അതീതശക്തികളിൽ നിന്നൊരു കല്പന പ്രകാരം
ഈ മടുപ്പിക്കുന്ന ലോകത്തു കവി വന്നു പിറന്നതില്പിന്നെ,
അവന്റെയമ്മ, രോഷവും മാനക്കേടും കൊണ്ടു കണ്ണിരുട്ടടച്ചവൾ,
അനുതപിക്കുന്ന ദൈവത്തിനോടു മുഷ്ടി ചുരുട്ടി തന്റെ ശകാരമഴിച്ചുവിടുന്നു:
-“ഈ അറയ്ക്കുന്ന, ചിണുങ്ങുന്ന സത്വത്തെക്കാൾ
എന്തുകൊണ്ടു ഞാനൊരണലിപ്പറ്റത്തെ ഗർഭം ധരിച്ചില്ല!
ഇടിത്തീ വീഴട്ടെ, ക്ഷണികാനന്ദങ്ങളുടെ ആ രാത്രിക്കു മേൽ!
ശപ്തമാവട്ടെ, ഈ പ്രായശ്ചിത്തമെന്റെ വയറ്റിൽ കുരുത്ത രാത്രി!
എന്റെ വിഷാദിയായ ഭർത്താവിന്റെ അവജ്ഞയ്ക്കു പാത്രമാവാൻ
എല്ലാ സ്ത്രീകളിലും വച്ചെന്നെയാണു നീ കണ്ടുവച്ചതെന്നതിനാൽ,
കാലഹരണപ്പെട്ടൊരു പ്രണയലേഖനം തീയിലെറിയുന്നതുപോലെ
ഈ കോലം കെട്ട ജന്തുവിനെ വലിച്ചെറിയാനാവില്ലെന്നതിനാൽ,
എന്റെ മേൽ നീ കെട്ടിയേല്പിച്ച കഠിനവിദ്വേഷമത്രയും
നിന്റെ ദ്രോഹബുദ്ധിക്കുപകരണമായ ഇവന്നു മേൽ ഞാൻ ഛർദ്ദിക്കും,
ഈ നികൃഷ്ടവൃക്ഷത്തെ ഞാൻ പിരിച്ചൊടിച്ചുതകർക്കും;
ഒരില പോലും തളിർക്കാതതു മുരടിച്ചുപോകട്ടെ!”
നുരഞ്ഞുപൊന്തുന്ന വിദ്വേഷത്തിന്റെ പതയത്രയും കുടിച്ചിറക്കി,
ദൈവഹിതത്തിന്റെ ഗൂഢലക്ഷ്യമേതെന്നു തിരിച്ചറിയാതെ,
ഗെഹെന്നായുടെ ഗർത്തങ്ങളിലവൾ തനിക്കായൊരുക്കുന്നു,
ഒരമ്മ ചെയ്യുന്ന കൊടുംപാപത്തിനു സമുചിതമായൊരു ചിത.
എന്നിട്ടും, അദൃശ്യനായൊരു മാലാഖയുടെ കാവൽക്കണ്ണിനു ചുവടെ,
സൂര്യവെളിച്ചത്തിൽ മദിച്ചുകൊണ്ടാ ഭ്രഷ്ടബാലൻ വളരുന്നു;
കുടിക്കാൻ കിട്ടുന്നതെന്തുമവനു ദിവ്യമായ പാനീയം,
കഴിക്കാൻ കിട്ടുന്നതെന്തുമവനു മധുരമായ ദേവാമൃതം.
കാറ്റിനോടു ചങ്ങാത്തം കൂടിയും മേഘത്തോടു വർത്തമാനം പറഞ്ഞും
ആടിയും പാടിയുമവൻ തന്റെ കുരിശ്ശിന്റെ വഴി നടന്നുതീർക്കുന്നു;
അവന്റെ തീർത്ഥയാത്രയിലനുയാത്ര ചെയ്യുന്ന കാവൽമാലാഖ
കിളിക്കുഞ്ഞിനെപ്പോലവനെക്കാണുമ്പോൾ തേങ്ങിക്കരഞ്ഞുപോകുന്നു.
അവൻ സ്നേഹിക്കുന്നവർ ഭീതിയോടവനെ മാറിനടക്കുന്നു,
ഇനിയവന്റെ ശാന്തത കണ്ടവർ ധൈര്യം സംഭരിച്ചാലാകട്ടെ,
തങ്ങളുടെ മനുഷ്യത്വഹീനതയവന്റെ മേൽ പരീക്ഷിക്കാൻ,
അവനിൽ നിന്നൊരു രോദനം പിഴിഞ്ഞെടുക്കാൻ തക്കം നോക്കുന്നു.
അവനു കുടിക്കാനുള്ള വീഞ്ഞിലവർ തുപ്പിവയ്ക്കുന്നു,
അവനു തിന്നാനുള്ള അപ്പത്തിലവർ ചാരം വാരിയിടുന്നു,
അവൻ തൊട്ടതൊക്കെ അശുദ്ധമെന്നവർ ദൂരെക്കളയുന്നു,
അവന്റെ വഴിയിലൂടെ നടന്നതിനു സ്വന്തം കാലടികളെ അവർ പഴിക്കുന്നു.
ലോകമാകെക്കേൾക്കാൻ കവലയിൽ ചെന്നുനിന്നവന്റെ പെണ്ണലറുന്നു:
“തനിക്കാരാധിക്കാൻ യോഗ്യയായി അയാൾ കണ്ടതെന്നെയല്ലേ,
അതിനാൽ ഞാൻ പണ്ടത്തെ വിഗ്രഹങ്ങളെപ്പോലാകാൻ പോകുന്നു,
അവയെപ്പോലെനിക്കു മേലാസകലം പൊന്നണിഞ്ഞു നടക്കണം;
കസ്തൂരിയും ജഡാമാഞ്ചിയും സാമ്പ്രാണിയും മാംസവും വീഞ്ഞുകളും
സ്തുതികളും ദണ്ഡനമസ്കാരങ്ങളും കൊണ്ടു ഞാൻ പുളകം കൊള്ളും,
മുഖത്തു നോക്കിച്ചിരിച്ചുകൊണ്ടവനിൽ നിന്നു ഞാൻ തട്ടിയെടുക്കും,
ഹൃദയത്തിൽ ദൈവത്തിനായവൻ മാറ്റിവച്ച പ്രണാമങ്ങൾ.
പിന്നെയീ ദൈവദൂഷണപ്രഹസനങ്ങളെനിക്കു മടുത്തുകഴിഞ്ഞാൽ
എന്റെ ദുർബ്ബലമായ, ബലിഷ്ഠമായ കൈ ഞാനവനു മേൽ വയ്ക്കും,
അവന്റെ നെഞ്ചിലെന്റെ കഴുകിൻ നഖരങ്ങൾ ഞാൻ കുത്തിയിറക്കും,
അവന്റെ തുടിക്കുന്ന ഹൃദയത്തിലേക്കൊരു വഴി ഞാൻ തുറക്കും.
ഒരു കിളിക്കുഞ്ഞിനെപ്പോലെ പിടച്ചും കൊണ്ടു ചോരയിറ്റുന്ന ഹൃദയം
അവന്റെ നെഞ്ചിൻ കൂട്ടിൽ നിന്നു ഞാൻ വലിച്ചുപറിച്ചെടുക്കും,.
എത്രയുമവജ്ഞയോടെ ഞാനതു മണ്ണിലേക്കു തട്ടിയെറിയും,
എനിക്കേറ്റവും പ്രിയപ്പെട്ട വേട്ടനായയുടെ വിശപ്പടക്കാൻ!“
ആകാശത്തൊരു ദീപ്തപീഠം കാണുന്നിടത്തേക്കു കണ്ണുകളുയർത്തി
നിറഞ്ഞ മനസ്സോടെ, ഭക്തിയോടെ കവി കൈകളുയർത്തുന്നു,
തന്റെ പ്രദീപ്തമനസ്സിന്റെ സ്ഫുരണങ്ങൾ കണ്ണഞ്ചിക്കുമ്പോൾ
നെറി കെട്ട ലോകത്തിന്റെ കാഴ്ചകളവൻ കാണാതെയാകുന്നു.
-”സ്തുതി നിനക്ക്, ദൈവമേ, യാതന ഞങ്ങളിലേക്കയക്കുന്നവനേ,
ഞങ്ങളുടെ മലിനതകൾക്കുചിതമായ ശമനൗഷധമതു തന്നെ;
ഞങ്ങൾക്കു താങ്ങരുതാത്ത ദിവ്യപ്രഹർഷങ്ങളേറ്റുവാങ്ങാൻ
ഞങ്ങൾക്കു കരുത്തും വീര്യവും പകരുന്ന ശുദ്ധസത്തുമതുതന്നെ.
എനിക്കറിയാം, മാലാഖമാരുടേയും വിശുദ്ധരുടേയും ഗണത്തിനിടയിൽ
കവിക്കായൊരിരിപ്പിടം നീ ഒഴിച്ചിട്ടിരിക്കുന്നുവെന്ന്,
എനിക്കറിയാം, ‘സിംഹാസനങ്ങൾക്കും നന്മകൾക്കും ആധിപത്യങ്ങൾക്കു‘മൊപ്പം*
നിത്യവിരുന്നിനവനെ നീ ക്ഷണിച്ചിരിക്കുന്നുവെന്ന്;
എനിക്കറിയാം, യാതനയാണൊരേയൊരു കുലീനതയെന്നും
അതിനെ മലിനപ്പെടുത്താനാവില്ല ഭൂമിക്കും നരകത്തിനുമെന്നും;
എനിക്കറിയാം, കവിയുടെ നിഗൂഢകിരീടം നെയ്തെടുക്കാൻ
ഏതു യുഗവും ഏതു പ്രപഞ്ചവും നിന്റെ താഡനങ്ങളേറ്റുവാങ്ങണമെന്ന്.
പാമിരായെന്ന* പ്രാചീനദേശത്തെ വിനഷ്ടമായ നിധികൾ,
സമുദ്രഗർഭത്തിലെ മുത്തുകൾ, രത്നങ്ങൾ, അജ്ഞാതലോഹങ്ങൾ,
ഇതൊക്കെ ദൈവമേ, സ്വന്തം കൈ കൊണ്ടുതന്നെ നീ പതിച്ചാലും,
എനിക്കറിയാം, ആ കിരീടത്തിന്റെ ദീപ്തിക്കതു കിടനില്ക്കില്ലയെന്ന്,
ആദിമരശ്മികളുടെ ദിവ്യസ്രോതസ്സായ ചൂളയിലുരുക്കിയെടുത്ത
ശുദ്ധവെളിച്ചം കൊണ്ടു മാത്രമാണതു നിർമ്മിക്കപ്പെടുകയെന്നതിനാൽ,
ആ വെളിച്ചം തട്ടിത്തിളങ്ങുന്ന കറ പറ്റിയ ദയനീയ ദർപ്പണങ്ങൾ
ഞങ്ങളുടെ കണ്ണുകൾ, അവയിനി എത്ര തെളിഞ്ഞുകത്തിയാലും!“
***
* മാലാഖമാരുടെ ശ്രേണികളെക്കുറിച്ചാണ് സൂചന. മദ്ധ്യകാലഘട്ടത്തിലെ ദൈവശാസ്ത്രത്തിൽ സെറാഫിം മുതൽ താഴേക്ക് മാലാഖ വരെ ഒമ്പതു ഗണത്തിൽ പെട്ട മാലാഖമാരുണ്ട്. സിംഹാസനങ്ങൾക്കും നന്മകൾക്കും ആധിപത്യങ്ങളും’ അവരിൽ പെടുന്നു.
* പാമിര (Palmyra)- സിറിയയുടെ സമ്പന്നമായ പ്രാചീനതലസ്ഥാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ