2016, ഒക്‌ടോബർ 19, ബുധനാഴ്‌ച

റിൽക്കെ- പ്രണയലേഖനങ്ങൾ





ലൂ അന്ദ്രിയാസ് സാലോമിയ്ക്ക്

1897 മേയ് 13
...നിങ്ങളോടൊപ്പം ഞാൻ പങ്കിട്ട ആദ്യത്തെ സന്ധ്യനേരമായിരുന്നില്ല ഇന്നലത്തേത്. എന്റെ ഓർമ്മയിൽ മറ്റൊന്നുണ്ട്, നിങ്ങളുടെ കണ്ണുകളിലേക്കു നോക്കാൻ എനിക്കാഗ്രഹം ജനിപ്പിച്ച മറ്റൊരു സന്ധ്യ. ഹേമന്തമായിരുന്നു; വസന്തകാലമായിരുന്നെങ്കിൽ ഒരായിരം വിദൂരദേശങ്ങളിലേക്കു കാറ്റടിച്ചുപറത്തുമായിരുന്ന എല്ലാ ചിന്തകളും കാംക്ഷകളും എന്റെ ഇടുങ്ങിയ വായനമുറിയിലും എന്റെ നിശബ്ദമായ ജോലിയിലും തൂന്നുകൂടിയിരുന്നു. അപ്പോഴാണ്‌ ഡോ. കോൺറാഡിൽ നിന്ന് എനിക്കൊരുപഹാരം കിട്ടുന്നത്: ന്യൂ ജർമ്മൻ റിവ്യൂവിന്റെ 1896 ഏപ്രിലിന്റെ ലക്കം. അതിൽ ‘ജൂതനായ യേശു’ എന്ന തലക്കെട്ടിൽ ഒരു ലേഖനമുള്ളതിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു കത്തുമുണ്ടായിരുന്നു. എന്തുകൊണ്ട്? എന്റെ ‘ക്രിസ്തുവിന്റെ ദർശനങ്ങൾ’ എന്ന കവിതയുടെ ചില ഭാഗങ്ങൾ അടുത്ത കാലത്ത് അദ്ദേഹം വായിച്ചിട്ടുണ്ടായിരുന്നു; പ്രജ്ഞാസമ്പന്നമായ നിങ്ങളുടെ ആ പ്രബന്ധത്തിൽ എനിക്കു താല്പര്യമുണ്ടാവുമെന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിനു തെറ്റി. ആ വെളിപാടിലേക്ക് എന്നെ ആഴത്തിലാഴത്തിൽ വലിച്ചിറക്കിക്കൊണ്ടുപോയത് താല്പര്യമായിരുന്നില്ല; ആത്മാർത്ഥമായ ഒരു സഹാനുഭൂതി  ആ ഭവ്യമായ പാതയിലൂടെ എനിക്കു വഴി കാട്ടിക്കൊണ്ട് മുന്നിൽ നടക്കുകയായിരുന്നു-എന്റെ ദർശനങ്ങൾ സ്വപ്നസമാനമായ ഇതിഹാസങ്ങൾ വഴി അവതരിപ്പിക്കുന്നത് മതപരമായ ബോദ്ധ്യത്തിന്റെ വിപുലബലത്തോടെ, അത്രയും സുതാര്യമായ വാക്കുകളിൽ നിങ്ങൾ ആവിഷ്കരിക്കുന്നതു കണ്ടപ്പോൾ എന്റെ ആഹ്ളാദത്തിന്‌ അതിരുണ്ടായില്ല.

നോക്കൂ, നിങ്ങളുടെയാ ആ നിർദ്ദയമായ കാർശ്യത്തിലൂടെ, വാക്കുകളുടെ വിട്ടുവീഴ്ചയില്ലാത്ത കരുത്തിലൂടെ എന്റെ കൃതി ഒരനുഗ്രഹം, ഒരനുമതി നേടുകയാണെന്ന് എനിക്കു തോന്നിപ്പോയി. കൂറ്റൻ സ്വപ്നങ്ങൾ അവയുടെ എല്ലാ നന്മതിന്മകളോടെയും ഫലിക്കുന്ന ഒരാളായി ഞാൻ മാറി. എന്തെന്നാൽ, സ്വപ്നത്തിനു യാഥാർത്ഥ്യം പോലെയും ആഗ്രഹത്തിനു സാഫല്യം പോലെയുമായിരുന്നു, എന്റെ കവിതകൾക്ക് നിങ്ങളുടെ ലേഖനം.

അപ്പോൾ എന്തൊക്കെ വികാരങ്ങളോടെയാണ്‌ ഇന്നലത്തെ ആ സായാഹ്നത്തെ ഞാൻ പ്രതീക്ഷിച്ചിരുന്നതെന്ന് നിങ്ങൾക്കു ഭാവന ചെയ്യാൻ പറ്റുമോ? ഇതൊക്കെ വേണമെങ്കിൽ ഇന്നലെ സംസാരത്തിനിടെ എനിക്കു പറയാമായിരുന്നു- ഒരു കപ്പു ചായ കുടിച്ചുകൊണ്ട്, യദൃച്ഛയാ എന്ന പോലെ, ആദരവു നിറഞ്ഞതും ഉള്ളിൽ തട്ടിയതുമായ ചില വാക്കുകൾ തിരഞ്ഞെടുത്തുകൊണ്ട്. പക്ഷേ എന്റെ മനസ്സിലുണ്ടായിരുന്നതുമായി ഒരു ബന്ധവും അതിനുണ്ടായെന്നു വരില്ല. ആ സന്ധ്യനേരത്ത് നിങ്ങളോടൊപ്പം ഞാൻ ഒറ്റയ്ക്കായിരുന്നു; എനിക്കു നിങ്ങളോടൊപ്പം ഒറ്റയ്ക്കാവുകയും വേണ്ടിയിരുന്നു- അത്രയും വലിയ ഒരനുഗ്രഹം കിട്ടിയതിന്റെ നന്ദിസൂചകമായി എന്റെ മനസ്സു നിറഞ്ഞു തുളുമ്പുകയായിരുന്നതിനാൽ.
എനിക്കെപ്പോഴും തോന്നാറുണ്ട്: ഒരാൾ മറ്റൊരാളോട് സവിശേഷമായ എന്തിനെങ്കിലും കടപ്പെട്ടിട്ടുണ്ടെങ്കിൽ ആ കടപ്പാട് അവർക്കിടയിൽ മാത്രമുള്ള ഒരു രഹസ്യമായി ശേഷിക്കണമെന്ന്.

എന്നെങ്കിലുമൊരിക്കൽ എന്റെ ‘ക്രിസ്തുവിന്റെ ദർശനങ്ങ’ളുടെ ഏതെങ്കിലും ഒരു ഭാഗം നിങ്ങളെ വായിച്ചുകേൾപ്പിക്കാനുള്ള ഭാഗ്യം എനിക്കു കിട്ടിയെന്നു വരാം; അതിലും വലുതായൊരാഹ്ളാദം എനിക്കു കിട്ടാനില്ല.

പക്ഷേ ഇതൊക്കെ പണ്ടേ മനസ്സിൽ സൂക്ഷിക്കുന്ന, പഴയൊരു നന്ദിയുടെ വാക്കുകളാണ്‌; ഇപ്പോൾ അവ പുറത്തു പറയാൻ അനുവാദം കിട്ടിയത്
ഒരു ബഹുമതിയായി കണക്കാക്കുന്നു, 


നിങ്ങളുടെ,
റെനെ മരിയ റിൽക്കെ




റിൽക്കെ ലൂ അന്ദ്രിയാസ് സാലോമിയെ ആദ്യമായി കാണുന്നത് 1897 മേയ് 12നാണ്‌. അന്ന് റിൽക്കെയ്ക്ക് 21 വയസ്സായിരുന്നു; അവർക്ക് മുപ്പത്താറും. എഴുതിത്തുടങ്ങിയ ഒരു കവിയ്ക്ക് ലബ്ധപ്രതിഷ്ഠ നേടിയ, ജീവിതത്തിലും വിപുലമായ യാത്രകളിലും നിന്ന് അനുഭവങ്ങൾ സഞ്ചയിച്ച മുതിർന്ന ഒരെഴുത്തുകാരിയോടുള്ള ആരാധനയാണ്‌ ആദ്യത്തെ ഈ കത്തിൽ മുന്നിട്ടു നില്ക്കുന്നതെങ്കിലും പിന്നീടതു പ്രണയമായി വളരുകയായിരുന്നു.



മ്യൂണിച്ച്, 1897 ജൂൺ 7
രണ്ടാഴ്ച മുമ്പ് യക്ഷിക്കഥ പോലെ മനോഹരമായ ഒരു പ്രഭാതത്തിൽ നിന്ന് ഞാൻ വീട്ടിലേക്കു കൊണ്ടുവന്ന കാട്ടുപൂക്കൾ അതില്പിന്നെ മൃദുലമായ രണ്ടു ബ്ളോട്ടിംഗ് പേപ്പറുകൾക്കിടയിൽ സുഖം പറ്റിയിരിക്കുകയായിരുന്നു. ഇന്നു പക്ഷേ, ഞാനവരെ നോക്കുമ്പോൾ ധന്യമായൊരോർമ്മയായി അവരെന്നെ നോക്കി മന്ദഹസിക്കുന്നു, അന്നെന്നപോലൊരു സന്തുഷ്ടഭാവം അവർ മുഖത്തു വരുത്തുകയും ചെയ്യുന്നു.
***

അനർഘമെന്നു പറയുന്ന നേരങ്ങളിലൊന്നായിരുന്നു അത്. ചുറ്റിനും നിബിഡപുഷ്പങ്ങൾ വിടര്‍ന്നുനില്ക്കുന്ന തുരുത്തുകൾ പോലെയാണ്‌ ആ തരം നേരങ്ങൾ. തിരകൾ പുറത്തു കിടന്നു നിശ്വസിക്കുന്നതേയുള്ളു; ഭൂതകാലത്തിൽ നിന്നൊരു യാനവും കടവടുക്കുന്നില്ല, ഭാവിയിലേക്കു പോകാനായൊന്നും കാത്തുകിടക്കുന്നുമില്ല.
***

ദൈനന്ദിനജീവിതത്തിലേക്കുള്ള അനിവാര്യമായ മടക്കം ആ നേരങ്ങളെ ബാധിക്കുന്നതേയില്ല. മറ്റെല്ലാ നേരങ്ങളിൽ നിന്നും വേർപെട്ടവയാണവ; ഉന്നതമായ മറ്റൊരസ്തിത്വത്തിന്റെ നേരങ്ങളാണവ.
***
തുരുത്തു പോലെ ഇമ്മാതിരി ഒരുന്നതാസ്തിത്വം, എനിക്കു തോന്നുന്നു, ചുരുക്കം പേർക്കു മാത്രം പറഞ്ഞിട്ടുള്ള സവിശേഷഭാവിയാണെന്ന്.-

ഒരു ധന്യതയുടെ മണിനാദം മുഴങ്ങുന്നു,
അകലെ നിന്നതു വിടർന്നെത്തുന്നു,
എന്റെയേകാന്തതയെ വന്നു പൊതിയുന്നു,
പൊന്നു കൊണ്ടൊരു കടകം പോലെ
എന്റെ സ്വപ്നത്തെ വലയം ചെയ്യാനൊരുങ്ങുന്നു.


ഹിമക്കട്ടകൾ കണ്ടു പേടിച്ചതും
ഹിമാനികൾ കൊണ്ടു വിഷാദിച്ചതുമാ-
ണെന്റെ ദരിദ്രമായ ചെറുജീവിതമെങ്കിലും
ഒരു പുണ്യകാലമതിനു സമ്മാനിക്കുമല്ലോ,
ഒരു ധന്യവസന്തം...


ഞാനിപ്പോൾ ഡോർഫെനിൽ ആയിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു. ഈ നഗരം എല്ലാ തരം ഒച്ചകളും കൊണ്ടു നിറഞ്ഞതാണ്‌, എനിക്കു തീർത്തും അന്യവുമാണത്. ഉൾവളർച്ചയുടെ അതിപ്രധാനകാലത്ത് അന്യമായതൊന്നും അതിനു വിഘാതമായി വരരുത്.-
അനേകവർഷങ്ങൾ കഴിഞ്ഞൊരു നാളായിരിക്കും നിങ്ങൾ എനിക്കാരാണെന്ന് നിങ്ങൾക്കു ശരിക്കും പിടി കിട്ടുക.
ദാഹം കൊണ്ടു മരിക്കാൻ പോകുന്നൊരാൾക്ക് കാട്ടുറവയെന്താണോ, അത്.
ആരുടെ പ്രാണനാണോ അതു രക്ഷിച്ചത്, നീതിമാനും മതിയാം വിധം കൃതജ്ഞനുമാണയാളെങ്കിൽ അതിന്റെ തെളിമയാവോളം മോന്തി സ്വയം തണുക്കുകയും കരുത്തു നേടുകയും ചെയ്തിട്ട് പുതിയ സൂര്യവെളിച്ചത്തിലേക്കയാൾ നടക്കില്ല. ഇല്ല: ആ അഭയത്തിൽ അയാളൊരു കുടിലു പണിയും, അതു പാടുന്നതു കേൾക്കാനും പാകത്തിൽ അത്രയടുത്തയാൾ പണിയും, തന്റെ കണ്ണുകൾ വെയിലേറ്റു തളരുകയും സമൃദ്ധികളും തെളിമയും കൊണ്ടു ഹൃദയം കവിയുകയും ചെയ്യുന്നത്ര നേരം ആ പൂവിട്ട പുൽത്തട്ടിൽ അയാൾ കഴിയും. ഞാൻ കുടിലുകൾ പണിയും- അവിടെക്കഴിയും.

എന്റെ തെളിഞ്ഞയുറവേ! എനിക്കു നിന്നോടെന്തുമാത്രം കൃതജ്ഞനാവണമെന്നോ! ഒരു പൂവും പ്രകാശവും ഒരു സൂര്യനും എനിക്കു കാണേണ്ട- നിന്നിലല്ലാതെ. നിന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ എത്രയധികം മനോഹരവും യക്ഷിക്കഥ പോലെയുമാകുന്നു സർവതും: നിന്റെ വരമ്പത്തു നില്ക്കുന്ന ആ പൂവ്, നരച്ച പായലിൽ ഒറ്റയ്ക്കു തണുത്തു വിറച്ചും ജീവച്ഛവം പോലെയും നിന്നത് (നീയില്ലാതെ വസ്തുക്കളെ നോക്കിയിരുന്നപ്പോൾ അങ്ങനെയാണു ഞാനതിനെ കണ്ടത്), നിന്റെ കാരുണ്യത്തിന്റെ കണ്ണാടിയിൽ അതിനു തിളക്കം കിട്ടുന്നു, അതിനനക്കം വയ്ക്കുന്നു, നിന്റെ ഗഹനതകളിൽ ചെന്നു തട്ടി പ്രതിഫലിക്കുന്ന ആകാശത്തോളം അതിന്റെ കുഞ്ഞുതല ചെന്നു തൊടുകയും ചെയ്യുന്നു. പൊടി പിടിച്ചും ചെത്തിമിനുക്കാതെയും നിന്റെ വേലിയ്ക്കലെത്തുന്ന വെയില്ക്കതിരാവട്ടെ, തെളിച്ചം വച്ചും ഒരായിരം മടങ്ങായി പെരുകിയും തേജോമയമായ നിന്റെയാത്മാവിന്റെ തിരകളിൽ ഉജ്ജ്വലദീപ്തിയാവുകയും ചെയ്യുന്നു. എന്റെ തെളിഞ്ഞ ഉറവേ, എനിക്കു ലോകത്തെ നിന്നിലൂടെ കാണണം; എന്തെന്നാൽ അപ്പോൾ ഞാൻ കാണുന്നതു ലോകത്തെയായിരിക്കില്ല, എപ്പോഴും നിന്നെ, നിന്നെ, നിന്നെ മാത്രമായിരിക്കും!
എന്റെ പെരുന്നാളാണു നീ. സ്വപ്നത്തിൽ നിനക്കടുത്തേക്കു നടക്കുമ്പോൾ എന്റെ മുടിയിലെപ്പോഴും പൂക്കളുണ്ടാവുകയും ചെയ്യും.
***

നിന്റെ മുടിയിൽ എനിക്കു പൂക്കളണിയിക്കണം. പക്ഷേ എന്തുതരം പൂക്കൾ? മതിയായ ലാളിത്യമുള്ളതൊന്നുമില്ല. ഏതു മേയ്‌മാസത്തിൽ നിന്നു ഞാനതു പറിച്ചെടുക്കാൻ? എനിക്കിപ്പോൾ ബോദ്ധ്യമാണു പക്ഷേ, നിന്റെ ശിരസ്സിലെപ്പോഴുമുണ്ടാവും ഒരു പുഷ്പചക്രമെന്ന്...അല്ലെങ്കിലൊരു കിരീടമെന്ന്. അങ്ങനെയല്ലാതെ നിന്നെ ഞാൻ കണ്ടിട്ടേയില്ല.

നിന്നെ കാണുമ്പോഴൊക്കെയും നിന്നോടു പ്രാർത്ഥിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്റെ ശബ്ദം കേൾക്കുമ്പോഴൊക്കെയും നിന്നിലെനിക്കു വിശ്വാസമർപ്പിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്നോടഭിലാഷം തോന്നിയപ്പോഴൊക്കെയും നിനക്കായി യാതന അനുഭവിക്കണമെന്നെനിക്കു തോന്നാതിരുന്നിട്ടില്ല. നിന്നോടു തൃഷ്ണ തോന്നിയപ്പോഴൊക്കെയും നിന്റെ മുന്നിൽ മുട്ടു കുത്താനായെങ്കിൽ എന്നെനിക്കു തോന്നാതിരുന്നിട്ടില്ല.

നിന്റേതാണു ഞാൻ, തീർത്ഥാടകന്‌ ഊന്നുവടി പോലെ- നിനക്കു ഞാൻ താങ്ങാവുന്നില്ലെന്നു മാത്രം. നിന്റേതാണു ഞാൻ, റാണിയ്ക്കു ചെങ്കോലു പോലെ- നിനക്കു ഞാൻ അലങ്കാരമാവുന്നില്ലെന്നു മാത്രം. നിന്റേതാണു ഞാൻ, രാത്രിക്കതിന്റെ അന്ത്യയാമത്തിലെ കുഞ്ഞുനക്ഷത്രം പോലെ- രാത്രിക്കതിനെക്കുറിച്ചു ബോധമില്ലെങ്കിൽക്കൂടി, അതിന്റെ നനുത്ത തിളക്കത്തെക്കുറിച്ചറിവില്ലെങ്കിൽക്കൂടി.

റെനെ


മ്യൂണിച്ച്, 1897 ജൂൺ 9
ബുധനാഴ്ച വൈകുന്നേരം


നിന്നെ പിരിഞ്ഞതില്പിന്നെ മഴ പെയ്തിരുണ്ട തെരുവുകളിലൂടെ
തിരക്കു പിടിച്ചൊളിച്ചുപോകുമ്പോളെനിക്കു തോന്നുന്നു,
എന്റെ കണ്ണുകളെ നേരിടുന്ന കണ്ണുകൾക്കെല്ലാം കാണാം,
നിർവൃതിയടഞ്ഞതും ഉയിർത്തെഴുന്നേറ്റതുമായ എന്റെയാത്മാവ്
അവയിലാളിക്കത്തുകയാണെന്ന്.


വഴിപോക്കരുടെ പറ്റത്തിൽ നിന്നെന്റെയാഹ്ളാദം മറച്ചുപിടിക്കാൻ
ഒളിഞ്ഞും മറിഞ്ഞും ഞാൻ ശ്രമിക്കുന്നു;
ധൃതിപ്പെട്ടു ഞാനതു വീട്ടിനുള്ളിലെത്തിക്കുന്നു;
രാത്രിയേറെക്കടന്നതില്പിന്നെയേ,
നിധിപേടകം പോലെ ഞാനതു പതുക്കെത്തുറക്കുന്നുള്ളു.


പിന്നെ, ഗഹനാന്ധകാരത്തിൽ നിന്നൊന്നൊന്നായി
എന്റെ പൊൻപണ്ടങ്ങൾ ഞാൻ കൈയിലെടുത്തു നോക്കുന്നു;
ഏതാണാദ്യം കാണേണ്ടതെന്നെനിക്കു തീർച്ചയാവുന്നില്ല:
എന്റെ മുറിയ്ക്കുള്ളിലിടമായ ഇടമെല്ലാം
കവിഞ്ഞൊഴുകുകയാണല്ലോ, കവിഞ്ഞൊഴുകുകയാണല്ലോ.


താരതമ്യങ്ങൾക്കപ്പുറത്തുള്ളൊരു സമൃദ്ധിയാണത്-
രാത്രിയുടെ കണ്ണുകളിന്നേവരെ കാണാത്ത പോലെ,
രാത്രിയുടെ മഞ്ഞുതുള്ളികളിന്നേവരെ വീഴാത്ത പോലെ.
ഏതു രാജകുമാരന്റെ വധുവിനു നല്കിയതുമാവട്ടെ,
ആ രാജകീയസ്ത്രീധനത്തെക്കാളമൂല്യമാണത്.


ഉജ്ജ്വലമായ രാജകീയകിരീടങ്ങളതിലുണ്ട്,
അവയിൽ പതിച്ച രത്നങ്ങൾ നക്ഷത്രങ്ങളത്രെ.
ആർക്കുമൊരു സംശയം പോലുമില്ല;
എന്റെ നിധികൾക്കിടയിൽ ഞാനിരിക്കുന്നു പ്രിയേ,
തനിക്കൊരു റാണിയുണ്ടെന്നറിയുന്ന രാജാവിനെപ്പോലെ.



തൊട്ടു മുമ്പു വീശിക്കടന്നുപോയ വന്യമായ കൊടുങ്കാറ്റിനു ശേഷം എത്ര സമൃദ്ധിയാണു സൂര്യൻ കോരിച്ചൊരിയുന്നതെന്നു കാണുമ്പോൾ എന്റെ മുറിയ്ക്കുള്ളിലെങ്ങും ആനന്ദത്തിന്റെ കട്ടിപ്പൊന്നു പൊതിഞ്ഞപോലെനിക്കു തോന്നിപ്പോകുന്നു. ധനികനും സ്വതന്ത്രനുമാണു ഞാൻ; തൃപ്തിയുടെ ദീർഘശ്വാസമെടുത്തുകൊണ്ട് സായാഹ്നത്തിന്റെ ഓരോ നിമിഷവും പിന്നെയും ഞാൻ സ്വപ്നം കാണുന്നു. ഇന്നിനി വീണ്ടും പുറത്തേക്കിറങ്ങണമെന്ന് എനിക്കു തോന്നുന്നില്ല. എനിക്കു സൗമ്യസ്വപ്നങ്ങൾ കാണണം, നീ വരുമ്പോൾ അവയുടെ പൊലിമ കൊണ്ടെന്റെ മുറിയ്ക്കകമെനിക്കലങ്കരിക്കണം. എന്റെ കൈകളിലും എന്റെ മുടിയിലും നിന്റെ കൈകളുടെ ആശിസ്സുകളുമായി രാത്രിയിലേക്കെനിക്കു പ്രവേശിക്കണം. എനിക്കാരോടും സംസാരിക്കേണ്ട: എന്റെ വാക്കുകൾക്കു മേൽ ഒരു മിനുക്കം പോലെ ഞൊറിയിടുകയും അവയ്ക്കൊരു മുഴക്കത്തിന്റെ സമൃദ്ധി പകരുകയും ചെയ്യുന്ന നിന്റെ വാക്കുകളുടെ പ്രതിധ്വനി ഞാൻ ദുർവ്യയം ചെയ്താലോ? ഈ സായാഹ്നസൂര്യനു ശേഷം മറ്റൊരു വെളിച്ചത്തിലേക്കും എനിക്കു കണ്ണയക്കേണ്ട; നിന്റെ കണ്ണുകളിലെ അഗ്നി കൊണ്ട് ഒരായിരം സൗമ്യയാഗങ്ങൾക്കു തിരി കൊളുത്തിയാൽ മതിയെനിക്ക്...എനിക്കു നിന്നിലുയരണം, ആർപ്പുവിളികൾ മുഴങ്ങുന്നൊരു പ്രഭാതത്തിൽ ഒരു ശിശുവിന്റെ പ്രാർത്ഥന പോലെ, ഏകാന്തനക്ഷത്രങ്ങൾക്കിടയിൽ ഒരഗ്നിബാണം പോലെ. എനിക്കു നീയാവണം. നിന്നെ അറിയാത്ത ഒരു സ്വപ്നവും എനിക്കു വേണ്ട; നീ സഫലമാക്കാത്ത, നിനക്കു സഫലമാക്കാനാവാത്ത ഒരഭിലാഷവും എനിക്കു വേണ്ട. നിന്നെ പ്രകീർത്തിക്കുന്നതല്ലാത്ത ഒരു പ്രവൃത്തിയും എനിക്കു ചെയ്യേണ്ട, നിന്റെ മുടിയിൽ ചൂടാനല്ലാത്ത ഒരു പൂവും എനിക്കു നട്ടു വളർത്തുകയും വേണ്ട. നിന്റെ ജനാലയിലേക്കുള്ള വഴിയറിയാത്ത ഒരു കിളിയേയും എനിക്കെതിരേല്ക്കേണ്ട, ഒരിക്കലെങ്കിലും നിന്റെ പ്രതിബിംബത്തിന്റെ രുചി നുകരാത്ത ചോലയിൽ നിന്നെനിക്കു ദാഹവും തീർക്കേണ്ട. അജ്ഞാതരായ അത്ഭുതപ്രവർത്തകരെപ്പോലെ നിന്റെ സ്വപ്നങ്ങളലഞ്ഞു നടന്നിട്ടില്ലാത്ത ഒരു നാട്ടിലേക്കുമെനിക്കു പോകേണ്ട, നീയിന്നേവരെ അഭയം തേടാത്ത ഒരു കുടിലിലുമെനിക്കു പാർക്കുകയും വേണ്ട. എന്റെ ജീവിതത്തിൽ നീ വരുന്നതിനു മുമ്പുള്ള നാളുകളെക്കുറിച്ചെനിക്കൊന്നുമറിയേണ്ട, ആ നാളുകളിലധിവസിച്ചിരുന്നവരെക്കുറിച്ചുമറിയേണ്ട. ആ മനുഷ്യരെ കടന്നുപോകുമ്പോൾ അവരുടെ കുഴിമാടത്തിൽ ഓർമ്മയുടെ അപൂർവ്വവും വാടിയതുമായ ഒരു പുഷ്പചക്രം, അവരതർഹിക്കുന്നുണ്ടെങ്കിൽ, എനിക്കർപ്പിക്കണം; എന്തെന്നാൽ, ഇത്ര സന്തോഷഭരിതനായിരിക്കെ നന്ദികേടു കാണിക്കാൻ എനിക്കു കഴിയില്ല. പക്ഷേ ഇന്നവർ എന്നോടു പറയുന്ന ഭാഷ കുഴിമാടങ്ങളുടെ ഭാഷയാണ്‌; അവർ ഒരു വാക്കു പറയുമ്പോൾ എനിക്കു തപ്പിത്തടയേണ്ടിവരുന്നു; എന്റെ കൈകൾ തൊടുന്നത് തണുത്ത, മരവിച്ച അക്ഷരങ്ങളിലാകുന്നു. ഈ മൃതരെ സന്തുഷ്ടഹൃദയത്തോടെ എനിക്കു പ്രശംസിക്കണം; എന്തെന്നാൽ അവരെന്നെ നിരാശപ്പെടുത്തി, അവരെന്നെ തെറ്റിദ്ധരിച്ചു, അവരെന്നോടു മര്യാദകേടായി പെരുമാറി, അങ്ങനെ ദീർഘമായ ആ യാതനാവഴിയിലൂടെ അവരെന്നെ നിന്നിലേക്കു നയിക്കുയും ചെയ്തു.- ഇപ്പോൾ എനിക്കു നീയാകണം. കന്യാമറിയത്തിന്റെ തിരുരൂപത്തിനു മുന്നിലെ കെടാവിളക്കു പോലെ നിന്റെ കൃപയ്ക്കു മുന്നിൽ എന്റെ ഹൃദയം എരിഞ്ഞുനില്ക്കുന്നു.

വ്യാഴാഴ്ച രാവിലെ

ചോരച്ചുവപ്പായ കംബളങ്ങളെനിക്കു നീട്ടിവിരിക്കണം,
പതിനായിരങ്ങളായ പുഷ്പദീപങ്ങൾ നിരത്തിവയ്ക്കണം,
മണക്കുന്ന പൊൻകിണ്ണങ്ങളിൽ നിന്നവയിലെണ്ണ പകരണം,
പിന്നെയെങ്ങുമവ തുള്ളിത്തുളുമ്പി നില്ക്കണം.


അങ്ങനെയവ എരിഞ്ഞെരിഞ്ഞു നില്ക്കണം,
ചുവന്ന പകലുകൾ അന്ധരാക്കിയ നമ്മൾ
വിളർത്ത രാത്രിയിൽ അന്യോന്യമറിയും വരെ,
നക്ഷത്രങ്ങളാണു നമ്മുടെയാത്മാക്കളെന്നറിയും വരെ.


എത്ര സമ്പന്നയാണു നീ. എന്റെ രാത്രികൾക്കു നീ സ്വപ്നങ്ങൾ നല്കുന്നു, എന്റെ പുലരികൾക്കു ഗാനങ്ങൾ നല്കുന്നു, എന്റെ പകലിനു ലക്ഷ്യം നല്കുന്നു, എന്റെ ചുവന്ന അസ്തമയത്തിനു സൂര്യാശംസകളും നല്കുന്നു. അക്ഷയമാണു നിന്റെ ദാനങ്ങൾ. നിന്റെ കൃപ കൈക്കൊള്ളാനായി മുട്ടു കുത്തി ഞാൻ കൈകളുയർത്തുന്നു. എത്ര സമ്പന്നയാണു നീ! ഞാനാരാകണമെന്നു നീയാഗ്രഹിക്കുന്നുവോ, അതൊക്കെയാണു ഞാൻ. നിനക്കു കോപം വരുമ്പോൾ ഞാൻ അടിമയാകാം, നിനക്കു പുഞ്ചിരി വരുമ്പോൾ ഞാൻ രാജാവാകാം. എങ്ങനെയായാലും എനിക്കസ്തിത്വം നല്കുന്നത് - നീ.

ഇതു നിന്നോടു ഞാൻ പലപ്പോഴും പറയും, മിക്കപ്പോഴും പറയും. എന്റെ കുമ്പസാരം എളിമയും സാരള്യവും വായ്ചതൊന്നായി വിളയും.  അങ്ങനെയൊടുവിൽ എത്രയും ലളിതമായി നിന്നോടു ഞാനതു പറയുമ്പോൾ അത്രയും ലളിതമായിത്തന്നെ നീയതുൾക്കൊള്ളും, നമ്മുടെ ഗ്രീഷ്മകാലം വന്നുചേരും. എല്ലാ പകലുകൾക്കും മേലതു വ്യാപിക്കുകയും ചെയ്യും- നിന്റെ
                                                            റെനെയുടെ.


നീ ഇന്നു വരും!?


(1903 നവംബർ 9)
റോം, 1904 ജനുവരി 15


ലൂ, പ്രിയപ്പെട്ട ലൂ, നിന്റെ ഒടുവിലത്തെ  കത്തിന്റെ തീയതി ഞാൻ എന്റെ കത്തിനു മുകളിൽ എഴുതുന്നു,- നീ എഴുതിയതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നറിയിക്കാനുള്ള ആഗ്രഹം കൊണ്ടു മാത്രമാണത്; അങ്ങനെയൊരവിശ്വാസത്തിനു നിരന്തരവും സാദ്ധ്യമായ എല്ലാ തരത്തിലുമുള്ള പിൻബലം തരുന്നവരാണ്‌ ഇറ്റലിയിലെ തപാൽ വകുപ്പുകാർ.

പ്രിയപ്പെട്ട ലൂ, ഞാനിപ്പോൾ തോട്ടത്തിലെ എന്റെ ചെറിയ പുരയ്ക്കുള്ളിലാണ്‌; ഏറെ നേരത്തെ അശാന്തിയ്ക്കു ശേഷം കിട്ടുന്ന ആദ്യത്തെ സമാധാനപൂർണ്ണമായ നേരമാണിത്; ലളിതമായ ഈ മുറിയ്ക്കുള്ളിൽ ഓരോന്നും അതാതിന്റെയിടത്തു കുടി പാർക്കുന്നു, ജീവിക്കുന്നു, പകലും രാത്രിയും അതിനു മേൽ പതിക്കാൻ വിട്ടുകൊടുക്കുകയും ചെയ്യുന്നു. അത്രയധികം മഴയ്ക്കു ശേഷം പുറത്തിപ്പോൾ ഒരു വസന്തകാലത്തിന്റെ അപരാഹ്നമാണ്‌, നാളെ കണ്ടില്ലെന്നു വരാമെങ്കിലും നിത്യതയിൽ നിന്നു വരുന്നതായി ഇപ്പോൾ തോന്നുന്ന ഏതോ വസന്തത്തിന്റെ നേരങ്ങളാണ്‌: അത്ര സംയമനമാണ്‌, തിളങ്ങുന്ന വാകയിലകളും കുറ്റിയോക്കുകളുടെ എളിയ ഇലപ്പൊതികളുമിളക്കുന്ന നേർത്ത ഇളംകാറ്റിന്‌; അത്ര ആത്മവിശ്വാസമാണ്‌, ഒഴിഞ്ഞൊരിടമുണ്ടെന്നു പറയാനില്ലാത്ത മരങ്ങളിൽ ഇളംചുവപ്പു നിറമാർന്ന കുഞ്ഞുമൊട്ടുകൾക്ക്; അത്രയ്ക്കാണ്‌, ഒരു പഴയപാലത്തിന്റെ കമാനം ധ്യാനനിരതമായി നോക്കിനില്ക്കുന്ന എന്റെ ഈ പ്രശാന്തസാനുവിലെ ധൂസരവും ഇളംപച്ചനിറവുമായ നാഴ്സിസസ് പൂത്തടത്തിൽ നിന്നു പൊങ്ങുന്ന സൗരഭ്യം. എന്റെ പുരപ്പുറത്തു കെട്ടിക്കിടന്ന മഴവെള്ളത്തിന്റെ അടിമട്ടു ഞാൻ തൂത്തു മാറ്റിക്കളഞ്ഞു, വാടിയ ഓക്കിലകൾ ഒരു വശത്തേക്കു വാരി മാറ്റുകയും ചെയ്തു; 

...ഏറെക്കാലത്തിനു ശേഷം ഇതാദ്യമായിട്ടാണ്‌ ഒരല്പം സ്വതന്ത്രനായ പോലെ, ഉല്ലാസവാനായ പോലെ, എന്റെ വീട്ടിലേക്കു നീ കയറിവരുന്ന പോലെ എനിക്കു തോന്നുന്നതും...ആഹ്ളാദം നല്കുന്ന ഈ അനുഭൂതിയും മാഞ്ഞുപോകാനേയുള്ളു: ആരറിഞ്ഞു, എന്റെ പുരപ്പുറത്തു പിന്നെയും വെള്ളം കോരിച്ചൊരിയാനായി അകലെ മലകൾക്കു പിന്നിൽ ഒരു മഴരാത്രി തയാറെടുക്കുകയല്ലെന്ന്, എന്റെ വഴികൾ പിന്നെയും മേഘങ്ങൾ കൊണ്ടു നിറയ്ക്കാൻ ഒരു കൊടുങ്കാറ്റുരുണ്ടുകൂടുകയല്ലെന്ന്.-

പക്ഷേ നിനക്കൊരു കത്തെഴുതാതെ ഈ നേരം കടന്നുപോകരുതെന്നു ഞാൻ കരുതി; നിനക്കു കത്തെഴുതാൻ എനിക്കു കഴിയുന്ന, നിനക്കടുത്തേക്കു വരാൻ മാത്രം എന്റെ മനസ്സു ശാന്തവും തല തെളിഞ്ഞതും ഞാൻ ഏകാകിയുമായിരിക്കുന്ന അല്പനിമിഷങ്ങൾ പാഴായിപ്പോകരുതെന്നു ഞാൻ കരുതി; കാരണം അത്രയ്ക്ക്, അത്രയ്ക്കാണെനിക്കു നിന്നോടു പറയാനുള്ളത്. പാരീസിൽ, ഡുറാൻഡ്-റുവേലിൽ വച്ച് കഴിഞ്ഞ കൊല്ലത്തെ വസന്തകാലത്ത് പൗരാണികചിത്രങ്ങളുടെ ഒരു പ്രദർശനം ഉണ്ടായിരുന്നു; ബോസ്ക്കോറിയേലിലെ ഒരു വില്ലായിൽ നിന്നുള്ള ചുമർചിത്രങ്ങൾ...ആ ചിത്രശകലങ്ങളിൽ ഏറ്റവും വലുതും അതിനാൽ അത്ര ലോലമെന്നു തോന്നുന്നതുമായ ഒന്ന് പൂർണ്ണമായും വലിയ ചേതം വരാതെയുമുണ്ടായിരുന്നു. ഗൗരവം നിറഞ്ഞതും പ്രശാന്തവുമായ ഒരു മുഖഭാവത്തോടെ ഒരു സ്ത്രീ ഇരിക്കുന്നതാണ്‌ അതിൽ ചിത്രീകരിച്ചിരുന്നത്; മന്ത്രിക്കുന്ന പോലെയും ചിന്തയിൽ മുഴുകിയ പോലെയും സംസാരിക്കുന്ന ഒരു പുരുഷൻ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണവൾ; അയാൾ സംസാരിക്കുന്നത് അവളോടെന്നപോലെ തന്നോടുമാണ്‌; അസ്തമയനേരത്തെ കടലോരങ്ങൾ പോലെ കഴിഞ്ഞുപോയ ഭാഗധേയങ്ങൾ തിളങ്ങുന്ന ഇരുണ്ട ശബ്ദമാണയാളുടേത്. ഈ മനുഷ്യൻ, എന്റെ ഓർമ്മ ശരിയാണെങ്കിൽ, അയാളുടെ കൈകൾ ഒരൂന്നുവടി മേൽ വച്ചിരുന്നു, വിദൂരദേശങ്ങളിൽ അയാൾ ഒപ്പം കൊണ്ടുപോയിരിക്കാവുന്ന ആ വടി മേൽ മടക്കിവച്ചിരുന്നു; അയാൾ സംസാരിക്കുമ്പോൾ അവ വിശ്രമിക്കുകയായിരുന്നു (തങ്ങളുടെ യജമാനൻ കഥ പറയാൻ തുടങ്ങുമ്പോൾ, അതേറെ നേരം നീണ്ടുനില്ക്കുമെന്നു കാണുമ്പോൾ മയങ്ങാൻ കിടക്കുന്ന നായ്ക്കളെപ്പോലെ-); എന്നാൽ ഈ മനുഷ്യൻ തന്റെ കഥയിൽ ഏറെ മുന്നോട്ടു പോയിരിക്കുന്നുവെങ്കിലും ഓർമ്മയുടെ എത്രയും വലിയൊരു വിസ്തൃതി (നിരപ്പായതെങ്കിലും പാത അപ്രതീക്ഷിതമായി വളവുകളെടുക്കുന്ന ഓർമ്മയുടെ വിസ്തൃതി) ഇനിയും മുന്നിലുണ്ടെന്നു തോന്നിപ്പിച്ചിരുന്നു; പക്ഷേ പ്രഥമദർശനത്തിൽ തന്നെ നിങ്ങൾക്കു മനസ്സിലാകുന്നു, അയാളാണു വന്നതെന്ന്, സ്വസ്ഥയും പ്രൗഢയുമായ ഈ സ്ത്രീയിലേക്കു യാത്ര ചെയ്തു വന്നയാൾ; ഉയരം വച്ച, വീടിന്റെ ശാന്തി നിറഞ്ഞ ഈ സ്ത്രീയിലേക്കു കയറിവന്ന അപരിചിതൻ. ആ ആഗമനത്തിന്റെ ഭാവം അപ്പോഴും അയാളിൽ ശേഷിച്ചിരുന്നു, കടലോരത്തൊരു തിരയിലെന്നപോലെ, തെളിഞ്ഞുപരന്ന ചില്ലു പോലതു പിൻവാങ്ങുകയാണെങ്കില്പോലും; കുറച്ചുകൂടി പക്വത വന്ന ഒരു സഞ്ചാരിക്കു പോലും കുടഞ്ഞുകളയാനാവാത്ത ആ തിടുക്കം അയാളിൽ നിന്നപ്പോഴും കൊഴിഞ്ഞുപോയിരുന്നില്ല; അയാളുടെ മനസ്സിന്റെ ഊന്നൽ അപ്പോഴും മാറിവരുന്നതും വിചാരിച്ചിരിക്കാത്തതുമായ സാദ്ധ്യതകളിലായിരുന്നു, അയാളുടെ കൈകളെക്കാൾ ഉത്തേജിതമായ, ഇനിയും ഉറക്കം പിടിക്കാത്ത കാലടികളിലേക്ക് ചോര ഇരച്ചുപായുകയായിരുന്നു. ഇപ്രകാരമാണ്‌ ചലനവും നിശ്ചലതയും ആ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരുന്നത്; വൈരുദ്ധ്യങ്ങളായിട്ടല്ല, ഒരന്യാപദേശമായി, സാവധാനം മുറി കൂടുന്ന ഒരു വ്രണം പോലെ അന്തിമമായൊരൈക്യമായി...മഹത്തും ലളിതവുമായ ആ ചിത്രം എനിക്കു മേൽ പിടി മുറുക്കിയ രീതി എന്റെ ഓർമ്മയിൽ എന്നുമുണ്ടാവും. അത്രയ്ക്കതൊരാലേഖനമായിരുന്നു, രണ്ടു രൂപങ്ങളേ അതിലുള്ളുവെന്നതിനാൽ; അത്രയ്ക്കതർത്ഥവത്തുമായിരുന്നു, ആ രണ്ടു രൂപങ്ങൾ തങ്ങളാൽത്തന്നെ നിറഞ്ഞിരുന്നുവെന്നതിനാൽ, തങ്ങളാൽത്തന്നെ ഭാരിച്ചതായിരുന്നുവെന്നതിനാൽ, നിരുപമമായ ഒരനിവാര്യതയാൽ ഒന്നുചേർന്നിരുന്നുവെന്നതിനാൽ. ആദ്യനിമിഷം തന്നെ ആ ചിത്രത്തിന്റെ സാരം എനിക്കു തെളിഞ്ഞുകിട്ടുകയും ചെയ്തു. തികച്ചും കലുഷമായ ആ പാരീസ്‌കാലത്ത്, അനുഭവങ്ങൾ ദുഷ്കരവും വേദനാപൂർണ്ണവുമായി വലിയൊരുയരത്തിൽ നിന്നെന്നപോലെ ആത്മാവിൽ വന്നുപതിച്ചുകൊണ്ടിരുന്നപ്പോൾ, ആ മനോഹരചിത്രവുമായുള്ള സംഗമം നിർണ്ണായകമായ ഒരൂന്നൽ കൈവരിക്കുകയായിരുന്നു; ആസന്നമായതിനൊക്കെയപ്പുറം, അന്തിമമായതൊന്നിലേക്കു നോക്കാൻ എനിക്കനുമതി കിട്ടിയ പോലെയായിരുന്നു; അത്രയ്ക്കാണ്‌ ആ ചിത്രദർശനം എന്നെ സ്പർശിച്ചതും ദൃഢപ്പെടുത്തിയതും. പിന്നെയാണ്‌ പ്രിയപ്പെട്ട ലൂ, നിനക്കു കത്തെഴുതാനുള്ള ധൈര്യം വന്നുഭവിച്ചതും; എന്തെന്നാൽ എനിക്കു തോന്നി, ഏതു പാതയും, അതെത്ര വളഞ്ഞുപുളഞ്ഞതുമായിക്കോട്ടെ, സാർത്ഥകമാകും, ഒരു സ്ത്രീയിലേക്കുള്ള, സ്വസ്ഥതയിലും പക്വതയിലും കുടി കൊള്ളുന്ന, വിപുലയായ, ഗ്രീഷ്മരാത്രി പോലെന്തും- തങ്ങളെത്തന്നെ പേടിക്കുന്ന കുഞ്ഞുശബ്ദങ്ങൾ, വിളികൾ, മണിനാദങ്ങൾ- കേൾക്കാനറിയുന്ന ആ ഒരു സ്ത്രീയിലേക്കുള്ള അന്തിമമായ മടക്കത്തിലൂടെയെന്ന്:
പക്ഷേ ലൂ, എനിക്ക്, നിനക്കെങ്ങനെയോ നഷ്ടപ്പെട്ട ഈ മകന്‌, ഇനി വരാനുള്ള കുറേയേറെക്കാലത്തേക്കാവില്ല, കഥകൾ പറയുന്നവനാവാൻ, സ്വന്തം വഴി ഗണിച്ചെടുക്കുന്നവനാവാൻ, എന്റെ പൊയ്പോയ ഭാഗധേയങ്ങൾ വിവരിക്കുന്നവനാവാൻ; നീ കേൾക്കുന്നത് ഞാൻ ചുവടു വയ്ക്കുന്ന ശബ്ദം മാത്രമാണ്‌, ഇപ്പോഴുമതു തുടരുകയാണ്‌, ഇന്നതെന്നറിയാത്ത വഴികളിലൂടതു പിന്മടങ്ങുകയാണ്‌, ഏതിൽ നിന്നെന്നെനിക്കറിയില്ല, ആർക്കെങ്കിലുമടുത്തേക്കു വരികയാണോ അതെന്നുമെനിക്കറിയില്ല. എന്റെ നാവ്, ഒരിക്കലതൊരു വൻപുഴയായിക്കഴിഞ്ഞാൽ നിന്നിലേക്ക്, നിന്റെ കേൾവിയിലേക്ക്, നിന്റെ തുറന്ന ഗഹനതകളുടെ നിശബ്ദതയിലേക്കൊഴുകേണമെന്നേയെനിക്കുള്ളു- അതാണെന്റെ പ്രാർത്ഥന; പ്രബലമായ ഓരോ നേരത്തോടും, സംരക്ഷിക്കുകയും സർവതും പ്രദാനം ചെയ്യുകയും ചെയ്യുന്ന ഓരോ ഉത്കണ്ഠയോടും അഭിലാഷത്തോടും ആഹ്ളാദത്തോടും ആ പ്രാർത്ഥന ഞാൻ ആവർത്തിക്കുന്നു. ഇപ്പോൾപ്പോലും അപ്രധാനമാണെന്റെ ജീവിതമെങ്കിലും, കളകൾ കോയ്മ നേടിയ, പരിപാലനമില്ലാത്ത തൈകൾക്കിടയിൽ കിളികൾ കൊത്തിപ്പെറുക്കുന്ന ഉഴാത്ത പാടം പോലെയാണതെന്നു പലപ്പോഴും പലപ്പോഴുമെനിക്കു തോന്നാറുണ്ടെങ്കിലും,- നിന്നോടു പറയാനാവുമ്പോഴേ എനിക്കതുള്ളു, നീയതു കേൾക്കുമ്പോഴേ എനിക്കതുള്ളു!



എഴുത്തുകാരിയും സൈക്കോ അനലിസ്റ്റും നീച്ചയുടെ ശിഷ്യയും ഫ്രോയിഡിന്റെ ആത്മമിത്രവും റില്ക്കെയുടെ കാവ്യദേവതയുമായിരുന്ന ലൂ അന്ദ്രിയാസ് സലോമി Lou Andreas Salom� 1861ൽ സെയിന്റ് പീറ്റേഴ്സ് ബർഗിൽ ഒരു റഷ്യൻ ജനറലിന്റെ മകളായി ജനിച്ചു. സൂറിച്ച് യൂണിവേഴ്സിറ്റിയിൽ രണ്ടു കൊല്ലം മതചരിത്രവും ദൈവശാസ്ത്രവും പഠിച്ചതിനു ശേഷം 1882ൽ സലോമിറോമിൽ താമസമായി. ഇവിടെ വച്ചാണ്‌ പോൾ റീ (Paul Rhee)യെയും ഫ്രീഡ്രിക് നീച്ച (Friedrich Nietzsche)യെയും കണ്ടുമുട്ടുന്നതും പ്രബലമായ ഒരു ധൈഷണികത്രിത്വം ജന്മമെടുക്കുന്നതും. പില്ക്കാലത്ത് തന്റെ ഭർത്താവായ കാൾ ഫ്രീഡ്രിക് അന്ദ്രിയാസിനെ (Carl Friedrich Andreas) അവർ കണ്ടുമുട്ടുന്നത് 1887ലാണ്‌. കാൾ മരിക്കുന്ന 1930 വരെ അവർ തമ്മിൽ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്നും അവർ പ്രത്യേകം വീടുകളിലാണ്‌ താമസിച്ചിരുന്നതെന്നും പറയപ്പെടുന്നു. ലേഖനങ്ങളും പുസ്തകങ്ങളും വഴി കിട്ടിയിരുന്ന വരുമാനം കൊണ്ട് സലോമിയ്ക്ക് ഭർത്താവിനെ ആശ്രയിക്കേണ്ടിയും വന്നില്ല. നീച്ചയെ കുറിച്ച് ആദ്യമായി പഠനങ്ങൾ എഴുതുന്നത് അവരാണ്‌- അദ്ദേഹം മരിക്കുന്നതിന്‌ ആറു കൊല്ലം മുമ്പ്. തന്നെ വിവാഹം കഴിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും അവർ അത് നിരാകരിച്ചു. 1897ൽ അവർ റയിനർ മരിയ റില്ക്കെയെ പരിചയപ്പെട്ടു. ദീർഘമായ ഒരു കാല്പനികപ്രണയത്തിന്റെ തുടക്കമായിരുന്നു അത്. തന്നെക്കാൾ പതിനഞ്ചു വയസ്സ് പ്രായം കുറവായ റില്ക്കെയുടെ പ്രണയാഭ്യർത്ഥന ആദ്യമൊക്കെ അവർ നിരസിച്ചുവെങ്കിലും പിന്നീട് കവിയുടെ നിർബന്ധബുദ്ധിയ്ക്കു മുന്നിൽ അവർ വഴങ്ങുകയായിരുന്നു. പ്രണയത്തിലേക്കും സൗഹൃദത്തിലേക്കും ആരാധനയിലേക്കും മാറിമാറിപ്പൊയ്ക്കൊണ്ടിരുന്ന ആ ബന്ധം ഇരുവരുടെയും സർഗ്ഗാത്മകതയെ പോഷിപ്പിച്ചു എന്നതാണ്‌ പ്രധാനം. ഇക്കാലത്ത് അവർ റില്ക്കെയെ റഷ്യൻ പഠിപ്പിക്കുകയും ചെയ്തു. 1902ൽ പോൾ റീയുടെ ആത്മഹത്യയെ തുടർന്നുണ്ടായ മാനസികാഘാതം അവരെ വിയന്നീസ് ഡോക്ടറായ ഫ്രീഡ്രിക് പിനേലെസ്സിലേക്കും അദ്ദേഹവുമായുള്ള ബന്ധത്തിലേക്കും നയിച്ചു. 1911ൽ ഫ്രോയിഡുമായുള്ള സന്ദർശനം സൈക്കോ അനാലിസിസ് പഠിക്കാൻ അവരെ പ്രേരിപ്പിച്ചു. വിയന്ന സൈക്കോ അനലിറ്റിക് സർക്കിളിൽ പ്രവേശനം കിട്ടിയ ഒരേയൊരു സ്ത്രീയുമായി അവർ. പിന്നീടവർ ഗോട്ടിംഗ എന്ന ജർമ്മൻ നഗരത്തിൽ സൈക്കോ അനലിറ്റിക് ചികിത്സയ്ക്കായി ഒരു കേന്ദ്രവും തുടങ്ങി. 1937ൽ വൃക്കരോഗത്തെ തുടർന്ന് എഴുപത്താറാമത്തെ വയസ്സിൽ അവർ മരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: