2021, മേയ് 13, വ്യാഴാഴ്‌ച

ബോദ്‌ലേർ - വായനക്കാരനോട്



മൂഢതയും അബദ്ധവും പാപവും ലോഭവും
നമ്മുടെ മനസ്സുകൾ കയ്യടക്കുന്നു, നമ്മുടെ ഉടലുകളെ തളർത്തുന്നു.
നമ്മുടെ മെരുങ്ങിയ മനഃസാക്ഷിക്കുത്തുകളെ നാം തീറ്റിപ്പോറ്റുന്നു,
യാചകർ തങ്ങളുടെ മേലരിക്കുന്ന ചെള്ളുകളെയെന്നപോലെ.

നമ്മുടെ പാപങ്ങൾ ദുർവാശിക്കാർ, നമ്മുടെ കുറ്റബോധങ്ങൾ പാതിമനസ്സോടെ;
നമ്മുടെ കുറ്റസമ്മതങ്ങൾക്കു നാം ഉദാരമായ വില വാങ്ങുന്നു,
പിന്നെ വീണ്ടും നാം ചെളിപ്പാതയിലേക്കു തിരിഞ്ഞുനടക്കുന്നു,
ക്ഷുദ്രമായ കണ്ണീരിൽ കളങ്കളെല്ലാം കഴുകിപ്പോകുമെന്നു നാം വിശ്വസിക്കുന്നു.

തിന്മയുടെ തലയിണയിൽ കൊടുംകൈ കുത്തിക്കിടക്കുന്ന സാത്താൻ ട്രിസ്മെജിസ്റ്റസ്,*
നമ്മുടെ വിധേയമനസ്സുകളെ താരാട്ടിയുറക്കുന്നു,
നമ്മുടെ ഇച്ഛാശക്തിയുടെ വിശിഷ്ടലോഹമെല്ലാം
ആ രസായനവിദ്യക്കാരന്റെ നൈപുണ്യത്തിൽ ആവിയായി മാറുന്നു.

സത്യമായും നമ്മുടെ ചരടുകൾ ആ പിശാചിന്റെ കയ്യിൽത്തന്നെ!
ഏറ്റവുമറയ്ക്കുന്ന വസ്തുക്കളിൽ നാം വശ്യതകൾ കണ്ടെത്തുന്നു;
ഓരോ നാളും നാം നരകത്തിലേക്കൊരുപടിയിറങ്ങിപ്പോകുന്നു,
നാറുന്ന ഇരുട്ടിലൂടെ, ഒരറപ്പുമില്ലാതെ.

ഒരു കിഴട്ടുവേശ്യയുടെ ചതഞ്ഞ മുലക്കണ്ണുകൾ കാരുന്ന
നിർദ്ധനനായ ഒരു വിടനെപ്പോലെ
കടന്നുപോകുമ്പോളൊരു രഹസ്യാനന്ദം നാം കട്ടെടുക്കുന്നു,
ശുഷ്കിച്ചൊരോറഞ്ചു പോലതു നാം ഞെക്കിപ്പിഴിയുന്നു.

ഒരു കോടി പുഴുക്കളെപ്പോലെ നുരഞ്ഞും പുളഞ്ഞും
ഒരു പിശാചക്കൂട്ടം നമ്മുടെ തലച്ചോറിനുള്ളിൽ മത്തടിക്കുന്നു,
നാം ശ്വസിക്കുമ്പോൾ വിലാപങ്ങളമർന്ന അദൃശ്യയായൊരു നദിയായി 
മരണം നമ്മുടെ ശ്വാസകോശത്തിനുള്ളിലേക്കൊഴുകുന്നു.

കൊലയും ബലാൽസംഗവും വിഷവും കഠാരയും
അവയുടെ സുന്ദരമായ ചിത്രപ്പണികൾ ഇനിയും തുന്നിച്ചേർത്തിട്ടില്ല
നമ്മുടെ ജീവിതവിധിയുടെ മുഷിപ്പൻ തുണിയിലെങ്കിൽ,
നമ്മുടെയാത്മാവിനതിനു ധൈര്യം വന്നിട്ടില്ല എന്നതിനാൽ മാത്രം!

എന്നാൽ ഈ കുറുനരികൾക്കും പുലികൾക്കും വേട്ടനായ്ക്കൾക്കും
കുരങ്ങുകൾക്കും തേളുകൾക്കും പാമ്പുകൾക്കും കഴുകന്മാർക്കുമിടയിൽ,
നമ്മുടെ ദുർവ്വാസനകളുടെ ആ മൃഗശാലയിൽ
കുരയ്ക്കുകയും മുരളുകയും ഓരിയിടുകയും ഇഴയുകയും ചെയ്യുന്ന ജന്തുക്കൾക്കിടയിൽ,

ഏറ്റവും വികൃതവും  ഏറ്റവും ദുഷ്ടവും ഏറ്റവും മലിനവുമായതൊന്നുണ്ട്!
വലിയ ചേഷ്ടകളില്ല, ഉച്ചത്തിലൊച്ചയിടുന്നില്ല അവനെങ്കിലും
ഒരു വിസമ്മതവുമില്ലാതവൻ ഭൂമിയെ പാഴ്നിലമാക്കും,
ഒറ്റ വായക്കു ലോകമാകെ വെട്ടിവിഴുങ്ങും.

അവനാണ്‌ മടുപ്പ്!*  തനിയേ നിറഞ്ഞ കണ്ണുകളോടെ
ഹുക്കയും വലിച്ചുകൊണ്ടവൻ കൊലമരങ്ങൾ സ്വപ്നം കാണുന്നു.
നിങ്ങൾക്കവനെ അറിയാം, വായനക്കാരാ, മിനുസക്കാരനായ ആ സത്വത്തെ;
ആത്മവഞ്ചകനായ വായനക്കാരാ, എന്റെ സഹജീവീ, എന്റെ കൂടപ്പിറപ്പേ!
***

*Satan Trismegistus- നീചലോഹങ്ങളെ സ്വർണ്ണമാക്കി മാറ്റുന്ന ആല്ക്കെമി എന്ന രസായനവിദ്യയുടെ ഉപജ്ഞാതാവാണ്‌ ട്രിസ്മെജിസ്റ്റസ്. ബോദ്‌ലേർ സാത്താനെ ഒരാല്ക്കെമിസ്റ്റായി കാണുന്നു.

*Ennui സാധാരണ അർത്ഥത്തിലുള്ള മടുപ്പല്ല, ആത്മാവിനെ ജഡമാക്കുന്ന ഒരു ശാരീരികാവസ്ഥയാണ്‌. മനുഷ്യരാശിയെ ബാധിച്ച തിന്മകളിൽ ഏറ്റവും നികൃഷ്ടവുമാണത്. ബോദ്‌ലേർ തന്നിൽ കണ്ടെത്തുന്ന ഈ ‘മടുപ്പ്’ തന്റെ വായനക്കാരനിലുമുണ്ടെന്ന് അദ്ദേഹം തറപ്പിച്ചുപറയുന്നു.


അഭിപ്രായങ്ങളൊന്നുമില്ല: