2016, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

പ്രണയലേഖനങ്ങൾ (16)-ക്ലെയ്ര്‍ ക്ളെയ്ർമൊണ്ട്





ചുരുക്കിയെഴുതാൻ അങ്ങെന്നോടാവശ്യപ്പെടുന്നു; എനിക്കാവട്ടെ, അത്രയധികം എഴുതാനുമുണ്ട്. അങ്ങയുടെ പേരിൽ ഒരഭിനിവേശം മനസ്സിൽ കൊണ്ടുനടക്കാൻ എനിക്കു കാരണമായത് ഏതോ ഭ്രമമാണെന്നു വിശ്വസിക്കാനും അങ്ങെന്നോടാവശ്യപ്പെടുന്നു. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ഏകാന്തധ്യാനങ്ങൾക്കു വിഷയമായിരുന്നത് അങ്ങാണെന്നിരിക്കെ അതു വെറുമൊരു ഭ്രമമാവുകയുമില്ല.

അങ്ങെന്നെ സ്നേഹിക്കണമെന്നു ഞാൻ പറയുന്നില്ല, അങ്ങയുടെ സ്നേഹത്തിനർഹയല്ല ഞാൻ. എന്നെക്കാൾ മേലെയാണങ്ങെന്നെനിക്കറിയാം; എന്നാൽ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്, അതിലുമധികം എന്നെ ആനന്ദിപ്പിച്ചുകൊണ്ട് നിദ്രാണമെന്നു ഞാന്‍ കരുതിയ വികാരങ്ങൾ അങ്ങു വെളിപ്പെടുത്തുകയുണ്ടായി. മനസ്താപത്തോടെ സന്തോഷമില്ലായ്മ അനുഭവിക്കണം ഞാനെന്നാണോ അങ്ങു പറയുന്നത്? ആനന്ദം മുന്നിലേക്കെത്തുമ്പോൾ ഞാനതിനെ തള്ളിക്കളയണോ? കരുതലില്ലാത്തവളാണ്‌, ദുഷിച്ചവളാണു ഞാനെന്ന് അങ്ങയ്ക്കു തോന്നിയേക്കാം; എന്റെ അഭിപ്രായങ്ങൾ അറപ്പുളവാക്കുന്നവയായും എന്റെ സിദ്ധാന്തങ്ങൾ അധമമായും. പക്ഷേ ഒരു കാര്യമെങ്കിലും കാലം അങ്ങയ്ക്കു വെളിപ്പെടുത്തിത്തരും: സൌമ്യമായി, അത്ര സ്നിഗ്ധമായും, ഞാൻ അങ്ങയെ സ്നേഹിക്കുന്നുവെന്ന്; പകയോടോ പ്രതികാരത്തോടോ വിദൂരബന്ധമെങ്കിലുമുള്ള  ഒരു മനോഭാവത്തിനശക്തയാണു ഞാനെന്ന്; ഞാൻ അങ്ങയ്ക്കുറപ്പു തരട്ടെ, ഭാവിയിൽ അങ്ങയുടെ ഇച്ഛ തന്നെയായിരിക്കും എന്റേതും, അങ്ങെന്തു ചെയ്താലും പറഞ്ഞാലും അതിനു ഞാൻ എതിരു നില്ക്കുകയുമില്ല.

എങ്കിൽ ഞാൻ ഇനിപ്പറയാൻ പോകുന്ന പദ്ധതിയോട് അങ്ങയ്ക്കെന്തെങ്കിലും എതിർപ്പുണ്ടാകുമോ? വ്യാഴാഴ്ച രാത്രി നമുക്കേതെങ്കിലും വണ്ടി പിടിച്ച് നഗരത്തിനു പുറത്ത് പത്തോ പന്ത്രണ്ടോ മൈൽ അകലെപ്പോകാം. അവിടെ നാം സ്വതന്ത്രരായിരിക്കും, ആരും നമ്മെ അറിയുകയുമില്ല; അടുത്ത ദിവസം രാവിലെ നമുക്കു മടങ്ങുകയുമാവാം. നേരിയൊരു സംശയം പോലും ആർക്കും തോന്നാതിരിക്കാൻ വേണ്ടതൊക്കെ ഞാൻ ഇവിടെ ചെയ്തുകഴിഞ്ഞു. അവിടെയും അങ്ങു വേണ്ടതു ചെയ്താലും.

ഒരു രണ്ടു നിമിഷം അങ്ങയോടൊത്തിരിക്കാൻ അങ്ങെന്നെ അനുവദിക്കുമോ? അങ്ങെന്നോടു പോകാൻ പറഞ്ഞാൽ പിന്നെ ആ നിമിഷം ഞാൻ പൊയ്ക്കൊള്ളാമെന്നു വാക്കു തരുന്നു. എഴുത്തിലൂടെ സാധ്യമാകാത്ത ആ കൂടിക്കാഴ്ചയുടെ ചെറിയ നേരം കൊണ്ടു പറയാനും ചെയ്യാനുമുള്ളതു മതി. അങ്ങയുടെ മനസ്സു പോലെ ചെയ്തോളൂ, അങ്ങയുടെ മനസ്സു പോലെ എവിടെയും പൊയ്ക്കോളൂ, എന്നെ കാണേണ്ടെന്നു പറഞ്ഞോളൂ, എന്നോടു നിർദ്ദയമായി പെരുമാറിക്കോളൂ, എന്നാലും ഞാൻ അങ്ങയെ മറക്കില്ല. അങ്ങയുടെ പെരുമാറ്റത്തിലെ ആ സൌമ്യതയും മുഖത്തെ വന്യമായ നൈസർഗ്ഗികതയും എന്നുമെന്റെ ഓർമ്മയിലുണ്ടാവും. ഒരിക്കൽ നേരില്‍ കണ്ടു എന്നതിനാൽത്തന്നെ  എനിക്കങ്ങയെ മറക്കാനും പറ്റില്ല . ഇതു ഞാൻ അങ്ങയ്ക്ക് അവസാനമായി എഴുതുന്ന കത്താണെന്നു വരാം. എങ്കിൽ ഒരിക്കൽക്കൂടി ഞാൻ അങ്ങയ്ക്കുറപ്പു തരട്ടെ, നന്ദിയില്ലാത്തവളല്ല ഞാൻ. അങ്ങെന്നോടു മാന്യമായേ ഇടപെട്ടിട്ടുള്ളു; പരിഭ്രമവും അധൈര്യവും കാരണം അതു നേരിട്ടു പറയാൻ ഇതേവരെ എനിക്കു കഴിഞ്ഞില്ലെന്നതാണ്‌ എന്നെ ദേഷ്യം പിടിപ്പിക്കുന്നത്.
(1815)

ക്ളാരാ മേരി ജയിൻ ക്ളെയ്ർമൊണ്ട് Clara Mary Jane Clairmont(1798-1879) കവിയും കാല്പനികപ്രസ്ഥാനത്തിന്റെ മുൻനിരക്കാരനുമായിരുന്ന ബൈറൺ പ്രഭു Lord Byron(1788-1824)വിനെഴുതിയത്.

അഭിപ്രായങ്ങളൊന്നുമില്ല: