്തകൾ തമ്മിൽ യോജിപ്പിക്കാൻ തന്നെ എനിക്കാവുന്നില്ല; നിന്റെ കത്ത് അത്ര ക്രൂരമായി എന്നെ ദുരിതത്തിലാഴ്ത്തിക്കളഞ്ഞു. തന്നെയുമല്ല, എനിക്കൊരുപാടു കാര്യങ്ങൾ നിന്നോടു പറയാനുണ്ട്; എഴുതാനുള്ള സമയം അത്ര കുറവും. ഇതെല്ലാം എങ്ങനെയാണവസാനിക്കാൻ പോകുന്നത്? എന്റെ കാര്യത്തിൽ എങ്ങനെയാണെന്ന് എനിക്കു വളരെ നന്നായറിയാം; നിന്റെ കാര്യത്തിൽ എങ്ങനെയായിരിക്കും...?
 
ഇപ്പോൾ എന്റെ എല്ലാ ആശകളും ആഗ്രഹങ്ങളും കേന്ദ്രീകരിക്കുന്നത് നിന്നിലാണ്‌.
നിന്റെ കത്തിലുള്ള സകലതിനും മറുപടി പറയണമെന്ന് എനിക്കുണ്ട്. ഞാൻ നിന്നെ മറന്നേക്കാമെന്ന് പറയാനോ സൂചിപ്പിക്കാനോ പോലുമുള്ള ധൈര്യം നിനക്കെങ്ങനെ കിട്ടി? നീയെന്നെ വെറുക്കുന്നുണ്ടെന്നു വരുമോ? നമ്മെക്കുറിച്ചു സംസാരിക്കുന്നവർ ആരൊക്കെയാണെന്നു പറയൂ. എനിക്കു ദേഷ്യം വന്നിരിക്കുകയാണ്‌! നിനക്കു ചുറ്റുമുള്ളവരെക്കാൾ ഏതു വിധത്തിലും ഭേദമാണു നീയെന്ന് നീ അറിയുന്നില്ല. ആ ചെറുപ്പക്കാരികളെ, നിന്റെ കൂട്ടുകാരികളെന്നു പറഞ്ഞു നടക്കുന്നവരെക്കൂടി ഉൾപ്പെടുത്തിയാണ്‌ ഞാൻ പറയുന്നത്; മാലാഖമാരെപ്പോലും പിശാചുക്കളായിക്കാണുന്ന കണ്ണാണവരുടേത്.
 
വിട, എന്റെ അഡേൽ, നിന്റെ കത്തിനു മറുപടി പറയാൻ പറ്റിയ അവസ്ഥയിലല്ല ഞാനെന്ന് എനിക്കു മനസ്സിലാവുന്നു. എന്റെ മോശം എഴുത്ത് പൊറുക്കുക. ബാക്കി വച്ചത് നാളെ പറയാം- എനിക്കു പറ്റുമെങ്കിൽ.


1821

പ്രിയപ്പെട്ടവളേ,

എത്ര കാലമെടുത്തായാലും ഒരാൾക്കൂട്ടത്തിനിടയിൽ അന്യോന്യം തേടിനടന്ന രണ്ടാത്മാക്കൾ ഒടുവിൽ തമ്മിൽ കണ്ടെത്തുമ്പോൾ ഒരൈക്യം, അവരെപ്പോലെ തന്നെ വിശുദ്ധവും ആഗ്നേയവുമായ ഒരൈക്യം ഭൂമിയിൽ ജന്മമെടുക്കുകയാണ്‌,  സ്വര്‍ഗ്ഗീയമായ ഒരു നിത്യതയിൽ പിന്നെയതു തുടർന്നുപോവുകയാണ്‌.

ഈ ഐക്യമാണ്‌ പ്രണയം, യഥാർത്ഥപ്രണയം...പ്രണയഭാജനം ദൈവമായ ഒരു മതം; ആത്മാർപ്പണവും വൈകാരികതയുമാണ്‌ അതിനു ജീവൻ കൊടുക്കുന്നത്; ത്യാഗങ്ങളെത്ര വലുതാകുന്നുവോ, അത്രയും ആനന്ദമാണതിനു കിട്ടുന്നത്.
 
നീ എന്നിൽ ജനിപ്പിക്കുന്ന പ്രണയം ഇങ്ങനെയൊന്നാണ്‌. മാലാഖമാരുടെ നൈർമല്ല്യത്തോടെയും തീവ്രതയോടെയും പ്രണയിക്കും വിധമാണ്‌ നിന്റെ ആത്മാവിന്റെ സൃഷ്ടി; മറ്റൊരു മാലാഖയെ മാത്രമേ അതിനു പ്രേമിക്കാനാവൂ എന്നും വരാം; അങ്ങനെയെങ്കിൽ വിപൽശങ്ക കൊണ്ടു ഞാൻ വിറ കൊള്ളുകയും വേണം.
 
എന്നുമെന്നും നിന്റെയായ,
വിക്റ്റോർ യൂഗോ



1822 ഫെബ്രുവരി 17

നിന്റെ രണ്ടു കത്തുകൾ, എന്റെ അഡേൽ, ആഹ്ളാദവും കൃതജ്ഞതയും കൊണ്ട് എന്റെ ഹൃദയം നിറച്ചിരിക്കുന്നു; എന്റെ അധികപ്രസംഗവും എന്റെ മൂഢതയും മറന്നുകളയാൻ പറയാനാണ്‌ ഈ പ്രഭാതത്തിൽ ഞാൻ ചില വാക്കുകൾ തിരക്കിട്ടെഴുതുന്നത്.
 
പറയൂ, പോയ രാത്രിയിൽ നീ വല്ലാതെ കഷ്ടപ്പെട്ടോ? നാളെ ഞാൻ നല്ലൊരു ഡോക്ടറെ പോയിക്കണ്ട് നീ എന്നോടു പറഞ്ഞതൊക്കെ അദ്ദേഹത്തോടു പറയാം. എന്റെ പ്രിയപ്പെട്ടവളേ, ഒന്നുകിൽ നീ ഒറ്റയ്ക്കിതെല്ലാം സഹിക്കരുത്, അല്ലെങ്കിൽ, നമുക്കൊരുമിച്ചു സഹിക്കാൻ നീ തയാറാവുക. നിന്റെ വേദന താങ്ങാനുള്ള ബലം എനിക്കു തരൂ, ഞാൻ നിന്നോടു യാചിക്കുന്നു. നിനക്കു സുഖമില്ലാതാവാനുള്ള കാരണം, അഡേൽ, മറ്റു മനുഷ്യരുടെ സ്വഭാവം തന്നെയാണ്‌ നിനക്കുമെന്ന് എന്തോ ഒന്ന് നിന്നെ ഓർമ്മിപ്പിക്കുന്നു എന്നുള്ളതാണ്‌. മരിച്ചു കഴിഞ്ഞാൽ നിനക്കു വീണ്ടും ചിറകുകൾ മുളയ്ക്കും; പക്ഷേ ഞാൻ പോയിട്ടല്ലാതെ നീ മരിക്കുകയില്ല; കാരണം, നീ ചെറുപ്പമാണ്‌, സുന്ദരിയാണ്‌, ആരോഗ്യവതിയാണ്‌, നന്മ നിറഞ്ഞ ഒരു ജീവിതത്തിന്‌ ദൈയവ്ം അത്ര പെട്ടെന്നങ്ങ് വിരാമമിടുകയുമില്ല.
 
അഡേൽ, ഈ തരം സങ്കടപ്പെടുത്തുന്ന കാര്യങ്ങൾ എന്നോടു പറയരുതേ, ഇതൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നതു ശരിയാണെങ്കിലും. ഞാൻ ഒറ്റയ്ക്കാണെന്നോർക്കുക; ഏകാന്തതയിൽ എന്റെ ചിന്തകൾ മറ്റൊന്നാകും. വിട. നമുക്കന്യോന്യം സംസാരിക്കാൻ പറ്റില്ലെന്നതിനാൽ നീ ഒരു നീണ്ട കത്തെഴുതാൻ ഞാൻ യാചിക്കുന്നു. എനിക്കു നിർത്താൻ നേരമായി. എന്റെ പേന ഒരു വരി എഴുതുന്നതിനു മുമ്പ് മനസ്സിൽ ഇരുപതു വരികൾ ഞാൻ എഴുതുന്നുണ്ട്. വിട. നിനക്കെന്നോടു തോന്നാൻ ദയവുണ്ടായ സ്നേഹവും എനിക്കു നിന്നോടുള്ള സ്നേഹവുമില്ലെങ്കിൽ ഞാൻ യാതൊന്നുമല്ല. എന്നുമെന്നും എന്നെ സ്നേഹിക്കുക, നിന്റെ കുലീനഹൃദയത്തിൽ എന്നെക്കുറിച്ചുള്ള എന്തെങ്കിലുമൊരു ചിന്തയ്ക്ക് ഇടം കൊടുക്കുകയും ചെയ്യുക.



1822 ആഗസ്റ്റ് 27

അഡേൽ, ഒരു മധുരാക്ഷരം ഒരു സൗമ്യമന്ദഹാസത്തിന്റെ അകമ്പടിയോടെ നിന്റെ ചുണ്ടിൽ നിന്നുതിരുമ്പോൾ അത് നിന്റെ വിക്റ്റോറിൽ ജനിപ്പിക്കുന്ന പ്രഭാവം നിനക്കു സങ്കല്പിക്കാവുന്നതല്ല! നിന്നിൽ നിന്നു വരുന്ന എത്ര ചെറുതായൊരു സംഗതിയായാലും മതി എന്നെ സന്തോഷവാക്കാൻ എന്നു നിനക്കറിയുമായിരുന്നെങ്കിൽ!...ചിലനേരം നിനക്കടുത്തിരിക്കുമ്പോൾ ഒരുന്മാദാവസ്ഥയിലേക്കു പെട്ടെന്നെടുത്തെറിയപ്പെടുമോ എന്നു ഞാൻ പേടിച്ചുപോകാറുണ്ട്. അത്ര കുലീനതയോടെയും ആർദ്രതയോടെയും നീ സംസാരിക്കുന്നതു കേൾക്കുമ്പോൾ നിന്റെ കൈകളിൽ കടന്നുപിടിക്കാനോ നിന്റെ പുടവത്തുമ്പു പിടിച്ചു ചുംബിക്കാനോ ഉള്ള ആവേഗത്തിനു ഞാൻ അടിപ്പെട്ടു പോകുന്നു. അങ്ങനെയുള്ള സമയങ്ങളിൽ നമുക്കു ചുറ്റുമുള്ള ആൾക്കൂട്ടങ്ങൾ എന്റെ കാഴ്ചയിൽ നിന്നേ മായുന്നു. നിന്നെ, നിന്നെയല്ലാതെ മറ്റാരെയും ഞാൻ കാണുന്നില്ല, അഡേൽ, എന്റെ മാലാഖേ, എനിക്കാരാധ്യയായ ഭാര്യേ, സ്വർഗ്ഗീയയായ, ആരാധ്യയായ പെൺകിടാവേ. എന്നെ പിടിച്ചുകുലുക്കുന്നൊരു വികാരാവേശത്തിന്റെ പ്രകമ്പനങ്ങളെ നിയന്ത്രിക്കാൻ എന്റെ എല്ലാ ശേഷിയും എനിക്കുപയോഗിക്കേണ്ടി വരുന്നു. ഇതൊന്നും നീ അറിയുന്നില്ല, എന്റെ അഡേൽ. അങ്ങനെയുള്ള ഒരു നിമിഷത്തിൽ ഞാൻ എന്നെ ഭരിക്കുന്ന ആ നിഗൂഢചിന്തകൾ നിന്നോടു പറയുമ്പോൾ എന്റെ മുഖത്തെ വികാരവിക്ഷോഭം നിന്റെ കണ്ണിൽ പെടുന്നില്ല; ഒരു പുഞ്ചിരിയോടെ, പ്രശാന്തമായ ഒരു സ്വരത്തിലാണ്‌ നീയതിനു മറുപടി പറയുന്നത്. ഇല്ല, ഇല്ല, എന്റെ പ്രണയം എത്ര പ്രചണ്ഡമാണെന്ന് നിനക്കൊരിക്കലും മനസ്സിലാവില്ല...എത്ര കഷ്ടമാണത്!



ഫ്രഞ്ച് കവിയും നോവലിസ്റ്റും നാടകകൃത്തും സോഷ്യലിസ്റ്റുമൊക്കെയായ വിക്റ്റോർ യൂഗോ Victor Hugo(1802-1885)യുടെ അച്ഛനമ്മമാർ അദ്ദേഹത്തിന്റെ ചെറുപ്പത്തിലേ വേർപിരിഞ്ഞു. യൂഗോ അമ്മയോടൊപ്പമാണ്‌ വളർന്നത്. തന്റെ ബാല്യകാലസഖിയായ അഡേലിനെ (Adele Foucher) വിവാഹം ചെയ്യാൻ അദ്ദേഹത്തിന്‌ ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മ എതിരായിരുന്നു. ഒടുവിൽ അമ്മയുടെ മരണശേഷം 1822ലാണ്‌ യൂഗോ അഡേലിനെ ഭാര്യയാക്കുന്നത്. അവർക്ക് അഞ്ചു കുട്ടികളുണ്ടായി. ഇരുവർക്കും വേറേ ബന്ധങ്ങളുമുണ്ടായി. അഡേലിന്‌ സാങ്ങ്റ്റ് ബോ (Sainte-Beuve) എന്ന വിമർശകനുമായി അടുപ്പമുണ്ടായിരുന്നു; യൂഗോ 1833ൽ ജൂലിയെറ്റ് ഡ്രൂവെ (Juliette Drouet) എന്ന നാടകനടിയുമായി സ്നേഹത്തിലായി. അവരായിരുന്നു അടുത്ത അമ്പതു കൊല്ലത്തേക്ക് അദ്ദേഹത്തിന്റെ സെക്രട്ടറിയും സഹയാത്രികയും.

അഭിപ്രായങ്ങളൊന്നുമില്ല: