1908 ജൂലൈ 18
“ഒരാൾ തന്റെ ഏറ്റവുമടുത്ത ഒരു സുഹൃത്തിന്, അതും പോകട്ടെ, താൻ സ്നേഹിക്കുന്നവൾക്ക് കത്തെഴുതുമ്പോൾ തന്റെ കൈയിലുള്ള ഏറ്റവും നല്ല വേഷമെടുത്തണിയുകയാണയാൾ. കാരണം ആ കത്തിന്റെ സ്വസ്ഥതയിൽ, നീലക്കടലാസ്സിന്റെ പ്രശാന്തതയിൽ തന്റെ ഏറ്റവും ആത്മാർത്ഥമായ അനുഭൂതികൾ പകർത്തിവയ്ക്കാൻ അയാൾക്കു കഴിയുന്നു. ദൈനന്ദിനോപയോഗം കൊണ്ട് അത്രമേൽ മലിനപ്പെട്ടുപോയ നാവിനും വാമൊഴിയ്ക്കും പേനയ്ക്കു നിശബ്ദമെഴുതാൻ കഴിയുന്ന ആ സൌന്ദര്യത്തെ തുറന്നുപറയാനുള്ള കഴിവില്ലാതായിരിക്കുന്നു.”
ഇന്നു കാലത്തു നിന്റെ കത്തു വന്നപ്പോൾ സ്ട്രിൻഡ്ബർഗ് പറഞ്ഞത് എനിക്കോർക്കാതിരിക്കാൻ കഴിഞ്ഞില്ല...
നീ അയച്ച മനോഹരമായ കുഞ്ഞുപൂക്കൾ മലകളോടുള്ള എന്റെ അഭിനിവേശത്തെ പിന്നെയും വിളിച്ചുണർത്തിയിരിക്കുന്നു. എന്തു ഭാഗ്യവതിയാണു നീ! ഊതനിറത്തിലുള്ള തൊട്ടാവാടിപ്പൂവുകളും കറുത്ത ബ്യൂഗിളുകളും കടുംചുവപ്പു റോഡോഡെൻഡ്രോണുകളും നിറഞ്ഞ മലമുകളിലെ പുല്പരപ്പുകൾ, മരക്കുറ്റികളും ചില്ലകളും ചിതറിക്കിടക്കുന്ന കൊല്ലികൾ, വെളുത്ത പാറക്കൂട്ടങ്ങൾക്കിടയിലെ കറുത്ത ഉടുമ്പുകൾ, മുരടിച്ച പൈന്മരങ്ങൾക്കടിയിലെ കാട്ടുകോഴിപ്പറ്റങ്ങൾ- ഇതെല്ലാം എനിക്കു സ്വപ്നം കാണാനേ കഴിയൂ. അതൊക്കെ നിന്റെ തട്ടകമാണ്, നീയാണവിടെ റാണി. ഇങ്ങുതാഴെയുള്ള സമതലജീവികൾക്ക് അസൂയയോടെയോ ആരാധനയോടെയോ ആ ഉയരങ്ങളിലേക്കു നോക്കി നില്ക്കാമെന്നു മാത്രം.
പക്ഷേ അവിടെയ്ക്കു നയിക്കുന്ന വഴികൾ എനിക്കറിയാം, അധികമാരും പോയിട്ടില്ലാത്ത വഴികളും. അങ്ങു മുകളിലൊരിടത്ത്, കാറ്റിനും മേഘത്തിനുമിടയിൽ, മഞ്ഞു കൊണ്ടു മരവിച്ചതെങ്കിലും പ്രണയം കൊണ്ടു ചൂടുള്ള കൈയും നീട്ടി നിന്നെ എതിരേല്‍ക്കാന്‍ ഞാൻ നില്പുണ്ടാവും.
പക്ഷേ എന്റെ ഏറ്റവും നല്ല വേഷമഴിച്ചുവച്ചിട്ട് (കണ്ടാൽ ടൂറിസ്റ്റുകളുടെ വേഷം പോലെയുണ്ടിത്) ഞാനിനി ദൈനന്ദിനവേഷം എടുത്തു ധരിക്കട്ടെ; കാരണം പോസ്റ്റുമാൻ കാത്തു നില്ക്കുകയാണ്! അവസാനിപ്പിക്കുന്നതിനു മുമ്പ് സ്ട്രിൻഡ്ബർഗിൽ നിന്ന് ഇതുകൂടി: “കമിതാക്കളുടെ ആത്മാക്കൾ യഥാർത്ഥജീവിതത്തിലെന്നതിനെക്കാൾ നന്നായിട്ടാണ് കത്തുകളിൽ പ്രത്യക്ഷപ്പെടുന്നതെങ്കിൽ അതിൽ കൃത്രിമമോ കാപട്യമോ ഒന്നുമില്ല. കാമുകൻ തന്റെ പ്രണയലേഖനങ്ങളിൽ കളവു കാണിക്കുന്നുമില്ല. താൻ യഥാർത്ഥത്തിലും നല്ലവനാണെന്നു പെരുപ്പിച്ചുകാട്ടുകയുമല്ലയാൾ: അയാൾ കൂടുതൽ നല്ലവനാവുകയാണ്, ആ നിമിഷങ്ങളിൽ അയാൾ കൂടുതൽ നല്ലവനാണ്. അയാൾ യഥാർത്ഥത്തിൽ താൻ തന്നെയാവുന്നത് ഈ തരം നിമിഷങ്ങളിലാണ്, ജീവിതത്തിനു നമുക്കു നല്കാവുന്ന ഏറ്റവും മഹത്തായ നിമിഷങ്ങളിൽ.”
1909
എന്റെ മുറിയിൽ സൌമ്യമായൊരു പരിമളം തങ്ങിനില്ക്കുന്നു. നിന്റെ മനോഹരമായ മൂടുപടമെടുത്തു മുഖത്തണയ്ക്കുമ്പോൾ നിന്റെ ഊഷ്മളമായ മധുരനിശ്വാസം ഞാനറിയുന്നു. ഇന്നലെ നീ ഇറുത്തെടുത്തുതന്ന വയലറ്റുകൾ എന്റെ ബട്ടൺ ഹോളിലിരുന്നു വാടിപ്പോയെങ്കിലും ഇന്നവ വീണ്ടും വിടർന്നു നില്ക്കുന്നു, അവയിൽ നിന്നു നേർത്തൊരു പുതുമണം പരക്കുന്നു. സോഫയിലെ മെത്തയും ജനാലയ്ക്കലെ കസേരയും നിന്റേതാണു ഹെലൻ, നിന്റെ സാന്നിദ്ധ്യത്തോടു ബന്ധപ്പെട്ടവയാണവ.
എന്റെ മുറിയിലുള്ള സർവതും അങ്ങനെതന്നെ: മുന്നിൽ നിന്നു നീ മുടിയൊതുക്കിയ കണ്ണാടി; അത്ര ഗൌരവത്തോടെ (നമ്മുടെ ഏറ്റവും ആഹ്ളാദകരമായ നിമിഷങ്ങളിൽ പോലും) നീ പുറത്തേക്കു നോക്കിനിന്ന ജനാല; നിന്റെ മുടിയിഴകളിൽ പൊന്നു പൂശിയ പോക്കുവെയിലിന്റെ വിളർത്ത കതിരുകൾ; സ്റ്റൌവിൽ ആളീക്കത്തിയ തീനാളങ്ങൾ; കട്ടിലിൻ തലയ്ക്കലെ മേശ മേലിട്ടിരുന്ന കൊച്ചുവിരി- എല്ലാം, എല്ലാം നിന്റേതു തനെ.
എന്റെ മുറിയിലുള്ള സർവതും അങ്ങനെതന്നെ: മുന്നിൽ നിന്നു നീ മുടിയൊതുക്കിയ കണ്ണാടി; അത്ര ഗൌരവത്തോടെ (നമ്മുടെ ഏറ്റവും ആഹ്ളാദകരമായ നിമിഷങ്ങളിൽ പോലും) നീ പുറത്തേക്കു നോക്കിനിന്ന ജനാല; നിന്റെ മുടിയിഴകളിൽ പൊന്നു പൂശിയ പോക്കുവെയിലിന്റെ വിളർത്ത കതിരുകൾ; സ്റ്റൌവിൽ ആളീക്കത്തിയ തീനാളങ്ങൾ; കട്ടിലിൻ തലയ്ക്കലെ മേശ മേലിട്ടിരുന്ന കൊച്ചുവിരി- എല്ലാം, എല്ലാം നിന്റേതു തനെ.
ഞാൻ തന്നെ പൂർണ്ണമായും നിന്റെയൊരു ‘സൃഷ്ടി’യാണെന്നു കാണുമ്പോൾ അതിൽ അത്ഭുതപ്പെടാനുമില്ല. എന്റെ സകല സമ്പാദ്യങ്ങളും, എന്റെ ചിന്ത തന്നെയും, നിന്നിൽ നിന്നൊരു വായ്പയോ വരമോ ആണ്. ഉദാഹരണത്തിന്, രാവിലെ വേഷം മാറിക്കൊണ്ടു നില്ക്കുമ്പോൾ ഒരു വിഷയമോ ഭാവമോ ഒരീണമങ്ങനെ തന്നെയോ മനസ്സിലുദിച്ചുവെന്നിരിക്കട്ടെ- നിന്നിൽ നിന്നതു പറന്നുവന്നതായിട്ടേ എനിക്കെന്നും തോന്നിയിട്ടുള്ളു. എല്ലാക്കാര്യത്തിലും അങ്ങനെ തന്നെയാണ്: സാധാരണയിൽ നിന്നു വ്യത്യസ്തമായതെന്തെങ്കിലും വായിക്കുമ്പോൾ അതിലെ ക്ളിഷ്ടമായ ഭാഗങ്ങൾ എനിക്കു മനസ്സിലാകുന്നതും അതിലെ നിഗൂഢതകളിലേക്കെനിക്കു വെളിച്ചം കിട്ടുന്നതും നിന്നിലൂടെ മാത്രമാണെന്നു ഞാൻ സങ്കല്പിച്ചുപോകുന്നു, ഹെലൻ. വായന എന്നു ഞാൻ പറഞ്ഞത് വ്യാപകമായ അർത്ഥത്തിലാണ്. സൂക്ഷ്മവേദിയായ ഒരു വായനക്കാരന്റെ കണ്ണുകൾ വച്ചു ഞാൻ പ്രകൃതിയെ നോക്കുമ്പോൾ, സംഗീതത്തിനു കാതു കൊടുക്കുമ്പോൾ, ഒരു ചിത്രം കാണുമ്പോൾ- നിന്നിലൂടെ മാത്രം എനിക്കുള്ളിൽ ജീവൻ വച്ചതിന്റെയൊക്കെ ഒരു പട്ടിക പക്ഷേ, ഞാനെന്തിനു നിരത്തണം?
ഹെലൻ, നീയില്ലാതെ ഞാനെങ്ങനെ ജീവിക്കും!
ഞാൻ പൂർണ്ണമായും നിന്റെയാണ്
-------------------------------------------------------------------------------------------------------------------അൽബെൻ ബർഗ് Alban Maria Johannes Berg(1885-1935)- ആധുനികസംഗീതത്തിലെ ക്ളാസിസിസ്റ്റ് എന്നറിയപ്പെടുന്ന സംഗീതജ്ഞൻ. ബുഷ്നറുടെ ‘വൊയ്ചെക്’ എന്ന നാടകത്തെ അധികരിച്ചു ചെയ്ത ‘Wozzeck' എന്ന ഓപ്പെറയാണ് പ്രധാനരചന. 1906ലാണ് ബർഗ് ഗായികയും ഒരു ധനികകുടുംബാംഗവുമായ ഹെലെൻ നഹോവ്സ്കിയെ ആദ്യമായി കാണുന്നത്. ഹെലെന്റെ കുടുംബത്തിൽ നിന്ന് എതിർപ്പുകളുണ്ടായിരുന്നെങ്കിലും 1911ന് അവർ വിവാഹിതരായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ