2016, ഒക്‌ടോബർ 22, ശനിയാഴ്‌ച

പ്രണയലേഖനങ്ങള്‍ (32)- ഷില്ലെർ

schiller



ജർമ്മൻ കവിയും നാടകകൃത്തും ചരിത്രകാരനും വിവർത്തകനുമായ യൊഹാൻ ക്രിസ്റ്റോഫ് ഫ്രീഡ്രിക് വോൺ ഷില്ലെർ Johann Christoph Friedrich von Schiller (1759-1805) ഷാർലോട്ടെ (Charlotte von Lengefeld)യെ ആദ്യമായി കാണുന്നത് 1785ലാണ്‌; അന്ന് അവരുടെ സഹോദരി കരോലീനെയും ഒപ്പമുണ്ടായിരുന്നു. വർഷങ്ങൾ നീണ്ട കത്തെഴുത്തിൽ പിന്നെ 1790 ഫെബ്രുവരിയിൽ അവർ വിവാഹിതരായി. അവർക്ക് നാലു കുട്ടികളുണ്ടായി. ജീവിതകാലം മുഴുവൻ അനാരോഗ്യവാനായിരുന്ന ഷില്ലെർ 1805ൽ മരിച്ചു; 20 കൊല്ലം കഴിഞ്ഞ് ഷാർലോട്ടെയും. വിവാഹത്തിന്‌ ഏഴു മാസം മുമ്പെഴുതിയതാണ്‌ ഈ കത്ത്; തനിക്കു വേണ്ടി സംസാരിക്കാൻ ഷില്ലെർ കരോലീനെയുടെ സഹായം തേടിയിട്ടുണ്ടാവണം, അനുകൂലമായ ഒരു പ്രതികരണം ലോട്ടെയിൽ നിന്നു ലഭിച്ചിട്ടുമുണ്ടാവണം.



1789 ആഗസ്റ്റ് 3

ഞാൻ കേട്ടത് സത്യമാണോ, പ്രിയപ്പെട്ട ലോട്ടെ? കരോലീനെ നിന്റെ ആത്മാവ് വായിച്ചെടുത്തിരിക്കുന്നുവെന്നും ഞാൻ ചോദിക്കാൻ പേടിച്ച ചോദ്യത്തിന്‌ നിന്റെ ഹൃദയത്തിന്റെ മറുപടിയാണ്‌ അവൾ പറഞ്ഞതെന്നും എനിക്കാശിക്കാമോ? നാം പരിചയപ്പെട്ട ഇത്രയും കാലം എനിക്കു മറച്ചു പിടിക്കേണ്ടി വന്ന ഈ രഹസ്യം എനിക്കെത്ര ദുർവഹമായിരുന്നുവെന്നോ! നാം ഒരുമിച്ചുണ്ടായിരുന്ന ആ കാലത്ത് അതു തുറന്നു പറയുക എന്ന ഉദ്ദേശ്യത്തോടെ ധൈര്യം സംഭരിച്ചുകൊണ്ട് പലപ്പോഴും ഞാൻ നിന്റെയടുക്കൽ വന്നിരുന്നു. അപ്പോഴൊക്കെ അധൈര്യം എന്നെ കീഴടക്കുകയായിരുന്നു. എന്റെ ആഗ്രഹത്തിൽ സ്വാർത്ഥതയാണ്‌ മറഞ്ഞുകിടക്കുന്നതെന്ന് ഞാൻ കരുതി; സ്വന്തം സന്തോഷം മാത്രമേ ഞാൻ കാണുന്നുള്ളുവെന്ന് ഞാൻ പേടിച്ചു; ആ ചിന്തയാണ്‌ എന്നെ പിന്നോട്ടടിച്ചത്. നീ എനിക്കെന്താണോ, അതു നിനക്കാവാൻ എനിക്കു കഴിയാതെ വന്നാൽ ഞാനനുഭവിക്കുന്ന യാതന നിന്നെ വേദനിപ്പിക്കുമായിരുന്നു; ആ തുറന്നുപറച്ചിൽ കാരണം നമ്മുടെ സൗഹൃദത്തിനടിയിലുള്ള അതിമനോഹരമായ ഹൃദയൈക്യം തകരുമായിരുന്നു. അന്നെനിക്കു കിട്ടിയിരുന്ന നിന്റെ സഹോദരസ്നേഹവും എനിക്കു നഷ്ടപ്പെടുമായിരുന്നു. എന്നാൽ എന്റെ ആശകൾ പിന്നെയും പിടഞ്ഞെഴുന്നേല്ക്കുന്ന ചില നിമിഷങ്ങളുണ്ടായിരുന്നു; നമുക്കന്യോന്യം നല്കാനാകുന്ന സന്തോഷം മറ്റേതു പരിഗണനകളേയും തുച്ഛമാക്കുന്നതായി ആ നിമിഷങ്ങളിൽ എനിക്കു തോന്നും; മറ്റെന്തും അതിനടിയറ വയ്ക്കുന്നതാണ്‌ കുലീനത എന്നുപോലും ഞാൻ ചിന്തിച്ചു. ഞാൻ കൂടാതെ നിനക്കു സന്തോഷവതിയാവാനായെന്നു വരാം- എന്നാൽ ഞാൻ കാരണം നീ അസന്തുഷ്ടയാവില്ല. ആ ചിന്ത എന്നിൽ ജീവനെടുത്തു നിന്നിരുന്നു- ഞാൻ എന്റെ പ്രതീക്ഷകൾ കെട്ടിപ്പൊക്കിയതും അതിന്മേലായിരുന്നു.

നിനക്കു നിന്നെ മറ്റൊരാൾക്കു സമർപ്പിക്കാം; എന്നാൽ എന്റേതിനെക്കാൾ നിർമ്മലവും പൂർണ്ണവുമായ ഒരു സ്നേഹം നിനക്കു നല്കാൻ മറ്റൊരാൾക്കുമാവില്ല. മറ്റൊരാൾക്കും നിന്റെ സന്തോഷം ഇത്ര പാവനമാവില്ല, എനിക്കെന്നപോലെ, എന്നുമെന്നപോലെ. എന്റെ ജീവിതമാകെ, ജീവനുള്ളതായി എന്നിലുള്ളതെല്ലാം, എല്ലാം എത്രയും പ്രിയപ്പെട്ടവളേ, നിനക്കു ഞാനർപ്പിക്കുന്നു; ഉത്കൃഷ്ടനാവാൻ ഞാൻ ശ്രമിക്കുന്നുവെങ്കിൽ അത് അത്രയ്ക്കു നിനക്കു ഞാനർഹനാവാൻ വേണ്ടിയാണ്‌, അത്രയ്ക്കു നിന്നെ സന്തോഷവതിയാക്കാൻ വേണ്ടിയാണ്‌. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും മനോഹരവും അനശ്വരവുമായ ബന്ധനത്തിൽ പെടുമ്പോഴാണ്‌ ആത്മാവുകൾ ഉത്കൃഷ്ടമാവുക. നമ്മുടെ സൗഹൃദവും സ്നേഹവും അവയ്ക്കു നാം ആധാരമാക്കുന്ന വികാരങ്ങൾ പോലെതന്നെ നിത്യവും അനശ്വരവുമാകുന്നു.

ഇനി, നിന്റെ ഹൃദയത്തിനു തടയിടുന്ന സർവതും മറക്കുക, നിന്റെ മനോവികാരങ്ങളെ സ്വയം സംസാരിക്കാൻ വിടുക. കരോലിനെ എനിക്കു തന്ന പ്രതീക്ഷയ്ക്ക് നീ ഉറപ്പു നല്കുക. നീ എന്റേതാവുമെന്നും എന്റെ സന്തോഷത്തിനായി ഒരു ത്യാഗവും നിനക്കു സഹിക്കേണ്ടി വരില്ലെന്നും എന്നോടു പറയുക. അതു നീ ഉറപ്പു നല്കുക, ഒരേയൊരു വാക്കു മതി അതിന്‌. നമ്മുടെ ഹൃദയങ്ങൾ തമ്മിൽ അടുത്തിട്ട് വളരെക്കാലമായിരിക്കുന്നു. അവ തമ്മിൽ ലയിക്കുന്നതിനു തടസ്സമായി കിടക്കുന്ന ആ ഒരു ബാഹ്യവസ്തു ഇനി മറഞ്ഞുപോകട്ടെ; നമ്മുടെ ആത്മാവുകളുടെ സ്വതന്ത്രവേഴ്ചയ്ക്ക് യാതൊന്നും, യാതൊന്നും ശല്യമായിക്കൂടാ. വിട, പ്രിയപ്പെട്ട ലോട്ടേ! പ്രശാന്തമായ ഒരു നിമിഷത്തിനായി ഞാൻ കൊതിക്കുന്നു; ഒരാഗ്രഹം മാത്രം ഹൃദയത്തിൽ കുടി കൊണ്ടിരുന്ന ആ ആ ദീഘകാലത്ത് എന്നെ സന്തുഷ്ടനാക്കുകയും പിന്നെ അസന്തുഷ്ടനാക്കുകയും ചെയ്ത വികാരങ്ങൾ നിനക്കായി എനിക്കു വിവരിക്കണം...എന്റെ മനശ്ശല്യത്തെ എന്നെന്നേക്കുമായി ദൂരീകരിക്കാൻ ഇനിയും വൈകരുതേ; എന്റെ ജീവിതാനന്ദങ്ങളാകെ ഞാൻ നിന്റെ കൈയിൽ വച്ചുതരുന്നു...വിട, എനിക്കേറ്റവും വേണ്ടപ്പെട്ടവളേ!

അഭിപ്രായങ്ങളൊന്നുമില്ല: