2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

പ്രണയലേഖനങ്ങൾ (8)- ജോണ്‍ കീറ്റ്സ്

John_Keats_by_William_Hilton



ഇരമ്പുന്ന കാറ്റിനെ സ്വന്തം ഭാര്യയായും ജനാലച്ചില്ലിലൂടെ കാണുന്ന നക്ഷത്രങ്ങളെ സ്വന്തം കുഞ്ഞുങ്ങളായും കണ്ടിരുന്ന ജോൺ കീറ്റ്സ്, കേവലസൗന്ദര്യത്തെക്കുറിച്ചു തനിക്കുള്ള പ്രബലധാരണ കാരണം ശാലീനയായ ഭാര്യയും ഓമനത്തം തുളുമ്പുന്ന കുഞ്ഞുങ്ങളുമടങ്ങിയ കുടുംബസൗഭാഗ്യത്തിന്റെ ചിത്രം തന്നെ ശ്വാസം മുട്ടിക്കുന്ന ശകലിതസൗന്ദര്യമാണെന്നു പറഞ്ഞ ജോൺ കീറ്റ്സ്, സ്ത്രീകളെ പൊതുവേ താൻ കാണുന്നത് കുട്ടികളായിട്ടാണെന്നും തന്റെ സമയമല്ല, ഒരു നാരങ്ങാമിട്ടായിയാണ്‌ അവർ അർഹിക്കുന്നതെന്നും പറഞ്ഞ ജോൺ കീറ്റ്സ് 1818 സെപ്തംബറിനും നവംബറിനുമിടയിൽ ഒരു ദിവസം ഫാന്നി ബ്രാൺ (Frances Brawne)എന്ന പതിനെട്ടുകാരിയെ കണ്ടുമുട്ടുകയും അവരുമായി പ്രേമത്തിലാവുകയും ചെയ്തു. അവർ തമ്മിൽ വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും ഒരു കുടുംബം പുലർത്താനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ ഏറ്റവുമടുത്ത സുഹൃത്തുക്കളോടു മാത്രമേ കീറ്റ്സ് ഈ രഹസ്യം പറഞ്ഞിരുന്നുള്ളു. (കീറ്റ്സിന്റെ കത്തുകൾ പുറത്തു വരുന്ന 1878 വരെ മറ്റാരും ഇക്കാര്യം അറിഞ്ഞിട്ടുമില്ല.) 1820 മാർച്ച് വരെ നിരന്തരം അയച്ച കത്തുകളിൽ പ്രണയത്തിന്റെ ആനന്ദങ്ങൾക്കൊപ്പം മരണത്തെക്കുറിച്ചുള്ള ഭയാശങ്കകളും അദ്ദേഹം ഫാന്നിയുമായി പങ്കു വയ്ക്കുന്നുണ്ട്. എന്നാൽ ക്ഷയരോഗം അന്തിമഘട്ടത്തിലെത്തിയ കീറ്റ്സ് 1820 സെപ്തംബറിൽ ഡോക്ടർമാരുടെ ഉപദേശപ്രകാരം ഒരു സ്നേഹിതനുമൊത്ത് ഇറ്റലിയിലേക്കു പോയി. അവിടെ വച്ച് 1821 ഫെബ്രുവരി 23ന്‌ അദ്ദേഹം മരിക്കുകയും ചെയ്തു. അദ്ദേഹത്തിന്‌ 25 വയസ്സായിരുന്നു. ഫാനി ബ്രാൺ 1833ൽ വിവാഹിതയായി, മൂന്നു കുട്ടികളുടെ അമ്മയായി, അറുപത്തഞ്ചാമത്തെ വയസ്സിൽ മരിക്കുകയും ചെയ്തു.
Fannybrawne

1819 ജൂലൈ 1

...ഇത്രക്കെന്നെ കെട്ടിവരിയാനും എന്റെ സ്വാതന്ത്ര്യത്തെ നശിപ്പിക്കാനും മാത്രം അതിക്രൂരയായില്ലേ താനെന്നു നീ സ്വയമൊന്നു ചോദിച്ചുനോക്കൂ. ഒട്ടും വൈകാതെ എനിക്കെഴുതേണ്ട കത്തിൽ നീയതു സമ്മതിക്കുമോ? എന്നെ ആശ്വസിപ്പിക്കാൻ വേണ്ടതൊക്കെ നീ ചെയ്യുമോ? -എന്നെ ലഹരി പിടിപ്പിക്കാൻ അവീൻപൂക്കൾ പിഴിഞ്ഞെടുത്തപോലതിനെ വീര്യമുള്ളതാക്കൂ; എത്രയും മാർദ്ദവമുള്ള പദങ്ങൾ മാത്രമുപയോഗിക്കൂ; എന്റെ ചുണ്ടുകൾക്കു നിന്റെ ചുണ്ടുകളിരുന്നിടത്തൊന്നു തൊടാൻ വേണ്ടിയെങ്കിലും അതിലൊന്നു ചുംബിക്കുകയും ചെയ്യൂ. എന്റെ കാര്യമാവട്ടെ, ഇത്രയും സുന്ദരമായ ഒരു രൂപത്തോട് എനിക്കുള്ള ഭക്തി എങ്ങനെ പ്രകടിപ്പിക്കണമെന്നെനിക്കറിയുന്നില്ല: അതിനു ദീപ്തം എന്ന പദത്തെക്കാൾ ദീപ്തമായ ഒരു പദം എനിക്കു വേണം, സുന്ദരം എന്ന പദത്തെക്കാൾ സുന്ദരമായ ഒരു പദവും വേണം. മൂന്നു ഗ്രീഷ്മദിനങ്ങൾ മാത്രം ആയുസ്സുള്ള പൂമ്പാറ്റകളായിരുന്നുവെങ്കിൽ നാമെന്നുപോലും  ഞാൻ ആശിച്ചുപോകുന്നു- അമ്പതു സാധാരണ വർഷങ്ങൾക്കൊരിക്കലും തരാനാവാത്ത ആനന്ദം നിന്നോടൊരുമിച്ചുള്ള ആ മൂന്നു നാളുകൾ എനിക്കു നല്കിയേനെ. പക്ഷേ, മനസ്സിൽ എത്ര സ്വാർത്ഥിയാണെങ്കിലും പ്രവൃത്തിയിൽ സ്വാർത്ഥിയാവാൻ എനിക്കൊരിക്കലും കഴിയില്ല: ഹാംസ്റ്റെഡ് വിടുന്നതിന്‌ ഒന്നോ രണ്ടോ ദിവസം മുമ്പു ഞാൻ നിന്നോടു പറഞ്ഞപോലെ, വിധി എന്റെ ചീട്ടുകുത്തിൽ ഒരു ജാക്കോ, ഒരു രാജാവോ റാണിയോ എങ്കിലും തിരുകിത്തന്നില്ലെങ്കിൽ ലണ്ടനിലേക്കിനി ഞാനില്ല. എന്റെ സന്തോഷത്തിന്റെ കേന്ദ്രബിന്ദു നീ തന്നെയായിരിക്കുമെങ്കിലും നിന്റെ ഹൃദയത്തിന്റെ പൂർണ്ണാവകാശം എനിക്കായിരിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല- ഈ നിമിഷം എനിക്കു നിന്നോടുള്ള വികാരങ്ങൾ നിനക്കെന്നോടുമുണ്ടെന്നെനിക്കു തോന്നിയിരുന്നെങ്കിൽ ഒരാശ്ളേഷത്തിന്റെ ആനന്ദത്തിനായി നാളെ വീണ്ടും നിന്നെ കാണുന്നതിൽ നിന്നു സ്വയം തടുക്കാൻ എനിക്കു കഴിയുമെന്നു ഞാൻ കരുതുന്നില്ല. പക്ഷേ ഇല്ല- ഭാഗ്യത്തിലും പ്രതീക്ഷയിലും വിശ്വാസമർപ്പിച്ചു ഞാൻ കഴിയണം. അല്ല, സംഭവിക്കരുതാത്തതാണു സംഭവിക്കുന്നതെങ്കിൽ, അപ്പോഴും ഞാൻ നിന്നെ സ്നേഹിക്കും- പക്ഷേ, മറ്റേയാളോടുള്ള എന്റെ വെറുപ്പ് എത്ര കഠിനമായിരിക്കും!

1819 ഒക്റ്റോബർ 13

എത്രയും പ്രിയപ്പെട്ട പെൺകുട്ടീ,

ചില കവിതകൾ തെറ്റു തിരുത്തി പകർപ്പെടുക്കാനുള്ള ഒരുക്കത്തിലാണു ഞാൻ. പക്ഷേ എന്തെങ്കിലും തരത്തിലുള്ള തൃപ്തിയോടെ മുന്നോട്ടു പോകാൻ എനിക്കു കഴിയുന്നില്ല. ഒന്നോ രണ്ടോ വരി നിനക്കെഴുതി അല്പനേരത്തേക്കെങ്കിലും നിന്നെ മനസ്സിൽ നിന്നു കളയാൻ പറ്റുമോയെന്നു നോക്കട്ടെ.


സ്വന്തം ഹൃദയത്തെപ്പിടിച്ചു ഞാൻ പറയട്ടെ, മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാൻ എനിക്കു കഴിയുന്നില്ല. ഒരു വാഗ്ദാനവും തരാനില്ലാത്ത എന്റെ ജീവിതത്തിന്റെ പ്രഭാതത്തെക്കുറിച്ചു നിനക്കു മുന്നറിയിപ്പു തരാനും നിന്നെ ഉപദേശിക്കാനും എനിക്കു ശക്തിയുണ്ടായിരുന്ന കാലം കഴിഞ്ഞു. എന്റെ പ്രണയം എന്നെ സ്വാർത്ഥിയാക്കിയിരിക്കുന്നു. നീയില്ലാതെ എനിക്കു ജീവിക്കാൻ കഴിയില്ലെന്നായിരിക്കുന്നു. ഒന്നും എനിക്കോർമ്മയിൽ നില്ക്കുന്നില്ല; പക്ഷേ നിന്നെ വീണ്ടും കാണുമ്പോഴാകട്ടെ-എന്റെ ജീവിതം അവിടെ നിലച്ചുപോവുകയാണ്‌- മറ്റൊന്നും പിന്നെ ഞാൻ കാണുന്നുമില്ല. നീയെന്നെ നിന്നിലേക്കു വലിച്ചെടുത്തുകഴിഞ്ഞു. ഞാൻ അലിഞ്ഞുതീരുകയാണെന്നു തോന്നുകയാണ്‌ ഇപ്പോഴെനിക്ക് - നിന്നെ ഉടനെ കാണാമെന്ന പ്രതീക്ഷയില്ലെങ്കിൽ ഞാൻ ദുരിതത്തിലാവും. എന്റെ ഫാന്നീ, നിന്റെ മനസ്സു മാറില്ലേ? എന്റെ പ്രിയേ, അതു മാറുമോ? എന്റെ പ്രണയമിപ്പോൾ പരിധിയറ്റതാണ്‌- നിന്റെ കത്ത് ഇതാ, ഇപ്പോൾ കിട്ടിയതേയുള്ളു; നിന്നിൽ നിന്നകന്ന് സന്തോഷത്തോടെയിരിക്കാൻ എനിക്കു കഴിയില്ല. മുത്തുകൾ കയറ്റിപ്പോകുന്ന ഒരു കപ്പലിനെക്കാൾ വിലയേറിയതാണത്. കളിയായിപ്പോലും എന്നെ ഭീഷണിപ്പെടുത്തരുതേ. മതത്തിനു വേണ്ടി രക്തസാക്ഷികളാവാൻ മനുഷ്യർക്കെങ്ങനെ കഴിയുന്നു എന്നു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്- അതോർത്തു ഞാൻ നടുങ്ങിപ്പോയിട്ടുണ്ട്. ആ നടുക്കം ഇപ്പോൾ എനിക്കില്ല- എന്റെ മതത്തിനു വേണ്ടി രക്തസാക്ഷിയാവാൻ ഞാനൊരുക്കമാണ്‌- പ്രണയമാണ്‌ എന്റെ മതം - അതിനു വേണ്ടി ഞാൻ ജീവൻ കളയാം. നിനക്കു വേണ്ടി ഞാൻ മരിക്കാം. പ്രണയമാണെന്റെ വിശ്വാസസംഹിത, അതിന്റെ ഒരേയൊരു പ്രമാണം നീയും. എനിക്കു തടുക്കാനാവതില്ലാത്ത ഒരു ബലത്താൽ നീയെന്നെ തകർത്തുകളഞ്ഞിരിക്കുന്നു; പക്ഷേ നിന്നെ നേരിൽ കാണുന്നതു വരെ എനിക്കു ചെറുത്തു നില്ക്കാൻ കഴിഞ്ഞിരുന്നു; പിന്നീടും, നിന്നെ കണ്ടതിനു ശേഷവും, പ്രണയത്തിന്റെ യുക്തികളെ യുക്തി കൊണ്ടു പ്രതിരോധിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. അതിനി എനിക്കു പറ്റാതായിരിക്കുന്നു- അതിന്റെ വേദന അത്ര കഠിനമായിരിക്കും. എന്റെ പ്രണയം സ്വാർത്ഥിയാണ്‌. നീയില്ലാതെ എനിക്കു ശ്വാസമെടുക്കാനാവുന്നില്ല.
എന്നുമെന്നും നിന്റെയായ
ജോൺ കീറ്റ്സ്

1820 മാര്‍ച്ച്

നീ ആഗ്രഹിക്കുന്നത്ര ഞാൻ നിന്നെ സ്നേഹിക്കുന്നില്ലെന്നു ചിലനേരം നിനക്കു സംശയം തോന്നാറുണ്ടോ? എന്റെ പ്രിയപ്പെട്ട കുട്ടീ, നിന്നെ ഞാൻ എന്നുമെന്നും സ്നേഹിക്കുന്നു, അതും കലവറയില്ലാതെ. നിന്നെ അറിയും തോറും നിന്നെ സ്നേഹിച്ചിട്ടേയുള്ളു ഞാൻ. അത് ഇന്ന രീതിയിലെന്നുമില്ല- എന്റെ അസൂയകൾ പോലും എന്റെ പ്രണയത്തിന്റെ നോവുകളായിരുന്നു; വികാരം കത്തിനിന്ന  ചില മുഹൂർത്തങ്ങളിൽ ഞാൻ നിനക്കു വേണ്ടി മരിക്കുക പോലും ചെയ്യുമായിരുന്നു. ഞാൻ നിന്നെ ഏറെ ശല്യപ്പെടുത്തിയിട്ടുണ്ട്. അതു പക്ഷേ പ്രണയത്തിനു വേണ്ടിയായിരുന്നു! അതെങ്ങനെ ഞാൻ ഒഴിവാക്കാൻ? എന്നും പുതുമയാണു നീ. നിന്റെ ഏറ്റവുമൊടുവിലത്തെ ചുംബനങ്ങളായിരുന്നു ഏറ്റവും മാധുര്യമുള്ളവ; ഏറ്റവും ഒടുവിലത്തെ പുഞ്ചിരിയായിരുന്നു ഏറ്റവും ദീപ്തം; ഒടുവിലത്തെ ചലനങ്ങളായിരുന്നു ഏറ്റവും അഴകാർന്നവയും. ഇന്നലെ നീ എന്റെ വീടിന്റെ ജനാല കടന്നുപോയപ്പോൾ നിന്നെ ആദ്യമായി കാണുകയാണെന്നപോലെ നിന്നെ ഞാൻ ആരാധിച്ചുപോയി. ഞാൻ നിന്റെ സൌന്ദര്യത്തെ മാത്രമേ സ്നേഹിക്കുന്നുള്ളുവെന്ന് പാതിയൊരു പരാതി പോലെ നീ പറഞ്ഞിരുന്നല്ലോ. അതല്ലാതെ മറ്റൊന്നും ഞാൻ സ്നേഹിക്കാൻ നിന്നിൽ കാണുന്നില്ല? എന്റെ കൈകളുടെ തടവറയിലേക്കു സ്വമനസ്സാലെ പറന്നിറങ്ങുന്നൊരു ഹൃദയത്തെ ഞാൻ കാണുന്നില്ലേ? ഭാവി എത്ര ആശങ്കാജനകമായിക്കോട്ടെ, ഒരു നിമിഷം പോലും നിന്നെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ എനിക്കാവില്ല. അതൊരുവേള സന്തോഷത്തിനെന്നപോലെ ശോകത്തിനുമുള്ള വിഷയമായേക്കാം- അതു ഞാൻ വിട്ടുകളയുന്നു. നീ എന്നെ സ്നേഹിക്കുന്നില്ലെങ്കില്ക്കൂടി എനിക്കു നിന്നെ ആരാധിക്കാതിരിക്കാനാവില്ല: അപ്പോൾപ്പിന്നെ നിനക്കെന്നെ സ്നേഹമാണെന്നറിഞ്ഞിരിക്കെ എത്രയായിരിക്കും എന്റെ സ്നേഹത്തിന്റെ തീവ്രത! തന്നെക്കാൾ എത്രയോ ചെറുതായൊരുടലിൽ കഴിയാൻ നിർബന്ധിതമായ മറ്റൊരു മനസ്സുമുണ്ടാവില്ല, എന്റെ മനസ്സു പോലെ ഇത്രയും അതൃപ്തവും അസ്വസ്ഥവുമായി. എന്റെ മനസ്സ് പൂർണ്ണവും അവിചലിതവുമായ ആനന്ദത്തിനായി മറ്റൊന്നിലും ആശ്രയം തേടുന്നതായും ഞാൻ കണ്ടിട്ടില്ല- നീ എന്ന വ്യക്തിയിലല്ലാതെ. നീ എന്റെ മുറിയിലുള്ളപ്പോൾ എന്റെ ചിന്തകൾ ഒരിക്കലും ജനാല തുറന്നു പുറത്തേക്കു പറക്കാറില്ല: എന്റെ ചേതനയാകെ നിന്നിൽ കേന്ദ്രീകരിക്കുന്നു. നമ്മുടെ പ്രണയങ്ങളെക്കുറിച്ച് നിന്റെ ഒടുവിലത്തെ കുറിപ്പിൽ നീ പ്രകടിപ്പിച്ച ഉത്കണ്ഠ എനിക്കു വലിയൊരു സന്തോഷത്തിനു കാരണമായിരിക്കുന്നു: എന്നാൽക്കൂടി ആ തരം ഊഹാപോഹങ്ങൾ മനസ്സിനെ അലട്ടാൻ ഇനിയും നീ നിന്നുകൊടുക്കുകയുമരുത്: നിനക്കെന്നോട് എത്ര ചെറുതെങ്കിലുമായൊരു വൈരാഗ്യമുണ്ടെന്ന് ഞാനും വിശ്വസിക്കുകയില്ല. ബ്രൌൺ പുറത്തേക്കു പൊയ്ക്കഴിഞ്ഞു- ഇതാ പക്ഷേ മിസ്സിസ് വൈലി വന്നിരിക്കുന്നു- അവരും പോയാൽ ഞാൻ നിനക്കു വേണ്ടി ഉണർന്നിരിക്കാം...



കെന്റിഷ് ടൗൺ, 1820 ആഗസ്റ്റ്

...നീയില്ലാതെ സന്തുഷ്ടനായിരിക്കാൻ എന്തെങ്കിലുമൊരു വഴി നീയെനിക്കു കണ്ടുപിടിച്ചു തരുമെന്നു ഞാനാശിക്കുന്നു. ഓരോ മണിക്കൂറു കഴിയുന്തോറും കൂടുതൽ കൂടുതലായി ഞാൻ നിന്നിൽത്തന്നെ കേന്ദ്രീകരിക്കുകയാണ്‌. മറ്റെന്തുമെനിക്ക് വായിൽ ഉമി വീണ പോലെ ചുവയ്ക്കുന്നു. ഇറ്റലിയിലേക്കു പോകുന്ന കാര്യം നടക്കില്ലെന്നുതന്നെ എനിക്കു തോന്നിപ്പോകുന്നു- എനിക്കു നിന്നെ വിട്ടുപോകാനാവില്ലെന്നതാണു വസ്തുത; ഞാൻ നിന്നോടൊത്തു ജീവിക്കട്ടെ എന്നനുവദിക്കാൻ വിധിക്കു തോന്നിയാലല്ലാതെ ഒരു നിമിഷത്തെ സംതൃപ്തി ഞാനറിയാൻ പോകുന്നുമില്ല. പക്ഷേ ഈ പോക്കു പോകാൻ എനിക്കു പറ്റില്ല. എന്റെ പോലത്തെ ഞരമ്പും പ്രകൃതവുമുള്ള ഒരാൾ എന്തൊക്കെ ഉൾക്കിടിലങ്ങളിലൂടെയാണു കടന്നുപോകുന്നതെന്ന് നിന്നെപ്പോലെ ആരോഗ്യമുള്ള ഒരാൾക്ക് ഒരിക്കലും പറഞ്ഞാൽ മനസ്സിലാവില്ല. നിന്റെ കൂട്ടുകാർ ഉല്ലാസയാത്രയ്ക്കു പോകുന്നത് ഏതു ദ്വീപിലേക്കാണ്‌? നീ മാത്രം കൂട്ടായി അവിടെയ്ക്കു പോകാൻ എനിക്കിഷ്ടമായിരിക്കും; പക്ഷേ സംഘം ചേർന്നു പോകുന്നത് ഞാൻ വിലക്കും. വിനോദത്തിനു മറ്റൊന്നുമില്ലാത്ത ഈ പുത്തൻ കോളണിക്കാരുടെ അസൂയയും ഏഷണികളും സഹിക്കാവുന്നതിലധികമാണ്‌...നിന്റെയൊപ്പം ജീവിക്കാനായില്ലെങ്കിൽ പിന്നെ ഞാൻ ഒറ്റയ്ക്കു ജീവിച്ചോളാം. നിന്നെ പിരിഞ്ഞിരിക്കുമ്പോൾ എന്റെ ആരോഗ്യം മെച്ചപ്പെടുമെന്നെനിക്കു തോന്നുന്നില്ല. ഇങ്ങനെയാണെങ്കില്ക്കൂടി നിന്നെ കാണുന്നതിൽ ഞാൻ വിമുഖനുമാണ്‌- ജ്വലിക്കുന്ന പ്രകാശം എനിക്കു താങ്ങാനാവില്ല, നിഴലുകളുടെ താവളത്തിലേക്കു ഞാൻ പിൻവാങ്ങുകയാണ്‌. നിന്നോടൊപ്പം സന്തോഷമായി ജീവിക്കുക എന്നത് എത്ര വലിയൊരസാദ്ധ്യതയായിട്ടാണു തോന്നുന്നത്! അതിന്‌ എന്റേതിലും ഭാഗ്യമുള്ളൊരു നക്ഷത്രത്തിൽ ജനിക്കേണ്ടിയിരുന്നു! അതു നടക്കാൻ പോകുന്നില്ല...ആരോഗ്യം അനുവദിക്കുമെങ്കിൽ തലയ്ക്കുള്ളിൽ ഞാൻ കൊണ്ടുനടക്കുന്ന  ഒരു കവിത എനിക്കെഴുതണം; എന്റേതു പോലത്തെ അവസ്ഥയിലുള്ള ചിലർക്ക് അതൊരു സാന്ത്വനമാവും. നിന്നെപ്പോലെ സ്വാതന്ത്ര്യമനുഭവിക്കുന്ന ഒരാളെ പ്രേമിക്കുന്ന എന്നെപ്പോലൊരാളെ ആ കവിതയിൽ ഞാൻ കാണിച്ചുകൊടുക്കും. എത്ര ഉത്കൃഷ്ടമായ പ്രകാരത്തിലാണ്‌ ഷേക്സ്പിയർ എപ്പോഴും കാര്യങ്ങൾ സംക്ഷേപിക്കുക. ‘പോകൂ, പോയി മഠത്തിൽ ചേരൂ, പോകൂ, പോകൂ,’ എന്ന് ഒഫീലിയയോടു പറയുമ്പോൾ ഹാംലെറ്റിന്റെ ഹൃദയം ഞാനനുഭവിക്കുന്ന വേദന കൊണ്ടു നിറഞ്ഞതായിരുന്നു. സകലതും ഒറ്റയടിക്കു വിട്ടുകളയാൻ ഞാൻ ഒരുക്കമാണു തന്നെ-മരിക്കാൻ ഞാൻ ഒരുക്കമാണ്‌. നീയുമൊരുമിച്ചു ചിരിക്കുന്ന ഈ മൃഗീയലോകം എനിക്കു മനം പുരട്ടുന്നതാണ്‌. ഞാൻ പുരുഷന്മാരെ വെറുക്കുന്നു, സ്ത്രീകളെ അതിലേറെ. എനിക്കു ഭാവിയിലേക്കായി കരുതിവച്ചിരിക്കുന്നത് മുള്ളുകൾ മാത്രമാണെന്നു ഞാൻ കാണുന്നു- ഇറ്റലിയിലോ പരലോകത്തോ, വരുന്ന മഞ്ഞുകാലത്ത് ഞാൻ എവിടെയാണെങ്കിലും, ബ്രൗൺ അവന്റെ മര്യാദകേടുകളുമായി നിന്റെയരികിൽ ജീവിക്കുന്നുണ്ടാവും. വിശ്രമം എന്നൊന്ന് ഭാവിയിൽ എവിടെയും ഞാൻ കാണുന്നില്ല...മനുഷ്യനു സ്വാഭാവികമായുള്ള ഒരല്പം ആത്മവിശ്വാസം എന്റെ ഹൃദയത്തിൽ കടത്തിവിടാൻ നിനക്കു കഴിഞ്ഞെങ്കിൽ എന്നു ഞാൻ ആശിക്കുന്നു. ഞാനായി എനിക്കതു കഴിയുന്നില്ല. എനിക്കു താങ്ങാൻ പറ്റുന്നതിലുമധികം ക്രൂരമാണു ലോകം. ശവക്കുഴി എന്നൊരു സംഗതിയുള്ളത് എത്ര നന്നായി. അവിടെയെത്തിയിട്ടല്ലാതെ എനിക്കൊരിക്കലും വിശ്രമം കിട്ടാൻ പോകുന്നില്ല എന്നെനിക്കു വ്യക്തമായിട്ടറിയാം. വിശ്വാസം നിറഞ്ഞ നിന്റെ കൈകൾക്കുള്ളിലായിരുന്നു ഞാനെങ്കിൽ എന്നാണെന്റെ ആഗ്രഹം; അതു നടക്കില്ലെങ്കില്‍   ഒരിടിമിന്നൽ എനിക്കു മേൽ വീഴട്ടെ.
ദൈവാനുഗ്രഹം നിനക്കുണ്ടാകും.keats-portrait_thumb28
ജെ.കെ

അഭിപ്രായങ്ങളൊന്നുമില്ല: