2016, ഒക്‌ടോബർ 5, ബുധനാഴ്‌ച

പ്രണയലേഖനങ്ങൾ(12) - ഓസ്കാർ വൈൽഡ്



ഐറിഷ് കവിയും നാടകകൃത്തും വിമർശകനുമായ ഓസ്കാർ വൈൽഡ് Oscar Wilde (1854-1900)1884ൽ കോൺസ്റ്റൻസ് മേരി ലോയ്ഡ്നെ വിവാഹം കഴിച്ചു; അവർക്ക് രണ്ടു കുട്ടികളുമുണ്ടായി. എന്നാൽ 1891ൽ അന്ന് ഒരു കോളേജ് വിദ്യാർത്ഥിയായിരുന്ന ലോഡ് ആല്ഫ്രഡ് ഡഗ്ളസ്സിനെ പരിചയപ്പെട്ടത് തീവ്രമായ ഒരു പ്രണയബന്ധത്തിലേക്കു നയിച്ചു. വൈൽഡ് സ്നേഹപൂർവം ‘ബോസീ’ എന്നു വിളിച്ചിരുന്ന ഡഗ്ളസ്സുമായുള്ള ബന്ധം കത്തിനിന്ന 1891-95 കാലത്താണ്‌ അദ്ദേഹത്തിന്റെ പില്ക്കാലപ്രസിദ്ധിയ്ക്കാധാരമായുള്ള കൃതികളെല്ലാം എഴുതപ്പെട്ടത്. എന്നാൽ ഡഗ്ളസ്സിന്റെ പിതാവ് വൈൽഡിനെതിരെ ‘സോദോമി’ (പുരുഷനുമായുള്ള സംഭോഗം) ആരോപിച്ചപ്പോൾ അദ്ദേഹം കോടതിയിൽ അപകീർത്തിക്കേസ് കൊടുത്തു. പക്ഷേ തെളിവുകൾ എതിരായപ്പോൾ അദ്ദേഹം കേസ് പിൻവലിച്ചു. ഫ്രാൻസിലേക്കു രക്ഷപ്പെടാൻ സുഹൃത്തുക്കൾ ഉപദേശിച്ചുവെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ഒടുവിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്തു. കോടതിയിൽ വൈൽഡ് തന്റെ ഭാഗം ഉജ്ജ്വലമായി സമർത്ഥിച്ചുവെങ്കിലും ഫലമുണ്ടായില്ല. 1895ൽ അദ്ദേഹത്തെ രണ്ടു കൊല്ലത്തെ കഠിനതടവിനു ശിക്ഷിച്ചു. 1897ൽ ശിക്ഷ കഴിഞ്ഞിറങ്ങിയ വൈൽഡ് ഫ്രാൻസിലേക്കു പോയി. അക്കൊല്ലം ആഗസ്റ്റിൽ ഡഗ്ളസ്സുമായുള്ള ബന്ധം പിന്നെയും തുടർന്നുവെങ്കിലും ഡഗ്ളസ്സിന്റെ കുടുംബം ഇടപെട്ട് അതവസാനിപ്പിക്കുകയായിരുന്നു.



കോൺസ്റ്റൻസ് വൈൽഡിന്‌


എഡിൻബറോ, 1884 ഡിസംബർ 14


ഞാൻ ഇവിടെ, നീ അങ്ങവിടെയും: ഹാ, ആത്മാവുകൾ ഒന്നാണെങ്കിലും നമ്മുടെ ചുണ്ടുകളെ ചുംബനത്തിൽ നിന്നു തടുക്കുന്ന അഭിശപ്തയാഥാർത്ഥ്യങ്ങൾ.

കത്തിലൂടെ ഞാൻ നിന്നോടെന്തു പറയാൻ? കഷ്ടമേ! പറയാനുള്ളതൊന്നും ഞാൻ പറയില്ല. ദേവകൾ അന്യോന്യമയക്കുന്ന സന്ദേശങ്ങൾ പേനയും മഷിയും വഴിയല്ല യാത്ര ചെയ്യുക. നിന്റെ ഭൌതികസാന്നിദ്ധ്യം നിന്നെ കൂടുതൽ യഥാർത്ഥമാക്കുന്നുമില്ല. എന്തെന്നാൽ, എന്റെ മുടിയിൽ നിന്റെ വിരലോടുന്നതും എന്റെ കവിളിൽ നിന്റെ കവിളുരുമ്മുന്നതും ഇപ്പോൾത്തന്നെ ഞാൻ അറിയുന്നുണ്ടല്ലൊ. വായുവിൽ നിന്റെ സ്വരത്തിന്റെ സംഗീതം നിറയുന്നു, എന്റെ ശരീരവും ആത്മാവും എന്റേതാണെന്നുതന്നെ എനിക്കു തോന്നുന്നുമില്ല; ഏതോ അമിതാനന്ദമൂർച്ഛയിൽ അവ നിന്റേതിൽ ലയിക്കുന്നതായി ഞാനറിയുന്നു. നീയില്ലയെങ്കിൽ അപൂർണ്ണനാണു ഞാനെന്നു തോന്നിപ്പോകുന്നു.

എന്നുമെന്നും നിന്റെയായ

ഓസ്കാർ

ഞായറാഴ്ച വരെ ഞാൻ ഇവിടെത്തന്നെയുണ്ടാവും.

ആല്ഫ്രഡ് ഡഗ്ളസിന്



1891


എനിക്കു മാത്രം സ്വന്തമായ പ്രിയപ്പെട്ട കുട്ടീ,

നീ അയച്ച ഗീതകം വളരെ മനോഹരമായിരിക്കുന്നു. നിന്റെയാ പനിനീർപ്പൂവിതൾച്ചുണ്ടുകൾ ചുംബനത്തിന്റെ ഉന്മാദത്തിനെന്നപോലെ കവിതയുടെ സംഗീതത്തിനും വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നത് വിസ്മയകരം തന്നെ. ലോലവും സുവർണ്ണവുമായ നിന്റെയാത്മാവ് വികാരത്തിനും കവിതയ്ക്കുമിടയിൽ ചുവടു വയ്ക്കുന്നു. അപ്പോളോ ഭ്രാന്തമായി പ്രേമിച്ച ഹയാസിന്തസ് യവനകാലത്തു നീയായിരുന്നുവെന്നു ഞാനറിയുന്നു. എന്തിനാണു നീ ലണ്ടനിൽ ഒറ്റയ്ക്കു കഴിയുന്നത്? എന്നാണു നീ സാലിസ്ബറിയിലേക്കു പോവുക? അവിടെയ്ക്കു പോവുക, ഗോഥിക് വസ്തുക്കളുടെ വിളറിയ സാന്ധ്യവെളിച്ചത്തിൽ നിന്റെ കൈകൾക്കു കുളിരു നല്കുക, ഇഷ്ടമുള്ളപ്പോൾ നിനക്കിങ്ങോട്ടു വരികയുമാവാം. വളരെ നല്ല സ്ഥലമാണിവിടെ; നിന്റെയൊരു കുറവേയുള്ളു. ആദ്യം പക്ഷേ, സാലിസ്ബറിയിലേക്കു പോവുക.

ഒരിക്കലും മരിക്കാത്ത പ്രേമത്തോടെ,


ഓസ്കാർ



1895 മേയ് 20


എന്റെ കുട്ടീ,

എന്റെ ഓമനപ്പനിനീർപ്പൂവേ, എന്റെ വിലോലപുഷ്പമേ, ലില്ലിപ്പൂക്കളിൽ വച്ചു ലില്ലിപ്പൂവേ, പ്രണയത്തിന്റെ ബലം ഞാൻ പരീക്ഷിക്കാൻ പോകുന്നത് തടവറയിൽ വച്ചാണെന്നു വരാം. കൈയ്പുള്ള വാർഡർമാരെ എനിക്കു നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൊണ്ട് മധുരിപ്പിക്കാൻ പറ്റുമോയെന്നു നോക്കാൻ പോവുകയാണു ഞാൻ. നാം തമ്മിൽ പിരിയുന്നതാവും ബുദ്ധിയെന്ന് ചില നിമിഷങ്ങളിൽ ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്. ഹാ! ദൗർബല്യത്തിന്റെയും ഉന്മാദത്തിന്റെയും നിമിഷങ്ങൾ! അതെന്റെ ജീവിതത്തെ അംഗഭംഗപ്പെടുത്തുമായിരുന്നുവെന്ന്, എന്റെ കലയെ നശിപ്പിക്കുമായിരുന്നുവെന്ന്, ആത്മാവിനെ എല്ലാം തികഞ്ഞതാക്കുന്ന സംഗീതത്തിന്റെ തന്ത്രികൾ പൊട്ടിച്ചുകളയുമായിരുന്നുവെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു. ചെളിയിൽ മുങ്ങിനിന്നായാല്പോലും നിന്നെ ഞാൻ സ്തുതിക്കും, കൊടുംഗർത്തത്തിനുള്ളിൽക്കിടന്നും നിന്നെ ഞാൻ കരഞ്ഞുവിളിക്കും. എന്റെ ഏകാന്തതയിൽ എന്നോടൊപ്പം നീയുണ്ടാകും. ആരോടും കലഹിക്കാനില്ലെന്നു ഞാൻ തീരുമാനമെടുത്തുകഴിഞ്ഞു; എന്നോടു കാട്ടുന്ന എല്ലാ അതിക്രമങ്ങളെയും പ്രണയത്തോടുള്ള സമർപ്പണത്തോടെ ഞാൻ ഏറ്റുവാങ്ങും. എന്റെ ആത്മാവിൽ നിന്റെ പ്രതിരൂപം കുടികൊള്ളുന്നിടത്തോളം കാലം ശരീരത്തിനേല്ക്കുന്ന അവമാനങ്ങൾ ഞാൻ സഹിച്ചുകൊള്ളാം. ആ പട്ടു പോലത്തെ മുടി മുതൽ മൃദുലമായ കാലടികൾ വരെ നീയെനിക്കു പൂർണ്ണതയാണ്‌.  ആനന്ദം പ്രണയത്തെ നമ്മിൽ നിന്നു മറയ്ക്കുന്നു; അതിന്റെ സ്വരൂപം നമുക്കു കാട്ടിത്തരുന്നത് വേദനയാണ്‌. സൃഷ്ടികളിൽ വച്ചേറ്റവും പ്രിയപ്പെട്ടതേ, മൗനവും ഏകാന്തതയും കൊണ്ടു മുറിപ്പെട്ട ഒരാൾ അവമാനിതനായി, പരിഹാസപാത്രമായി നിന്റെയടുത്തെത്തുമ്പോൾ സ്പർശനത്താൽ അയാളുടെ മുറിവുണക്കാൻ നിനക്കു കഴിയും. നിനക്കു ദുഷ്കരമായി അപ്പോൾ യാതൊന്നുമുണ്ടാവില്ല; ആ പ്രത്യാശയാണ്‌, ആ പ്രത്യാശയൊന്നു മാത്രമാണ്‌ എന്റെ ജീവൻ നിലനിർത്തുന്നതെന്നും ഓർക്കുക. ദാർശനികനു ജ്ഞാനമെന്താണോ, പുണ്യവാളനു ദൈവമെന്താണോ അതു തന്നെയാണ്‌ എനിക്കു നീയും. നിന്നെ എന്റെയുള്ളിൽ കാത്തുവയ്ക്കുക- മനുഷ്യർ ജീവിതമെന്നു വിളിയ്ക്കുന്ന ആ യാതനയുടെ ലക്ഷ്യം എനിക്കതാണ്‌. എന്റെ പ്രണയമേ, മറ്റെന്തിലുമപരിയായി ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്നവനേ, കൊഴുവിറങ്ങാത്ത പാടത്തെ വെളുത്ത നാഴ്സിസസ് പൂവേ, നിന്റെ മേൽ വന്നുവീഴാൻ പോകുന്ന ഭാരത്തെക്കുറിച്ചോർക്കുക, പ്രണയത്തിനു മാത്രം ലഘൂകരിക്കാനാവുന്ന ഭാരത്തെ. അതോർത്തു ദുഃഖിക്കുകയും വേണ്ട; ഇപ്പോൾ നരകത്തിൽ കിടന്നു കരഞ്ഞുവിളിയ്ക്കുകയാണെങ്കിലും ഹൃദയത്തിൽ സ്വർഗ്ഗം സൂക്ഷിക്കുന്ന ഒരു മനുഷ്യജീവിയുടെ ആത്മാവിൽ അനശ്വരപ്രണയം നിറയ്ക്കാൻ തനിക്കായി എന്നതിൽ സന്തോഷിക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു, ഞാൻ നിന്നെ സ്നേഹിക്കുന്നു; നിന്റെ പ്രണയം വിടർത്തിയ പനിനീർപ്പൂവാണെന്റെ ഹൃദയം, നിന്റെ നിശ്വാസത്തിന്റെ ഹൃദ്യമായ ഇളംതെന്നൽ വീശുന്ന മരുഭൂമിയാണെന്റെ ജീവിതം, അതിലെ കുളിർനീരുറവകളാണു നിന്റെ കണ്ണുകൾ. നിന്റെ കുഞ്ഞുകാലടിപ്പാടുകൾ എനിക്കു തണലിന്റെ തടങ്ങൾ തീർക്കുന്നു, നിന്റെ മുടിയിഴകൾ കുന്തിരിക്കം പോലെ മണക്കുന്നു, നീ പോകുന്നിടത്തെല്ലാം ഇലവർങ്ങത്തിന്റെ പരിമളം പരക്കുന്നു.

എന്നുമെന്നെ പ്രേമിക്കൂ, എന്നുമെന്നെ പ്രേമിക്കൂ. പ്രണയത്തിന്റെ പാരമ്യവും പൂർണ്ണതയുമാണു നീ; രണ്ടാമതൊന്നുണ്ടാവുക വയ്യ.

ഓടിപ്പോകാതിരിക്കുന്നതാണു കൂടുതൽ കുലീനവും സുന്ദരവുമെന്നു ഞാൻ തീരുമാനിച്ചു. ഭീരുവായോ ഒളിച്ചോടിയവനായോ അറിയപ്പെടാതിരിക്കാൻ ഞാൻ ആഗ്രഹിച്ചു. ഒരു കള്ളപ്പേര്‌, പ്രച്ഛന്നവേഷം, വേട്ടമൃഗത്തിന്റെ ജീവിതം, അതൊന്നും വേണ്ടെനിക്ക്, സുന്ദരവസ്തുക്കൾ രൂപം മാറുന്ന ആ മലമുടി മേൽ വച്ച് നീ ദർശനം തന്ന എനിക്ക്.

യൗവനത്തിന്റെ മാധുര്യമേ, പ്രണയത്തിന്റെ പൂർണ്ണതേ, എന്റെയാത്മാവ് നിന്റെയാത്മാവിൽ ഒട്ടിച്ചേരുന്നു, എന്റെ പ്രാണൻ നിന്റെ പ്രാണൻ തന്നെയാകുന്നു, വേദനയുടെയും ആനന്ദത്തിന്റെയും ഈ ലോകത്ത് എനിക്കാരാധിക്കാനും ആഹ്ളാദിക്കാനുമുള്ള ആദർശവും നീ തന്നെയാകുന്നു.

ഓസ്കാർ

അഭിപ്രായങ്ങളൊന്നുമില്ല: