2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

പ്രണയലേഖനങ്ങൾ (23) - ജയിംസ് ജോയ്സ്

jamesjoyce_nora1



നോറ ബാർണക്കിളിന്‌

ഡബ്ളിൻ, 1909 ഡിസംബർ 13


ഒടുവിൽ നിനക്കെന്റെ പ്രേമത്തിൽ വിശ്വാസം വന്നുവോ, പ്രിയപ്പെട്ടവളേ? ഹാ, വിശ്വസിക്കെന്നേ, നോറാ! നിന്നെക്കുറിച്ചു പറയുമ്പോൾ എന്റെ കണ്ണുകളിൽ അതാർക്കും വായിച്ചെടുക്കാവുന്നതല്ലേയുള്ളു! നിന്റെ അമ്മ പറയാറുള്ളപോലെ ‘എന്റെ മുഖത്ത് രണ്ടു മെഴുകുതിരികൾ കൊളുത്തിവച്ചപോലെ’യാണത്!

സ്നേഹം നിറഞ്ഞ, മാർദ്ദവം നിറഞ്ഞ നിന്റെ കൈകൾ എന്നെ വലയം ചെയ്യുന്ന മുഹൂർത്തത്തിലേക്ക് ഇനി കാലം പറക്കുകയായി. ഇനിയൊരിക്കലും ഞാൻ നിന്നെ വിട്ടുപിരിയില്ല. എനിക്കു വേണ്ടത് നിന്റെ ശരീരം മാത്രമല്ല (അതു നിനക്കറിയാമല്ലൊ), നിന്റെ സഹവാസം കൂടിയാണ്‌. ഉജ്ജ്വലവും ഉദാരവുമായ നിന്റെ പ്രേമത്തോടു താരതമ്യം ചെയ്യുമ്പോൾ എന്റേത് വളരെ ദരിദ്രവും ജീർണ്ണപ്രായവുമായി എനിക്കു തോന്നുന്നു. പക്ഷേ എനിക്കു നല്കാവുന്നതിൽ വച്ചേറ്റവും നല്ലതുമാണത്. അതു സ്വീകരിക്കൂ, പ്രിയേ, എന്നെ രക്ഷിക്കൂ, എനിക്കഭയം നല്കൂ. മുമ്പു പറഞ്ഞിട്ടുള്ള പോലെ, നിന്റെ സന്തതിയാണു ഞാൻ; അവനോട് ഒരു ദാക്ഷിണ്യവും കാണിക്കരുതമ്മേ. ഇഷ്ടമുള്ളത്ര നീയവനെ ശിക്ഷിച്ചോളൂ. നിന്റെ കൈപ്പടത്തിനടിയിൽ എന്റെ മാംസം കിക്കിളി കൊള്ളുന്നതറിഞ്ഞു ഞാൻ ആനന്ദിക്കും. ഞാൻ പറയുന്നതെന്തെന്നു നിനക്കു മനസ്സിലാകുന്നുണ്ടോ, പ്രിയപ്പെട്ട നോറാ? നീയെന്നെ അടിക്കണം, അടിച്ചു പുറം പൊളിക്കണം. അതും കളിയായിട്ടല്ല, പ്രിയേ, കാര്യമായിത്തന്നെ, എന്റെ വെറും തൊലിയിലും. നീ കരുത്തയായിരുന്നെങ്കിൽ, കരുത്തയായിരുന്നെങ്കിൽ പ്രിയേ, പ്രൌഢമായ, നിറഞ്ഞ മാറും കനത്തുകൊഴുത്ത തുടകളും നിനക്കുണ്ടായിരുന്നെങ്കിൽ. നീയെന്നെ ചാട്ട കൊണ്ടടിക്കണം, പ്രിയപ്പെട്ട നോറാ! നിനക്കനിഷ്ടം തോന്നുന്നതെന്തെങ്കിലും- അതിനി എത്ര നിസ്സാരമായിക്കോട്ടെ, നിനക്കു ചിരി തോന്നുന്ന എന്റെയാ വൃത്തി കെട്ട ദുശ്ശീലങ്ങളിൽ ഒന്നു തന്നെയായിക്കോട്ടെ- ഞാൻ ചെയ്യുന്നതു ഞാൻ മനസ്സിൽ കാണുന്നു: എന്നിട്ടു നീയെന്നെ നിന്റെ മുറിയിലേക്കു വിളിക്കുന്നതു ഞാൻ കേൾക്കുകയാണ്‌;  കൊഴുത്ത തുടകളകറ്റി, കോപം കൊണ്ടു മുഖം ചുവന്ന്, ഒരു ചൂരലും പിടിച്ച് നീ ചാരുകസേരയിൽ ഇരിക്കുന്നതു ഞാൻ കാണുന്നു. ഞാൻ ചെയ്തതെന്താണെന്നു നീ ചൂണ്ടിക്കാണിക്കുന്നതും, പിന്നെ തടുക്കാനാവാത്ത രോഷത്തോടെ നീയെന്നെ വലിച്ചടുപ്പിക്കുന്നതും നിന്റെ മടിയിലേക്കെന്റെ മുഖം പിടിച്ചു കമിഴ്ത്തുന്നതും ഞാൻ കാണുന്നു. പിന്നെ നീയെന്റെ ട്രൌസറും അടിവസ്ത്രവും വലിച്ചൂരുന്നതും എന്റെ ഷർട്ടു വലിച്ചുപൊക്കുന്നതും, നിന്റെ കനത്ത കൈകളിലും മടിയിലും കിടന്നു ഞാൻ പുളയുന്നതും പിന്നെ നിന്റെ അമ്മിഞ്ഞകൾ എന്നെ തൊടുമാറു  കുനിഞ്ഞ് നീ  (കുട്ടിയുടെ ചന്തിയിൽ ആഞ്ഞടിക്കുന്ന ആയയെപ്പോലെ) എന്റെ തുടിയ്ക്കുന്ന ദേഹത്ത് ആഞ്ഞാഞ്ഞടിക്കുന്നതും ഞാൻ കാണുന്നു!! ക്ഷമിക്കണേ പ്രിയേ, ഇതൊക്കെ വിഡ്ഢിത്തമായി തോന്നുന്നുവെങ്കിൽ! ഞാൻ ഈ കത്തു തുടങ്ങിയത് വളരെ ശാന്തസ്വഭാവത്തിലാണ്‌, ഞാൻ ഇതവസാനിപ്പിക്കുന്നത് എനിക്കു തനതായ ഭ്രാന്തൻ ശൈലിയിലാകാതെയും വയ്യ.


ഈ ബീഭത്സവും ലജ്ജാവഹവുമായ എഴുത്തു കണ്ടു നിനക്കു വിരോധം തോന്നുന്നുണ്ടോ, പ്രിയേ? ഞാനെഴുതിവച്ച ഈ വൃത്തികേടുകളിൽ ചിലതു വായിച്ച് നിന്റെ മുഖം ചുവക്കുമെന്നെനിക്കറിയാം. നിന്റെ അടിവസ്ത്രത്തിലെ തവിട്ടുപാടിൽ നോക്കിയിരിക്കാൻ എനിക്കിഷ്ടമാണെന്നു ഞാൻ പറഞ്ഞതിൽ നിനക്കു വിരോധമായോ? ഞാനൊരു നാറിപ്പുഴുത്തവനാണെന്നു നിനക്കു തോന്നിയിട്ടുണ്ടാവും. ആ കത്തുകൾക്കു നീ മറുപടി അയക്കുമോ? എന്റേതിനെക്കാൾ വൃത്തി കെട്ടതും ഭ്രാന്തു പിടിച്ചതുമായ കത്തുകൾ നീയും എനിക്കെഴുതുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.


ജയിംസ് ജോയ്സ് James Joyce (1882-1941) നോറ ബാർണക്കിളിനെ ആദ്യമായി കാണുന്നത് 1904ലാണ്‌. അന്നു മുതൽ ജോയ്സിന്റെ മരണദിവസം വരെ അവരെ തമ്മിൽ ബന്ധിച്ചത് അസാധാരണമായ ഒരു പ്രേമമായിരുന്നു; ആ കാലഘട്ടത്തിന്റെ മാനദണ്ഡങ്ങൾ വച്ചു നോക്കുമ്പോൾ പലതരത്തിലും മാമൂലുകളെ ധിക്കരിക്കുന്നതായിരുന്നു അത്- വിവാഹിതരാവുന്നതിനു മുമ്പു തന്നെ അവർക്ക് ഒരു മകനും മകളും ഉണ്ടായി; തങ്ങളുടെ ബന്ധം തുടങ്ങി 27 വർഷം കഴിഞ്ഞാണ്‌ അവർ വിവാഹം കഴിക്കുന്നതും.  നോറയുടെ നിസ്വാർഥമായ ആർജ്ജവത്തിനു മുന്നിൽ ജോയ്സ് തനിക്കു സഹജമായ അവിശ്വാസവും മനുഷ്യവിദ്വേഷവും മാറ്റിവച്ചു.


അഭിപ്രായങ്ങളൊന്നുമില്ല: