ആനന്ദം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ മനോവേദന,
അപമാനം, പശ്ചാത്താപം, തേങ്ങലുകൾ, വേവലാതികൾ,
കൈവെള്ളയിലിട്ടു ചുരുട്ടിക്കൂട്ടുന്ന കടലാസ്സുപന്തുപോലെ
ഹൃദയം ചുളുങ്ങിക്കൂടുന്ന കഠിനരാത്രികളിലെ അസ്പഷ്ടഭീതികൾ?
ആനന്ദം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ മനോവേദന?
കാരുണ്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ വിദ്വേഷം,
ഇരുട്ടത്തു മുറുക്കിയ മുഷ്ടികളും പകയുടെ കണ്ണുനീരും?
പ്രതികാരമതിന്റെ പെരുമ്പറയിൽ പോർവിളി മുഴക്കുമ്പോൾ,
നമ്മുടെ ശേഷികളുടെ കപ്പിത്താനായി സ്വയമതവരോധിക്കുമ്പോൾ,
കാരുണ്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ വിദ്വേഷം?
ആരോഗ്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ ജ്വരം,
ഒരു ധർമ്മാശുപത്രിയുടെ വിളറിയ ചുമരുകളിൽ തപ്പിപ്പിടിച്ചും
നാടു കടത്തപ്പെട്ടവരെപ്പോലെ തളർന്ന കാലുകൾ വലിച്ചിഴച്ചും
ചുണ്ടുകൾ വിറ പൂണ്ടും ഒരു സൂര്യന്റെ വിരളനാളം തേടുന്നവനെ?
ആനന്ദം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ ജ്വരം?
സൗന്ദര്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ ചുളിവുകൾ,
ആസന്നവാർദ്ധക്യത്തെച്ചൊല്ലിയുള്ള ഭീതി,
നമ്മുടെ കണ്ണുകളിത്രനാളാർത്തിയോടെ ദാഹം തീർത്തിരുന്ന കണ്ണുകളിൽ
പ്രണയത്തിന്റെ സ്ഥാനത്താത്മബലി കാണുമ്പോഴുള്ള നടുക്കം?
സൗന്ദര്യം തുളുമ്പുന്ന മാലാഖേ, നിനക്കറിയുമോ ചുളിവുകൾ?
ഉന്മേഷവുമാനന്ദവും വെളിച്ചവും തുളുമ്പുന്ന മാലാഖേ,
മരണശയ്യയിൽ കിടന്നു വൃദ്ധനായ ദാവീദപേക്ഷിച്ചിരിക്കാം,*
നിന്റെ വശ്യമായ ഉടലിൽ നിന്നു നിർഗമിക്കുന്ന യൗവ്വനം;
എന്നാൽ മാലാഖേ, പ്രാർത്ഥനകളൊന്നേ ഞാനപേക്ഷിക്കുന്നുള്ളു,
ഉന്മേഷവുമാനന്ദവും വെളിച്ചവും നിറഞ്ഞ മാലാഖേ!
*
*വൃദ്ധനായ ദാവീദിനു ചൂടു പകരാൻ നിയോഗിക്കപ്പെട്ട ഷൂനാംകാരിയായ അബിഷാഗ് എന്ന യുവതിയെക്കുറിച്ചുള്ള സൂചന.
*വൃദ്ധനായ ദാവീദിനു ചൂടു പകരാൻ നിയോഗിക്കപ്പെട്ട ഷൂനാംകാരിയായ അബിഷാഗ് എന്ന യുവതിയെക്കുറിച്ചുള്ള സൂചന.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ