2021, മേയ് 4, ചൊവ്വാഴ്ച

ബോദ്‌ലേർ- ഒരു മഡോണയോട്


(സ്പാനിഷ് ശൈലിയിൽ ഒരു പ്രാർത്ഥന)

മഡോണാ, എന്റെ കാമുകീ, നിനക്കായി ഞാൻ പണിയാം,
എന്റെ യാതനയുടെ ഗർത്തത്തിൽ, ഭൂഗർഭത്തിലൊരൾത്താര;
എന്റെ ഹൃദയത്തിൽ, എന്നുമിരുളടഞ്ഞൊരു കോണിൽ,
മോഹങ്ങളും പരിഹാസനോട്ടങ്ങളുമെത്താത്തൊരിടത്തിൽ,
പൊന്നും നീലവും പൂശിയൊരു രൂപക്കൂടു ഞാൻ തീർക്കാം,
അതിൽ ഞാൻ നിന്നെ പ്രതിഷ്ഠിക്കാം, കൺവിടർന്ന വിഗ്രഹമേ!
മിനുക്കിയെടുത്ത വരികൾ നേർത്ത ലോഹക്കമ്പികളാക്കി,
പ്രാസകൗശലം കൊണ്ടു പളുങ്കുമണികളും ചാർത്തി
ഉത്തുംഗമായൊരു കിരീടം ഞാൻ നിന്റെ ശിരസ്സിലണിയിക്കാം;
എന്റെ അസൂയയിൽ നിന്നും, മരണമുള്ള മഡോണാ,
പ്രാകൃതരുടെ മട്ടിലൊരു മേലങ്കി ഞാൻ നിനക്കു തുന്നാം,
പരുക്കനും കനത്തതും എന്റെ ദുശ്ശങ്കകൾ കരയിട്ടതും;
കാവല്പുര പോലതു നിന്റെ ചാരുതകളെ പൊതിഞ്ഞുവയ്ക്കും;
മുത്തുകളല്ല, എന്റെ കണ്ണീർത്തുള്ളികളാതിന്റെ ചിത്രത്തുന്നലാവും!
വിറ കൊള്ളുന്ന എന്റെ തൃഷ്ണ നിനക്കു മേലാടയാവും,
തിരപ്പെരുക്കത്തിലെന്നപോലതു പൊങ്ങിയും താണും
തലപ്പുകളിൽ തങ്ങിനിന്നും തടങ്ങളിലടങ്ങിക്കിടന്നും
നിന്റെ തുടുത്ത ഉടലിനെയൊടുവിലൊരു ചുംബനമുടുപ്പിക്കും!
സ്വാഭിമാനത്താൽ ഞാൻ നിനക്കു പട്ടുപാദുകങ്ങൾ തീർക്കാം,
നിന്റെ ദിവ്യപാദങ്ങൾക്കു മുന്നിലവ വിനീതരായി നില്ക്കും,
പിന്നെയൊരു മൃദുലാശ്ലേഷത്തോടവയെ തടവിലാക്കും,
വിശ്വസ്തമായൊരച്ചുപോലവയുടെ വടിവുകളൊപ്പിയെടുക്കും.

നിനക്കു പാദപീഠമായൊരു രജതചന്ദ്രനെ കൊത്തിയെടുക്കാൻ
എന്റെ വൈഭവത്തിന്റെ ശുഷ്കാന്തിക്കാവുന്നില്ലെങ്കിൽ
വിജേതയായ ദിവ്യറാണീ, പാപമോചനത്തിന്റെ തീരാത്ത ഉറവിടമേ,
എന്റെ കുടലു കാരുന്ന ആ കുടിലസർപ്പത്തെ ഞാനെറിഞ്ഞുതരാം,
വിഷവും വിദ്വേഷവും കൊണ്ടു ചീർത്ത ആ ദുഷ്ടസത്വത്തെ
പരിഹസിക്കൂ, നിന്റെ കാല്ക്കീഴിലിട്ടവനെ ചവിട്ടയരയ്ക്കൂ!
പൂക്കളലങ്കരിക്കുന്ന നിന്റെയൾത്താരയിൽ, അമലോത്ഭവറാണീ,
എന്റെ ചിന്തകൾ മെഴുകുതിരികൾ പോലെ നിരന്നുകത്തും,
നീലച്ചായം പൂശിയ മച്ചിൽ നക്ഷത്രങ്ങളായവ പ്രതിഫലിക്കും,
ആഗ്നേയനേത്രങ്ങളാലവ നിർന്നിമേഷം നിന്നെ നോക്കിനില്ക്കും;
ഞാനായതെല്ലാം നിന്നെ ആരാധിക്കുന്നുവെന്നതിനാൽ
സർവ്വതും ധൂപവും സാമ്പ്രാണിയും കുന്തിരിക്കവും മൂരുമാകും,
എന്റെ പ്രചണ്ഡഹൃദയം, മഞ്ഞിന്റെ വെണ്മയാർന്ന ഗിരിശൃംഗമേ,
നിലയ്ക്കാത്ത സുഗന്ധധൂമമായി നിന്റെ നേർക്കുയരും.

ഒടുവിൽ, നിന്റെ മറിയമെന്ന വേഷം പൂർണ്ണമാക്കാനായി,
പ്രണയത്തിൽ കിരാതമായ ക്രൗര്യം കലർത്താനുമായി,
ഇരുണ്ട ആനന്ദം! ഞാൻ,  കുറ്റബോധം നിറഞ്ഞ പീഡകൻ,
ഏഴു കൊടുംപാപങ്ങൾ കൊണ്ടേഴു കൂർത്ത കഠാരകൾ ഞാൻ തീർക്കും,
വിദഗ്ധനായൊരു ജാലവിദ്യക്കാരന്റെ അലക്ഷ്യഭാവത്തോടെ
നിനെക്കെന്നോടുള്ള പ്രണയത്തിന്റെ മർമ്മം ഞാനുന്നമാക്കും,
ഏഴും ഞാനെറിഞ്ഞുകൊള്ളിക്കും, നിന്റെ കിതയ്ക്കുന്ന ഹൃദയത്തിൽ,
നിന്റെ വിതുമ്പുന്ന ഹൃദയത്തിൽ, ചോര ചീറ്റുന്ന നിന്റെ ഹൃദയത്തിൽ!
***

സ്പാനിഷ് ശൈലിയിൽ ഒരു പ്രാർത്ഥന: സ്പാനിഷ് പാരമ്പര്യത്തിൽ മറിയത്തിനെ മൂന്നു രീതിയിൽ ചിത്രീകരിച്ചിട്ടുണ്ടെന്നു ദുപോണ്ട് പറയുന്നു: വിശുദ്ധമറിയം, കാൽക്കിഴിൽ ചന്ദ്രനും സർപ്പവുമുള്ള അമലോത്ഭവ, പിന്നെ ഏഴു കഠാരകളുടെ മുറിവേറ്റ മറിയവും.

നിനക്കു കാൽക്കലിട്ടു ചവിട്ടിയരയ്ക്കാൻ: അനുസരണക്കേടു കാട്ടിയതിനു ആദമിനെയും ഹവ്വയേയും ദൈവം ശിക്ഷിക്കുന്നുണ്ടെങ്കിലും ഹവ്വയുടെ സന്തതികൾ അവളെ പ്രലോഭിപ്പിച്ച സർപ്പത്തിന്റെ ‘തല തകർക്കും’ എന്നു ശപിക്കുന്നുമുണ്ട്.

ഏഴു കൊടുംപാപങ്ങൾ : ഒരാൾ ഒരു പാപം ചെയ്യുമ്പോൾ അതു കന്യാമറിയത്തിന്റെ ഹൃദയം തുളയ്ക്കുന്നുവെന്നാണ്‌ കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. ബോദ്ലെയറിന്‌ തന്റെ മറിയത്തിന്റെ ചിത്രം പൂർണ്ണമാക്കാൻ ദിവ്യവും നിർമ്മലവുമായൊരു ബിംബത്തിന്മേൽ പാപത്തിന്റെ കഠാരകളെറിഞ്ഞുകൊള്ളിച്ചാലേ പറ്റൂ.


അഭിപ്രായങ്ങളൊന്നുമില്ല: