2021, മേയ് 1, ശനിയാഴ്‌ച

ബോദ്‌ലേർ- ശപിക്കപ്പെട്ട സ്ത്രീകൾ



മണല്പരപ്പിൽ ചരിഞ്ഞുകിടന്നയവിറക്കുന്ന പശുക്കളെപ്പോലെ
സമുദ്രചക്രവാളത്തിലേക്കവർ കണ്ണു പായിക്കുന്നു,
മധുരമായൊരാലസ്യത്തോടെ, നോവിന്റെ നടുക്കങ്ങളോടെ,
പാദങ്ങളന്യോന്യം തേടുന്നു, കൈകൾ കൈകൾക്കു മേലമരുന്നു.

ദീർഘസ്വകാര്യസംഭാഷണങ്ങളാൽ ഹൃദയം നിറഞ്ഞ ചിലർ
ചോലകൾ കളി പറയുന്ന കാടുകൾക്കുള്ളിലൂടലയുമ്പോൾ
പ്രണയമാദ്യമറിഞ്ഞ കാതരകൗമാരത്തിന്റെ കഥകൾ പറയുന്നു,
ചെറുമരങ്ങളുടെ ഹരിതചർമ്മത്തിൽ ചിത്രങ്ങൾ കോറുന്നു.

വേറേ ചിലർ, കന്യാസ്ത്രീകളെപ്പോലെ, ഗൗരവത്തിൽ നടക്കുന്നു,
പ്രേതരൂപങ്ങൾ കുടിയേറിയ പാറപ്പിളർപ്പുകൾക്കിടയിലൂടെ;
ലാവ പോലെ പ്രലോഭനത്തിന്റെ തുടുത്തു നഗ്നമായ മുലകൾ 
ഉരുണ്ടുകയറുന്നതന്തോണിപ്പുണ്യവാളൻ കണ്ടതവിടെയായിരുന്നു.

ഇനിയും ചിലർ ഉരുകിത്തീരുന്ന മരക്കറവിളക്കുകളുടെ വെളിച്ചത്തിൽ,
പണ്ടു പാഗൻ വിശ്വാസികളൊത്തുകൂടിയിരുന്ന ഗുഹകളുടെ നിശ്ശബ്ദതയിൽ,
പൊള്ളുന്ന ജ്വരപീഡ ശമിപ്പിക്കാൻ നിന്നെ വിളിച്ചുകേഴുന്നു,
ഹേ ബാക്കസ്സ്, കുറ്റബോധങ്ങളെ തഴുകിയുറക്കുന്നവനേ!

കഴുത്തിൽ വെന്തിങ്ങയുരുമ്മുന്നതിഷ്ടപ്പെടുന്ന മറ്റു ചിലർ,
നീണ്ട ഉടയാടയ്ക്കുള്ളിൽ ചാട്ടവാറൊളിപ്പിച്ചുവയ്ക്കുന്നവർ,
ഇരുളടഞ്ഞ കാടുകളിൽ, ഏകാന്തരാത്രികളിൽ
ആനന്ദത്തിന്റെ നുരയോടൊപ്പം വേദനയുടെ കണ്ണീരു കലർത്തുന്നു.

കന്യകമാരേ, ദുർഭൂതങ്ങളേ, വിലക്ഷണസത്വങ്ങളേ, രക്തസാക്ഷികളേ,
യാഥാർത്ഥ്യത്തെ അവജ്ഞയോടെ ചവിട്ടയരക്കുന്നവരേ,
ചിലനേരം കണ്ണീരിൽ മുങ്ങിയും ചിലനേരം നിലവിളിയോടെയും
വിനീതമായി, നിരങ്കുശമായി അനന്തതയെ ഉപാസിക്കുന്നവരേ,

നിങ്ങളുടെ നരകത്തിലേക്കെന്റെയാത്മാവു പിന്തുടരുന്നവരേ,
പാവം സഹോദരിമാരേ, എന്റെ സ്നേഹവും സഹതാപവും നിങ്ങൾക്ക്
-നിങ്ങളുടെ ഇരുണ്ട ശോകങ്ങൾക്ക്, ശമനമില്ലാത്ത ദാഹങ്ങൾക്ക്,
പ്രണയത്തിന്റെ ചിതാഭസ്മകുംഭങ്ങളായ നിങ്ങളുടെ ഹൃദയങ്ങൾക്ക്!
***


ലെസ്ബിയനിസം വിഷയമാക്കിയ മൂന്നു കവിതകളിലൊന്ന്; ഈ കവിതകളിലെ സ്ത്രീകൾ ‘പാപമാണു ചെയ്യുന്നതെന്ന തീർച്ചയിലാണ്‌ പ്രണയത്തിന്റെ മാധുര്യമെന്നു’ തിരിച്ചറിഞ്ഞവരാണ്‌; ‘അനുവദനീയമായത്’ എന്ന യാഥാർത്ഥ്യത്തെ കാൽക്കീഴിലിട്ടു ചവിട്ടിയരച്ചിട്ട് അതീതയാഥാർത്ഥ്യത്തെ തേടിപ്പോകുന്നവരാണ്‌; അതിനാൽ കവിയുടെ ആത്മാനുചാരികളുമാണവർ.

വിശുദ്ധനായ അന്തോണി - മൂന്നാം നൂറ്റാണ്ടിൽ ഈജിപ്തിലെ മരുഭൂമികളിൽ വൈരാഗിയായി ജീവിച്ച വിശുദ്ധൻ. പിശാചുക്കൾ പലപ്പോഴും അദ്ദേഹത്തെ പ്രലോഭിപ്പിക്കാനെത്തിയിരുന്നത് സുന്ദരികളുടെ രൂപത്തിലായിരുന്നു.

ബാക്കസ് - മദിരയുടെ ദേവൻ.


അഭിപ്രായങ്ങളൊന്നുമില്ല: