1856 നവംബർ 2
നിന്റെ സൌന്ദര്യത്തോടു ഞാൻ സ്നേഹത്തിലായിക്കഴിഞ്ഞു; പക്ഷേ ശാശ്വതവും അനർഘവുമായി നിന്നിലുള്ളതൊന്നിനെ, നിന്റെ ഹൃദയത്തെ, നിന്റെ ആത്മാവിനെ സ്നേഹിക്കാൻ തുടങ്ങിയിട്ടേയുള്ളു ഞാൻ. സൌന്ദര്യത്തെ അറിയാനും അതിനോടു സ്നേഹത്തിലാവാനും ആർക്കും ഒരു മണിക്കൂറു മതി; അത്രതന്നെ നേരം മതി ആ സ്നേഹം നിലയ്ക്കാനും. ആത്മാവിനെ അറിയാൻ പക്ഷേ, നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു. ഞാൻ പറയുന്നതു വിശ്വസിക്കൂ, ഈ ഭൂമിയിൽ യാതൊന്നും അദ്ധ്വാനിക്കാതെ കിട്ടാൻ പോകുന്നില്ല, അനുഭൂതികളിൽ വച്ചേറ്റവും മനോഹരവും നൈസർഗികവുമായ പ്രണയം പോലും.
1856 നവംബർ 9
ദൈവത്തെയോർത്ത് ഒരു ദിവസവും മുടങ്ങാതെ എനിക്കെഴുതൂ. ഇനി, അതിന്റെ ആവശ്യമില്ലെന്നു തോന്നിയാൽ എഴുതുകയും വേണ്ട; അല്ല, അങ്ങനെയല്ല, എഴുതാൻ ഒട്ടും മനസ്സു വരാത്ത ദിവസമാണെങ്കിൽ ഇപ്പറയുന്നതു മാത്രം എഴുതുക: ഇന്ന്, ഇന്ന ദിവസം, എഴുതാൻ എനിക്കു മനസ്സു വരുന്നില്ല; എന്നിട്ടതയക്കുക. അതു വായിച്ചു ഞാൻ സന്തോഷിച്ചോളാം. ദൈവത്തെയോർത്ത് നിന്റെ കത്തുകൾ കെട്ടിച്ചമച്ചവയാവരുത്, നീയവ പലയാവൃത്തി വായിച്ചുനോക്കുകയുമരുത്; നോക്കൂ - ഞാൻ, നിന്റെ മുന്നിൽ ആളാകാൻ ഏതു വേഷവും കെട്ടാൻ മടിക്കാത്ത ഞാൻ പക്ഷേ, ആഗ്രഹിക്കുന്നത് എന്റെ ആത്മാർത്ഥതയും സത്യസന്ധതയും മാത്രം നിന്നെ കാണിക്കാനാണ്; എങ്കിൽ നീയും അതുപോലെ തന്നെയാവണം. നിന്നെക്കാൾ സമർത്ഥകളായ സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ നിന്നെക്കാൾ സത്യസന്ധയായ ഒരുത്തിയെ ഞാൻ കണ്ടിട്ടില്ല. തന്നെയുമല്ല, മനസ്സിനു മഹത്വം കൂടിപ്പോയാൽ അതരോചകമാണ്. അതേ സമയം, അതെത്ര നിഷ്കപടമാണോ, അത്രയ്ക്കതു പൂർണ്ണമാകുന്നു, അത്രയ്ക്കതിനെ നാം സ്നേഹിക്കുകയും ചെയ്യുന്നു. നോക്കൂ, നിന്നെ സ്നേഹിക്കാനുള്ള അഭിലാഷത്തിന്റെ കൂടുതൽ കാരണം എന്നെ എങ്ങനെ സ്നേഹിക്കണമെന്നു ഞാൻ നിന്നെ പഠിപ്പിക്കുകയാണ്! സത്യം പറയട്ടെ, എനിക്കിപ്പോൾ പ്രധാനമായും നിന്നോടു തോന്നുന്നത് സ്നേഹമല്ല, ആത്മാർത്ഥമായി നിന്നെ സ്നേഹിക്കാനുള്ള തീവ്രാഭിലാഷമാണ്. ദൈവത്തെയോർത്ത് എത്രയും പെട്ടെന്ന് എനിക്കെഴുതുക, കഴിയുന്നത്ര നീളത്തിൽ, നിനക്കാവുന്നത്ര വിലക്ഷണമായും പരസ്പരബന്ധമില്ലാതെയും, അതിനാൽ അത്രയ്ക്കാത്മാർത്ഥമായും.
സോഫിയ അന്ദ്രെയേവ്നയെ വിവാഹം ചെയ്യുന്നതിനു മുമ്പ് 1856-57ൽ ടോൾസ്റ്റോയിയുടെ കാമുകിയായിരുന്നു വലേറിയ അഴ്സെനേവ. സുന്ദരിയും അദ്ദേഹത്തെക്കാൾ വളരെയധികം ചെറുപ്പവുമായ വലേറിയ, യാസ്നായ പോളിയാനയിൽ നിന്ന് അധികമകലെയല്ലാതുള്ള ഒരു എസ്റ്റേറ്റിലാണ് താമസിച്ചിരുന്നത്. താൻ മനസ്സിൽ കണ്ട കുടുംബസൗഖ്യം എന്ന ആദർശം സാക്ഷാല്ക്കരിക്കാൻ വലേറിയായുമായുള്ള ബന്ധത്തിലൂടെ അദ്ദേഹം ശ്രമിച്ചു. എന്നാൽ അധികം വൈകാതെ ആ പ്രേമബന്ധം അദ്ദേഹം അവസാനിപ്പിച്ചു. അപ്പോഴേക്കും അദ്ദേഹത്തിന് ആ ആദര്‍ശത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഈ ബന്ധത്തെ അടിസ്ഥാനമാക്കിയാണ് ടോൾസ്റ്റോയ് 1859ൽ Family Happiness എന്ന ചെറുനോവൽ എഴുതുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ