2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

റിൽക്കെ - ഒരു കവിയുടെ പ്രണയചിന്തകൾ



ആളുകൾ തമ്മിൽ തമ്മിൽ എത്ര അകല്ച്ചയാണെന്നു നോക്കൂ; ഈ അകല്ച്ച ഏറ്റവും കൂടുതൽ കാണുന്നത് പ്രേമിക്കുന്നവർക്കിടയിലുമാണ്‌. അവർ തങ്ങൾക്കുള്ളതെല്ലാമെടുത്ത് അന്യോന്യമെറിയുന്നു; മറ്റേയാൾക്ക് അതു പിടിക്കാനും പറ്റുന്നില്ല; ഒടുവിൽ അവർക്കിടയിൽ അതു കുന്നു കൂടുകയും പരസ്പരം കാണുന്നതിലും അടുക്കുന്നതിലും നിന്ന് അവരെ തടയുകയും ചെയ്യുന്നു.
(1898)

ഒരേയളവിൽ ഒതുങ്ങിയ രണ്ടു പേർക്ക് തങ്ങൾ ഒരുമിച്ചിരിക്കുന്ന നേരങ്ങളെ നിർവചിക്കുന്ന സംഗീതത്തെക്കുറിച്ചു സംസാരിക്കേണ്ട ആവശ്യം തന്നെയില്ല. ആ സംഗീതമാണ്‌ അവർക്കു പൊതുവായിട്ടുള്ള മൂലകം. യാഗാഗ്നി പോലെ അവർക്കിടയിൽ അതെരിയുന്നു; ഇടയ്ക്കിടെ ഉച്ചരിക്കുന്ന അക്ഷരങ്ങളാൽ ആ പവിത്രജ്വാലയെ അവർ വളർത്തുകയും ചെയ്യുന്നു.
ഇനി, ഈ രണ്ടു പേരെ ഞാൻ ഒരു വേദിയിൽ കയറ്റിനിർത്തി അവരെ കലാപരമായി അവതരിപ്പിക്കുകയാണെന്നിരിക്കട്ടെ; രണ്ടു കമിതാക്കളെ കാട്ടിത്തരാനും എങ്ങനെയാണ്‌ അവർ ഇത്ര ധന്യരായതെന്നു വിശദീകരിക്കാനുമാണ്‌ ഞാൻ ശ്രമിക്കുന്നത്. പക്ഷേ ആ യാഗാഗ്നി രംഗത്തദൃശ്യമാണ്‌, അവർ അനുഷ്ഠിക്കുന്ന ബലികർമ്മത്തിന്റെ ചേഷ്ടകൾ അതിനാൽ ആർക്കും പിടി കിട്ടുകയുമില്ല.
(1898)

സൃഷ്ടിയിൽ നാം അനുഭവിക്കുന്ന ആനന്ദം അവാച്യമാം വിധത്തിൽ സുന്ദരവും സമ്പുഷ്ടവുമാണെങ്കിൽ അതിനു കാരണം പ്രജനനത്തിന്റെയും ജനനത്തിന്റെയും കോടിക്കണക്കായ മുഹൂർത്തങ്ങളുടെ സ്മൃതിപരമ്പര അതിൽ നിറയുന്നു എന്നതുതന്നെ. സൃഷ്ടി എന്നൊരു ചിന്ത ഒരാളുടെ മനസ്സിൽ ഉദയം കൊള്ളുമ്പോൾ പ്രണയത്തിന്റെ ഒരായിരം വിസ്മൃതരാത്രികൾ അതിൽ വീണ്ടും ജന്മമെടുക്കുകയാണ്‌, അതിനെ ഗംഭീരവും ഉദാത്തവുമാക്കുകയാണ്‌. രാത്രികളിൽ തമ്മിലൊരുമിക്കുന്നവർ, ത്രസിക്കുന്ന തൃഷ്ണയോടെ ഉടലുകൾ കെട്ടിവരിയുന്നവർ, അവർ ഭവ്യമായ ഒരനുഷ്ഠാനം നിർവഹിക്കുകയാണ്‌, അവാച്യമായ പ്രഹർഷങ്ങളെക്കുറിച്ചു പറയാൻ ഭാവിയിൽ ജനിക്കാനിരിക്കുന്ന ഏതോ കവിയുടെ ഗീതത്തിനായി മാധുര്യവും ഗഹനതയും ബലവും ശേഖരിച്ചുവയ്ക്കുകയാണ്‌. അവർ ഭാവിയെ ആവാഹിച്ചുവരുത്തുകയാണ്‌; ഇനിയഥവാ, അവർക്കൊരു സ്ഖലിതം പിണഞ്ഞുവെന്നിരിക്കട്ടെ, അന്ധതയോടെയാണ്‌ അവർ ആശ്ളേഷിക്കുന്നതെന്നിരിക്കാട്ടെ, എന്നാൽക്കൂടി ഭാവി വന്നുചേരുകതന്നെ ചെയ്യും, പുതിയൊരു മനുഷ്യജീവി ജന്മമെടുക്കും, യാദൃച്ഛികതയ്ക്കു മേൽ പ്രകൃതിനിയമം പ്രയുക്തമാവും, ബലിഷ്ഠവും അപ്രതിരോധ്യവുമായ ഒരു ബീജം തനിക്കായി സ്വയം തുറക്കുന്ന ഒരണ്ഡത്തിലേക്ക് ഊറ്റത്തോടെ പ്രവേശിക്കുകയും ചെയ്യും.
(1903)

 

പ്രേമിക്കുക എന്നതിനെക്കാൾ ദുഷ്കരമായി ഒന്നുമില്ല എന്നത് എനിക്കനുഭവമായ കാര്യമാണ്‌.  അദ്ധ്വാനമാണത്, നിത്യാദ്ധ്വാനം; അതിനെ കുറിക്കാൻ മറ്റൊരു വാക്കില്ലെന്ന് ദൈവത്തിനറിയാം. നോക്കൂ, അത്ര ദുഷ്കരമായ ഒരു പ്രണയത്തിന്‌ ചെറുപ്പക്കാർ ഒരുക്കമല്ല എന്ന വസ്തുതയും ഇതിനോടു ചേർത്തു കാണണം. മനുഷ്യബന്ധങ്ങളിൽ വച്ചേറ്റവും സങ്കീർണ്ണവും ആത്യന്തികവുമായ ഈ ബന്ധത്തെ നമ്മുടെ കീഴ്വഴക്കങ്ങൾ അനായാസവും ചപലവുമായതൊന്നാക്കാനാണു ശ്രമിക്കുന്നത്; ആർക്കും സാദ്ധ്യമാണതെന്ന പ്രതീതിയുണ്ടാക്കാനാണു നോക്കുന്നത്. പക്ഷേ കാര്യം അങ്ങനെയല്ല. പ്രണയം ദുഷ്കരമാണ്‌, മറ്റേതിനെക്കാളും ദുഷ്കരമാണ്‌; കാരണം മറ്റു സംഘർഷങ്ങളിൽ പ്രകൃതി നമ്മോടനുശാസിക്കുന്നത് സർവശക്തിയും കൈകളിൽ സംഭരിച്ച് സ്വയം സജ്ജരാവാനാണ്‌; എന്നാൽ പ്രണയത്തിന്റെ മൂർദ്ധന്യത്തിൽ നമുക്കുണ്ടാവുന്ന അന്തഃപ്രചോദനം നമ്മെത്തന്നെ പൂർണ്ണമായി അടിയറ വയ്ക്കാനാണ്‌. പക്ഷേ ഒന്നോർത്തുനോക്കൂ, എല്ലാ പൂർണ്ണതയോടും കൂടെയല്ല നാം മറ്റൊരാൾക്കു സ്വയം വിട്ടുകൊടുക്കുന്നതെങ്കിൽ, ഒരു ചിട്ടയും താളവുമില്ലാത്തതാണ്‌ നമ്മുടെ ആ പ്രവൃത്തിയെങ്കിൽ അതിൽ എന്തെങ്കിലും സൗന്ദര്യമുണ്ടോ? വലിച്ചെറിയൽ പോലെ തോന്നുന്ന ആ വിട്ടുകൊടുക്കലിൽ നല്ലതെന്നു പറയാൻ എന്തെങ്കിലുമുണ്ടോ, സുഖമോ ആനന്ദമോ അഭ്യുദയമോ ഉണ്ടോ? ഇല്ല, ഉണ്ടാവുകയില്ല...ആർക്കെങ്കിലും പൂക്കൾ സമ്മാനിക്കുമ്പോൾ ആദ്യം തന്നെ നിങ്ങളത് ഭംഗിയായി അടുക്കി വയ്ക്കില്ലേ, ഇല്ലേ? എന്നാൽ വികാരാവേശം കൊണ്ടക്ഷമരും തിടുക്കകാരുമായ ചെറുപ്പക്കാർ ഒരാൾ മറ്റൊരാളിലേക്കു സ്വയം വലിച്ചെറിയുകയാണ്‌; അങ്ങനെയൊരു ക്രമരഹിതമായ സമർപ്പണത്തിൽ പരസ്പരപരിഗണനയുടെ ഒരംശം പോലുമില്ലെന്നത് അവർ ശ്രദ്ധിക്കുന്നതേയില്ല. പിന്നീട്, താളം തെറ്റിയ ആ ബന്ധത്തിൽ നിന്ന് ഒരു സംഘർഷം പിറവിയെടുക്കുമ്പോഴാണ്‌ അമ്പരപ്പോടെയും നീരസത്തോടെയും അവർ അതു ശ്രദ്ധിക്കുന്നത്. ഒരിക്കൽ അവർക്കിടയിൽ അന്യൈക്യം ഉടലെടുത്താൽ പിന്നെ ഓരോ ദിവസം ചെല്ലുന്തോറും കാലുഷ്യം കൂടിക്കൂടിവരും. അവരിൽ പിന്നെ ഉടയാത്തതോ അഴുക്കു പുരളാത്തതോ ആയി യാതൊന്നും അവശേഷിക്കുന്നില്ല. ഒടുവിൽ, വേർപെട്ടു കഴിയുമ്പോൾ സന്തോഷമെന്നു തങ്ങൾ കരുതിയതിനെ ഹതാശമായി മുറുകെപ്പിടിക്കാൻ ശ്രമിക്കുകയാണവർ. സന്തോഷം എന്നാൽ എന്താണെന്ന് അവർക്കിപ്പോൾ ഒർമ്മ വരുന്നതേയില്ല. ആ അനിശ്ചിതത്വത്തിൽ അവർ അന്യോന്യം അനീതിയോടെ പെരുമാറുന്നു; അന്യോന്യം നന്മ ചെയ്യണമെന്നാഗ്രഹിച്ചിരുന്നവർ ഇപ്പോൾ പരസ്പരം അധികാരവും അസഹിഷ്ണുതയും എടുത്തു പ്രയോഗിക്കുന്നു; ന്യായീകരണമില്ലാത്തതും അസഹനീയവുമായ ഒരു ദുരവസ്ഥയിൽ നിന്ന് ഏതു വിധേനയും പുറത്തു കടക്കാനുള്ള തത്രപ്പാടിൽ അവർ പിന്നെ മനുഷ്യബന്ധങ്ങൾക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ അബദ്ധം ചെയ്യുന്നു: അവർ അക്ഷമരാകുന്നു. ഒരു പരിഹാരത്തിനവർ തിരക്കിടുന്നു, ഒരന്തിമതീരുമാനത്തിലേക്ക്, എന്നവർ വിശ്വസിക്കുന്നതിലേക്ക്, എത്രയും പെട്ടെന്ന് അവർക്കെത്തണം. തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാൻ അവർ ഒരിക്കല്ക്കൂടി ശ്രമിക്കുന്നു. ഒന്നിനോടൊന്നു കൂട്ടിയിണക്കിയ സ്ഖലിതങ്ങളുടെ ചങ്ങലയിൽ അവസാനത്തേതു മാത്രമാണത്...
(1904)

പ്രണയത്തെ ഗൗരവമായി കാണുക, അതിന്റെ കഠിനതകൾ അനുഭവിക്കുക, ഒരു ജീവിതവൃത്തി പരിശീലിക്കുന്നതു പോലെ അതു പഠിച്ചെടുക്കുക- ചെറുപ്പക്കാർ ചെയ്യേണ്ടത് അതാണ്‌. മറ്റു പലതുമെന്നപോലെ പ്രണയത്തിന്‌ ജീവിതത്തിലുള്ള സ്ഥാനം ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നു. അവർ പ്രണയത്തെ കളിയും നേരമ്പോക്കുമായി മാറ്റിയിരിക്കുന്നു; കാരണം അവർ കരുതുന്നത് അദ്ധ്വാനത്തേക്കാൾ സുഖം നല്കുന്നത് കളിയും നേരമ്പോക്കുമാണെന്നാണ്‌. അതേ സമയം അദ്ധ്വാനത്തെക്കാൾ ആനന്ദദായകമായി മറ്റൊന്നുമില്ല; പ്രണയം, പരമമായ ആനന്ദമാണതെന്നതിനാൽത്തന്നെ, അദ്ധ്വാനമല്ലാതെ മറ്റൊന്നാകുന്നുമില്ല. അപ്പോൾ, പ്രണയിക്കുന്നൊരാൾ വലിയ ഒരുദ്യമം ഏറ്റെടുത്തു നടത്തുന്നതു പോലെ വേണം പെരുമാറാൻ ശ്രമിക്കേണ്ടത്: പണ്ടത്തേക്കാൾ കൂടുതൽ നേരം അയാൾ ഒറ്റയ്ക്കാവണം, അയാൾ തന്നിലേക്കിറങ്ങണം, സ്വയം സജ്ജനാവണം, താനെന്താണോ, അതിൽ മുറുകെപ്പിടിക്കണം; അയാൾ പ്രവൃത്തിയെടുക്കണം; അയാൾ എന്തെങ്കിലുമാവണം!
(1904)

സമീപസ്ഥമായ രണ്ടേകാന്തതകൾ പരസ്പരം കരുത്തു പകരുന്നതിനെയാണ്‌ സൗഹൃദം എന്നു പറയുക. ഒരാൾ മറ്റൊരാൾക്ക് സ്വയം അടിയറവു പറയുകയാണെങ്കിൽ അത് സൗഹൃദത്തിനു ഹാനികരമായിട്ടാണു വരിക. എന്തെന്നാൽ, ഒരാൾ സ്വയം പരിത്യജിക്കുമ്പോൾ അയാൾ പിന്നെ ആരുമല്ലാതാവുന്നു; ഒന്നാവാൻ വേണ്ടി രണ്ടു പേർ തങ്ങളല്ലാതാവുമ്പോൾ അവരുടെ ചുവട്ടടിയിൽ ഉറച്ച നിലമില്ലെന്നാവുന്നു, അവരുടെ ഒത്തുചേരൽ നിരന്തരമായ പതനം മാത്രമാവുന്നു.
(1904)


താൻ സ്നേഹിക്കുന്ന ഒരാളെ വേദനിപ്പിക്കുക എന്ന ഭീതിയെക്കാൾ നികൃഷ്ടമായ തടവറ മറ്റൊന്നില്ല.
(1908)

പ്രണയത്തിന്റെ ചരിത്രത്തിൽ എത്ര ദയനീയമായ ഒരു രൂപമാണ്‌ പുരുഷൻ സ്വയം വരച്ചിടുന്നത്! പാരമ്പര്യം ചാർത്തിക്കൊടുത്ത മേൽക്കൈയല്ലാതെ മറ്റൊരു കരുത്തും അയാൾക്കില്ലെന്നു തന്നെ പറയാം. എന്നാൽ ആ മേൽക്കോയ്മ പോലും എത്ര അലംഭാവത്തോടെയാണ്‌ അയാൾ കൈയാളുന്നതെന്നത് കൊടിയ അന്യായമായേനെ, സുപ്രധാനസംഭവങ്ങളിൽ ഏർപ്പെടേണ്ടിവരുന്നതാണ്‌ ആ അലംഭാവത്തിനും അന്യമനസകതയ്ക്കും കാരണമെന്ന ഭാഗികമായ ന്യായീകരണമില്ലായിരുന്നുവെങ്കിൽ. എന്നാൽ ഈ തീവ്രാനുരാഗിണിയും (മരിയന്ന അൽക്കോഫൊറാഡോ എന്ന പോർത്തുഗീസ് കന്യാസ്ത്രീ) നാണം കെട്ട ആ പങ്കാളിയും തമ്മിലുള്ള ബന്ധത്തിൽ നിന്നു ഞാൻ സ്വരൂപിച്ച ബോദ്ധ്യത്തെ തിരുത്താൻ ആരെയും ഞാൻ അനുവദിക്കില്ല: അതായത്, പ്രണയത്തിൽ സ്ത്രീ തന്റെ ഭാഗം അങ്ങേയറ്റം  പൂർണ്ണതയോടെ സഫലമാക്കുമ്പോൾ പുരുഷന്റെ ഭാഗത്ത് വെറും കഴിവുകേടേ കാണാനുള്ളു. ഒരു പഴഞ്ചൻ ഉപമ ഉപയോഗിച്ചു പറഞ്ഞാൽ, പ്രണയമെന്ന വിദ്യയിൽ അവൾ ബിരുദധാരിണിയാണെങ്കിൽ അയാൾ കീശയിൽ ഇട്ടുകൊണ്ടു നടക്കുന്നത് പ്രണയവ്യാകരണത്തിന്റെ ഒന്നാം പാഠപുസ്തകമാണ്‌; അതിലെ ചില വാക്കുകളെടുത്ത് വല്ലപ്പോഴും അയാൾ തട്ടിക്കൂട്ടുന്ന വാചകങ്ങളാവട്ടെ, ബാലപാഠങ്ങളിലെ തുടക്കപ്പേജുകളിലെ പരിചിതവാക്യങ്ങളെപ്പോലെ സുന്ദരവും കോരിത്തരിപ്പിക്കുന്നതും!
(1912)

 

പ്രണയമല്ലേ, കല പോലെ, മനുഷ്യാവസ്ഥയെ അതിവർത്തിക്കാനും സാമാന്യമനുഷ്യനെക്കാൾ വലിയവനും മഹാമനസ്കനും വേണമെങ്കിൽ അസന്തുഷ്ടനുമാവാൻ നമുക്കു വരുതി നല്കുന്ന ഒരേയൊരു കർമ്മം? ആ സാദ്ധ്യതയെ വീരോചിതമായി നാം ആശ്ളേഷിക്കുക- ആ സചേതനാവസ്ഥ നമുക്കു പ്രദാനം ചെയ്യുന്ന വരങ്ങളിൽ ഒന്നു പോലും നാം തിരസ്കരിക്കാതിരിക്കുക.
(1920)

 

സ്നേഹമല്ലാതെ മറ്റൊരു ശക്തി ലോകത്തില്ല; നിങ്ങൾ അതുള്ളിൽ കൊണ്ടുനടക്കുമ്പോൾ, അതെങ്ങനെ ഉപയോഗപ്പെടുത്തണമെന്നു നിങ്ങൾക്കറിവില്ലെങ്കിൽത്തന്നെ, അതിന്റെ ദീപ്തഫലങ്ങൾ നിങ്ങളെ നിങ്ങളിൽ നിന്നു പുറത്തു കടത്തും, നിങ്ങൾക്കതീതമായതിലേക്കു നിങ്ങളെ കൊണ്ടുപോകും. ഈ വിശ്വാസം നിങ്ങൾ ഒരിക്കലും കൈവിടരുത്.
(1921)


അഭിപ്രായങ്ങളൊന്നുമില്ല: