2016, ഒക്‌ടോബർ 6, വ്യാഴാഴ്‌ച

പ്രണയലേഖനങ്ങൾ(15)- ലൂയിസ് കാരൾ




എത്രയും പ്രിയപ്പെട്ട മേയ്,

പീച്ച് പഴങ്ങൾക്കു വളരെ വളരെ നന്ദി. അവ സ്വാദിഷ്ഠമായിരുന്നു. നിന്നെ ചുംബിക്കുന്നത്ര നന്നായിരുന്നു അവ; അത്രതന്നെ എന്നു ഞാൻ പറയുന്നില്ല; നോക്കട്ടെ, അതിന്റെ കൃത്യമായ അളവെടുത്താൽ, ഒരു മുക്കാൽ ഭാഗത്തോളം അതുപോലെ എന്നു ഞാൻ പറയും. എത്ര നല്ല കാലാവസ്ഥയാണെന്നോ ഞങ്ങൾക്കിവിടെ! മനോഹരമാണു കടലോരം. ഞാനങ്ങനെ നടന്നുപോകുമ്പോൾ പാറകൾക്കിടയിൽ തളം കെട്ടിയ വെള്ളത്തിൽ നീ തൂവാലയും കഴുകിക്കൊണ്ടു നില്ക്കുന്നതായി ഒരു ദിവസം എന്റെ കണ്ണില്പെടണമെന്നേ എനിക്കൊരാഗ്രഹമുള്ളു! പക്ഷേ ഞാൻ കടലോരത്തലഞ്ഞുനടക്കുന്നതും നിന്നെ തേടുന്നതും വെറുതെ: ഞാൻ അപ്പോൾ ചോദിച്ചുപോകുന്നു, “എവിടെ മേയ്?” ബുദ്ധികെട്ട ആ വള്ളക്കാർ പറയുകയാണ്‌, “മേയ് ആയിട്ടില്ല സാർ; ഇതു സെപ്തംബറാണ്‌!” പക്ഷേ അതെനിക്കു സാന്ത്വനമാകുന്നുമില്ല.

എന്നും നിനക്കു പ്രിയപ്പെട്ട

സി.എൽ.ഡി
-------------------------------------------------------------------------------------------------------

ഗണിതശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ലൂയിസ് കാരൾ Lewis Carroll(1832-1898) പത്തു വയസ്സുകാരിയായ മേയ് മൈൽഹാമിനെ (May Mileham) ആദ്യമായി കാണുന്നത് 1884ൽ ഒരു ബ്രിട്ടീഷ് കടലോരഗ്രാമത്തിൽ  അവൾ അച്ഛനമ്മമാർക്കൊപ്പം അവധിക്കാലം ആഘോഷിക്കാൻ വന്നപ്പോഴാണ്‌. കടലോരത്തു കൂടി വെറുതേ നടന്നുവെന്നും ‘മേയ്’ എന്ന, ഏതാണ്ട് പത്തു വയസ്സു പ്രായമുള്ള ഒരു പെൺകുട്ടിയുമായി കുറച്ചു നേരം വർത്തമാനം പറഞ്ഞുവെന്നും അന്നത്തെ ഡയറിയിൽ ലൂയിസ് കാരൾ എഴുതുന്നുണ്ട്. അവളുടെ അച്ഛനും അമ്മയ്ക്കും എതിർപ്പൊന്നും ഉണ്ടായില്ല. മിക്കവാറും എല്ലാ ദിവസവും അവർ തമ്മിൽ കാണുന്നുണ്ട്. ഒരു വാരാന്ത്യത്തിൽ അവളെ കുടുംബസുഹൃത്തുക്കളുടെ സംരക്ഷണയിൽ ഏല്പിച്ചിട്ട് അച്ഛനും അമ്മയും മറ്റൊരു സ്ഥലത്തേക്കു പോയിരുന്നു. അന്ന് ലൂയിസ് കാരൾ അവളെയും കൂട്ടി ലണ്ടനിലേക്ക് ഒരു പകൽയാത്ര നടത്തി. അവർ ചേറിങ്ങ് ക്രോസ് എന്ന റസ്റ്റാറണ്ടിൽ നിന്ന് ആഹാരം കഴിക്കുകയും തിയേറ്ററിൽ പോവുകയും ഗ്വിൽഡ്ഫോർഡിൽ അദ്ദേഹത്തിന്റെ കുടുംബവീട് സന്ദർശിക്കുകയും ചെയ്തു. പിന്നീട് രണ്ടു കൊല്ലത്തോളം അദ്ദേഹം അവൾക്കു കത്തുകൾ എഴുതിയിരുന്നു. (കത്തെഴുത്തിന്റെ കാര്യത്തിൽ ലൂയിസ് കാരൾ ഒരു ധൂർത്തനായിരുന്നു. തന്റെ ജീവിതകാലത്തിനിടയിൽ 97,000 കത്തുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്; കൂടാതെ ‘ കത്തെഴുത്തിനെക്കുറിച്ച് എട്ടൊമ്പത് വിദഗ്ധോപദേശങ്ങൾ’ എന്നൊരു ലഘുലേഖയും!) എന്നാൽ 1887ന്റെ തുടക്കത്തിൽ ഡയറിയിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: ‘മേയുടെ അച്ഛനമ്മമാർ ഞങ്ങളുടെ സൗഹൃദം അവസാനിപ്പിച്ചു.’ മേയ് പിന്നീട് തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ ഒരാളെ വിവാഹം കഴിച്ചു.

ലൂയിസ് കാരൾ ഒരു പത്തു വയസ്സുകാരി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത് ഇതാദ്യമായിട്ടല്ല. ആലിസ് ലിഡ്ഡെൽ എന്ന പത്തുവയസ്സുകാരിയെ രസിപ്പിക്കാനായി പറഞ്ഞ കഥകളാണ്‌ പിന്നീട് ‘അത്ഭുതലോകത്തെ ആലിസ്’ എന്ന പേരിൽ പുസ്തകമായത്.


അഭിപ്രായങ്ങളൊന്നുമില്ല: