2021, മേയ് 8, ശനിയാഴ്‌ച

ബോദ്‌ലേർ - കുമ്പസാരം



ഒരിക്കൽ, ഒരിക്കൽ മാത്രം, സ്നേഹശീലയായ സ്നേഹിതേ,
നിന്റെ സ്നിഗ്ധമായ കൈ എന്റെ കൈ മേൽ നീ വച്ചു.
(എന്റെയാത്മാവിന്റെ നിഴലളടഞ്ഞ പിന്നാമ്പുറങ്ങളിൽ
ഇന്നുമതിന്റെയോർമ്മ വെളിച്ചം വീശി നില്ക്കുന്നു.)

രാത്രിയേറെക്കടന്നിരുന്നു, ഒരു പുത്തൻ പതക്കം പോലെ
പൂർണ്ണചന്ദ്രൻ തെളിഞ്ഞുകത്തി നിന്നിരുന്നു;
ഉറങ്ങുന്ന പാരീസിനു മേലൊരു പുഴ പോലെ
രാത്രിയുടെ നിശ്ശബ്ദഗാംഭീര്യമൊഴുകിപ്പരന്നിരുന്നു.

പൂച്ചകൾ തെരുവുകളിലൂടെ, കവാടങ്ങളുടെ ഓരം ചേർന്നും
ചെവികളെടുത്തുപിടിച്ചും,  നിശ്ശബ്ദപാദരായി കടന്നുപോയി;
ചിലനേരമവർ നമുക്കൊപ്പം വരികയും ചെയ്തു,
നാം സ്നേഹിച്ചിരുന്നവരുടെ പ്രേതങ്ങൾ പോലെ.

പൊടുന്നനേ, ആ വിളറിയ നിലാവെളിച്ചത്തിൽ വിരിഞ്ഞ
നമ്മുടെ സ്വച്ഛന്ദസ്വകാര്യതയ്ക്കിടയിൽ,
നിന്നിൽ നിന്നും, മുഴങ്ങുന്ന സമൃദ്ധസംഗീതയന്ത്രമേ,
പ്രദീപ്തമായ ആഹ്ലാദം കൊണ്ടു വിറകൊള്ളുന്ന നിന്നിൽ നിന്നും,

തിളങ്ങുന്ന പുലരിക്കു മേൽ ധ്വനിക്കുന്ന ഭേരി പോലെ
അന്നേരം വരെയും പ്രസന്നയായിരുന്നവളേ, 
ഒരു കാതരസ്വരം, ഒരു ദീനസ്വരം 
നിന്നിൽ നിന്നിടറിവീഴുന്നതു ഞാൻ കേട്ടു-

വളർച്ച മുട്ടിയ, വികൃതയായൊരു പെൺകുഞ്ഞിനെപ്പോലെ;
കുടുംബത്തിനെന്നും നാണക്കേടായതിനാൽ 
ലോകത്തിന്റെ കണ്ണിനു മുന്നിൽ വരാതെ
ഒരു നിലവറയ്ക്കുള്ളിൽ രഹസ്യമായി വളർന്നവൾ.

പാവം മാലാഖ, നിന്റെയപസ്വരം, പാടിയതിങ്ങനെ:
“ഇവിടെ, ഇങ്ങുതാഴെ, ഒന്നിനുമൊരു നിശ്ചയമില്ലെന്ന്,
എത്ര സമർത്ഥമായി ഒളിപ്പിക്കാൻ നോക്കിയാലും
മനുഷ്യന്റെ സ്വാർത്ഥത തല നീട്ടുകതന്നെ ചെയ്യുമെന്ന്,

സുന്ദരിയായിരിക്കുക എന്നത് കഠിനനിയോഗമാണെന്ന്,
നൃത്തം ചെയ്തു തളർന്നുവീഴുന്ന വേളയിലും
യാന്ത്രികമായൊരു പുഞ്ചിരി മുഖത്തു സൂക്ഷിക്കുന്ന
മനസ്സു മരവിച്ച നർത്തകിയുടെ മുഷിപ്പൻ തൊഴിലാണതെന്ന്.

ഹൃദയങ്ങളിൽ വിശ്വാസമർപ്പിക്കുകയെന്നതു വിഡ്ഢിത്തമാണെന്ന്,
സർവ്വതും, സ്നേഹവും സൗന്ദര്യവും, തകരുമെന്ന്,
വിസ്മൃതി ഒടുവിലവയെ തന്റെ ഉന്തുവണ്ടിയിൽ കയറ്റി
നിത്യതയിൽ കൊണ്ടുപോയിത്തള്ളുമെന്ന്!”

അതില്പിന്നെത്ര തവണ ഞാനോർത്തിരിക്കുന്നുവെന്നോ,
ആ നിശ്ശബ്ദതയും ആ ആലസ്യവും നിലാവിന്റെ വശ്യതയും
ഹൃദയത്തിന്റെ കുമ്പസാരക്കൂട്ടിൽ വച്ചന്നു നീ മന്ത്രിച്ച
ഭയാനകവും ദാരുണവുമായ ആ രഹസ്യങ്ങളും.


അഭിപ്രായങ്ങളൊന്നുമില്ല: