2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

പ്രണയലേഖനങ്ങൾ(26)- ഫ്ലാബേർ





ലൂയിസ് കോളെറ്റിന്ന്

1846 ആഗസ്റ്റ് 23

 നീ ക്രൂരയാണെന്നു നിനക്കറിയാമോ? ഞാൻ നിന്നെ സ്നേഹിക്കുന്നില്ല എന്നു പറഞ്ഞ് നീ എന്നെ കുറ്റപ്പെടുത്തുന്നു; അതിനു നീ എടുത്തുകാട്ടുന്ന തെളിവാകട്ടെ, എന്നും ഞാൻ പോവുകയാണെന്നതും. നീ തെറ്റാണു ചെയ്യുന്നത്. എങ്ങനെയാണെനിക്കു പോകാതിരിക്കാനാവുക? എന്റെ സ്ഥാനത്തു നീയായിരുന്നെങ്കിൽ എന്താവും ചെയ്യുക? നിനക്കെപ്പോഴും നിന്റെ ദുഃഖങ്ങളെക്കുറിച്ചേ പറയാനുള്ളു; അവ യഥാർത്ഥമാണെന്ന് എനിക്കറിയാത്തതല്ല; അതിനുള്ള തെളിവുകള്‍ ഞാൻ കണ്ടിട്ടുമുണ്ട്; നിന്റെ ദുഃഖങ്ങൾ എനിക്കനുഭവമാണെന്നതിനാൽ അത്രയ്ക്കെനിക്കവ ബോദ്ധ്യവുമാണ്‌. പക്ഷേ മറ്റൊരു ദുഃഖത്തിനുള്ള തെളിവും ഞാൻ കാണുന്നുണ്ട്, എന്നും എന്റെ അരികിലുള്ള ഒരു ദുഃഖം; അതിനു പക്ഷേ ഒരു പരാതിയുമില്ല, അതു മന്ദഹസിക്കുക കൂടി ചെയ്യുന്നുണ്ട്; അതിനടുത്തു വച്ചു നോക്കുമ്പോൾ നിന്റെ ദുഃഖം, അതിനി എത്ര പെരുപ്പിച്ചുകാട്ടിയാലും, ഒരു തീപ്പൊള്ളലിനു മുന്നിൽ ഒരു കൊതുകുകടി പോലെയേയുള്ളു, മരണവേദനയുടെ മുന്നിൽ ഒരു ഞരമ്പുവലി പോലെ. ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്ന രണ്ടു സ്ത്രീകൾ രണ്ടു കടിഞ്ഞാണുകളിണക്കി എന്നെ ഓടിക്കുകയാണ്‌; എന്റെ ഹൃദയത്തിലാണ്‌ അതിന്റെ കടിവാളം; തങ്ങളുടെ പ്രണയവും ശോകവും വച്ച് അതിൽ കൊളുത്തിവലിക്കുകയാണവർ. ഇതു വായിച്ചിട്ട് നിന്റെ കോപം ഏറുകയാണെങ്കിൽ ക്ഷമിക്കണേ; നിന്നോട് എന്തു പറയണമെന്ന് എനിക്കറിയാതായിരിക്കുന്നു; ഞാൻ അറച്ചുനില്ക്കുകയാണ്‌. നിന്നോടു മിണ്ടുമ്പോൾ നിന്നെ കരയിക്കുമെന്ന പേടിയാണെനിക്ക്, തൊട്ടാൽ മുറിപ്പെടുത്തുമെന്നും. എന്റെ പ്രചണ്ഡമായ ആശ്ളേഷങ്ങൾ നിനക്കോർമ്മയുണ്ടാവുമല്ലോ; എത്ര ബലിഷ്ഠമായിരുന്നു എന്റെ കൈകളെന്നും: നീ കിടന്നു വിറയ്ക്കുക തന്നെയായിരുന്നു. രണ്ടോ മൂന്നോ തവണ ഞാൻ നിന്നെ കരയിച്ചിട്ടുണ്ട്. എന്നാലും കുറച്ചുകൂടി യുക്തിപൂർവ്വം ചിന്തിക്കൂ, ഞാൻ സ്നേഹിക്കുന്ന പാവം കുട്ടീ: ഭാവനാസൃഷ്ടികളെയോർത്തു ഖേദിക്കുന്നതു നിർത്തുക.

 എന്തിനെയും വിശകലനം ചെയ്യാനുള്ള എന്റെ സ്വഭാവത്തെ നീ കുറ്റപ്പെടുത്തുന്നു. അതേ സമയം എന്റെ വാക്കുകൾക്ക് അവയ്ക്കില്ലാത്ത ഒരു സൂക്ഷ്മദുഷ്ടതയും നീ ചാർത്തിക്കൊടുക്കുന്നുണ്ട്. എന്റെ മനസ്സിന്റെ ഘടന നിനക്കിഷ്ടപ്പെടുന്നില്ല; അതു തൊടുത്തുവിടുന്ന അഗ്നിബാണങ്ങൾ നിന്റെ ഹിതത്തിനൊക്കുന്നില്ല: എന്റെ മമതകളിൽ, എന്റെ ഭാഷയിൽ കുറച്ചു കൂടി പൊരുത്തം വേണമെന്ന്, ഐക്യരൂപ്യം വേണമെന്ന് നീ ആഗ്രഹിക്കുന്നു. മറ്റുവർ ചെയ്യുന്നതു പോലെ, എല്ലാവരും ചെയ്യുന്നതു പോലെ ഇപ്പോൾ നീ, നീയും- എന്നെക്കൊണ്ട് ആകെക്കൊള്ളാവുന്ന ഒരു കാര്യത്തിന്‌- എന്റെ കുതിപ്പുകളും പിടച്ചിലുകളും, എന്റെ വൈകാരികവിസ്ഫോടനങ്ങൾ- അതിന്‌ നീയെന്നെ കുറ്റപ്പെടുത്തുകയാണ്‌. അതെ, നിനക്കും മരത്തെ കോതിനിർത്തണം. അതിന്റെ ചില്ലകൾ ഒതുക്കമില്ലാത്തവയാണെന്നു വന്നോട്ടെ; എന്നാലും കനത്തതും ഇല തിങ്ങിയതുമാണവ; വായുവിനും വെയിലിനുമായി സർവദിശകളിലേക്കും അവയെത്തുന്നുണ്ട്. നിനക്കും മരത്തെ മെരുക്കണം, നിനക്കതിനെ ചുമരിൽ ചാരി വളരുന്ന ഒരലങ്കാരച്ചെടിയാക്കണം: ശരി തന്നെ, എങ്കിലതിൽ സുന്ദരമായ കനികളുണ്ടാവും, ഒരേണിയുടെയും സഹായമില്ലാതെ ഒരു കുട്ടിയ്ക്ക് അതിൽ നിന്ന് അവ പറിച്ചു തിന്നുകയുമാവാം. ഞാൻ എന്തു ചെയ്യണമെന്നാണു നീ പറയുന്നത്? ഞാൻ സ്നേഹിക്കുന്നത് എന്റെ രീതിയിലാണ്‌: അതു നിന്റെ സ്നേഹത്തെക്കാൾ കുറവോ കൂടുതലോയെന്ന് ദൈവത്തിനേ അറിയൂ. പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നു; എന്നാൽ ഞാൻ നിന്നോടു ചെയ്തത് മറ്റു വൃത്തികെട്ട പെണ്ണുങ്ങൾക്കു വേണ്ടി ഞാൻ ചെയ്തിട്ടുണ്ടാവാം എന്നു നീ പറയുമ്പോൾ...മറ്റാർക്കു വേണ്ടിയും ഞാനതു ചെയ്തിട്ടില്ല, ഒരാൾക്കും; ഞാൻ ആണയിടാം. യാത്ര ചെയ്തു പോയിക്കാണാൻ എനിക്കു തോന്നിയ- അങ്ങനെ ചെയ്യാൻ തോന്നുന്നത്ര ഞാൻ സ്നേഹിച്ച ആദ്യത്തെ സ്ത്രീ, ഒരേയൊരു സ്ത്രീ നീ തന്നെ; അതിനു കാരണം നീ സ്നേഹിക്കുമ്പോലെ എന്നെ ആദ്യമായി സ്നേഹിച്ചതു നീയാണെന്നതും. ഇല്ല: നിനക്കു മുമ്പു മറ്റൊരാളും ഇതേ കണ്ണീരൊഴുക്കിയിട്ടില്ല, വിഷാദവും ആർദ്രതയും കലർന്ന രീതിയിൽ എന്നെ നോക്കിയിട്ടില്ല.  അതെ: ആ ബുധനാഴ്ചരാത്രിയെക്കുറിച്ചുള്ള ഓർമ്മയാണ്‌ പ്രണയത്തെക്കുറിച്ചുള്ള എന്റെ ഏറ്റവും മനോഹരമായ ഓർമ്മ. നാളെ ഞാൻ വൃദ്ധനായെന്നിരിക്കട്ടെ, നഷ്ടമായതൊന്നിനെക്കുറിച്ചു ഞാൻ ഖേദിക്കുമെങ്കിൽ അത് ആ ഓർമ്മയെക്കുറിച്ചായിരിക്കും.

വിട. ഇന്നു നിന്റെ നാമകരണദിനമാണല്ലോ. ഒരു പൂച്ചെണ്ടായി ഞാൻ എന്റെ ഏറ്റവും നല്ല ചുംബനങ്ങൾ അയക്കുന്നു.



1846 സെപ്തംബർ 18 രാത്രി 10 മണി.

എന്റെ ആത്മീയജീവിതത്തിലേക്ക്, എന്റെ ഏറ്റവും നിഗൂഢമായ ചിന്തകളിലേക്ക് നിനക്കു ഞാൻ പ്രവേശനം തന്നിട്ടില്ലെന്നല്ലേ, എന്റെ ദേവതേ, നീ പറയുന്നത്. നിനക്കറിയാമോ, എന്നിൽ ഏറ്റവും സ്വകാര്യമായിട്ടുള്ളതെന്താണെന്ന്, എന്റെ ഹൃദയത്തിന്റെ ഏറ്റവും ഗുപ്തമായ ഉള്ളറകളിലുള്ളതെന്താണെന്ന്, ഞാനെന്നു നിസ്സംശയം പറയാവുന്നതായി എന്നിലുള്ളതെന്താണെന്ന്? കലയെക്കുറിച്ച് വിനീതമായ രണ്ടോ മൂന്നോ ആശയങ്ങൾ; ഇഷ്ടത്തോടെ മനസ്സിലിട്ടാലോചിച്ചു നടക്കുന്നവയും; അത്ര തന്നെ. എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സംഭവങ്ങൾ എന്നു പറയാൻ ചുരുക്കം  ചില പുസ്തകങ്ങൾ, ചില ആശയങ്ങൾ, ട്രൂവിയേ കടപ്പുറത്തെ ചില സൂര്യാസ്തമയങ്ങൾ, പിന്നെ വിവാഹത്തോടെ എനിക്കു നഷ്ടപ്പെട്ട ഒരു സ്നേഹിതനുമായി അഞ്ചു ആറും മണിക്കൂർ ദീർഘിച്ച സംഭാഷണങ്ങൾ ഇത്രയൊക്കെയേയുള്ളു.  മറ്റാരിൽ നിന്നും വ്യത്യസ്തമായിട്ടേ ഞാനെന്നും ജീവിതത്തെ കണ്ടിട്ടുള്ളു; നിശിതമായ സംസർഗ്ഗമില്ലായ്മയുടെ പുറത്തേക്കു വാതിലില്ലാത്ത അറയിൽ ഞാൻ സ്വയം അടച്ചിട്ടു (അതു തന്നെ എനിക്കു മതിയായത്ര ആയതുമില്ല) എന്നതാണ്‌ അതുകൊണ്ടുണ്ടായത്. എത്ര അവഹേളനകളാണു ഞാൻ സഹിച്ചത്, എത്രയാണു ഞാൻ ആളുകളെ ഞെട്ടിച്ചത്, എത്ര അറപ്പാണവർക്കെന്നോട് എന്നതിൽ നിന്നൊക്കെ പണ്ടേയെനിക്കു ബോദ്ധ്യമായി, മനസ്സമാധാനത്തോടെ ജീവിക്കണമെങ്കിൽ നിങ്ങൾ ഒറ്റയ്ക്കു ജീവിക്കണമെന്ന്, പുറംലോകത്തെ വായു ഉള്ളിലേക്കരിച്ചിറങ്ങാത്ത വിധത്തിൽ ജനാലകൾ അടച്ചു ഭദ്രമാക്കി വയ്ക്കണമെന്ന്. ആ ശീലത്തിന്റേതായി ചിലതെന്തോ ഞാനിന്നും വിടാതെ പിടിക്കുന്നു. അതുകൊണ്ടാണ്‌ കുറേ വർഷങ്ങളായി സ്ത്രീകളുമായുള്ള സഹവാസം ഞാൻ മനഃപൂർവം ഒഴിവാക്കി നടന്നത്. എനിക്കു സഹജമായ ധാർമ്മികബോധത്തിനു യാതൊന്നും വിഘാതമാവരുതെന്നു ഞാൻ ആഗ്രഹിച്ചു. ഒരു നുകവും ഒരു സ്വാധീനവും എനിക്കു മേൽ വീഴരുതെന്നു ഞാൻ ആഗ്രഹിച്ചു. ഒടുവിൽ സ്ത്രീകളുമായുള്ള സഹവാസം വേണമെന്നില്ലെന്ന നിലയിൽ ഞാനെത്തിച്ചേർന്നു. ഉടലിന്റെ പിടയ്ക്കലുകൾ, ഹൃദയത്തിന്റെ പ്രകമ്പനങ്ങൾ ഇതൊന്നും എന്റെ ജീവിതത്തിലേ ഇല്ലായിരുന്നു; എന്റെ ലൈംഗികതയെക്കുറിച്ചു പോലും ഞാൻ ബോധവാനായിരുന്നില്ല. ഞാൻ മുമ്പു നിന്നോടു പറഞ്ഞപോലെ, കുട്ടിപ്രായം കടക്കും മുമ്പേ ഞാനൊരു തീവ്രപ്രണയത്തിൽ പെട്ടുപോയിരുന്നു. അതവസാനിച്ചപ്പോൾ ജീവിതത്തെ രണ്ടായി പകുക്കാൻ ഞാൻ തീരുമാനിച്ചു; ഒരു വശം എന്റെ ആത്മാവിനുള്ളത്; അതിനെ ഞാൻ കലയ്ക്കായി മാറ്റിവച്ചിരിക്കുകയാണല്ലോ; മറ്റേ വശം എന്റെ ഉടലിന്‌; അതിനാവും മട്ട് അതു ജീവിച്ചോട്ടെ. ഇങ്ങനെ പോകുമ്പോഴാണ്‌ നീ കടന്നുവരുന്നതും സകലതും തകിടം മറിയ്ക്കുന്നതും. അങ്ങനെ ഞാനിതാ, ഒരു മനുഷ്യജീവിയെന്ന അസ്തിത്വത്തിലേക്കു മടങ്ങുന്നു!

എന്നിൽ മയങ്ങിക്കിടക്കുകയായിരുന്ന, അല്ലെങ്കിൽ കിടന്നു ജീർണ്ണിക്കുകയായിരുന്നതിനെയൊക്കെ നീ തട്ടിയുണർത്തിയിരിക്കുന്നു! മുമ്പും ഞാൻ സ്നേഹത്തിനു പാത്രമാകാതിരുന്നിട്ടില്ല, അതും അതിതീവ്രതയോടെയും; പക്ഷേ പെട്ടെന്നു മറവിയില്പെട്ടുപോകുന്ന ഗണത്തില്‍ പെട്ടവനാണ് ഞാന്‍; വികാരത്തിനു തിരി കൊളുത്താമെന്നല്ലാതെ അതു കെടാതെ സൂക്ഷിക്കാനുള്ള കഴിവെനിക്കു കുറവാണ്‌. ഞാനുണർത്തുന്ന സ്നേഹം എന്നും ഒരല്പം വിചിത്രമായതിനോടു തോന്നുന്ന സ്നേഹമായിരുന്നു. എന്തൊക്കെയായാലും സ്നേഹം ജിജ്ഞാസയുടെ ഒരു കൂടിയ രൂപം മാത്രമാണല്ലോ. അറിയപ്പെടാത്തതിനു നേർക്കൊരു ദാഹം; കൊടുങ്കാറ്റിനു നടുവിലേക്കെടുത്തു ചാടാൻ നിങ്ങളെ തള്ളിവിടുകയാണത്.

ഞാൻ പറഞ്ഞുവല്ലോ, പലരും എന്നെ സ്നേഹിച്ചിരുന്നു, പക്ഷേ നീ സ്നേഹിക്കുന്ന രീതിയിൽ ആരും ഇതേവരെ എന്നെ സ്നേഹിച്ചിട്ടില്ല; നമുക്കിടയിലുള്ള പോലൊരു ബന്ധം എനിക്കും മറ്റൊരു സ്ത്രീക്കുമിടയിൽ ഇന്നേവരെ ഉണ്ടായിട്ടുമില്ല. ഇത്ര ഗാഢമായ ഒരാത്മസമർപ്പണം, ഇത്രയ്ക്കപ്രതിരോധ്യമായ ഒരാകർഷണം മറ്റൊരു സ്ത്രീയോടും എനിക്കു തോന്നിയിട്ടില്ല; ഇത്ര പൂർണ്ണമായ ഒരൈക്യം ഇതിനു മുമ്പുണ്ടായിട്ടില്ല. പുറം പകിട്ടിനോടാണ്‌, ബാഹ്യസൌന്ദര്യത്തോടാണ്‌ എനിക്കിഷ്ടമെന്ന് എന്തിനാണു നീ ഇടയ്ക്കിടെ പറയുന്നത്? ‘രൂപത്തിന്റെ കവി!' യഥാർത്ഥകലാകാരന്മാരുടെ നേർക്കെടുത്തെറിയാൻ പ്രയോജനവാദികൾ ഏറ്റവും ഇഷ്ടപ്പെടുന്ന തെറിവാക്കാണത്. എന്റെ കാര്യം പറയുകയാണെങ്കിൽ, ഒരു വാക്യമെടുത്ത് അതിൽ നിന്ന് രൂപവും ഉള്ളടക്കവും വേർതിരിച്ചെന്നെ കാണിക്കാന്‍ ഒരാൾ മുന്നോട്ടു വരുന്ന കാലം വരെ അങ്ങനെയൊരു വിഭജനം അർത്ഥശൂന്യമാണെന്ന വാദം തന്നെ ഞാൻ മുറുകെപ്പിടിക്കും. ഏതു സുന്ദരമായ ആശയത്തിനും സുന്ദരമായ ഒരു രൂപമുണ്ടാകും, മറിച്ചും. കലയുടെ ലോകത്ത് സൌന്ദര്യം രൂപത്തിന്റെ ഒരു ഉപോത്പന്നമാണ്‌, നമ്മുടെ ലോകത്ത് പ്രലോഭനം പ്രേമത്തിന്റെ ഉപോത്പന്നമാണെന്നു പറയുന്ന പോലെ തന്നെ. ഒരു ഭൌതികവസ്തുവിൽ നിന്ന് അതിന്റെ ഗുണങ്ങളെ- അതിന്റെ നിറം, പരിമാണം, ഖരത്വം- എടുത്തുമാറ്റാനാവില്ല, ശൂന്യമായ ഒരമൂർത്തതയായി അതിനെ ചുരുക്കാതെ, അതിനെ നശിപ്പിക്കാതെ എന്നതുപോലെ തന്നെ രൂപത്തെ ആശയത്തിൽ നിന്നും അടർത്തിമാറ്റാനുമാവില്ല; കാരണം, രൂപത്തിന്മേലേ ആശയത്തിനു നിലനില്പുള്ളു. രൂപമില്ലാത്ത ഒരാശയത്തെ ഒന്നു സങ്കല്പിച്ചുനോക്കൂ- ഒരാശയവും പ്രകാശിപ്പിക്കാത്ത ഒരു രൂപം പോലെ അസാദ്ധ്യമായതൊന്നാണ്‌ അതും. ഇമ്മാതിരി മൂഢതകളിലാണ്‌ വിമർശനം വേരിറക്കി വളരുന്നത്. നല്ല ശൈലീകാരന്മാരെ ആളുകള്‍  ശകാരിക്കുകയാണ്‌, അവർ ആശയത്തെ, ധാർമ്മികലക്ഷ്യത്തെ അവഗണിക്കുന്നുവെന്ന്; അതു കേട്ടാൽ തോന്നും ഡോക്ടറുടെ ലക്ഷ്യം സുഖപ്പെടുത്തലല്ലെന്ന്, ചിത്രകാരന്റെ ലക്ഷ്യം ചിത്രം വരയ്ക്കലല്ലെന്ന്, രാപ്പാടിയുടെ ലക്ഷ്യം പാടുകയല്ലെന്ന്, കലയുടെ ലക്ഷ്യം, പ്രഥമവും പ്രധാനവുമായി, സൌന്ദര്യമല്ലെന്ന്!

1876 ആഗസ്റ്റ് 6-7

എന്റെ കാര്യത്തിൽ നീ വ്യാമോഹങ്ങൾ വച്ചുപുലർത്തുന്നു എന്ന് നിന്റെ കത്തിലെ ഒരു പേജു കൊണ്ട് എനിക്കു മനസ്സിലായിരിക്കുന്നതിനാൽ എന്നെക്കുറിച്ച് ഒരു തുറന്ന വിശദീകരണം നല്കാൻ ഞാൻ ബാധ്യസ്ഥനായിരിക്കുന്നു. അതങ്ങനെ പൊയ്ക്കോട്ടെ എന്നു ഞാൻ വിട്ടുകളഞ്ഞാൽ എന്റെ ഭാഗത്തു നിന്നുള്ള ഒരു ഭീരുത്വമായിരിക്കും അത് (ഭീരുത്വമാകട്ടെ, ഞാൻ വെറുക്കുന്നൊരു ദുർഗ്ഗുണവുമാണ്‌, അതിനി ഏതു രൂപത്തിൽ വെളിച്ചപ്പെട്ടാലും).

എന്റെ അടിസ്ഥാനപ്രകൃതം, ആരെന്തൊക്കെപ്പറഞ്ഞാലും, ഒരഭിനയക്കാരന്റേതാണ്‌. ബാല്യത്തിലും യൌവനത്തിലും അരങ്ങിനോട് ഭ്രാന്തമായൊരു പ്രണയമായിരുന്നു എനിക്ക്. കുറച്ചുകൂടി ദരിദ്രരായിരുന്നു എന്റെ അച്ഛനമ്മമാരെങ്കിൽ ഞാൻ ഒരുപക്ഷേ വലിയൊരു നടൻ തന്നെ ആകുമായിരുന്നു. ഇപ്പോഴും മറ്റെന്തിനെക്കാളും ഞാൻ സ്നേഹിക്കുന്നത് രൂപത്തെയാണ്‌, എന്നു പറഞ്ഞാൽ സുന്ദരമായ രൂപത്തെ; അതിനപ്പുറം ഒന്നിനെയും ഞാൻ മാനിക്കുന്നില്ല. ഹൃദയങ്ങൾ ചുട്ടുപൊള്ളുന്ന, മനസ്സുകളേറെ സങ്കോചിച്ച സ്ത്രീകൾക്ക് സൌന്ദര്യത്തിന്റെ, വികാരത്തിൽ നിന്നു വേർപെട്ട സൌന്ദര്യത്തിന്റെ ഈ മതം മനസ്സിലാവുകയില്ല. അവർക്കെന്തിനും വേണം ഒരു കാരണം, ഒരുലക്ഷ്യം. വെറും കിന്നരിത്തുണ്ടിനേയും പൊന്നിനെപ്പോലെ ഞാൻ മതിക്കും : വാസ്തവം പറഞ്ഞാൽ കിന്നരിയുടെ കവിതയാണ്‌ മഹത്തരം, അതാണു കൂടുതൽ ദാരുണമെന്നതിനാൽ. എന്നെ സംബന്ധിച്ചിടത്തോളം ലോകമെന്നാൽ ഇത്രയേയുള്ളു: ഉജ്ജ്വലമായ കവിത, ലയം ചേർന്ന, കടഞ്ഞെടുത്ത, പാടുന്ന വരികൾ, മനോഹരമായ സൂര്യാസ്തമയങ്ങൾ, നിലാവ്, ചിത്രങ്ങൾ, പ്രാചീനശില്പങ്ങൾ, പിന്നെ മനസ്സിൽ തറയ്ക്കുന്ന മുഖങ്ങളും. അതിനപ്പുറം ഒന്നുമില്ല. മിരാബോയെക്കാൾ തൽമ ആകാനാണു ഞാനിഷ്ടപ്പെടുക, അദ്ദേഹം ജീവിച്ച മണ്ഡലമാണു കൂടുതൽ സുന്ദരം എന്ന കാരണത്താൽ. അടിമകളായ മനുഷ്യജീവികളെപ്പോലെ തന്നെ കൂട്ടിലടച്ച കിളികളെക്കണ്ടാലും എനിക്കു സങ്കടം വരും. രാഷ്ട്രീയത്തിന്റെ കാര്യത്തിലാവട്ടെ, എനിക്കു മനസ്സിലാവുന്നതായി ഒന്നേയുള്ളു: കലാപം. ഒരു തുർക്കിക്കാരനെപ്പോലെ വിധിവിശ്വാസിയാണു ഞാൻ: മനുഷ്യപുരോഗതിയുടെ പേരിൽ നാം എന്തു ചെയ്താലും, ഒന്നും ചെയ്യാതിരുന്നാലും ഒക്കെ ഒരുപോലെയാണെന്നാണ്‌ എന്റെ വിശ്വാസം. പിന്നെ ആ ‘പുരോഗതി’യെക്കുറിച്ചാണെങ്കിൽ അത്ര വ്യക്തത പോരാതെ, സ്ഥൂലമായിട്ടെന്തോ ചില ആശയങ്ങൾ മാത്രമേ എനിക്കറിയൂ. അമ്മാതിരി ഭാഷയോടു ബന്ധപ്പെട്ട സർവതിനോടും വല്ലാത്തൊരു ക്ഷമകേടാണെനിക്ക്. ആധുനികകാലത്തെ സ്വേച്ഛാധിപത്യത്തെ ഞാൻ വെറുക്കുന്നു; ബുദ്ധിശൂന്യവും ദുർബലവും  സ്വന്തം ബോദ്ധ്യങ്ങളുടെ ധൈര്യവും അതിനില്ലെന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്. എന്നാൽ പുരാതനകാലത്തെ സ്വേച്ഛാധിപത്യത്തെ ഞാൻ ഉപാസിക്കുന്നു; മനുഷ്യരാശിയുടെ ഏറ്റവും പരിഷ്കൃതമായ ആവിഷ്കാരമായിട്ടാണ്‌ ഞാനതിനെ കാണുന്നത്. ഇതിനൊക്കെപ്പുറമേ സ്വപ്നജീവിയായ, മനസ്സടക്കമില്ലാത്ത, ചിട്ടയെന്നതില്ലാത്ത ഒരുത്തനുമാണു ഞാൻ. സ്മിർനയിൽ വച്ച് ഒരു മുസ്ലീമാകുന്നതിനെക്കുറിച്ച് ദീർഘമായും വളരെ ഗൌരവത്തോടെയും (ചിരിക്കരുതേ, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചില നേരങ്ങളുടെ ഓർമ്മയാണ്‌ അതെനിക്ക്) ഞാൻ ആലോചിച്ചിരുന്നു. ഞാൻ ഇവിടം വിട്ട് ദൂരെയെങ്ങോ പോയി താമസമാക്കുന്ന ഒരു ദിവസം വരാൻ പോവുകയാണ്‌; എന്നെക്കുറിച്ച് പിന്നെ ഒരു വിശേഷവും നിങ്ങൾ കേൾക്കുകയില്ല. സാധാരണഗതിയിൽ മനുഷ്യരെ ഗാഢമായി സ്പർശിക്കുന്നതും, എന്നെ സംബന്ധിച്ച് അപ്രധാനവുമായതൊന്നിനെ- ശാരീരികപ്രണയമാണ്‌ ഞാൻ ഉദ്ദേശിക്കുന്നത്- ഇതിൽ നിന്നു മാറ്റിനിർത്തിയേ ഞാൻ കണ്ടിട്ടുള്ളു. നീ ഇന്നലെ ഈ വിഷയത്തിന്റെ പേരിൽ ജെ.ജെയെ കളിയാക്കുന്നതു ഞാൻ കേട്ടു: എന്റെ കാര്യം പോലെ തന്നെയാണ്‌ അയാളുടേതും. ഞാൻ സ്നേഹിക്കുകയും ഒപ്പം സ്വന്തമാക്കുകയും ചെയ്തതായി ഒരു സ്ത്രീയുണ്ടെങ്കിൽ അതു നീ മാത്രമാണ്‌. ഇതേ വരെ ഞാൻ സ്ത്രീകളെ ഉപയോഗപ്പെടുത്തിയിരുന്നത് മറ്റു സ്ത്രീകൾ എന്നിലുണർത്തുന്ന തൃഷ്ണകളെ ശമിപ്പിക്കാൻ വേണ്ടിയായിരുന്നു. നീ എന്നെക്കൊണ്ട് എന്റെ ചിട്ടയ്ക്ക്, എന്റെ ഹൃദയത്തിനു വിരോധം ചെയ്യിച്ചു; സ്വയം അപൂർണ്ണമായിരിക്കെ അപൂർണ്ണതയെ തേടുന്ന എന്റെ പ്രകൃതത്തിനു തന്നെയും വിരോധം ചെയ്യിച്ചു.

ഗുസ്താവ് ഫ്ലാബേറിന്റെ Gustave Flaubert (1821-1880) ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ത്രീ അദ്ദേഹത്തിന്റെ അമ്മ തന്നെയായിരുന്നു. ആകെയുണ്ടായ പ്രണയബന്ധം ലൂയിസ് കോളെറ്റുമായും. Louise Colet(1810-1876). കവിയും നോവലിസ്റ്റും പത്രപ്രവർത്തകയും അതിസുന്ദരിയുമായിരുന്ന അവർ അക്കാലത്തെ പ്രധാനപ്പെട്ട പല എഴുത്തുകാരുടെയും ആത്മമിത്രവുമായിരുന്നു. തന്നെക്കാൾ പന്ത്രണ്ടു വയസ്സ് പ്രായക്കൂടുതലുള്ള കോളെറ്റിനെ ഫ്ലാബേർ ആദ്യമായി കാണുന്നത് 1846ലാണ്‌. 1855ൽ ആ ബന്ധം തകരുകയും ചെയ്തു. 

അഭിപ്രായങ്ങളൊന്നുമില്ല: