(ബീഥോവന്)
സംഗീതം പലപ്പോഴുമെന്നെ കടൽ പോലെ കടത്തിക്കൊണ്ടുപോകുന്നു!
മൂടൽമഞ്ഞിന്റെ വിതാനത്തിനടിയിലൂടെ,
അല്ലെങ്കിലാകാശത്തിന്റെ വൈപുല്യത്തിനിടയിലൂടെ,
എന്റെ വിവർണ്ണതാരത്തിലേക്കു ഞാനെന്റെ പ്രയാണം തുടങ്ങുന്നു;
നെഞ്ചു തള്ളിച്ചും കപ്പല്പായകൾ പോലെ
ശ്വാസകോശങ്ങൾ വീർപ്പിച്ചും
രാത്രി എന്നിൽ നിന്നു മറയ്ക്കുന്ന
തിരകളുടെ കൂമ്പാരത്തിലേക്കു ഞാൻ പിടിച്ചുകയറുന്നു;
കാറ്റും കടലും തട്ടിയുരുട്ടുന്ന കപ്പലുകളുടെ വികാരങ്ങൾ
എന്നിൽ ത്രസിക്കുന്നതു ഞാനറിയുന്നു;
നല്ല കാറ്റും കൊടുങ്കാറ്റുമതിന്റെ സംക്ഷോഭങ്ങളും
കൊടുംഗർത്തങ്ങളിലെന്നെ താരാട്ടുന്നു.
ചിലനേരങ്ങളിൽ ഒരു മഹാശാന്തത,
എന്റെ ഹതാശയുടെ ദർപ്പണം പോലെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ