2021, മേയ് 4, ചൊവ്വാഴ്ച

ബോദ്‌ലേർ- അപരാഹ്നഗാനം



നിന്റെ കുടിലമായ കൺപുരികങ്ങൾ
നിനക്കൊരു വിചിത്രഭാവം പകരുന്നുവെങ്കിലും,
മാലാഖമാരെ തെല്ലുമോർമ്മിപ്പിക്കില്ലതെങ്കിലും,
മനം മയക്കുന്ന മന്ത്രവാദിനീ,

ചപലേ, നിന്നെ ഞാനാരാധിക്കുന്നു,
ഭീതിദമായൊരാവേശത്തോടെ,
താൻ പൂജിക്കുന്ന വിഗ്രഹത്തോടു
പൂജാരിക്കുള്ള ഭക്തിയോടെ!

നിന്റെ മെരുങ്ങാത്ത ചുരുൾമുടിയിൽ
മണൽക്കാടുകളും കൊടുംകാടുകളും മണക്കുന്നു,
നിന്റെ മുഖഭാവങ്ങളിൽ നിഴലിക്കുന്നു,
ഒരു കടംകഥയും അതിനുത്തരവും.

ധൂപപാത്രത്തിനെച്ചുഴന്നെന്നപോലെ
നിന്റെയുടലിനു ചുറ്റും പരിമളം തങ്ങിനില്ക്കുന്നു;
സന്ധ്യ പോലെ മോഹിപ്പിക്കുന്നു നീ,
നിറമിരുണ്ട, പൊള്ളുന്ന ദേവതേ!

ഹാ! ഏതു പാനീയത്തിന്റെ വീര്യത്തിനുമാവില്ല,
നിന്റെയാലസ്യം പോലെന്നെയുണർത്താൻ;
നിന്റെയൊരു തലോടലിനാവും,
ഏതു ജഡത്തിനുമുയിരു കൊടുക്കാൻ!

നിന്റെ നിതംബങ്ങളെ വശീകരിച്ചിരിക്കുന്നു
നിന്റെ മാറിടവും നിന്റെ മുതുകും;
അലസമായ നിന്റെ ഇരിപ്പുകളാൽ
മൃദുമെത്തകൾക്കു നീ ആനന്ദമേകുന്നു.

തനിക്കുള്ളിലെ നിഗൂഢാഗ്നി തണുപ്പിക്കാൻ
ചിലനേരം, ഗൗരവക്കാരീ,
ലോഭിക്കാതെ നീ വാരിവിതറുന്നു,
ചുംബനങ്ങൾക്കൊപ്പം ദംശനങ്ങളും.

എന്നെക്കടിച്ചുകീറുമ്പോൾ, ഇരുണ്ട സൗന്ദര്യമേ,
നിന്റെ പരിഹാസച്ചിരിയേറ്റു ഞാൻ പുളയുന്നു,
പിന്നെയെന്റെ ഹൃദയത്തിൽ നീ പതിപ്പിക്കുന്നു,
നിലാവു പോലെ പേലവമായ നിന്റെ നോട്ടം.

നിന്റെ പതുത്ത പാദുകങ്ങൾക്കടിയിൽ,
നിന്റെ നനുത്ത പാദങ്ങൾക്കടിയിൽ
എന്റെയാനന്ദം ഞാൻ കൊണ്ടുവയ്ക്കാം,
എന്റെ പ്രതിഭയും എന്റെ വിധിയും.

എന്റെയാത്മാവിനെ നീ സുഖപ്പെടുത്തി,
വെളിച്ചവും വർണ്ണവുമായവളേ!
എന്റെയിരുണ്ട സൈബീരിയയിൽ
ഉഷ്ണത്തിന്റെ സ്ഫോടനമേ!


അഭിപ്രായങ്ങളൊന്നുമില്ല: