വെനീസ്, 1834 ജൂലൈ 10
വിഭിന്നമായ ആകാശങ്ങൾക്കു ചുവട്ടിൽ ജനിച്ച നമ്മുടേത് ഒരേ മനസ്സല്ല, ഒരേ ഭാഷയുമല്ല- ഒരുവേള നമ്മുടെ ഹൃദയങ്ങൾ സമാനമാണെന്നു വരുമോ?
മിതോഷ്ണവും മേഘാവൃതവുമായ ജന്മദേശം എനിക്കു ശേഷിപ്പിച്ചത് സൌമ്യവും വിഷാദമയവുമായ ഓർമ്മകളാണ്; നിങ്ങളുടെ നെറ്റിത്തടത്തെ ചെമ്പിച്ചതാക്കിയ ഉദാരസൂര്യൻ അത്ര തീക്ഷ്ണമായ വികാരങ്ങളാണോ നിങ്ങൾക്കു തന്നത്? സ്നേഹിക്കാനും അതിന്റെ വേദന അനുഭവിക്കാനും എനിക്കറിയാം; നിങ്ങൾക്ക്, നിങ്ങൾക്കു സ്നേഹത്തെക്കുറിച്ചെന്തറിയാം?
നിങ്ങളുടെ നോട്ടത്തിലെ വ്യഗ്രത, നിങ്ങളുടെ കൈകളുടെ പ്രചണ്ഡത, നിങ്ങളുടെ തൃഷ്ണയുടെ തീക്ഷ്ണത അതെന്നെ ആകർഷിക്കുകയും ഒപ്പം ഭീതിപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ വികാരാവേശത്തെ ചെറുക്കുകയാണോ അതോ അതിൽ പങ്കു ചേരുകയാണോ വേണ്ടതെന്ന് എനിക്കു തീരുമാനിക്കാനാകുന്നില്ല. എന്റെ നാട്ടിൽ ആളുകൾ പ്രേമിക്കുന്നത് ഇങ്ങനെയല്ല; തന്നെയുമല്ല, ആഗ്രഹത്തോടെ, വിഷമത്തോടെ, അത്ഭുതത്തോടെ നിങ്ങളെ നോക്കിനില്ക്കുന്ന ഒരു വിളർത്ത പ്രതിമ മാത്രമാണു ഞാൻ. നിങ്ങൾക്കെന്നോടുള്ള പ്രേമം യഥാർത്ഥമാണോയെന്ന് എനിക്കറിയില്ല; അതൊരിക്കലും ഞാനറിയാനും പോകുന്നില്ല. എന്റെ ഭാഷയിലെ ചില വാക്കുകൾ നിങ്ങൾക്കു കഷ്ടിച്ചു മനസ്സിലാകുമെന്നേയുള്ളു; ഈ സൂക്ഷ്മമായ ചോദ്യങ്ങളിലേക്കു കടക്കാനും മാത്രം എനിക്കു നിങ്ങളുടെ ഭാഷ അറിയുകയുമില്ല. ഇനിയഥവാ, നിങ്ങൾ സംസാരിക്കുന്ന ഭാഷ എനിക്കു നന്നായി വഴങ്ങുമെന്നു വന്നാല്ക്കൂടി സ്വയം വ്യക്തമാക്കുന്നതിൽ ഞാൻ വിജയിക്കണമെന്നുമില്ല. നാം ജീവിച്ച ദേശങ്ങളും നമ്മെ പഠിപ്പിച്ച മനുഷ്യരുമാണ് നമ്മുടെ ചിന്തകളും വികാരങ്ങളും ആവശ്യങ്ങളും അന്യോന്യം അവ്യാഖ്യേയമാക്കിയതെന്നതിൽ സംശയമില്ല. എന്റെ ദുർബലമായ പ്രകൃതിയും നിങ്ങളുടെ പ്രചണ്ഡമായ പ്രകൃതവും വ്യത്യസ്തമായ ചിന്തകൾ ജനിപ്പിച്ചല്ലേ പറ്റൂ. എനിക്കത്രമേൽ മനോവിഷമമുണ്ടാക്കുന്ന ഒരായിരം നിസാരമായ സംഗതികൾ നിങ്ങൾക്കു മനസ്സിലാവില്ലെന്നു വരാം, അവജ്ഞയോടെ നിങ്ങളവ തള്ളിക്കളഞ്ഞുവെന്നും വരാം. എന്നെ കരയിപ്പിക്കുന്നത് നിങ്ങളെ ചിരിപ്പിച്ചുവെന്നു വരാം. കണ്ണീരെന്താണെന്നു തന്നെ നിങ്ങൾക്കറിയില്ലെന്നും വരാം.
നിങ്ങൾ എനിക്കാരാകും, തുണക്കാരനോ യജമാനനോ? നിങ്ങളെ കണ്ടുമുട്ടുന്നതിനു മുമ്പ് ഞാൻ സഹിച്ച ദുഷ്ടതകളുടെ പേരിൽ നിങ്ങളെന്നെ ആശ്വസിപ്പിക്കുമോ? എന്റെ വിഷാദത്തിന്റെ കാരണം നിങ്ങൾക്കറിയാമോ? സഹതാപം, ക്ഷമ, സൌഹൃദം ഇതൊക്കെ നിങ്ങൾക്കു മനസ്സിലാകുമോ? സ്ത്രീകൾക്കാത്മാവില്ല എന്നായിരിക്കാം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടാവുക. അവർക്കതുണ്ടെന്നു നിങ്ങൾ കരുതുന്നുണ്ടോ? നിങ്ങൾ കൃസ്ത്യാനിയല്ല, മുസ്ലീമല്ല, നാഗരികനും പ്രാകൃതനുമല്ല- നിങ്ങൾ മനുഷ്യനാണോ? ആ പൗരുഷം നിറഞ്ഞ നെഞ്ചിൽ എന്താണുള്ളത്, ഗംഭീരമായ നെറ്റിയ്ക്കും സിംഹത്തിന്റേതു പോലായ കണ്ണുകൾക്കും പിന്നിൽ? അഭിജാതവും സുന്ദരവുമായ ചിന്തകൾ എന്നെങ്കിലും നിങ്ങൾക്കുണ്ടായിട്ടുണ്ടോ, സാഹോദര്യത്തിന്റെ ഭവ്യമായ വികാരവും? ഉറങ്ങുമ്പോൾ താൻ സ്വർഗ്ഗത്തിലേക്കു പറന്നുപോകുന്നതായി നിങ്ങൾ സ്വപ്നം കാണാറുണ്ടോ? മനുഷ്യർ കാരണമില്ലാതെ നിങ്ങളെ ദ്രോഹിക്കുമ്പോൾ നിങ്ങളുടെ ദൈവവിശ്വാസത്തിനിളക്കം തട്ടാറുണ്ടോ? ഞാൻ നിങ്ങൾക്കാരാകണം, സഖാവോ അടിമയോ? നിങ്ങൾക്കെന്നോടുള്ളത് കാമമാണോ പ്രേമമാണോ? നിങ്ങളുടെ തൃഷ്ണയ്ക്കു ശമനം കിട്ടിയാൽ അതിന്റെ നന്ദി നിങ്ങൾക്കെന്നോടുണ്ടാകുമോ? ഞാൻ കാരണം നിങ്ങൾക്കൊരാനന്ദം ലഭിച്ചുവെങ്കിൽ അതെന്നോടെങ്ങനെ പറയണം എന്നു നിങ്ങൾക്കറിയാമോ? ഞാൻ ആരാണെന്നു നിങ്ങൾക്കറിയാമോ, അതറിയാതെ വരുന്നതിൽ നിങ്ങൾക്കു മനഃക്ളേശമുണ്ടാകുമോ? അന്വേഷിച്ചു കണ്ടെത്തേണ്ടതും സ്വപ്നം കാണേണ്ടതുമായ ഒരജ്ഞാതസത്തയാണോ നിങ്ങൾക്കു ഞാൻ, അതോ അന്തഃപുരത്തിൽ തടിച്ചുകൊഴുക്കുന്ന വെപ്പാട്ടികളിൽ ഒരുവളോ? ദിവ്യമായൊരു സ്ഫുലിംഗമുള്ളതായി ഞാൻ കാണുന്ന നിങ്ങളുടെ കണ്ണുകളിൽ ആ തരം സ്ത്രീകളുണർത്തുന്ന കാമാസക്തിയേയുള്ളൂ? കാലം കൊണ്ടു ശമനം വരാത്ത ഒരു തൃഷ്ണ ആത്മാവിനുള്ളതായി നിങ്ങൾക്കറിയാമോ, ആധിക്യം കൊണ്ടു നിർവീര്യമാകാത്തതും തളരാത്തതും? കാമുകി നിങ്ങളുടെ കൈകളിൽ കിടന്നുറങ്ങുമ്പോൾ നിങ്ങൾ ഉണർന്നിരിക്കുമോ, അവൾക്കു കാവലാകാൻ, വിതുമ്പിക്കൊണ്ടു ദൈവത്തിനോടു പ്രാർത്ഥിക്കാൻ? പ്രണയാനന്ദങ്ങൾക്കൊടുവിൽ ശ്വാസം കിട്ടാതെയും ക്ഷതം പറ്റിയ പോലെയും നിങ്ങൾ കിടന്നുപോകാറുണ്ടോ, അതോ ദിവ്യമായൊരു പ്രഹർഷത്തിലേക്കു നിങ്ങൾ ചെന്നുവീഴുകയാണോ? താൻ സ്നേഹിക്കുന്നവളുടെ മാറിടം വിട്ടുപോരുമ്പോൾ നിങ്ങളുടെ ആത്മാവ് നിങ്ങളുടെ ഉടലിനെ കീഴ്പെടുത്താറുണ്ടോ? തന്നിലടങ്ങി നിങ്ങളിരിക്കുന്നതു കാണുമ്പോൾ ഞാനെന്തു വിചാരിക്കണം, നിങ്ങൾ ചിന്താധീനനാണെന്നോ അതോ വിശ്രമിക്കുകയാണെന്നോ? നിങ്ങളുടെ നോട്ടം വാടുന്നുവെങ്കിൽ അത് ആർദ്രത കൊണ്ടോ അതോ ആലസ്യം കൊണ്ടോ? എനിക്കു നിങ്ങളെ അറിയില്ലെന്നും നിങ്ങൾക്കെന്നെ അറിയില്ലെന്നും നിങ്ങൾക്കു ബോദ്ധ്യമുണ്ടെന്നു വരാം. എനിക്കു നിങ്ങളുടെ ഭൂതകാലമറിയില്ല, നിങ്ങളുടെ സ്വഭാവമറിയില്ല, നിങ്ങളെ അറിയുന്നവർ നിങ്ങളെ കാണുന്നതെങ്ങനെ എന്നുമറിയില്ല. അവർക്കു നിങ്ങൾ എല്ലാമാണെന്നോ ആരുമല്ലെന്നോ വരാം. എനിക്കു നിങ്ങളോടു മതിപ്പു തോന്നുമോ എന്നറിയാതെ തന്നെ നിങ്ങളെ ഞാൻ സ്നേഹിക്കുന്നു, നിങ്ങൾ കാരണം എനിക്കു സന്തോഷം കിട്ടുന്നുവെന്നതിനാൽ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു; ഭാവിയിലൊരിക്കൽ എനിക്കു നിങ്ങളെ വെറുക്കേണ്ടതായി വന്നുവെന്നും വരാം. നിങ്ങൾ എന്റെ നാട്ടുകാരനാണെങ്കിൽ എനിക്കു നിങ്ങളോടു ചോദിക്കാമായിരുന്നു, നിങ്ങൾക്കതു മനസ്സിലാവുകയും ചെയ്യുമായിരുന്നു. അപ്പോൾ പക്ഷേ എന്റെ അസന്തുഷ്ടി കൂടുതലായെന്നും വരാം; കാരണം, നിങ്ങൾക്കെന്നെ തെറ്റിദ്ധരിപ്പിക്കാൻ പറ്റുമല്ലൊ. ഇപ്പോഴത്തെ സ്ഥിതിയിൽ നിങ്ങള്‍ക്കെന്നെ കബളിപ്പിക്കാനെങ്കിലും പറ്റില്ല, പൊള്ളയായ വാഗ്ദാനങ്ങളും വ്യാജപ്രതിജ്ഞകളും നടത്താനും പറ്റില്ല. താൻ മനസ്സിലാക്കിയ രീതിയിൽ, തനിക്കാവുന്ന രീതിയിൽ നിങ്ങൾക്കിപ്പോൾ എന്നെ സ്നേഹിക്കാം. അന്യരിൽ തേടി എനിക്കു കിട്ടാതെ പോയത് നിങ്ങളിൽ നിന്നും എനിക്കു കിട്ടണമെന്നില്ല; പക്ഷേ നിങ്ങളിൽ അതുണ്ടെന്ന് എനിക്കെന്നും വിശ്വസിക്കാം. പ്രണയത്തിന്റെ ആ നോട്ടങ്ങളും ആ ലാളനകളും അന്യരിൽ നിന്നു വരുമ്പോൾ എന്നോടെന്നും നുണ പറഞ്ഞിട്ടേയുള്ളു; നിങ്ങളിൽ നിന്നു വരുമ്പോൾ കപടമായ വാക്കുകൾ കൂട്ടിച്ചേർക്കാതെ എന്റെ ഹിതം പോലെ എനിക്കവയെ വ്യാഖ്യാനിക്കാം. നിങ്ങളുടെ മനോരാജ്യങ്ങളെ വ്യാഖ്യാനിക്കാനും നിങ്ങളുടെ മൗനങ്ങളെ വാചാലത കൊണ്ടു നിറയ്ക്കാനും എനിക്കു കഴിയും. നിങ്ങളുടെ പ്രവൃത്തികൾക്ക് ഞാനുദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ എനിക്കു ചാർത്തിക്കൊടുക്കാം. സ്നേഹത്തോടെ നിങ്ങളെന്നെ നോക്കുമ്പോൾ നിങ്ങളുടെ ആത്മാവ് എന്റെ ആത്മാവിനെ നോക്കുകയാണെന്ന് എനിക്കു വിശ്വസിക്കാം; നിങ്ങൾ ആകാശത്തേക്കു നോട്ടമയക്കുമ്പോൾ നിങ്ങളുടെ മനസ്സ് അതു ജന്മമെടുത്ത നിത്യതയിലേക്കു തിരിയുകയാണെന്ന് എനിക്കു കരുതാം. നമുക്ക് ഇങ്ങനെ തന്നെ തുടരാം; എന്റെ ഭാഷ പഠിക്കരുത്; എന്റെ സന്ദേഹങ്ങളും എന്റെ ഭീതികളും പ്രകാശിപ്പിക്കാനുള്ള വാക്കുകൾ ഞാൻ നിങ്ങളുടെ ഭാഷയിൽ തേടുകയുമില്ല. നിങ്ങൾ സ്വന്തം ജീവിതം കൊണ്ടെന്തു ചെയ്യുന്നുവെന്നത്, സഹജീവികൾക്കിടയിൽ എന്തു ഭാഗമാണു നിങ്ങൾ അഭിനയിക്കുന്നുവെന്നത് എനിക്കജ്ഞാതമായിത്തന്നെയിരുന്നോട്ടെ. നിങ്ങളുടെ പേരറിയണമെന്നുപോലും എനിക്കില്ല. നിങ്ങളുടെ ആത്മാവിനെ എന്നിൽ നിന്നു മറച്ചുപിടിച്ചോളൂ; അങ്ങനെ അതു സുന്ദരമാണെന്ന എന്റെ വിശ്വാസത്തിന് ഒരിക്കലും ഇളക്കം തട്ടാതിരിക്കട്ടെ.
ഷോർഷ് സാങ്ങ്ത് (George Sand) എന്ന പുരുഷനാമത്തിൽ എഴുതിയിരുന്ന Amantine-Lucile-Aurore Dupin(1804-76)-എഴുത്തു കൊണ്ടെന്ന പോലെ ബൊഹീമിയൻ ജീവിതശൈലി കൊണ്ടും പ്രസിദ്ധയായിരുന്നു. സ്ത്രീസ്വാതന്ത്ര്യവാദി. ആദ്യനോവൽ ഇൻഡ്യാന (1832) ഫ്രഞ്ച് വിവാഹനിയമങ്ങളുടെ നിശിതവിമർശനമായിരുന്നു, സ്ത്രീസമത്വത്തിനു വേണ്ടിയുള്ള ഒരർത്ഥനയും. പുകവലിയും പുരുഷന്മാരുടെ വസ്ത്രധാരണരീതിയും കാമുകന്മാരുടെ ബാഹുല്യവും കൊണ്ട് അക്കാലത്തെ പരീസിയൻ സമൂഹത്തെ ചൊടിപ്പിച്ചു. ഷോപ്പാങ്ങ്, ഫ്രാൻസ് ലിസ്റ്റ്, ആൽഫ്രെഡ് ദെ മ്യൂസെ, ദെലക്രോ തുടങ്ങിയവരൊക്കെ അവരുടെ സൌഹൃദവലയത്തിൽ പെട്ടിരുന്നു. തന്റെ കാമുകനായ മ്യൂസെയെ ചികിത്സിക്കാനെത്തിയ പീത്രോ പഗെല്ലോ എന്ന ഡോക്ടർക്കെഴുതിയതാണ് ഈ കത്ത്. അയാൾക്ക് ഫ്രഞ്ച് തീരെ അറിയില്ല, അവര്‍ക്ക് ഇറ്റാലിയനും. സ്വാഭാവികമായും ആ ബന്ധം നീണ്ടുനിന്നതുമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ