ഫെലിസിന്
കാഫ്ക ഫെലിസ് ബോവർ (1887-1960)നെ- ആദ്യമായി കാണുന്നത് 1912 ഓഗസ്റ്റ് 13ന് മാക്സ് ബ്രോഡിന്റെ വീട്ടിൽ വച്ചാണ്. ഗ്രാമഫോണുകളും പാർലോഗ്രാഫുകളും നിർമ്മിക്കുന്ന ഒരു കമ്പനിയിൽ ജോലിക്കാരിയായിരുന്നു ഫെലിസ്. ‘എല്ലു തെഴുത്തതും, ഉള്ളിലെ ഇല്ലായ്മ പുറത്തു കാണിക്കാൻ മടിക്കാത്തതുമായ ആ മുഖം’ ആദ്യം കാഫ്കയെ അത്ര ആകർഷിച്ചില്ല. പിന്നീടു പക്ഷേ കത്തുകളുടെ ഒരു കുത്തൊഴുക്കായിരുന്നു. അവർ തമ്മിൽ രണ്ടു തവണ വിവാഹനിശ്ചയം കഴിഞ്ഞുവെങ്കിലും കാഫ്ക പിന്മാറുകയായിരുന്നു.
1912 സെപ്തംബർ 20
പ്രിയപ്പെട്ട ഫ്രൗളിൻ ബോവർ,
എന്നെക്കുറിച്ച് അത്ര വിദൂരമായ ഒരോർമ്മ പോലും ശേഷിക്കുന്നില്ലെന്നാണെങ്കിൽ ഒരിക്കൽക്കൂടി ഞാൻ സ്വയം പരിചയപ്പെടുത്തിക്കൊള്ളട്ടെ. എന്റെ പേര് ഫ്രാൻസ് കാഫ്ക എന്നാണ്; പ്രാഗിൽ ഡയറക്റ്റർ ബ്രോഡിന്റെവിടെ അന്നു രാത്രിയിൽ നിങ്ങളോടാദ്യമായി കുശലം പറഞ്ഞ വ്യക്തി ഞാനായിരുന്നു; അതിനു ശേഷം ഒരു താലിയായാത്രയുടെ ഫോട്ടോകൾ മേശയ്ക്കു മുകളിലൂടെ ഒന്നൊന്നായി നിങ്ങൾക്കെടുത്തു തന്നയാൾ; ഏറ്റവും ഒടുവിലായി, ഇപ്പോൾ ഈ താക്കോൽക്കൂട്ടത്തിൽ പെരുമാറുന്ന ഇതേ കൈ കൊണ്ട് നിങ്ങളുടെ കരം ഗ്രഹിച്ചയാളും- അടുത്ത കൊല്ലം അയാൾ പാലസ്തീനിലേക്കു പോവുമ്പോൾ ഒപ്പം ചെല്ലാമെന്നൊരു വാഗ്ദാനത്തിന് ഉറപ്പു നല്കുകയും ചെയ്തിരുന്നു നിങ്ങൾ.
ഇനി, അങ്ങനെയൊരു യാത്ര നടത്താമെന്നു തന്നെയാണ് ഇപ്പോഴും നിങ്ങളുടെ ആഗ്രഹ മെങ്കിൽ - പറഞ്ഞതിൽ ഉറച്ചുനില്ക്കുന്നയാളാണു താനെന്നായിരുന്നു അന്നു നിങ്ങളെന്നോടു പറഞ്ഞത്, അതങ്ങനെയല്ലെന്നതിന്റെ ലക്ഷണമൊന്നും ഞാൻ നിങ്ങളിൽ കണ്ടതുമില്ല- പിന്നെ ചെയ്യാനുള്ള ശരിയായ കാര്യം, മാത്രമല്ല അത്യന്താപേക്ഷിതമായ കാര്യം, യാത്രയെക്കുറിച്ചു നാം ഉടനേതന്നെ ചർച്ച ചെയ്തു തുടങ്ങുക എന്നതാണ്. കാരണം, നമ്മുടെ ഒഴിവുദിനങ്ങളുടെ ഓരോ മിനുട്ടും നമുക്കുപയോഗപ്പെടുത്തേണ്ടതായി വരും; അത്ര നീണ്ടൊര വധിക്കാലം, ഒരു പാലസ്തീൻ യാത്രയുടെ കാര്യത്തിൽ വിശേഷിച്ചും, നമുക്കു കിട്ടില്ലെന്നു മോർക്കണമല്ലോ; അതിനു പക്ഷേ സാധ്യമായത്ര ശുഷ്കാന്തിയോടെ നാം സ്വയം ഒരുങ്ങണം, എല്ലാ ഒരുക്കങ്ങളും ഇരുവർക്കും സമ്മതമാവുകയും വേണം.
ഒരു സംഗതി എനിക്കേറ്റുപറയാനുണ്ട്, കേൾക്കുമ്പോൾ മോശമാണെങ്കിലും, ഞാനിതേവരെ പറഞ്ഞുകൊണ്ടു വന്നതിനു നിരക്കാത്തതാണെങ്കിലും: കത്തയയ്ക്കുന്ന കാര്യത്തിൽ ഒരു സ്ഥിരത യില്ലാത്തയാളാണു ഞാൻ. ടൈപ്പുറൈറ്റർ കൂടിയില്ലെങ്കിൽ പിന്നെ പറയുകയും വേണ്ട; കാരണം എഴുതാനുള്ള മാനസികാവസ്ഥയിലല്ല ഞാനെങ്കിൽ എഴുത്തു നടത്താനായി വിരൽ ത്തുമ്പുകളുണ്ടാകുമായിരുന്നല്ലോ. മറുവശം പറഞ്ഞാൽ, എഴുതുന്ന ഓരോ കത്തിനും മടക്കത്ത പാലിൽത്തന്നെ മറുപടി കിട്ടിക്കോളുമെന്ന പ്രതീക്ഷയും എനിക്കില്ല; വരും വരുമെന്ന പ്രതീ ക്ഷയോടെ കാത്തിരുന്ന ഒരു കത്ത് ദിവസങ്ങൾ കഴിഞ്ഞും വരാതിരിക്കുമ്പോൾ നിരാശനാകാ റുമില്ല ഞാൻ; ഇനി ഒടുവിൽ അതു വന്നാൽത്തന്നെ ഞാനൊന്നു നടുങ്ങിയെന്നും വരാം. പുതി യൊരു ഷീറ്റു കടലാസ് ടൈപ്പുറൈറ്ററിൽ തിരുകുമ്പോൾ എനിക്കു ബോധ്യമാവുകയാണ്, ഉള്ളതിലധികം വിഷമം പിടിച്ച ഒരാളായിട്ടാണ് ഞാൻ സ്വയം വർണ്ണിച്ചതെന്ന്. അങ്ങനെ യൊരു പിശകു ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ അതെനിക്കു കിട്ടേണ്ടതു തന്നെ; ആറു മണിക്കൂർ ഓഫീസുജോലിയ്ക്കു ശേഷം ഇങ്ങനെയൊരു കത്തെഴുതാൻ ഞാനെന്തിനു തീരുമാനിച്ചു, അതും എനിക്കു പരിചയമില്ലാത്ത ഒരു ടൈപ്പുറൈറ്ററിലും?
എന്നാലും, എന്നാലും- ടൈപ്പുറൈറ്റർ ഉപയോഗിക്കുന്നതു കൊണ്ടുള്ള ഒരേയൊരു ദൂഷ്യം പറഞ്ഞുവരുന്നതിന്റെ തുമ്പു പെട്ടെന്നു വിട്ടുപോകും എന്നതാണ് - ഒരു സഹയാത്രികനായി, ഒരു വഴികാട്ടിയായി, ഒരു ബാദ്ധ്യതയായി, ഒരു സ്വേച്ഛാധിപതിയായി, അതുമല്ലെങ്കിൽ ഞാനിനി എന്തായി വരുമോ അതായി എന്നെ തിരഞ്ഞെടുക്കുന്നതിൽ സംശയങ്ങളുയർന്നാലും, പ്രായോഗികമായ സംശയങ്ങളുടെ കാര്യമാണു ഞാൻ പറയുന്നത്, കത്തുകളിലൂടെ സമ്പർക്കം പുലർത്താനൊരാളെന്ന നിലയിൽ എന്നെ കൂട്ടാൻ ( തല്ക്കാലത്തേക്ക് അതിനെക്കുറിച്ചേ ചിന്തിക്കാനുള്ളൂ) മുൻകൂർ തടസ്സവാദങ്ങളൊന്നും നിങ്ങൾക്കുണ്ടാവില്ലെന്നു കരുതട്ടെ; അതിൽ എനിക്കൊരവസരം തന്നു നോക്കുകയുമാവാം.
എത്രയുമാത്മാർത്ഥതയോടെ,
ഡോ. ഫ്രാൻസ് കാഫ്ക
(കാഫ്ക ഫെലിസിനയച്ച ആദ്യത്തെ കത്താണിത്. ഡയറക്റ്റർ ബ്രോഡെന്നു പറഞ്ഞിരിക്കുന്നത് കാഫ്കയുടെ സ്നേഹിതനായ മാക്സ് ബ്രോഡിന്റെ അച്ഛൻ അഡോൾഫ് ബ്രോഡിനെയാണ്; അദ്ദേഹം പ്രാഗിലെ യൂണിയൻ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. മാക്സ് ബ്രോഡിന്റെ സഹോദരി സോഫിയുടെ കസിനാണ് ഫെലിസ്.
താലിയായാത്ര എന്നുദ്ദേശിച്ചിരിക്കുന്നത് 1912ലെ വേനല്ക്കാലത്ത് ബ്രോഡും കാഫ്കയും കൂടി ഗെയ്ഥെയുടെ ജന്മസ്ഥലമായ വെയ്മറിലേക്കു നടത്തിയ യാത്രയാവണം.)
1912 നവംബർ 8
പ്രിയപ്പെട്ട ഫ്രൗളിൻ ഫെലിസ്,
ഇതു കേൾക്കൂ പ്രിയപ്പെട്ട ഫെലിസ്, രാത്രിയുടെ നിശ്ശബ്ദതയിലാണ് എന്റെ വാക്കുകൾ വ്യക്തമാവുന്നതെന്നെനിക്കു തോന്നുന്നു. ഇന്നുച്ചയ്ക്കെഴുതിയ കത്ത് കത്താണെന്ന കാര്യം മറന്നേക്കൂ; ഒരു മുന്നറിയിപ്പായി നമുക്കതോർമ്മയിൽ വയ്ക്കാം. എന്നു പറഞ്ഞാൽ ശുഭസൂച കമായ ഒരു മുന്നറിയിപ്പ്. ആ കത്തെഴുതിക്കഴിഞ്ഞതിനു ശേഷമുള്ള ഉൾക്കിടിലം ഒരുകാലത്തും എന്റെ ഓമ്മയിൽ നിന്നു മായില്ല, അതെഴുതുമ്പോൾത്തന്നെ പരിതാപകരമായിരുന്നു എന്റെ അവസ്ഥയെങ്കില്ക്കൂടി. സ്വന്തമായിട്ടൊന്നും എഴുതിയില്ലെങ്കിൽ അങ്ങനെയായിപ്പോവുകയാണു ഞാൻ (അതുമാത്രമല്ല കാരണമെന്നു കൂടി പറയട്ടെ). ഞാൻ എനിക്കു വേണ്ടി മാത്രമായി, എന്നെക്കുറിച്ചുദാസീനരോ, എന്റെ പരിചയക്കാരോ, അതുമല്ലെങ്കിൽ എന്റെ സാന്നിദ്ധ്യത്തി ലുള്ളവർക്കോ വേണ്ടി മാത്രമായി ജീവിക്കുന്നിടത്തോളം കാലം, സ്വന്തം ഉദാസീനതയും പരിചയവും അല്ലെങ്കിൽ തങ്ങളുടെ പ്രബലവും ജീവസ്സുറ്റതുമായ സാന്നിദ്ധ്യവും കൊണ്ട് എന്റെ കുറവുകൾ അവർ നികത്തുന്നിടത്തോളം കാലം ഞാനതിനെക്കുറിച്ച് അത്രയ്ക്കങ്ങു ബോധവാനാ വുന്നില്ല. പക്ഷേ ആരോടെങ്കിലും ഒന്നടുക്കാൻ ഞാൻ ശ്രമിക്കുമ്പോൾ, ആ ഒരുദ്യമത്തിലേക്ക് ഞാനെന്നെ സമർപ്പിക്കുമ്പോൾ ദുരിതം എനിക്കുറപ്പായിക്കഴിഞ്ഞു. അപ്പോൾ ഞാൻ ഒന്നുമല്ലാ താവുന്നു; ഒന്നുമില്ലായ്മ കൊണ്ട് ഞാനെന്തു ചെയ്യാൻ? കാലത്ത് നിങ്ങളുടെ കത്തു വന്നത് ( ഉച്ചയായപ്പോഴേക്കും അതു മാറിയിരിക്കുന്നു) വേണ്ട സമയത്തു തന്നെയാണെന്നു സമ്മതി ക്കട്ടെ; ആ വാക്കുകൾ തന്നെയാണ് എനിക്കു വേണ്ടിയിരുന്നത്.
പക്ഷേ ഞാൻ പൂർവ്വസ്ഥിതിയിലേക്കെത്തിയിട്ടില്ലെന്ന് ഇപ്പോഴെനിക്കു ബോധ്യമാവുന്നു; എന്റെ എഴുത്തിന് മതിയായ ലാഘവം വന്നിട്ടില്ല; ഈ കത്തു കൂടി നിങ്ങളുടെ നീരസം അർഹിക്കുന്നതു തന്നെ. നമുക്ക് ഉറക്കത്തെ അഭയം പ്രാപിക്കാം, ദൈവങ്ങളെയും.
വിട! ഞാനർഹിക്കുന്നതിലുമധികം കാരുണ്യം എനിക്കാവശ്യമുണ്ട്.
സ്വന്തം ഫ്രാൻസ്.കെ.
1912 നവംബർ 20
പ്രിയപ്പെട്ടവളേ, എനിക്കെത്രയും പ്രിയപ്പെട്ടവളേ, ഇപ്പോൾ സമയം രാത്രി ഒന്നര. ഇന്നു രാവിലത്തെ കത്തിലൂടെ ഞാൻ നിന്റെ ഹൃദയം മുറിപ്പെടുത്തിയോ? ബന്ധുക്കളോടും സുഹൃത്തു ക്കളോടുമുള്ള നിന്റെ ബാധ്യതകളെപ്പറ്റി ഞാനെന്തറിയാൻ? നീ ആ കഷ്ടപ്പാടുകളും കൊണ്ടിരി ക്കുമ്പോഴാണ് അതൊക്കെ ഏറ്റെടുത്തതിന്റെ പേരിൽ എന്റെവക കുറ്റപ്പെടുത്തലുകൾ. ദയവു ചെയ്ത്, പ്രിയപ്പെട്ടവളേ, എനിക്കു മാപ്പു തരൂ! മാപ്പു തന്നിരിക്കുന്നു എന്നതിനു തെളിവായി നീ ഒരു റോസാപ്പൂവയച്ചാൽ മതി. ശരിക്കു പറഞ്ഞാൽ എനിക്കു ക്ഷീണമല്ല, ഒരു മരവിപ്പും ഭാര വുമാണ്; എന്തു വാക്കാണ് അതിനുപയോഗിക്കേണ്ടതെന്ന് എനിക്കറിയുന്നുമില്ല. ഇതേ എനിക്കു പറയാനുള്ളു: എന്റെ കൂടെ നില്ക്കുക, എന്നെ വിട്ടു പോകരുത്. ഇനി എന്റെ ഉള്ളിൽ തന്നെയുള്ള എന്റെ ശത്രുക്കളിലൊരാൾ- ഇന്നു രാവിലത്തെപ്പോലെ- നിനക്കു കത്തെഴുതിയാൽ അവനെ വിശ്വസിക്കേണ്ട, അവനെ കണ്ട ഭാവം നടിക്കേണ്ട; നീ നേരെ എന്റെ ഹൃദയത്തി ലേക്കു നോക്കൂ. ജീവിതം അത്ര കഠിനവും ശോകമയവുമായിരിക്കെ എഴുതപ്പെട്ട വാക്കുകൾ കൊണ്ടല്ലാതെ മറ്റേതൊന്നു കൊണ്ടാണൊരാൾ മറ്റൊരാളെ തന്നിലേക്കടുപ്പിച്ചു നിർത്തുക? പിടിച്ചടുപ്പിക്കാനാണു കൈകൾ. പക്ഷേ എന്റെ ഈ കൈ നിന്റെ കൈയിൽ, എനിക്കനു പേക്ഷണീയമായിത്തീർന്ന നിന്റെ കൈയിൽ പിടിച്ചതു മൂന്നേ മൂന്നു നിമിഷങ്ങളിൽ മാത്രം: ഞാൻ മുറിയിൽ കയറിവന്നപ്പോൾ, പാലസ്തീനിലേക്കു കൂടെ വരാമെന്നു നീ വാക്കു തന്നപ്പോൾ, പിന്നെ ഞാൻ, വിഡ്ഡിയായ ഈ ഞാൻ, ലിഫ്റ്റിലേക്കു കയറാൻ നിന്നെ വിട്ടപ്പോൾ.
എന്നാൽ ഞാനിനി നിന്നെയൊന്നു ചുംബിച്ചോട്ടെ? ഈ ദുരിതം പിടിച്ച കടലാസ്സിൽ? ജനാല തുറന്നിട്ട് രാത്രിവായുവിനെ ചുംബിക്കുന്ന പോലെയാണത്.
പ്രിയപ്പെട്ടവളേ, എന്നോടു കോപം തോന്നരുതേ! അതേ ഞാൻ ചോദിക്കുന്നുള്ളു.
1912 നവംബർ 24
പ്രിയപ്പെട്ടവളേ, എത്രയും ജുഗുപ്ത്സാവഹമായ ഈ കഥ* ഞാൻ ഒരിക്കൽക്കൂടി മാറ്റിവയ്ക്കുക യാണ്, നിന്നെക്കുറിച്ചോർമ്മിച്ച് എനിക്കൊന്നുന്മേഷവാനാവാൻ. ഇന്നത്തോടെ അതു പാതിയും തീർന്നിരിക്കുന്നു, ആകപ്പാടെ എനിക്കത്ര തൃപ്തിക്കുറവുമില്ല; പക്ഷേ തീരാത്തത്ര ജുഗുപ്ത്സാവഹമാണത്. നോക്കൂ, ഈവകയൊക്കെ പുറത്തുവരുന്നത് നീ കുടിയേറിയ അതേ ഹൃദയത്തിൽ നിന്നു തന്നെയാണ്, അസൗകര്യങ്ങൾ സഹിച്ചും നീ താമസിക്കുന്ന അതേ ഹൃദയ ത്തിൽ നിന്ന്. എന്നാൽ അതോർത്തു നീ മനസ്സു വിഷമിപ്പിക്കുകയും വേണ്ട; ആരു കണ്ടു, എഴുതിയെഴുതി വിമോചിതനാവുന്നതോടെ മാലിന്യങ്ങൾ മാറി നിനക്കർഹനായേക്കില്ല ഞാനെന്ന്; ഇനിയും പുറന്തള്ളാൻ എത്രയോ ബാക്കി കിടക്കുന്നുവെന്നതു ശരിയാണെങ്കിലും, ഈ ഇടപാടിന് രാത്രികളുടെ ദൈർഘ്യം മതിയാവുകയില്ലെങ്കിലും?
ഇനി, ഉറങ്ങാൻ പോകുന്നതിനു മുമ്പ്, നിന്റെ ആഗ്രഹമതായതു കൊണ്ട്, അതെളുപ്പമാണെന്നതു കൊണ്ടും, നിന്റെ കാതിൽ ഞാൻ മന്ത്രിക്കട്ടെ, എനിക്കു നിന്നെ എന്തുമാത്രം സ്നേഹമാണെന്ന്. നിന്നെ ഞാനത്രയ്ക്കും സ്നേഹിക്കുന്നു ഫെലിസ്; എനിക്കു നീ സ്വന്തമാവുകയാണെങ്കിൽ ചിരായു സ്സിനു ഞാൻ കൊതിക്കുമായിരുന്നു; പക്ഷേ ഓർക്കുക, ആരോഗ്യമുള്ള ഒരുവനായി, നിനക്കു നിരക്കുന്നവനായി. അതെ, അങ്ങനെയാണത്, നീയതു മനസ്സിലാക്കുകയും വേണം. ചുംബന ത്തെക്കവിഞ്ഞതൊന്നാണത്; അതു ബോദ്ധ്യമാവുമ്പോൾ നിന്റെ കൈയിൽ പതിയെ തലോടു കയല്ലാതെ കാര്യമായി മറ്റൊന്നും ചെയ്യാൻ എനിക്കു ശേഷിക്കുന്നുമില്ല. അതുകൊ ണ്ടാണ് പ്രിയപ്പെട്ടവളേ എന്നല്ലാതെ ഫെലിസ് എന്നു വിളിയ്ക്കാൻ എനിക്കിഷ്ടം; പ്രിയേ എന്ന ല്ലാതെ നീയെന്നും. അതേസമയം കഴിയുന്നത്ര കാര്യങ്ങൾ നിന്നോടു പറയണമെന്നുമെനിക്കു ള്ളതിനാൽ പ്രിയപ്പെട്ടവളേ എന്നു വിളിക്കാനും എനിക്കിഷ്ടം തന്നെ, ഇനി മറ്റെന്തു പേരു വിളിയ്ക്കാനും.
* രൂപാന്തരം
1913 ജനുവരി 19
പ്രിയപ്പെട്ടവളേ, എന്നെ നിന്നിലേക്കെടുക്കൂ, അണച്ചുനിർത്തൂ, ആത്മവിശ്വാസം നഷ്ടപ്പെടുത്തരുതേ; ദിവസങ്ങൾ എന്നെ തട്ടിയുരുട്ടുകയാണ്; കലർപ്പറ്റ സന്തോഷമെന്നത് നിനക്കൊരിക്കലും എന്നിൽ നിന്നു കിട്ടുകയില്ലെന്നത് നീ മനസ്സിലാക്കണം; കലർപ്പറ്റ യാതനകൾ മാത്രം, അതെത്ര വേണമെങ്കിലും- എന്നാലും എന്നെ പറഞ്ഞയക്കരുതേ. ഞാൻ നിന്നോടു ബന്ധിതനായിക്കിടക്കുന്നത് പ്രേമമൊന്നുകൊണ്ടുമാത്രമല്ല; പ്രേമം അത്രയ്ക്കൊന്നുമില്ല, പ്രേമം വരും, പോകും, പിന്നെയും വരും; പക്ഷേ നിന്റെ സത്തയോട് എന്നെ തളച്ചിട്ടിരിക്കുന്ന എന്റെ ദാഹം എന്നുമുണ്ടാവും; അതുപോലെ, പ്രിയപ്പെട്ടവളേ, നീയുമുണ്ടാവണം...
1917 സെപ്തംബർ 9
പ്രിയപ്പെട്ടവളേ, ഒരൊഴിഞ്ഞുമാറലുമില്ല,പടിപടിയായുള്ള വെളിപ്പെടുത്തലുമില്ല, അതും നിന്നോട്. ഒഴിഞ്ഞുമാറലെന്തെങ്കിലുമുണ്ടായെങ്കിൽ ഇന്നേ ഞാൻ നിനക്കെഴുതുന്നുള്ളു എന്നതു മാത്രം. നിന്റെ മൗനമായിരുന്നില്ല എന്റെ മൗനത്തിനു കാരണം. നിന്റെ മൗനം എന്നെ അത്ഭുതപ്പെടുത്തിയില്ല; എന്നെ അത്ഭുതപ്പെടുത്തിയത് അനുകമ്പയോടെ നീ അയച്ച മറുപടിയാണ്. എന്റെ ഒടുവിലത്തെ രണ്ടു കത്തുകൾ, പതിവുരീതിയിലുള്ളതെങ്കിലും, ബീഭത്സമായിരുന്നു; എങ്ങനെ അവയ്ക്കു മറുപടി പറയാൻ, നേരിട്ടായാലും വളച്ചുകെട്ടിയിട്ടായാലും; എനിക്കറിയാം: എഴുതുമ്പോൾ ഉറങ്ങിപ്പോവുകയാണു ഞാൻ; പെട്ടെന്നു തന്നെ ഞാൻ ഞെട്ടിയുണരുന്നുണ്ടെങ്കിലും വൈകിപ്പോയിരിക്കും. അതല്ല എന്റെ സ്വഭാവത്തിലെ ഏറ്റവും മോശപ്പെട്ട ഘടകം എന്നുകൂടി പറയട്ടെ. എന്റെ മൗനത്തിനുള്ള കാരണമിതാ: എന്റെ ഒടുവിലത്തെ കത്തിനു രണ്ടു നാൾ പിമ്പ്, കൃത്യമായി പറഞ്ഞാൽ നാലാഴ്ച മുമ്പ്, രാവിലെ അഞ്ചു മണിയടുപ്പിച്ച് എന്റെ ശ്വാസകോശത്തിൽ നിന്ന് ഒരു രക്തസ്രാവമുണ്ടായി. ഒരുവിധം കടുത്തതുമായിരുന്നു; ഒരു പത്തു മിനുട്ടോ അതിൽ കൂടുതലോ നേരത്തേക്ക് എന്റെ തൊണ്ടയിൽ നിന്നതു കുത്തിയൊലിക്കുകയായിരുന്നു; അതവസാനിക്കുകയില്ലെന്ന് എനിക്കു തോന്നിപ്പോയി. അടുത്ത ദിവസം ഞാൻ ഡോക്ടറെ പോയിക്കണ്ടു; അന്നും പിന്നെ പലപ്പോഴും അദ്ദേഹമെന്നെ പരിശോധിക്കുകയും എക്സ് റേയെടുത്തു നോക്കുകയും ചെയ്തു; അതിനു ശേഷം മാക്സിന്റെ നിർബന്ധം കാരണം ഞാനൊരു സ്പെഷ്യലിസ്റ്റിനെ ചെന്നുകണ്ടു. അതിന്റെ വിശദാംശങ്ങളിലേക്കു കടക്കാതെ പറയട്ടെ, എന്റെ രണ്ടു ശ്വാസകോശങ്ങളിലും ക്ഷയരോഗം ബാധിച്ചിരിക്കുന്നു. പെട്ടെന്നൊരു രോഗം വന്നുബാധിച്ചത് എനിക്കൊരു അത്ഭുതമായിരുന്നില്ല; അതുപോലെ ഞാൻ ചോര തുപ്പുന്നതും; വർഷങ്ങളായുള്ള എന്റെ ഉറക്കക്കുറവും തലവേദനകളും ഗുരുതരമായൊരു രോഗത്തെ ക്ഷണിച്ചുവരുത്തുകയായിരുന്നു; പീഡിതമായ എന്റെ ചോരയ്ക്ക് പൊട്ടിപ്പുറത്തേക്കൊഴുകുകയല്ലാതെ മറ്റൊരു തരമില്ലെന്നുമായി; അതു പക്ഷേ മറ്റൊന്നുമല്ലാതെ ക്ഷയരോഗം തന്നെയാവുക, അതും മുപ്പത്തിനാലാമത്തെ വയസ്സിൽ രാത്രിക്കു രാത്രി എന്നെ വന്നടിച്ചിടുക, കുടുംബത്തിൽ ഇങ്ങനെയൊരു ചരിത്രമില്ലാതിരിക്കുക- അതെന്നെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. ആകട്ടെ, ഇതു കൈയേല്ക്കുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ; ഒരു കണക്കിന് ചോരയോടൊപ്പം എന്റെ തവേദനകളും ഒഴുകിപ്പോയ പോലെ തോന്നുന്നു. അതിന്റെ ഇപ്പോഴത്തെ ഗതി മുൻകൂട്ടിക്കാണാൻ കഴിയില്ല; ഭാവിയിൽ അതെന്താവുമെന്നുള്ളത് അതിനു മാത്രമറിയുന്ന രഹസ്യവുമാണ്; അതിന്റെ ഗതിവേഗം ഒന്നു കുറയ്ക്കാൻ എന്റെ പ്രായം തുണച്ചുവെന്നും വരാം. അടുത്തയാഴ്ച കുറഞ്ഞതൊരു മൂന്നു മാസത്തേക്ക് ഞാൻ നാട്ടുമ്പുറത്തേക്കു പോവുകയാണ്, സുറാവുവിൽ (പോസ്റ്റോഫീസ് ഫ്ളോഹൗ) ഓട്ട്ലയുടെ അടുത്ത്; എനിക്കു ജോലിയിൽ നിന്നു പിരിയണമെന്നുണ്ടായിരുന്നു; അങ്ങനെ എന്നെ വിടാതിരിക്കുകയാണ് നല്ലതെന്ന് എന്റെ നന്മയെക്കരുതി അവർ തീരുമാനിച്ചു; കുറച്ചൊക്കെ വികാരഭരിതമായ വിടവാങ്ങൽദൃശ്യങ്ങൾ (ശീലം കൊണ്ടാവാം, എനിക്കതു വേണ്ടെന്നു വയ്ക്കാനായിട്ടില്ല) എന്റെ അപേക്ഷയ്ക്കൊരു തടയായെന്നും വരാം; അങ്ങനെ ഞാനിപ്പോഴും ഒരു സ്ഥിരം ജീവനക്കാരൻ തന്നെ; ശമ്പളമില്ലാത്ത അവധി എനിക്കനുവദിച്ചു കിട്ടുകയും ചെയ്തു. തീർച്ചയായും ഞാൻ ഈ സംഗതിയൊക്കെ ഒരു രഹസ്യമാക്കി വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും തല്ക്കാലത്തേക്ക് അച്ഛനമ്മമാരിൽ നിന്ന് ഞാനിതു മറച്ചു വയ്ക്കുകയാണ്. ആദ്യം എനിക്കങ്ങനെ തോന്നിയില്ല. പക്ഷേ ഒരു പരീക്ഷണം പോലെ, എനിക്കു ചെറിയൊരു ക്ഷീണം തോന്നുന്നുവെന്നും അതിനാൽ നീണ്ടൊരവധി ചോദിക്കാൻ പോവുകയാണെന്നും അമ്മയോടു വെറുതേയൊന്നു സൂചിപ്പിച്ചപ്പോൾ അതിൽ വിശേഷിച്ചൊന്നുമില്ലാത്തതുപോലെയാണ് അമ്മയതിനെ കണ്ടത്; അമ്മയ്ക്ക് ഒരു സംശയവും ഉണ്ടായതുമില്ല ( അമ്മയാകട്ടെ, എത്രയും ചെറുതായൊരു സൂചന നല്കിയാൽ അനന്തകാലം എനിക്കവധി നല്കാൻ തയ്യാറുമാണ്) ; അതു കണ്ടപ്പോൾ ഞാനതങ്ങനെ വിട്ടു; അച്ഛന്റെ കാര്യത്തിലും സംഗതി ഇപ്പോൾ നില്ക്കുന്നത് ഈ അവസ്ഥയിലാണ്.
അപ്പോൾ കഴിഞ്ഞ നാലാഴ്ചയായി, ശരിക്കു പറഞ്ഞാൽ ഒരാഴ്ചയായി (കൃത്യമായ പരിശോധന നടന്നത് അതിനു മുമ്പല്ലോ) ഞാൻ കൊണ്ടുനടക്കുന്ന രഹസ്യം ഇതായിരുന്നു. ‘പ്രിയപ്പെട്ട പാവം ഫെലിസ്’- അതായിരുന്നു ഞാൻ ഒടുവിലെഴുതിയ വാക്കുകൾ; ഇനിയുള്ള എന്റെ എല്ലാ കത്തുകൾക്കും ഇതായിരിക്കുമോ അന്ത്യവാക്യം? ഈ കത്തി നേരേ വന്നു കുത്തുക മാത്രമല്ല, തിരിഞ്ഞുവന്ന് പുറത്തു കുത്തുകയും ചെയ്യുന്ന തരമാണ്.
ഫ്രാൻസ്
ഒടുവിലായി, ഞാനിപ്പോൾ വല്ലാതെ ക്ളേശിക്കുകയാണെന്നു നിനക്കു തോന്നാതിരിക്കാനുമായി: അങ്ങനെയല്ല. അന്നു രാത്രി മുതൽ ഞാൻ ചുമയ്ക്കുന്നുണ്ടെന്നതു ശരി തന്നെ, എന്നാലും അത്ര മോശമെന്നു പറയാനില്ല. ചിലപ്പോൾ നേരിയ പനി വരാറുണ്ട്, ചിലപ്പോൾ രാത്രിയിൽ ഒന്നു വിയർത്തെന്നും ശ്വാസം മുട്ടൽ പോലെ വന്നുവെന്നും വരും; അതൊഴിവാക്കിയാൽ കഴിഞ്ഞ കുറേക്കൊല്ലങ്ങൾ കൂടി എന്റെ ആരോഗ്യം നല്ല നിലയിലാണെന്നു പറയാം. തലവേദനകൾ ഒഴിഞ്ഞുപോയിരിക്കുന്നു; അന്നത്തെ അഞ്ചു മണിക്കു ശേഷം പണ്ടത്തേതിനെക്കാൾ നല്ല ഉറക്കവും കിട്ടുന്നുണ്ട്. എന്തായാലും അതു വരെ എന്നെ അലട്ടിയത് തലവേദനകളും ഉറക്കക്കുറവുമായിരുന്നല്ലോ.
(തനിക്കു ക്ഷയരോഗമാണെന്നു സ്ഥിരീകരിച്ചതിനു ശേഷം കാഫ്ക ഫെലിസിനെഴുതിയ കത്ത്)
മിലേനയ്ക്ക്
മിലേന ജസെൻസ്ക (1896-1944) - ചെക്ക് പത്രപ്രവർത്തകയും വിവർത്തകയും. കാഫ്കയുടെ കഥകൾ ആദ്യമായി ചെക്കുഭാഷയിലേക്ക്, മറ്റൊരു ഭാഷയിലേക്കു തന്നെ, ആദ്യമായി വിവർത്തനം ചെയ്യുന്നത് മിലേനയാണ്. ഗ്രന്ഥകാരന്റെ അനുവാദം ചോദിച്ചുകൊണ്ടു തുടങ്ങിയ കത്തിടപാട് വികാരതീവ്രമായ ഒരു ബന്ധത്തിലേക്കു നയിച്ചു. വിയന്നയിൽ അവർ നാലു ദിവസം ഒരുമിച്ചുകഴിയുകയും ചെയ്തു. 1920ൽ ആ ബന്ധം പെട്ടെന്നവസാനിച്ചു. 1939ൽ ഗെസ്റ്റപ്പോ അറസ്റ്റു ചെയ്ത മിലേന 1944ൽ റാവൻസ്ബ്രക്കിലെ നാസി ക്യാമ്പിൽ വച്ച് വൃക്കരോഗം മൂർച്ഛിച്ചു മരിച്ചു.
1920 സെപ്തംബർ
ഇന്നലെ ഞാൻ നിന്നെ സ്വപ്നം കണ്ടു.എനിക്കതിന്റെ വിശദാംശങ്ങൾ വലിയ ഓർമ്മയില്ല; പക്ഷേ ഒരാൾ മറ്റൊരാളിൽ നിരന്തരം വിലയിച്ചുകൊണ്ടിരുന്നു എന്നു ഞാനോർക്കുന്നു. ഞാൻ നീയായി, നീ ഞാനായി. ഒടുവിൽ എങ്ങനെയോ നിനക്കു തീ പിടിച്ചു. തുണി കൊണ്ടു പൊതിഞ്ഞ് തീ കെടുത്താമെന്ന് ഓർമ്മ വന്ന ഞാൻ ഒരു പഴയ കോട്ടെടുത്ത് നിന്നെ തല്ലാൻ തുടങ്ങി. പക്ഷേ അപ്പോഴേക്കും നമ്മുടെ രൂപപരിണാമങ്ങൾ വീണ്ടും തുടങ്ങുകയും നീ അദൃശ്യയാവുന്നിടത്തോളം അതു നീണ്ടുപോവുകയും ചെയ്തു. ഇപ്പോൾ തീ പിടിച്ചിരിക്കുന്നത് എനിക്കാണ്, കോട്ടു കൊണ്ട് തീ തല്ലിക്കെടുത്താൻ നോക്കുന്നതും ഞാൻ തന്നെ. അതു കൊണ്ടു പക്ഷേ, ഫലമുണ്ടായില്ല; അത്തരം കാര്യങ്ങൾ കൊണ്ട് തീയ്ക്ക് ഒരു ചേതവും വരാനില്ലെന്ന എന്റെ പഴയ പേടിയ്ക്ക് അതൊരു സ്ഥിരീകരണമായി എന്നു മാത്രം. ഈ നേരമായപ്പോഴേക്കും അഗ്നിശമനസേന വന്നെത്തുകയും നിന്നെ എങ്ങനെയോ രക്ഷപ്പെടുത്തുകയും ചെയ്തു. പക്ഷേ പണ്ടത്തേതിൽ നിന്നു വ്യത്യസ്തയായിരുന്നു നീ, ഒരു പ്രേതത്തെപ്പോലെ, ഇരുട്ടിൽ ചോക്കു കൊണ്ടു വരച്ചപോലെ; ജീവനില്ലാതെ നീ എന്റെ കൈകളിലേക്കു വന്നുവീണു, അതല്ലെങ്കിൽ ജീവൻ തിരിച്ചുകിട്ടിയതിന്റെ സന്തോഷം കൊണ്ട് നീ മോഹാലസ്യപ്പെട്ടതാണെന്നും വരാം. പക്ഷേ ഇവിടെയും അ രൂപപരിണാമം കടന്നുവന്നു: മറ്റാരുടെയോ കൈകളിലേക്കു വീണതു ഞാനായിരിക്കാം.
1922 മാര്‍ച്ച്
...ഞാൻ നിങ്ങൾക്കൊരു കത്തയച്ചിട്ട് ഏറെനാളുകൾ കഴിഞ്ഞിരിക്കുന്നല്ലോ, ഫ്രൗ മിലേന; ഇന്ന്‍ ഈ കത്തയക്കുന്നതു തന്നെ യാദൃച്ഛികമായിട്ടാണ്. ശരിക്കു പറഞ്ഞാൽ, കത്തെഴുതാത്തതിന്റെ പേരിൽ ഇങ്ങനെയൊരു ക്ഷമാപണത്തിന്റെ ആവശ്യം തന്നെയില്ല; കത്തെഴുന്നത് എനിക്കെത്ര വെറുപ്പുള്ള കാര്യമാണെന്ന് നിങ്ങൾക്കു നന്നായിട്ടറിയാവുന്നതാണല്ലോ. എന്റെ ജീവിതത്തിലെ സകല നിർഭാഗ്യങ്ങൾക്കും കാരണം- പരാതിപ്പെടുകയല്ല ഞാൻ, എല്ലാവർക്കും ഗുണപാഠമാകുന്ന ഒരഭിപ്രായം നടത്തുന്നുവെന്നേയുള്ളു- കത്തുകളോ, ഞാനെഴുതിയേക്കാവുന്ന കത്തുകളോ ആയിരുന്നു. മനുഷ്യർ ഇതേവരെ എന്നെ ചതിച്ചിട്ടില്ലെന്നു തന്നെ പറയാം, പക്ഷേ കത്തുകൾ എപ്പോഴുമെന്നെ ചതിക്കുകയാണ്- അക്കാര്യത്തിൽ അന്യരുടെ കത്തുകളെന്നോ, എന്റെ കത്തുകളെന്നോ ഉള്ള ഭേദമില്ലെന്നും പറയേണ്ടിയിരിക്കുന്നു. എന്റെ കാര്യത്തിൽ വിശേഷിച്ചുള്ളൊരു നിർഭാഗ്യം തന്നെയായിരുന്നു അത്; അതിനെക്കുറിച്ച് ഞാനിനി അധികമൊന്നും പറയുന്നില്ല; പക്ഷേ ഇതൊരു പൊതുനടപ്പാണെന്നും പറയട്ടെ. കത്തെഴുതുക എന്നത് അത്ര അനായാസമായ ഒരു സാധ്യതയാണെന്നു വന്നതോടെ- സൈദ്ധാന്തികമായി നോക്കുമ്പോൾ- ആത്മാക്കളുടെ ഭയാനകമായ ഒരപചയം ഈ ലോകത്തു കടന്നുവന്നിട്ടുണ്ടാവണം. യഥാർത്ഥത്തിലത് പ്രേതങ്ങൾ തമ്മിലുള്ള ഒരു വ്യവഹാരമത്രെ; കത്തു കിട്ടുന്നയാളിന്റെ പ്രേതവുമായിട്ടു മാത്രമല്ല, താനെഴുതുന്ന കത്തിന്റെ വരികൾക്കിടയിലൂടെ വളരുന്ന സ്വന്തം പ്രേതവുമായിട്ടുകൂടിയുള്ള ഒരിടപാട്; കത്തുകൾ തുടർച്ചയായിട്ടെഴുതുന്നയാളാണെങ്കിൽ അത്രയ്ക്കു കൃത്യവുമാണത്; ഇവിടെ ഓരോ കത്തും മറ്റൊരു കത്തിനെ സാധൂകരിക്കാനുണ്ടാവും, സാക്ഷ്യം നിൽക്കാനും മറ്റൊന്നുണ്ടാവും. കത്തു വഴി മനുഷ്യർക്കു തമ്മിൽത്തമ്മിൽ ബന്ധപ്പെടാമെന്ന ആശയം എങ്ങനെയുണ്ടായോ ആവോ! അകലത്തുള്ള ഒരാളെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാം; അടുത്തുള്ള ഒരാളാണെങ്കിൽ കടന്നുപിടിക്കുകയും ചെയ്യാം- മനുഷ്യന്റെ ബലം കൊണ്ട് ഇതിനപ്പുറമൊന്നും സാധ്യമേയല്ല. കത്തെഴുതുക എന്നാൽ പ്രേതങ്ങൾക്കു മുന്നിൽ സ്വയം നഗ്നനാവുക എന്നാണർത്ഥം; അതിനായിത്തന്നെ ആർത്തി പിടിച്ചു കാത്തിരിക്കുകയുമാണവ. എഴുതിയയച്ച ചുംബനങ്ങൾ ഒരിക്കലും ലക്ഷ്യം കാണാറില്ല, വഴിയിൽ വച്ച് അവയെ കുടിച്ചുവറ്റിക്കുകയാണു പ്രേതങ്ങൾ. സമൃദ്ധമായ ആ തീറ്റയിന്മേലാണ് അവ പെറ്റുപെരുകുന്നതും. മനുഷ്യരാശി അതു കണ്ടറിയുന്നുണ്ട്, അതിനെതിരെ പൊരുതുന്നുണ്ട്; മനുഷ്യർക്കിടയിലെ ആ പ്രേതസാന്നിദ്ധ്യത്തെ കഴിയുന്നത്ര നിർമ്മാർജ്ജനം ചെയ്യാനും, സ്വാഭാവികമായ ഒരിടപെടൽ, ആത്മശാന്തി, സൃഷ്ടിക്കാനുമായി അതു റയിൽവേ കണ്ടുപിടിച്ചിരിക്കുന്നു, മോട്ടോർക്കാറും വിമാനവും കണ്ടുപിടിച്ചിരിക്കുന്നു. പക്ഷേ അതു കൊണ്ടിനി പ്രയോജനമില്ല, കാരണം, തകർച്ചയുടെ വക്കത്തെത്തി നിൽക്കുമ്പോൾ കണ്ടെത്തിയ ഉപായങ്ങളാണവ. കൂടുതൽ കരളുറപ്പും ശേഷിയുമുള്ളതാണു മറുകക്ഷി; തപാലിനു ശേഷം അവർ ടെലഗ്രാഫ് കണ്ടുപിടിച്ചു, ടെലഫോൺ കണ്ടുപിടിച്ചു, റേഡിയോഗ്രാഫ് കണ്ടുപിടിച്ചു. പ്രേതങ്ങൾക്കു പട്ടിണി കിടക്കേണ്ടിവരില്ല, പക്ഷേ നമ്മൾ തുലഞ്ഞുപോകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ